കൊരിന്ത്—രണ്ടു കടലുകളുടെ നഗരം
“പുരാതന ജനങ്ങൾ ദൈവങ്ങൾ യഥാർത്ഥമാണെന്ന് വിശ്വസിച്ചിരുന്നു. ചിലപ്പോൾ എനിക്കുതന്നെ അങ്ങനെ തോന്നുന്നു.” ഒരിക്കൽ അപ്പോളോ, അഫ്റോഡൈററ്, ഹെർമ്മിസ്, ഹെർക്കുലിസ്, പൊസീദോൻ എന്നിവർക്ക് അർപ്പിക്കപ്പെട്ട ആലയങ്ങളുടെ ശൂന്യശിഷ്ടങ്ങളിൽക്കൂടെ ഞങ്ങളെ നയിക്കുമ്പോൾ ഞങ്ങളുടെ വഴികാട്ടി അങ്ങനെ അഭിപ്രായപ്പെട്ടു. വായുവിൽ മഴയുടെ ഗന്ധം ഉണ്ടായിരുന്നു, ഒരു കൊടുങ്കാററ് രൂപംകൊള്ളുന്നതിന്റെ ശബ്ദം ഞങ്ങൾ കേട്ടു. ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു, “സിയൂസ്.”
രാവിലെ പർനാസസ് ഗിരിയുടെ മുകളിൽ കാർമേഘം വട്ടമിട്ടിരുന്നു. അവ ഞങ്ങൾക്കു മുകളിൽ ഒരു ഭീഷണിയായി വ്യാപിക്കത്തക്കവണ്ണം കൊരിന്ത്യ ഉൾക്കടലിനു കുറുകെ പെട്ടെന്ന് വ്യാപിക്കുകയായിരുന്നു. എന്നാൽ ഞങ്ങളുടെ വഴികാട്ടി തീർത്തും സന്തോഷവതിയായിരുന്നുകൊണ്ട് പുരാതന കാലത്തെ കഥകളും ഗ്രീസിന്റെ പ്രതാപവും ക്രിസ്ത്യാനിത്വത്തിന്റെ വരവും സംബന്ധിച്ച് പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങളുടെ മനോനേത്രങ്ങളിൽ കോട്ടകൾ കെട്ടുന്നതിനും മറെറാരു പ്രദേശത്തെ ആളുകളിലേക്ക് പകരുന്നതിനുമായി അവർ വസ്തുതയും ഭാവനയും ചരിത്രവും സങ്കൽപ്പവും മനോഹരമായി കൂട്ടിക്കുഴച്ചുകൊണ്ടിരുന്നു.
ഞങ്ങൾ മഴയെക്കുറിച്ച് ഉൽക്കണ്ഠപ്പെട്ടിരുന്നില്ല. പെലോപോണിസോസിൽ വിരളമായേ മഴ പെയ്തിരുന്നുള്ളു. എന്തിന്, ഈ ദക്ഷിണ പ്രവിശ്യ ഗ്രീസിലെ ഏററവും വരണ്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു! ഏതൻസ് മാത്രമേ അതിനേക്കാൾ വരണ്ടതായിരുന്നുള്ളു. എന്നാൽ മഴ വന്നാൽ അത് ചെറുതല്ല താനും. അത് കുന്നുകളിൽനിന്ന് മണ്ണൊലിപ്പിച്ച് കൊരിന്ത്യൻ സമതലത്തെ സമ്പുഷ്ടമായ എക്കൽമണ്ണുകൊണ്ട് നിറക്കുന്ന വന്യമായ വെള്ളപ്പാച്ചിൽ ആണ്.
അതിശയം! കൊരിന്ത് ലോകപ്രശസ്തമായിരിക്കുന്നതിൽ ഒരു കാര്യം ഒരു കാർഷിക ഉൽപ്പന്നമായിരിക്കുമെന്ന് ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. മെഡിറററേനിയന് കിഴക്കുള്ള ദേശങ്ങളിലോ കാലിഫോർണിയായിലോ മറേറതു സ്ഥലത്തോ വളർന്നാലും കുറന്ത് എന്നു വിളിക്കപ്പെടുന്ന ഉണക്ക മുന്തിരി നാം ചവക്കുമ്പോൾ “കുറന്ത്” ആയി അധഃപതിച്ച കൊരിന്ത് എന്ന നാമം അവ വഹിക്കുന്നു.
അതിന്റെ വിഭവങ്ങൾ
“സമ്പന്ന കൊരിന്ത്” എന്ന ഹോമറുടെ വിശേഷണത്തിന്റെ ഒരു കാരണം അവിടത്തെ മണ്ണായിരിക്കാം. എന്നിരുന്നാലും അയൊണിയൻ കടലിന്റെയും ഏജിയൻ കടലിന്റെയും തുറമുഖ നഗരമായിരുന്നുകൊണ്ട് കൊരിന്ത് അതിന്റെ സമ്പത്ത് അധികവും സമ്പാദിച്ചു. ഹൊറേഡ് അതിനെ “ബിമാറിസ്വി കൊരിന്തി” അഥവാ “രണ്ടു കടലിന് അഭിമുഖമായ കൊരിന്ത്” എന്ന് വിളിച്ചു. ഒരു നഗരത്തിന് രണ്ടു കടലിന്റെ തുറമുഖമായിരിക്കാൻ എങ്ങനെ കഴിയും? അത് വൻകരയുടെ [ഗ്രീക്ക്, ഇസ്മോസ്] ഇടുങ്ങിയ കഴുത്തിന്റെ തെക്കേ അററത്തായി പെലോവോണിസോസും ഗ്രീസുമായി ബന്ധിപ്പിച്ചുകൊണ്ട് സ്ഥിതിചെയ്യുന്നതിനാൽ എളുപ്പം കഴിയും.
പടിഞ്ഞാറും കിഴക്കും തുറമുഖങ്ങൾക്കിടക്കുള്ള വാണിജ്യത്തിൽനിന്നും ഗ്രീക്കുകാർ ഡയോൾക്കോസ് എന്നു വിളിക്കുന്ന കപ്പൽച്ചാലിലൂടെ കനാൽ വഴി കടന്നുപോകുന്ന ചെറുകപ്പലുകൾക്കും ചരക്കുകപ്പലുകൾക്കും ചുമത്തിയിരുന്ന ചുങ്കത്തിൽനിന്നും കൊരിന്തിന് പ്രയോജനം കിട്ടിയിരുന്നു. തെക്കോട്ടും വടക്കോട്ടും കരയിലൂടെ ചരക്കു കൊണ്ടുപോകുന്നതിനും അത് നികുതി ചുമത്തിയിരുന്നു. കൊരിന്ത്, വികസിച്ചു വരുന്ന തന്റെ രാജ്യത്തിന് വളരെ പ്രധാനമായി മഹാനായ അലക്സാണ്ടറിന്റെ പിതാവായ ഫിലിപ്പ് II-ാമൻ കണക്കാക്കിയതിൽ അതിശയിക്കാനില്ല.
പരാജയങ്ങളും വീണ്ടെടുപ്പും
എന്നാൽ അത് നൂററാണ്ടുകൾക്കു മുമ്പായിരുന്നു. ഇന്ന് കൊരിന്ത്യൻ—സാറോണിക് ഉൾക്കടലുകൾ തമ്മിൽ ഒരു കനാൽ ബന്ധിപ്പിക്കുന്നു, പ്രധാന വീഥികളിൽക്കൂടെ ഇരമ്പിപ്പായുന്ന ലോറികൾ കൊരിന്ത്യ ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്നു. കൊരിന്ത് മദ്ധ്യധരണിക്കടലിന്റെ കാന്തമായിരുന്നുവെന്ന സംഗതി കപ്പൽയാത്രക്കാരും ട്രക്കിൽ സാധനം കൊണ്ടുപോകുന്നവരും ഗ്രാമവാസികളും ശ്രദ്ധിക്കുന്നേയില്ല. പുരാവസ്തുശാസ്ത്രജ്ഞൻമാരും വിനോദസഞ്ചാരികളും മാത്രം കരണ്ടികളും ഫിലിമുമായി ജിജ്ഞാസയോടെ വരുന്നു.
ക്രിസ്തുവിനു മുമ്പ് 146-ൽ റോമൻ കോൺസൽ ആയിരുന്ന മമ്മിയസ്, കൊരിന്ത് നശിപ്പിക്കുകയും വിജനമാക്കുകയും ചെയു. എന്നിരുന്നാലും സുഷുപ്തമായ ഒരു നൂററാണ്ടിനുശേഷം ജൂലിയസ് കൈസർ അതിനെ ഗ്രീക്ക് വഴികളും ചിന്തകളും ഇടകലർന്ന ഒരു റോമൻ കോസ്മൊപോളിററൻ കോളനിയാക്കി പുനരുദ്ധരിച്ചു.
ഏതാണ്ട് നൂറു വർഷങ്ങൾക്കുശേഷം ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് അവിടെ എത്തിയപ്പോൾ കൊരിന്ത് വീണ്ടും തഴച്ചുവളരുന്ന ഒരു സഗരമായിരുന്നു. അതിലെ ആളുകൾ പകൽ സമയത്ത് കെട്ടിടനിർമ്മാണവും കരകൗശലവും വ്യാപാരവും വിജയകരമായി നടത്തിക്കൊണ്ടിരുന്നു. രാത്രിയിലോ? അവർ ക്ഷേത്രങ്ങളിലും മദ്യശാലകളിലും തിന്നുകയും കുടിച്ചുമറിയുകയും ലൈംഗിക ഉല്ലാസം തേടി പ്രകാശമില്ലാത്ത തെരുവുകളിലൂടെ ചുററിക്കറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. രസകരമെന്നു പറയട്ടെ, കൊരിന്ത് ഒരു കാമാസക്ത യുഗത്തിൽ കുപ്രസിദ്ധമായിരുന്നെങ്കിലും ഒരു “കൊരിന്ത്യ പെൺകുട്ടി” എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാമായിരുന്നെങ്കിലും മതപരമായ ദുർവൃത്തി ഒരു ഗ്രീക്ക് ആചാരമല്ലായിരുന്നു. കൊരിന്തിൽ അഫ്രോഡൈററിന് അർപ്പിച്ചിരുന്ന ഒരായിരം പെൺകുട്ടികൾ താമസിച്ചിരുന്നു എന്ന് പലപ്പോഴും പറയപ്പെടുന്ന കഥ ക്രിസ്തുവിനു മുമ്പ് ഒന്നാം നൂററാണ്ടിലെ ഭൂമിശാസ്ത്ര ഗ്രന്ഥകാരനായ സ്രാബൊയുടെ സന്ദിഗ്ദ്ധമായ അഭിപ്രായത്തെ അടിസ്ഥാനമാക്കിയാണ്. അതിൽപോലും അയാൾ അവ റോമൻ കാലഘട്ടത്തിനു വളരെ മുമ്പത്തേതായി അവതരിപ്പിക്കുന്നു.
ഞങ്ങളുടെ സ്മൃതികൾ
പശ്ചിമ തുറമുഖത്തെ നഗരഹൃദയവുമായി ബന്ധിപ്പിച്ച പുരാതന തെരുവീഥിയായ ലെക്കായം വഴിയിലൂടെ നടക്കുമ്പോൾ ഞങ്ങളുടെ വഴികാട്ടി സംസ്ഥാന മന്ദിരങ്ങളുടെയും ക്ഷേത്രങ്ങളുടെയും കടകളുടെയും ഒരു മാംസച്ചന്തയുടെയും പൊതു കക്കൂസിന്റെയും അവശിഷ്ടങ്ങൾ ചൂണ്ടിക്കാണിച്ചു, എല്ലാം കൂടെ കൂടിക്കുഴഞ്ഞു കിടക്കുന്നതായിത്തന്നെ.a എന്നുവരികിലും നഗരാസൂത്രണത്തിന്റെ ഈ അഭാവം നിമിത്തം അഥവാ അത് ഗണ്യമാക്കതെ, പൗലോസ് നേരിട്ട ആ തെരുവിലെ രംഗം—തിരക്കു പിടിച്ച പുരുഷാരവും വിഗ്രഹനിർമ്മാതാക്കളും കച്ചവടക്കാരും അടിമകളും ഇടപാടുകാരും ഉൾപ്പെട്ട രംഗം ഞങ്ങൾ ഓർമ്മിക്കാൻ തുടങ്ങി.
ഞങ്ങൾ റോഡിന്റെ അററത്ത് എത്തിയപ്പോൾ പൈറിൻ നീരുറവിന്റെ ഗളഗള ശബ്ദം കേട്ടു, കേടുവരുന്ന വസ്തുക്കൾ വിററിരുന്ന കടകൾക്ക് തണുത്ത വെള്ളവും കരകൗശലപ്പണിക്കാർക്ക് കഴുകാനുള്ള വെള്ളവും ഒടുവിൽ കക്കൂസിലേക്കുള്ള വെള്ളവും പ്രദാനം ചെയ്യുന്ന ഒരു ഭൂഗർഭനീരുറവു തന്നെ. ക്രിസ്തീയ ദമ്പതികളായിരുന്ന അക്വില്ലക്കും പ്രസ്കില്ലക്കും തങ്ങളുടെ കൂടാരനിർമ്മാണശാല ഉണ്ടായിരുന്നത് ഈ പ്രദേശത്തായിരുന്നോയെന്ന് ആർക്കും അറിയില്ല. (പ്രവൃത്തികൾ 18:1-3) എന്നാൽ ഏതാനും അടി അകലെ പൊതുസ്ഥലത്തേക്കു നയിക്കുന്ന പടികളിൽ പുരാവസ്തു ശാസ്ത്രജ്ഞർ ഒരു സിന്നഗോഗിൽനിന്നുള്ള വാതിൽപടി കണ്ടെത്തി. അതുകൊണ്ട് ഇത് ഒരു യഹൂദഭവനം ആയിരുന്നിരിക്കാം, തിതിയൂസ് യുസ്തോസിന്റെ ഭവനം ഇവിടെ ആയിരുന്നിരിക്കാമെന്ന് ഊഹിക്കുന്നതിന് ഞങ്ങൾക്ക് സന്തോഷമായിരുന്നു!—പ്രവൃത്തികൾ 18:7.
പൊതുസ്ഥലം—എന്തോരു ചേതോഹരമായ സ്ഥലം! അതിൽ കിഴക്കുപടിഞ്ഞാറായി രണ്ട് ദീർഘചതുര മേൽത്തളങ്ങൾ ഉണ്ടായിരുന്നു. ഇരു വശത്തും കടകളോടുകൂടിയ മുകളിലെ മേൽത്തളത്തിന്റെ മദ്ധ്യഭാഗത്ത് ബീമ എന്ന് വിളിക്കപ്പെടുന്ന ഒരു ഉയർന്ന പീഠം ഉണ്ടായിരുന്നു, ഔപചാരിക സന്ദർഭങ്ങളിൽ പ്രസംഗകർ ഉപയോഗിച്ചിരുന്നതുതന്നെ. ദേശാധിപതിയായ ഗല്ലിയോയുടെ മുമ്പാകെ പൗലോസ് വിചാരണ ചെയ്യപ്പെട്ട ദിവസത്തെക്കുറിച്ച് വൈദ്യനായ ലൂക്കോസ് എഴുതിയപ്പോൾ “ന്യായാസനം” എന്നതിന് ഉപയോഗിച്ച ഗ്രീക്ക് പദം ബീമ ആണെന്ന് ഞങ്ങളുടെ വഴികാട്ടി ഞങ്ങളെ അനുസ്മരിപ്പിച്ചു. (പ്രവൃത്തികൾ 18:12) അതുകൊണ്ട് പ്രവൃത്തികൾ 18:12-17-ലെ സംഭവങ്ങൾ ഇവിടെവെച്ച് നടന്നിരിക്കാം. തന്റെ പ്രതിവാദം നടത്തുന്നതിന് തയ്യാറായി പൗലോസ് നിന്നിരിക്കാനിടയുള്ള സ്ഥലത്തായിരുന്നു ഞങ്ങൾ നിന്നിരുന്നത്. എന്നാൽ ഇല്ല! ഗല്ലിയോ കേസ് കേട്ടില്ല. അയാൾ പൗലോസിനെ വിട്ടയക്കുകയും അക്രമാസക്തരായ ജനക്കൂട്ടം പകരം സൊസ്തെനോസിനെ പിടിച്ച് പ്രഹരിക്കാൻ ഇടയാക്കുകയും ചെയ്തു.
തുറസ്സായ ഈ കോടതി മുറിക്കു പിന്നിൽ താഴത്തെ മേൽത്തളത്തിന്റെ വടക്കേ അററത്ത് ‘അത്ഭുത നീരുറവും’ വെളിച്ചപ്പാടിന്റെ ശ്രീകോവിലും സ്ഥിതിചെയ്യുന്നു. വെളിപ്പാട് എങ്ങനെ നൽകപ്പെട്ടിരുന്നു എന്നതു സംബന്ധിച്ച് കുറെ ഭിന്നാഭിപ്രായങ്ങൾ ഉണ്ട്. എന്നിരുന്നാലും പ്രത്യക്ഷത്തിൽ അപേക്ഷകൻ വേണ്ടത്ര പണം നൽകുമ്പോൾ പുരോഹിതൻമാർ ഒരു “അത്ഭുതം” ചെയ്യുകയും ഉറവു ജലം വീഞ്ഞാക്കി മാററുകയും ചെയ്തിരുന്നു. അമാനുഷമായി പ്രബുദ്ധനാക്കപ്പെട്ടുവെന്ന് അത് അയാൾക്ക് ഉറപ്പുനൽകി. ഈ ശ്രീകോവിൽ ക്രിസ്തുവിനു മുമ്പുള്ള പുരാതന കൊരിന്തിലും പൗലോസിന്റെ നാളിലെ പുനർനിർമ്മിക്കപ്പെട്ട നഗരത്തിലും സുദീർഘ കാലം ഉപയോഗിച്ചിരുന്നതായി പുരാവസ്തു ശാസ്ത്രജ്ഞർ പറയുന്നു. ഒരു രഹസ്യ വഴിയിലേക്ക് ഉളിഞ്ഞുനോക്കി വീഞ്ഞിന്റെ സൂത്രം കാണിക്കുന്ന സംവിധാനം ഞങ്ങൾ കണ്ടു, മതപരമായ വിദ്യകൾ പുതുമയുള്ള ഒരു സംഗതിയല്ലെന്ന് ബോദ്ധ്യമായി, ഞങ്ങൾ പുറത്തുവരികയും ചെയ്തു.
കൊരിന്തിന്റെ കാവൽദേവൻ പൊസിദോൻ ആണെന്ന് കണക്കാക്കപ്പെട്ടിരുന്നെങ്കിലും ഏററവുമധികം മതിപ്പുണ്ടാക്കുന്ന മന്ദിരം അപ്പോളോയുടെ ഡോറിക്ക് മാതൃകയിലുള്ള ആലയമാണ്. അതിന്റെ 38 തൂണുകളിൽ 7 എണ്ണം നിലനിൽക്കുന്നു. ഏതാണ്ട് 24 അടി [7.2 മീ.] ഉയരവും അടിഭാഗത്ത് 6 അടി [1.7 മീ.] വ്യാസവും ഉള്ള ഓരോന്നും ഒററക്കഷണം കുമ്മായക്കല്ലുകൊണ്ട് നിർമ്മിച്ചവയാണ്, ആദ്യം പുറമെ കുമ്മായം പൂശുകയും ചെയ്തിരുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് ചുററിപ്പററി നിൽക്കുന്നത്—നാശനഷ്ടങ്ങൾക്കിടയിലെ ഒരു ഇരുളടഞ്ഞ ശൂന്യശിഷ്ടമാണ്—എന്നുവരികിലും വില്ലുരൂപത്തിലുള്ള ഈ ക്ഷേത്രം അതിശയ വികാരങ്ങൾ ഉണർത്തുന്നു. ഗെഥെ എഴുതിയത് കാണികളുടെ മനസ്സിലേക്ക് വന്നേക്കാം—ശിൽപ്പവേല “മരവിച്ച സംഗീതമാണ്” എന്നതുതന്നെ.
മഴ വന്നു!
“വരൂ. വളരെയധികം കാണാനുണ്ട്!” തുള്ളികൾ വീണു. “എങ്കിലും ഞങ്ങൾ അടുക്കളയും ഭക്ഷണമുറിയും ഉള്ള ക്ഷേത്രങ്ങൾ കണ്ടുകഴിഞ്ഞിരുന്നില്ല.” ചാററൽ . “ഇറാസ്തൂസ് സ്താപിച്ച കൽത്തളം ഞങ്ങൾക്ക് കാണണമായിരുന്നു.” വൻതുള്ളികൾ. അഫ്രോഡൈററിന്റെ അല്ലെങ്കിൽ ഇസ്കുലേപിയത്തിന്റെ സത്രം ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുകയില്ല.” അതേ. വൻ മഴത്തുള്ളികളുടെ ആ പതനം കാററും മഴയും ഉണ്ടാകുന്നതിന്റെ മുന്നോടിയായിരുന്നു.
പൊടുന്നനേ ഞങ്ങളുടെ ഭാവനാരൂപങ്ങളും ആളുകളും അപ്രത്യക്ഷമായി. ഞങ്ങൾ വന്ന വഴിയിലൂടെ തിടുക്കത്തിൽ പിന്തിരിഞ്ഞു, ഞങ്ങളുടെ വഴികാട്ടി ഞങ്ങൾക്ക് കാണാൻ പററാത്ത കാര്യങ്ങളുടെ ഒരു പട്ടിക തന്നെ ഉരുവിട്ടുകൊണ്ടിരുന്നു. ഇപ്പോൾ ധാരാളമായി വീണുകൊണ്ടിരുന്ന മഴത്തുള്ളികൾ കൽത്തറയെ മനോഹരമാക്കി, ഒരിക്കൽ പ്രൗഢമായിരുന്ന കെട്ടിടങ്ങളുടെ മാർബിളിൽനിന്നു പൊടി കഴുകിനീക്കി നനഞ്ഞ നിറം കൊടുത്തു. പെട്ടെന്ന് ആകാശം വൻമഴചൊരിഞ്ഞപ്പോൾ ഞങ്ങൾ ഓടി. ഞങ്ങളുടെ വഴികാട്ടി മുമ്പിൽ എവിടെയോ നിന്ന്, “എല്ലാവരും വരൂ!” എന്ന് വിളിച്ചുപറയുന്നത് അപ്പോഴും കേൾക്കാൻ കഴിയുമായിരുന്നു. ഇരുട്ടാക്കുന്ന വൻമഴയിൽ കൊരിന്തിലെ ലെക്കായം വഴിയിലുള്ള കെട്ടിടാവിശിഷ്ടങ്ങൾപോലും അപ്രത്യക്ഷമായി. പ്രകൃതിദൃശ്യമോ സ്വപ്നലോകമോ ഒന്നും അവശേഷിച്ചില്ല. നനഞ്ഞുകുതിർന്ന് ഞങ്ങൾ ബസ്സിനുനേർക്ക് ഓടി, യാത്ര കാപ്പിക്കുള്ള ഇടവേളയിൽ ആയിരിക്കരുതേയെന്ന് ആശിക്കുകയും ചെയ്തു.
[അടിക്കുറിപ്പുകൾ]
a മാംസച്ചന്ത (ഗ്രീക്ക്, മാകേലിയോൻ): മുഖ്യമായും മാംസവും മത്സ്യവും എന്നാൽ മററനേകം വസ്തക്കൾകൂടെ വിപണനം നടത്തിയിരുന്ന സ്ഥലം.—1 കൊരിന്ത്യർ 10:25.
[24-ാം പേജിലെ ഭൂപടം]
(For fully formatted text, see publication)
കൊരിന്ത്
ഗ്രീസ്
അയൊണിയൻ കടൽ
ഏജിയൻ കടൽ
[25-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ: പൊതു സ്ഥലത്തെ പുനർനിർമ്മിക്കപ്പെട്ട ഒരു കട
മദ്ധ്യത്തിൽ: “ബീമ”
അടിയിൽ: അപ്പോളോയുടെ പ്രാചീന ക്ഷേത്രം