ബൈബിളിന്റെ വീക്ഷണം
“ദൈവം എന്റെ കുട്ടിയെ എടുത്തതെന്തുകൊണ്ട്?”
ഒരു കുട്ടിയുടെ മരണം ഏതു മാതാപിതാക്കൾക്കും സഹിക്കാവുന്നതിലേറെയാണ്. അത് കേവലവാക്കുകൾക്ക് മായിച്ചുകളയാൻ കഴിയാത്ത ആകുലീകരിക്കുന്ന ഒരു ദുർഘടമായ അവസ്ഥാവിശേഷമാണ്. എന്നാൽ നിങ്ങൾ അത്തരം ഒരു നഷ്ടം അനുഭവിച്ചിട്ടുണ്ടായിരിക്കുകയും, എന്തുകൊണ്ട് ദൈവം നിങ്ങളുടെ കുട്ടിയെ എടുത്തുവെന്ന് വിസ്മയിക്കുകയും ചെയ്യുന്നുവെങ്കിൽ അപ്പോൾ നിങ്ങൾ നിങ്ങളുടെ കഠോരവേദന വർദ്ധിപ്പിക്കുകമാത്രം ചെയ്യുന്ന ഒരു തെററായ ധാരണയിൽപ്പെട്ട് ഉഴലുകയാണ്. നിങ്ങൾ സത്യം അറിയേണ്ടതുണ്ട്: ദൈവം നിങ്ങളുടെ കുട്ടിയെ എടുത്തില്ല.
എന്നിട്ടും അനേകർ നേരേ എതിരു വിശ്വസിക്കുന്നു. ദൃഷ്ടാന്തത്തിന് ഒരു സ്ത്രീ തുറന്നിരിക്കുന്ന ഒരു ശവപ്പെട്ടിക്കുള്ളിലേക്ക് ആശ്വാസലേശമെന്യേ തുറിച്ചുനോക്കുകയായിരുന്നു; അതിനുള്ളിൽ അവളുടെ 17 വയസ്സുകാരനായ പുത്രൻ കിടന്നിരുന്നു. തന്റെ കാൻസർ ഭേദമാക്കുന്നതിൽ പരാജയപ്പെട്ട ചികിത്സകൾ നിമിത്തം അവന്റെ തലമുടി കൊഴിഞ്ഞുപോയിരുന്നു. അവൾ ഒരു സന്ദർശകനിലേക്ക് തിരിഞ്ഞ് വിറച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ദൈവത്തിന് റേറാമിയെ സ്വർഗ്ഗത്തിൽ തന്നോടുകൂടെ വേണമായിരുന്നു.” ഒരു റോമൻകത്തോലിക്കാ സഭാംഗമെന്ന നിലയിൽ വർഷങ്ങളോളം പള്ളിയിൽ പോയിട്ട് അവൾ പഠിച്ചത് ഇതായിരുന്നു. പ്രോട്ടസ്ററൻറുകാരും കുട്ടികളുടെ മരണത്തിന് ദീർഘനാളുകളായി ദൈവത്തെ കുററപ്പെടുത്തിയിട്ടുണ്ട്. പ്രഖ്യാത പ്രോട്ടസ്ററൻറ് പരിഷ്ക്കർത്താവായ ജോൺ കാൽവിൻ രണ്ടാഴ്ചമാത്രം പ്രായമുണ്ടായിരുന്ന സ്വന്തം പുത്രന്റെ മരണത്തെ തുടർന്ന് ഇങ്ങനെ വിലപിച്ചു: “ശൈശവാവസ്ഥയിലുള്ള ഞങ്ങളുടെ മകന്റെ മരണത്തിലൂടെ കർത്താവ് സുനിശ്ചിതമായും ഒരു വേദനാജനകമായ മുറിവേൽപ്പിച്ചിരിക്കുന്നു.”
ഒരു പുരാതന യഹൂദ മുത്തശ്ശിക്കഥ അനുസരിച്ച് ഒരു റബ്ബിയുടെ ഇരട്ടപുത്രൻമാർ അയാൾ അകലെ ആയിരുന്ന സമയത്ത് മരിച്ചു. അയാൾ മടങ്ങിവന്ന് തന്റെ പുത്രൻമാരേക്കുറിച്ച് അന്വേഷിച്ചപ്പോൾ അയാളുടെ ഭാര്യ ഇങ്ങനെ പറഞ്ഞു: “ആരെങ്കിലും നിങ്ങൾക്ക് രണ്ടു വിലയേറിയ രത്നങ്ങൾ തരികയും നിങ്ങളുടെ കൈവശം ഇരിക്കുന്നടത്തോളംകാലം നിങ്ങൾക്കവ ആസ്വദിക്കാമെന്ന് നിങ്ങളോട് പറയുകയും ചെയ്തുവെങ്കിൽ, അതു നൽകിയ ആൾ അവ തിരിച്ചുചോദിക്കുമ്പോൾ തടസ്സംപറയാൻ നിങ്ങൾക്ക് കഴിയുമോ?” അയാൾ ഇങ്ങനെ ഉത്തരം നൽകി: “നിശ്ചയമായും ഇല്ല.” അനന്തരം അവൾ അയാളുടെ മരിച്ചുപോയ രണ്ടു പുത്രൻമാരെയും അയാൾക്കു കാണിച്ചുകൊടുത്തിട്ട് ഇങ്ങനെ പറഞ്ഞു: “ദൈവത്തിന് തന്റെ രത്നങ്ങൾ തിരികെ വേണമായിരുന്നു.”
ആശ്വാസപ്രദമോ ബൈബിളധിഷ്ഠിതമോ അല്ല
അത് അവരുടെ മാതാപിതാക്കളുടെ ഹൃദയങളെ തകർത്തുകളയുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ കുട്ടികളുടെമേൽ തന്റെ സ്വന്ത ഇഷ്ടപ്രകാരം മരണം വരുത്തിവെക്കാൻ തക്കവണ്ണം സ്രഷ്ടാവ് യഥാർത്ഥത്തിൽ അത്ര ക്രൂരനാണോ? അല്ല, ബൈബിളിലെ ദൈവം അങ്ങനെയല്ല. 1 യോഹന്നാൻ 4:8 അനുസരിച്ച് “ദൈവം സ്നേഹമാകുന്നു.” ദൈവത്തിന് സ്നേഹം ഉണ്ടെന്നോ ദൈവം സ്നേഹവാൻ ആണെന്നോ അല്ല, മറിച്ച് ദൈവം സനേഹം ആകുന്നു എന്നാണ് അതു പറയുന്നതെന്ന് കുറിക്കൊള്ളുക. സ്നേഹത്തിന്റെ മൂർത്തിമദ്ഭാവം തന്നെയെന്നു പറയാൻ തക്കവണ്ണം ദൈവത്തിന്റെ സ്നേഹം അത്ര തീവ്രവും അത്ര നിർമ്മലവും അത്ര പൂർണ്ണവും ആയിരിക്കുകയും അവന്റെ വ്യക്തിത്വത്തിലും പ്രവർത്തനങ്ങളിലും അത് അത്ര പൂർണ്ണമായി നിറഞ്ഞുനിൽക്കുകയും ചെയ്യുന്നു. തനിക്ക് ‘തന്റെ രത്നങ്ങൾ തിരികെ വേണ’മെന്നതുകൊണ്ട് കുട്ടികളെ കൊല്ലുന്ന ഒരു ദൈവമല്ല ഇത്.
നേരെ മറിച്ച് ദൈവം കുട്ടികളെ തീവ്രമായും നിസ്വാർത്ഥമായും സ്നേഹിക്കുന്നു. ഓരോ വാക്കിലും പ്രവൃത്തിയിലും തന്റെ സ്വർഗ്ഗീയ പിതാവിന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിച്ചിരുന്ന വ്യക്തിയായ യേശുക്രിസ്തു കുട്ടികളിൽ വ്യക്തിപരമായി ഒരു ഊഷ്മള താത്പര്യമെടുത്തു. ഒരിക്കൽ അവൻ തന്റെ കൈകൾ കൊണ്ട് ഒരു ചെറിയ കുട്ടിയെ കെട്ടിപ്പിടിക്കുകയും തന്റെ ശിഷ്യൻമാർക്ക് അത്തരം ശിശുസമാന നിഷ്ക്കളങ്കതയും താഴ്മയും ഉണ്ടായിരിക്കണമെന്ന് അവരെ പഠിപ്പിക്കുകയും ചെയ്തു. (മത്തായി 18:1-4; മർക്കോസ് 9:36) യഹോവ നൂററാണ്ടുകൾക്കു മുമ്പ് തങ്ങളുടെ കുട്ടികളെ വിലയേറിയതായി വീക്ഷിക്കാനും തദനുസരണം അവരെ പരിശീലിപ്പിക്കാനും പഠിപ്പിക്കാനും സംരക്ഷിക്കാനും തന്റെ ജനത്തെ പഠിപ്പിച്ചിരുന്നു. (ആവർത്തനം 6:6, 7; സങ്കീർത്തനം 127:3-5) അവൻ കുടുംബങ്ങൾ മരണത്തിൽ വിഭജിക്കപ്പെടാനല്ല, ജീവനിൽ ഏകീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നു.
“അങ്ങനെയെങ്കിൽ എന്റെ കുട്ടി മരിച്ചതെന്തുകൊണ്ട്?”
സർവ്വശക്തനാകയാൽ കുട്ടികളുടെ മരണം ഉൾപ്പെടെ ഈ ലോകത്തിൽ സംഭവിക്കുന്ന സകലത്തിനേയും നിയന്ത്രിച്ചുകൊണ്ട് ദൈവം പിന്നണിയിലുണ്ടെന്ന് അനേകർ വിചാരിക്കുന്നു. എന്നാൽ അത് അവശ്യം അങനെയായിരിക്കണമെന്നില്ല. ഒരൊററ അപകടത്തിൽ തന്റെ പത്തു മക്കളും ഇയ്യോബിനു നഷ്ടമായപ്പോൾ യഹോവയാണ് തനിക്ക് ഈ വിപത്ത് വരുത്തിയതെന്ന് അവൻ വിചാരിച്ചു. തന്റെ സ്രഷ്ടാവിലുള്ള അവന്റെ വിശ്വാസം ഉപേക്ഷിക്കാനിടയാക്കുന്നതിന് ഇയ്യോബിനെ പീഡിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഈ സംഗതിയിൽ പിന്നണിയിലുണ്ടായിരുന്നത് യഥാർത്ഥത്തിൽ ദൈവത്തിന്റെ ഒരു മനുഷ്യാതീത എതിരാളിയായ സാത്താനെന്നു വിളിക്കപ്പെടുന്നവനായിരുന്നുവെന്നുള്ള ബൈബിൾ നമുക്കു വെളിപ്പെടുത്തി തരുന്ന വസ്തുത അവൻ അറിഞ്ഞില്ല.—ഇയ്യോബ് 1:6-12.
സമാനമായി, ഈ ലോകത്തിലെ സാത്താന്റെ സ്വാധീനത്തിന്റെ വ്യാപ്തി സംബന്ധിച്ച് മിക്കയാളുകൾക്കും യാതൊരു ഗ്രാഹ്യവുമില്ല. യഹോവയല്ല സാത്താനാണ് ഈ ദുഷിച്ച വ്യവസ്ഥിതിയുടെ ഭരണാധിപനെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു. 1 യോഹന്നാൻ 5:19 പറയുന്നപ്രകാരം “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” ഈ ലോകത്തിലെ സങ്കടകരമായ സകല സംഭവങ്ങൾക്കും യഹോവയെ കുററപ്പെടുത്താവുന്നതല്ല. അവൻ നിങ്ങളുടെ കുട്ടിയെ എടുത്തില്ല.
അങ്ങനെയെങ്കിൽ സാത്താൻ നിങ്ങളുടെ കുട്ടിയെ എടുത്തുവെന്നാണോ അതിന്റെ അർത്ഥം. അല്ല, നേരിട്ട് അല്ല. പണ്ട്, ഏദനിൽ ദൈവത്തിനെതിരെ മത്സരിച്ചപ്പോൾ മനുഷ്യൻ തന്നേത്തന്നെ സാത്താന്റെ ഭരണത്തിൻകീഴിൽ ആക്കിവെച്ചു. അവൻ അങ്ങനെ തനിക്കുതന്നെയും തന്റെ സകല മക്കൾക്കും ആരോഗ്യപൂർണ്ണവും നിത്യവുമായ ജീവന്റെ ദാനം നഷ്ടപ്പെടുത്തി. [റോമർ 5:12] തൽഫലമായി നാം ദൈവത്തിൽനിന്ന് അന്യപ്പെട്ട ഒരു ലോകവ്യവസ്ഥിതിയിൽ ജീവിക്കുന്നു, “കാലവും മുൻകൂട്ടികാണാത്ത സംഭവങ്ങളും” എന്നു ബൈബിൾ വിളിക്കുന്നവയെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു ലോകം, ജീവിതത്തിന്റെ അപ്രതീക്ഷിതവും പലപ്പോഴും സങ്കടകരവുമായ ഗതിമാററങ്ങൾതന്നെ. (സഭാപ്രസംഗി 9:11, NW) സാത്താൻ “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുക”യാണ്. (വെളിപ്പാട് 12:9) ആളുകളെ ദൈവത്തിൽനിന്ന് തിരിച്ചുകളയുകയെന്നതാണ് അവന്റെ മുഖ്യ താൽപ്പര്യം. അപ്രകാരം അവൻ ദൈവത്തേക്കുറിച്ച് വെറുപ്പുളവാക്കുന്ന തരം നുണകൾ പ്രചരിപ്പിക്കുന്നു. കുട്ടികളെ അവരുടെ മാതാപിതാക്കളിൽനിന്ന് തട്ടിയെടുക്കാൻ ദൈവം മരണത്തെ ഉപയോഗിക്കുന്നുവെന്നത് അത്തരം ഒരു നുണയാണ്.
“എന്റെ കുട്ടിക്ക് എന്തു പ്രത്യാശയാണുള്ളത്?”
ദൈവത്തെ കുററപ്പെടുത്തുന്നതിനു പകരം മരണത്തിലൂടെ നഷ്ടം സഹിക്കേണ്ടി വന്ന മാതാപിതാക്കൾ ബൈബിളിൽ ദൈവം പ്രദാനം ചെയ്യുന്ന ആശ്വാസത്തിനായി നോക്കേണ്ടതാണ്. തങ്ങളുടെ മരിച്ചുപോയ കുട്ടികളുടെ അവസ്ഥ സംബന്ധിച്ച് അനേകരെ വ്യാജമതം ആശയക്കുഴപ്പത്തിൽ വിട്ടുകളഞ്ഞിരിക്കുന്നു. സ്വർഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം, ലിംബൊ—വ്യത്യസ്തങ്ങളായ ഇത്തരം മററു മുൻ നിശ്ചിത സ്ഥാനങ്ങൾ ദുർജ്ഞേയവും തികച്ചും ഭീതി ഉളവാക്കുന്നതുമാണ്. നേരേമറിച്ച് മരിച്ചവർ നിർബോധവാൻമാരാണ്, നിദ്രയോടു വളരെ നന്നായി തുലനം ചെയ്യാവുന്ന ഒരു അവസ്ഥയിലാണെന്ന് ബൈബിൾ നമ്മോടു പറയുന്നു. (സഭാപ്രസംഗി 9:5, 10; യോഹന്നാൻ 11:11-14) മരണാനന്തരം തങ്ങളുടെ മക്കൾ കടന്നുപോയേക്കാവുന്ന അവസ്ഥ സംബന്ധിച്ച് മാതാപിതാക്കൾ വ്യാകുലപ്പെടേണ്ടതില്ല. തങ്ങളുടെ മക്കൾ നന്നായി ഉറങ്ങുന്നതു കാണുമ്പോൾ മാതാപിതാക്കൾ വ്യാകുലപ്പെടാത്തതുപോലെതന്നെ “സ്മാരക കല്ലറകളിലുള്ളവരെല്ലാം” പറുദീസാഭൂമിയിലെ പുതുജീവിതത്തിലേക്ക് “പുറത്തുവരുന്ന” ഒരു സമയത്തേക്കുറിച്ച് യേശു പറഞ്ഞു.—യോഹന്നാൻ 5:28, 29; ലൂക്കോസ് 23:43.
ആ തിളങ്ങുന്ന പ്രത്യാശ മരണത്തിന്റെ സകല ദുഃഖവും മാററുന്നില്ലെന്നുള്ളത് സത്യംതന്നെ. യേശു തന്നെയും തന്റെ സുഹൃത്തായിരുന്ന ലാസറിന്റെ മരണത്തിങ്കൽ തളർന്നുപോകുകയും കരയുകയും ചെയ്തു. അത് അവൻ ലാസറിനെ ഉയർപ്പിക്കുന്നതിന് മിനിററുകൾ മാത്രം മുമ്പായിരുന്നു! അതുകൊണ്ട് കുറഞ്ഞ പക്ഷം മരണം എല്ലാററിന്റേയും അവസാനമല്ല. യേശുവും അവന്റെ പിതാവായ യഹോവയും രണ്ടുപേരും മരണത്തെ വെറുക്കുന്നു. ബൈബിൾ മരണത്തെ “അവസാനത്തെ ശത്രു”വെന്നു വിളിക്കുകയും അത് “ഇല്ലായ്മയിലേക്ക് വരുത്തപ്പെടു”മെന്ന് പറയുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 15:26, NW) വരാനിരിക്കുന്ന പറുദീസയിൽ സാത്താന്റെ ഭരണം ഒരു കഴിഞ്ഞകാല സംഗതിയായിരിക്കുമ്പോൾ മരണം എന്നേക്കുമായി പൊയ്പോയിരിക്കും. അതിന്റെ നിരപരാധികളായ ഇരകൾ പുനരുത്ഥാനത്താൽ വീണ്ടെടുക്കപ്പെട്ടിരിക്കും. മരണത്തിൽ തങ്ങൾക്കു നഷ്ടപ്പെട്ട തങ്ങളുടെ മക്കളോടൊപ്പം മാതാപിതാക്കൾ പുനരേകീകരിക്കപ്പെടുന്ന അന്ന് ഒടുവിൽ ഇങ്ങനെ പറയാൻ നാം പ്രാപ്തരായിരിക്കും, ‘മരണമേ നിന്റെ വിഷമുള്ള് എവിടെ?’—ഹോശേയ 13:14, NW. (g91 2⁄8)