“നിന്റെ അപ്പനെയും നിന്റെ അമ്മയെയും ബഹുമാനിക്ക”
ക്രിസ്തുവിന്റെ കാലത്തിന് നൂററാണ്ടുകൾ മുമ്പുള്ള പൗരാണികതയിൽ നിന്നാണ് ആ വചനങ്ങൾ നമ്മുടെ അരികെ വന്നുചേർന്നത്. ദൈവത്തിന്റെ കൈവിരൽകൊണ്ട് കല്ലിൽ എഴുതിയ രൂപത്തിൽ ഒരു മലമുകളിൽനിന്ന് അവയെ വഹിച്ചുകൊണ്ടുവരികയായിരുന്നു. ഇസ്രായേല്യ അടിമകളെ ഈജിപ്ററിലെ ബന്ധനത്തിൽനിന്ന് വിടുവിച്ച്, ചെങ്കടലിലൂടെ സീനായ് എന്ന പരുക്കൻ പർവതത്തിന്റെ അടിവാരത്തിലെ ഒരു പാളയത്തിലേക്ക് നയിച്ചുകൊണ്ട് ചെല്ലാൻ മോശ ഉപയോഗിക്കപ്പെട്ടിരുന്നു. സീനായ് മലയിങ്കൽ 40 പകലും രാവും യഹോവയോടൊപ്പം ചെലവഴിച്ചശേഷം പത്തു കൽപ്പനകൾ ആലേഖനം ചെയ്യപ്പെട്ട രണ്ടു കൽപ്പലകകളുമേന്തി മോശെ ഇറങ്ങിവന്നു.—പുറപ്പാട് 34:1, 27, 28.
ഈ കൽപ്പലകകളിൽ ഒന്നിൽ അഞ്ചാം കൽപ്പന എഴുതപ്പെട്ടിരുന്നു. ഇന്ന് അത് ബൈബിൾ പുസ്തകമായ പുറപ്പാടിന്റെ 20-ാം അദ്ധ്യായം 12-ാം വാക്യത്തിൽ കാണപ്പെടുന്നു. അത് ഇങ്ങനെ വായിക്കപ്പെടുന്നു: “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന മണ്ണിൽ നിന്റെ നാളുകൾ ദീർഘമായി ഭവിക്കേണ്ടതിന് നിന്റെ അപ്പനെയും നിന്റെ അമ്മയെയും ബഹുമാനിക്ക.” അപ്പോസ്തലനായ പൗലോസ് അഭിപ്രായപ്പെട്ടതനുസരിച്ച് “വാഗ്ദത്തത്തോടുകൂടിയ ആദ്യ കൽപ്പന” ഇതായിരുന്നു, വാഗ്ദത്തമോ: “മണ്ണിൽ നിന്റെ നാളുകൾ ദീർഘമായി ഭവിക്കേണ്ടതിന്” എന്നതായിരുന്നു.—എഫേസ്യർ 6:1-3.
പത്തു കൽപ്പനകളുടെ കൈമാററത്തിങ്കൽ അഗ്നിയുടെയും പുകയുടെയും ഭയങ്കര കാഴ്ചകളും സീനായ് പർവ്വതത്തിന്റെ ഉൾക്കിടിലം ജനിപ്പിക്കുന്ന പ്രകമ്പനവും അവയുടെ പ്രാധാന്യത്തെ വിളിച്ചറിയിച്ചു, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുന്നതിനുള്ള അഞ്ചാം കൽപ്പന ഉൾപ്പെടെയുള്ളവയുടെ പ്രാധാന്യത്തെത്തന്നെ. ഈ ബഹുമാനം കാണിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നതെന്ത്? കേവലം ആദരവും അനുസരണവും മാത്രമല്ല. പിന്നെയോ, ആവശ്യമായ ഘട്ടങ്ങളിൽ ഭൗതികമായ പരിചരണയും കൈത്താങ്ങലും തന്നെ.
നൂററാണ്ടുകൾക്കുശേഷം, വാമൊഴിയാൽ വന്നുചേർന്ന പാരമ്പര്യങ്ങൾ സംബന്ധിച്ച് യേശു ശാസ്ത്രിമാരും പരീശൻമാരുമായി തർക്കിച്ചപ്പോൾ ഇത് വ്യക്തമാക്കപ്പെട്ടു. മുട്ടുള്ള മാതാപിതാക്കൾക്ക് ഭൗതിക പിന്തുണ കൊടുക്കാതിരുന്നപ്പോൾ അവർ അപ്പനെയും അമ്മയെയും ബഹുമാനിക്കാൻ പരാജയപ്പെടുകയായിരുന്നുവെന്ന് യേശു ചൂണ്ടിക്കാട്ടി. മത്തായി 15:3-6-ൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നപ്രകാരം അവൻ അവരോട് ഇങ്ങനെ പറഞ്ഞു: “‘നിന്റെ അപ്പനെയും നിന്റെ അമ്മയെയും ബഹുമാനിക്ക’ എന്നും ‘അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിച്ചൊടുങ്ങട്ടെ’യെന്നും ദൈവം പറഞ്ഞു. പക്ഷെ നിങ്ങൾ പറയുന്നതോ, ‘ആരെങ്കിലും ഒരുവൻ അപ്പനോടൊ അമ്മയോടൊ : “എന്നിൽനിന്ന് നിനക്ക് പ്രയോജനം ലഭിക്കാൻ എനിക്കുള്ളത് ദൈവത്തിനർപ്പിച്ച വഴിപാടാണ്” എന്നു പറഞ്ഞാൽ അവൻ തന്റെ അപ്പനെ ബഹുമാനിക്കരുത്,’ എന്നല്ലൊ. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ പാരമ്പര്യം നിമിത്തം ദൈവവചനത്തെ അസാധുവാക്കിയിരിക്കുന്നു.”
യേശുവിന്റെ സ്വന്തം കാര്യത്തിൽ, അവൻ തന്റെ മാതാപിതാക്കൾക്ക് കീഴടങ്ങിയിരുന്നുകൊണ്ട് അവരോട് അനുസരണം കാണിച്ചു. (ലൂക്കോസ് 2:51) വർഷങ്ങൾക്കുശേഷം അവൻ ഒരു ദണ്ഡനസ്തംഭത്തിൽ മരിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ അമ്മയുടെ പരിരക്ഷക്കും പിന്തുണക്കും വേണ്ടി സ്നേഹമസൃണമായ കരുതൽ ചെയ്തുകൊണ്ട് അവൻ അവളോട് ബഹുമാനം കാട്ടി.—യോഹന്നാൻ 19:25-27.
മക്കളും മക്കളുടെ മക്കളും പോലും അവശരായ മാതാപിതാക്കൾക്കായി കരുതുക എന്നത് ദൈവത്തിന്റെ വ്യവസ്ഥ ആയിരുന്നു എന്ന് അപ്പോസ്തലനായ പൗലോസ് നന്നായി അറിഞ്ഞിരുന്നു. രസാവഹമായി ബഹുമാനം കാണിക്കുക എന്നതിനോട് അവൻ ഭൗതിക സഹായത്തെ ബന്ധപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “സാക്ഷാൽ വിധവമാരായ വിധവകളെ ബഹുമാനിക്കുക. പക്ഷേ, ഏതെങ്കിലും വിധവക്ക് മക്കളൊ കൊച്ചുമക്കളൊ ഉണ്ടെങ്കിൽ അവർ തങ്ങളുടെ സ്വന്തഭവനത്തിൽ ദൈവഭക്തി ആചരിക്കുന്നതിനും തങ്ങളുടെ മാതാപിതാക്കൾക്കും മുത്തശ്ശീമുത്തശ്ശൻമാർക്കും അർഹമായ പ്രത്യുപകാരം കൊടുത്തുകൊണ്ടിരിക്കുന്നതിനും പഠിക്കട്ടെ, ഇത് ദൈവദൃഷ്ടിയിൽ പ്രസാദകരമല്ലൊ.” (1 തിമൊഥെയോസ് 5:3, 4) നിങ്ങളൊരു നിസ്സഹായ ശിശുവൊ കുട്ടിയൊ ആയിരുന്നപ്പോൾ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്കുവേണ്ടി കരുതൽ ചെയ്തു; അവരുടെ വാർദ്ധക്യത്തിൽ, അവരുടെ ആവശ്യഘട്ടങ്ങളിൽ അവരെ സഹായിക്കാൻ നിങ്ങൾക്കുള്ള ഊഴമാണിപ്പോൾ.