വൃദ്ധജന പരിപാലനം—ഒരു വളരുന്ന പ്രശ്നം
“ബാക്കിയുള്ള നമ്മളെല്ലാം ഭംഗിയുള്ള താലങ്ങളിൽനിന്ന് കഴിക്കുമ്പോൾ മുത്തശ്ശി എന്തിനാണ് മരപ്പാത്രത്തിൽനിന്ന് കഴിക്കുന്നത്?” എന്നു തന്റെ അമ്മയോടു ചോദിച്ച ഒരു കൊച്ചു ബാലികയുടെ കഥ പറഞ്ഞു കേട്ടിട്ടുണ്ട്. അവളുടെ അമ്മ ഇങ്ങനെ വിശദമാക്കി: “മുത്തശ്ശിയുടെ കൈകൾ വിറക്കും, അവർ നമ്മുടെ നല്ല താലങ്ങളൊക്കെ താഴെയിട്ടുടക്കും. അതുകൊണ്ടാണ് അവർ പകരം മരപ്പാത്രമുപയോഗിക്കുന്നത്.” ഇതേപ്പററി ഒരു നിമിഷം ആലോചിച്ചശേഷം ആ കൊച്ചു പെൺകുട്ടി ഇങ്ങനെ ചോദിച്ചത്രെ: “അങ്ങനെയാണെങ്കിൽ ഞാൻ വളർന്നു വലുതാകുമ്പോൾ നിങ്ങൾക്ക് തരാനായിട്ട് ആ മരപ്പാത്രം എനിക്കുവേണ്ടി സൂക്ഷിച്ചുവെക്കുമോ?” വരാനിരിക്കുന്ന സംഭവങ്ങളുടെ ഈ മുൻ സൂചന ആ അമ്മയെ ഞെട്ടിച്ചിരിക്കാം, തെല്ലൊന്ന് ഉലച്ചിരിക്കാനും ഇടയുണ്ട്. പക്ഷേ പിന്നീടുള്ള ആലോചനയിൽ അതവർക്ക് ആശ്വാസത്തിന്റേതായ ഉറപ്പും നൽകിയിരിക്കാം—തന്റെ കൊച്ചു മകൾ ഏതായാലും തനിക്കുവേണ്ടി കരുതാനുള്ള ആസൂത്രണം ചെയ്യുകയായിരുന്നല്ലോ!
വയോജനങ്ങളിൽ ഒട്ടനവധിപ്പേരുടെയും ഭാവിപ്രതീക്ഷകൾ അത്ര ശോഭനമായിരിക്കുകയില്ല. ലോകത്തിന്റെ നിരവധി ഇടങ്ങളിൽ ജനസംഖ്യയുടെ ഏററവും വേഗതയിൽ വളരുന്ന ഭാഗം ഇവരായിത്തീർന്നിട്ടുണ്ട്. ഓഗസ്ററ്, 1987-ലെ വേൾഡ് പ്രസ്സ് റിവ്യു, 60 കോടി ജനങ്ങൾ, അതായത് ഈ ഗ്രഹത്തിന്റെ അന്നത്തെ ജനസംഖ്യയുടെ 12 ശതമാനം അന്നേതന്നെ 60 വയസ്സു കഴിഞ്ഞവരായിരുന്നു എന്ന് റിപ്പോർട്ടു ചെയ്തു.
ഐക്യനാടുകളിൽ ഇദംപ്രഥമമായി വയോജനങ്ങൾ കൗമാരപ്രായക്കാരുടെ ജനസംഖ്യയെ കവച്ചുവെച്ചുകൊണ്ട് വളർന്നുകൊണ്ടിരിക്കുന്നു. ന്യൂയോർക്ക് നഗരിയിലെ ഒരു വർത്തമാനപ്പത്രത്തിന്റെ ശാസ്ത്രവിഭാഗം പത്രാധിപർ ഇങ്ങനെ റിപ്പോർട്ടുചെയ്തു: “ഇന്ന് 3 കോടി അമേരിക്കക്കാരുടെ പ്രായം 65-ഓ അതിലധികമോ ആണ് നമ്മിൽ ഓരോ എട്ടുപേരിൽ ഒരാൾ വീതം മുമ്പെന്നത്തേതിലും അധികമാണിത്. ജനസംഖ്യയിൽ ശേഷിപ്പുള്ളവരെക്കാൾ വൃദ്ധജനങ്ങൾ ഇരട്ടിവേഗതയിൽ വളർന്നുകൊണ്ടിരിക്കുന്നു. . . . അമേരിക്കക്കാരുടെ ശരാശരി ആയുസ്സ് 1786-ൽ 35 ആയിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എൺപത്തൊമ്പതിൽ ജനിച്ച ഒരു അമേരിക്കൻ കുട്ടിയുടേത് 75 ആണ്.
കാനഡായിൽ 85 മുതൽ മേലോട്ട് പ്രായമുള്ള പടുവൃദ്ധരുടെ സംഖ്യ നൂററാണ്ടിന്റെ ഒടുക്കമാകുമ്പോഴേക്ക് മൂന്നിരട്ടി കവിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
യൂറോപ്പിൽ ഒരു നൂറു വർഷം മുമ്പ് വൃദ്ധജനങ്ങൾ മൊത്തം ജനസംഖ്യയുടെ കഷ്ടിച്ച് 1 ശതമാനം ആയിരുന്നു. ഇന്ന് അവരുടെ സംഖ്യ 17 ശതമാനമായി കുതിച്ചുയർന്നിരിക്കുന്നു.
മൂന്നാം ലോകത്തിലെ “വാർദ്ധക്യത്തിലേക്കുള്ള മാററം” സംബന്ധിച്ച് പുറത്തിറക്കിയ ഒരു യു. എസ്സ്. സെൻസസ് ബ്യൂറോ റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: “വൃദ്ധജനങ്ങളുടെ പെരുപ്പത്തിന്റെ നാലിൽമൂന്നു ഭാഗവും മൂന്നാം ലോകത്താണ് അരങ്ങേറുന്നത്.”
നാലു പതിററാണ്ടുകൾ മുമ്പ് ചൈനയിലെ ജനങ്ങളുടെ ആയുർപ്രതീക്ഷ ഏകദേശം 35 വർഷമായിരുന്നു. ഈ അക്കം 1982 ആയപ്പോഴേക്ക് 68 വർഷമായി കുതിച്ചുയർന്നു. ഇന്ന് 9 കോടി ചൈനാക്കാർ വൃദ്ധരായി കണക്കാക്കപ്പെടുന്നു, നൂററാണ്ടിന്റെ അവസാനത്തോടെ അക്കം 13 കോടിയായി അഥവാ ജനസംഖ്യയുടെ 11 ശതമാനമായി ഉയരും.
നിങ്ങളുടെ സ്വന്തമായവർക്കായി കരുതുന്നതിനുള്ള പ്രത്യേക ശ്രമം
പടുവൃദ്ധരായവരുടെ സംഖ്യ ലോകമെമ്പാടും കുതിച്ചുയരവെ, അവരെ എങ്ങനെ പരിപാലിക്കുമെന്ന കുഴപ്പിക്കുന്ന പ്രശ്നം കൂടുതൽ സങ്കീർണ്ണമായിത്തീർന്നുകൊണ്ടിരിക്കുന്നു. ബൈബിൾകാലങ്ങളിൽ പ്രശ്നം അത്ര ദുഷ്ക്കരമായിരുന്നില്ല. അന്ന് അവർക്ക് കുട്ടികൾ, മാതാപിതാക്കൾ, മുത്തശ്ശീമുത്തശ്ശൻമാർ എന്നിവരെല്ലാം ഒന്നിച്ചു വസിക്കുന്ന വിപുലമായ കുടുംബമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികളും മുത്തശ്ശീമുത്തശ്ശൻമാരും ഇരുകൂട്ടർക്കും പ്രയോജനം ചെയ്യുമാറ് സഹവർത്തിച്ചിരുന്നു, ആവശ്യമായ ഭൗതിക കരുതലുകൾ ചെയ്യുന്നതിനും കുടുംബത്തിലെ വൃദ്ധജനങ്ങൾക്ക് ആവശ്യമായ പരിചരണം ലഭിക്കാനുള്ള ഏർപ്പാടുകൾ ചെയ്യാനും മാതാപിതാക്കൾക്ക് സാധിക്കുകയും ചെയ്തിരുന്നു. പ്രായമേറിയവരുടെ പരിപാലനത്തിനുള്ള കരുതലോടു കൂടിയ അത്തരം വിപുലമായ കുടുംബങ്ങൾ ഇന്നും ചില രാജ്യങ്ങളിൽ നിലവിലുള്ള സമ്പ്രദായമാണ്. (ഉദാഹരണങ്ങൾക്ക് 8-ാം പേജിലെ ബോക്സ് കാണുക) പക്ഷേ കുടുംബവൃത്തം മാതാപിതാക്കളിലും കുട്ടികളിലുമായി ചുരുങ്ങിയിരിക്കുന്ന സമ്പന്ന രാഷ്ട്രങ്ങളിലെ സ്ഥിതി അതല്ല. കുട്ടികൾ വളർന്നു വിവാഹം ചെയ്ത് അവർക്ക് മക്കളുണ്ടായി കഴിയുമ്പോൾ പ്രായംചെന്ന് ദുർബ്ബലരായിത്തീർന്ന് നിരന്തരം രോഗാതുരരായ് കഴിയുന്ന മാതാപിതാക്കളെ പരിചരിക്കുക എന്ന പ്രശ്നം മിക്കപ്പോഴും അവരെ അഭിമുഖീകരിക്കുന്നു.
ഈ വ്യവസ്ഥിതിയിൽ ഇത് നിർവഹിക്കുക എന്നത് തീർച്ചയായും ഒരു ഭാരിച്ച പ്രശ്നംതന്നെ. അഭികാമ്യമല്ലെന്നു തോന്നിയാൽപോലും ഇന്നത്തെ സാമ്പത്തിക ചുററുപാടിൽ മാതാപിതാക്കൾ ഇരുവരും ജോലി ചെയ്യുക അനിവാര്യമായിത്തീർന്നേക്കാം. ഭക്ഷണസാധനങ്ങൾക്ക് ചെലവേറി, വാടകകൾ ഉയർന്നു, മററുചെലവുകളും വന്നുകൂടുന്നു. രണ്ട് ശമ്പളച്ചെക്കുകൾപോലും പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. വീട്ടിലെ സ്ത്രീ പുറത്തു ജോലി ചെയ്യുന്നില്ലെങ്കിൽ കുട്ടികളും സാധനം വാങ്ങലും ശുചീകരണവും ഒക്കെയായിട്ട് അവൾ തിരക്കിലായേക്കാം—അതുതന്നെ ഒരു മുഴുസമയജോലിയാണ്. അതുകൊണ്ട് പറഞ്ഞുവരുന്നത് വൃദ്ധ മാതാപിതാക്കളിരുവരെയുമോ അവരിലൊരാളെയോ ഭവനത്തിൽ പരിചരിക്കേണ്ടതില്ല എന്നല്ല. പിന്നെയോ ഇതിന്റെ അർത്ഥം ഇതൊരു അത്യന്തം ദുഷ്കരമായ നിയോഗമായിത്തീർന്നേക്കാം എന്നാണ്. വൃദ്ധജനങ്ങൾക്ക് അവരുടെ നൊമ്പരങ്ങളും വേദനകളുമുണ്ട്, മനസ്സിലാക്കാവുന്നതുപോലെ, ചിലപ്പോഴെല്ലാം അവർ പരാതിക്കാരും നിർബന്ധ ബുദ്ധികളും ആയിത്തീർന്നുകൊണ്ട് എപ്പോഴും ഇണക്കവും പ്രസന്നഭാവവും കൂടാതെ ഇരുന്നേക്കാം. വാർദ്ധ്യക്യത്തിലെത്തിയ മാതാവിനെയൊ പിതാവിനെയൊ വീട്ടിൽ ശുശ്രൂഷിക്കുന്നതിന് അത്യദ്ധ്വാനം ചെയ്യേണ്ടതില്ല എന്നല്ല ഈയൊന്നിന്റെയും അർത്ഥം.
മിക്കപ്പോഴും ഉത്തരവാദിത്വം വന്നുപതിക്കുന്നത് പെൺമക്കളുടെ ചുമലിലാണ്. തുടരെതുടരെയുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത് പുരുഷൻമാർ സാമ്പത്തിക സഹായം ചെയ്തേക്കാമെങ്കിലും കൈകൊണ്ടുള്ള വ്യക്തിപരമായ ശുശ്രൂഷ പ്രദാനം ചെയ്യുന്നത് പ്രാഥമികമായും സ്ത്രീകളാണെന്നാണ്. അവർ പ്രായമേറിയവർക്കായി ഭക്ഷണം ഒരുക്കുന്നു—മിക്കപ്പോഴും കരണ്ടികൊണ്ട് അവരെ കോരിത്തീററുന്നു—അവർ അവരെ കുളിപ്പിച്ച് വസ്ത്രമണിയിക്കുന്നു, അവർക്ക് വസ്ത്രം മാററിക്കൊടുക്കുന്നു, അവർ അവരെ വൈദ്യൻമാരുടെ അടുത്തേക്കും ആശുപത്രികളിലേക്കും കൊണ്ടുപോകുന്നു, അവർക്കാവശ്യമായ മരുന്നു കരുതിവെക്കുന്നതും അവരാണ്. മിക്കവാറും അവരാണ് തങ്ങളുടെ പ്രായാധിക്യത്തിലെത്തിയ മാതാപിതാക്കളുടെ കണ്ണും കാതും മനസ്സും. അവരുടെ ജോലി വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്, ഉൾപ്പെട്ടിരിക്കുന്ന ക്ലേശങ്ങൾ ഗണ്യമാക്കാതെ അത് നിർവഹിക്കുന്നതിനുള്ള അവരുടെ സന്നദ്ധത അഭിനന്ദനം അർഹിക്കുന്നതും യഹോവയാം ദൈവത്തിന് പ്രസാദകരവുമാണ്.
യു. എസ്. എ. യിലെ ഫ്ളോറിഡായിലുള്ള മയാമി യൂണിവേഴ്സിററിയിലെ അഡൽററ് ഡെവലപ്മെൻറ് ആൻഡ് ഏയ്ജിംഗ് സെൻററിന്റെ ഡയറക്ടറായ കാൾ ഈസ്ഡോർഫർ എം. എ. പി. എച്ച്. ഡി. അഭിപ്രായപ്പെടുന്നതനുസരിച്ച് മിക്ക മുതിർന്ന മക്കളും തങ്ങളുടെ വൃദ്ധ മാതാപിതാക്കളെ അവരുടെ വിവശതയുടെ വർഷങ്ങൾ ചെലവഴിക്കാൻ അവരെ ഒരു നേഴ്സിംഗ് ഹോമിലേക്ക് അയക്കാറുണ്ട് എന്ന ധാരണ അത്ര ശരിയല്ല. “വൃദ്ധജന പരിപാലനത്തിന്റെ കേസുകളിൽ ഏറിയ പങ്കും സ്വന്ത കുടുംബങ്ങൾ തന്നെയാണ് ചെയ്യുന്നത് എന്നാണ് പഠനങ്ങൾ കാണിച്ചിരിക്കുന്നത്.” എന്ന് അദ്ദേഹം പറഞ്ഞു.
സ്ഥിതിവിവരക്കണക്കുകൾ അദ്ദേഹത്തിന്റെ അവകാശവാദത്തെ സ്ഥിരീകരിക്കുന്നു. ദൃഷ്ടാന്തത്തിന് ഐക്യനാടുകളിൽ പോൾചെയ്യപ്പെട്ടവരുടെ 75 ശതമാനം പറഞ്ഞത്, തങ്ങളുടെ മാതാപിതാക്കൾ മേലാൽ ഒററക്ക് ജീവിക്കാൻ പ്രാപ്തരല്ല എങ്കിൽ അവർ തങ്ങളോടൊപ്പം കഴിയാനാണ് തങ്ങളാഗ്രഹിക്കുക എന്നാണ്. “കുടുംബഗങ്ങൾ തങ്ങളുടെ സ്വന്തമായവരെ കരുതാൻ ആഗ്രഹിക്കുകതന്നെ ചെയ്യുന്നു എന്ന് സ്ഥിരീകരിക്കുന്നു” എന്ന് ഡോ. ഈസ്ഡോർഫർ പറഞ്ഞു. കൂടാതെ Ms. മാസികയിലെ ഒരു റിപ്പോർട്ട് ഇങ്ങനെ പറയുകയുണ്ടായി: “ഏതൊരു കാലത്തും 65 വയസ്സിനുമേൽ പ്രായമുള്ളവരുടെ കേവലം 5 ശതമാനം മാത്രമെ നേഴ്സിംഗ് ഹോമുകളിലായിരുന്നിട്ടുള്ളു, കാരണം വൃദ്ധജനങ്ങളും അവരുടെ ബന്ധുക്കളിൽ മിക്കവരും സ്ഥാപനങ്ങളിലെ ശുശ്രൂഷയെക്കാൾ ഭവനത്തിലെ പരിചരണം ഇഷ്ടപ്പെടുന്നു.”
ഒരു വൃദ്ധമാതാവിനെ ശുശ്രൂഷിക്കുന്നതിന് ചിലർ ചെയ്യുന്ന പ്രയത്നത്തെ പിൻവരുന്ന ദൃഷ്ടാന്തം വിളിച്ചറിയിക്കുന്നു. ഐക്യനാടുകളിലെമ്പാടുമുള്ള സഭകൾ സന്ദർശിക്കുന്ന യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാരപ്രതിനിധിയിൽ നിന്നുള്ള റിപ്പോർട്ടാണിത്. തങ്ങളുടെ 88 വയസ്സുപ്രായമായ അമ്മയെ ഒരു നേഴ്സിംഗ് ഹോമിൽ ആക്കുന്നതിനുപകരം തങ്ങളോടൊപ്പം അവർ കഴിയുന്നതിനു തക്കവണ്ണം താനും തന്റെ ഭാര്യയും നിശ്ചയിച്ചുറച്ചതെങ്ങനെയെന്ന് അദ്ദേഹം വിവരിക്കുന്നു. “ഒരമ്മക്ക് 11 മക്കളെ പരിപാലിക്കാൻ കഴിഞ്ഞു, പക്ഷേ 11 മക്കൾക്ക് ഒരമ്മയെ പരിചരിക്കാൻ കഴിഞ്ഞില്ല എന്ന ചൊല്ല് ഞാൻ ഓർത്തുപോയി” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഏതായാലും പ്രായാധിക്യത്തിലെത്തിയ ഒരമ്മക്കുവേണ്ടി കരുതാൻ ഞങ്ങൾ ഇരുവരും നിശ്ചയിച്ചുറച്ചു. അവർ അൾസീമേഴ്സ് വ്യാധി എന്ന രോഗത്തിന്റെ പ്രാരംഭ ഘട്ടങ്ങളിലായിരുന്നിട്ടും അവർ ഞങ്ങളോടൊപ്പം ട്രയിലർ വണ്ടിയിൽ യാത്ര ചെയ്തു.
ആദ്യകാലങ്ങളിൽ ഞങ്ങൾ വാതിൽതോറും രാജ്യസന്ദേശം പ്രസംഗിച്ചപ്പോഴൊക്കെ അവർ ഞങ്ങളോടൊപ്പം പോരുമായിരുന്നു. തുടർന്ന് ഞങ്ങൾക്കവരെ വീൽചെയറിൽ കൊണ്ടുപോകേണ്ടിവന്നു. ഞങ്ങൾ അമ്മയെ പരിചരിച്ച വിധം ഞങ്ങൾ സന്ദർശിച്ച ഭവനങ്ങളിൽ മതിപ്പുളവാക്കിയതായി അനുഭവപ്പെട്ടു. ചിലപ്പോഴൊക്കെ അമ്മ അത്ര ശരിയല്ലാത്ത കാര്യങ്ങൾ പറയുമായിരുന്നു. പക്ഷേ അവരെ തിരുത്താൻ ശ്രമിച്ചുകൊണ്ട് ഞങ്ങൾ ഒരിക്കലും അവർക്ക് അമ്പരപ്പ് ഉളവാക്കിയില്ല. എന്നിരുന്നാലും അവരുടെ നർമ്മബോധം നശിച്ചിരുന്നില്ല. ‘വാച്ച് യുവർ സ്റെറപ്പ് മദർ’ (നിങ്ങളുടെ കാലടികളെ സൂക്ഷിക്കുക) എന്ന് ഞാൻ അവരെ താക്കീത് ചെയ്യുമ്പോഴൊക്കെ ‘ഐ ഡോൺട് ഹാവ് എ സ്റെറപ്പ്മദർ’ (എനിക്ക് ഒരു രണ്ടാനമ്മയില്ല) എന്ന് അവർ മറുപടി പറയുമായിരുന്നു. അവർ 90-ാം വയസ്സിൽ മരിക്കുംവരെ ഞങ്ങൾ അവരെ ശുശ്രൂഷിച്ചുപോന്നു.”
നേഴ്സിംഗ് ഹോമുകൾ ആവശ്യമായി വരുമ്പോൾ
ഏകദേശം 20 ലക്ഷം വയോജനങ്ങൾ ഐക്യനാടുകളിൽ നേഴ്സിംഗ് ഹോമുകളിൽ കഴിയുന്നു. മിക്ക കേസുകളിലും, പക്ഷേ, അങ്ങനെ ചെയ്യുന്നത് അവരെ നേഴ്സിംഗ്ഹോമുകളിലാക്കുന്നതിനെക്കുറിച്ച് ചിലർ പറയുംപോലെ “കിരാതമായി വൃദ്ധരെ ഗോഡൗണുകളിൽ തള്ളലല്ല.” തങ്ങളെത്തന്നെ ശുശ്രൂഷിക്കാൻ പ്രാപ്തിയില്ലാത്തവർക്ക് പര്യാപ്തമായ പരിചരണത്തിനുള്ള ഏക ബദൽ ഏർപ്പാട് പലപ്പോഴും അതാണ്. മിക്കപ്പോഴും വൃദ്ധജനങ്ങളുടെ മക്കൾ, പ്രായാധിക്യത്തിലുള്ള തങ്ങളുടെ മാതാപിതാക്കളെ ശുശ്രൂഷിക്കാൻ തക്ക സ്ഥാനത്തല്ല, വൃദ്ധരിൽ പലരും അൾസീമേഴ്സ് വ്യാധിയാൽ വല്ലാതെ ബാധിക്കപ്പെട്ടവരൊ അല്ലെങ്കിൽ രാപകലില്ലാതെ ശുശ്രൂഷ ആവശ്യമായ മറെറന്തെങ്കിലും ക്ഷയിപ്പിക്കുന്ന രോഗം നിമിത്തം ശയ്യാവലംബികളൊ ആയിക്കഴിഞ്ഞിട്ടുണ്ടായിരിക്കാം. ഇത്തരം കേസുകളിൽ ഈ പ്രത്യേക ആവശ്യങ്ങൾ നിറവേററാൻ സജ്ജമായ ഏക സ്ഥലങ്ങൾ നേഴ്സിംഗ്ഹോമുകളാണ്.
ആഫ്രിക്കയിലെ സെറലിയോണിലുള്ള വാച്ച്ടവർ സൊസൈററിയുടെ ഒരു മിഷനറി തന്റെ അമ്മക്ക് അവരുടെ അമ്മയെ ഒരു നേഴ്സിംഗ് ഹോമിൽ ആക്കേണ്ടി വന്നപ്പോൾ അവർ അനുഭവിച്ച വേദനയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഈ അടുത്തയിടയിൽ ഫ്ളോറിഡയിലുള്ള എന്റെ അമ്മ അവരുടെ അമ്മയായ ഹെലനെ ഒരു നേഴ്സിംഗ് ഹോമിലാക്കി. അത് അവർക്ക് വളരെ വിഷമമുളവാക്കിയ തീരുമാനമായിരുന്നു. അവർ ഹെലനെ നാലുവർഷം പരിചരിച്ചു. പക്ഷേ അപ്പോഴേക്ക് ഹെലന് മുഴുസമയപരിചരണം ആവശ്യമായി വന്നു. അമ്മയുടെ സ്നേഹിതരും കുടുംബവും സാമൂഹ്യപ്രവർത്തകരിൽ പലരും ഡോക്ടർമാരുമെല്ലാം ഹെലനെ ഒരു നേഴ്സിംഗ് ഹോമിൽ ആക്കാനുള്ള തീരുമാനത്തെ പിന്താങ്ങിയെങ്കിലും അത് പിന്നെയും വളരെ പ്രയാസമുളവാക്കിയ തീരുമാനമായിരുന്നു. തന്റെ അമ്മ ഒരു കുട്ടിയെന്ന നിലയിൽ തന്നെ പരിചരിച്ചിരുന്നതുകൊണ്ട് അവരുടെ പ്രായാധിക്യത്തിൽ അവരെ താൻ ശുശ്രൂഷിക്കുക ഉചിതംമാത്രമാണെന്ന് എന്റെ അമ്മക്ക് തോന്നി—പൗലോസ് അപ്പോസ്തലൻ പറഞ്ഞ തിരികെ കൊടുക്കൽ അഥവാ ‘അർഹിക്കുന്ന പ്രത്യുപകാരം.’ ഇങ്ങനെയെല്ലാമായിരുന്നെങ്കിലും എന്റെ അമ്മയുടെ ഭവനത്തിൽ ശുശ്രൂഷിക്കപ്പെടാൻ കഴിയുന്നതിലും മെച്ചമായി ഹെലൻ നേഴ്സിംഗ് ഹോമിൽ ശുശ്രൂഷിക്കപ്പെട്ടു.”—1 തിമൊഥെയോസ് 5:4.
യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്ത് പ്രവർത്തിക്കുന്ന മറെറാരു സാക്ഷി തന്റെ പിതാവ് കാൻസറുമായ് മല്ലിടുന്നതിനെപ്പററിപ്പറഞ്ഞു. “എന്റെ അപ്പൻ 30 വർഷത്തിലധികം കാലം ഒരു ഉത്സാഹിയായ സാക്ഷിയായിരുന്നു. തന്റെ ആയുസ്സിന്റെ അവസാന 9 വർഷങ്ങളോളം അദ്ദേഹം കാൻസർ ബാധിതനായിക്കഴിഞ്ഞു. എന്റെ ഭാര്യയും ഞാനും ഞങ്ങളുടെ അവധിക്കാലങ്ങൾ അദ്ദേഹത്തോടൊപ്പം ചെലവഴിക്കുകയും നീണ്ട അവധികളെടുത്ത് കൂടെയിരുന്നു സഹായിക്കുകയും ചെയ്യുമായിരുന്നു. മററ് ബന്ധുക്കൾ നിരവധി വിധങ്ങളിൽ സഹായിച്ചു. പക്ഷേ സമയത്തിലധികപങ്കും അദ്ദേഹത്തിന്റെ ഭാര്യയും തൊട്ടടുത്തെ വീട്ടിൽ താമസിച്ചിരുന്ന വിവാഹിതയായ മകളും അദ്ദേഹത്തെ ശുശ്രൂഷിച്ചു. കൂടാതെ താൻ സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ സഭയിലെ അംഗങ്ങളുടെ സന്ദർശനവും അദ്ദേഹത്തിന് ആസ്വദിക്കാൻ കഴിഞ്ഞു. ഒടുവിലത്തെ രണ്ടു വർഷങ്ങൾ അദ്ദേഹം ആശുപത്രിക്ക് അകത്തും പുറത്തുമായി കഴിഞ്ഞു. അവസാന അഞ്ചു മാസങ്ങൾ അദ്ദേഹം തനിക്കാവശ്യമായ പ്രത്യേക പരിചരണം ലഭിക്കുന്ന വിപുല-ശുശ്രൂഷാകേന്ദ്രത്തിൽ ചെലവഴിച്ചു.
“അദ്ദേഹത്തെ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് മാററാനുള്ള തീരുമാനം ഒരു കുടുംബ തീരുമാനമായിരുന്നു. അതിൽ അദ്ദേഹവും പങ്കെടുത്തിരുന്നു. വീട്ടിലെ തന്റെ കുടുംബത്തിന് തന്നെ ശുശ്രൂഷിക്കുക അത്യന്തം ദുഷ്ക്കരം, അസാദ്ധ്യംപോലുമായിത്തീരുകയാണെന്ന് അദ്ദേഹം നിശ്ചയിച്ചു. ‘ഇതു നിങ്ങളെയെല്ലാം തകർത്തുകളയും!’ എന്ന് ഭയാശങ്കയോടെ പറഞ്ഞിട്ട് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: ‘വിപുല-ശുശ്രൂഷാകേന്ദ്രത്തിലേക്ക് പോകാനുള്ള സമയമായി. നിങ്ങൾക്കും നല്ലത് എനിക്കും നല്ലത്.’
“അങ്ങനെ അദ്ദേഹം പോയി. ആ ഒമ്പതു വർഷങ്ങളിൽ ഏറിയ കാലവും കുടുംബം അദ്ദേഹത്തെ സംരക്ഷിച്ചു. ഒടുവിൽ അററകൈ എന്ന നിലക്കു മാത്രമാണ് വിപുല-ശുശ്രൂഷാ കേന്ദ്രത്തിലേക്ക് പോയത്. ആവശ്യമായ, രാപകൽ വ്യത്യാസമില്ലാതെയുള്ള സവിശേഷ പരിചരണം അവിടെ ലഭ്യമായിരുന്നു.”
ഒരു അവസാന ആശ്രയം എന്ന നിലയിൽ ആവശ്യമായ പരിചരണത്തിന് ഒരു നേഴ്സിംഗ് ഹോം വേണ്ടതായി വരുമ്പോൾ ദയാപൂർവം ഇടപെടുന്നവരും പ്രാപ്തരുമായ പരിചാരകരുള്ള ശുചിത്വമുള്ള ഒന്നായിരിക്കണം കുടുംബം അന്വേഷിക്കേണ്ടത്—സാധ്യമാകുന്നടത്തോളം ഓരോ ദിവസവും ഓരോ വ്യക്തിയെങ്കിലും—ഒരു കുടുംബാംഗമൊ സഭയിൽ നിന്നുള്ള ആരെങ്കിലുമൊ കുറഞ്ഞത് ഒരു ഫോൺകോളെങ്കിലും—സന്ദർശിക്കാൻ ക്രമീകരിക്കുക. അങ്ങനെ ചെയ്താൽ വാർദ്ധക്യത്തിലുള്ള വ്യക്തി താൻ ഉപേക്ഷിക്കപ്പെട്ടവനോ വിസ്മരിക്കപ്പെട്ടവനോ തികച്ചും ഒററപ്പെട്ടവനോ ആണെന്നു കരുതി ഒരുത്തരും എനിക്കായി കരുതുന്നില്ല എന്ന് ദുഃഖിക്കുന്നതിന് ഇടവരുകയില്ല. നേഴ്സിംഗ് ഹോമിലുള്ള മററുള്ളവർക്ക് സന്ദർശകരുണ്ടായിരിക്കുകയും നിങ്ങളുടെ പ്രിയപ്പെട്ടവനെ കാണാൻ ആരും ചെല്ലാതിരിക്കുകയും ചെയ്യുമ്പോൾ—അത് വളരെ ഹൃദയവേദനക്ക് ഇട നൽകുന്നു. അതുകൊണ്ട് വ്യക്തിയെ ക്രമമായി കാണാൻ ശ്രമിക്കുക. അദ്ദേഹത്തെ സന്ദർശിക്കുക. അദ്ദേഹത്തെ ശ്രദ്ധിക്കുക. അദ്ദേഹത്തോടൊപ്പം പ്രാർത്ഥിക്കുക. ഒടുവിൽ പറഞ്ഞത് അതിപ്രധാനമാണ്. അദ്ദേഹം നിർബോധവാനാണെന്നു തോന്നിയാലും പ്രാർത്ഥിക്കണം. അദ്ദേഹത്തിന് ഏതളവോളം ശ്രദ്ധിക്കാനാകുമെന്ന് നിങ്ങൾ ഒരിക്കലും അറിഞ്ഞെന്നിരിക്കില്ല.
മാതാപിതാക്കളെ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുമ്പോൾ അവർക്കുവേണ്ടി തീരുമാനമെടുക്കുന്നതിനു പകരം അവരോടൊപ്പമിരുന്ന് അങ്ങനെ ചെയ്യുക. തങ്ങളുടെ ജീവിതത്തിൻമേൽ തങ്ങൾക്ക് തന്നെയാണ് നിയന്ത്രണം എന്ന് അവർ കരുതി ആശ്വസിക്കാനിടയാകട്ടെ. ആവശ്യമായ സഹായം സകല സ്നേഹത്തോടും ക്ഷമയോടും ഗ്രാഹ്യത്തോടും കൂടെ നൽകുക. അപ്പോസ്തലനായ പൗലോസ് എഴുതിയതുപോലെ നമ്മുടെ മാതാപിതാക്കൾക്കും മുത്തശ്ശീമുത്തശ്ശൻമാർക്കും നാം അവരോട് കടപ്പെട്ടിരിക്കുന്നത് മടക്കിക്കൊടുക്കുന്നതിനുള്ള സമയം അപ്പോഴാണ്.
“മമനുഷ്യന്റെ ആകെയുള്ള കടപ്പാട്”
ആധുനിക ലോകത്തിന്റെ നെട്ടോട്ടങ്ങൾക്കിടയിൽ ജീവിതത്തിന്റെ പിൻനിരയിലേക്ക് വൃദ്ധജനങ്ങൾ തള്ളപ്പെടുക എളുപ്പമാണ്. വിശേഷിച്ച് ഈ ഓട്ടപ്പന്തയത്തിലേക്ക് കഷ്ടിച്ച് പ്രവേശിച്ച് തങ്ങളുടെ ജീവിതവുമായി മുന്നേറാൻ വെമ്പൽകൊള്ളുന്ന ചെറുപ്പക്കാർക്ക് തോന്നുന്നത് പ്രായമായ ജനങ്ങൾ തങ്ങൾക്ക് വഴിതടസ്സമാണെന്നും അവരെക്കൊണ്ട് ഉപയോഗമുള്ള കാലം കഴിഞ്ഞുപോയിരിക്കുന്നു എന്നുമാണ്. നാമെല്ലാം ഒന്നു നിന്ന് ആലോചിക്കേണ്ടതുണ്ട്: ഒരു ജീവിതത്തെ ഉപയോഗക്ഷമമാക്കുന്നതെന്താണ്? വയോജനങ്ങളുടെ ജീവിതത്തിന്റെ വിലയിടിക്കുന്നതിനും തങ്ങളുടെ സ്വന്ത ജീവിതത്തിന് ഊതിവീർപ്പിച്ച വില കൽപ്പിക്കുന്നതിനും ചെറുപ്പക്കാർക്ക് എളുപ്പം കഴിയും.
പക്ഷേ, കണക്കിലെടുക്കാവുന്ന മൂല്യമുള്ള സംഭാവന തരാതിരിക്കുന്നതോ തരുന്നതിൽ കുറവു വരുത്തുന്നതോ വൃദ്ധരും അവശരുമായവർ മാത്രമല്ല. സഭാപ്രസംഗിയുടെ പുസ്തകത്തിൽ ശലോമോൻ രാജാവ് പൊതുവിൽ ജനങ്ങളുടെ പ്രവൃത്തികളെ ‘മായ’ എന്ന് പരാമർശിച്ചിരിക്കുന്നു. അവൻ ചെറുപ്പക്കാരെക്കുറിച്ചും അവരുടെ താത്ക്കാലികമായ ഓജസ്സിനെക്കുറിച്ചും സംസാരിച്ചതു കൂടാതെ ദശലക്ഷങ്ങളുടെ ശരീരങ്ങൾക്കു ഭവിച്ചതുപോലെ പൊയ്പ്പോകുന്ന വർഷങ്ങൾ തങ്ങളുടെ ശരീരങ്ങളെ എങ്ങനെ ക്ഷയിപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. സർവവും മണ്ണടിയുകയും ഈ വിലയിരുത്തലിന് അർഹത നേടുകയും ചെയ്യുന്നു: “ഏററവും വലിയ മായ!” ശലോമോൻ പറഞ്ഞു. “സർവതും മായയത്രെ.”—സഭാപ്രസംഗി 12:8.
പക്ഷേ, അവൻ ജ്ഞാനികളുടെ മൊഴികളെ ആദരിക്കുകയും ജീവിത നിരീക്ഷണങ്ങളെ പിൻവരുന്ന വാക്കുകളിൽ സംക്ഷേപിക്കുകയും ചെയ്തു: “ഓരോന്നും ശ്രമിച്ചു കഴിഞ്ഞിരിക്കെ, കാര്യത്തിന്റെ സാരം ഇതാണ്: “സത്യദൈവത്തെ ഭയപ്പെട്ട് അവന്റെ കൽപ്പനകൾ പ്രമാണിക്കുക. മമനുഷ്യന്റെ ആകെയുള്ള കടപ്പാട് ഇതല്ലോ.” (സഭാപ്രസംഗി 12:13) അർത്ഥപൂർണ്ണമായ ഒരു ജീവിതത്തിന്റെ രഹസ്യം ഇതാണ്, മറിച്ച്, നിങ്ങളെത്ര ചെറുപ്പമാണെന്നോ എത്ര വൃദ്ധനാണെന്നോ ഈ ഭൗതികത്വം നിറഞ്ഞ പഴയലോകത്ത് നിങ്ങളെങ്ങനെയുള്ള വ്യക്തിമുദ്ര പതിപ്പിച്ചുവെന്നോ ഉള്ളതല്ല.
നമ്മുടെ മാനുഷിക ബന്ധങ്ങളെ ഭരിക്കുന്നതിന് സുവർണ്ണനിയമം എന്നറിയപ്പെടാനിടയായ ഒരു മാർഗ്ഗദർശക തത്വം യേശു പ്രദാനം ചെയ്തു: “മററുള്ളവർ നിങ്ങളോടെങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ഇഷ്ടപ്പെടുന്നുവോ അതുപോലെ അവരോടു പെരുമാറുക.” (മത്തായി 7:12, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ) ഈ ചട്ടം ബാധകമാക്കുന്നതിന് നാം നമ്മെത്തന്നെ മറെറാരാളിന്റെ സ്ഥാനത്ത് വയ്ക്കാൻ പ്രാപ്തനായിരിക്കണം. നാം അയാളുടെ സ്ഥാനത്താണെങ്കിൽ നമ്മോടെങ്ങനെ പെരുമാറാൻ നാം ആശിക്കും എന്ന് കാണുന്നതിനുവേണ്ടിയാണിത്. നാം വൃദ്ധരും അവശരും സഹായമാവശ്യമുള്ളവരും ആണെങ്കിൽ നമ്മുടെ മക്കൾ നമ്മോട് എങ്ങനെ പെരുമാറാൻ നാം ആഗ്രഹിക്കും? ഇന്ന് നമ്മുടെ മാതാപിതാക്കളുടെ പ്രായാധിക്യത്തിൽ അവർ നിസ്സഹായരായിരിക്കെ അവർക്കുവേണ്ടി കരുതിക്കൊണ്ട് മാതാപിതാക്കൾ കഴിഞ്ഞ 20 വർഷക്കാലം നാം കുട്ടികളായിരുന്നപ്പോൾ നമുക്ക് കലവറയില്ലാതെ നൽകിയ പിന്തുണ നാം മടക്കിക്കൊടുക്കുമോ?
നമ്മുടെ വൃദ്ധരായ മാതാപിതാക്കളെ അവരുടെ ആവശ്യങ്ങളിൽ നാം ചെന്നു കാണുമ്പോൾ ഒരു കാലത്ത് നാം ശിശുക്കളോ കുട്ടികളോ ആയിരുന്നപ്പോൾ ശൈശവകാല രോഗങ്ങളിൽ അവർ നമ്മെ ശുശ്രൂഷിച്ചതും അവർ നമ്മെ തീററിയതും ഉടുപ്പിച്ചതും നമ്മുടെ ബാലിശമായ സന്തോഷത്തെപ്രതി ചുററിക്കറങ്ങാൻ കൊണ്ടുപോയതും അങ്ങനെ അവർ നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളോർത്തുകൊണ്ട് നമ്മുടെ കുട്ടിക്കാലത്തെ നാം പുനരവലോകനം ചെയ്തേക്കാം. അവരുടെ ക്ഷേമത്തെപ്രതിയുള്ള സ്നേഹപരിഗണനയോടെ അവരുടെ ആവശ്യങ്ങൾ നിറവേററാൻ ഉത്തമമായ മാർഗ്ഗമെന്തെന്ന് പരിഗണിക്കുക.
അതിലൊന്ന് സാധ്യമെങ്കിൽ അവരെ ഭവനത്തിൽ തന്നെ താമസിപ്പിക്കാൻ ആവശ്യമായ കരുതൽ ചെയ്യുകയാണ്. അതേ സമയം തന്നെ വൃദ്ധമാതാപിതാക്കളുൾപ്പെടെ ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും ഉത്തമമായ ക്രമീകരണം, വിപുല-പരിചരണകേന്ദ്രമോ അല്ലെങ്കിൽ നേഴ്സിംഗ് ഹോമോ ആയിരിക്കാം. തീരുമാനം എന്തുതന്നെയായിരുന്നാലും അത് മററുള്ളവർ മാനിക്കേണ്ടതുണ്ട്. നമ്മോട് പറയപ്പെട്ടിരിക്കുന്നതുപോലെ: “നിന്റെ സഹോദരനെ വിധിക്കുന്നത് എന്ത്? അല്ലെങ്കിൽ നിന്റെ സഹോദരനെ തുച്ഛീകരിച്ചുകാണുന്നതെന്ത്?” വീണ്ടും: “നിന്റെ സഹോദരനെ വിധിക്കാൻ നീ ആർ?”—റോമർ 14:10. യാക്കോബ് 4:12.
വൃദ്ധരായ മാതാപിതാക്കൾക്കായി എന്തുക്രമീകരണം ഉരുത്തിരിഞ്ഞാലും അവർ മക്കളോടൊത്ത് ജീവിച്ചാലും നേഴ്സിംഗ് ഹോമിലാക്കപ്പെട്ടാലും അവരുടെ മാനസ്സികപ്രാപ്തികൾക്ക് കോട്ടമില്ലെങ്കിൽ അവർക്ക് പിന്നെയും ഒരു അർത്ഥസാബുഷ്ടമായ ജീവിതം നയിക്കാൻ കഴിയും. അനുസരണമുള്ള സകല മനുഷ്യവർഗ്ഗവും ഒരു പറുദീസാഭൂമിയിൽ ആരോഗ്യത്തോടെ എന്നേക്കും ജീവിക്കുന്നതിനുള്ള യഹോവയുടെ ഉദ്ദേശ്യത്തെപ്പററി അവർ ഗ്രഹിക്കാനിടയായേക്കാം. സ്രഷ്ടാവായ യഹോവയാം ദൈവത്തെ സേവിക്കുകയെന്ന സന്തോഷകരവും ധന്യവുമായ ഒരു പുതിയ ജീവിതവൃത്തി അവർ കണ്ടെത്തിയേക്കാം. അപ്പോളത് തങ്ങളുടെ ജീവിതത്തിന്റെ ഏററവും ഉദ്ദേശ്യപൂർവകവും സന്തുഷ്ടവുമായ സമയമായി ഭവിക്കുന്നു. മററാളുകൾ ജീവിതത്തിലുള്ള താത്പര്യം വിട്ടുകളയുന്ന വാർദ്ധക്യകാല വർഷങ്ങളിൽ ചിലയാളുകൾ നീതിയുള്ള ഒരു പുതിയ ലോകത്തിലെ നിത്യജീവന്റേതായ യഹോവയുടെ വാഗ്ദത്തങ്ങളെക്കുറിച്ച് അറിയാനിടയായിട്ട് ആ പ്രത്യാശയെപ്പററി മററുള്ളവരോട് പറയുന്നതിൽ പുതിയ ആനന്ദം കണ്ടെത്തിയിരിക്കുന്നു.
ഒരു പ്രസക്തമായ സംഭവം സൂചിപ്പിച്ചുകൊണ്ട് ഉപസംഹരിപ്പിക്കാം. നൂറു വയസ്സ് പ്രായമെത്തിയ കാലിഫോർണിയാക്കാരിയായ ഒരു സ്ത്രീയോട് നേഴ്സിംഗ് ഹോമിലെ ഒരു നേഴ്സ് വാഗ്ദത്തം ചെയ്യപ്പെട്ട ഈ അനുഗ്രഹങ്ങളെ പരിചയപ്പെടുത്തി. വാർദ്ധക്യത്തിന്റെ മൂർദ്ധന്യമെത്തിയ 102-ാം വയസ്സിൽ അവർ യഹോവയുടെ സാക്ഷികളിലൊരാളായി സ്നാപനമേററു. എങ്ങുമെത്താത്ത ‘മായകളിൽ മായയിലല്ല പിന്നെയോ ‘സത്യ ദൈവത്തെ ഭയന്ന് അവന്റെ കൽപ്പനകൾ അനുസരിക്കുക’ എന്ന ‘മമനുഷ്യന്റെ ആകെയുള്ള കടപ്പാട്’ നിറവേററിയതിന് ശേഷമായിരുന്നു അവർ തന്റെ ജീവിതം പൂർത്തിയാക്കിയത്. (g91 3⁄22)
[6-ാം പേജിലെ ആകർഷകവാക്യം]
വർഷങ്ങൾക്കു മുമ്പ് ഒരു അമ്മക്ക് 11 മക്കളെ പരിപാലിക്കാൻ കഴിഞ്ഞു; പക്ഷേ ഇന്ന് 11 മക്കൾക്ക് ഒരമ്മയെ പരിപാലിക്കാൻ കഴിയുന്നില്ല എന്ന് പറയപ്പെട്ടിട്ടുണ്ട്
[8-ാം പേജിലെ ചതുരം]
വൃദ്ധജനങ്ങളെ ശുശ്രൂഷിച്ചുകൊണ്ട് അവരോട് ബഹുമാനം കാട്ടുക—ലോകത്തിനു ചുററും നിന്നുള്ള അഭിപ്രായങ്ങൾ
“ആഫ്രിക്കയിൽ വൃദ്ധജനങ്ങൾക്കായുള്ള ഗവൺമെൻറ് വക കരുതൽ സംവിധാനങ്ങൾ ഒന്നുകിൽ വിരളമാണ് അല്ലെങ്കിൽ ഇല്ല—നേഴ്സിംഗ് ഹോമുകളില്ല, വൈദ്യശുശ്രൂഷാ ആനുകൂല്യങ്ങളോ സാമൂഹ്യ സുരക്ഷിതത്വ ആനുകൂല്യങ്ങളോ ഇല്ല, പെൻഷൻ ഇല്ല. വയോജനങ്ങളെ അവരുടെ മക്കൾ പരിചരിക്കുന്നു.”
“വികസ്വര രാജ്യങ്ങളിൽ ആളുകൾക്ക് മക്കളെ ജനിപ്പിക്കുന്നത് അതിപ്രധാനമായിരിക്കുന്നതിന്റെ അടിസ്ഥാന കാരണം തങ്ങളെ തങ്ങളുടെ കുട്ടികൾ ഭാവിയിൽ കാത്തുരക്ഷിക്കും എന്നതാണ്. ദരിദ്രജനങ്ങൾപോലും ധാരാളം കുട്ടികളെ ജനിപ്പിക്കുന്നു, എത്രയധികം മക്കളുണ്ടോ അതിൽ കുറേപ്പേരെങ്കിലും അതിജീവിച്ച് തങ്ങളെ പരിരക്ഷിക്കാനുള്ള സാദ്ധ്യത അത്ര ഏറെയാണ്.”
“ആഫ്രിക്കയിൽ പ്രമാണങ്ങൾ മാറി വരികയാണെങ്കിലും തങ്ങളുടെ വൃദ്ധജനങ്ങളെ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറിയ പങ്കും കുടുംബങ്ങൾ ഗൗരവപൂർവം ഏറെറടുക്കുന്നു. കുട്ടികളില്ലെങ്കിൽ മററ് കുടുംബാംഗങ്ങൾ അവരെ നോക്കിക്കൊള്ളും. മിക്കപ്പോഴും പരിരക്ഷ നൽകുന്നവർ സാമ്പത്തികമായി ദുർബ്ബലരാണെങ്കിലും അവർക്കുള്ളത് അവർ പങ്കിടുന്നു.”
“മക്കൾ തങ്ങളുടെ മാതാപിതാക്കൾക്കായി കരുതുന്ന മറെറാരു വിധം തങ്ങളുടെ സ്വന്തം മക്കളെ അവർക്കുവേണ്ടി വിട്ടുകൊടുത്തുകൊണ്ടാണ്. വീടിന്റെ ചുററുമുള്ള ജോലികൾ പലപ്പോഴും ചെയ്യുന്നത് കൊച്ചു മക്കളാണ്.”
“വികസിത രാജ്യങ്ങളിൽ ആളുകൾ ദീർഘകാലം ജീവിക്കുന്നത് ചികിത്സാപുരോഗതികൾ നിമിത്തമാണ്. വികസ്വര രാജ്യങ്ങളിൽ സ്ഥിതി ഇതല്ല. ലഭ്യമായ പരിമിത ചികിത്സാ സഹായത്തിന്റെ ചെലവ് താങ്ങാൻ കഴിയാതെ ദരിദ്രരായ ആളുകൾ മരിക്കുന്നു. സെറാലിയോണിൽ പ്രചാരമുള്ള ഒരു പഴഞ്ചൊല്ല് ഇതാണ്: ‘രോഗിയായ ഒരു ദരിദ്രനില്ല.’ അതായത് ചികിത്സക്ക് ഒരു ദരിദ്ര വ്യക്തിയുടെ കൈയിൽ പണമില്ലാത്തതുകൊണ്ട് ഒന്നുകിൽ അയാൾ സൗഖ്യമുള്ളയാളായിരിക്കും അല്ലെങ്കിൽ മരിച്ചു കഴിഞ്ഞിരിക്കും.”—ആഫ്രിക്കയിലെ മിഷനറിയായ റോബർട്ട് ലാൻറിസ്.
മെക്സിക്കോയിൽ ആളുകൾക്ക് വൃദ്ധരായ മാതാപിതാക്കളോട് ഉയർന്ന ബഹുമാനമുണ്ട്. തങ്ങളുടെ ആൺമക്കൾ വിവാഹിതരാകുമ്പോൾ മാതാപിതാക്കൾ അവരുടെ ഭവനത്തിൽ ഒററക്ക് കഴിയുന്നു, പക്ഷേ മാതാപിതാക്കൾക്ക് പ്രായമേറുകയും അവർക്ക് പരിചരണം ആവശ്യമായി വരുകയും ചെയ്യുമ്പോൾ മക്കൾ അവരെ തങ്ങളുടെ ഭവനങ്ങളിലേക്ക് കൊണ്ടുപോയി പരിപാലിക്കുന്നു. ഇതൊരു കടപ്പാടാണ് എന്ന് അവർ കരുതുന്നു.
പുത്രൻമാരോടും പൗത്രൻമാരോടും ഒപ്പം മുത്തശ്ശീ മുത്തശ്ശൻമാർ ഒരേ ഭവനത്തിൽ പാർക്കുന്നത് ഒരു സർവസാധാരണമായ ദൃശ്യമാണ്. കൊച്ചു മക്കൾ മുത്തശ്ശീ മുത്തശ്ശൻമാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കുടുംബം വളരെ അടുപ്പമുള്ളതായിരിക്കും.
“മെക്സിക്കോയിൽ വയോജനങ്ങൾക്കായുള്ള ഗൃഹങ്ങൾ അപൂർവമാണ്, കാരണം ആൺമക്കളും പെൺമക്കളും പ്രായമേറിയവരെ പരിരക്ഷിക്കുന്നു. ആൺമക്കൾ പലരുണ്ടെങ്കിൽ ചിലപ്പോൾ അവരിലൊടുവിലത്തവൻ വിവാഹം ചെയ്ത് മാതാപിതാക്കളോടൊപ്പം ജീവിച്ചുകൊണ്ട് തറവാട്ടിൽ താമസിക്കുന്നു.”—ഐഷാ അലീമാൻ, മെക്സിക്കോ.
കൊറിയയിൽ വീട്ടിലും സ്കൂളിലും പ്രായമേറിയവരെ ബഹുമാനിക്കാൻ പഠിപ്പിക്കപ്പെടുന്നു. കുടുംബത്തിൽ മൂത്ത മകനാണ് തന്റെ പ്രായംചെന്ന മാതാപിതാക്കളെ പരിചരിക്കുന്നത്. അയാൾക്ക് അതിനു പ്രാപ്തിയില്ലാതെവന്നാൽ മറെറാരു പുത്രനോ പുത്രിയോ അതു ചെയ്യുന്നു. പല ദമ്പതികളും ഒരേ മേൽക്കൂരക്കു കീഴെ പ്രായമേറിയ മാതാപിതാക്കളോടൊത്ത് ജീവിക്കുന്നു. തങ്ങളുടെ മക്കളോടൊപ്പം ജീവിക്കുന്നതിനും അവരുടെ കൊച്ചുമക്കളെ ഉപദേശിച്ച് അവരെ പരിചരിക്കുന്നതിനും മാതാപിതാക്കൾ ഇഷ്ടപ്പെടുന്നു. വൃദ്ധരായ മാതാപിതാക്കളെ ഒരു നേഴ്സിംഗ് ഹോമിൽ അയക്കുന്നത് ഒരു യുവ ദമ്പതികൾക്ക് ആക്ഷേപമായി കണക്കാക്കപ്പെടുന്നു.
“എന്റെ അപ്പൻ മൂത്ത മകനായിരുന്നു, ഞങ്ങൾ ഞങ്ങളുടെ മുത്തശ്ശീ മുത്തശ്ശൻമാരോടൊപ്പം ഒരേ വീട്ടിൽ പാർത്തു. ഞങ്ങൾ വീട്ടിൽ നിന്നു പുറത്തുപോകുമ്പോഴെല്ലാം ഞങ്ങൾ എങ്ങോട്ടുപോകുന്നെന്നും എപ്പോൾ മടങ്ങിവരുമെന്നും ഞങ്ങൾ അവരെ അറിയിച്ചിരുന്നു. ഞങ്ങൾ വീട്ടിൽ മടങ്ങി എത്തിയാൽ ആദ്യം അവരുടെ മുറിയിൽ ചെന്ന് തല താഴ്ത്തി അവരെ വന്ദിച്ച് ഞങ്ങൾ മടങ്ങിയെത്തിയിരിക്കുന്നു എന്ന് അവരെ അറിയിക്കുമായിരുന്നു, കാരണം മുഴു കുടുംബത്തിന്റെയും ക്ഷേമം സംബന്ധിച്ച് അവർ തൽപ്പരർ ആയിരുന്നു.”
“ഞങ്ങൾ അവർക്കെന്തെങ്കിലും നൽകുമ്പോൾ രണ്ടു കൈകൊണ്ടും കൊടുക്കുന്നു. മാതാപിതാക്കൾ, മുത്തശ്ശീമുത്തശ്ശൻമാർ, അദ്ധ്യാപകർ, പൊതുസേവനത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻമാർ എന്നിങ്ങനെ ആദരിക്കപ്പെടുന്നവർക്ക് ഒററക്കൈകൊണ്ട് എന്തെങ്കിലും കൊടുക്കുന്നത് അപമര്യാദയാണ്. ഞങ്ങൾ വിശേഷമായ പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ ആദ്യം ഞങ്ങളുടെ മുത്തശ്ശനും മുത്തശ്ശിക്കും കൊടുക്കുമായിരുന്നു.”
“വൃദ്ധജനങ്ങളെ ആദരിക്കൽ കുടുംബാംഗങ്ങളിൽ മാത്രം പരിമിതപ്പെടുത്താതെ സകല വയോജനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. പ്രൈമറിസ്കൂൾ തുടങ്ങി ഹൈസ്കൂൾ വരെ സൻമാർഗ്ഗബോധന ക്ലാസ്സുകളുണ്ട്. ആ ക്ലാസ്സിൽ വെച്ച് യക്ഷിക്കഥകളിലൂടെയും ലെക്ചറുകളിലൂടെയും വൃദ്ധജനങ്ങളെ ബഹുമാനിച്ചാദരിക്കേണ്ടതെങ്ങനെയെന്ന് ഞങ്ങൾ പഠിച്ചു.”
“പ്രായമേറിയ ഒരാൾ ഒരു മുറിയിലേക്ക് കടന്നുവരുമ്പോൾ ചെറുപ്പക്കാർ എഴുന്നേൽക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. ഒരു ബസ്സിൽ ചെറുപ്പക്കാരനായ ഒരാൾ ഇരിക്കുമ്പോൾ പ്രായംചെന്ന ഒരു പുരുഷനോ സ്ത്രീയോ സീററ് ലഭിക്കാതെ നിൽക്കുകയാണെങ്കിൽ ചെറുപ്പക്കാരൻ തന്റെ സീററ് വിട്ടുകൊടുക്കുന്നത് പതിവാണ്. ഒരു വൃദ്ധൻ ഭാരിച്ചതെന്ന് തോന്നിക്കുന്ന ഒരു ഭാണ്ഡവും വഹിച്ചുകൊണ്ട് പോവുകയാണെങ്കിൽ ഒന്നു നിന്ന് അദ്ദേഹത്തിന് എന്തെങ്കിലും സഹായം വേണമോ വേണ്ടയോ എന്ന് നിങ്ങൾ ചോദിക്കുന്നു. ഉവ്വ് എന്നു പറഞ്ഞാൽ അയാൾക്കുവേണ്ടി നിങ്ങളത് ലക്ഷ്യസ്ഥാനത്തേക്ക് വഹിച്ചുകൊണ്ടുപോകുന്നു.”
“ബൈബിൾ പ്രവചിച്ചതുപോലെ വ്യവസ്ഥിതിയുടെ ഈ അവസാന നാളുകളിൽ ധാർമ്മിക നിലവാരം അനുദിനം അധഃപതിച്ചുകൊണ്ടിരിക്കും. ഈ സ്വാധീനത്തിൽനിന്ന് കൊറിയയും വിമുക്തമല്ല. എങ്കിൽപോലും പ്രായമേറിയ ആളുകളോടുള്ള ഈ സാദരഭാവം കൊറിയാക്കാരിൽ അനേകരുടെ ഹൃദയങ്ങളിൽ അവശേഷിച്ചിരിക്കുന്നു.” (2 തിമൊഥെയോസ് 3:1-5)—കൊറിയയിൽ നിന്നുള്ള കേയ് കിം.
[7-ാം പേജിലെ ചിത്രം]
വൃദ്ധരെ സന്ദർശിക്കുന്നത് സമയത്തിന്റെ ഉത്തമ ഉപയോഗമാണ്