കുശുകുശുപ്പിന്റെ ശക്തി
ആ യുവതിയുടെ ആത്മഹത്യ പ്രശാന്തമായ ഇംഗ്ലീഷ്പട്ടണത്തെ ഞെട്ടിച്ചു. അന്വേഷണോദ്യോഗസ്ഥന്റെ നിഗമനം അതിലും ഞെട്ടിക്കുന്നതായിരുന്നു: ‘അവൾ അലസമായ കുശുകുശുപ്പിനാൽ കൊല്ലപ്പെട്ടു!’ തെളിവനുസരിച്ച്, യുവതിയുടെ പേരും പ്രശസ്തിയും ഒടുവിൽ അവളുടെ ജീവനും പട്ടണത്തിലെ ദ്രോഹകരമായ അലസസംസാരത്താൽ നശിപ്പിക്കപ്പെട്ടു.—കിംവദന്തിയും കുശുകുശുപ്പും—കേട്ടുകേൾവിയുടെ സാമൂഹ്യ മനശാസ്ത്രം, റാൽഫ് എൽ. റോസ്നോവിനാലും ഗാരി അലൻ ഫൈനിനാലുമുള്ളത്.
ഫലങ്ങൾ വിരളമായേ അത്രയേറെ ശോകാന്തമാകുന്നുള്ളുവെങ്കിലും കുശുകുശുപ്പിന് ഭയങ്കരശക്തിയുണ്ടെന്നുള്ളതിന് അശേഷവും തർക്കമില്ല. ഒരുവശത്ത് അത് പ്രയോജനകരമായ വിവരങ്ങളുടെ കൈമാററത്തിനുള്ള ഒരു സാധാരണ മാർഗ്ഗമാണെന്ന് പറയാവുന്നതാണ്. മറുവശത്ത്, അത് ഭരണരംഗത്തെ കലക്കത്തിനും കുടുംബങ്ങളുടെ ഭിന്നിപ്പിനും തൊഴിൽനഷ്ടത്തിനും ഉത്തരവാദിയായിരിക്കാവുന്നതാണ്.
കുശുകുശുപ്പ് ഉറക്കമില്ലാത്ത രാത്രികൾക്കും ഹൃദയവേദനക്കും ദഹനക്കേടിനും കുററപ്പെടുത്തപ്പെട്ടിരിക്കുന്നു. നിസ്സംശയമായും അത് നിങ്ങൾക്ക് എപ്പോഴെങ്കിലും കുറെ വ്യക്തിപരമായ വേദന വരുത്തിയിട്ടുണ്ടായിരിക്കാം. വാസ്തവത്തിൽ, വ്യാപാരലോകത്തിൽ “നിങ്ങളുടെ ജോലിക്കാലത്ത് ആരെങ്കിലും നിങ്ങളെ വഞ്ചിക്കാൻ ശ്രമിക്കുന്നതിനുള്ള സാദ്ധ്യത നിങ്ങൾ അംഗീകരിക്കേണ്ടിയിരിക്കുന്നു” എന്ന് എഴുത്തുകാരനായ വില്യം എം. ജോൺസ് മുന്നറിയിപ്പുനൽകുന്നു.
നിഷേധാത്മകമായ കുശുകുശുപ്പ് മിക്കവാറും സാർവത്രികമായി നിന്ദിക്കപ്പെടുന്നു. ഐക്യനാടുകളിലെ സെമിനോൾ ഇൻഡ്യൻസിന്റെ ഇടയിൽ “ആരെക്കുറിച്ചെങ്കിലും ദുഷിപറയുന്നത്” നുണയുടെയും മോഷണത്തിന്റെയും അതേ വിഭാഗത്തിൽ പെടുത്തുന്നു. ഒരു പശ്ചിമാഫ്രിക്കൻ സമൂഹത്തിൽ കഥ പരത്തുന്നവരുടെ ചുണ്ട് മുറിച്ചുകളയുന്നു, അഥവാ അതിലും കഠിനമായി അവർ വധിക്കപ്പെടുന്നു! യഥാർത്ഥത്തിൽ ചരിത്രത്തിലുടനീളം കുശുകുശുപ്പിനെ ഇല്ലായ്മചെയ്യാൻ നടപടികൾ എടുത്തിട്ടുണ്ട്.
ഇംഗ്ലണ്ടിലും ജെർമനിയിലും 15-ഉം 18-ഉം നൂററാണ്ടുകൾക്കിടക്കും പിൽക്കാലത്ത് ഐക്യനാടുകളിലും കുശുകുശുപ്പുകാരെ ദ്രോഹകരമായ വൃഥാലാപത്തിൽനിന്ന് പിന്തിരിപ്പിക്കുന്നതിന് അവരെ ലജ്ജിപ്പിക്കുന്നതിനായി മുക്കൽസ്ററൂൾ എന്ന് വിളിക്കപ്പെടുന്നത് സാധാരണയായി ഉപയോഗിക്കപ്പെട്ടിരുന്നു. കുററക്കാരെന്ന് തെളിയുന്നവരെ ഒരു കസേരയോടുചേർത്ത് കെട്ടി ആവർത്തിച്ച് വെള്ളത്തിൽ മുക്കിയിരുന്നു.
മുക്കൽസ്ററൂൾ വളരെക്കാലംമുമ്പേ ശിക്ഷണരീതിയല്ലാതായിത്തീർന്നെങ്കിലും കുശുകുശുപ്പിനെതിരായ പോരാട്ടം ആധുനികകാലം വരെപോലും തുടർന്നിരിക്കുന്നു. ഉദാഹരണത്തിന്, 1960കളിൽ ഗവൺമെൻറ്പ്രവർത്തനങ്ങൾക്ക് ദോഷംചെയ്യുന്ന കിംവദന്തികളോട് പ്രതികരിക്കുന്നതിന് ഐക്യനാടുകളിൽ കിംവദന്തിനിയന്ത്രണകേന്ദ്രങ്ങൾ എന്ന് വിളിക്കപ്പെടുന്നവ സ്ഥാപിക്കപ്പെട്ടു. ഉത്തര അയർലണ്ടിലും ഇംഗ്ലണ്ടിലും സമാനമായ ക്രമീകരണങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ചില ധനകാര്യസ്ഥാപനങ്ങൾക്ക് സാമ്പത്തികനഷ്ടത്തിനിടയാക്കുന്ന കുശുകുശുപ്പിനെ തുടച്ചുനീക്കുന്നതിന് നിയമങ്ങൾപോലും പാസാക്കിയിട്ടുണ്ട്.
അത്തരം ശ്രമങ്ങളൊക്കെയുണ്ടായിരുന്നിട്ടും കുശുകുശുപ്പ് അതിജീവിക്കുന്നു. അത് നിലനിൽക്കുകയും തഴച്ചുവളരുകയുമാണ്. അതിന്റെ പൊള്ളിക്കുന്ന ശക്തി നിർമ്മാർജനംചെയ്യുന്നതിൽ നിയമമോ മറേറത് മാനുഷികരീതിയോ ഇതുവരെ വിജയംവരിച്ചിട്ടില്ല. കുശുകുശുപ്പ് എല്ലായിടത്തുമുണ്ട്. അയൽവക്കകുശുകുശുപ്പ്, ഓഫീസ്കുശുകുശുപ്പ്, വ്യാപാരകുശുകുശുപ്പ്, പാർട്ടികുശുകുശുപ്പ്, കുടുംബകുശുകുശുപ്പ് എന്നിവയുണ്ട്. അത് എല്ലാ സംസ്ക്കാരങ്ങളിലും വർഗ്ഗങ്ങളിലും നാഗരികതകളിലും ഉണ്ട്, സമൂഹത്തിന്റെ എല്ലാനിലവാരത്തിലും അത് തഴച്ചുവളർന്നിരിക്കുന്നു. ഒരു വിദഗ്ദൻ ഇപ്രകാരം പറഞ്ഞു: “കുശുകുശുപ്പ് സർവ്വസാധാരണമാണ്, അത് മിക്കവാറും ശ്വാസോഛ്വാസംപോലെയാണ്.” ‘അത് മനുഷ്യസ്വഭാവത്തിന്റെ സ്ഥായിയായ ഒരു ഭാഗമാണ്’ എന്നും അയാൾ പറഞ്ഞു.
കുശുകുശുപ്പ് മനുഷ്യസ്വഭാവത്തിന്റെ വളരെ ഇരുണ്ട ഒരു വശത്തെ, പ്രശസ്തികൾക്ക് മങ്ങലേല്പിക്കുന്നതിലും സത്യം വളച്ചൊടിക്കുന്നതിലും ജീവൻ നശിപ്പിക്കുന്നതിലും മോദിക്കുന്ന ഒരു വശത്തെ പലപ്പോഴും വെളിപ്പെടുത്തുന്നുവെന്നത് സത്യംതന്നെ. എങ്കിലും കുശുകുശുപ്പ് സ്വതവേ തിൻമയല്ല. അനൗപചാരികസംസാരത്തിന് അനുകൂലമായ ഒരു വശമുണ്ട്. ദ്രോഹകരവും നിരുപദ്രവകരവുമായ കുശുകുശുപ്പുകൾ തമ്മിൽ എവിടെ തിരിക്കണമെന്നുള്ള അറിവാണ് മററുള്ളവരെ ദ്രോഹിക്കുന്നതും സ്വയം ഒരു ഇരയായിത്തിരുന്നതും ഒഴിവാക്കുന്നതിന്റെ താക്കോൽ. (g91 6/8)
[4-ാം പേജിലെ ചിത്രം]
പ്രാദേശിക ഗവൺമെൻറുകൾ കുശുകുശുപ്പുകാരെ കൈകാര്യം ചെയ്യാൻ ശ്രമിച്ചിരുന്ന ഒരു വിധം മുക്കൽസ്ററൂളിന്റെ ഉപയോഗമായിരുന്നു
[കടപ്പാട്]
Historical Pictures Service