ബൈബിളിന്റെ വീക്ഷണം
ആത്മരക്ഷ—ഒരു ക്രിസ്ത്യാനിക്ക് എത്രത്തോളം പോകാൻ കഴിയും?
“എന്തിനു ഭയത്തിൽ ജീവിക്കുന്നു? നിങ്ങളെത്തന്നെ പ്രതിരോധിക്കാനും ഒരു അക്രമിയിൽനിന്ന് രക്ഷപ്പെടാനുമുള്ള പ്രായോഗിക വഴികൾ പഠിക്കൂ. ലളിതവും ഫലപ്രദവുമായ പ്രതിരോധമുറകൾ വിശദമായി പ്രകടിപ്പിക്കപ്പെടുന്ന ഈ പ്രബോധനാത്മക വീഡിയോക്ക്, നിങ്ങൾ ഒരു ഇരയോ ഒരു അതിജീവകനോ ആകുന്നതിനിടയ്ക്കുള്ള വ്യത്യാസം ആയിരിക്കാൻ കഴിയും.”—അഡ്വെർട്ടയ്സ്മെൻറ് ഫോർ സെൽഫ് ഡിഫൻസ് വീഡിയോ.
അത്തരം ഒരു വീഡിയോ ഇന്ന് എത്ര നന്നായി വിററഴിയും എന്ന് ആരും വിശദീകരിക്കേണ്ടതില്ല. യു.എസ്സ്.എ. പെൻസിൽവേനിയായിലെ ഫിലാദൽഫിയ നഗരത്തിൽ, “പ്രഹരിക്കുക, പ്രഹരിക്കുക, പ്രഹരിക്കുക” എന്നു ജപിച്ചുകൊണ്ടും തങ്ങൾക്കു കൊള്ളയടിക്കാൻ കഴിയുന്ന ഇരകളെ അന്വേഷിച്ചുകൊണ്ടും യുവജന സംഘങ്ങൾ തെരുവുകളിൽ തരംനോക്കി നടക്കുന്നു. “കുററകൃത്യത്തെക്കുറിച്ചുള്ള ഭയം” റിയോ ഡി ജനിറൊ എന്ന “മുഴു നഗരത്തിന്റെയും സഹജസ്വഭാവത്തിൽ ഭാവപ്പകർച്ച വരുത്തിയിരിക്കുന്നു” എന്ന് ടൈം മാസിക റിപ്പോർട്ടുചെയ്യുന്നു. ഹോങ്കോങ്ങിൽ ഇതേവരെ അക്രമം നിറഞ്ഞ കുററകൃത്യങ്ങൾ മിക്കവാറും അജ്ഞാതമായിരുന്ന ഭാഗങ്ങളിൽ സായുധ കവർച്ചകളും വെടിവെയ്പുകളും നടന്നുകൊണ്ടിരിക്കുന്നു.
സമാനമായ റിപ്പോർട്ടുകൾ ലോകമെമ്പാടും കേൾക്കുന്നു. ഫലമെന്താണ്? “പൗരജനങ്ങൾ തിരിച്ചു വെടിവെക്കുന്നതിന്റെ വിപൽസാധ്യതകൾ കണക്കുകൂട്ടുന്നു” എന്ന് ന്യൂസ്വീക്ക് പറയുന്നു. “ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങളി”ൽനിന്നു ക്രിസ്ത്യാനികൾ മറയ്ക്കപ്പെട്ടവരല്ലെന്നിരിക്കിലും തിരിച്ചുവെടിവെക്കുന്നത് “ഒരു ഇരയോ അതിജീവകനോ തമ്മിലുള്ള വ്യത്യാസം” യഥാർത്ഥത്തിൽ ഉളവാക്കുമോ?—2 തിമോഥെയോസ് 3:1.
അക്രമത്തെ അക്രമംകൊണ്ടു നേരിടുകയോ?
‘ഞാനൊരു തോക്കു കൊണ്ടുനടക്കുകയാണെങ്കിൽ, ഞാൻ സുരക്ഷിതനായിരിക്കും. അയാൾ എന്നെ തട്ടുന്നതിനുമുമ്പ് ഞാൻ അയാളെ തട്ടും. ഏററവും ചുരുങ്ങിയപക്ഷം ഞാൻ അയാളെ വിരട്ടി ഓടിക്കും!’ എന്നു ചിലർ വിശ്വസിക്കുന്നു. എന്നാൽ അതത്ര എളുപ്പമല്ല.
യു.എസ്സ്.എ., ജോർജിയാ, അററ്ലാൻറായിലെ പൊതുജന-സുരക്ഷിതത്വകമ്മീഷണറായ ജോർജ് നാപ്പർ പറയുന്നു: “ഒരു കൈത്തോക്കുണ്ടായിരിക്കുക എന്നതിന്റെ അർത്ഥം, മറെറാരു മനുഷ്യജീവിയെ കൊല്ലുന്നതിന്റെ അനന്തര ദുഷ്ഫലങ്ങളുമായി ജീവിക്കാൻ തയ്യാറായിരിക്കുക എന്നതാണ്.” ഒരു ക്രിസ്ത്യാനി രക്തപാതകം ഉൾപ്പെട്ടേക്കാവുന്ന അത്തരം ഒരു അനന്തരഫലവുമായി ജീവിക്കാൻ സന്നദ്ധനാണോ?—സംഖ്യാപുസ്തകം 35:11, 12 താരതമ്യപ്പെടുത്തുക.
കൂടാതെ, ‘നിങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കാനും’; “സമാധാനം അന്വേഷിച്ചു പിന്തുടരാനും” ദൈവവചനം കൽപ്പിക്കുന്നു. (മീഖാ 4:3; 1 പത്രോസ് 3:11) വെടിക്കോപ്പുകളിൽ സംരക്ഷണം തേടാനും അതേസമയം ബൈബിളിന്റെ വ്യവസ്ഥകൾക്കനുസരിച്ച് ജീവിക്കാനും ക്രിസ്ത്യാനികൾക്കു എങ്ങനെ കഴിയും? സംഗതിയെന്തായിരുന്നാലും ആക്രമണം നടത്തുന്നയാൾ ഇരയെക്കാൾ വേഗതയേറിയവനായിരിക്കാനാണ് സാധ്യത.
യേശു സായുധ പ്രതിരോധത്തെ നിരസിച്ചു. താൻ അറസ്ററു ചെയ്യപ്പെടാനിരുന്ന സ്ഥലമായ ഗെത്സെമേൻ തോട്ടത്തിലേക്ക് പോകവേ തന്റെ അപ്പോസ്തലൻമാരോട് രണ്ടു വാളെടുക്കാൻ അവൻ കൽപ്പിച്ചുവെന്നത് നേരാണ്. എന്നാൽ അവൻ എന്തിനിതു ചെയ്തു? ആയുധങ്ങൾ കൈവശമിരിക്കുകയും അതേസമയം അവ ഉപയോഗിക്കാതിരിക്കുകയും ചെയ്തത്, യേശുവിന്റെ അനുഗാമികൾ ജഡിക ആയുധങ്ങളിൽ ആശ്രയിക്കരുതെന്ന് ശക്തമായി പ്രകടമാക്കി. ഒരു ആയുധം ലഭ്യമായിരിക്കേ പത്രോസ് വികാരത്തള്ളലിൽ അത് ഉപയോഗിച്ചു എന്നത് ശ്രദ്ധേയമാണ്. യേശു പത്രോസിനെ അവന്റെ വിവേകരഹിതമായ നടപടിയെ ഈ വാക്കുകളിൽ ശക്തമായി ശാസിച്ചു: “വാളെടുക്കുന്നവനെല്ലാം വാളാൽ നശിപ്പിക്കപ്പെടും.”—മത്തായി 26:36, 47-56; ലൂക്കോസ് 22:36-38, 49-51.
‘വെടിക്കോപ്പുകൾ സ്വന്തമാക്കുന്നതു സംബന്ധിച്ച് അതു സത്യമാണ്’ എന്നു ചിലർ പറഞ്ഞേക്കാം. ‘എന്നാൽ ജൂഡോ, കരാട്ടേ, കെൻഡോ തുടങ്ങിയ ആത്മരക്ഷക്കായുള്ള (യുദ്ധമുറകൾ) പഠിക്കുന്നതു സംബന്ധിച്ചെന്ത്?’ നിങ്ങളോടുതന്നെ ചോദിക്കുക, ഈ പരിശീലനത്തിന്റെ ഉദ്ദേശ്യം പോരാടുകയോ മററുള്ളവരെ ക്ഷതപ്പെടുത്തുകയോ ചെയ്യുക എന്നതല്ലേ? അത്തരം പരിശീലനം യഥാർത്ഥത്തിൽ ഒരുവനെ മാരകമായി ആയുധമണിയിക്കുന്നതിനോടു തുല്യമല്ലേ? (1 തിമൊഥെയോസ് 3:3) പരിശീലന സെഷനുകൾപോലും ഗുരുതരമായ ക്ഷതങ്ങളിലും ആളപായങ്ങളിലും കലാശിച്ചിട്ടുണ്ട്.
റോമർ 12:17-19 ഇക്കാര്യത്തിൽ ജ്ഞാനപൂർവകമായ ഉപദേശം നൽകുന്നു: “ആർക്കും തിൻമക്കുപകരം തിൻമ ചെയ്യരുത്. സാധ്യമെങ്കിൽ, നിങ്ങളെ ആശ്രയിച്ചിരിക്കുന്നടത്തോളം എല്ലാ മനുഷ്യരോടും സമാധാനപൂർണ്ണരായിരിക്ക. പ്രിയരേ, നിങ്ങൾ തന്നെ പ്രതികാരം ചെയ്യാതെ ക്രോധത്തിന് ഇടം കൊടുപ്പിൻ; എന്തെന്നാൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: ‘പ്രതികാരം എനിക്കുള്ളതാണ്; ഞാൻ പകരം നൽകും എന്ന് യഹോവ പറയുന്നു.’” (NW) “തിൻമ” എന്നതിന് പൗലോസ് ഉപയോഗിക്കുന്ന ഗ്രീക്കുപദത്തിന് (കാക്കോസ്) “വിനാശകരം, കേടുവരുത്തുന്നത്” എന്നും അർത്ഥമുണ്ടായിരിക്കാൻ കഴിയും. അതുകൊണ്ട് ക്രിസ്ത്യാനികൾ പകപോക്കുന്നവിധത്തിൽ ക്ഷതം വരുത്തുന്നതിനോ മറെറാരു വ്യക്തിക്ക് ഹാനി വരുത്തുന്നതിനോ ഉള്ള സകല ചിന്തയിൽനിന്നും ഒഴിഞ്ഞിരിക്കേണ്ടതാണ്.
വികാരവിക്ഷോഭത്തോടെ സ്വന്തം ക്രോധം പ്രകടിപ്പിക്കാതെ ഒരു ക്രിസ്ത്യാനി, “നിങ്ങളെ തൊടുന്നവൻ എന്റെ കണ്ണിന്റെ കൃഷ്ണമണിയെ തൊടുന്നു” എന്ന് തന്റെ ജനത്തെക്കുറിച്ച് പറയുന്നവനെ പൂർണ്ണമായി ആശ്രയിക്കുന്നു: ഇതിനോടുള്ള ചേർച്ചയിൽ തക്ക സമയത്ത് ‘ദുഷ്ടനെ ഉൻമൂലനം ചെയ്യും’ എന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു.—സെഖര്യാവ് 2:8; സങ്കീർത്തനം 145:20.
പോരാട്ടത്തിനുള്ള ഒരു സമയമോ?
“ഒന്നു പൊരുതാതെ എന്റെ പണം ഞാൻ വിട്ടുകൊടുക്കയില്ല!” എന്നു ധൈര്യപൂർവം ചിലർ ഉത്ഘോഷിക്കുന്നു. കുററകൃത്യം തടയുന്നതിനുള്ള ദേശീയ സ്ഥാപനത്തിന്റെ വിദ്യാഭ്യാസ മാനേജർ ഡിക്ക്മെല്ലാർഡ് താക്കീതു നൽകുന്നു: “എതിർക്കുക എന്നത് മനുഷ്യപ്രകൃതമാണ്, എന്നാൽ മനുഷ്യപ്രകൃതത്തിന് നിങ്ങളെ തെററായ സാഹചര്യത്തിൽ കൊല്ലിക്കാൻ കഴിയും.” അനേകം കുററവാളികളും അപായകരമാംവിധം സായുധരും പിരിമുറുക്കമുള്ളവരും ആശങ്കാകുലരുമാണ്. നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ കഴിയും, എന്നാൽ ഒരു ജീവൻ നഷ്ടപ്പെട്ടാലോ? അത് ബുദ്ധിമുട്ടിനു തക്ക മൂല്യമുള്ളതാണോ?
ജോർജ് നേപ്പർ ഈ ഉപദേശം നൽകുന്നു: “ഒരു പക്ഷേ നിങ്ങളെത്തന്നെ സംരക്ഷിക്കുന്നതിനുള്ള ഏററവും എളുപ്പവഴി നിങ്ങളുടെ ജീവനുപകരം വസ്തുവക നഷ്ടപ്പെടുത്താൻ അനുവദിക്കുന്നതാണ്. അനേകം കള്ളൻമാരും ഭവനഭേദനം നടത്തുന്നവരും കൊല്ലാനല്ല മോഷ്ടിക്കാനാണ് അവിടെയായിരിക്കുന്നത്.” ഒരു വ്യക്തി കേവലം പ്രകോപനപരമായി സംസാരിക്കുകയോ നമ്മുടെ പണം നിർബന്ധപൂർവം ആവശ്യപ്പെടുകയോ ചെയ്യുമ്പോൾ ഒരു നല്ല തത്വം ഇതാണ്: “കർത്താവിന്റെ ഒരു ദാസൻ പൊരുതേണ്ട ആവശ്യമില്ല.” (NW)—2 തിമൊഥെയോസ് 2:24.a
ഇത് യാതൊരു സാഹചര്യത്തിൻകീഴിലും യാതൊരു ചെറുത്തുനിൽപ്പും പാടില്ലെന്ന പാസിഫിസം എന്ന നയമല്ല. പുറപ്പാട് 22:2, 3-ൽ ഒരു കള്ളൻ പകൽസമയത്ത് ആരുടെയെങ്കിലും വീട്ടിൽ കയറവേ ആളപായം വരത്തക്കവിധത്തിൽ ഹേമിക്കപ്പെടുന്ന ഒരു സാഹചര്യത്തെ വർണ്ണിക്കുന്നു. അത്തരമൊരു പ്രതിരോധ രീതി കൊലപാതകത്തിനു സമമായി പരിഗണിക്കപ്പെട്ടിരുന്നു; എന്തെന്നാൽ ആ കള്ളനെ തിരിച്ചറിയുന്നതിനും വിചാരണക്കുള്ള നീതിന്യായ സംവിധാനത്തിലേക്കു കൊണ്ടുവരുന്നതിനും കഴിയുമായിരുന്നു. എന്നാൽ രാത്രി സമയത്ത് വീട്ടുകാരന് ഒരു അതിക്രമിയെ കാണുന്നതിനോ അവന്റെ ആന്തരങ്ങൾ തിട്ടപ്പെടുത്തുന്നതിനോ പ്രയാസകരമായിരുന്നേക്കാം. അതുകൊണ്ട് ഇരുട്ടത്ത് അതിക്രമിച്ചു കടക്കുന്ന ഒരുവനെ കൊല്ലുന്ന ഒരാൾ കുററക്കാരനല്ലെന്നു പരിഗണിക്കപ്പെട്ടിരുന്നു.
അപ്രകാരം ബൈബിൾ ആത്മരക്ഷക്കുള്ള വികാരവിക്ഷുബ്ധതയിലുള്ള ശ്രമങ്ങളെ പിന്താങ്ങുന്നില്ല. പാസിഫിസത്തെ പിന്തുണക്കാതിരിക്കേ, തന്നേത്തന്നെ പ്രതിരോധിക്കുന്നതിന് ഒരു സമയം ഉണ്ടെന്ന് ബൈബിൾ സൂചിപ്പിക്കുന്നു. ക്രിസ്ത്യാനികൾ തങ്ങൾക്കുതന്നെയോ തങ്ങളുടെ കുടുംബാംഗങ്ങൾക്കോ പ്രതിരോധത്തിന്റെ യഥാർത്ഥ ആവശ്യമുള്ളവർക്കോ എതിരെയുള്ള കടന്നുകയറിയുള്ള ശാരീരികാക്രമണങ്ങളെ തടഞ്ഞകററിയേക്കാം.b എന്നാൽ അവർ ഒരു ആക്രമണത്തിന് മുൻകൈയെടുക്കുകയോ തങ്ങളുടെ വസ്തുവകകൾ രക്ഷിക്കുന്നതിന് ശാരീരികമായി പകരംവീട്ടുകയോ ചെയ്യുകയില്ല. അത്തരം ഒരു ആക്രമണം പ്രതീക്ഷിച്ചുകൊണ്ട് അവർ ആയുധങ്ങൾ കൊണ്ടുനടക്കുകയില്ല. മറിച്ച്, അവർ “സമാധാനപൂർവം ജീവിക്കാൻ” പരിശ്രമിക്കുന്നു.—2 കൊരിന്ത്യർ 13:11. (g91 7/8)
[അടിക്കുറിപ്പുകൾ]
a പൗലോസ് ഇവിടെ പരാമർശിക്കുന്നത് വാക്കുകൾ കൊണ്ടുള്ള പോരാട്ടങ്ങളെയാണ് എന്ന് സന്ദർഭം സൂചിപ്പിക്കുന്നുവെന്നിരിക്കെ, “പോരാട്ടം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപദം (മാഖേസ്തായ്) പൊതുവെ സായുധമോ കൈകൊണ്ടുള്ളതോ ആയ മത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
b ബലാത്സംഗ ഭീഷണി നേരിടുന്ന ഒരു സ്ത്രീ ഉറക്കെ അലറിക്കരയുകയും അവളുടെ എത്തുപാടിലുള്ള ഏതു വിധത്തിലും ലൈംഗികബന്ധത്തെ ചെറുക്കുകയും ചെയ്യണം.—ആവർത്തനം 22:23-27.
[12-ാം പേജിലെ ചിത്രം]
Betrayal of Christ, by Albrecht Dürer, 1508