ലോകത്തെ വീക്ഷിക്കൽ
ഏഷ്യയിൽ കൂടുതൽ ആസക്തർ
നിരവധി ഏഷ്യൻ രാജ്യങ്ങളിൽ ഹെറോയിൻ ആസക്തരുടെ എണ്ണം കുതിച്ചുയർന്നിരിക്കുന്നു. ദൃഷ്ടാന്തത്തിന്, 1980-ൽ ശ്രീലങ്കയിൽ അറിയപ്പെട്ട ഹെറോയിൻ ആസക്തരുടെ എണ്ണം 50-ൽ കുറവായിരുന്നു. ഇപ്പോൾ അവിടെ ഏകദേശം 40,000 പേരുണ്ട്. അതേ കാലയളവിൽ ഏതാനും ആയിരങ്ങളായിരുന്ന പാക്കിസ്ഥാനിലെ ഹെറോയിൻ ആസക്തരുടെ എണ്ണം 18 ലക്ഷമായി ഉയർന്നു. “മയക്കുമരുന്നു കള്ളക്കടത്തിന്റെ ഉയർന്നുവരുന്ന തിരത്തള്ളൽ കുറക്കാനുള്ള കൂടുതൽ കഠിനമായ ശിക്ഷാനടപടികൾ പരാജയപ്പെട്ടു. ലോകത്തിൽ ഏററവും കഠിനമായ ശിക്ഷ നൽകുന്ന രാജ്യം ശ്രീലങ്കയാണ്: ഇവിടെ 2 ഗ്രാം ഹെറോയിൻ അഥവാ കൊക്കെയിൻ കൈവശം വെക്കുന്നവർക്ക് മരണശിക്ഷ അല്ലെങ്കിൽ ആജീവനാന്ത തടവു നൽകുന്നു” എന്ന് ഏഷ്യാ വീക്ക് മാസിക പറയുന്നു. മററു കാർഷിക വിളകൾക്കുപകരം ഹെറോയിൻ ഉൽപാദിപ്പിക്കുന്ന പോപ്പി ചെടികൾ കൃഷിചെയ്യാൻ കർഷകരെ ഉഗ്രമായി പ്രചോദിപ്പിക്കുന്നത് മയക്കുമരുന്നു വ്യാപാരത്തിൽനിന്ന് അവർക്കുണ്ടാകുന്ന സാമ്പത്തിക നേട്ടമാണ്. കൊളംബോയിലെ നാഷനൽ ഡെയ്ഞ്ചറസ് ഡ്രഗ്സ് കൺട്രോൾ ബോർഡിലെ ഡോ. രവി പെരേര ഇപ്രകാരം പറഞ്ഞു: “നാളെ ഇവിടെ പഞ്ചസാരയില്ലെങ്കിൽ—ഒന്നും വരാനില്ല. എന്നാൽ ഹെറോയിൻ ഇല്ലെങ്കിൽ ആളുകൾ ഭിത്തിയിലൂടെ അള്ളിപ്പിടിച്ചു കയറും. അതിനുവേണ്ടി അവർ എന്തും കൊടുക്കും.” (g91 7/22)
ഭൂകമ്പമരണങ്ങൾ
ഭൂകമ്പത്തിൽ കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് മരിച്ചുപോയടത്തോളം ആളുകൾ കഴിഞ്ഞ ഒററ വർഷംകൊണ്ട് മരിച്ചിട്ടുണ്ട്. ഐക്യനാടുകളിലെ ഭൂഗർഭശാസ്ത്ര സർവ്വെ അനുസരിച്ച് 1980-നും 1989-നും മദ്ധ്യേ ഭൂകമ്പത്തിൽ മരിച്ചവരുടെ സംഖ്യയായ 57,500നോടു താരതമ്യപ്പെടുത്തുമ്പോൾ 1990-ൽ ഭൂകമ്പത്തിൽ മരിച്ച 52,000 വളരെ കൂടുതലാണ്. 1976-നുശേഷം ഇതു വാർഷികമായി ഏററവും ഉയർന്ന സംഖ്യയാണ്. അധികപങ്ക് ആളുകളും മരിച്ചത് 50,000പേർ മരിക്കുകയും 60,000 പേർക്ക് പരിക്കേൽക്കുകയും ചെയ്ത 7.7 വ്യാപ്തിയോടെ ജൂൺ മാസത്തിൽ ഇറാനിൽ ഉണ്ടായ ഒരൊററ ഭൂകമ്പത്തിലാണ്. കഴിഞ്ഞ വർഷം 68 വലിയ ഭൂകമ്പങ്ങൾ ഉണ്ടായതായി റിപ്പോർട്ടുചെയ്യപ്പെട്ടിരിക്കുന്നു, ഇത് അതിനുമുമ്പുള്ള വർഷത്തേക്കാൾ 8 എണ്ണം കൂടുതലാണ്. (g91 8/8)
ബലൂൺ വ്യവസായത്തിന്റെ കാററുകുത്തി
നിറപ്പകിട്ടാർന്ന ആയിരക്കണക്കിന് ബലൂണുകൾ സാവധാനം ആകാശത്തിലേക്ക് ഉയരുകയും ദൃഷ്ടിപഥത്തിൽനിന്ന് അപ്രത്യക്ഷമാകുകയും ചെയ്യുന്നത് വീക്ഷിക്കുന്നത് അനേകർക്കും ആഹ്ലാദഭരിതമായ ഒരു അനുഭവമാണ്, എന്നാൽ ഐക്യനാടുകളിൽ ഇനിമേൽ ഇതു സർവ്വസാധാരണമായ ഒന്നല്ല. ന്യൂജേഴ്സി തീരത്ത് 1985-ൽ ചത്തടിഞ്ഞ ഒരു തിമിംഗലത്തിന്റെ വയററിൽ ഒരു ബലൂൺ കണ്ടു, മറെറാന്ന് ചത്ത ഒരു കടലാമയുടെ ഉള്ളിലും കണ്ടെത്തി. ഇതിനേത്തുടർന്ന് ഒഴുകിനടക്കുന്ന ബലൂണുകൾ തിന്നുന്നതിനാൽ ആയിരക്കണക്കിനു മൃഗങ്ങൾ ചത്തുപോകുന്നതിനെതിരായി ഐക്യനാടുകളിലെല്ലാമുള്ള കുട്ടികൾ ഉഗ്രമായ പ്രതിഷേധപ്രകടനം നടത്തുകയുണ്ടായി. നിയമനിർമ്മാണസഭാംഗങ്ങൾ കുട്ടികളുടെ നിലവിളി ശ്രദ്ധിച്ചു. നിരവധി സംസ്ഥാനങ്ങളും നഗരങ്ങളും ബലൂണുകൾ അയക്കുന്നതു നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിരിക്കുന്നു. മൃഗങ്ങൾ ഇതിനാൽ ചാകുന്നുവെന്ന അവകാശവാദങ്ങളെ ബലൂൺ വ്യവസായം ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ബലൂൺ വ്യാപാരികൾക്ക് ഒരു വർഷം വിൽപനയിൽ 18 കോടി രൂപ നഷ്ടമുണ്ടെന്നു പറയുന്നു. (g91 7/22)
ഡോൾഫിന്റെ മരണം
“ലോകത്തിലെ കടൽസസ്തനികളുടെ 65 ഇനങ്ങളിൽ അധികപങ്കും വംശനാശത്തിന്റെ വക്കിലാണ്” എന്ന് ഈയിടെയുള്ള ഒരു പഠനം തെളിയിക്കുന്നതായി ഇൻറർനാഷനൽ ഇൻസ്ററിററ്യൂട്ട് ഫോർ എൻവയൺമെൻറ് ആൻഡ് ഡെവെലപ്മെൻറ് പ്രസിദ്ധീകരിക്കുന്ന ഒരു ബുള്ളററിനായ പെർസ്പെക്ററീവ്സ് കുറിക്കൊള്ളുന്നു. ഓരോ വർഷവും 5,00,000-ത്തിലധികം ഡോൾഫിനുകൾ കൊല്ലപ്പെടുന്നതായി ഗവേഷകർ തിട്ടപ്പെടുത്തുന്നു. പഠനം നടത്തിയ എൻവയൺമെൻറൽ ഇൻവെസ്ററിഗേഷൻ ഏജൻസി പറയുന്നതനുസരിച്ച്, ഏററവും വലിയ കുഴപ്പക്കാർ ജപ്പാനും മെക്സിക്കൊയും പെറുവും ദക്ഷിണകൊറിയയും ശ്രീലങ്കയും തായ്വാനും ആണ്. “വർഷത്തിൽ 1,00,000-ലധികം കടൽ സസ്തനികളെ കൊന്നുകൊണ്ട് ജപ്പാൻ മുൻനിരയിലും.” മരണത്തിന്റെ പ്രമുഖകാരണം ഒഴുകിനടക്കുന്ന വലകളാണ്. എന്നുവരികിലും, ഡോൾഫിനുകളെ “വെടിവെച്ചും കുന്തംകൊണ്ട് കുത്തിയും ചൂണ്ടയിട്ടും മുക്കിക്കൊന്നും തീരത്തേക്ക് വലിച്ചുകയററിയും വൈദ്യുതിയിൽ കുരുക്കിയും ചാട്ടുളികൊണ്ടും ബോംബുവെച്ചും കീറിമുറിച്ചും” കൊല്ലുന്നു. (g91 7/22)
മൃഗങ്ങളുടെ ആരോഗ്യ പരിപാലനം
ഓമനമൃഗങ്ങളുടെ ചികിത്സയിൽ “സങ്കീർണ്ണമായ ശസ്ത്രക്രിയ മുതൽ ഭാരനിയന്ത്രണ പരിപാടികളും ദന്തപരിപാലനവും സ്വഭാവരൂപീകരണവും വരെ” സകലവും ഉൾപ്പെടുന്നു എന്ന് ടൊറോന്റൊ സ്ററാർ റിപ്പോർട്ടുചെയ്യുന്നു. “ഇന്ന് ഒരു മൃഗമുണ്ടായിരിക്കുന്നത് വളരെ വളരെ ചെലവേറിയതാണ്,” എന്ന് ഒരു നേഴ്സ് പറഞ്ഞു. ഒരു വലിയ പട്ടിയുടെ ഒടിഞ്ഞ കാൽ ചികിൽസിക്കുന്നതിന് 14,000 രൂപയിലധികം ചെലവു വന്നേക്കാം. കരൾവീക്കത്തിന്റെ ചികിൽസക്ക് 16,000 രൂപയും അതിലധികവും കൊടുക്കാൻ ഒരുങ്ങിയിരിക്കുക. ഒരു വൃക്കമാററിവെക്കലിന് സാദ്ധ്യതയനുസരിച്ച് 1,00,000 രൂപയിൽ കവിഞ്ഞേക്കാം. സ്വഭാവരൂപീകരണത്തിന് ഒരു മണിക്കൂർ നേരത്തേക്ക് 2,000 രൂപാ വേണ്ടിവരുന്നു. മൃഗങ്ങളുടെ ആരോഗ്യസേവനങ്ങളിൽ പ്രസവവാർഡുകളും സൂക്ഷ്മശ്രദ്ധ നൽകാനുള്ള സൗകര്യങ്ങളും അക്യുപങ്ചറിന്റെയും ഇ.സി.ജിയുടെയും ഉപയോഗവും തിമിരം നീക്കലും ദന്തപരിരക്ഷയും ഓമനമൃഗങ്ങൾക്കുള്ള ഇൻഷുറൻസുപോലും ഉൾപ്പെടുന്നു. (g91 8/8)
വനങ്ങൾ ത്വരിതഗതിയിൽ തിരോധാനം ചെയ്യുന്നു
“ഭൂമിയുടെ ഉഷ്ണമേഖലാ വനങ്ങൾ മുമ്പ് കണക്കാക്കിയിരുന്നതിനേക്കാൾ 50 ശതമാനം വേഗത്തിൽ തിരോധാനം ചെയ്യുകയാണ്,” എന്ന് ഇൻറർനാഷനൽ ഇൻസ്ററിററ്യൂട്ട് ഫോർ എൻവയൺമെൻറ് ആൻഡ് ഡെവലപ്മെൻറിന്റെ ബുള്ളററിനായ പെർസ്പെക്ററീവ്സ് റിപ്പോർട്ടുചെയ്യുന്നു. കണക്കാക്കിയിരുന്നപോലെ വർഷത്തിൽ 27 ദശലക്ഷം ഏക്കറിനു പകരം “40മുതൽ 50വരെ ദശലക്ഷം ഏക്കർ ഉഷ്ണമേഖലാ വനങ്ങൾ ഓരോ വർഷവും തിരോധാനം ചെയ്തേക്കാമെന്ന്” വേൾഡ് റിസോഴ്സസ് ഇൻസ്ററിററ്യൂട്ട് ശേഖരിച്ച വിവരങ്ങൾ ഇപ്പോൾ പ്രകടമാക്കുന്നു. (g91 8/8)
സംഖ്യ 666-ന്റെ അന്ത്യം
“ബ്രിട്ടൻ വാഹന ലൈസൻസ് പ്ലേററിൽനിന്ന് 666 എന്ന സാത്താന്യ സംഖ്യ നീക്കം ചെയ്തിരിക്കുന്നു,” എന്ന് ലീഡേഴ്സ് എന്ന പ്രസിദ്ധീകരണം റിപ്പോർട്ടുചെയ്യുന്നു. ബ്രിട്ടീഷ് ഗതാഗതവകുപ്പിന്റെ വക്താവായ ആനററ് വെൽഷ് പറയുന്നതനുസരിച്ച് ആ സംഖ്യ നിമിത്തമാണ് തങ്ങൾക്ക് അപകടങ്ങൾ ഉണ്ടായതെന്ന് ഡ്രൈവർമാർ പരാതിപ്പെട്ടു. ആ സംഖ്യ അനുവദിച്ചുകിട്ടി ഒരാഴ്ചകഴിഞ്ഞ് തന്റെ ജലവിതരണത്തിൽ വിഷം കലർന്നതായും താൻ ഭവനഭേദനത്തിന് ഇരയായതായും ഒരു ട്രക്ക് തന്റെ കാറിനെ ഇടിച്ചുതകർത്തതായും ഒരു വെയ്ൽസുകാരൻ പറഞ്ഞു. യഥാർത്ഥത്തിൽ, വെളിപ്പാട് 13:18 ലോകത്തിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രതീകാത്മക കാട്ടുമൃഗത്തിന് 666 എന്ന സംഖ്യ ബാധകമാക്കുന്നു, അതിനെ അപകടങ്ങളോടൊ അതുപോലുള്ള വ്യക്തിപരമായ സംഭവങ്ങളോടൊ ബന്ധിപ്പിക്കുന്നുമില്ല. (g91 8/8)
എയ്ഡ്സ് വർദ്ധിക്കുന്നു
ലോകാരോഗ്യസംഘടന ഈയിടെ ഏററവും രൂക്ഷമായ എയ്ഡ്സ് പ്രവചനം പുറത്തുവിടുകയുണ്ടായി. രണ്ടായിരാമാണ്ടാകുമ്പോഴേക്കും 100 ലക്ഷം കുട്ടികൾക്കും 300 ലക്ഷം മുതിർന്നവർക്കും ലോകവ്യാപകമായി എയ്ഡ്സ് വൈറസ് ബാധിച്ചിരിക്കുമെന്ന് ചിത്രം വെളിപ്പെടുത്തുന്നു. അപ്പോഴേക്കും 100 ലക്ഷം ആളുകൾക്ക് എയ്ഡ്സ് രോഗം മൂർഛിച്ചിരിക്കുമെന്നും രോഗത്താലുള്ള മരണം ഏതാണ്ട് 100 ലക്ഷം കുട്ടികളെ അനാഥരാക്കുമെന്നും കണക്കാക്കപ്പെടുന്നു. ഒരു വർഷം മുമ്പുമാത്രമാണ് ലോകാരോഗ്യസംഘടന എയ്ഡ്സ് രോഗികളുടെ എണ്ണം 50 ലക്ഷം കുട്ടികളും 250 ലക്ഷം മുതിർന്നവരും എന്ന് കണക്കാക്കിയത്. ആഫ്രിക്കയിൽ സഹാറയുടെ പ്രാന്തപ്രദേശങ്ങളിലും ഏഷ്യയിലും ഞെട്ടിക്കുന്ന വേഗതയിൽ വൈറസ് പരക്കുന്നുവെന്ന് പഠനങ്ങൾ പ്രകടമാക്കുന്നതുകൊണ്ട് പ്രവചനങ്ങൾ പുതുക്കപ്പെട്ടു. (g91 8/8)
പ്രയോജനമില്ലാത്ത തോക്കുകൾ
കുററകൃത്യത്തിന്റെ തുടർച്ചയായ ഭീഷണി നിമിത്തം റോമിൽ അനേകർ സ്വയപ്രതിരോധത്തിന്റെ വിവിധ മാർഗ്ഗങ്ങളിലേക്ക് തിരിയുകയാണ്. ലാ റിപ്പബ്ലിക്കാ പറയുന്നതനുസരിച്ച് ആളുകൾ പരിശീലിപ്പിച്ച നായ്ക്കളും ആയോധനകലകളും രാസ സ്പ്രേകളും കഠാരകളും വില്ലുകളും വടിവാളുകളും മററും അക്രമികളെ നിർവീര്യമാക്കാൻ ഉപയോഗിക്കുകയാണ്. തോക്കുകൾ കൊണ്ടുനടക്കാൻ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ 15,000-ത്തിലധികം ആളുകൾ പോലീസിൽനിന്ന് അനുവാദം സമ്പാദിച്ചിട്ടുണ്ട്. ഇററാലിയൻ യൂണിയൻ ഓഫ് മാർക്ക്സ്മെന്നിലേക്കുള്ള റോമിന്റെ പ്രതിനിധിയായ ജാൻഫ്രാങ്കൊ റൊഡോലിക്കോ പറഞ്ഞതനുസരിച്ച് സാധാരണക്കാരനായ ഒരു വ്യക്തി തോക്കു കൊണ്ടുനടക്കുന്നത് നിഷ്പ്രയോജനമാണ് എന്ന് ലാ റിപ്പബ്ലിക്കാ പ്രസ്താവിച്ചു. അയാൾ പറഞ്ഞു: “നിങ്ങൾക്ക് എപ്പോഴും ഒരു കൈത്തോക്ക് കയ്യിൽപിടിച്ചുകൊണ്ട് നടക്കാൻ കഴിയില്ല. ആരെങ്കിലും എന്നെ ആക്രമിക്കുന്നെങ്കിൽ മിക്കപ്പോഴും അത് എടുക്കാൻ പോലും എനിക്ക് തീർച്ചയായും സമയം കിട്ടുകയില്ല.” (g91 7/22)
ശ്രാവു-തീനികളായ മനുഷ്യർ
ശ്രാവുകൾ അപകടത്തിലാണ്, വിശേഷിച്ചും ആസ്ത്രേലിയായുടെയും ജപ്പാന്റെയും ദക്ഷിണാഫ്രിക്കയുടെയും ഐക്യനാടുകളുടെയും തീരങ്ങളിൽ. തീൻമേശയിൽ ശ്രാവുമാംസത്തിന്റെ വർദ്ധിച്ച പ്രിയം നിമിത്തം ഈ പ്രദേശങ്ങളിലെ ശ്രാവുകളുടെ എണ്ണം കുറയുകയാണ്. ടൈം മാസിക പറയുന്നതനുസരിച്ച്, “ഐക്യനാടുകളിൽ വ്യാവസായികാടിസ്ഥാനത്തിലുള്ള ശ്രാവുപിടുത്തം 1980-ലെ 500 ടണ്ണിൽ താഴെനിന്ന് 1989-ൽ 7,144 ടണ്ണായി കുതിച്ചുയർന്നു.” ശ്രാവിന്റെ ചിറകുകൾ ഏഷ്യയിൽ മിഷ്ടാന്നമായി കരുതപ്പെടുന്ന ഒരു സൂപ്പുണ്ടാക്കാൻ ഉപയോഗിക്കപ്പെടുന്നു. ചില റെസ്റേറാറൻറുകൾ ഒരു കോപ്പ പശിമയുള്ള സൂപ്പിന് 150 രൂപവരെ വില ചുമത്തുന്നു. ചിറകെടുക്കുന്നതിന് മീൻപിടുത്തക്കാർ “ശ്രാവുകളെ പിടിച്ച് ചിറകുകൾ അറുത്തെടുത്തശേഷം ഈ വികലാംഗജീവികളെ ചാകുവാൻ സമുദ്രത്തിലേക്ക് തള്ളിവിടുന്ന ക്രൂര നടപടിയിൽ” ഏർപ്പെടുന്നുവെന്ന് ടൈം കുറിക്കൊള്ളുന്നു. (g91 7/22)
കുറച്ച് ഉപ്പ് പ്രയോജനപ്രദം
ഒരു ദിവസം കഴിക്കുന്ന ഉപ്പിന്റെ അളവ് മൂന്നു ഗ്രാമായി കുറക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ ഹൃദ്രോഗ സാദ്ധ്യത 16 ശതമാനവും ആഘാതം 22 ശതമാനവും കുറച്ചേക്കാമെന്ന് ലണ്ടൻ ഗവേഷകർ പറയുന്നു. ഈ ചുരുക്കലിന് മയക്കുമരുന്നു ചികിൽസയേക്കാൾ കൂടുതൽ ഫലം ഉണ്ടായിരിക്കും. ലണ്ടനിൽ സെൻറ് ബെർത്തലോമായി ഹോസ്പിററൽ മെഡിക്കൽ സ്കൂളിലെ ഗവേഷകർ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ അവരുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട് തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഉപ്പിന്റെ അളവു കുറക്കാൻ ഉൽപ്പാദകരെ ഉപദേശിച്ചു. സംസ്ക്കരിച്ച ആഹാരസാധനങ്ങളിൽനിന്ന് ഉപ്പ് നിശ്ശേഷം ഒഴിവാക്കുന്നെങ്കിൽ ഹൃദയസ്തംഭനങ്ങൾ 30 ശതമാനവും ആഘാതത്താലുള്ള മരണം 39 ശതമാനവും കുറക്കാമെന്ന് അവർ പറയുന്നു, ബ്രിട്ടനിൽമാത്രം ഒരു വർഷം 65,000 മരണങ്ങൾ തടഞ്ഞുകൊണ്ടുതന്നെ. തീൻമേശയിൽ വീണ്ടും ഉപ്പുചേർക്കാതെയും ഉപ്പു കൂടുതലുള്ള ആഹാരസാധനങ്ങൾ വർജ്ജിച്ചുകൊണ്ടും ഉപ്പിന്റെ ഉപഭോഗം കുറക്കാൻ ജനങ്ങൾ ഉപദേശിക്കപ്പെട്ടിരിക്കുന്നു. (g91 8/8)