ഒരു കൊച്ചു ഭീമൻ
സൂര്യൻ നമ്മുടെ സൗരയൂഥത്തിൽ ഒരു ഭീമാകാരനാണ്. അത്, 13,00,000 ഭൂമികൾ അതിന്റെ ഉള്ളിൽ ഇരിക്കാൻ കഴിയത്തക്കവണ്ണം അത്ര ബൃഹത്താണ്. എന്നാൽ നമ്മുടെ താരാപംക്തിയിലെ അതിഭീമാകാരൻമാരായ ചില നക്ഷത്രങ്ങളോട് സൂര്യനെ താരതമ്യം ചെയ്യുക, ഉടൻ അത് തീരെ ചെറുതായി തോന്നും.
ഉദാഹരണത്തിന്, അതിഭീമാകാരൻമാരായ വിവിധ നക്ഷത്രങ്ങളെ നമ്മുടെ സൂര്യൻ ആയിരിക്കുന്ന സ്ഥാനത്ത് നിർത്തുന്നുവെന്ന് സങ്കൽപിക്കുക. ഭൂമിയുടെ ഭ്രമണപഥം മുഴുവൻ വിഴുങ്ങത്തക്കവണ്ണം അത്ര അതികായൻമാരുണ്ട്. നാം ആ നക്ഷത്രത്തിന്റെ ഉള്ളിലായിരിക്കും! ബെററൽഗൂസ് എന്ന് വിളിക്കപ്പെടുന്ന നക്ഷത്രം വ്യാഴം വരെ എത്തും. മ്യൂ സെഫീ എന്ന നക്ഷത്രം സൂര്യൻ ആയിരിക്കുന്നിടത്ത് നിൽക്കുന്നെങ്കിൽ അത് ശനിഗ്രഹത്തെ—വെടിയുണ്ടയുടെ 20 ഇരട്ടി വേഗതയിൽ സഞ്ചരിക്കുന്ന ശൂന്യാകാശപേടകമായ വോയേജർ 2 ഭൂമിയിൽനിന്ന് അവിടെ എത്താൻ നാലു വർഷം എടുക്കത്തക്കവണ്ണം ശനിഗ്രഹം അത്ര വിദൂരത്തിലാണെങ്കിൽതന്നെയും—വിഴുങ്ങിക്കളയും.
നമ്മുടെ താരാപംക്തിയായ ക്ഷീരപഥം ഭീമാകാരനായ ഒരു പിരിയൻ താരാപംക്തി എന്ന് വിളിക്കപ്പെട്ടിരിക്കുന്നു. ശരിക്കും അങ്ങനെതന്നെയാണ്. ശൂന്യാകാശത്തിലെ അന്ധകാരത്തിൽ പ്രൗഢിയോടെ ചുററുന്ന 10,000,00,00,000-ലധികം നക്ഷത്രങ്ങളുടെ ജ്വലിക്കുന്ന ഈ വലിയ ചക്രവാണത്തിന്റെ അപാരവലിപ്പം മനുഷ്യമനസ്സിനെ അമ്പരപ്പിക്കുന്നതാണ്. നമുക്ക് നമ്മുടെ താരാപംക്തിയുടെ ഒരററത്ത് നിൽക്കാനും മറേറയററത്തേക്ക് ഒരു പ്രകാശരശ്മി പായിക്കാനും കഴിയുന്നെങ്കിൽ, ആ രശ്മിക്ക് സെക്കൻഡിൽ 3,00,000 കിലോമീററർ എന്ന ഭയങ്കരവേഗതയിൽ അതിന്റെ ലാക്കിലേക്ക് പാഞ്ഞുപോകാൻ കഴിഞ്ഞാലും താരാപംക്തിയെ കുറുകെ കടക്കുന്നതിന് അത് 1,00,000 വർഷം എടുക്കും. മററു വാക്കുകളിൽ പറഞ്ഞാൽ, ക്ഷീരപഥത്തിന്റെ വ്യാസം 1,00,000 പ്രകാശവർഷമാണ്.
എങ്കിലും നമ്മുടെ അയലത്തുള്ള പിരിയൻ താരാപംക്തിയായ ആൻഡ്രോമിഡ നമ്മുടേതിന്റെ ഇരട്ടി വലിപ്പമുള്ളതാണ്, അതിൽ 60,000,00,00,000 നക്ഷത്രങ്ങൾ ഉൾപ്പെട്ടിരിക്കാം. കൂടുതലായി എന്തുണ്ട്, ജ്യോതിശാസ്ത്രജ്ഞൻമാർ മർക്കാറീൻ 348 എന്ന് നാമകരണം ചെയ്തിരിക്കുന്ന അതിബൃഹത്തായ ഒരു താരാപംക്തി കണ്ടെത്തിയിരിക്കുന്നു. അത് നമ്മുടെ ക്ഷീരപഥതാരാപംക്തിയുടെ വ്യാസത്തിൽ 13 ഇരട്ടി വലിപ്പമുള്ളതാണ്, കുറുകെ ഏതാണ്ട് 13,00,000 പ്രകാശവർഷങ്ങൾ അളവുവരും!
ഏബെൽ 2029 എന്നു വിളിക്കപ്പെടുന്ന താരാപംക്തികളുടെ ഒരു കൂട്ടത്തിന്റെ കേന്ദ്രത്തിൽ ഈയിടെ കണ്ടെത്തിയ ഒരു താരാപംക്തിയുടെ അടുത്തുനിർത്തിയാൽ അതിബൃഹത്തായ മർക്കേറിയൻ 348 പോലും ചെറുതായിതോന്നും. തങ്ങൾ കണ്ടിട്ടുള്ളതിലേക്കും ഏററവും വലിയ താരാപംക്തി ഇതാണെന്ന് ശാസ്ത്രജ്ഞൻമാർ കരുതുന്നു. അത് നമ്മുടെ താരാപംക്തിയേക്കാൾ 60 മടങ്ങിലധികം വലുതാണ്. അതിന് ഏതാണ്ട് 60,00,000 പ്രകാശവർഷങ്ങൾ വ്യാസമുണ്ട്, അതിൽ മനസ്സിനെ സ്തംബ്ധമാക്കുന്ന 1,00,00,000,00,00,000 നക്ഷത്രങ്ങളുടെ ഒരു പററം വസിക്കുകയും ചെയ്യുന്നു. ന്യയോർക്ക് ടൈംസിലെ ഒരു റിപ്പോർട്ട് പറയുന്നതനുസരിച്ച് ഇത് ഇതുവരെ കണ്ടിട്ടുള്ളതിലേക്കും ഏററവും തിളക്കമുള്ള താരാപംക്തിയും ആണ്. അത് ആകസ്മിക ശക്തികളുടെ താറുമാറായ ഉൽപന്നമല്ലതാനും. “ഇത് പ്രകാശത്തിന്റെയും ഊർജത്തിന്റെയും ഒരു സംഘടിത പിണ്ഡമാണ്” എന്ന് അതു കണ്ടെത്തിയവരിൽ ഒരുവൻ അതേക്കുറിച്ചു പറഞ്ഞു. “അത് വളരെ ബൃഹത്തായ ഒരു സംഘടിത താരാപംക്തിയാണ്.”
ഈ നക്ഷത്ര സമൂഹങ്ങളുടെ ബാഹുല്യമോ ഉൾപ്പെട്ടിരിക്കുന്ന ദൂരമോ ഗ്രഹിക്കാൻ തുടങ്ങുന്നതിനുപോലും നമ്മുടെ തലച്ചോറുകൾക്ക് കഴിയില്ല. അതുകൊണ്ട് അതിന്റെയെല്ലാം പിന്നിലുള്ള സൃഷ്ടിയുടെയും സംഘാടനത്തിന്റെയും ശക്തിയെ സംബന്ധിച്ചെന്ത്? “നിങ്ങൾ കണ്ണ് മേലോട്ട് ഉയർത്തിനോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുകയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കുകയും ചെയ്യുന്നു.” (യെശയ്യാവ് 40:26) സൃഷ്ടി ഭയങ്കരമാണെങ്കിൽ സ്രഷ്ടാവ് അതിലും എത്രയധികം ഭയങ്കരനായിരിക്കും! (g91 8/8)
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. Naval Observatory photo