ബൈബിളിന്റെ വീക്ഷണം
ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്?
ബൈബിൾ മുഴുവൻ വായിക്കുക എന്നത് ഒരു നിസ്സാര വൈദഗ്ദ്ധ്യമല്ല. നിങ്ങൾ അത് ഒരിക്കലോ പലപ്പോഴോ ചെയ്തിട്ടുണ്ടോ? അങ്ങനെ ചെയ്തിട്ടുള്ളതിൽ അനേകർ ഉചിതമായി അഭിമാനിക്കുന്നു. ജീവിതത്തിൽ മുൻഗണനയുള്ള കാര്യങ്ങളുടെ പട്ടികയിൽ ബൈബിൾ വായിക്കുന്നതിനുള്ള സമയം കണ്ടെത്തലിനു ഒന്നാമത്തേതല്ലെങ്കിൽ അതിനു തൊട്ടടുത്ത സ്ഥാനമെങ്കിലും നൽകേണ്ടതാണ്. എന്തു കാരണത്താൽ? മുഴു ചരിത്രത്തിലും വെച്ചേററവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ള, ദൈവനിശ്വസ്തമാണെന്നു ന്യായമായി അവകാശപ്പെടുന്ന ഏക ഗ്രന്ഥമായ ബൈബിളിലെ അടിസ്ഥാന വിവരങ്ങൾ അറിയുന്നതിന്.—2 തിമൊഥെയോസ് 3:16.
എന്നാൽ, ഒരു വ്യക്തിക്ക് ബൈബിൾ വെറുതെ വായിക്കുകയും അതിലെ പൊതുവായ വിവരങ്ങൾ അറിയുകയും ചെയ്യുന്നതിനെക്കാൾ അധികം ചെയ്യാൻ കഴിയും. ദൈവത്തെ പ്രസാദിപ്പിക്കുകയും ആ വിശുദ്ധ ഗ്രന്ഥത്തിലെ പഠിപ്പിക്കലുകളിൽ നിന്നു പൂർണ്ണ പ്രയോജനം ആസ്വദിക്കുകയും ചെയ്യണമെന്നുള്ളത് നിങ്ങളുടെ അഭിലാഷമാണോ? അങ്ങനെയെങ്കിൽ ചെറുപ്പക്കാരനായ തിമൊഥെയോസിന് അപ്പൊസ്തലനായ പൗലോസ് നൽകിയ ഉപദേശം പിൻപററുക: “ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക. നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽ തന്നെ ഇരുന്നുകൊൾക. നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനിൽക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.”—1 തിമൊഥെയോസ് 4:13, 15, 16.
ബൈബിൾ പഠിപ്പിക്കലുകളേക്കുറിച്ചുള്ള ഇത്തരം ധ്യാനത്തിലും അതിൽ മുഴുകുന്നതിലും തിരുവെഴുത്തുകൾ വായിക്കുക മാത്രം ചെയ്യുന്നതിലേറെ ഉൾപ്പെടുന്നു. മനുഷ്യമസ്തിഷ്കത്തേക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ വായന ഒരുവനെ ഒരു മസ്തിഷ്ക ശസ്ത്രക്രിയാവിദഗ്ദ്ധനാക്കുന്നില്ലാത്തതുപോലെ ബൈബിൾവായന അതിൽത്തന്നെ ഒരുവനു ലഭ്യമായ വിവരം ശരിയായി ഉപയോഗിക്കാൻ കഴിയുമെന്നു ഉറപ്പു നൽകുന്നില്ല. അതുകൊണ്ടു തിമൊഥെയോസിനോടുള്ള പൗലോസിന്റെ കൂടുതലായ ഉപദേശം ശ്രദ്ധിക്കുക: “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവനായി നിൽപ്പാൻ ശ്രമിക്ക.”—2 തിമൊഥെയോസ് 2:15.
ഗ്രാഹ്യത്തിന്റെ വിശാല മാനസികവീക്ഷണങ്ങൾ തുറക്കുന്നു
ദൈവവചനം വിദഗ്ദ്ധമായി ഉപയോഗിക്കാൻ അഭ്യസിക്കുന്നതിനു പഠനം ആവശ്യമാണ്. ബൈബിൾ എന്തു പറയുന്നുവെന്നു പരിഗണിക്കുകയും അതിന്റെ ആശയം ഗ്രഹിക്കുകയും പശ്ചാത്തലം വായിക്കുകയും അതിന്റെ ചരിത്രം മനസ്സിലാക്കുകയും ചെയ്തുകൊണ്ട് ഒരു വ്യക്തി ബൈബിൾ പഠിക്കുമ്പോൾ ഉൾക്കാഴ്ചയുടെ അപ്രതീക്ഷിതമായ മാനസിക വീക്ഷണങ്ങൾ ആ വ്യക്തിക്കു തുറന്നുകിട്ടിയേക്കാം. ദൈവവചനത്തിൽ നിന്ന് ഇപ്പോൾ അയാൾ വ്യക്തിപരമായി പ്രയോജനമനുഭവിക്കാൻ തുടങ്ങുന്നു.
പശ്ചാത്തലം വായിക്കാത്തപക്ഷം, തിരുവെഴുത്തിന്റെ ഒരു ഭാഗം മാത്രം വായിക്കുന്നതിനാൽ, പറയപ്പെടുന്നതിന്റെ അർത്ഥം മനസ്സിലാക്കാൻ നമുക്കു കഴിയാതെ വന്നേക്കാം എന്നു കാണിക്കുന്ന ഒരു ഉദാഹരണം നമുക്കെടുക്കാം. തെസ്സലൊനീക്യയിൽ നിന്നു വളരെ അകലെയല്ലാത്ത ഗ്രീക്കു പട്ടണമായ ബെരോവയിലുള്ള ആളുകളെക്കുറിച്ചു പ്രവൃത്തികൾ 17:11-ൽ നാം വായിക്കുന്നു: “അവർ തെസ്സലൊനീക്യയിലുള്ളവരെക്കാൾ ഉത്തമൻമാരായിരുന്നു. അവർ വചനം പൂർണ്ണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.”
ഒററനോട്ടത്തിൽ ബെരോവയിലെ ക്രിസ്ത്യാനികൾ തെസ്സലൊനീക്യയിലുള്ളവരെക്കാൾ സുശിക്ഷിതരായിരുന്നെന്നു നാം നിഗമനം ചെയ്തേക്കാം. എന്നാൽ, ബെരോവയിൽ എത്തിയതിനുശേഷം പൗലോസും ശീലാസും ദൈവവചനം പ്രസംഗിക്കുന്നതിന് “യഹൂദൻമാരുടെ സിന്നഗോഗുകളി”ലേക്കു പോയി എന്നു പ്രവൃത്തി 17-ാം അദ്ധ്യായത്തിന്റെ 10-ാം വാക്യത്തിൽ ശ്രദ്ധിക്കുക. കൂടാതെ, “അവരിൽ അനേകർ (യഹൂദർ) വിശ്വസിച്ചു” എന്നു 12-ാം വാക്യം പറയുന്നു. ആ വാക്യം ഒരു വ്യത്യസ്ത നിഗമനത്തിലെത്താൻ നമ്മെ സഹായിക്കുന്നു. ഈ രണ്ടു നഗരങ്ങളിലുമുള്ള ക്രിസ്ത്യാനികളല്ല പരസ്പരം താരതമ്യപ്പെടുത്തപ്പെട്ടത്, മറിച്ച്, അവിടങ്ങളിലുള്ള യഹൂദൻമാരായിരുന്നു എന്ന് ഈ വിശുദ്ധ വിവരണം നമ്മോടു പറയുന്നു.
ഇതിനുപുറമെ, സ്വഭാവത്തിൽ ബെരോവക്കാരെ കൂടുതൽ ശ്രേഷ്ഠമനസ്കരാക്കിത്തീർത്തത് എന്തെന്നു നിങ്ങൾ ശ്രദ്ധിച്ചോ? അവർ ആകാംക്ഷാപൂർവ്വം തിരുവെഴുത്തുകൾ പരിശോധിച്ചു. വേർഡ് പിക്ച്ചേഴ്സ് ഇൻ ദ ന്യൂ ടെസ്ററമെൻറലെ ആ വാക്കുകളെപ്പററി അഭിപ്രായം പറഞ്ഞുകൊണ്ടു പ്രൊഫസ്സർ ആർക്കിബോൾഡ് തോമസ് റോബേർട്ട്സൺ ഇങ്ങനെ എഴുതി: “തെസ്സലൊനീക്യയിൽ ചെയ്തതുപോലെ പൗലോസ് തിരുവെഴുത്തുകൾ ദിവസേന വ്യാഖ്യാനിച്ചു, എന്നാൽ അവന്റെ പുതിയ വ്യാഖ്യാനത്തിനെതിരെ നീരസപ്പെടുന്നതിനു പകരം ബെരോവക്കാർ സ്വയം തിരുവെഴുത്തുകൾ പരിശോധിച്ചു. (അനാക്രിനോ എന്നാൽ അരിപ്പയിൽ മേലോട്ടും കീഴോട്ടും അരിക്കുക, നിയമ നടപടികളിലെന്നപോലെ . . . ശ്രദ്ധാപൂർവ്വകവും കൃത്യവുമായ ഗവേഷണം നടത്തുക എന്നാണ്.) അവരുടെ പരിശോധന ഉപരിപ്ലവമല്ലായിരുന്നു. ദീർഘനാൾ മുമ്പു വാഗ്ദത്തം ചെയ്യപ്പെട്ട മശിഹ യേശുവാണെന്നു തിരുവെഴുത്തുകളിൽ നിന്നു പൗലോസും ശീലാസും പഠിപ്പിച്ചതു സത്യമായിരുന്നെന്നു ഉറപ്പുവരുത്തുന്നതിന് ആ ബെരോവക്കാരായ യഹൂദൻമാർ ശ്രദ്ധാപൂർവ്വം സൂക്ഷ്മപരിശോധന നടത്തി.
അതുകൊണ്ടു, പുരാതന ബെരോവക്കാരെ അനുകരിച്ചുകൊണ്ടു ദൈവവചനം വായിക്കുക മാത്രം ചെയ്യാതെ അതു പഠിക്കുകയുംകൂടെ ചെയ്തുകൊണ്ട്, പറയപ്പെട്ടിരിക്കുന്നതിന്റെ അർത്ഥമെന്താണെന്നു ഗ്രഹിക്കുന്നതു—സൂക്ഷ്മമായി “തിരുവെഴുത്തുകൾ പരിശോധി”ക്കുന്നതു—പ്രധാനമാണ്. ഇപ്രകാരം, നമുക്കു ബൈബിളിനോടുള്ള നമ്മുടെ വിലമതിപ്പു ആഴമുള്ളതാക്കാൻ കഴിയും, തിമൊഥെയോസിനെപ്പോലെ, നാമും ‘നമ്മെത്തന്നെയും നമ്മെ ശ്രദ്ധിക്കുന്നവരെയും രക്ഷിക്കുന്നതിനു’ പ്രാപ്തരായ ആളുകൾ ആയിത്തീരും. എന്തുകൊണ്ട്? എന്തെന്നാൽ തിരുവെഴുത്തുകൾ വായിക്കുന്നതിനു പുറമെ അറിഞ്ഞതനുസരിച്ച് അനുസരണപൂർവ്വം പ്രവർത്തിക്കാൻ തക്കവണ്ണം നാം അവ പഠിച്ചിട്ടുണ്ട്.—സദൃശവാക്യങ്ങൾ 3:1-6.
യഥാർത്ഥ മൂല്യങ്ങളുടെയും പ്രവചനത്തിന്റെയും ഉറവിടം
ബൈബിൾ പഠിക്കുന്നതിനുള്ള മററു രണ്ടു കാരണങ്ങൾ നമുക്കു പരിശോധിക്കാം. ധാർമ്മികവും സദാചാരപരവുമായ മൂല്യങ്ങൾ പ്രദാനം ചെയ്യുന്നതിൽ ബൈബിൾ മറെറാരു ഗ്രന്ഥത്തിനും പുറകിലല്ല. അനേകം വർഷങ്ങൾക്കു മുമ്പു ഒരു അമേരിക്കൻ വിദ്യാഭ്യാസപ്രവർത്തകൻ ഈ നിരീക്ഷണം നടത്തി: “ബൈബിൾ കൂടാതെയുള്ള ഒരു കോളജ് പഠനത്തെക്കാൾ വളരെ മൂല്യമുള്ളതാണ് കോളജ് പഠനം കൂടാതെയുള്ള ബൈബിൾപരിജ്ഞാനം എന്നു ഞാൻ വിശ്വസിക്കുന്നു.” ബൈബിൾപരിജ്ഞാനം നിങ്ങളുടെ നിധിയായിത്തീരണമെങ്കിൽ, തിരുവെഴുത്തുകൾ പഠിക്കുന്നതിലുള്ള നിങ്ങളുടെ ആന്തരം നിങ്ങളെ ‘സത്യവചനം യഥാർത്ഥമായി പ്രസംഗിക്കാൻ കഴിവുള്ള’ ഒരു നല്ല മനുഷ്യനാക്കിത്തീർക്കേണ്ടതിന് അതിലെ ശാസനങ്ങളും പഠിപ്പിക്കലുകളും നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ബാധകമാക്കുക എന്നതായിരിക്കണം.—2 തിമൊഥെയോസ് 2:15; സദൃശവാക്യങ്ങൾ 2:1-22.
കൂടാതെ, അതിന്റെ താളുകളിൽ ചരിത്രത്തിൽ നിവൃത്തിയേറിക്കഴിഞ്ഞ ദൈവനിശ്വസ്ത പ്രവചനങ്ങളും നമ്മുടെ നൂററാണ്ടിൽ നിവൃത്തിയേറിക്കൊണ്ടിരിക്കുന്ന മററു പ്രവചനങ്ങളും കാണപ്പെടുന്നു. ബൈബിൾ പ്രവചനങ്ങളുടെ ഒരു പഠനം ഇപ്പോഴത്തെ ലോകാവസ്ഥകളുടെ—യുദ്ധങ്ങൾ, ക്ഷാമങ്ങൾ, കുടുംബത്തകർച്ചകൾ, അക്രമാസക്തമായ കുററകൃത്യങ്ങൾ—അർത്ഥവും അവ നിമിത്തം ഉൽക്കണ്ഠകളിൽ എങ്ങനെ കുടുങ്ങിപ്പോകാതിരിക്കാമെന്നും ഗ്രഹിക്കുന്നതിന് ഒരുവനെ സഹായിക്കുന്നു. (ലൂക്കോസ് 21:10, 11, 25-28) ഇങ്ങനെ, ഏതൽക്കാല പ്രശ്നങ്ങൾക്കുള്ള യഹോവയുടെ പരിഹാരങ്ങളാൽ, കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെയാണെന്നും ഭാവിക്കുവേണ്ടി നമുക്ക് എങ്ങനെ വിജയപ്രദമായി ആസൂത്രണം ചെയ്യാമെന്നും വെളിപ്പെടുത്തുന്ന പരിഹാരങ്ങളാൽ, നാം പ്രബുദ്ധരായിത്തീരുന്നു. ആ പരിഹാരങ്ങൾ ‘വിശ്വസ്തനും വിവേകിയുമായ അഭിഷിക്ത അടിമ’വർഗ്ഗമാകുന്ന സരണിയിലൂടെ നമുക്കു ലഭ്യമാകുന്നു, അത് അതിന്റെ പ്രസിദ്ധീകരണ ഏജൻസിയായി ഉപയോഗിക്കുന്നതു വാച്ച്ടവർ സൊസൈററിയെയാണ്—മത്തായി 24:45-47; 2 പത്രൊസ് 1:19.
സങ്കീർത്തനം 119:105 പറയുന്നു: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവുമാകുന്നു.” അതുകൊണ്ട്, ബൈബിളിൽ കാണപ്പെടുന്ന ജ്ഞാനമൊഴികൾ ക്രമമായി പഠിക്കുകയും അതു ബാധകമാക്കുകയും ചെയ്യുന്ന ആളുകൾ ദൈവത്തിന്റെ ഇഷ്ടവും ഉദ്ദേശ്യവും ഗ്രഹിക്കുകയും, ഫലത്തിൽ ഇന്നത്തെ ധാർമ്മിക ചെളിക്കുണ്ടിലൂടെ തങ്ങളുടെ ദൈനംദിന ജീവിതത്തെ നയിക്കുന്ന പ്രകാശിതമായ പാത ഉണ്ടായിരിക്കുകയും ചെയ്യുന്നവരിൽ ഉൾപ്പെടും. (g91 10/8)