ശരീരത്തിന്റെ മുന്നറിയിപ്പുകളെ ശ്രദ്ധിക്കൽ
അയർലണ്ടിലെ ഉണരുക! ലേഖകൻ എഴുതിയത്
യൂനായ്ക്കും അവളുടെ ഭർത്താവ് റോണിനും ആ അനുഭവം ഭയജനകവും വേദനാജനകവും ആയിരുന്നു. ഒരു ജനുവരിമാസക്കുളിർരാവിൽ യൂനാ തളർന്നുവീണു. റോൺ ഡോക്ടറെ വിളിപ്പിച്ചു, അവളുടെ ഗർഭപാത്രത്തെ ബാധിച്ച ഹോർമോണിന്റെ അസന്തുലിതാവസ്ഥയാണ് പ്രശ്നമെന്നു കരുതിയ അദ്ദേഹം അവളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. രക്തം പൊയ്ക്കൊണ്ടിരിക്കുകയും വേദനകൊണ്ടു പുളയുകയുമായിരുന്ന തന്റെ ഭാര്യയെ റോൺ കുണ്ടും കുഴിയും നിറഞ്ഞ, വെളിച്ചമില്ലാഞ്ഞ പർവ്വതപ്രദേശത്തെ പാതകളിലൂടെ 80 കിലോമീററർ അകലെയുള്ള ഒരു ആശുപത്രിയിലേക്കു കാറിൽ കൊണ്ടുപോയി.
എന്നാൽ, ആ ആശുപത്രിയിൽ ഈ പ്രശ്നത്തിന് ചികിത്സിക്കുന്നതിനു കഴിഞ്ഞില്ല, അതിനാൽ അതിനടുത്തുള്ള ആധുനികമായ ഒരു വലിയ ആശുപത്രിയിലേക്കു അവൾ മാററപ്പെട്ടു. അവിടെ അവൾക്കു വിജയപൂർവ്വം ശസ്ത്രക്രിയ നടത്തുകയും അവൾ നന്നായി സുഖം പ്രാപിക്കുകയും ചെയ്തു.
യൂനായുടെ ജീവൻ രക്ഷിച്ച ആശുപത്രിജോലിക്കാരോട് അവരുടെ വൈദഗ്ദ്ധ്യത്തിനും സംരക്ഷണത്തിനും വേണ്ടി റോണും യൂനായും നന്ദിയുള്ളവരായിരുന്നു. അവർ ബോധം കെടുത്തുന്ന ആളിനോടു നന്ദി പ്രകടിപ്പിച്ചുകൊണ്ടിരിക്കവേ, കാര്യങ്ങൾ ഇങ്ങനെ നന്നായി പരിണമിച്ചതിൽ താൻ എത്രയോ സന്തുഷ്ടനായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അതിനു ശേഷം അദ്ദേഹം രസകരമായ ഒരു അഭിപ്രായം കൂടി പറഞ്ഞു: “സ്ത്രീരോഗസംബന്ധമായ വളരെ ചുരുക്കം ചില പ്രശ്നങ്ങളേ ഇങ്ങനെ പെട്ടെന്നു പൊട്ടിപ്പുറപ്പെടാറുള്ളു. മിക്കതും വളരെ മുമ്പേതന്നെ സൂചനകൾ നൽകാറുണ്ട്.” അദ്ദേഹം എന്താണ് അർത്ഥമാക്കിയത്?
മുന്നറിയിപ്പിൻ സൂചനകൾ
തനിക്കു രണ്ടു വർഷം മുമ്പ് കുഴപ്പം ഉണ്ടായിട്ടുണ്ടെന്നു യൂനാ വിശദീകരിക്കുന്നു. ആർത്തവസമയത്ത് അവൾ ആയാസകരമായ എന്തെങ്കിലും ചെയ്താൽ മാത്രമേ രക്തസ്രാവം ഉണ്ടാകുമായിരുന്നുള്ളു, അത് ഏറെയും കട്ടച്ചോരയുമായിരുന്നു. അവൾ പറയുന്നു: “ഞാൻ വൈദ്യനിർദ്ദേശം തേടേണ്ടതായിരുന്നു, എന്നാൽ ഞാൻ കുറച്ചു നേരത്തേതന്നെയുള്ള ആർത്തവവിരാമ ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു എന്നു കരുതി ശ്രദ്ധിച്ചതേയില്ല. പക്ഷേ, ജനുവരിയിൽ എന്റെ മാസമുറ രണ്ടു ദിവസത്തിനുശേഷം നിന്നുപോയി, എന്നാൽ മൂന്നു ദിവസത്തിനുശേഷം അതു വളരെ കഠിനമായ രക്തസ്രാവത്തോടെയും വലിയ കട്ടകളോടെയും പുനരാരംഭിച്ചു. ഞാൻ യഥാർത്ഥത്തിൽ ഉൽക്കണ്ഠപ്പെട്ടില്ല, എന്നാൽ രണ്ടാം ദിവസം തീരെ അസുഖമായതിനാൽ ഞാൻ ശയ്യാവലംബിയാകേണ്ടി വന്നു. എന്നാൽ അപ്പോഴും ഞങ്ങൾ ഒരു ഡോക്ടറെ വിളിച്ചില്ല. ആ രാത്രിയിലായിരുന്നു എന്നെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കേണ്ടിവന്നത്.”
ജീവനെ ഭീഷണിപ്പെടുത്തുന്ന ഒരു അടിയന്തിര സംഭവമായി അവളുടെ അനുഭവം ഉരുത്തിരിയുന്നത് ഒഴിവാക്കാമായിരുന്നോ? രോഗത്തിന്റെ അടയാളമായി എന്തിനുവേണ്ടി നോക്കണമെന്ന് അറിയുകയും പെട്ടെന്നു പ്രവർത്തിക്കുകയും ചെയ്തിരുന്നെങ്കിൽ അത് ഒരുപക്ഷേ സാധ്യമായിരുന്നു എന്നു അവൾ വിചാരിക്കുന്നു. അവൾ പറയുന്നു, “നിർഭാഗ്യവശാൽ മാസമുറയുമായി ബന്ധപ്പെട്ട എന്തിനെയും കാര്യമായി എടുക്കാതെ അനേകം സ്ത്രീകളെപ്പോലെ ഞാനും അതിനെ എപ്പോഴും നിസ്സാരമായി തള്ളി.” വാസ്തവത്തിൽ യൂനായുടെ ലക്ഷണങ്ങൾ സത്വരശ്രദ്ധ ആവശ്യമാക്കിത്തീർക്കുന്ന സാധാരണ ഗർഭാശയരോഗത്തിന്റേതായിരുന്നു.
ഗർഭംധരിക്കുന്ന പ്രായത്തിലുള്ള സ്ത്രീകൾക്ക് ഓരോ മാസവും പൊതുവായ ആരോഗ്യത്തിന്റെ ഒരു സൂചനയുണ്ട്: ആർത്തവം എന്ന സ്വാഭാവിക പ്രക്രിയ. കാര്യമായ ഏതു ക്രമക്കേടും ഫലത്തിൽ ഒരു മുന്നറിയിപ്പിൻ അടയാളമാണ്. ചില കേസുകളിൽ മുന്നറിയിപ്പു ശ്രദ്ധിക്കുന്നതിലുള്ള താമസം ഏറെ ക്രമമായ വൈദ്യചികിൽസക്കു പകരം ഒരു ശസ്ത്രക്രിയ ആവശ്യമാക്കിത്തീർത്തേക്കാം.
പിന്നെ എന്തുകൊണ്ടാണ് ഈ അടയാളങ്ങളെ മിക്കപ്പോഴും അവഗണിക്കുകയോ ഗൗരവം കുറച്ചുകാണുകയോ ചെയ്യുന്നത്? അനേകം കുടുംബങ്ങളിലും ഭാര്യയാണു കുടുംബത്തിലെ ആഹാരക്രമം തയ്യാറാക്കുന്നതും മരുന്നു കൊടുക്കുന്നതും കുടുംബത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതും. ഇതിനിടയിൽ അവൾ തന്റെ തന്നെ പ്രശ്നങ്ങളെ അവഗണിച്ചേക്കാം. ഒരുപക്ഷേ, യൂനായുടെ കാര്യത്തിലെന്നപോലെ അവൾ തന്റെ ലക്ഷണങ്ങളുടെ അർത്ഥം സംബന്ധിച്ച് നിശ്ചയമില്ലാത്തവളായിരിക്കാം. അല്ലെങ്കിൽ ആരോഗ്യപരിപാലനത്തിനുള്ള പണം പരിമിതമായിരിക്കാം. മാത്രമല്ല, തന്റെ സ്വന്തം പ്രശ്നങ്ങൾ എങ്ങനെയെങ്കിലും നേരേയായിക്കൊള്ളും എന്നു പ്രതീക്ഷിച്ചുകൊണ്ട് അവൾ തന്റെ കുട്ടികൾക്കും ഭർത്താവിനും മുൻഗണന നൽകുകയും ചെയ്തേക്കാം. അവൾ ഭാവനയിൽ കാണുന്ന ആശുപത്രിയിലെ സംഘർഷാവസ്ഥയെക്കാൾ ഇപ്പോഴത്തെ അസുഖത്തെ കൂടുതൽ ഇഷ്ടപ്പെട്ടുകൊണ്ട് ഭയം പ്രകടമാക്കിയേക്കാം. അവൾ തന്റെ സ്വന്തം ക്ഷേമത്തിനുവേണ്ടി സമയമെടുക്കാൻ കഴിയാത്തവളോ മനസ്സില്ലാത്തവളോ ആയ ലൗകിക ജോലിയുള്ള ഒരമ്മയുമായിരുന്നേക്കാം.
അനേകം ഭാര്യമാരുടേയും കാര്യത്തിൽ തങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ മൂലമുള്ള യാതന ഒററക്കനുഭവിക്കാൻ അവർ വിടപ്പെട്ടിരിക്കയാണെന്നു ഡോക്ടർമാർ പറയുന്നു. അവളുടെ ഭർത്താവ് ഒരുപക്ഷേ, “സ്ത്രീകളുടെ പ്രശ്നങ്ങൾ” സംബന്ധിച്ച് സാധാരണയിൽ കവിഞ്ഞ താൽപര്യമില്ലാത്തവനായിരിക്കാം. എന്നാൽ തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുന്ന ഭർത്താക്കൻമാർ അവരുടെ ക്ഷേമത്തിൽ ജാഗരൂകരായിരിക്കാൻ തക്കവണ്ണം ഇക്കാര്യങ്ങളെപ്പററി അറിവു സമ്പാദിക്കും. പുരുഷൻമാരെ ബൈബിൾ ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നെ സ്നേഹിക്കേണം.” (എഫേസ്യർ 5:28, 33, NW) തന്നിമിത്തം ഭർത്താക്കൻമാർക്കും പിതാക്കൻമാർക്കും എങ്ങനെയാണ് അനാവശ്യമായ അടിയന്തിര ഘട്ടങ്ങൾ ഒഴിവാക്കുന്നതിനു തങ്ങളുടെ ഭാര്യമാരെയും പെൺമക്കളെയും സഹായിക്കാൻ കഴിയുന്നത്?
സൂചനകൾക്കുവേണ്ടി നോക്കുക
മുന്നറിയിപ്പിൻ സൂചനകളായിരുന്നേക്കാവുന്ന അസാധാരണമായ സംഭവങ്ങൾ സംബന്ധിച്ചു ജാഗ്രതയുള്ളവരായിരിക്കുക. ഉദാഹരണത്തിന്, വേദനയോടെയല്ലെങ്കിൽ പോലും ക്രമംവിട്ടുള്ള രക്തംപോക്കോ പ്രസ്രാവമോ ഉണ്ടാകുമ്പോൾ അതു പരിശോധിപ്പിക്കണം.a അസാധാരണമായ ക്ഷീണമോ വലിയ തോതിലുള്ള രക്തനഷ്ടമോ മൂത്രം ഒഴിക്കുന്നതിലുള്ള പ്രശ്നങ്ങളോ ആയാലും അങ്ങനെ തന്നെ ചെയ്യണം. ഇവ നേരത്തെ കണ്ടുപിടിക്കപ്പെട്ടാൽ വളരെ അനായാസം കൈകാര്യം ചെയ്യാവുന്ന ഗർഭാശയഭിത്തിയിലെ വീക്കത്തിന്റെ ലക്ഷണങ്ങളായിരിക്കാം.
സ്ഥിരമായുള്ള പുറംവേദന, യോനിയിൽ അനുഭവപ്പെടുന്ന സമ്മർദ്ദം, അദ്ധ്വാനിക്കുമ്പോൾ മൂത്രം ഒഴുകിപ്പോവുക എന്നിവ അവഗണിക്കാവുന്നവയല്ല. ആദ്യകാലത്താണെങ്കിൽ ശാരീരിക വ്യായാമത്താൽ പലപ്പോഴും ശരിപ്പെടുത്താൻ പററുന്നതും എന്നാൽ പിന്നീടായാൽ ശസ്ത്രക്രിയ ചെയ്യേണ്ടതുമായ ഒരു അവസ്ഥയെ ഇവ സൂചിപ്പിക്കുന്നു.b
ഇത്തരം ലക്ഷണങ്ങളോടു പ്രതികരിക്കുന്നതു കൂടാതെ, 25 വയസ്സിനു മേലുള്ള സ്ത്രീകൾ ക്രമമായ ഒരു വൈദ്യപരിശോധന നടത്തുന്നത്, പ്രത്യേകിച്ചും സ്തനങ്ങൾ, അടിവയററിലെയും വസ്തിപ്രദേശത്തെയും ശരീരാവയവങ്ങൾ എന്നിവക്കു പ്രാധാന്യം നൽകിക്കൊണ്ടു പരിശോധന നടത്തുന്നത്, വളരെ അഭികാമ്യമാണ്. ഇതു രണ്ടു വർഷത്തിലൊരിക്കലോ, ഒരു സ്ത്രീയുടെ കുടുംബപരവും വ്യക്തിപരവുമായ ആരോഗ്യചരിത്രം സൂചിപ്പിക്കുമ്പോഴൊക്കെയോ ചെയ്യാവുന്നതാണ്.
ആ പ്രത്യേക സമയങ്ങളിൽ
ഒരു സ്ത്രീയുടെ ജീവിതത്തിൽ അവളെ സ്നേഹിക്കുന്നവർ അവൾക്കു പ്രത്യേക ശ്രദ്ധ നൽകേണ്ട മൂന്നു ഘട്ടങ്ങൾ കൂടി ഓർമ്മിക്കുക: പ്രഥമാർത്തവം (ആർത്തവം ആരംഭിക്കുന്ന കാലം); പ്രസവം; ആർത്തവവിരാമം (ആർത്തവം നിലയ്ക്കുന്ന കാലം). ഈ ഓരോ ഘട്ടത്തിലും, സത്വരമായ വൈദ്യോപദേശത്തിനോ ചികിൽസക്കോ ഒരു അടിയന്തിരാവസ്ഥയെ ഒഴിവാക്കാൻ കഴിയുന്ന സന്ദർഭങ്ങൾ സംജാതമായേക്കാം.
പ്രഥമാർത്തവം: തങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനു സഹായിക്കുന്നതിനും ആർത്തവത്തിന്റെ ശക്തമായ തുടക്കം അനായാസം ഗ്രഹിക്കുന്നതിനും കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്ക് ആരോഗ്യ വിദ്യാഭ്യാസത്തിന്റെ ആവശ്യമുണ്ട്. മാതാപിതാക്കൾ, പ്രത്യേകിച്ചും അമ്മമാർ തങ്ങളുടെ പെൺമക്കളുമായി ഒന്നുമൊളിക്കാതെ തുറന്ന ചർച്ചകൾ നടത്തേണ്ടതാണ്. ഒരു പ്രശ്നമുണ്ടെങ്കിൽ, പെൺകുട്ടികൾ എന്തു കുഴപ്പം പററിയെന്നു ലജ്ജാപൂർവ്വം അമ്പരക്കാനോ മാസത്തിന്റെ ആ സമയത്തു താൻ പ്രയാസമേറിയ ആർത്തവമോ കഠിനമായ വേദനയോ അനുഭവിക്കണം എന്നു ചിന്തിക്കുന്നതിനോ ഇടവരുത്തരുത്. അവരുടെ മാതാപിതാക്കൾക്കു സഹായിക്കാൻ പ്രാപ്തിയില്ലെങ്കിൽ ഒരുപക്ഷേ, പ്രായമായ ഏതെങ്കിലും സ്ത്രീ-സുഹൃത്തുക്കൾക്ക് ഉചിതമായ വൈദ്യചികിത്സ സംബന്ധിച്ചു മാർഗ്ഗനിർദ്ദേശം നൽകാവുന്നതാണ്.
തന്റെ ആർത്തവകാലങ്ങൾ സാധാരണമാണോ എന്നു ചെറുപ്പമായ ഒരു സ്ത്രീക്കു എങ്ങനെ അറിയാൻ കഴിയും? ഒരേ വ്യക്തിയിൽ തന്നെ അവയ്ക്കു മാററം വരാം. ആർത്തവത്തിലെ ക്രമമില്ലായ്മ പ്രഥമാർത്തവത്തിനു ശേഷം ആദ്യത്തെ ആറു മാസം മുതൽ ഒരു വർഷം വരെ (ചിലരുടെ കാര്യത്തിൽ രണ്ടു വർഷം വരെ പോലും) സാധാരണമാണ്. ഇതിന്റെ കാരണം സാധാരണയായി ഹോർമോണിന്റെ നിസ്സാരമായ മാററങ്ങളാണ്. ഈ ആദ്യവർഷങ്ങൾക്കുശേഷം ആർത്തവചക്രത്തിന്റെ ദൈർഘ്യത്തിലോ രക്തസ്രാവത്തിന്റെ സ്വഭാവത്തിലോ വല്ലപ്പോഴുമുള്ള വ്യതിയാനം സാധാരണമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇതിലും അധികമായ വ്യതിയാനങ്ങൾക്ക് ഒരു വൈദ്യപരിശോധനയ്ക്കുള്ള ഒരു മുന്നറിയിപ്പിൻ സൂചനയായിരിക്കാൻ കഴിയും.
ആരോഗ്യവിദ്യാഭ്യാസത്തിനു ഭാഗികമായി ആഹാരക്രമവുമായും ബന്ധമുണ്ട്. പോഷണത്തെക്കാൾ രുചിക്കു ഊന്നൽ നൽകുന്ന ഗുണം കുറഞ്ഞ ഭക്ഷണവും തൂക്കം കൂടുമെന്ന സാധാരണയിൽ കവിഞ്ഞ ഉത്ക്കണ്ഠയും, മിക്കപ്പോഴും അനേകം പോഷകങ്ങളുടെ പ്രത്യേകിച്ചും കാത്സ്യത്തിന്റെയും ഇരുമ്പിന്റെയും ഉചിതമായ അളവു ലഭിക്കുന്നതിൽ നിന്നു കൗമാരപ്രായത്തിലുള്ള പെൺകുട്ടികളെ തടയുന്നു. ക്രമമായ അണ്ഠോൽപാദന ചക്രങ്ങൾ ഇനിയും സ്ഥിരമാകാത്ത ചെറുപ്പക്കാരായ സ്ത്രീകൾക്ക് ആർത്തവകാലത്തു മിക്കപ്പോഴും ശരാശരിയേക്കാൾ കൂടുതൽ രക്തസ്രാവമുണ്ടാകുന്നു, ഇത് ഇരുമ്പിന്റെ ആവശ്യകത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, സമീകൃതമായ നല്ല ആഹാരങ്ങൾ കഴിക്കുന്നതും ഉയർന്നതോതിൽ സംസ്കരിക്കപ്പെട്ട ധാരാളം ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുന്നതും പ്രധാനമാണ്. ചിലപ്പോൾ ഇരുമ്പിന്റെ അനുപൂരകങ്ങൾ ശുപാർശ ചെയ്യപ്പെട്ടേക്കാം.
പ്രസവം: പ്രസവചികിത്സാവിദഗ്ദ്ധർ ഗർഭിണികളായ സ്ത്രീകൾക്കു പ്രസവത്തിനു വളരെ മുമ്പേയുള്ള ഒരു പരിശോധന ശുപാർശചെയ്യുന്നു. ഇരുമ്പോ ഫോളിക്ക് ആസിഡോ പോലുള്ള അനുപൂരകങ്ങൾ ആവശ്യമാണോ എന്നു അവർക്കു പരിശോധിക്കാൻ കഴിയും. ഗർഭിണിയായ ഒരു സ്ത്രീക്ക് രക്തസ്രാവമുണ്ടാകാനുള്ള സാധ്യത വളരെയായതിനാൽ മുന്നറിയിപ്പിൻ സൂചനകൾ ശ്രദ്ധിക്കുന്നതു വളരെയേറെ പ്രധാനമാണ്.
ഗർഭകാലത്തുണ്ടാകുന്ന അതിനിസ്സാര രക്തംപോക്കു പോലും ഒരു വൈദ്യനിർണ്ണയം ആവശ്യമാക്കുന്നു. ഈ സമയത്തുള്ള മററ് അപകട സൂചനകൾ ഇടുപ്പുവേദന, മൂത്രത്തിലെ രക്തത്തിന്റെ അംശം, മൂത്രം ഒഴിക്കുമ്പോൾ വേദന എന്നിവയാണ്. എന്നാൽ എന്തെങ്കിലും ക്രമരാഹിത്യമോ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ പ്രസവചികിത്സാവിദഗ്ദ്ധനെ നേരത്തെ അറിയിക്കണം. പണം കുറവായിരിക്കുമ്പോൾ താനുമായി “ഒരു ദേഹ”മായിത്തീർന്നിരിക്കുന്നവളുടെ ജീവൻ അപകടത്തിലേക്കു വഴുതിമാറാൻ അനുവദിക്കാതെ അവളുടെ ആരോഗ്യവും ജീവനും സംബന്ധിച്ച് ഒരു ഭർത്താവിനു പ്രത്യേക ഉത്തരവാദിത്വമുണ്ട്.—മത്തായി 19:5, 6; എഫേസ്യർ 5:25.
ആർത്തവവിരാമം: ഇതു ആർത്തവചക്രങ്ങൾ സ്വാഭാവികമായി പൂർണ്ണമായും നിലയ്ക്കുന്നതിനുള്ള വൈദ്യസംബന്ധമായ പദമാണ്. ഈ ഘട്ടം സന്നിഗ്ദ്ധദശാസന്ധി അഥവാ ജീവിതവ്യതിയാനം എന്നും അറിയപ്പെടുന്നു. ഇത് ഒരു സ്ത്രീയുടെ ജീവിതത്തിലെ സ്വാഭാവികമായ ഒരു ഘട്ടമാണ്. വിശാലമായ ഒരു അർത്ഥത്തിൽ ഇത് ഈ സ്വാഭാവിക സംഭവത്തിന്റെ മുമ്പും പിമ്പുമുള്ള മാസങ്ങളെയോ വർഷങ്ങളെയോ അർത്ഥമാക്കാനിടയായിരിക്കുന്നു. ഈ ഘട്ടത്തിൽ അനേകം സ്ത്രീകൾ ക്രമംവിട്ടുള്ള ആർത്തവരക്തംപോക്ക്, പുകച്ചിൽ എന്നിങ്ങനെയുള്ള അസ്വസ്ഥകരമായ ശാരീരിക ലക്ഷണങ്ങൾ അനുഭവിക്കുന്നു, എന്നാൽ ഇവ കാലക്രമത്തിൽ നിന്നുപോകും. തുടർന്നുനിൽക്കുന്നതോ ക്രമാതീതമോ ആയ രക്തംപോക്കോ, അവസാനത്തേതെന്നു തോന്നിയ ആർത്തവകാലത്തിന് ആറോ അതിലധികമോ മാസങ്ങൾക്കു ശേഷം മറെറാരു ആർത്തവകാലമോ ഉണ്ടാവുകയാണെങ്കിൽ പെട്ടെന്നു ഒരു ഡോക്ടറെ കാണേണ്ടതുണ്ട്.
എല്ലാ അടിയന്തിരഘട്ടങ്ങളും മുൻകൂട്ടിക്കാണാൻ കഴിയില്ലെന്നുള്ളതു സത്യം തന്നെ. “കാലവും മുൻകൂട്ടിക്കാണാത്ത സംഭവവും” എല്ലാവർക്കും നേരിടുന്നു. (സഭാപ്രസംഗി 9:11, NW) പക്ഷേ, അനസ്തെററിസ്ററ് യൂനായോടു പറഞ്ഞതുപോലെ: “സ്ത്രീരോഗസംബന്ധമായ വളരെ ചുരുക്കം പ്രശ്നങ്ങളേ ഇങ്ങനെ പെട്ടെന്നു പൊട്ടിപ്പുറപ്പെടാറുള്ളു.” നല്ല ആരോഗ്യവിദ്യാഭ്യാസത്തിനും ശരീരത്തിന്റെ യാന്ത്രികപ്രക്രിയകളേപ്പററിയുള്ള ഒരു ബോധത്തിനും സ്ത്രീകളെ സാധ്യതയുള്ള സ്ത്രീരോഗസംബന്ധമായ ഒരു അടിയന്തിരഘട്ടത്തിൽ നിന്നു സംരക്ഷിക്കാൻ കഴിയും. ഒരു വിഷമഘട്ടത്തെ നേരിടേണ്ടിവരുന്നതുവരെ മുന്നറിയിപ്പുകളെ അവഗണിക്കുന്നതിനെക്കാൾ ഒരു അടിയന്തിരഘട്ടത്തെ ഒഴിവാക്കുന്നതാണ് ഭേദം. അതിനാൽ ഭാര്യമാരും ഭർത്താക്കൻമാരുമായുള്ളോരേ, ശരീരത്തിന്റെ മുന്നറിയിപ്പിൻ സൂചനകൾ ശ്രദ്ധിക്കുക! (g91 10/8)
[അടിക്കുറിപ്പുകൾ]
a എല്ലാമല്ലെങ്കിലും ചില കേസുകളിൽ ഇവ ഗർഭാശയമുഖ അർബുദത്തിന്റെ ലക്ഷണങ്ങളാവാം, ഇതു നേരത്തെ കണ്ടുപിടിച്ചാൽ മിക്കവാറും സുഖപ്പെടുത്താവുന്നതേയുള്ളു.
b ഗർഭാശയ-യോനീനാള സ്ഥാനഭ്രംശം അഥവാ ഗർഭപാത്രപതനം.
[25-ാം പേജിലെ ചിത്രം]
സഹാനുഭൂതിയുള്ള ഒരു ഭർത്താവിനു തന്റെ ഭാര്യയുടെ ശരീരത്തിന്റെ മുന്നറിയിപ്പുകളെ ശ്രദ്ധിക്കുന്നതിൽ അവളെ സഹായിക്കാൻ കഴിയും