കുരികിൽ പക്ഷി—മിത്രമോ ശത്രുവോ?
പുതിയ അയൽക്കാർ വന്നുചേർന്നിരിക്കുന്നു. പഴയ താമസക്കാരെ ഇറക്കിവിട്ട്, നോക്കിനിന്നവരെ ഓടിച്ചുകളഞ്ഞ്, ഒരു കുടുംബത്തെ പോററിപ്പുലർത്തുകയെന്ന ജീവിതചര്യയും അവർ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
അവയുടെ പേര് കുരികിൽ എന്നാണ്. അനവധി വ്യത്യസ്ത പക്ഷികൾക്ക് ആ പേര് ഉപയോഗിക്കുന്നുണ്ടെങ്കിലും സാധാരണയായി ഏളപ്പക്ഷി വർഗ്ഗത്തിൽപെട്ടവയേയാണ് ആ പേരിനാൽ പരാമർശിക്കാറുള്ളത്. കുരികിലുകൾ പൊതുവെ ചാര നിറത്തിലും തവിട്ടു നിറത്തിലും കറുപ്പു നിറത്തിലുമുള്ള തൂവലുകളോടുകൂടിയ അങ്ങനെയിങ്ങനെ പ്രത്യക്ഷപ്പെടാത്ത ചെറിയ പക്ഷികളാണ്. അവയിൽ അനേകവും നല്ല പാട്ടുകാരാണ്.
എന്നിരുന്നാലും, കുരികിലുകൾ നിങ്ങൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്ന തരം അയൽക്കാരല്ല. കാരണം അവയുടെ ധൈര്യവും വഴക്കവും നിമിത്തം ചിലർ അവയെ പുകഴ്ത്താറുണ്ടെങ്കിലും ചില സ്ഥലങ്ങളിൽ ഈ ചെറു പക്ഷികൾ കുപ്രസിദ്ധരാണ്.
എന്തുകൊണ്ടു ചട്ടമ്പിയായി വീക്ഷിക്കപ്പെടുന്നു
വീട്ടു കുരികിലിനെ (Passer domesticus) അഥവാ ഇംഗ്ലീഷ് കുരികിലിനെ 1851-ൽ യൂറോപ്പിൽനിന്ന് വടക്കെ അമേരിക്കയിലേക്കു കൊണ്ടുവന്നത് പുഴുക്കുത്തു ബാധയിൽനിന്ന് അവിടത്തെ മരങ്ങളെ അവ മോചിപ്പിക്കും എന്ന പ്രതീക്ഷയോടെയായിരുന്നു. പക്ഷേ, ഗ്രാമജീവിതത്തേക്കാൾ സുകരം പട്ടണജീവിതമാണെന്ന് ഈ കുരികിലുകൾ പെട്ടെന്നു മനസ്സിലാക്കി. അതുകൊണ്ട് കീടങ്ങളെ തിന്നുന്നതിനു പകരം അവ ഭക്ഷണശകലങ്ങളിലേക്കു തിരിയുകയും വേഗത്തിൽ ചവററുവീപ്പ ചികയുന്ന കല വശമാക്കുകയും ചെയ്തു. വീട്ടുകുരികിലിന്റെ “വഴക്കവും ആക്രമണോത്സുകതയും തവിട്ടുനിറത്തിലുള്ള എലി, കറുത്ത എലി, ചുണ്ടെലി എന്നിങ്ങനെയുള്ള രോമമയരായ കുടിയേററക്കാരുടെ സ്വഭാവരീതിയോട് ചേർച്ചയിലാണ്,” എന്ന് വടക്കെ അമേരിക്കൻ പക്ഷികൾ എന്ന ഗ്രന്ഥം കുറിക്കൊള്ളുന്നു.
കുരികിലുകൾ അവയുടെ വൃത്തിഹീനവും അലങ്കോലവുമായ വീടുകൾ ഏതു മുക്കിലും മൂലയിലും ഉണ്ടാക്കുന്നു. തൂവലുകൾ, കമ്പിളി, പഴന്തുണി എന്നിവ കൂടു നിർമ്മിക്കാൻ അവ താൽപര്യപ്പെടുന്ന വസ്തുക്കളിൽ പെട്ടവയാണ്. മിക്കപ്പോഴും ഇവ അവിടത്തുകാരായ പക്ഷികളെ ഓടിച്ചുകളഞ്ഞ് അവയുടെ കൂട്ടിലുള്ള മുട്ട തട്ടിക്കളയുകയും ധിക്കാരപൂർവം കൂടു കയ്യേറുകയും ചെയ്യുന്നു. അതു മാത്രമല്ല കുരികിലുകൾ വിവിധതരം പഴങ്ങളുടെ നാശകാരണവും കൂടിയാണ്. അവ മൂത്തുവരുന്ന കായ്കളും ഇളം പച്ചക്കറികളും തിന്നുകളയുകയും ചെയ്യുന്നു.
ഇതുപോലെതന്നെ വീട്ടുകുരികിലുകളെ കരുതിക്കൂട്ടി ഇറക്കുമതി ചെയ്ത ബ്രസീലിൽ അവ വിളകൾ നശിപ്പിച്ചുവെന്നു മാത്രമല്ല പിന്നെയോ അവരുടെ പ്രിയപ്പെട്ട ടിക്കൂ-ടിക്കൂ പക്ഷികളെ അവിടെനിന്ന് ഓടിച്ചു കളയുകയും ചെയ്തു. വലിപ്പത്തിലും വർണ്ണത്തിലും കുരുവിയോട് സാമ്യമുള്ള ടിക്കൂ-ടിക്കൂ വിളകൾക്കു ഹാനികരമായ കീടങ്ങളെ നശിപ്പിക്കുന്ന, ഉപകാരിയായ, ഇണക്കമുള്ള ഒരു പക്ഷിയാണ്.
അനുകൂല സവിശേഷതകൾ
എന്നുവരികിലും കുരികിലുകൾ കിലുകിലെ ചിലക്കുന്ന ഉല്ലാസപ്രേമികളായ പക്ഷികളാണ്. അവ അവയുടെ ഇരിപ്പിടത്തിൽനിന്നു താഴേക്കു ചിറകടിച്ചു വരുന്നതും തിരികെ പറന്നുപൊങ്ങുന്നതും അനേകമാളുകൾ നോക്കിനിന്നാസ്വദിക്കാറുണ്ട്. ഒരു പക്ഷിനിരീക്ഷകൻ ഇപകാരം വർണ്ണിക്കുന്നു: “ഞങ്ങളുടെ വീടിന്റെ പരിസരത്തായി ഏതാണ്ട് ഏഴു കുരികിൽക്കൂടുകൾ ഉണ്ട്. ഒരേ സമയത്ത് ഒരു കൂട്ടം കുരികിലുകൾ പരസ്പരം തട്ടിത്തടഞ്ഞ് വെള്ളത്തിൽ കളിക്കുന്നത് കാണാം. ചിലവ ഒരുതരം ‘ലഹരി’യിലായിരിക്കും. അവ വെള്ളത്തിലേക്കു നീർക്കാങ്കുഴിയിട്ടു ചിറകുകൾ നനഞ്ഞൊട്ടിപ്പിടിക്കുംവരെ വെള്ളത്തിൽ അങ്ങോട്ടുമിങ്ങോട്ടും അടിച്ചു കളിക്കും. എന്നിട്ട് അവ ചാടി വേലിയിൽ ഇരുന്ന് കൊക്കുകൾ തുടച്ച് നായ്ക്കളെപ്പോലെ ദേഹം കുടഞ്ഞിട്ട് വെള്ളത്തിലേക്കു കുനിഞ്ഞുനോക്കി അതിലേക്കു എടുത്തുചാടുന്നു. ഈ പരിപാടി ഒരു സമയത്ത് ഒരു മണിക്കൂർനേരത്തോളം തുടരാറുണ്ട്. അതിനുശേഷം അവർ പറന്നുപോയിട്ട് ഒന്നോ രണ്ടോ മണിക്കൂറിനുശേഷം തിരികെ വരികയും ചെയ്യും.” ചിലപ്പോഴൊക്കെ കുരുവികൾ വഴിയരികിലോ പൂത്തകിടിയിലോ പാംസുസ്നാനം നടത്തുന്നതായും കാണാൻ കഴിയും.
രസകരമെന്നു പറയട്ടെ, കുരികിലുകളെക്കുറിച്ചു ബൈബിളിൽ പരാമർശിച്ചിട്ടുണ്ട്. രണ്ടുപ്രാവശ്യം ദൈവത്തിന്റെ ആർദ്രമായ കരുതലിനെ ദൃഷ്ടാന്തീകരിക്കാൻ ഈ അൽപപ്രധാനികളായ ജീവികളെ യേശു ഉപയോഗിച്ചിട്ടുണ്ട്. തന്റെ 12 അപ്പൊസ്തലൻമാരെ പ്രസംഗവേലക്ക് അയക്കുമ്പോൾ യേശു അവരോടു ചോദിച്ചു: “കാശിനു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ?” തുടർന്ന് അവൻ വിശദീകരിച്ചു: “അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവ് അറിയാതെ നിലത്തു വീഴുകയില്ല. ആകയാൽ ഭയപ്പെടേണ്ട; ഏറിയ കുരികിലുകളേക്കാൾ നിങ്ങൾ വിശേഷതയുള്ളവരല്ലോ.” പിന്നീടു തന്റെ ശുശ്രൂഷയിൽ, ദൈവം ഒരു ചെറിയ കുരികിലിനെപ്പോലും മറന്നുപോകുന്നില്ലാത്തതുകൊണ്ട് അവൻ തന്നെ സേവിക്കുന്നവരെ മറക്കുന്നില്ല എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് യേശു ഈ ദൃഷ്ടാന്തം ആവർത്തിക്കുകയുണ്ടായി.—മത്തായി 10:29, 31; ലൂക്കോസ് 12:6, 7.
സുവ്യക്തമായി, യഹോവയാം ദൈവം ചെറുതും വലുതുമായ തന്റെ സർവ സൃഷ്ടികളേയും വിലയേറിയതായി വീക്ഷിക്കുന്നു. അവയിൽ ചില ജീവികളുടെ സ്വഭാവരീതികൾനിമിത്തം എല്ലായ്പ്പോഴും നമുക്ക് അവയോടു പ്രിയം തോന്നുകയില്ലെങ്കിലും, വൈവിധ്യമാർന്നതും അനവധിയുമായ ജീവജാലങ്ങൾ നമ്മുടെ മഹദ്സ്രഷ്ടാവിന്റെ ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നു.—സങ്കീർത്തനം 104:24. (g91 10/22)