‘മക്കൾ വിലപ്പെട്ടതാണ്, എന്നാൽ ആൺമക്കൾ അത്യന്താപേക്ഷിതമാണ്’
എൺപത്തഞ്ചു കോടി ജനസംഖ്യയും ആയിരത്തിന് 31 എന്ന ജനനനിരക്കുമുള്ള ഇന്ത്യയിൽ ഓരോ വർഷവും ഏതാണ്ട് 2 കോടി 60 ലക്ഷം ശിശുക്കൾ ജനിക്കുന്നു, കാനഡായിലെ ജനസംഖ്യക്ക് തുല്യംതന്നെ. സർക്കാരിന്റെ ഏററവും അടിയന്തിരമായ പദ്ധതികളിലൊന്ന് ജനസംഖ്യയുടെ ശീഘ്രവർദ്ധനവു നിയന്ത്രിക്കലാണെന്നുള്ളത് അതിശയമല്ല. അത് എത്ര വിജയപ്രദമാണ്? അത് നേരിടുന്ന ചില തടസ്സങ്ങൾ ഏവയാണ്?
“ഇരുപതിനുമുമ്പ്, വേണ്ട! മുപ്പതിനുശേഷം, വേണ്ടേവേണ്ട! കുട്ടികൾ രണ്ടോ—മതി!” ഇൻഡ്യയിൽ ബോംബെയിലെ കുടുംബാസൂത്രണ കേന്ദ്രകാര്യാലയത്തിന്റെ പ്രവേശനമാർഗ്ഗത്തിൽ ഭിത്തിയിൽ പതിച്ചിരിക്കുന്ന വർണ്ണശബളമായ പരസ്യങ്ങളിൽ ഒന്നു നൽകുന്ന ഉപദേശം അതാണ്. മറെറാന്ന് അഞ്ചു മക്കൾ ചുററും നിന്ന് അലട്ടുന്ന ഒരു അമ്മയെ ചിത്രീകരിക്കുന്നു. അതു മുന്നറിയിപ്പു നൽകുന്നു: “പിന്നീട് ദുഃഖിക്കരുത്!” ദൂത് ആഞ്ഞു തറക്കുന്നതാണ്: ഒരു കുടുംബത്തിന് രണ്ടു മക്കൾ മതി. എന്നാൽ ഒരു കുടുംബത്തിന് രണ്ടു മക്കൾ എന്ന സർക്കാരിന്റെ ശുപാർശ ആളുകളെ സമ്മതിപ്പിക്കുന്നതും അനുസരിപ്പിക്കുന്നതും അത്ര എളുപ്പമല്ല.
“ഒരു മമനുഷ്യന്റെ സന്തുഷ്ടി അയാൾക്കുള്ള മക്കളുടെ എണ്ണത്തെ ആശ്രയിച്ചാണെന്ന് ഹിന്ദുക്കൾ കണക്കാക്കുന്നു. അവരുടെയിടയിൽ, വാസ്തവത്തിൽ മക്കൾ ഭവനത്തിന്റെ അനുഗ്രഹമാണെന്ന് കണക്കാക്കപ്പെടുന്നു. ഒരു മമനുഷ്യന്റെ കുടുംബം എത്ര വലുതാണെങ്കിൽ തന്നെയും അയാൾ അതിന്റെ വർദ്ധനവിനുവേണ്ടിയുള്ള പ്രാർത്ഥന ഒരിക്കലും നിർത്തുന്നില്ല,” എന്ന് ഹിന്ദു മാനേഴ്സ്, കസ്ററംസ് ആൻഡ് സെറിമണീസ് എന്ന പുസ്തകം പറയുന്നു. എന്നിരുന്നാലും, ഒരു മതപരമായ നിലപാടിൽ കുടുംബനാഥൻ കൂടുതൽ വിലകൽപിക്കുന്നത് ആൺകുട്ടിക്കാണ്. “തന്റെ ശവസംസ്കാരത്തോടു ബന്ധപ്പെട്ട അന്ത്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ ഒരു മകനോ കൊച്ചുമകനോ ഇല്ലാതിരിക്കുന്നതിനോടു തുല്യമായ ഒരു ഭാഗ്യദോഷമില്ല,” എന്ന് ആ പുസ്തകം തുടർന്ന് വിവരിക്കുന്നു. “അത്തരം ഒരു നഷ്ടം മരണാനന്തരം മോക്ഷം പ്രാപിക്കുന്നതിനെ തടയാൻ കഴിവുള്ളതായി ഗണിക്കപ്പെടുന്നു.”
പൂർവ്വീകാരാധന അല്ലെങ്കിൽ ശ്രാദ്ധം നടത്തുന്നതിനും പുത്രൻമാർ ആവശ്യമാണ്. “ഒരു മകനെങ്കിലും ഏറെക്കുറെ അത്യന്താപേക്ഷിതമായിരുന്നു,” എന്ന് ദ വണ്ടർ ദാററ് വാസ് ഇന്ത്യ എന്ന പുസ്തകത്തിൽ ഏ. എൽ. ബഷാം എഴുതുന്നു. “ഹൈന്ദവ ഇന്ത്യയുടെ തീവ്രമായ കുടുംബവികാരം പുത്രൻമാർക്കുവേണ്ടിയുള്ള അഭിലാഷം വർദ്ധിപ്പിച്ചു, അവരില്ലെങ്കിൽ വംശം അപ്രത്യക്ഷമാകും.”
മതവിശ്വാസങ്ങളോടൊപ്പം, പുത്രൻമാർക്കുവേണ്ടിയുള്ള അഭിലാഷത്തെ സ്വാധീനിക്കുന്ന ഒരു സാംസ്കാരിക ഘടകം ഇന്ത്യയിലെ പരമ്പരാഗതമായ കൂട്ടുകുടുംബ ക്രമീകരണമാണ്, അതനുസരിച്ച് വിവാഹിതരായ പുത്രൻമാർ തങ്ങളുടെ മാതാപിതാക്കളോടുകൂടെ തുടർന്നും താമസിക്കുന്നു. “പുത്രിമാർ വിവാഹിതരായി അവരുടെ ഭർത്തൃബന്ധുക്കളുടെ ഭവനങ്ങളിൽ താമസിക്കാൻ പോകുന്നു, എന്നാൽ പുത്രൻമാർ മാതാപിതാക്കളോടുകൂടെ വീട്ടിൽ നിൽക്കുന്നു; മാതാപിതാക്കളുടെ പ്രായാധിക്യത്തിൽ പുത്രൻമാർ അവരെ നോക്കാൻ അവർ പ്രതീക്ഷിക്കുകയും ചെയ്യുന്നു,” എന്ന് ബോംബെ മുൻസിപ്പൽ കോർപറേഷനിൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിലെ ഡോ. ലളിത എസ്. ചോപ്ര വിശദീകരിക്കുന്നു. “ഇതാണ് അവരുടെ സുരക്ഷിതത്വം. രണ്ടു പുത്രൻമാരുള്ള മാതാപിതാക്കൾക്ക് ഭദ്രത തോന്നുന്നു. അപ്പോൾ യുക്ത്യാനുസൃതം, ഒരു ദമ്പതികൾ രണ്ടു മക്കളുടെ നിശ്ചിത പരിധിയിൽ എത്തുകയും രണ്ടു പേരും പെൺമക്കളായിരിക്കുകയും ചെയ്യുന്നെങ്കിൽ അവർ ഒരു പുത്രനുവേണ്ടി തുടർന്നും ശ്രമിച്ചുകൊണ്ടിരിക്കാൻ സകലസാദ്ധ്യതയുമുണ്ട്.”
തത്ത്വത്തിൽ എല്ലാ മക്കളും ദൈവദത്തമായി വീക്ഷിക്കപ്പെടുന്നെങ്കിലും അനുദിനജീവിതത്തിലെ യാഥാർത്ഥ്യങ്ങൾ മറിച്ചുപറയുന്നു. “പെൺമക്കൾക്ക് ചികിത്സാസംബന്ധമായ അവഗണന പ്രകടമാണ്,” എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടുചെയ്യുന്നു. “അവരുടെ അതിജീവനം കുടുംബത്തിന്റെ അതിജീവനത്തിന് യഥാർത്ഥത്തിൽ പ്രാധാന്യമുള്ളതായി പരിഗണിക്കപ്പെടുന്നില്ല.” ആ റിപ്പോർട്ട്, ലിംഗ-നിർണ്ണയ പരിശോധനകളെ തുടർന്ന് അലസിപ്പിച്ചുകളഞ്ഞ 8,000 ഗർഭസ്ഥ ശിശുക്കളിൽ 7,999-ഉം പെണ്ണായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ബോംബെയിൽ നടത്തപ്പെട്ട ഒരു സർവ്വെയെ പരാമർശിക്കുന്നു.
ക്ലേശകരമായ ഒരു പോരാട്ടം
“കുടുംബത്തിൽ, എത്ര കുട്ടികൾ ഉണ്ടായിരിക്കണമെന്നും കുടുംബത്തിന്റെ വലിപ്പം എന്തായിരിക്കണമെന്നും തീരുമാനിക്കുന്നത് സാധാരണഗതിയിൽ പുരുഷനാണ്,” എന്ന് ബോംബെ മുൻസിപ്പൽ കോർപറേഷനിലെ എക്സിക്യൂട്ടീവ് ഹെൽത്ത് ഓഫീസറായ ഡോ. എസ്. എസ്. സബ്നിസ് ഒരു അഭിമുഖത്തിൽ വിശദീകരിക്കുന്നു. ഒരു സ്ത്രീ കുട്ടികൾ തമ്മിൽ കുറെ ഇടവേളയുണ്ടായിരിക്കാനോ കുട്ടികളുടെ എണ്ണം കുറക്കാനോ ആഗ്രഹിച്ചാലും അവൾ അതിന് എതിരായിരുന്നേക്കാവുന്ന ഭർത്താവിന്റെ സമ്മർദ്ദത്തിൻകീഴിലാണ്. “ഇതുകൊണ്ടാണ് ഞങ്ങൾ ചേരികളിൽ പുരുഷൻമാരും സ്ത്രീകളും അടങ്ങുന്ന സംഘത്തെ അയക്കുന്നത്, പുരുഷ ആരോഗ്യ പ്രവർത്തകന് ഭവനത്തിലുള്ള പിതാവിനോടു സംസാരിക്കാനും കുട്ടികൾ കുറവാണെങ്കിൽ നല്ല പരിപാലനം നൽകാൻ കഴിയുമെന്നു മനസ്സിലാക്കാൻ അയാളെ സഹായിച്ചുകൊണ്ട് കുടുംബത്തിന്റെ വലിപ്പം നിയന്ത്രിക്കാൻ പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന പ്രതീക്ഷയിൽ തന്നെ.” എന്നാൽ നാം കണ്ടുകഴിഞ്ഞതുപോലെ തടസ്സങ്ങൾ പലതാണ്.
“ദരിദ്രരായ ആളുകളുടെയിടയിൽ ശോചനീയമായ ജീവിതാവസ്ഥകൾ നിമിത്തം ശിശുമരണനിരക്ക് ഉയർന്നതാണ്,” എന്ന് ഡോ. സബ്നിസ് പറയുന്നു. “അതുകൊണ്ട് ചിലർ മരിക്കുമെന്ന് അറിയുന്നതിനാൽ തീർച്ചയായും അനേകം മക്കൾ ഉണ്ടായിരിക്കാനുള്ള ഒരു അഭിലാഷം ഉണ്ട്.” എന്നാൽ മക്കളെ പരിരക്ഷിക്കുന്നതിന് ഒന്നും ചെയ്യുന്നില്ലതാനും. അവർ നോക്കാൻ ആരുമില്ലാതെ അലഞ്ഞുനടക്കുകയോ ഭിക്ഷയാചിക്കുകയോ ഒരുപക്ഷേ ആഹാരത്തിനുവേണ്ടി ഉച്ചിഷ്ടങ്ങൾക്കിടയിൽ തെരയുകയോ ചെയ്യുന്നു. മാതാപിതാക്കളോ? “അവരുടെ മക്കൾ എവിടെയാണെന്ന് അവർക്കറിയില്ല,” എന്ന് ഡോ. സബ്നിസ് വിലപിക്കുന്നു.
ഇന്ത്യയിൽ പരസ്യങ്ങൾ മിക്കപ്പോഴും, നന്നായി പരിപാലിക്കപ്പെടുന്ന രണ്ടു മക്കളോടുകൂടെ, സാധാരണഗതിയിൽ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും, ജീവിതം ആസ്വദിക്കുന്ന സന്തുഷ്ടരും സമ്പന്നരുമായ ഒരു ദമ്പതികളെ വരച്ചുകാട്ടുന്നു. സമൂഹത്തിന്റെ ഈ തട്ടിലാണ്—മദ്ധ്യ വർഗ്ഗം—രണ്ടു കുട്ടികൾ എന്ന ആശയത്തിന് പൊതുവിൽ നല്ല സ്വീകാര്യമുള്ളത്. എന്നാൽ ‘ഞങ്ങളുടെ അപ്പനോ വല്ല്യപ്പനോ 10-ഓ 12-ഓ മക്കൾ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് എന്തുകൊണ്ട് ആയിക്കൂടാ? ഞങ്ങൾ എന്തിന് രണ്ടായി കുറക്കണം?’ എന്ന് ന്യായവാദം ചെയ്യുന്ന ദരിദ്രരുടെ മനസ്സിൽ അതു കയറുന്നില്ല. ഇന്ത്യയിലെ ഈ ദരിദ്ര ഭൂരിപക്ഷത്തിന്റെ ഇടയിലാണ് ജനസംഖ്യ നിയന്ത്രിക്കാനുള്ള ഉദ്യമം ക്ലേശകരമായ ഒരു പോരാട്ടത്തെ അഭിമുഖീകരിക്കുന്നത്. “ജനങ്ങൾ ഇപ്പോൾ ചെറുപ്പവും ഗർഭധാരണ പ്രായത്തിലും ആണ്,” എന്ന് ഡോ. ചോപ്ര ഗൗരവമായി ചിന്തിക്കുന്നു. “ഇത് തോൽക്കുന്ന ഒരു പോരാട്ടമാണെന്നു തോന്നുന്നു. ഞങ്ങൾക്ക് ബൃഹത്തായ വേല തൊട്ടുമുമ്പിലുണ്ട്.” (g91 11/8)