യുവജനങ്ങൾ ചോദിക്കുന്നു. . .
ദൈവം എന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നുവോ?
“എന്റെ പ്രാർത്ഥനക്കു യഹോവ ഉത്തരം നൽകുന്നുണ്ടെന്നു ഞാനറിയേണ്ടിയിരിക്കുന്നു”, എന്നു പതിനൊന്നുകാരിയായ സാൻഡ്ര പറയുന്നു, “എന്തുകൊണ്ടെന്നാൽ അവൻ അങ്ങനെ ചെയ്യുന്നുവോയെന്ന് എനിക്കുറപ്പില്ല”. ഇതേ പ്രശ്നമുള്ള വേറെ പല യുവജനങ്ങളേയും എനിക്കറിയാം. പതിനഞ്ചുവയസ്സുകാരിയായ ആലിസക്കു പ്രാർത്ഥനാ സംബന്ധമായി ഒരു സമാനമായ പ്രശ്നം ഒരിക്കലുണ്ടായിരുന്നു. അവൾ സമ്മതിച്ചുപറയുന്നു, “പലപ്പോഴും ഞാൻ എന്നോടുതന്നെ സംസാരിക്കുന്നതായി എനിക്കുതോന്നി”.
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയെട്ടിലെ ഒരു ഗാലപ്പ് സർവ്വെ അനുസരിച്ച്, ഐക്യനാടുകളിലെ കൗമാരപ്രായക്കാരിൽ 87 ശതമാനം ഒരിക്കൽ അല്ലെങ്കിൽ മറെറാരിക്കൽ പ്രാർത്ഥിച്ചിരുന്നു, എന്നാൽ പകുതിയിൽ താഴെ ആളുകളേ ക്രമമായി പ്രാർത്ഥിച്ചിരുന്നു. തങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുന്നേയില്ലെന്നു ചിലർക്കു തോന്നുന്നതായി കാണപ്പെടുന്നു. ചിലപ്പോൾ ഇതുപോലെ നിങ്ങളുടെ പ്രാർത്ഥനയും ആരും ശ്രദ്ധിക്കുന്നില്ലെന്നുള്ള തോന്നൽ നിങ്ങൾക്കുണ്ടായേക്കാം. എന്നാലും, വിശ്വാസത്തിന്റെ ഒരു ആത്മാർത്ഥമായ പ്രാർത്ഥന ഒരുവൻ അർപ്പിക്കുമ്പോൾ, “പ്രാർത്ഥന കേൾക്കുന്നവൻ” ശ്രദ്ധിക്കുന്നുവെന്നു ബൈബിൾ നമുക്ക് ഉറപ്പുനൽകുന്നു! (സങ്കീർത്തനങ്ങൾ 65:2) അവൻ വെറുമൊരു നിഷ്ക്രിയ ശ്രോതാവ്—മര്യാദയോടെ കേൾക്കുന്നുവെങ്കിലും പ്രതികരണമായി ഒന്നുംതന്നെ ചെയ്യാത്തവൻ—അല്ല എന്നു നിങ്ങൾ എങ്ങനെയാണ് അറിയുന്നത്?
ദൈവത്തെ പ്രാർത്ഥന കേൾക്കുന്നവൻ എന്നു സംബോധന ചെയ്തതിനുശേഷം, സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ രക്ഷയാം ദൈവമേ, നീ ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങൾക്ക് ഉത്തരമരുളും.” (സങ്കീർത്തനങ്ങൾ 66:5, NW; സങ്കീർത്തനങ്ങൾ 66:19, 20 താരതമ്യം ചെയ്യുക) അപ്പോൾ, എന്തുകൊണ്ടാണു തങ്ങളുടെ പ്രാർത്ഥനകൾ ഉത്തരം കിട്ടാതെ പോകുന്നതായി ചിലർക്കു തോന്നുന്നത്?
പ്രാർത്ഥനക്കുള്ള മാർഗ്ഗതടസ്സങ്ങൾ
ദൈവവുമായി ഒരു യഥാർത്ഥ ബന്ധത്തിന്റെ അഭാവമായിരിക്കാം കാരണം. ചില യുവജനങ്ങൾ അവന്റെ അസ്തിത്വത്തിൽപോലും സംശയിക്കുന്നു. മററുള്ളവർ വിശ്വസിക്കുന്നുണ്ടെങ്കിലും അവനെ ഒരു വിദൂര, നിഗൂഢ വ്യക്തിയായിട്ടാണു കാണുന്നത്. പ്രാർത്ഥന വളരെ അടിയന്തിരഘട്ടത്തിൽ മാത്രം ഉപയോഗിക്കുന്ന അററകൈ ആയിത്തീരുന്നു. “ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു,” എന്ന് ഒരു കത്തോലിക്കായുവാവ് അവകാശപ്പെടുന്നു. “ഞാൻ കുഴപ്പത്തിലാകുമ്പോഴും എനിക്കു സഹായമാവശ്യമുള്ളപ്പോഴുമെല്ലാം ഞാൻ അവന്റെ സഹായം തേടുന്നു.” വേറൊരു യുവതി തുറന്നുപറഞ്ഞു: “ചിലപ്പോൾ എന്തെങ്കിലും യഥാർത്ഥത്തിൽ ആഗ്രഹിക്കുമ്പോൾ മാത്രം ഞാൻ പ്രാർത്ഥിക്കുന്നു.”
എന്നിരുന്നാലും വിശ്വാസം, ആദരവ്, ഭക്തി, ആശ്രയം എന്നിവയുടെ ഒരു പ്രകടനമായിരിക്കണം പ്രാർത്ഥന—അല്ലാതെ നൈരാശ്യത്തിന്റെയോ സ്വാർത്ഥമോഹത്തിന്റെയോ ആയിരിക്കരുത്. അതുപോലെ പ്രാർത്ഥിക്കുമ്പോൾ ദൈവം അസ്തിത്വത്തിൽ ഉണ്ടായിരുന്നേക്കാം എന്നു നിങ്ങൾ വിചാരിക്കുന്നതുകൊണ്ടു മതിയാകുന്നില്ല. “ദൈവത്തെ സമീപിക്കുന്നവൻ, അവൻ സ്ഥിതിചെയ്യുന്നുവെന്നും തന്നെ ഉത്സാഹത്തോടെ അന്വേഷിക്കുന്നവരുടെ പ്രതിഫലദായകനായിത്തീരുന്നുവെന്നും വിശ്വസിക്കേണ്ടതാണ്” എന്നും ബൈബിൾ പറയുന്നു. (എബ്രായർ 11:6, NW) സംശയക്കാർക്കു തങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്നില്ല. (യാക്കോബ് 1:6-8) യഹോവ, തന്നെ അറിയാനും സ്നേഹിക്കാനും ഇടവന്നവരെ ശ്രദ്ധിക്കുന്നു; അവർ അടിയന്തിര ഘട്ടങ്ങളിലേക്കു പ്രാർത്ഥന കരുതിവയ്ക്കുന്നില്ല. 1 തെസ്സലൊനീക്യർ 5:17 ഉപദേശിക്കുന്നതുപോലെ, അവർ “ഇടവിടാതെ പ്രാർത്ഥിക്കുന്നു,” അല്ലെങ്കിൽ ഒരു അമേരിക്കൻ ഭാഷാന്തരം പറയുന്നതുപോലെ, അവർ “പ്രാർത്ഥിക്കുന്നത് ഒരിക്കലും വിട്ടുകളയുന്നില്ല.”
ദുഃഖകരമെന്നു പറയട്ടെ, ചില ക്രിസ്തീയ യുവജനങ്ങൾ യഹോവയെ അറിയാൻ ഇടയായിട്ടുണ്ടെങ്കിലും അവനുമായി ഒരു സൗഹൃദബന്ധം യഥാർത്ഥത്തിൽ വികസിപ്പിച്ചെടുത്തിട്ടില്ല. (സങ്കീർത്തനങ്ങൾ 25:14) അവരുടെ പ്രാർത്ഥനകൾ, എണ്ണത്തിൽ ചുരുക്കവും നീണ്ട ഇടവേളക്കുശേഷമുള്ളതും വ്യക്തിഗതമല്ലാത്തതും ആത്യന്തികമായി ഉത്തരം കിട്ടാത്തതുമായിരിക്കാൻ പ്രവണതയുള്ളതും ആണ്. നിങ്ങളുടെ പ്രാർത്ഥനകളേപ്പററി ഇതു ശരിയാണോ? അങ്ങനെയെങ്കിൽ, ദൈവത്തെ ഗ്രഹിച്ചുകൊണ്ട് ‘അവനോട് അടുത്തു ചെല്ലുവിൻ. . .’ (യാക്കോബ് 4:8) നേരത്തെ പ്രസ്താവിച്ച, ആലിസ എന്ന യുവതിക്കു യഹോവയെപ്പററി സംശയങ്ങളുണ്ടായിരുന്നു. എന്നാൽ വ്യക്തിപരമായ ബൈബിൾപഠനം അവളുടെ സംശയങ്ങളെ ക്രമേണ നീക്കിക്കളയാനും ദൈവവുമായി ഒരു ബന്ധം വികസിപ്പിക്കാനും അവളെ സഹായിച്ചു.
ഒരുവന്റെ മനോഭാവവും പെരുമാററവും പ്രാർത്ഥനക്കുള്ള മുഖ്യ മാർഗ്ഗതടസ്സങ്ങളാകാൻ സാധിക്കും. സങ്കീർത്തനക്കാരൻ പറഞ്ഞു: “ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവു, [യഹോവ, NW] കേൾക്കയില്ലായിരുന്നു.” (സങ്കീർത്തനങ്ങൾ 66:18; സദൃശവാക്യങ്ങൾ 15:29) നിങ്ങൾ മയക്കുമരുന്നുപയോഗിക്കുകയോ, പുകവലിക്കുകയോ, തരംതാഴ്ന്ന സംഗീതം ശ്രദ്ധിക്കുകയോ, അല്ലെങ്കിൽ ലൈംഗിക ദുർവൃത്തിയിൽ ഏർപ്പെടുകയോ ഇങ്ങനെ ദൈവത്തിന് അനിഷ്ടകരമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കെ അവൻ നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകാൻ പ്രതീക്ഷിക്കുന്നതു ന്യായയുക്തമാണോ? തീർച്ചയായും അല്ല. അതുകൊണ്ടു കപടജീവിതം നയിക്കുന്ന, കാപട്യത്തോടെ ‘തങ്ങൾ ആയിരിക്കുന്നതു മറയ്ക്കുന്ന’ ആളുകളുടെ പ്രാർത്ഥനകൾ യഹോവ തള്ളിക്കളയുന്നു. (സങ്കീർത്തനങ്ങൾ 26:4, NW) “നിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും” ചെയ്യുന്നവനെ മാത്രമേ അവൻ ശ്രദ്ധിക്കുന്നുള്ളു. (സങ്കീർത്തനങ്ങൾ 15:1, 2) അതുകൊണ്ടു പ്രാർത്ഥിക്കുമ്പോൾ നിങ്ങളോടുതന്നെ സംസാരിക്കുന്നതായിട്ടുള്ള തോന്നൽ നിങ്ങൾക്കുണ്ടാകുന്നെങ്കിൽ, നിങ്ങളുടെ ജീവിതത്തെ ശ്രദ്ധാപൂർവ്വം വിലയിരുത്തുക. ഒരുപക്ഷേ നിങ്ങൾ ചില മാററങ്ങൾ വരുത്തേണ്ടിയിരിക്കുന്നു.
പ്രാർത്ഥനയുടെ ദുരുപയോഗങ്ങൾ
എപ്രകാരമുള്ള കാര്യങ്ങളാണു നിങ്ങൾക്കു ദൈവത്തോടു അപേക്ഷിക്കാവുന്നത്? “നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും” എന്ന് യേശു നമുക്ക് ഉറപ്പുതന്നു. (യോഹന്നാൻ 16:23) ആ മോഹിപ്പിക്കുന്ന വാക്ക്—ഒക്കെയും! ദൈവം യഥാർത്ഥത്തിൽ നിങ്ങളുടെ ഏത് ആജ്ഞയേയും അനുസരിക്കാൻ തയ്യാറായിനിൽക്കുന്ന, വിളിക്കുന്നവനെ സേവിക്കുന്ന ഒരുതരം കുട്ടിച്ചാത്തനേപ്പോലെ ആണോ? അവൻ നിങ്ങളുടെ ഓരോ അപേക്ഷയും, നിസ്സാരമായവ പോലും നിറവേററുമോ? യേശു തന്റെ യാതനാപൂർണ്ണമായ മരണത്തിനു വെറും മണിക്കൂറുകൾക്കുമുമ്പാണ് ഈ വാക്കുകൾ പറഞ്ഞത്. തീർച്ചയായും മൂഢമായ സംഗതികളല്ല അവന്റെ മനസ്സിൽ ഉണ്ടായിരുന്നത്! ആയതിനാൽ യാക്കോബ് 4:3, പ്രാർത്ഥന ദുരുപയോഗപ്പെടുത്തുന്നതിനെതിരെ മുന്നറിയിപ്പു നൽകുന്നു. അതു പറയുന്നു: “നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല.”
പ്രാർത്ഥനയുടെ പദവിയെ ഇന്നു പലരും ദുരുപയോഗപ്പെടുത്തുന്നു. ഒരു സ്കൂൾ ബാസ്ക്കററ്ബോൾ ടീം ഓരോ കളിക്കുംശേഷം കളിസ്ഥലത്തിന്റെ നടുവിൽ മുട്ടുകുത്തി നിന്നുകൊണ്ട് ഒരു പ്രാർത്ഥന ഉരുവിടുന്നു. എന്നാൽ ദൈവം ഒരു ബാസ്ക്കററ്ബോൾ ഭ്രമക്കാരനാണെന്നോ അവൻ ഒരു മത്സരക്കളിയെ സ്വാധീനിക്കാൻമാത്രം അധഃപതിക്കും എന്നോ നിങ്ങൾ യഥാർഥത്തിൽ വിചാരിക്കുന്നുണ്ടോ? (ഗലാത്യർ 5:26 താരതമ്യം ചെയ്യുക.) അല്ലെങ്കിൽ റിപ്പോർട്ടനുസരിച്ചു ഷൂസിനുവേണ്ടി പ്രാർത്ഥിക്കുന്ന സ്ത്രീയേക്കുറിച്ചെന്ത്? അവർ പറയുന്നു: “ചിലപ്പോൾ ഒരു ചെരിപ്പുകടയിൽ എനിക്കുചേരുന്ന ഒന്നോ രണ്ടോ ജോടി മാത്രമേ മിച്ചം കാണുകയുള്ളു. അപ്പോൾ എന്റെ കൈവശം പണമില്ലെങ്കിൽ, തിരികെ വരുമ്പോൾ അവ അവിടെ ഉണ്ടായിരിക്കുമെന്ന് ഉറപ്പുവരുത്താൻ ഞാൻ ദൈവത്തോടു യാചിക്കും.” ഇപ്പോൾ, ആവശ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നത് ഒരു കാര്യവും—ദൈവം നിങ്ങളുടെ സാധനങ്ങൾ വാങ്ങാൻ പ്രതീക്ഷിക്കുന്നതു തികച്ചും വേറൊരു കാര്യവുമാണ്.
അതേരീതിയിൽ, അർഹിക്കുന്ന ശിക്ഷയിൽനിന്നോ ശിക്ഷണത്തിൽനിന്നോ നിങ്ങളെ ഒഴിവാക്കാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നത് അനുചിതവും വ്യർത്ഥവുമായിരിക്കും. (എബ്രായർ 12:7, 8, 11) ഒട്ടുംതന്നെ തയ്യാറാകാൻ നിങ്ങൾ മെനക്കെടാത്ത ഒരു പരീക്ഷയിൽ നല്ല മാർക്കു നൽകാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നുവെങ്കിൽ അതിലും വലിയ വിജയം കിട്ടാൻപോകുന്നില്ല.—ഗലാത്യർ 6:7 താരതമ്യം ചെയ്യുക.
“അവന്റെ ഇഷ്ടപ്രകാരം” ഉള്ള പ്രാർത്ഥനകൾ
അപ്പോസ്തലനായ യോഹന്നാൻ പ്രാർത്ഥനയേപ്പററി ഒരു പ്രധാന പ്രമാണം വിവരിക്കുന്നു: “അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.” (1 യോഹന്നാൻ 5:14) യേശുവിന്റെ മാതൃകാപ്രാർത്ഥന (കർത്താവിന്റെ പ്രാർത്ഥന) അങ്ങനെയുള്ള ഒരു പ്രാർത്ഥനയിൽ ഉൾപ്പെടുത്താവുന്ന ചില കാര്യങ്ങൾ വിശദീകരിക്കുന്നു. അവൻ (1) ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കപ്പെടുന്നതിനുവേണ്ടിയും (2) ദൈവത്തിന്റെ രാജ്യം വരുന്നതിനുവേണ്ടിയും (3) ദൈവത്തിന്റെ ഇഷ്ടം നടപ്പിലാകുന്നതിനുവേണ്ടിയും (4) ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾ നിറവേററുന്നതിനുവേണ്ടിയും (5) സാത്താന്റെ കെണികൾ ഒഴിവാക്കുന്നതിൽ സഹായത്തിനുവേണ്ടിയും പ്രാർത്ഥിച്ചു.—മത്തായി 6:9-13.
ഈ ചട്ടക്കൂടിനുള്ളിൽ പ്രാർത്ഥനക്ക് ഉചിതമായ പല വിഷയങ്ങളുണ്ട്. വാസ്തവത്തിൽ 1 പത്രൊസ് 5:7 ക്രിസ്ത്യാനികളെ, ‘ദൈവം നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ’ എന്നു പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ ജീവിതത്തിന്റെ മിക്കവാറും എല്ലാ വശങ്ങളെപ്പററിയും പ്രാർത്ഥിക്കുന്നത് ഉചിതമാണെന്നാണ് അതിന്റെ അർത്ഥം. പാഠ്യപദ്ധതി തെരഞ്ഞെടുക്കുന്നതുപോലെ എന്തെങ്കിലും ഒരു തീരുമാനം നിങ്ങൾക്ക് എടുക്കേണ്ടതായിട്ടുണ്ടോ? അപ്പോൾ ദിവ്യജ്ഞാനത്തിനുവേണ്ടി പ്രാർത്ഥിക്കുക. (യാക്കോബ് 1:5) നിങ്ങൾ ചില മൗഢ്യമായ തെററു വരുത്തിയോ? എങ്കിൽ ദൈവത്തോടു ക്ഷമ യാചിക്കുക.—യെശയ്യാവ് 55:7; 1 യോഹന്നാൻ 1:9.
എന്നാൽ പ്രാർത്ഥനെക്കു ചേർച്ചയിൽ നിങ്ങൾ പ്രവർത്തിക്കണം. ക്ലിൻറ് എന്ന യുവാവിനെപ്പററി പരിഗണിക്കുക. ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയതിനുശേഷം അവൻ ഒരു മുഴുസമയ സുവാർത്താപ്രചാരകനായിത്തീർന്നു. മാസങ്ങളോളം, ബൈബിൾ പഠിക്കുന്നതിൽ താത്പര്യമുള്ള ആരെയും അവൻ കണ്ടെത്തിയില്ല. അതിനാൽ അവൻ ഇതു പ്രാർത്ഥനയിൽ ഉൾപ്പെടുത്തി. എന്നിരുന്നാലും, ഒരു ബൈബിൾ വിദ്യാർത്ഥി മാനത്തുനിന്നും പൊട്ടിവീഴാനായി അവൻ കാത്തിരുന്നില്ല. അവൻ ശുഷ്കാന്തിയോടെ വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുക്കുകയും ക്രമേണ ബൈബിൾ പഠിക്കാൻ സന്നദ്ധരായ കുറെ ആളുകളെ കണ്ടെത്തുകയും ചെയ്തു.
ദൈവം എങ്ങനെ ഉത്തരം നൽകുന്നു
ചിലപ്പോൾ പ്രാർത്ഥനയുടെ ക്രിയതന്നെ സഹായകമാണ്. സാൻഡി എന്ന യുവതി സ്വയംഭോഗത്തിന്റെ പ്രശ്നത്തോടു പോരാടുകയായിരുന്നു. അവൾ പറയുന്നു: “പ്രാർത്ഥിക്കുന്നതും യഹോവയെ വിളിക്കുന്നതും എന്നെ സഹായിക്കുന്നു, കാരണം സ്വയംഭോഗം ചെയ്യാതിരിക്കാൻ അവനോടു സഹായം അഭ്യർത്ഥിച്ചതിനുശേഷം അതു ചെയ്യാതിരിക്കുകയായിരിക്കും ഭേദം എന്നെനിക്കറിയാം.”
എന്നാലും ചിലയവസരങ്ങളിൽ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം തരാനായി ദൈവം സംഭവങ്ങളെ തിരിച്ചുവിടുന്നതായി തോന്നുന്നു. ഒരിക്കൽ തന്റെ ചെറു ബൈബിൾ പ്രസംഗനിയമനം നടത്താൻ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ ബാലനായ കെനിന് എത്തേണ്ടതുണ്ടായിരുന്നു. നിർഭാഗ്യവശാൽ, അവനു യാത്രാസൗകര്യം നൽകുവാൻ ആരുമില്ലായിരുന്നു. ഈ കാര്യത്തേപ്പററി അവൻ ഉത്ക്കടമായി പ്രാർത്ഥിച്ചു. അൽപ്പനേരത്തിനുശേഷം, വിരളമായി സന്ദർശിക്കാറുള്ള അവന്റെ മൂത്ത സഹോദരി എത്തി. അവന്റെ മതത്തിൽ താത്പര്യം ഇല്ലാതിരുന്നിട്ടും അവൾ അവനെ കൊണ്ടുപോയി. അവന്റെ പ്രാർത്ഥനയുടെ ഒരു നേരിട്ടുള്ള ഉത്തരമോ? ഒരുപക്ഷേ ആയിരിക്കാം. എന്തായിരുന്നാലും, കാര്യങ്ങൾ നമ്മുടെ പ്രയോജനത്തിൽ കലാശിക്കുമ്പോൾ ദൈവത്തിനു നന്ദികൊടുക്കുന്നത് എപ്പോഴും ഉചിതമാണ്. “എല്ലാററിന്നും സ്തോത്രം ചെയ്വിൻ” എന്നു പൗലോസ് പ്രബോധിപ്പിക്കുന്നു.—1 തെസ്സലൊനീക്യർ 5:18.
എന്നാൽ ഏതെങ്കിലും നാടകീയമായ വിധത്തിൽ നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകാൻ ദൈവത്തിൽനിന്നു പ്രതീക്ഷിക്കരുത്. നിങ്ങൾക്കു സംഭവിക്കുന്ന ഓരോ ചെറിയ കാര്യത്തേയും ദൈവേഷ്ടത്തിന്റെ പ്രകടനമായി നിങ്ങൾ വ്യാഖ്യാനിക്കയുമരുത്. നമ്മുടെ പ്രാർത്ഥനകൾക്കു മിക്കപ്പോഴും ഉത്തരം കിട്ടുന്നതു നിഗൂഢമായ വിധങ്ങളിലാണ്: നിങ്ങൾ ബൈബിളിൽനിന്നോ ബൈബിൾ പ്രസിദ്ധീകരണങ്ങളിൽനിന്നോ എന്തെങ്കിലും വായിക്കുന്നു; മാതാവോ പിതാവോ ഒരു സഹക്രിസ്ത്യാനിയോ നിങ്ങൾക്കു നല്ല ഉപദേശം തരുന്നു. നിങ്ങൾക്കുവേണ്ടിയുള്ള ദൈവേഷ്ടം എന്താണെന്നു നിശ്ചയിക്കാൻ വിവേചന വേണ്ടിവന്നേക്കാമെന്നു സമ്മതിക്കുന്നു. സമയമനുവദിച്ചാൽ കാര്യങ്ങൾ മിക്കപ്പോഴും പരിഹരിക്കപ്പെടും.
അതെ, സമയം! നിങ്ങൾക്കു തോന്നുമ്പോൾ ദൈവം ഒരുത്തരം പ്രദാനം ചെയ്യാൻ പ്രതീക്ഷിക്കരുത്. “യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു,” എന്നു യിരെമ്യാവ് എഴുതി. (വിലാപങ്ങൾ 3:26) അതിനുപുറമേ, നിങ്ങൾ ഇഷ്ടപ്പെടുന്ന ഉത്തരം ലഭിക്കുമെന്നു നിങ്ങൾക്ക് ഉറപ്പുനൽകപ്പെട്ടിട്ടില്ല. “ജഡത്തിൽ ഒരു ശൂലം” എന്ന് അപ്പോസ്തലനായ പൗലോസ് വിളിച്ച പ്രശ്നം ദൂരീകരിക്കാൻ ദൈവത്തോടു മൂന്നു പ്രാവശ്യം അവൻ യാചിച്ചു. ദൈവത്തിന്റെ ഉത്തരം ഇല്ല എന്നായിരുന്നു. (2 കൊരിന്ത്യർ 12:7-9) എന്നിരുന്നാലും, പ്രാർത്ഥനയുടെ ദാനത്തോടുള്ള തന്റെ വിലമതിപ്പു വിടാതെ, പൗലോസ് യഹോവയുടെ സേവനത്തിൽ തുടർന്നു. “പ്രാർത്ഥനയിൽ ഉററിരിപ്പിൻ” എന്നെഴുതിയത് അവനായിരുന്നു. (കൊലൊസ്സ്യർ 4:2) ആയതിനാൽ “ചോദിച്ചുകൊണ്ടേയിരിപ്പിൻ, . . . അന്വേഷിച്ചുകൊണ്ടേയിരിപ്പിൻ, . . . മുട്ടിക്കൊണ്ടേയിരിപ്പിൻ.” (മത്തായി 7:7 NW) അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ ദൈവത്തോടു കൂടുതൽ അടുക്കുകയും നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടുകയും ചെയ്തേക്കാം. (g92 9⁄22)
[ 16-ാം പേജിലെ ചിത്രം]
പ്രാർത്ഥനയിൽ ഭൗതികാവശ്യങ്ങളുടെ നിസ്സാരമായ അപേക്ഷകൾ ഉൾക്കൊള്ളിക്കരുത്