ബഹുമുഖോപയോഗമുള്ള ഒലിവെണ്ണ
ഒലിവെണ്ണ ഒരു പഴച്ചാറാണെന്നു മനസ്സിലാക്കുന്നതു നിങ്ങളെ അതിശയിപ്പിക്കുമോ? നിങ്ങൾ ഒരു മെഡിറററേനിയൻ രാജ്യത്താണു ജീവിക്കുന്നതെങ്കിൽ അതിനിടയില്ല. വാസ്തവത്തിൽ ലോകത്തു നട്ടുവളർത്തുന്ന 80 കോടി ഒലിവുമരങ്ങളിൽ 98 ശതമാനത്തോളവും മെഡിറററേനിയൻ പ്രദേശത്താണെന്നു കണക്കാക്കപ്പെടുന്നു. അവിടെ ഒലിവെണ്ണ ആയിരക്കണക്കിനു വർഷങ്ങളായി ജനങ്ങളുടെ ജീവിതത്തിൽ ഒരു പ്രധാനപങ്കു വഹിച്ചിരിക്കുന്നു.
ലളിതമായിപ്പറഞ്ഞാൽ ഒരു നിത്യഹരിതവൃക്ഷത്തിന്റെ ഫലമാണ് ഒലിവ്, ഒലിവെണ്ണ പ്രധാനമായും ഒലിവിൽനിന്നു പിഴിഞ്ഞെടുക്കുന്നതാണ്. സാവധാനത്തിലുള്ള അതിന്റെ വളർച്ച നിമിത്തം നന്നായി ഫലമുൽപ്പാദിപ്പിക്കുന്നതിന് ഒലിവുമരം പത്തുവർഷമോ അതിൽ കൂടുതലോ എടുക്കുന്നു. അതിനുശേഷം നൂറുകണക്കിനു വർഷത്തേക്ക് അതിനു ഫലം പുറപ്പെടുവിക്കാൻ കഴിയും. ആയിരം വർഷം പഴക്കമുള്ള ഒലിവുമരങ്ങൾ പലസ്തീനിൽ ഉണ്ടെന്നു പറയപ്പെടുന്നു!
ഒലിവിനെ തിരികല്ലിൽ അരച്ചുകൊണ്ട് ഒലിവെണ്ണയുടെ ഉത്പാദനം ആരംഭിക്കുന്നു. അരച്ച് ഒരു കുഴമ്പ് ഉണ്ടാക്കുന്നു. അത് ജലമർദ്ദയന്ത്രങ്ങളിൽ ഒഴിച്ചു ചാറു പിഴിഞ്ഞെടുക്കുന്നു. എന്നിരുന്നാലും ഇതു സാധാരണ പഴച്ചാറല്ല. ഇതു വാസ്തവത്തിൽ എണ്ണയുടെയും വെള്ളത്തിന്റെയും ഒരു മിശ്രിതമാണ്. വെള്ളം നീക്കം ചെയ്തതിനുശേഷം എണ്ണ തരംതിരിച്ച് ഉപയോഗത്തിനു കുപ്പികളിലാക്കി സൂക്ഷിക്കുന്നു.
പുരാതനകാലങ്ങളിലെ അതിന്റെ ഉപയോഗങ്ങൾ
ഒലിവെണ്ണയുടെ ബഹുമുഖ ഉപയോഗം പുരാതനലോകത്തിൽ വിശേഷിച്ചും പ്രകടമായിരുന്നു. ഉദാഹരണത്തിന്, ഈജിപ്ററിൽ ഭാരമേറിയ നിർമ്മാണ വസ്തുക്കൾ നീക്കുമ്പോൾ ഘർഷണം കുറയ്ക്കാൻ ഒലിവെണ്ണ ഉപയോഗിച്ചിരുന്നു. മദ്ധ്യപൂർവ്വദേശത്ത് ഒരു അടിസ്ഥാന ഭക്ഷ്യമെന്നതിനു പുറമേ ഒരു സൗന്ദര്യവർദ്ധകവസ്തുവായും വിളക്കെണ്ണയായും ഇത് ഉപയോഗിച്ചിരുന്നു.
അനേകം ബൈബിൾ രേഖകൾ പ്രകടമാക്കുന്നതുപോലെ ഒലിവെണ്ണ സുഗന്ധദ്രവ്യത്തോടു കൂട്ടിക്കലർത്തി ഒരു ചർമ്മലേപനം എന്ന നിലയിൽ ഉപയോഗിച്ചിരുന്നു. സാധാരണയായി, സൂര്യതാപത്തിൽ നിന്നുള്ള ഒരു സംരക്ഷണമായും കുളികഴിഞ്ഞും അതു ചർമ്മത്തിൽ പുരട്ടിയിരുന്നു. (രൂത്ത് 3:3) അതിഥിയുടെ തലയിൽ ഒലിവെണ്ണ പൂശുന്നത് ആതിഥ്യത്തിന്റെ ഒരു പ്രവൃത്തിയായി കരുതപ്പെട്ടിരുന്നു. (ലൂക്കോസ് 7:44-46) ഈ എണ്ണ ചതവുകളെയും മുറിവുകളെയും സുഖപ്പെടുത്താൻ ഉപയോഗിച്ചിരുന്നതുകൊണ്ടു ചികിത്സാസംബന്ധമായ ഉപയോഗത്തിനും ഉതകി. (യെശയ്യാവ് 1:6; ലൂക്കോസ് 10:33, 34) ഒരു വ്യക്തിയെ ശവസംസ്ക്കാരത്തിന് ഒരുക്കുന്നതിനുള്ള ചേരുവകളിൽ ഒലിവെണ്ണ ഉപയോഗിക്കപ്പെട്ടിരിക്കാനിടയുണ്ട്.—മർക്കൊസ് 14:8; ലൂക്കൊസ് 23:56.
“വിശുദ്ധ അഭിഷേകതൈലം” തയ്യാറാക്കാൻ യഹോവ മോശയോടു നിർദ്ദേശിച്ചപ്പോൾ ചേരുവകളുടെ കൂട്ടത്തിൽ ഏതുതരം എണ്ണയാണ് അവൻ നിർദ്ദേശിച്ചത്? അതെ, ഏററവും ശുദ്ധമായ ഒലിവെണ്ണതന്നെ! മോശ സമാഗമനകൂടാരവും അതിലെ ഉപകരണങ്ങളും വിശുദ്ധപാത്രങ്ങളും സാക്ഷ്യകൂടാരം പോലും അതുകൊണ്ട് അഭിഷേകം ചെയ്തു. ദൈവത്തിന്റെ പുരോഹിതൻമാരായി വിശുദ്ധീകരിക്കപ്പെടുന്നതിന് അഹരോനും അവന്റെ പുത്രൻമാരും ഈ എണ്ണകൊണ്ട് അഭിഷേകം ചെയ്യപ്പെട്ടു. (പുറപ്പാട് 30:22-30; ലേവ്യപുസ്തകം 8:10-12) സമാനമായി, തങ്ങളുടെ ശിരസ്സിൻമേൽ ഒഴിക്കപ്പെട്ട ഒലിവെണ്ണകൊണ്ട് ഇസ്രയേലിലെ രാജാക്കൻമാർ അഭിഷേകം ചെയ്യപ്പെട്ടു.—1 ശമൂവേൽ 10:1; 1 രാജാക്കൻമാർ 1:39.
പുരാതനകാലത്തെ വിളക്കുകളിൽ ഇന്ധനമായി കത്തിച്ചതെന്തായിരുന്നു? പുറപ്പാട് 27:20-ൽ നിങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയും. വീണ്ടും അതു വിവിധോദ്ദേശ്യ ഒലിവെണ്ണ തന്നെയായിരുന്നു! യഹോവയുടെ ആലയത്തിൽ ഏററവും ഉയർന്ന ഗുണനിലവാരമുള്ള ഒലിവെണ്ണ കത്തിച്ചിരുന്ന പത്തു വലിയ നിലവിളക്കുകൾ ഉണ്ടായിരുന്നു. യഹോവയ്ക്ക് അർപ്പിച്ച ഭോജനയാഗത്തോടും “നിരന്തരഹോമയാഗത്തോടും” ബന്ധപ്പെട്ട് ഈ എണ്ണ ഉപയോഗിച്ചിരുന്നു.—പുറപ്പാട് 29:40, 42.
വിലയേറിയ ഒരു ക്രയവസ്തുവായി ഒലിവെണ്ണ കരുതപ്പെട്ടിരുന്നു, ആലയം നിർമ്മിക്കാനുള്ള അസംസ്കൃതവസ്തുക്കളുടെ വിലയുടെ ഭാഗമായിപ്പോലും സോരിലെ ഹീരാം രാജാവിനു ശലോമോൻ രാജാവ് ഇതു കൊടുത്തു. (1 രാജാക്കൻമാർ 5:10, 11) ഇന്ന് ഒരു ഉയർന്ന ഊർജ്ജസമ്പുഷ്ടഭക്ഷ്യമായും ഏററവും എളുപ്പം ദഹിക്കുന്ന കൊഴുപ്പായും ഇതു തിരിച്ചറിയപ്പെടുന്നു, ഒലിവെണ്ണ ഇസ്രയേല്യ ഭക്ഷണക്രമത്തിലെ ഒരു മുഖ്യഘടകമായും വർത്തിച്ചിരുന്നു.
ആധുനിക കാലങ്ങളിൽ
ഇന്ന് ഒലിവെണ്ണ എന്നത്തേതും പോലെ വിവിധ പ്രയോജനങ്ങളുള്ള ഒന്നാണ്. ഇന്ന് ഒലിവെണ്ണകൊണ്ടുള്ള ഉത്പന്നങ്ങൾ സൗന്ദര്യ വർദ്ധകവസ്തുക്കളിലും സോപ്പുകളിലും മരുന്നുകളിലും തുണികളിൽപ്പോലും ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഈ എണ്ണ ഇപ്പോഴും പ്രമുഖമായി ഭക്ഷ്യം എന്നനിലയിൽ ഉപകരിക്കുന്നു. ഇതിന്റെ ജനപ്രീതി യൂറോപ്പിലും മദ്ധ്യപൂർവ്വദേശത്തും അതുല്യമാണ്, എന്നിരുന്നാലും സമീപവർഷങ്ങളിൽ മററുദേശങ്ങളിലും ഇതിനു വർദ്ധിച്ചുവരുന്ന ആവശ്യം ഉണ്ട്.
ഉദാഹരണത്തിന്, കൺസ്യൂമർ റിപ്പോർട്ട്സ് പറയുന്നതനുസരിച്ച് ഐക്യനാടുകളിൽ ഒലിവെണ്ണയുടെ വിൽപ്പന “1985-നും 1990-നും ഇടയ്ക്ക് ഇരട്ടിയിലധികമായി.” എന്തുകൊണ്ട്? ഒരു കാരണം ഒലിവെണ്ണ വിററാമിൻ ഈ-യുടെ ഒരു നല്ല ഉറവാണെന്നു പറയപ്പെടുന്നു എന്നുള്ളതാണ്. ഒലിവെണ്ണയിലെ ഏകഅപൂരിത കൊഴുപ്പുകളുടെ ഉപഭോഗം മോശമായ പാർശ്വഫലങ്ങളില്ലാതെതന്നെ ഹൃദയത്തിനു പ്രയോജനപ്പെട്ടേക്കാമെന്നു സമീപകാലത്തെ നിരവധി പഠനങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. ഒലിവെണ്ണ രക്തസമ്മർദ്ദത്തെ താഴ്ത്തിയേക്കാമെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറച്ചേക്കാമെന്നും മറെറാരു പഠനം അവകാശപ്പെട്ടു.
ഒലിവെണ്ണയിൽ കാണപ്പെടുന്നതുപോലെയുള്ള ഏകഅപൂരിത കൊഴുപ്പുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഉയർന്ന കൊഴുപ്പിന്റെ ആഹാരക്രമം ചില വിദഗ്ദ്ധർ ശുപാർശ ചെയ്തിരിക്കുന്നു. അത്തരം ശുപാർശ “പൊതുതാത്പര്യത്തെ ഉണർത്തി, എന്തെന്നാൽ ഉയർന്ന കൊഴുപ്പുള്ള ഏത് ആഹാരക്രമവും ഹൃദയത്തിനു നല്ലതാണെന്നുള്ള ആശയം മിക്കവാറും പോഷകഗുണം സംബന്ധിച്ച സത്യവിരുദ്ധമായ അഭിപ്രായമായിരുന്നു. ഏകഅപൂരിത കൊഴുപ്പുകൾ പെട്ടെന്നുതന്നെ വർദ്ധിച്ച മാധ്യമശ്രദ്ധ നേടി, ഒലിവെണ്ണയുടെ വിൽപ്പന കുതിച്ചുയർന്നു” എന്നു കൺസ്യൂമർ റിപ്പോർട്ട്സ് കുറിക്കൊണ്ടു.
ഈ അവകാശവാദങ്ങൾ പൊതുവേ അംഗീകരിക്കപ്പെടുന്നുവോ? ഒലിവിലും ചില പരിപ്പുകളിലും പഴങ്ങളിലും കാണപ്പെടുന്ന ഏകഅപൂരിത കൊഴുപ്പുകൾ മററു ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ബഹുഅപൂരിത കൊഴുപ്പുകളേക്കാൾ കൂടുതൽ ആരോഗ്യകരമായ ഒരു തെരഞ്ഞെടുപ്പാണെന്നുള്ള അവകാശവാദത്തെപ്പററി യാതൊരു അഭിപ്രായഭിന്നതയും ഉള്ളതായി തോന്നുന്നില്ല. എന്നിരുന്നാലും മററ് അവകാശവാദങ്ങൾ ഏതാണ്ട് അതിശയോക്തിപരമാണെന്നു ചില ഗവേഷകർക്കു തോന്നുന്നു. ദൃഷ്ടാന്തത്തിനു കൺസ്യൂമർ റിപ്പോട്ട്സ് ഇപ്രകാരം പറയുന്നു: “‘കൊളസ്ട്രോളിനെയും രക്തസമ്മർദ്ദത്തെയും രക്തത്തിലെ പഞ്ചസാരയെയും കുറയ്ക്കാൻ ഒലിവെണ്ണയ്ക്കു കഴിയുമെന്നു വൈദ്യശാസ്ത്രം സ്ഥിരീകരിച്ചതായി’ ചിലർ അഹങ്കരിച്ചു. എന്നാൽ ഡോ. മർഗോ ഡെംഗ് എന്ന ഒരു ഗവേഷകയുടെ വാക്കുകളിൽ, . . .രക്തസമ്മർദ്ദത്തിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും വ്യത്യാസങ്ങൾ പരിഗണിക്കാനാവാത്തവിധം ‘വൈദ്യശാസ്ത്രപരമായി അപ്രധാനമാണ്.’”
ഒരുകൂട്ടം ഗവേഷകർ ഈ ബുദ്ധ്യുപദേശം നൽകി: “‘സാന്ദ്രത കുറഞ്ഞതാണെങ്കിലും’ അല്ലെങ്കിലും എല്ലാ ഒലിവെണ്ണയും 100 ശതമാനം കൊഴുപ്പാണ്, ഒരു ടേബിൾസ്പൂൺ ഒലിവെണ്ണയിൽ ഏതാണ്ട് 125 കലോറി അടങ്ങുകയും ചെയ്യുന്നു. ആ കാരണംകൊണ്ടുമാത്രം ആരോഗ്യപരമായ ഒരാഹാരക്രമത്തിൽ ഒരു പരിമിതമായ പങ്കു മാത്രമേ അതിനു വഹിക്കാൻ കഴിയു. ഒലിവെണ്ണയുടെ സാധ്യതയുള്ള ആരോഗ്യപ്രയോജനങ്ങൾ വെണ്ണയ്ക്കും ജന്തു-സസ്യകൊഴുപ്പുകൾക്കും മററു സസ്യഎണ്ണകൾക്കും പകരം എന്നനിലയിലുള്ള അതിന്റെ ഉപയോഗത്തിൽനിന്നു പൂർണ്ണമായി ലഭിക്കുന്നു—ആ പ്രയോജനങ്ങൾപോലും വേണ്ടതിലധികം എടുത്തുപറഞ്ഞിരിക്കുന്നു.” നല്ല കാരണത്തോടെതന്നെ അന്തർദ്ദേശീയ ഒലിവെണ്ണ സമിതി ഈ മുന്നറിയിപ്പു പ്രസിദ്ധീകരിച്ചു: “ഉത്സാഹത്താൽ ഉണർത്തപ്പെടുന്നതിനും നിങ്ങളുടെ ആഹാരത്തിലേക്കു ലിറററുകണക്കിന് ഒലിവെണ്ണ ചേർക്കുന്നതിനും മുമ്പു മുന്നറിയിപ്പിന്റെ കുറെ വാക്കുകൾ ഉചിതമാണ്. വലിയ അളവിൽ ഒലിവെണ്ണ കഴിക്കുന്നതു നിങ്ങളെ ആരോഗ്യമുള്ളവനായി നിലനിർത്തിയേക്കാം, എന്നാൽ അവശ്യം വണ്ണംകുറഞ്ഞവനായല്ല.”
പുരാതനകാലത്തെന്നപോലെ ഇന്നും ഭക്ഷണത്തിന്റെയും ദൈവത്തിൽ നിന്നുള്ള മററു ദാനങ്ങളുടെയും കാര്യത്തിൽ സംതൃപ്തിയുടെ താക്കോൽ മിതത്വമാണ്. ഇതു മനസ്സിൽ പിടിച്ചുകൊണ്ടു നിങ്ങൾ മെഡിറററേനിയൻ പ്രദേശത്തോ മറെറവിടെയെങ്കിലുമോ ജീവിച്ചാലും ബഹുമുഖോപയോഗമുള്ള ഒലിവെണ്ണയുടെ പ്രയോജനങ്ങളും സന്തോഷവും കൊയ്യുക! (g92 9/22)
[26-ാം പേജിലെ ചിത്രം/ചതുരം]
ഒലിവെണ്ണയുടെ വിവിധ തരങ്ങൾ
O അതീവ ശുദ്ധം: ഏററവും ഉയർന്നതരം ഒലിവെണ്ണയാണിത്. ലായകങ്ങൾ ഉപയോഗിക്കാതെ അതിവിശിഷ്ടഗുണമേൻമയുള്ള ഒലിവുകനിയിൽനിന്നു പിഴിഞ്ഞെടുക്കുന്നു. സാധാരണഊഷ്മാവിൽ പിഴിഞ്ഞെടുക്കുന്നതുകൊണ്ട്, “തണുപ്പിൽ പിഴിയുന്നത്” എന്ന് ഇതു മിക്കപ്പോഴും പരാമർശിക്കപ്പെടുന്നു. ഇതിൽ കൊഴുപ്പുള്ള സ്വതന്ത്ര അപൂരിത അമ്ലത്തിന്റെ അളവു വളരെ കുറവാണ്. ഈ കൊഴുപ്പുള്ള അമ്ലത്തിന് ഒലിവെണ്ണയുടെ സ്വാദിനെ നശിപ്പിക്കാൻ കഴിയും. അതീവ ശുദ്ധമായ ഒലിവെണ്ണ ഏററവും ബഹുവിധരുചിയും പരിമളവും പ്രദാനം ചെയ്യുന്നു.
O ശുദ്ധം: അതീവശുദ്ധ ഒലിവെണ്ണ എടുക്കുന്ന അതേരീതിയിൽതന്നെയാണ് ഇതും എടുക്കുന്നത്, പക്ഷേ ഇതിൽ സ്വതന്ത്ര അപൂരിത അമ്ലത്തിന്റെ ഉയർന്ന അളവുണ്ട്.
O ഒലിവെണ്ണ: അമ്ലഘടകവും ആസ്വാദ്യമല്ലാത്ത രുചിയും നിറവും മണവും ഉള്ളതുകൊണ്ടും “തണുപ്പിൽ പിഴിയുന്ന” എണ്ണയിൽ ചിലതു ഭക്ഷ്യയോഗ്യമായി കണക്കാക്കപ്പെടുന്നില്ല. നിർമ്മാതാക്കൾ ലായകങ്ങൾ ഉപയോഗിച്ച് ഇത്തരം എണ്ണ ശുദ്ധീകരിക്കുന്നു. പിന്നീടു ലായകങ്ങളെ ചൂടാക്കി നീക്കം ചെയ്യുന്നു. മിക്കവാറും നിറവും മണവുമില്ലാത്ത എണ്ണ ലഭിക്കുന്നു. ഈ എണ്ണ ഉയർന്ന ഗുണമേൻമയുള്ള ശുദ്ധഒലിവെണ്ണയുമായി കലർത്തുന്നു. മുൻപ് ഇതു “ശുദ്ധഒലിവെണ്ണ”യായി വിററിരുന്നു, എന്നാൽ 1991-മുതൽ ആ പദപ്രയോഗം ഉപയോഗമില്ലാത്തതായിത്തീർന്നിരിക്കുന്നു. ഇപ്പോൾ ഇതു കേവലം “ഒലിവെണ്ണ” എന്നുമാത്രം പരാമർശിക്കപ്പെടുന്നു.
O ഒലിവു ചണ്ടിയിൽ നിന്നുള്ള എണ്ണ: യന്ത്രസഹായത്തോടെയും ശാരീരികമായും ഉള്ള പ്രവർത്തനങ്ങൾകൊണ്ട് ഒലിവുകനിയിൽനിന്നു വെള്ളവും എണ്ണയും നീക്കം ചെയ്തശേഷം ശേഷിക്കുന്ന അവശിഷ്ടമാണു ചണ്ടി. ലായകങ്ങൾ ഉപയോഗിച്ച് ഈ ചണ്ടിയിൽനിന്നു കൂടുതൽ എണ്ണ എടുക്കാൻ കഴിയും. അതിനുശേഷം ഈ എണ്ണ ശുദ്ധീകരിച്ച് ഉയർന്ന ഗുണമേൻമയുള്ള ശുദ്ധഒലിവെണ്ണയുമായി കലർത്തുന്നു.
O സാന്ദ്രതകുറഞ്ഞ ഒലിവെണ്ണ: ഇതു കേവലം മാലിന്യം നീക്കംചെയ്ത ഒലിവെണ്ണയും കുറഞ്ഞ അളവിൽ ശുദ്ധയൊലിവെണ്ണയും കൂട്ടിക്കലർത്തിയതാണ്. എല്ലാ ഒലിവെണ്ണയും 100 ശതമാനം കൊഴുപ്പായതിനാൽ, “സാന്ദ്രതകുറഞ്ഞ” എന്ന പദപ്രയോഗം അതിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനോടു ബന്ധപ്പെട്ടിരിക്കുന്നില്ല. മറിച്ച്, ഇത് അതിന്റെ നിറത്തിന്റെയും പരിമളത്തിന്റെയും രുചിയുടെയും കുറഞ്ഞ തീവ്രതയെ പരാമർശിക്കുന്നു.
[27-ാം പേജിലെ ചതുരം]]
. . . എന്നു നിങ്ങൾ അറിഞ്ഞിരുന്നോ?
O പുതിയ ഒലിവുകനികളിൽ ഏതെങ്കിലും തരത്തിൽ നീക്കം ചെയ്യുന്നതുവരെ അവയെ അരുചികരമാക്കുന്ന ഒരു കയ്പ്പുള്ള പദാർത്ഥമായ ഒലിറോപ്പിൻ അടങ്ങിയിട്ടുണ്ട്. തിന്നുന്നതിനു മുമ്പ് ഒലിവുകനി “ഉപ്പിലിടുകയോ, ഉപ്പുവെള്ളത്തിലിട്ട് ഉണക്കിസൂക്ഷിക്കുകയോ, പലതവണ വെള്ളം മാറി പലദിവസങ്ങൾ കുതിർക്കുകയോ, കേവലം വെയിലത്തിടുകയോ ചെയ്യാൻ കഴിയുമെന്ന്,” നാച്ചുറൽ ഹിസ്റററി എന്ന മാസിക വിശദീകരിക്കുന്നു. എന്നിരുന്നാലും, എണ്ണയെടുക്കാൻ അവയെ പിഴിയേണ്ടതുണ്ടെങ്കിൽ ഈ രീതികളൊന്നും ആവശ്യമില്ല.
O എല്ലാ ഒലിവെണ്ണയുടെയും രുചി ഒരുപോലെയല്ല. വൈവിധ്യമാർന്ന ഒട്ടേറെ സ്വാഭാവിക രുചിയും നിറവും പരിമളവും ഉണ്ട്. അന്തർദ്ദേശീയ ഒലിവ് ഓയിൽ സമിതി പറയുന്നതനുസരിച്ച്, “വിദഗ്ദ്ധൻമാർ പൊതുവെ ഒലിവെണ്ണയുടെ സ്വാദിനെ മൃദു (മാർദ്ദവമായത്, സാന്ദ്രത കുറഞ്ഞത് അഥവാ ‘വെണ്ണപോലുള്ളത്’); അർദ്ധപോഷകം (ഒലിവുകനിയുടെ കൂടുതൽ സ്വാദോടെ ശക്തിയേറിയത്); പോഷകം (പൂർണ്ണവളർച്ചയെത്തിയ ഒലിവിന്റെ പരിമളത്തോടുകൂടിയ എണ്ണ) എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.”
O ഒലിവെണ്ണ ശീതീകരിച്ചു സൂക്ഷിക്കുമ്പോൾ അത് ഇരുണ്ടതും കട്ടിയുള്ളതുമായിത്തീരുന്നു. ഇതു കേടായതിന്റെ ഒരു ലക്ഷണമല്ല; സാധാരണഊഷ്മാവിൽ അതു പെട്ടെന്നു തെളിഞ്ഞുവരും. യഥാർത്ഥത്തിൽ, ശീതീകരണം കൂടാതെ മാസങ്ങളോളം ഒലിവെണ്ണ സൂക്ഷിച്ചുവെക്കാൻ കഴിയും.