തീരദേശ ഭീമൻമാരെ പ്രജനനം ചെയ്യൽ
കാനഡയിലെ ഉണരുക! ലേഖകൻ
ഉത്തുംഗങ്ങളായ വൃക്ഷനിരകളുടെ ഇടയിലൂടെ നടക്കുന്നതു തീർച്ചയായും ഒരുവന് ഉണ്ടാകാവുന്ന ഏററവും അത്ഭുതാവഹം, അസാധാരണം പോലും ആയ അനുഭവങ്ങളിൽ ഒന്നാണ്. പ്രകാശകിരണങ്ങളും വർണ്ണങ്ങളും കാണുന്നതും സുഖശീതളമായ വായു ശ്വസിക്കുന്നതും പ്രശാന്തതയും സമാധാനവും അനുഭവിച്ചറിയുന്നതും പ്രചോദനാത്മകം തന്നെയാണ്.
വടക്കേ അമേരിക്കയിലെ വടക്കുപടിഞ്ഞാറൻ പസഫിക് അതിന്റെ വിശാലമായ വനപ്രദേശങ്ങൾക്കു പേരുകേട്ടതാണ്. പർവ്വതങ്ങളിലും താഴ്വരകളിലും സമുദ്രവങ്കങ്ങളിലും പ്രസിദ്ധമായ തീരദേശഭീമൻമാർ—സ്തൂപികാകാര പുഷ്പമഞ്ജരി വഹിക്കുന്ന പാഴ്ത്തടികൾ—സമൃദ്ധമായി വളരുന്നു. ഹെംലോക്, ബാൾസം, കാററാടിമരം, ദേവദാരു, സ്പ്രൂസ്, നീർമരുത് എന്നീ മരങ്ങൾ ഇവിടെ ഉയരത്തിൽവളരുന്നു. പേരുകേട്ട ഡഗ്ലസ്സ് ഫർ മരത്തിനു 90 മീറററോളം ഉയരത്തിൽ വളരാൻ കഴിയും!
എന്നിരുന്നാലും ഈ മരങ്ങൾക്ക് അവയുടെ പ്രൗഢിയേക്കാൾ വളരെയധികം കാര്യങ്ങൾ ഉണ്ട്. മരംവെട്ടുകാർക്കും അവ കയററിക്കൊണ്ടുപോകുന്നവർക്കും നിരത്തുനിർമ്മാതാക്കൾക്കും തടിമില്ലിൽ ജോലി ചെയ്യുന്നവർക്കും കെട്ടിവലിക്കുന്ന ബോട്ടുകൾ പ്രവർത്തിപ്പിക്കുന്നവർക്കും മററുള്ളവർക്കും അവ പ്രാധാന്യമുള്ളവയാണ്. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിനു നിർമ്മിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിനു സാധനങ്ങൾക്കുവേണ്ടിയുള്ള അസംസ്കൃതവസ്തുക്കൾ ഉത്പാദിപ്പിക്കുന്നത് ഈ മരങ്ങളിൽ നിന്നാണ്. ശാസ്ത്രജ്ഞൻമാരും വന നടത്തിപ്പുകാരും അവയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും വനത്തിന്റെ ആദായം വർദ്ധിപ്പിക്കുന്നതിനും വഴികൾ കണ്ടെത്താൻ പ്രയത്നിക്കത്തക്കവണ്ണം മരങ്ങൾ അത്ര പ്രധാനമാണ്. ഇതു ചെയ്യുന്നതിന് അവർ ശാസ്ത്രത്തിലേക്കും വൃക്ഷപ്രജനനകലയിലേക്കും തിരിഞ്ഞിരിക്കുന്നു.
വൃക്ഷപ്രജനനം എന്തിന്?
വനത്തിലെ വൃക്ഷങ്ങൾ ഒരു ജനക്കൂട്ടത്തിലെ മുഖങ്ങൾപോലെ വ്യതിരിക്തമാണ്. ഓരോന്നും മറെറാന്നിൽനിന്ന് ഉയരത്തിലും പടർപ്പിലും പത്രപാളിയിലും അല്പം വ്യത്യസ്തമാണ്. നിങ്ങൾക്കു കാണാൻ കഴിയാത്ത വിധങ്ങളിലും അതു വ്യത്യാസപ്പെട്ടേക്കാം.
ചില മരങ്ങൾ മററുള്ളവയേക്കാൾ വേഗം വളരുന്നു. ചിലവ മററുള്ളവയേക്കാൾ കൂടുതൽ ബലവും കടുപ്പവും ശുദ്ധതയും (മുഴകളില്ലാത്ത) ഉള്ള തടികൾ പ്രദാനം ചെയ്യുന്നു. മററു ചിലതിനു കീടങ്ങൾക്കും രോഗങ്ങൾക്കും എതിരെ കൂടുതൽ പ്രതിരോധശക്തിയുണ്ട്. ഈ കാര്യങ്ങളെല്ലാം തടിവ്യവസായത്തിനു വളരെ മൂല്യവത്താണ്.
വനനടത്തിപ്പുകാർക്കു സ്വാഭാവികമായി വേണ്ടതു പെട്ടെന്നു വളരുകയും രോഗത്തെ ചെറുത്തുനിൽക്കുകയും ഉയർന്ന ഗുണമുള്ള തടി നൽകുകയും ചെയ്യുന്ന മരങ്ങളാണ്. മുറിക്കുന്നതിനും കൊണ്ടുപോകുന്നതിനും അറുക്കുന്നതിനും ഏറെയും ഒരേ വലിപ്പത്തിലുള്ള മരങ്ങളാണ് അത്യന്തം അഭിലഷണീയം. എന്നാൽ അനുയോജ്യമായ മരങ്ങൾ—19-ാം നൂററാണ്ടിന്റെ മദ്ധ്യത്തിൽ മരംവെട്ടുകാർ ആദ്യം എത്തിയപ്പോൾ ഇവിടെയുണ്ടായിരുന്ന പഴയ മരങ്ങൾ—മുറിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്നു മുറിക്കുന്ന മരങ്ങൾ, രണ്ടാമതു വളർന്ന മരങ്ങൾ, ചെറുതാണ്, അവ വളരെ സാവധാനം വളരുന്നു, അവയ്ക്കു കുറച്ചു തടിയേയുള്ളു, കൂടാതെ ഒരേ വലിപ്പത്തിലുള്ളവയുമല്ല. അഭിലഷണീയ ഗുണങ്ങളുള്ള മരങ്ങൾ ഉത്പാദിപ്പിക്കുകയെന്നത് ഉത്പാദകന്റെ ജോലിയാണ്. ഇത് ഇപ്പോൾ വടക്കുകിഴക്കൻ പസഫിക് മേഖലയിൽ പ്രവർത്തിക്കുന്ന വൃക്ഷസംവർദ്ധന പരിപാടികളിലേക്ക് നയിച്ചിരിക്കുന്നു.
ഇതു ചെയ്യുന്ന വിധം
വൃക്ഷപ്രജനനം നല്ല ഇനങ്ങളുടെ തിരഞ്ഞെടുപ്പോടെ തുടങ്ങുന്നു. പുനഃവനവത്ക്കരണം നടത്താൻ ഉദ്ദേശിക്കുന്നിടത്തു മരക്കൂട്ടങ്ങളുടെ ഇടയിൽ അധികഗുണമുള്ള വൃക്ഷങ്ങൾ—പ്രജനനത്തിന് ഏററവും അധികം ജനിതക സാധ്യത ഉള്ള മരങ്ങൾ—അന്വേഷിച്ച് ഒരു വിദഗ്ദ്ധസംഘം പര്യവേക്ഷണം നടത്തുന്നു.
മരക്കൂട്ടങ്ങളുടെ ഇടയിലൂടെയുള്ള പര്യവേക്ഷണയാത്ര വനത്തിലൂടെയുള്ള ഒരു ഉല്ലാസയാത്ര പോലെ തോന്നുന്നുവെങ്കിൽ അതു പൂർണ്ണമായും സത്യമല്ല. അതു വളരെ കഷ്ടപ്പാടു നിറഞ്ഞ ഒരു അന്വേഷണമാണ്. ഭാവിയിലെ ഓരോ അധികഗുണവൃക്ഷവും സ്വഭാവവിശേഷതകളുടെ ഒരു പട്ടികയോടു യോജിക്കണം—നല്ല ശിഖരോത്പാദനം, ത്വരിതവളർച്ച, വളവില്ലാത്ത കാണ്ഡം, രോഗത്തിന്റെ അഭാവം അങ്ങനെ പലതും. എന്നാൽ ഈ ജോലിയിൽ ബാഹ്യാകാരം വഴിതെററിക്കുന്നതായിരിക്കാൻ കഴിയും. ബലവത്തായ, ഗംഭീരമായ, 40 മീറററുള്ള ആ ദേവതാരമരം നല്ല പൊക്കമുള്ളതായിരിക്കാം, എന്നാൽ അതു പെട്ടെന്നു വളർന്നതാണോ അതോ കേവലം പഴക്കമുള്ളതാണോ? അതിനു നല്ല നിലയോ നീർവാർച്ചയോ ഉണ്ടായിരിക്കുന്നുവോ, അല്ലെങ്കിൽ അതിന്റെ വലിപ്പം മികച്ച പാരമ്പര്യസ്വഭാവം നിമിത്തമാണോ?
ഒരിക്കൽ തൃപ്തികരമായ ഒരു മാതൃകാവൃക്ഷം കണ്ടെത്തിക്കഴിഞ്ഞാൽ നാടകെട്ടി അതിനു നമ്പരിടുന്നു. എന്നാൽ മികച്ച ഗുണനിലവാരമുള്ള മററു മരങ്ങൾ ഉത്പാദിപ്പിക്കാൻ അവ ഇപ്പോൾ എങ്ങനെ ഉപയോഗിക്കാൻ കഴിയും? അതു പിഴുതെടുത്തു വീണ്ടും മറെറവിടെയെങ്കിലും നടുന്നതുകൊണ്ട് ഒരു നേട്ടവുമില്ല. അതിന്റെ വിത്തുകൾ എടുത്തു നട്ടാലും പ്രയോജനമില്ല. ഇതിനു കാരണം അവയെ ജനിതകമായി മലിനമാക്കിക്കൊണ്ടു ചുററുമുള്ള വൃക്ഷങ്ങളിൽ ഏതാണ് അവയുടെ വിത്തുകളിൽ പരാഗണം നടത്തിയത് എന്നറിയാൻ യാതൊരു മാർഗ്ഗവുമില്ലാത്തതാണ്. ഈ മരത്തിൽനിന്നുള്ള ഒരു കമ്പാണ് ആവശ്യമായിരിക്കുന്നത്. എന്നാൽ അതെങ്ങനെ ലഭിക്കും?
ഏററവും താഴത്തെ ശിഖരം നിലത്തുനിന്നു വളരെ ഉയരത്തിലാണ്. അതുകൊണ്ട് ഉന്നം തെററാതെ വെടിവെക്കുന്ന ഒരുവൻ തന്റെ തോക്ക് ഉയർത്തി വെടിവെക്കുന്നു. ബലവത്തായ ഒരു ശിഖരത്തിന്റെ അഗ്രം താഴേക്കു വീഴുന്നു. മുള എന്നു വിളിക്കപ്പെടുന്ന ഈ കമ്പ് എടുത്തു വിത്തിനുവേണ്ടി വളർത്തുന്ന ഒരു വൃക്ഷക്കൂട്ടത്തിലെ പ്രായം കുറഞ്ഞ ഒരു മരത്തിന്റെ മൂലകാണ്ഡത്തിൽ ഒട്ടിക്കുന്നു. അവിടെ ഒട്ടിച്ച മുള മാതൃവൃക്ഷത്തിന്റെ ഒരു ജനിതക പകർപ്പായി—ഒരു ക്ലോൺ ആയി—വളരുന്നു.
ഒട്ടിക്കുന്ന ക്ലോണുകൾ വനത്തിലെ വൃക്ഷങ്ങളാൽ പരാഗണം ചെയ്യപ്പെടാതിരിക്കാൻ വിത്തിനുവേണ്ടി വളർത്തുന്ന വൃക്ഷക്കൂട്ടത്തിന്റെ പരിസരം ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നു. ഈ ക്ലോണുകൾ പൂർണ്ണവളർച്ച പ്രാപിക്കുമ്പോൾ വായുവിലൂടെയുള്ള പരാഗണത്തിൽനിന്നു കടലാസുകൂടുകൊണ്ടു പൊതിഞ്ഞു സംരക്ഷിക്കുന്ന പുനരുത്പാദക പുഷ്പങ്ങളെ ഹൈപ്പോടെർമിക് സൂചി കൊണ്ടു കൃത്രിമമായി പരാഗണം നടത്തുന്നു. തത്ഫലമായി ലഭിക്കുന്ന വിത്തുകളിൽനിന്നു ബീജാങ്കുരങ്ങളുടെ അല്ലെങ്കിൽ ഇളം ചെടികളുടെ ഒരു പുതിയ തലമുറ വളരുന്നു. അധികഗുണമുള്ള വൃക്ഷത്തിന്റെ ഉത്ഭവവും പരാഗരേണുവിന്റെ ഉത്ഭവസ്ഥാനവും മററു ധാരാളം വിവരങ്ങളും ചുവടുപിടിച്ചു ചെല്ലാൻ കഴിയത്തക്കവണ്ണം ഈ പ്രക്രിയയിലെ എല്ലാഘട്ടങ്ങളിലും ഓരോ തൈയ്ക്കും വിശദവിവരങ്ങൾ സൂക്ഷിക്കണം.
തൈകളുടെ വളർച്ച എങ്ങനെയുണ്ടെന്നു കാണാൻ അവ അധികഗുണമുള്ള വൃക്ഷത്തിന്റെ സമീപത്തുള്ള ഒരു സ്ഥലത്തേക്കു മാററിനടുന്നു. മനുഷ്യസന്തതികളെപ്പോലെ മരങ്ങളും അവയുടെ മാതൃവൃക്ഷങ്ങളെ അനുകൂലമായോ പ്രതികൂലമായോ പ്രതിഫലിപ്പിച്ചേക്കാം അവ നന്നായി വളരുന്നുവെങ്കിൽ അവയുടെ മുളകൾ രണ്ടാം തലമുറയിൽപെട്ട വിത്തിൻതോപ്പിന്റെ അടിസ്ഥാനമായിത്തീർന്നേക്കാം. ഈ മുളകളിൽനിന്നുള്ള വിത്തുകൾ വാണിജ്യാടിസ്ഥാനത്തിൽ ഒരു ഗ്രാമിനു 18 രൂപവരെ വിലയ്ക്കു വിറേറക്കാം. എന്നാൽ അവ മോശമായ ഫലമാണു കാണിക്കുന്നതെങ്കിൽ അവയുടെ മാതൃവൃക്ഷങ്ങൾ, ക്ലോണുകൾ, ഉപവൃക്ഷത്തോട്ടത്തിൽ നിന്നു പിഴുതുമാററപ്പെട്ടേക്കാം, ഗുണമേൻമയുള്ള അവയുടെ മൂലവൃക്ഷങ്ങളെ പരിപാടിയിൽനിന്നു നീക്കം ചെയ്തേക്കാം. അധികഗുണമുള്ള പുതിയ വൃക്ഷങ്ങൾ കണ്ടെത്തേണ്ടതുണ്ട്, ഈ വിഷമകരമായ പ്രക്രിയ വീണ്ടും ആരംഭിക്കുന്നു.
ഇതിനെല്ലാം വളരെയധികം സമയം ആവശ്യമാണ്. വൃക്ഷോത്പാദകൻ തന്റെ വേലയുടെ ഫലമായി പൂർണ്ണവളർച്ചയെത്തിയ ഒരു തലമുറയെപ്പോലും കാണാൻ പ്രതീക്ഷിക്കാതിരുന്നേക്കാം. വിത്തിനുവേണ്ടി വളർത്തുന്ന ഒരു വൃക്ഷത്തോപ്പ് ഉപയോഗയോഗ്യമായ അളവിൽ വിത്തുകൾ ഉത്പാദിപ്പിക്കുന്നതിനു പത്തുവർഷത്തോളം എടുത്തേക്കാം. ഈ വൃക്ഷത്തോപ്പിലെ മരങ്ങളുടെ തൈകളെ പരീക്ഷിച്ചറിയുന്നതിനു മറെറാരു പത്തു വർഷം ആവശ്യമാണ്. ഒടുവിൽ, മുറിക്കാൻ മതിയായ വലിപ്പത്തിൽ ഈ മരങ്ങൾ എത്തുന്നതിനു മറെറാരു 50 മുതൽ 60 വരെ വർഷം ആവശ്യമാണ്.
അപകടങ്ങളുണ്ട്
നേരത്തെ കുറിക്കൊണ്ടതുപോലെ ഒട്ടിച്ച മുളകൾ മോശമായി വളരുകയാണെങ്കിൽ അനേകവർഷങ്ങളിലെ അദ്ധ്വാനം പാഴായിപ്പോയേക്കാം. അതുകൊണ്ട്, ഏററവും വിശിഷ്ടവും അധികഗുണമുള്ളതുമെന്നു തെളിഞ്ഞ ഒരു ചുരുങ്ങിയ എണ്ണം വൃക്ഷങ്ങളോടു പററിനിൽക്കാൻ പ്രലോഭനം കൂടുതലാണ്. എന്നാൽ ഇതു ചെയ്യുന്നതിൽ അപകടങ്ങളുണ്ട്. അവ എന്താണ്?
ഓരോ വൃക്ഷവും ഓരോ വ്യക്തിയേയും പോലെ (ഒരുപോലുള്ള ഇരട്ടകളോ ത്രികങ്ങളോ ഒഴിച്ച്) ജനിതകമായി അതുല്യമാണ്—ഒരു ജീൻപ്രരൂപംതന്നെ. വൃക്ഷോത്പാദകന്റെ ജീൻ ശേഖരത്തിലെ ജീൻപ്രരൂപങ്ങൾ എത്ര കുറവും ആ ശേഖരത്തിലെ വ്യത്യസ്ത ജീനുകൾ എത്ര വ്യത്യസ്തവുമായിരിക്കുമോ അത്ര വലുതായിരിക്കും ഏതെങ്കിലും രോഗത്താലോ കീടത്താലോ വൃക്ഷങ്ങളുടെ ഒരു മുഴുതലമുറയെയും, ഒരു മുഴുവനത്തെതന്നെയും തുടച്ചുനീക്കുന്നതിന്റെ അപകടം.
അതുകൊണ്ട് ഉപയോഗിക്കപ്പെടുന്ന ചില അധികഗുണമുള്ള വൃക്ഷങ്ങൾ അത്രവേഗം വളരുന്നതോ വേണ്ടത്ര വളവില്ലാത്തതോ അല്ലെങ്കിൽപോലും വലിപ്പമേറിയ ഒരു ജീൻശേഖരം ഉണ്ടായിരിക്കുന്നതാണു ജ്ഞാനപൂർവകം. അനേകം അധികഗുണമുള്ള വൃക്ഷങ്ങൾ ഉപയോഗിക്കുന്നതു മൊത്തത്തിലുള്ള വിനാശത്തിന്റെ അപകടത്തെ കുറയ്ക്കുന്നു.
വൃക്ഷപ്രജനനത്തിന്റെ ഭാവി
ഇന്നു നടത്തപ്പെടുന്ന വൃക്ഷപ്രജനനത്തിന്റെ ഫലങ്ങൾ 50 വർഷം കഴിഞ്ഞേ ലഭിക്കുകയുള്ളുവെങ്കിലും മെച്ചപ്പെട്ട വിത്തുകൾകൊണ്ടു നട്ട വനങ്ങൾ സാധാരണ വിത്തുകൾകൊണ്ടു നട്ടവയേക്കാൾ 10 മുതൽ 20 വരെ ശതമാനം കുറഞ്ഞ സമയംകൊണ്ടു വില്പനയോഗ്യമായിത്തീരും എന്നുള്ളതാണു ലാഭം. വൃക്ഷപ്രജനനത്തിന് ഏതെങ്കിലും പ്രത്യേക പ്രദേശത്തുനിന്നു ലഭിക്കുന്ന തടിയുടെ അളവ് 25 ശതമാനം കണ്ട് വർദ്ധിപ്പിക്കാൻ കഴിയുമെന്നു ചില വിദഗ്ദ്ധർ പ്രവചിക്കുന്നു. രോഗത്തോടും കീടങ്ങളോടുമുള്ള മെച്ചമായ ചെറുത്തുനില്പ്, ബലമേറിയതും ശുദ്ധവുമായ തടി, മെച്ചപ്പെട്ട വിത്തുത്പാദനം എന്നിവയോടൊപ്പമുള്ള ഈ പ്രയോജനം വൃക്ഷപ്രജനനത്തെ വടക്കുപടിഞ്ഞാറൻ പസഫിക് മേഖലയിലുള്ള വനമേൽനോട്ടത്തിന്റെ ഒരു മർമ്മപ്രധാനഭാഗം ആക്കിത്തീർക്കുന്നു.
സമയം വൃക്ഷോത്പാദകന്റെ ശത്രുവായി നിലകൊള്ളുന്നു. ഫലങ്ങൾ കാണുന്നതിനും തീരുമാനങ്ങൾ ചെയ്യുന്നതിനും അടുത്തപടിയുമായി മുന്നോട്ടുപോകുന്നതിനും ഏറെ സമയം എടുക്കുന്നു. മരങ്ങൾ, വിശേഷിച്ചും സ്തൂപികാഗ്രവൃക്ഷങ്ങൾ, എല്ലായ്പ്പോഴും നമ്മേക്കാളേറെക്കാലം ജീവിച്ചിരുന്നിട്ടുണ്ട്. എന്നാൽ മേലാൽ അത് അങ്ങനെയായിരിക്കയില്ലാത്ത ഒരു കാലത്തേക്കു ബൈബിൾ വിരൽ ചൂണ്ടുന്നു. “എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിൻറ ആയുസ്സുപോലെ ആകും” എന്ന് അതു വാഗ്ദാനം ചെയ്യുന്നു. യഥാർത്ഥത്തിൽ തന്റെ ജനം എന്നേക്കും ജീവിക്കുമെന്നു ദൈവം വാഗ്ദത്തം ചെയ്യുന്നു. (യെശയ്യാവു 65:22; വെളിപ്പാടു 21:3, 4) മൃഗങ്ങളിലും സസ്യങ്ങളിലും ഇപ്പോഴും ഒളിഞ്ഞുകിടക്കുന്ന വിസ്മയകരമായ ജനിതക സാധ്യതയെക്കുറിച്ചു പര്യവേക്ഷണം നടത്തുന്നതിന് അന്നു മനുഷ്യർക്കു സമയമുണ്ടായിരിക്കും. (g92 10/22)
[16-ാം പേജിലെ ചിത്രം]
ഒരു വൃക്ഷത്തിൽനിന്ന് ഒരു കമ്പു വെടിവെച്ചിടുന്നു