യുവജനങ്ങൾ ചോദിക്കുന്നു. . .
എന്റെ മാതാപിതാക്കൾ എന്നിൽ കൂടുതൽ താത്പര്യം കാണിക്കാത്തത് എന്തുകൊണ്ട്?
“ഞാൻ എന്റെ അമ്മയോട്അഞ്ചുമിനിററുസമയം സംസാരിക്കാൻആവശ്യപ്പെടുമ്പോഴെല്ലാംഅവർ വലിയ തിരക്കിലാണ്,”ഒരു കൗമാരപ്രായക്കാരി വിലപിക്കുന്നു.
ക്രിസ്ററീനയ്ക്കു 16 വയസ്സായിരുന്നു—അവിവാഹിതയും ഗർഭവതിയും. തന്റെ വിഷമസ്ഥിതിയേക്കുറിച്ച് പശ്ചാത്താപമുള്ളവളായിരുന്നെങ്കിലും അവൾ വേദനയുള്ളവളുമായിരുന്നു. “ഈ കാര്യങ്ങൾ എനിക്കു വിശദീകരിച്ചുതരാൻ എന്റെ അമ്മ ഒരിക്കലും താത്പര്യം കാണിച്ചില്ല,” അവൾ ഏങ്ങിക്കരഞ്ഞു. “ഞാൻ ചെയ്യുന്നതിൽ താത്പര്യം കാണിക്കാൻ അവർക്ക് ഒരിക്കലും സമയമുണ്ടായിരുന്നില്ല.”
ചിലപ്പോൾ നിങ്ങൾക്ക് അങ്ങനെയാണോ തോന്നുന്നത്—നിങ്ങളുടെ മാതാപിതാക്കൾക്കു നിങ്ങളിൽ കേവലം താത്പര്യമില്ലെന്ന്? ക്രിസ്ററീന ചെയ്തതുപോലെ നിങ്ങളുടെ നൈരാശ്യം പ്രകടമാക്കാൻ നിങ്ങൾ ചായ്വു കാണിക്കാതിരുന്നേക്കാം. അവഗണിക്കുന്ന മാതാപിതാക്കൾ ഉള്ളതു ദുർന്നടത്തക്കുള്ള ന്യായീകരണം അല്ല എന്നു നിങ്ങൾക്കറിയാം. അങ്ങനെയാണെങ്കിൽപോലും അവർ നിങ്ങളെ അവഗണിക്കുകയാണെങ്കിൽ നിങ്ങൾക്ക് ആഴമായ വേദന അനുഭവപ്പെട്ടേക്കാം. നിങ്ങൾ പൂർണ്ണവളർച്ചയോടടുക്കുന്നുവെങ്കിലും മാതാപിതാക്കളുടെ സ്നേഹത്തിന്റെയും പിന്തുണയുടെയും ഒരു ശക്തമായ ആവശ്യം അപ്പോഴും നിങ്ങൾക്കനുഭവപ്പെട്ടേക്കാം. നിങ്ങളുടെ മാതാപിതാക്കളാൽ തിരസ്ക്കരിക്കപ്പെടുന്നതു നിങ്ങൾ ഉപേക്ഷിക്കപ്പെട്ടതായി തോന്നാൻ ഇടയാക്കിയേക്കാം. “ഞാൻ എന്റെ അമ്മയോട് അഞ്ചുമിനിററുസമയം സംസാരിക്കാൻ ആവശ്യപ്പെടുമ്പോഴെല്ലാം അവർ വലിയ തിരക്കിലാണ്,” ഒരു കൗമാരപ്രായക്കാരി വിലപിക്കുന്നു.
അപ്പോൾ, ഒരു അവലോകനമനുസരിച്ച് ഇരുപത്തഞ്ചു ശതമാനം യുവാക്കൾ, “തങ്ങളുടെ മാതാപിതാക്കളോടൊത്തു ചെലവഴിക്കാൻ വേണ്ടത്ര സമയം കിട്ടുന്നില്ലെന്നു വിചാരിക്കുന്നത്” അതിശയമല്ല. ഒരു യുവാവ് ഇങ്ങനെ പറഞ്ഞു: “എന്റെ മാതാപിതാക്കളോടു കൂടുതൽ അടുപ്പമുണ്ടായിരിക്കാനും അവരോടു തുറന്നു സംസാരിക്കാനും എനിക്കു കഴിഞ്ഞിരുന്നെങ്കിലെന്നു ഞാൻ ആശിക്കുന്നു.” യുവാക്കളും മാതാപിതാക്കളും ശാരീരികമായി അടുത്തായിരുന്നാൽപോലും അവർ വൈകാരികമായി അകലത്തിലായിരിക്കാം. അർത്ഥവത്തായ ആശയവിനിയമം ഇല്ലായിരിക്കാം.
അവർ നിങ്ങളെ തിരസ്ക്കരിക്കുന്നതായി തോന്നുന്നതിന്റെ കാരണം
ചിന്തിക്കുക: നിങ്ങളുടെ മമ്മിയുമായി ഒരു പ്രത്യേക കാര്യം സംസാരിക്കാൻ നിങ്ങൾ ദിവസം മുഴുവൻ കാത്തിരുന്നു. എന്നാൽ ജോലി കഴിഞ്ഞുവന്ന ഉടനെ അവർ ഒരു കസേരയിലേക്കു വീഴുകയും സായാഹ്ന ടിവി വാർത്തയിൽ മുഴുശ്രദ്ധയും കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അവരെ സംഭാഷണത്തിലുൾപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുമ്പോൾ, “ഞാനൊന്നു വിശ്രമിക്കുകയാണെന്നു നിനക്കു കാണാൻ പാടില്ലേ” എന്ന് പ്രകോപിതയായി ചോദിച്ചുകൊണ്ട് അവർ നിങ്ങളെ പറഞ്ഞുവിടുന്നു.
വിരക്തയായ, സ്നേഹമില്ലാത്ത ഒരു മാതാവ്, അല്ലേ? അല്ല, മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഉദ്ദേശ്യപൂർവ്വം തിരസ്ക്കരിക്കാറില്ല. എന്നാൽ നാം “ഇടപെടാൻ പ്രയാസമുള്ള വിഷമകാലങ്ങ”ളിലാണു ജീവിക്കുന്നത്. (2 തിമോഥെയോസ് 3:1-3, NW) നിങ്ങളുടെ മാതാപിതാക്കൾ മുമ്പെന്നത്തേക്കാളും കൂടുതൽ സമ്മർദ്ദത്തിൻകീഴിൽ ആയിരിക്കാം. അവർ വളരെ പിരിമുറുക്കമുള്ളവരോ നിരാശരോ ക്ഷീണിതരോ ആകയാൽ നിങ്ങളോടൊപ്പം വിലപ്പെട്ട സമയം ചെലവഴിക്കാൻ അവർക്കു കേവലം ഊർജ്ജമില്ലായിരിക്കാം. ഒരു മാതാവോ പിതാവോ മാത്രമുള്ള കുടുംബത്തിലാണു നിങ്ങൾ ജീവിക്കുന്നതെങ്കിൽ ഇതു വിശേഷിച്ചും സത്യമായിരിക്കാം. അതുകൊണ്ടു നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളിൽനിന്നു പരാതിയുടെ ഒരു വാക്കു കേൾക്കുന്നില്ലെങ്കിൽ എല്ലാം നന്നായിരിക്കുന്നുവെന്ന് അവർ നിഗമനം ചെയ്യാനിടയുണ്ട്.
മാതാപിതാക്കൾ മററു കാര്യങ്ങളിലും വ്യാപൃതരായിരുന്നേക്കാം. നിങ്ങളുടെ പിതാവ് ഒരു സജീവ ക്രിസ്ത്യാനിയാണെങ്കിൽ സഭാപരമായ ഉത്തരവാദിത്തത്തിന്റെ ഒരു ഭാരിച്ച ചുമട് അയാൾ വഹിച്ചേക്കാം. (2 കൊരിന്ത്യർ 11:28, 29 താരതമ്യം ചെയ്യുക.) നിങ്ങളുടെ അമ്മ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളേക്കുറിച്ചു സംസാരിക്കുന്നത് അപൂർവമായിരിക്കാമെങ്കിലും അവർ അതുനിമിത്തം തികഞ്ഞ ശ്രദ്ധാശൈഥില്യം ഉള്ളവളായിരിക്കാം. നിങ്ങൾക്കു സഹോദരീസഹോദരൻമാരുണ്ടോ? ഉണ്ടെങ്കിൽ അവരുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതിക്കൊണ്ടു നിങ്ങളുടെ മാതാപിതാക്കൾ തിരക്കുള്ളവരും ആയിരുന്നേക്കാം.
ചില മാതാപിതാക്കൾ മദ്യാസക്തിപോലുള്ള ഗൗരവാവഹമായ പ്രശ്നങ്ങൾക്കെതിരെ പോരാടുകയാണെന്നും തങ്ങളുടെ കുട്ടികളുടെ ആവശ്യങ്ങളോടു പ്രതികരിക്കാൻ അപ്രാപ്തരാണെന്നും സമ്മതിക്കുന്നു. എന്നിരുന്നാലും മററു ചിലർക്കു തങ്ങളുടെ കുട്ടികളിൽ എങ്ങനെ താത്പര്യം പ്രകടമാക്കണമെന്നു കേവലം അറിയില്ല. എന്നുവരികിലും കുട്ടികൾ തങ്ങളുടെ മാതാപിതാക്കളിൽനിന്നു സ്നേഹം പഠിക്കുന്നു. (1 യോഹന്നാൻ 4:19 താരതമ്യം ചെയ്യുക.) ഒരുപക്ഷേ നിങ്ങളുടെ കുടുംബാംഗങ്ങൾ അവരിൽ ഒരു താത്പര്യം എടുക്കാൻ പരാജയപ്പെട്ട മാതാപിതാക്കളാൽ വളർത്തപ്പെട്ടവരായിരിക്കാം.
ഇനി, ചില സംസ്കാരങ്ങൾ യുവജനങ്ങളുടെ ആവശ്യങ്ങൾ ഫലത്തിൽ അവഗണിക്കുന്നുവെന്ന വസ്തുതയും ഉണ്ട്. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ അപ്പൻമാരും അമ്മമാരും കുട്ടികളും ഭക്ഷണസമയത്തു വെവ്വേറെ ഇരുന്നു ഭക്ഷണം കഴിക്കണമെന്ന് ആചാരരീതി അനുശാസിക്കുന്നു. ഫലമെന്താണ്? പതിന്നാലു വയസ്സുള്ള കോളിൻ എന്ന ഒരു ആഫ്രിക്കൻ യുവാവ് ഓർമ്മിക്കുന്നു: “എന്റെ മാതാപിതാക്കളോടു വൈകാരിക അടുപ്പം തോന്നുന്നതു വിഷമകരമായിരുന്നു. ഞാൻ ഏകാന്തനായി ജീവിതത്തിൽ തപ്പിത്തടയുന്നതായി എനിക്കു തോന്നി.”
ഒഴിവാക്കേണ്ട കെണികൾ
നിങ്ങളുടെ മാതാപിതാക്കളുടെ, പ്രത്യക്ഷത്തിൽ കാണുന്ന അവഗണനയ്ക്കു കാരണമെന്തായാലും അതിനപ്പോഴും നിങ്ങളിൽ വേദനയുടെയും ദേഷ്യത്തിന്റെയും വികാരം അവശേഷിപ്പിക്കാൻ കഴിയും. സഹകരണവും അനുസരണവും ഇല്ലാത്തവരായിരുന്നുകൊണ്ടു ചില യുവാക്കൾ പ്രതികരിക്കുന്നു. തങ്ങളുടെ വിഷമസ്ഥിതിയിലേക്കു ശ്രദ്ധ ക്ഷണിക്കാനുള്ള ഒരേയൊരു മാർഗ്ഗം മത്സരമാണെന്നു മററുചിലർ തീരുമാനിക്കുന്നു. പ്രാരംഭത്തിൽ പരാമർശിച്ച ക്രിസ്ററീനയേപ്പോലുള്ള മത്സരികളായ യുവജനങ്ങൾ മിക്കപ്പോഴും ഈ പ്രക്രിയയിൽ തങ്ങളേത്തന്നെ ഉപദ്രവിക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. “അനുഭവപരിചയം ഇല്ലാത്തവരുടെ വിശ്വാസപരിത്യജനമാണ് അവരെ കൊല്ലുന്നത്” എന്നു സദൃശവാക്യങ്ങൾ 1:32 [NW] മുന്നറിയിപ്പു നൽകുന്നു.
മറിച്ച്, കേവലം സാഹചര്യത്തെ അവഗണിക്കുന്നതു നേട്ടം ഉണ്ടാക്കുന്നില്ല—വിശേഷിച്ചും അതു നിങ്ങളെ ആഴമായി വേദനിപ്പിക്കുന്നുവെങ്കിൽ. “കഷ്ടദിവസത്തിൽ നിന്നെത്തന്നെ നിരുത്സാഹിതനെന്നു കാണിച്ചിരിക്കുന്നുവോ?” എന്നു സദൃശവാക്യങ്ങൾ 24:10 [NW] ചോദിക്കുന്നു. അങ്ങനെയെങ്കിൽ, “നിന്റെ ബലം അപര്യാപ്തമായിരിക്കും.” വൈകാരിക മുറിവുകൾ ശാരീരിക മുറിവുകളേക്കാൾ കൂടുതൽ യഥാർത്ഥം പോലുമായിരിക്കാം, അവയേപ്പോലെതന്നെ വേദനാകരവും. (സദൃശവാക്യങ്ങൾ 18:14) അവയെ പഴുക്കാൻ അനുവദിച്ചാൽ, പ്രായപൂർത്തിയാകുമ്പോൾ അതിനു തുടർന്നു വേദനിപ്പിക്കാൻ കഴിയും. യോഹാൻ എന്നു പേരുള്ള ഒരു യുവാവിനെക്കുറിച്ചു പരിചിന്തിക്കുക. “ഞാൻ വളർന്നുകൊണ്ടിരുന്നപ്പോൾ, എനിക്കദ്ദേഹത്തെ ഏററവുമധികം ആവശ്യമായിരുന്ന സമയത്തു മദ്യാസക്തനായ എന്റെ പിതാവ് ഒരിക്കലും ലഭ്യനായിരുന്നില്ല” എന്നു യോഹാൻ ഓർമ്മിക്കുന്നു. അയാൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എനിക്കു കൂടുതൽ ശ്രദ്ധ തരാൻ കഴിയാത്തവിധം അദ്ദേഹം സ്വന്തപ്രശ്നങ്ങളിൽ മുഴുകിയിരുന്നു.” പ്രായപൂർത്തിയായ ഒരു വ്യക്തിയെന്നനിലയിൽ വിഷാദത്തിന്റെയും കുററബോധത്തിന്റെയും നീണ്ട കാലയളവുകളെ യോഹാൻ അനുഭവിച്ചു.
ചില നല്ല സുഹൃത്തുക്കളുടെ സഹായത്തോടെ തന്റെ ആത്മാഭിമാനം വീണ്ടെടുക്കാൻ യോഹാൻ പ്രാപ്തനായിത്തീർന്നു. എന്നിരുന്നാലും, അയാളുടെ അനുഭവം നിങ്ങൾ വീട്ടിൽ അഭീമുഖീകരിക്കുന്ന സാഹചര്യത്തെ നേരിടുന്നതിനുള്ള ക്രിയാത്മക വഴികൾ കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ മൂല്യത്തിന് അടിവരയിടുന്നു.
നിങ്ങളിലുള്ള അവരുടെ താത്പര്യത്തെ നട്ടുവളർത്തുക
നിങ്ങളുമായുള്ള ഒരു സംഭാഷത്തിനു ഡാഡിയും മമ്മിയും മുൻകൈ എടുക്കാറില്ലെന്നിരിക്കട്ടെ. അവരിൽ അല്പം താത്പര്യം കാട്ടിക്കൊണ്ടു നിങ്ങൾക്കു വിഷമകരമായ നിശബ്ദതയെ അവസാനിപ്പിക്കാൻ തുടങ്ങാം. (മത്തായി 7:12; ഫിലിപ്പിയർ 2:4) അവർ എന്തിനെങ്കിലും വേണ്ടി എവിടെയെങ്കിലും പോകുന്നുവെങ്കിൽ നിങ്ങൾക്ക് അവരോടൊപ്പം പോകാൻ സ്വമേധയാ മുന്നോട്ടുവരാൻ കഴിയും. ഒരുപക്ഷേ, ഭക്ഷണം പാകപ്പെടുത്തിക്കൊണ്ടോ ശുചീകരണം നടത്തിക്കൊണ്ടോ നിങ്ങൾക്കവരെ സഹായിക്കാൻ കഴിയുമോ എന്നു ചോദിക്കുക. സ്കൂളിൽ നടക്കുന്ന കാര്യങ്ങൾ പോലെയുള്ള നിങ്ങളുടെ താത്പര്യങ്ങൾ നിങ്ങൾക്കു പിന്നാലെ പങ്കുവച്ചു തുടങ്ങാൻ കഴിയും.
എന്നാലും, ചിലപ്പോൾ, ചർച്ചചെയ്യേണ്ട ഗൗരവാവഹമായ ചില പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടായിരുന്നേക്കാം. ദുഷ്കരമായ ഒരു ദിവസത്തെ ജോലിക്കുശേഷം സോഫയിൽ കിടന്നു വിശ്രമിക്കുമ്പോൾ നിങ്ങളുടെ പപ്പയെ സമീപിക്കുന്നതു ഫലപ്രദമായിരിക്കുകയില്ല. കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു “തക്കസമയം” കണ്ടെത്താൻ ശ്രമിക്കുക—അദ്ദേഹം ന്യായമായി വിശ്രമിച്ചു സന്തുഷ്ടനായിരിക്കുമ്പോൾ. (സദൃശവാക്യങ്ങൾ 15:23) മിക്കവാറും അദ്ദേഹം നിങ്ങളുടെ പ്രശ്നങ്ങളിൽ കൂടുതൽ താത്പര്യം കാണിക്കാനിടയുണ്ട്.
എന്നിരുന്നാലും, നിങ്ങളുടെ ഏററവും നല്ല ശ്രമങ്ങളോടും പ്രതികരിക്കാൻ നിങ്ങളുടെ മാതാപിതാക്കൾ പരാജയപ്പെടുന്നെങ്കിലെന്ത്?a “സ്വകാര്യസംഭാഷമില്ലാത്തിടത്ത് ആസൂത്രണങ്ങളുടെ ഒരു വിഫലമാക്കൽ ഉണ്ട്” എന്നു സദൃശവാക്യങ്ങൾ 15:22 [NW] മുന്നറിയിപ്പു നൽകുന്നു. അതെ, നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളോട് (തീർച്ചയായും ദയാപുരസ്സരവും നയപൂർവകവുമായ ഒരു വിധത്തിൽ) അവർ നിങ്ങളിൽ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നും ഇതു നിങ്ങളെ വേദനിപ്പിക്കുന്നുവെന്നും സ്നേഹം കിട്ടുന്നില്ല എന്നു വിചാരിക്കാൻ ഇടയാക്കുന്നുവെന്നും പറയേണ്ടതുണ്ടായിരിക്കാം. വല്ലപ്പോഴും അല്പം അഭിനന്ദനം നിങ്ങൾ കേവലം ഇഷ്ടപ്പെട്ടേക്കാം, അല്ലെങ്കിൽ നിങ്ങളുടെ ഗൃഹപാഠം ചെയ്യുന്നതിൽ കുറേസഹായം നിങ്ങൾ വിലമതിച്ചേക്കാം.
നിങ്ങൾക്ക് ഈ വിധത്തിൽ തോന്നുന്നുവെന്നു നിങ്ങളുടെ മാതാപിതാക്കൾ മനസ്സിലാക്കുമ്പോൾ അവർ മിക്കവാറും അതിശയിച്ചേക്കാം. അവർ തങ്ങളുടെ സ്നേഹത്തിനു പെട്ടെന്ന് ഉറപ്പുതന്നേക്കാം, ഒരുപക്ഷേ നിങ്ങൾക്കു തെററായ ഒരു ധാരണ നൽകിയതിന് അവർ നിങ്ങളോടു മാപ്പു ചോദിക്കുക പോലും ചെയ്തേക്കാം. ഒരിക്കൽ ഒരു പ്രശ്നം മാതാപിതാക്കളുടെ ശ്രദ്ധയിലേക്കു വരുത്തപ്പെട്ടാൽ ഒട്ടുമിക്കപ്പോഴും തിരുത്താൻ അവർ ഒരു യഥാർത്ഥ ശ്രമം നടത്തും.
മറിച്ച്, ഒരുപക്ഷേ നിങ്ങളുടെ ചർച്ച നിങ്ങളുടെ ഭാഗത്തു ചില തെററിധാരണകൾ ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയേക്കാം. അവർ നിങ്ങളിൽ താത്പര്യം കാണിച്ച വിവിധവിധങ്ങളിൽ ചിലതു നിങ്ങൾ കേവലം ശ്രദ്ധിച്ചില്ലായിരിക്കാം. വാസ്തവം എന്തുതന്നെയായിരുന്നാലും, കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതു ഭവനത്തിലെ കാര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഒരു പ്രധാന പടിയാണ്.
വിടവു നികത്തൽ
ഇപ്പോഴും നിങ്ങളുടെ മാതാപിതാക്കളിൽനിന്ന് ഒരു അനുകൂലപ്രതികരണം ലഭിക്കുന്നില്ലെങ്കിലെന്ത്? ഇതു തികച്ചും വേദനാകരമാണെന്നുള്ളതു മനസ്സിലാക്കാം. എന്നിരുന്നാലും നിങ്ങൾക്കു തെരഞ്ഞെടുക്കാവുന്ന മററു മാർഗ്ഗങ്ങൾ ഉണ്ട്.
ദൃഷ്ടാന്തത്തിന്, നിങ്ങളുടെ അശ്രദ്ധരായ മാതാപിതാക്കൾ അവശേഷിപ്പിച്ച വിടവു നികത്താൻ കഴിവുള്ള ആരെയെങ്കിലും കണ്ടെത്താൻ ശ്രമിക്കുക—നിങ്ങളേക്കാൾ പ്രായക്കൂടുതലുള്ള ഒരു വ്യക്തിയായിരിക്കുന്നതു കൂടുതൽ അഭികാമ്യം. സദൃശവാക്യങ്ങൾ പറയുന്നപ്രകാരം ‘അനർത്ഥകാലത്തു സഹോദരനായിത്തീരുന്ന’ സ്നേഹിതൻ ഉണ്ട്. (സദൃശവാക്യങ്ങൾ 17:17) അത്തരം സുഹൃത്തിനെ തേടുക. എന്നാൽ ബുദ്ധ്യുപദേശം തിരഞ്ഞെടുത്തു സ്വീകരിക്കുക. അതു നിങ്ങളുടെ ഉത്തമ താത്പര്യങ്ങൾക്കനുഗുണവും ദൈവവചനത്തിനു ചേർച്ചയിലും ആണെന്ന് ഉറപ്പുവരുത്തിക്കൊണ്ടുതന്നെ.
സഹായത്തിന്റെയും പിന്തുണയുടെയും മറെറാരു ഉറവിടം യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയാണ്. നിങ്ങളിൽ യഥാർത്ഥ താത്പര്യം എടുക്കുകയും ആത്മീയമായും വൈകാരികമായും തഴച്ചുവളരാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്ന സഹോദരീസഹോദരൻമാരെയും അമ്മയപ്പൻമാരെയും നിങ്ങൾക്കവിടെ കണ്ടെത്താൻ കഴിയും. (മർക്കോസ് 10:30) നേരത്തെ പരാമർശിച്ച ആഫ്രിക്കൻ യുവാവായ കോളിൻ അത്തരം സുഹൃത്തുക്കളെ കണ്ടെത്തി. മാർഗ്ഗനിർദ്ദേശത്തിനുവേണ്ടിയുള്ള ഒരാവശ്യം അനുഭവപ്പെട്ടതുകൊണ്ട് അയാൾ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരായിത്തുടങ്ങി. താൻ സ്നേഹിക്കപ്പെടുന്നുവെന്നും വേണ്ടപ്പെട്ടവനാണെന്നും തോന്നാൻ ഇടയാക്കിയ സഭാംഗങ്ങൾ പെട്ടെന്ന് അവനെ സുഹൃത്താക്കി. ക്രമേണ അയാളുടെ മാതാപിതാക്കളും ജഡികസഹോദരങ്ങളും ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി.
നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്കായി യഥാർത്ഥത്തിൽ കരുതുകതന്നെ ചെയ്യുന്നുവെന്നതിന് ഏറെ സാധ്യതയുണ്ട്, എന്നാൽ അവർ നിങ്ങളുടെ ആവശ്യങ്ങൾ സംബന്ധിച്ചു കൂടുതൽ ബോധവാൻമാരായിരിക്കേണ്ടതുണ്ട്. മുൻകൈ എടുക്കുക, ആ ആവശ്യങ്ങൾ എന്താണെന്ന് അവരെ അറിയിക്കുക! ആർക്കറിയാം? നിങ്ങൾ വിചാരിച്ചതിനേക്കാൾ വളരെ കൂടുതൽ താത്പര്യം നിങ്ങളിൽ കാണിക്കുന്നവരാണ് അവർ എന്നു നിങ്ങൾ കണ്ടെത്തിയേക്കാം. (g92 11/8)
[അടിക്കുറിപ്പുകൾ]
a മയക്കുമരുന്നിലെയോ മദ്യത്തിലെയോ ആസക്തി പോലുള്ള ഗൗരവാവഹമായ പ്രശ്നങ്ങളോടു പോരാടുന്ന മാതാപിതാക്കൾക്കു തങ്ങളുടെ കുട്ടികളുടെ ആവശ്യങ്ങളോടു പ്രതികരിക്കുന്നതിനുമുമ്പു വിദഗ്ദ്ധ സഹായം ആവശ്യമായിരുന്നേക്കാം.
[24-ാം പേജിലെ ചിത്രം]
ഇന്നു മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാത്തവിധം മിക്കപ്പോഴും സമ്മർദ്ദമനുഭവിക്കുന്നവരും ക്ഷീണിതരുമാണ്