“നാസികൾക്കു ഞങ്ങളെ തടയാൻ കഴിഞ്ഞില്ല!”
അതു തികച്ചും അപരിചിതനായ ഒരുവന്റെ വീടായിരുന്നു. ഞാൻ കതകിൽ മുട്ടുകയും വീട്ടിൽ ആരും ഉണ്ടായിരിക്കുകയില്ല എന്ന പ്രതീക്ഷയോടെ, വളരെ ഭയന്ന് അവിടെ നിൽക്കുകയും ചെയ്തു. ഞാൻ വെറും 21 വയസ്സുള്ള ഒരു യുവാവും യഹോവയുടെ സാക്ഷികളോടൊപ്പം വീടുതോറുമുള്ള പ്രസംഗവേലയിൽ പുറത്തുപോകുന്നത് ഇത് എന്റെ ആദ്യതവണയും ആയിരുന്നു. അത് 1934 നവംബർ ആയിരുന്നു, ഇവിടെ, ജർമ്മനിയിൽ ഹിററ്ലർ അത്തരത്തിലുള്ള എല്ലാ പ്രസംഗവേലയും കർശനമായി നിരോധിച്ചിരിക്കുകയായിരുന്നു. ഞങ്ങളുടെ ചെറിയ യോഗത്തെ നയിച്ച ശുശ്രൂഷകൻ സുവിശേഷവേലയ്ക്കുവേണ്ടി വെളിയിൽ പോകുന്നതിനെക്കുറിച്ചുള്ള പദ്ധതികൾ പരാമർശിച്ചപ്പോൾ “അദ്ദേഹം എന്നെ ഉദ്ദേശിച്ചില്ല!” എന്നു ഞാൻ ചിന്തിച്ചു. എന്തൊക്കെയായാലും, ഞാൻ സ്നാപനമേററിരുന്നുപോലുമില്ല, എനിക്ക് ഒരു തിരുവെഴുത്തു മാത്രമേ അറിയാമായിരുന്നുള്ളു. എന്നാൽ എനിക്കു തെററുപററിയിരുന്നു—അദ്ദേഹം എന്നെ ഉദ്ദേശിക്കുക തന്നെ ചെയ്തു, അതുകൊണ്ടു ഞാൻ ഇവിടെ വന്നു.
വീട്ടിൽ ആരുമില്ലായിരുന്നു! എനിക്ക് ആശ്വാസം തോന്നി. വീണ്ടും, അടുത്ത വീട്ടിൽ ആരും പ്രത്യുത്തരം പറഞ്ഞില്ല, എന്നാൽ എനിക്ക് അകത്തുനിന്നു ശബ്ദം കേൾക്കാൻ കഴിഞ്ഞു, അതുകൊണ്ടു ഞാൻ വാതിൽ തുറന്നു. ഒരു സ്ത്രീ ഏതാനും പാത്രങ്ങൾ കഴുകിക്കൊണ്ടിരിക്കുകയായിരുന്നു, അവർ എന്റെ നേരെ പകയോടെ നോക്കി. സങ്കോചത്തോടെ ഞാൻ എന്റെ ഒരു തിരുവെഴുത്ത്, മത്തായി 24:14, വിശദീകരിക്കാൻ തുടങ്ങി. അവർ വെറുതെ എന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. (അവർ ഒരു ബധിരയായിരുന്നുവെന്നു പിന്നീട് ഞാൻ മനസ്സിലാക്കി) പെട്ടെന്ന് ഒരു മനുഷ്യൻ എന്റെ അരികിൽ പ്രത്യക്ഷപ്പെട്ടു. അത് അവരുടെ ഭർത്താവായിരിക്കുമെന്ന ധാരണയിൽ ഞാൻ സാക്ഷീകരണം തുടർന്നു, എന്നാൽ എന്റെ വാരിയെല്ലുകൾക്കുനേരെ ഒരു റിവോൾവർ ചൂണ്ടിപ്പിടിച്ചിരിക്കുന്നതു ഞാൻ കണ്ടു. അദ്ദേഹം ഒരു നാസി ലീഡർ ആയിരുന്നു! തെരുവിനപ്പുറത്തു സാക്ഷീകരിച്ചിരുന്ന എന്റെ കൂട്ടുകാരൻ ഈ മമനുഷ്യന്റെ വീട്ടിൽ സന്ദർശിക്കുകയും ഇദ്ദേഹം സഹോദരനെ തൊഴിച്ചു താഴെയിടുകയും ചെയ്തിരുന്നു. ആ സഹോദരന്റെ അന്നത്തെ സാക്ഷീകരണം നിർത്തിച്ചുവെന്നു വിചാരിച്ചുകൊണ്ടു പിന്നെ ആ നാസി എന്നെ ലക്ഷ്യംവെച്ച് അറസ്ററ് ചെയ്യാൻ വന്നു. എന്റെ കൂട്ടുകാരൻ തന്നെത്താൻ പൊടിതട്ടി എഴുന്നേററു വീണ്ടും പ്രസംഗിക്കാൻ പോയപ്പോൾ ഞാൻ നാലു മാസത്തേക്കു തടവറയിൽ അടയ്ക്കപ്പെട്ടു. അങ്ങനെ ഞാൻ എന്റെ പ്രസംഗവേല തുടങ്ങി!
തടങ്കൽ പാളയത്തിലേക്ക്!
എന്റെ മോചനത്തിനുശേഷം രഹസ്യസാക്ഷീകരണത്തിനു സഹായിക്കാൻ സഹോദരൻമാർ എന്നെ ആശ്രയിച്ചു. എന്നിരുന്നാലും നാസികൾ എന്റെ ഓരോ നീക്കത്തെയും പിന്തുടർന്ന് അധികനാളാകുന്നതിനു മുമ്പ് എന്നെ വീണ്ടും അറസ്ററുചെയ്തു. പ്രാദേശിക പോലീസ് എന്നെ ഗെസ്ററപ്പോയുടെ അടുക്കലേക്കു കൊണ്ടുപോയി. “തടങ്കൽപാളയത്തിലേക്ക്!” എന്ന വിധിവാചകം കേട്ടപ്പോൾ ഞാൻ വളരെ ഭയപ്പെട്ടുപോയി. ഞാൻ ഈസ്ററർവെഗാനിലേക്കു പോകേണ്ടിയിരുന്നു. ഞങ്ങളിൽ ഏതാണ്ട് നൂററിയിരുപതോളം സാക്ഷികൾ [ബിബെൽഫോറോസ്ചെർ] അവിടെ ഉണ്ടായിരുന്നു, എസ്എസ് ഗാർഡുകൾ ഞങ്ങളുടെ നിർമ്മലത ഭഞ്ജിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയായിരുന്നു.
ഞങ്ങളെ വിട്ടുവീഴ്ച ചെയ്യിക്കാൻ തീരുമാനിച്ചിരുന്ന, “ഇരുമ്പ് ഗസ്ററാവ്” എന്നു ഞങ്ങൾ ഇരട്ടപ്പേരു വിളിച്ച ഒരു സർജൻറ് അവിടെ ഉണ്ടായിരുന്നു. ആഗസ്ററിലെ ചുട്ടുപൊള്ളുന്ന വെയിലത്ത് ഒരുനാൾ നിർത്തൽ കൂടാതെ ദിവസം മുഴുവൻ പ്രയാസമേറിയ ശാരീരിക വ്യായാമം ചെയ്യാൻ അദ്ദേഹം ഞങ്ങളെ എല്ലാവരെയും നിർബന്ധിച്ചു. വൈകുന്നേരമായതോടെ പകുതിയോളം സഹോദരങ്ങൾ തളർന്നു വീഴുകയോ അല്ലെങ്കിൽ കഠിനമായ അസുഖത്താൽ ആതുരശുശ്രൂഷാലയത്തിലാക്കപ്പെടുകയോ ചെയ്തിരുന്നു. സങ്കടകരമെന്നു പറയട്ടെ, ഒരു സഭാമേൽവിചാരകൻ ദുർബലനാകുകയും “വിട്ടുവീഴ്ച കടലാസി”ൽ ഒപ്പു വയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സഭയിൽനിന്നുള്ള 12 പേർ ഒപ്പുവെക്കുന്നതിൽ അദ്ദേഹത്തോടൊപ്പം ചേരുകയും ചെയ്തു.
അദ്ദേഹത്തിന്റെ ദണ്ഡനം ഫലിക്കുന്നതായി കണ്ടതിനാൽ സന്തോഷിച്ചുകൊണ്ട് “ഇരുമ്പ് ഗസ്ററാവ്” ഇങ്ങനെ പ്രതിജ്ഞചെയ്തു: “നാളെ നിങ്ങൾ ഓരോരുത്തരും ഈ എഴുത്തിൽ ഒപ്പിടാൻ സന്തോഷമുള്ളവരായിരിക്കും, ഒരു യഹോവയും നിങ്ങളെ സഹായിക്കുകയില്ല.” കൊള്ളാം, ആ രാത്രിയിൽ ഞങ്ങൾ ആത്മാർത്ഥതയോടെ പ്രാർത്ഥിച്ചതു നിങ്ങൾക്കു സങ്കല്പിക്കാൻ കഴിയും. അടുത്ത ദിവസം രാവിലെ ഞങ്ങൾ “ഇരുമ്പ് ഗസ്ററാവ്” വരുന്നതിനുവേണ്ടി കാത്തിരുന്നു. ഞങ്ങൾ കാത്തിരുന്നു. അവസാനം പാളയങ്ങളിലേക്കു മടങ്ങിപ്പോകാൻ ഞങ്ങളോടു പറഞ്ഞു. എന്നിട്ടും ഗസ്ററാവ് വന്നില്ല! ഒടുവിൽ എന്താണു സംഭവിച്ചതെന്നു ഞങ്ങൾ കണ്ടെത്തി. അന്നു രാവിലെ സൈനീക താവളത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയിൽ താൻ ഇരുമ്പിനെക്കാൾ കുറഞ്ഞ എന്തോകൊണ്ടാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത് എന്ന് ഒരു കയ്പേറിയ അനുഭവത്തിലൂടെ “ഇരുമ്പ് ഗസ്ററാവ്” മനസ്സിലാക്കി. അദ്ദേഹം ഓടിച്ചിരുന്ന മോട്ടോർസൈക്കിൾ താവളത്തിന്റെ പ്രവേശന കവാടത്തിന്റെ—30 അടിയിൽക്കൂടുതൽ വിസ്താരമുള്ള ഒരു പ്രവേശനകവാടം—ഒരു വശത്തുള്ള ഇഷ്ടികത്തൂണിൽ ഇടിച്ചു! പൊട്ടിയ നെററിയും ഒടിഞ്ഞ കയ്യും കൊണ്ട് അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയിട്ടുണ്ടായിരുന്നു. രണ്ടു മാസത്തിനുശേഷം ഞങ്ങൾ അദ്ദേഹത്തെ അവസാനമായി വീണ്ടും കണ്ടപ്പോൾ, “നിങ്ങളുടെ യഹോവ എന്നോട് ഇതു ചെയ്തു!” എന്ന് അദ്ദേഹം ഞങ്ങളുടെ നേരെ അലറി. ഒരു നിമിഷനേരത്തേക്കു ഞങ്ങളിൽ ആരും അദ്ദേഹത്തെ സംശയിച്ചില്ല.
ഹോളണ്ടിലേക്ക്
ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തഞ്ചിൽ ഞാൻ മോചിതനാകുകയും ജർമ്മൻ സൈന്യത്തിൽ ചേരുന്നതിന് എന്നോട് ആവശ്യപ്പെടുകയും ചെയ്തു. പകരം, ഹോളണ്ട് വഴി സ്പെയിനിലേക്കു പോകുന്നതിനും അവിടെ സാക്ഷീകരണം തുടരുന്നതിനും ഞാൻ തീരുമാനിച്ചു. എനിക്കു ഹോളണ്ടിൽ എത്തിച്ചേരാൻ കഴിഞ്ഞപ്പോൾ ഞാൻ സാക്ഷികൾക്കുവേണ്ടി അന്വേഷണം നടത്തി, ഹോളണ്ടിൽ താമസിക്കാൻ അവർ എന്നെ പ്രോത്സാഹിപ്പിച്ചു. വീണ്ടും സ്വതന്ത്രമായി പ്രസംഗിക്കുന്നതും ക്രിസ്തീയയോഗങ്ങളിൽ എന്റെ സഹോദരീസഹോദരൻമാരോടൊപ്പം ആയിരിക്കുന്നതും എന്തൊരു സന്തോഷമായിരുന്നു! ഡച്ച് ഗ്രാമപ്രദേശത്തുകൂടി ഞങ്ങൾ സൈക്കിൾ ചവിട്ടി പകൽസമയം പ്രസംഗിക്കുകയും രാത്രിയിൽ കൂടാരങ്ങളിൽ ഉറങ്ങുകയും ചെയ്തു. ഒരു മാസം ശരാശരി 200മുതൽ 220വരെ മണിക്കൂർ ഞങ്ങൾ പ്രസംഗിച്ചു.
ഭക്ഷണം വാങ്ങാനും മററു ചെലവുകൾ നടത്താനും ഉള്ള പണം കുറവായിരുന്നു. ഞങ്ങൾ രാത്രിയിലേക്കുള്ള ഞങ്ങളുടെ തുച്ഛമായ ഭക്ഷണം തയ്യാറാക്കുന്നതു കണ്ട ഒരു കൃഷിക്കാരൻ ഞങ്ങളെ അത്താഴത്തിനു ക്ഷണിച്ചതു ഞാൻ വ്യക്തമായി ഓർക്കുന്നു. ഏററവും വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ കൊണ്ടു നിറച്ച ഒരു മേശ ഞങ്ങൾക്കായി കാത്തിരുന്നു! അന്നുമുതൽ സ്നേഹമുള്ള ഈ കുടുംബം വെണ്ണയ്ക്കും മുട്ടയ്ക്കും നെയ്ക്കും ബ്രഡ്ഡിനും വേണ്ടിയുള്ള ഞങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ സാധിച്ചിരുന്നു, ഞങ്ങളുടെ തുണി കഴുകുന്നതിനുപോലും അവർ സഹായിച്ചു. ആ മുഴുകുടുംബവും സാക്ഷികൾ ആയിത്തീർന്നു. മുമ്പിലുണ്ടായിരുന്ന പ്രവർത്തനത്തിന് അവർ ഒരു മർമ്മപ്രധാനമായ ബന്ധം ആയിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി മുപ്പത്താറിൽ സ്വിററ്സർലൻഡിലെ ബേണിൽ ഒരു കൺവെൻഷൻ നടന്നു. അന്നു വാച്ച്ടവർ സൊസൈററിയുടെ പ്രസിഡണ്ടായിരുന്ന ജോസഫ് എഫ്. റഥർഫോർഡ് പ്രസംഗിച്ചു. ഒരു മുഴുസമയ സുവിശേഷകൻ എന്നനിലയിൽ ആ സമയമെല്ലാം ചെലവഴിച്ചതിനുശേഷം അന്നായിരുന്നു ഞാൻ സ്നാപനമേററത്!
ഹേഗ്
ഹേഗ് പ്രദേശത്തു പ്രവർത്തിക്കാൻ ഞാൻ നിയമിക്കപ്പെട്ടു. അവിടെയുള്ള അനേകം കുടുംബങ്ങൾ ദൈവവചനത്തിലെ സത്യം സ്വീകരിച്ചു. ചിലരുമായി ഞാൻ ഈ ദിവസംവരെയും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. എല്ലാംകൊണ്ടും അസംഭവ്യമായിരുന്ന സാധ്യതയായിരുന്ന ഒരു നാസി ചാരൻ എന്നപേരിൽ 1939-ൽ ഡച്ച് പോലീസ് എന്നെ അറസ്ററുചെയ്തു! തടവറയിൽനിന്നു കത്തുകളിലൂടെ, എനിക്കു ചെയ്യാൻ കഴിഞ്ഞ ഏററവും മെച്ചമായ രീതിയിൽ, ഞാൻ സാക്ഷീകരണം തുടർന്നു, പുറത്തേയ്ക്കുപോകുന്ന എന്റെ എല്ലാ കത്തുകളും ന്യായാധിപൻ വായിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞുകൊണ്ടുതന്നെ. അഞ്ചു മാസത്തിനുശേഷം—അതിൽ അവസാനത്തെ രണ്ടുമാസം ഏകാന്തതടവിലായിരുന്നു—ഞാൻ മോചിതനായി. ഞാൻ ഹേഗിലുള്ള എന്റെ വീട്ടിലേക്കു മടങ്ങിവന്നതിനു ദിവസങ്ങൾക്കുശേഷം ജർമ്മൻ ലുഫ്ററ്വോഫാ ആ പ്രദേശത്തു ബോംബ് ചെയ്യാൻ തുടങ്ങി! ആക്രമിച്ചു കയറുന്ന പട്ടാളക്കാരുടെ തൊട്ടു പിറകെ ഗെസ്ററപ്പോയും ഉണ്ടായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അത് എനിക്കു രഹസ്യസ്ഥലത്തേക്കു തിരിച്ചുപോകുന്നതിനുള്ള സമയമായിരുന്നു.
എന്നാൽ കണ്ടുപിടിക്കപ്പെടാതെ എനിക്കെങ്ങനെ ചുററിക്കറങ്ങി നടക്കാൻ കഴിയുമായിരുന്നു? സൈക്കിൾക്കട നടത്തിയിരുന്ന ഒരു സഹോദരൻ ഒരു പ്രത്യേക സൈക്കിൾ എനിക്ക് ഉണ്ടാക്കിത്തന്നു. രഹസ്യപോലീസ് ഉപയോഗിച്ചിരുന്നപോലത്തെതന്നെ ഒന്ന്—അതേ പ്രത്യേക നിറം, ഉയർന്ന ഹാൻഡിൽബാറും ഒരു വാൾ തൂക്കിയിടുന്ന ക്ലിപ്പുകളും ഉള്ളത്. ഞാൻ അവരിൽ ഒരാളാണെന്നു വിചാരിച്ചു രഹസ്യപോലീസ് എന്നെ അഭിവാദനം ചെയ്യുകപോലും ചെയ്യുമായിരുന്നു! എന്നിരുന്നാലും ഒരു ദിവസം ഞാൻ റോഡിൽനിന്നു വേലികൊണ്ടു മറച്ച സൈക്കിൾ പാതയിലൂടെ സൈക്കിൾ ചവിട്ടിപ്പോകുമ്പോൾ റോഡിന്റെ എതിർവശത്തുനിന്നു സൈക്കിളിൽ വന്ന രണ്ടു പോലീസുകാർ വേലിയുടെ വിടവിലൂടെ എന്നെ കണ്ടുപിടിക്കുകയും ഓടിരക്ഷപെടുന്ന ഒരുവനായി എന്നെ തിരിച്ചറിയുകയും ചെയ്തു. ഞാൻ എന്റെ ജീവിതത്തിൽ ചെയ്തിട്ടുള്ളതിലേക്കും ഏററവും വേഗത്തിൽ സൈക്കിൾ ചവിട്ടി! അവർ തിരിഞ്ഞുവരുന്നതിനും എന്നെ അനുഗമിക്കുന്നതിനും മുമ്പായി അവർക്കു സിഗ്നൽ ലഭിക്കേണ്ടിയിരുന്നു, അവർ ഒരു തീവ്രമായ അനുധാവനം നടത്തിയെങ്കിലും ഞാൻ അവസാനം അവരിൽനിന്നു തെന്നിമാറി.
കഷ്ടിച്ചുള്ള പല രക്ഷപെടലുകൾ
ഇപ്പോൾ ഹേഗിലുള്ള എന്റെ സാന്നിദ്ധ്യത്തെക്കുറിച്ചു പോലീസ് അറിഞ്ഞു. സുരക്ഷിതത്വത്തിന്റെപേരിൽ ഞാൻ വ്യത്യസ്ത വീടുകളിൽ ഉറങ്ങാൻ തുടങ്ങി. ഒരു സന്ദർഭത്തിൽ, മൂന്നു കുട്ടികളുള്ള ഒരു കുടുംബത്തിന്റെ വീട്ടിൽ ഞാൻ ഉറങ്ങി. ഒരു റെയ്ഡ് ഉണ്ടാകുന്നുവെങ്കിൽ പെട്ടെന്നു വസ്ത്രം ധരിക്കാൻ കഴിയുന്നതിനു പതിവുപോലെ ഞാൻ വസ്ത്രങ്ങൾ തയാറാക്കിവെച്ചിരുന്നു. ഞാൻ പോകുമ്പോൾ ശൂന്യമായ എന്റെ മെത്തയിലേക്കു മാററിക്കിടത്താൻ കഴിയുന്നതിനു ഞാൻ രണ്ടു കുട്ടികളെ ചേർത്തുകിടത്തുകയും ചെയ്തിരുന്നു. ആ വിധത്തിൽ നാസികൾക്കു ചൂടുള്ള, ശൂന്യമായ മെത്ത കണ്ടെത്താൻ കഴിയുമായിരുന്നില്ല.
ആ ദിവസം രാവിലെ 5 മണിക്ക് ഈ ക്രമീകരണങ്ങൾ ഉപയോഗപ്രദമാണെന്നു തെളിഞ്ഞു. അവരുടെ കതകിൽ ശക്തിയായ, തുടർച്ചയായ പ്രഹരം ഉണ്ടായി. ഒൻപതു വയസ്സുള്ള ആൺകുട്ടിയെ എന്റെ മെത്തയിലേക്കു മാററുന്നതിനും തുണികൾ പെട്ടിയിൽ പായ്ക്കു ചെയ്യുന്നതിനും എന്റെ തൊപ്പിയും പുറങ്കുപ്പായവും അണിയുന്നതിനും പിറകിലത്തെ ജനലിലൂടെ നഗ്നപാദനായി മഞ്ഞിലേക്കു ചാടുന്നതിനും സമയം കഷ്ടിച്ചേ ഉണ്ടായിരുന്നുള്ളു. സന്തോഷകരമായി, പിറകുവശത്ത് ഒരു കാവൽക്കാരനെ നിർത്തുന്നതിന് അവർ ചിന്തിച്ചിരുന്നില്ല. ഞാൻ ബൈബിളദ്ധ്യയനം നടത്തിയിരുന്ന ഒരു കുടുംബത്തിന്റെ വീട്ടിലേക്ക് ഓടി. വെളുപ്പിന് 5.30-ഉം ശൈത്യകാലത്തെ ഇരുട്ടും ഉണ്ടായിരുന്നുവെങ്കിലും ഈ മനുഷ്യൻ ഒരു വാക്കുപോലും ചോദിക്കാതെ എന്നെ അകത്തേക്കു കൊണ്ടുപോകുകയും ഒളിപ്പിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെ മൂവരും സാക്ഷികളായിത്തീർന്നു.
ഞാൻ അപ്പോൾ വിട്ടുപോന്ന കുടുംബത്തെ ഗെസ്ററപ്പോ ചോദ്യം ചെയ്തപ്പോൾ, അവർ ഇളയ ആൺകുട്ടിയിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഒരു “അങ്കിൾ” അടുത്തയിടെ അവരെ സന്ദർശിക്കുന്നുണ്ടായിരുന്നു എന്നു പറഞ്ഞാൽ പണം കൊടുക്കാമെന്നുപോലും അവർ വാഗ്ദാനം ചെയ്തു. “ഉണ്ട്, അതു വളരെ മുമ്പായിരുന്നു” എന്ന് അവൻ അവരോടു പറഞ്ഞു. എത്ര നാൾ മുമ്പ്? അവന് അറിയില്ലായിരുന്നു. അവർ ഇച്ഛാഭംഗത്തോടെ മടങ്ങി. “അങ്കിൾ ടോം” (എന്റെ രഹസ്യപേര്) ആ രാത്രി അവരോടൊപ്പം ചെലവഴിച്ചിരുന്നത് അവൻ അറിഞ്ഞിരിക്കെ എന്തുകൊണ്ടാണ് അങ്ങനെ ഉത്തരം പറഞ്ഞതെന്നു പിന്നീട് അമ്മ അവനോടു ചോദിച്ചു. അവൻ പറഞ്ഞു: “ഇരുപത്തിനാലു മണിക്കൂർ അനേകം മിനിററുകൾ കൂടുന്ന ഒരു ദീർഘിച്ച സമയമാണ്.” അതുകൊണ്ട് അതു സത്യമാണ്.
എന്റെ അടുത്ത നിയമനം ഗ്രോനിൻഗനിൽ ആയിരുന്നു. ആ പട്ടണത്തിലുണ്ടായിരുന്ന ചില സാക്ഷികളെ ഭയം കീഴടക്കുകയും പ്രസംഗവേല യഥാർത്ഥത്തിൽ നിർത്തുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്നുതന്നെ മൃഗീയരായ ഡച്ച് ഗസ്ററപ്പോയെ വെല്ലുവിളിച്ചുകൊണ്ടു സഹോദരൻമാർ വീണ്ടും ഭയരഹിതരായിത്തീർന്നു. ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിരണ്ടിലെ ഒരു രാത്രിയിൽ, മുൻകൂട്ടിനിശ്ചയിച്ച പത്തു മിനിററ് കാലയളവുകൊണ്ടു പട്ടണം മുഴുവൻ ആയിരക്കണക്കിനു ബൈബിൾ ലഘുലേഖകൾ വിതരണം ചെയ്ത ഒരു “റെയ്ഡി”ൽപ്പോലും ഞങ്ങൾ പങ്കെടുത്തു. ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് യഹോവയുടെ സാക്ഷികൾക്കു ദശലക്ഷക്കണക്കിനു ലഘുലേഖകൾ വിതരണം ചെയ്തുവെന്നു വർത്തമാന പത്രങ്ങളെല്ലാം റിപ്പോർട്ടുചെയ്തു! ഞങ്ങൾ ജീവനോടെയും സുഖമായും ഇരുന്നിരുന്നുവെന്നു ഗെസ്ററപ്പോ അറിയുവാൻ ഞങ്ങൾ ഇടയാക്കി. നാസികൾക്കു ഞങ്ങളെ ഒരിക്കലും തടയാൻ കഴിഞ്ഞില്ല!
യുദ്ധം തുടരുകയും അതു തെരുവുകളിലൂടെ നടക്കുന്നതു കൂടുതൽ കൂടുതൽ അപകടകരമാക്കിത്തീർക്കുകയും ചെയ്തു. ഒരു രാത്രിയിൽ ഞാനും മറെറാരു സഹോദരനും ഹിൽവർസമ്മിലെ ഒരു രഹസ്യയോഗത്തിനുശേഷം പിരിഞ്ഞുപോകുമ്പോൾ എന്റെ പിറകിൽനിന്ന് ആരോ ഒരാൾ എന്റെ നേരെ കനത്ത ശബ്ദം ഉണ്ടാക്കുകയും ഒരു സാധനം എന്റെ കാൽച്ചുവട്ടിൽ നിലത്തു വലിയ ശബ്ദത്തോടെ വന്നുപതിക്കുകയും ചെയ്തു. ഞാൻ അത് എടുക്കുകയും ഒരു ജർമ്മൻ പടയാളിയുടെ ശിരോകവചമാണ് അതെന്നു ഭീതിയോടെ കാണുകയും ചെയ്തു! അതിന്റെ ഉടമസ്ഥൻ അദ്ദേഹത്തിന്റെ സൈക്കിൾക്കൊണ്ട് അവിടെ നില്പുണ്ടായിരുന്നു. ഉടനെ അദ്ദേഹത്തിന്റെ ഫ്ളാഷ്ലൈററ് എന്റെ നേരെ അടിച്ചു. ഞാൻ അദ്ദേഹത്തിൽനിന്നു നടന്നകന്നു; അദ്ദേഹം ശിരോകവചം എന്റെ കയ്യിൽനിന്നു തട്ടിപ്പറിക്കുകയും തോക്ക് വലിച്ചെടുത്തുകൊണ്ട് “നിങ്ങളെ അറസ്ററ് ചെയ്തിരിക്കുന്നു” എന്ന് ആക്രോശിക്കുകയും ചെയ്തു.
ഞാൻ ഭയംകൊണ്ടു വിറക്കുകയായിരുന്നു. അദ്ദേഹം എന്നെ അറസ്ററ് ചെയ്തിരുന്നുവെങ്കിൽ അതു സാദ്ധ്യതയനുസരിച്ച് എന്റെ അവസാനമായിരിക്കുമായിരുന്നു. ഞാൻ സഹായത്തിനുവേണ്ടി ദൈവത്തോടു പ്രാർത്ഥിച്ചു. പ്രകോപനം കേട്ടുകൊണ്ട് ഒരു ജനക്കൂട്ടം തടിച്ചുകൂടി. ഞാൻ ശ്രദ്ധിച്ചപ്പോൾ അദ്ദേഹം ചെറുതായിട്ട് ആടുന്നുണ്ടായിരുന്നു, അദ്ദേഹം കുടിച്ചിട്ടുണ്ടായിരുന്നുവെന്ന് എനിക്കു വ്യക്തമായി. മേലധികാരികൾക്കു സാധാരണക്കാരുടെ വേഷംധരിച്ചു നടക്കാൻ ജർമ്മനിയുടെ പട്ടാള നിയമങ്ങൾ അനുവദിച്ചിരുന്നുവെന്നു പിന്നീട് ഞാൻ ഓർത്തു. അതുകൊണ്ടു ഞാൻ പട്ടാളക്കാരന്റെ അടുത്തേക്കു നടന്നുചെന്ന് എനിക്കു സമാഹരിക്കാൻ കഴിഞ്ഞ സർവ്വ അധികാരവും ഉപയോഗിച്ചുകൊണ്ട് “ഞാൻ ആരാണെന്നു നിനക്കറിയാമോ?” എന്ന് ആക്രോശിച്ചു. പട്ടാളക്കാരൻ സ്തംബ്ധനായി. അദ്ദേഹം ശിരോകവചത്തിൽ കൈവെച്ച് എന്നെ സല്യൂട്ട് ചെയ്തു! അദ്ദേഹം ഒരു മേലധികാരിയെ ആക്ഷേപിച്ചുവെന്നു ബോദ്ധ്യപ്പെട്ടതുകൊണ്ട് ആരും കാണാതെ അവിടെനിന്നു പോകുകയും ഇരുട്ടിൽ മറയുകയും ചെയ്തു. പ്രേക്ഷകർ പിരിഞ്ഞുപോയി. കഷ്ടിച്ചുള്ള മറെറാരു രക്ഷപെടലിന് എനിക്കു യഹോവക്കു നന്ദികൊടുക്കാനേ കഴിഞ്ഞുള്ളു!
ബെൽജിയത്തിലെ രഹസ്യജീവിതം
എന്റെ അടുത്ത നിയമനം മറെറാരു രാജ്യമായ ബെൽജിയത്തിലായിരുന്നു. ഞാൻ ആൻറ്വേർപിലെ അദ്ധ്യക്ഷ ശുശ്രൂഷകനായിത്തീർന്നു. നിരോധനം കാരണം ഞാൻ ഓരോ ആഴ്ചയിലും വ്യത്യസ്ത വീടുകളിൽ പല ചെറിയ യോഗങ്ങൾ നടത്തി. ഞാൻ ആ കഠിന വർഷങ്ങളിൽ ആത്മീയ ഭക്ഷണം വരുന്നതു നിലനിർത്തിയ അത്ഭുതകരമായ ശൃംഖലയിലെ മറെറാരു കണ്ണിയായ ഒരു സന്ദേശവാഹകനും ആയിരുന്നു.
സാഹിത്യം ഹോളണ്ടിൽനിന്ന് അതിർത്തി കുറുകെ കടത്താൻ ഞങ്ങൾക്കുണ്ടായിരുന്ന നിർദ്ദിഷ്ട സങ്കേതം ഒരു റെസ്റേറാറൻറ് ആയിരുന്നു. കെട്ടിടം ബെൽജിയത്തിൽ ആയിരുന്നു, എന്നാൽ അതിന്റെ പൂന്തോട്ടം ഹോളണ്ടിലും, അതുകൊണ്ട് സാഹിത്യം എത്തിക്കുന്നയാളെ കൂടിക്കാണുന്നതിനും അദ്ദേഹവുമായി പെട്ടി കൈമാറുന്നതിനും പററിയ ഒരു സ്ഥലമായിരുന്നത്. അതിന്റെ ഉടമ ഞങ്ങൾ ബ്രിട്ടീഷ് രഹസ്യ ചാരവിഭാഗമാണെന്നു ധരിക്കുകയും ഞങ്ങളോടു സഹകരിക്കുകയും ചെയ്തു. അദ്ദേഹം ചുമതലയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനോടു ഞങ്ങളെ വെറുതെ വിടണമെന്നു പറയുകപോലും ചെയ്തു. എന്നാൽ ഒരു ദിവസം റോന്തുചുററലിനുള്ള ഡ്യൂട്ടിയിൽ ഒരു പുതിയ ആളാണ് ഉണ്ടായിരുന്നത്, എന്നെക്കുറിച്ച് ഒന്നും അറിയത്തില്ലാഞ്ഞ ഒരു നാസി അനുഭാവിയായ ബെൽജിയംകാരൻ. ഒരു വലിയ തുകൽ പെട്ടിയുമായി എന്നെക്കണ്ടപ്പോൾ ഞാൻ അതു തുറന്നു കാണിക്കണമെന്ന് അദ്ദേഹം നിർബന്ധിച്ചു. ഞാൻ നിരസിച്ചു; എന്തെന്നാൽ അതു മുന്നൂറോ നാനൂറോ വീക്ഷാഗോപുരം മാസികകൊണ്ടു നിറച്ചിരുന്നു. അതുകൊണ്ട് അദ്ദേഹം എന്നെ അറസ്ററ് ചെയ്യുകയും പോലീസ് സ്റേറഷനിലേക്കു എന്നെ കൊണ്ടുപോകുകയും ചെയ്തു. അവിടെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ എന്നെ ഏറെറടുത്തുകൊണ്ടു റോന്തുചുററൽ നടത്തുന്ന മനുഷ്യനോടു എന്നെ വിട്ടേക്കാൻ പറഞ്ഞു. പിന്നെ അദ്ദേഹം അടക്കത്തോടെ എന്നോടു പറഞ്ഞു: “പെട്ടിയുടെ ഉള്ളിലുള്ളതു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അടുത്തതവണ ദയവായി ചെറിയ പെട്ടിയുമായി വരിക.” വീണ്ടും യഹോവക്കു നന്ദി കൊടുക്കാനേ എനിക്കു കഴിഞ്ഞുള്ളു!
സംയുക്തസേന ബെൽജിയം ആക്രമിക്കുന്നതിനു മുൻകൂട്ടി നിശ്ചയിച്ചിരുന്ന ദിവസം വന്നു. അവർ യുദ്ധം തുടങ്ങിയപ്പോൾ അത് ആൻറ്വേർപിൽതന്നെ ആഞ്ഞടിച്ചു. ഇരുവശത്തുനിന്നുമുള്ള വെടിയുണ്ടകളും ഷെല്ലുകളും കൊണ്ടു പട്ടണം പെട്ടെന്നു നിറഞ്ഞപ്പോൾ സാക്ഷീകരണവും യോഗത്തിനു ഹാജരാകലും ഒരു യഥാർത്ഥ വെല്ലുവിളിയായിത്തീർന്നു. യുദ്ധം അവസാനിക്കാറായപ്പോൾ ഞാൻ മേലാൽ രഹസ്യമായി കഴിയേണ്ടതില്ലായെന്നു ബ്രാഞ്ച് ദാസൻ തെററായി ചിന്തിച്ചു. ഞാൻ വെളിപ്പെടുന്നതിനുള്ള സമയമായിട്ടില്ല എന്നു ചിന്തിച്ച സുഹൃത്തായിരുന്ന ഒരു പോലീസ് ക്യാപ്ററന്റെ ഉപദേശത്തിനു വിരുദ്ധമായി ഞാൻ അത് അനുസരിച്ചു. പതിനൊന്നു മാസത്തിനുശേഷം എന്റെ ജീവിതത്തിലെ ഏററവും ബീഭത്സമായ അനുഭവത്തിൽനിന്നു ഞാൻ വെളിയിൽവന്നു. അധികാരികൾ എന്റെ കഥ വിശ്വസിച്ചില്ല. ഞാൻ ഒരു ഗെസ്ററപ്പോ ഏജൻറാണെന്ന ബോദ്ധ്യത്തോടെ ഞാൻ ഇതുവരെയും കണ്ടിട്ടില്ലാത്തതരം ഏററവും മനുഷ്യത്വഹീനമായ അവസ്ഥയിൽ അവരെന്നെ തടവറയിലാക്കി. എന്നെക്കാൾ ഇളയവരായ പല പുരുഷൻമാരും രോഗബാധിതരാവുകയും ആ മാസങ്ങളിൽ മരിക്കുകയും ചെയ്തു. അവസാനം മോചിപ്പിക്കപ്പെട്ടപ്പോൾ ഞാൻ ശാരീരികമായി പൂർണ്ണമായും തകർന്നിരുന്നു.
വിശ്വസ്തമായ സേവനം തുടരുന്നു
ഹൃദയഭേദകമായ കൂടുതൽ തടഞ്ഞുവെയ്പ്പിനും ചോദ്യംചെയ്യലിനും തടവിനും ശേഷം അവസാനം എനിക്കു ജർമ്മനിയിലേക്കു—ഞാൻ വിട്ടുപോയ ദിവസത്തിനു പത്തുവർഷത്തിനുശേഷം—മടങ്ങിപോകുന്നതിനു സാധിച്ചു! ഒരു വിശ്വസ്ത സാക്ഷിയായ എന്റെ മാതാവുമായി ഞാൻ പുനഃസംഗമിച്ചു, ഞങ്ങൾക്ക് അനേകം അനുഭവങ്ങൾ പങ്കുവെക്കുന്നതിനുണ്ടായിരുന്നു. ഞാൻ ക്രമേണ ആരോഗ്യം പുനരാർജ്ജിച്ചപ്പോൾ വീണ്ടും, ഇപ്പോൾ ഷ്ഘ്വീൻഫർട്ടിൽ, മുഴുസമയം സാക്ഷീകരിക്കാൻ തുടങ്ങി. ഹിററ്ലർ സ്വാഭിമാനത്തോടെ തന്റെ സൈന്യത്തിന്റെ പരേഡ് നടത്തിയിരുന്ന ന്യൂറംബർഗിൽത്തന്നെ നടത്തിയ ഞങ്ങളുടെ ആദ്യ യുദ്ധാനന്തര കൺവെൻഷനുവേണ്ടി തയ്യാറെടുക്കാൻ സഹായിക്കുന്നത് എന്തൊരാഹ്ലാദമായിരുന്നു. ഞാനൊരു മിഷനറിയായി പരിശീലിപ്പിക്കപ്പെടുമായിരുന്ന ഐക്യനാടുകളിലെ വാച്ച്ടവർ സ്കൂൾ ഓഫ് ഗിലെയാദിലേക്കു പിന്നീട് എന്നെ സ്വീകരിച്ചതിൽ ഞാൻ പുളകപ്രദനായി.
ഞാൻ ഗിലെയാദിനു പുറപ്പെടുന്നതിനു തൊട്ടുമുമ്പുള്ള ഒരു ചടങ്ങിൽ ഐക്യനാടുകളിലെ പതാകവന്ദന പ്രശ്നത്തിൽ മതപരമായ സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തിൽ ഒരു മുഖ്യപങ്കു വഹിച്ച ലിലിയൻ ഗോബിററാസിനെ കണ്ടുമുട്ടി. കൂടിവരവു ചടങ്ങിൽ ഞാൻ ഒററക്കു പാടിയ പാട്ട് അവൾ ആസ്വദിച്ചുവെന്ന് എന്നോടു പറഞ്ഞു, എനിക്ക് അവളെ മനസ്സിലാക്കാൻ കഴിയാഞ്ഞതിനാൽ ഞാൻ വെറുതെ ചിരിച്ചു. ഞാൻ ചിരിച്ചുകൊണ്ടേയിരുന്നു, അവൾ സംസാരിച്ചുകൊണ്ടുമിരുന്നു. ഞങ്ങൾ വിവാഹം കഴിക്കുന്നതിൽ അതു കലാശിച്ചു! അത് പക്ഷേ ഞങ്ങൾ ഇരുവരും ഗിലെയാദിൽനിന്നു ബിരുദം നേടിയതിനുശേഷം മിഷനറിമാരായി ആസ്ട്രിയായിൽ പ്രവർത്തിക്കുമ്പോഴായിരുന്നു.
കാലക്രമത്തിൽ എന്റെ ആരോഗ്യപ്രശ്നങ്ങൾ ഐക്യനാടുകളിലേക്കു മടങ്ങിപ്പോകാൻ ഞങ്ങളെ നിർബന്ധിച്ചു. അപ്പോൾ ഞങ്ങൾക്കു രണ്ടു സുമുഖരായ കുട്ടികൾ, ഒരു പുത്രനും ഒരു പുത്രിയും ഉണ്ടായിരുന്നു. അവർ രണ്ടുപേരും സത്യം സ്വീകരിച്ചുവെന്നതു കാണുന്നതിൻ ഞങ്ങൾ ആഹ്ലാദചിത്തരാണ്. എന്റെ ആരോഗ്യം മെച്ചപ്പെട്ടതനുസരിച്ചു ഞാൻ ഐക്യനാടുകളിലെയും കാനഡയിലെയും സഭകളിൽ സഹായിച്ചിട്ടുണ്ട്. വേല ഒരിക്കലും അവസാനിക്കുന്നില്ല, ഞങ്ങൾ അതോടൊപ്പം ആയിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഞാൻ ഇപ്പോഴും ആ വർഷങ്ങളിലെ രഹസ്യവേലയിലേക്കു പ്രിയത്തോടെ പിന്തിരിഞ്ഞുനോക്കാറുണ്ട്. നാസികൾക്കു ഞങ്ങളെ തടയാൻ കഴിഞ്ഞില്ല, എന്തെന്നാൻ യഹോവ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. വ്യക്തമായും, യഹോവ ഇപ്പോഴും വേലയെ അനുഗ്രഹിക്കുന്നു, അവിടുത്തേക്കു തൃപ്തിയാകുന്നടംവരെ ഒന്നും അതിനെ തടയുകയില്ല!—എർവിൻ ക്ലോസാ പറഞ്ഞപ്രകാരം. (g92 11⁄22)
[20-ാം പേജിലെ ചിത്രം]
എർവിൻ ക്ലോസാ