കുട്ടികൾക്ക് ഒരു ശോഭനമായ ഭാവി
കുട്ടികൾക്കായുള്ള ലോക ഉച്ചകോടിയിൽ അനവധി ലോകനേതാക്കൾ കുട്ടികളുടെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തോടെ സംസാരിച്ചു. കുട്ടികൾക്കുവേണ്ടിയുള്ള “ഒരു നവയുഗ”ത്തെക്കുറിച്ചും “ശിശുവിന്റെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള ഒരു പുതിയ സമർപ്പണത്തെക്കുറിച്ചും” അവർ മുൻകൂട്ടിപ്പറഞ്ഞു. കുട്ടികളെ സഹായിക്കുന്നതിന് “‘ഏകീകൃതവും സുനിശ്ചിതവുമായ ഒരു ലോകകൂട്ടുകെട്ടിനു’ ജീവൻ നൽകുന്നതിനുള്ള ‘ഒരു പുതിയ ഐകമത്യ’”ത്തെക്കുറിച്ച് അവർ സംസാരിച്ചു.
അവ ശ്രേഷ്ഠവചനങ്ങളാണ്. എന്നാൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിൽ രാഷ്ട്രങ്ങൾ എത്രകണ്ടു മുന്നോട്ടുപോകുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ഉച്ചകോടിക്കുശേഷം അഞ്ചു മാസത്തിനകം രാഷ്ട്രങ്ങൾ അങ്ങേയററം ചെലവേറിയവയിലൊന്നെന്നും—6,100 കോടി ഡോളർ—പരിസ്ഥിതി സംബന്ധമായി എന്നത്തേതിലും വിനാശകരവും എന്നു തെളിഞ്ഞ പേർഷ്യൻ ഗൾഫ് യുദ്ധം നടത്തി. യുദ്ധാനന്തരം ഇറാക്കിലും കുവൈററിലുമുള്ള ശതസഹസ്രക്കണക്കിനാളുകൾ അവിടെനിന്നു പുറത്താക്കപ്പെട്ടു. പട്ടിണി മൂലവും കൈവെടിയപ്പെട്ടതിനാലും വികലപോഷണത്താലും വ്യാധികൾ മൂലവും ആയിരങ്ങൾ ചത്തൊടുങ്ങി—ഒരവസരത്തിൽ പ്രതിദിനം നൂറുകണക്കിനു പേർതന്നെ. ഏകദേശം പത്തിൽ എട്ടുവെച്ചു സ്ത്രീകളും കുട്ടികളുമായിരുന്നു.
കഷ്ടങ്ങൾ മുൻകൂട്ടിപ്പറയപ്പെട്ടു
ലോകത്തിലെ കുട്ടികളെ ക്ലേശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഏതാണ്ടു രണ്ടായിരം വർഷങ്ങൾക്കു മുമ്പു മുൻകൂട്ടിപ്പറയപ്പെട്ടിരുന്നുവെന്നു ദൈവവചനത്തിന്റെ പഠിതാക്കൾക്ക് അറിയാം. ബൈബിൾ ഈ “അന്ത്യനാളുക”ളെക്കുറിച്ച് ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു:
◻ “. . . മഹാവ്യാധികളും അവിടവിടെ ഉണ്ടാകും.”—ലൂക്കൊസ് 21:11.
◻ “ക്ഷാമവും . . . ഉണ്ടാകും.”—മത്തായി 24:7.
◻ “[ആളുകൾ] ഭൂമിയെ നശിപ്പിക്കും”—വെളിപ്പാടു 11:18.
◻ “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും”—മർക്കൊസ് 13:8.
◻ “ദുർഘടസമയങ്ങൾ വരും. . . . മനുഷ്യർ സ്വസ്നേഹികളും. . .വാത്സല്യമില്ലാത്തവരും ആയിരിക്കും.”—2 തിമൊഥെയൊസ് 3:1-3.
“സമാധാനവും സുരക്ഷിതത്വവും” എന്നു പ്രഖ്യാപിക്കാൻമാത്രം മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വേണ്ടത്ര മുന്നേററം നടത്തിയെന്നു രാഷ്ട്രങ്ങൾ ചിന്തിക്കുന്ന സമയം പെട്ടെന്നു വരുമെന്നും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്!—1 തെസ്സലൊനിക്യർ 5:3.
ഒരു ശോഭനമായ ഭാവി
പക്ഷേ, ആ പ്രഖ്യാപനം വാസ്തവത്തിൽ ദൈവം മനുഷ്യവർഗ്ഗത്തിന്റെ കാര്യാദികളിൽ ഇടപെടുന്നതിനെ അടയാളപ്പെടുത്തും. അവന്റെ സ്വർഗ്ഗീയ രാജ്യം മുഖേന ദൈവം ഇപ്പോഴത്തെ വ്യവസ്ഥിതിയെ മാററുകയും കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം യഥാർത്ഥ സമാധാനവും നിലനില്ക്കുന്ന സുരക്ഷിതത്ത്വവും കൈവരുത്തുന്ന പുതിയ ലോകത്തെ ആനയിക്കുകയും ചെയ്യും—സദൃശവാക്യങ്ങൾ 2:21, 22; ദാനീയേൽ 2:44; മത്തായി 6:10.
ദൈവത്തിന്റെ മഹനീയമായ രാജ്യക്രമീകരണത്തിൻകിഴിൽ “‘എനിക്കു ദീന’മെന്നു യാതൊരു നിവാസിയും പറകയില്ല.” (യെശയ്യാവു 33:24) വികലപോഷണം കഴിഞ്ഞകാല സംഭവമായിരിക്കും: “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും.” (സങ്കീർത്തനങ്ങൾ 72:16) യുദ്ധം പോലും മേലാൽ ഉണ്ടായിരിക്കില്ല, കാരണം “അവൻ ഭൂമിയുടെ അററം വരെയും യുദ്ധങ്ങളെ നിർത്തൽ ചെയ്യുന്നു” എന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു.—സങ്കീർത്തനങ്ങൾ 46:9.
എന്നാൽ വികലപോഷണത്താലോ രോഗത്താലോ മററു കാരണങ്ങളാലോ ഇതിനോടകം മരിച്ചുപോയ കുട്ടികളെ—മററുള്ളവരെയും—സംബന്ധിച്ചെന്ത്? ദൈവത്തിന്റെ നിശ്വസ്ത വചനം പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്: “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.”—പ്രവൃത്തികൾ 24:15.
യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ, ദൈവത്തിന്റെ പുതിയ ലോകത്തിൽ ഭൗമിക ജീവനിലേക്കുള്ള പുനരുത്ഥാനത്തിൽ കുട്ടികളും ഉൾപ്പെടുമെന്ന് അവൻ പ്രകടമാക്കി. ഉദാഹരണത്തിന്, ഏകദേശം 12 വയസ്സുള്ള ഒരു പെൺകുട്ടി മരിച്ചപ്പോൾ “എല്ലാവരും അവളെച്ചൊല്ലി കരയുകയും മുറയിടുകയും ചെയ്യു”കയായിരുന്നു. എന്നാൽ അവളുടെ കൈപിടിച്ചു യേശു അവളോടു പറഞ്ഞു: “ബാലേ എഴുന്നേല്ക്ക!” “ബാല ഉടനെ എഴുന്നേററു നടന്നു”വെന്നും “അവൾക്കു ഭക്ഷിപ്പാൻ കൊടുക്കേണ”മെന്നു അവൻ പറഞ്ഞുവെന്നും ഈ ചരിത്രരേഖ വിവരിക്കുന്നു. അവളുടെ മാതാപിതാക്കളുടെ പ്രതികരണം എന്തായിരുന്നു? ബൈബിൾ പറയുന്നു: “അവളുടെ അമ്മയപ്പൻമാർ വിസ്മയിച്ചു.”—ലൂക്കൊസ് 8:40-42, 49-56; മർക്കൊസ് 5:42.
മറെറാരു സന്ദർഭത്തിൽ ഒരു വിധവയുടെ ഏകപുത്രൻ മരിച്ചുപോകുകയും ശവസംസ്കാരത്തിനു കൂടിയ ജനാവലിയെ യേശു കണ്ടുമുട്ടുകയും ചെയ്തു. “അവൻ അടുത്തു ചെന്നു മഞ്ചം തൊട്ടു, ചുമക്കുന്നവർ നിന്നു.” “ബാല്യക്കാരാ എഴുന്നേല്ക്ക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു അവൻ പറഞ്ഞു. മരിച്ചവൻ എഴുന്നേററു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ [യേശു] അവനെ അമ്മെക്കു ഏല്പിച്ചു കൊടുത്തു.” അടുത്തുള്ളവർ “ദൈവത്തെ മഹത്വീകരി”ക്കാൻ തുടങ്ങി.—ലൂക്കൊസ് 7:11-16.
അങ്ങനെ, ദൈവരാജ്യ ഗവൺമെൻറിന്റെ നീതിപൂർവമായ ഭരണത്തിൻ കീഴിൽ, പുനരുത്ഥാനം പ്രാപിച്ചവരുൾപ്പെടെ, കുട്ടികൾക്കു സാദ്ധ്യമാകുന്നതിൽ വച്ചേററവും ശോഭനമായ ഭാവിയുണ്ടായിരിക്കും. അവർക്കു നീതിയും സമാധാനവുമുള്ള ഒരു ലോകത്തു വളർന്നുവരാൻ കഴിയും, യേശു അതിനെ ഉചിതമായും “പരദീസ” എന്നു വിളിക്കാൻതക്കവണ്ണം അതത്ര സുന്ദരവും സുരക്ഷിതവും സമൃദ്ധവുമാണ്.—ലൂക്കൊസ് 23:43. (g92 12⁄8)
[9-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ലോകത്തിൽ കുട്ടികൾ സുരക്ഷിതരും ആരോഗ്യമുള്ളവരും സന്തുഷ്ടരുമായി വളർന്നുവരും