യുവജനങ്ങൾ ചോദിക്കുന്നു. . .
കുടിക്ക് എന്നെ വാസ്തവത്തിൽ കുരുക്കിലാക്കാനാവുമോ?
അതെല്ലാം തുടങ്ങിയതു ജറോമിനു വെറും ഒൻപതു വയസ്സുമാത്രം പ്രായമുള്ളപ്പോൾ ആയിരുന്നു. അവൻ ഇപ്രകാരം വിശദീകരിക്കുന്നു: “വീട്ടിൽ നടത്തിയ ഒരു സൽക്കാരത്തിൽ ബാക്കിവന്ന മദ്യം ഞാൻ ഒന്നു രുചിച്ചുനോക്കുകയും പൂസാകുകയും ചെയ്തു, ആ അനുഭവം എനിക്ക് ഇഷ്ടമായി.” പിന്നെ മദ്യം വാങ്ങലും ഒളിച്ചുവയ്ക്കലും കുടിക്കലും ജറോമിന്റെ ദിനചര്യയായിതീർന്നു. എന്നിരുന്നാലും അവൻ സമ്മതിച്ചുപറയുന്നു: “17 വയസ്സുവരെ എനിക്ക് ഒരു പ്രശ്നമുണ്ടായിരുന്നതായി ഞാൻ അറിഞ്ഞിരുന്നില്ല. മററുള്ളവർ പ്രഭാതഭക്ഷണം കഴിക്കുമ്പോൾ, ഞാൻ വോഡ്ക്കയുടെ അര പൈൻറ് കഴിക്കുകയായിരുന്നു!”
ലോകമെമ്പാടും ചെറുപ്പക്കാരുടെ ഇടയിൽ മദ്യത്തിന്റെ ഉപയോഗവും ദുരുപയോഗവും ഭയാനകമായ തോതിൽ വർദ്ധിച്ചുവരികയാണ്. ഐക്യനാടുകളിൽ മാത്രം ഒരു കോടിയിലധികംപേർ—13 മുതൽ 18 വരെ പ്രായമുള്ള അമേരിക്കൻ വിദ്യാർത്ഥികളുടെ മൊത്തം എണ്ണത്തിന്റെ നേർപകുതി—കഴിഞ്ഞ ഒരു വർഷത്തിൽ ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും കുടിച്ചിട്ടുണ്ട്. എൺപതു ലക്ഷത്തോളംപേർ ഓരോ ആഴ്ചയിലും കുടിക്കുന്നു. വാസ്തവത്തിൽ അമേരിക്കയിലെ കൗമാരപ്രായക്കാർ ഒരു വർഷം നൂറു കോടിയിൽപരം ടിൻ ബിയറും മുപ്പതു കോടിയിൽപരം കുപ്പി തണുപ്പിച്ച അംഗാരമയവീഞ്ഞും കുടിക്കുന്നുണ്ട്!
ലഹരിപാനീയത്തെക്കുറിച്ചു ബൈബിൾ പറയുന്നു: “അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.” (സദൃശവാക്യങ്ങൾ 20:1) എന്നിരുന്നാലും ജറോമിനെ പോലെയുള്ള ലക്ഷക്കണക്കിനു യുവാക്കൾ മദ്യത്താൽ വഴിപിഴപ്പിക്കപ്പെടുന്നു. മദ്യത്തിന്റെ ദുരുപയോഗംകൊണ്ടുള്ള അപകടങ്ങൾ എന്തെല്ലാമാണ്? നിങ്ങൾ കുരുക്കിലകപ്പെടുകയാണെന്നു നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും?
മദ്യവും മദ്യാസക്തിയും
ഉജ്ജ്വലവർണ്ണങ്ങളിൽ തണുപ്പിച്ച വീഞ്ഞോ നുരയ്ക്കുന്ന ബിയറോ ആയി പായ്ക്കു ചെയ്യുമ്പോൾ മദ്യം തീർത്തും നിരുപദ്രവമായി കാണപ്പെടുന്നു. എന്നിരുന്നാലും രുചിയും രൂപവും വഞ്ചകമായിരുന്നേക്കാം. മദ്യം ഒരു മയക്കുമരുന്നാണ്—വീര്യവത്തായ ഒന്നു തന്നെ.
കേന്ദ്രനാഡീവ്യൂഹത്തിൻമേൽ പ്രവർത്തിച്ചുകൊണ്ടു തലച്ചോറിനെ ബാധിക്കുന്ന ഒരു മയക്കുമരുന്നാണു മദ്യമെന്നു ഡോക്ടർമാർ പറയുന്നു. പ്രായപൂർത്തിയായ ഒരാൾ മിതമായ അളവിൽ കഴിക്കുമ്പോൾ, അതു നിരുപദ്രവവും സുഖപ്രദവുമായ ഫലം ഉണ്ടാക്കിയേക്കാം. “മമനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞി”നെക്കുറിച്ചു സങ്കീർത്തനം 104:15-ൽ പറയുന്നുണ്ട്. എന്നിരുന്നാലും അമിതമായി മദ്യപിക്കുന്നതു മത്തുപിടിക്കുന്നതിനു കാരണമായേക്കും—ശാരീരികവും മാനസികവുമായ നിയന്ത്രണങ്ങളെ സാരമായി തകരാറിലാക്കുന്ന ഒരു അവസ്ഥയാണത്. ജറോമിനെ പോലെ, ഒന്നു കുടിക്കാനുള്ള ആഗ്രഹത്തിൽനിന്ന് ആവശ്യത്തിലേക്ക് അല്ലെങ്കിൽ അത്യാസക്തിയിലേക്കുള്ള നിർണ്ണായക നീക്കം നടത്തിക്കൊണ്ട് ഒരു വ്യക്തി കുരുക്കിലായേക്കാം. ഇത് എന്തുകൊണ്ടാണു സംഭവിക്കുന്നത്? മദ്യം അമിതമായി ഉപയോഗിച്ചാൽ ശരീരം അതിന് ഇടം കൊടുത്തേക്കാം. ഉപയോക്താവ് പിന്നീടു കുടിയുടെ അളവു വർദ്ധിപ്പിച്ചെങ്കിലേ അതിന്റെ ഫലമനുഭവിക്കാനാവൂ. അതു തിരിച്ചറിയുന്നതിനു മുമ്പേതന്നെ അയാൾ കുരുക്കിലകപ്പെടുന്നു. ഒരു വ്യക്തി ഒരിക്കൽ കുരുക്കിലായാൽ അയാളുടെ ജീവിതം ദാരുണമാംവിധം മാറുന്നു. ഐക്യനാടുകളിൽ ഏകദേശം അമ്പതുലക്ഷം യുവാക്കൾക്കു മദ്യപാനത്തിന്റേതായ ഒരു പ്രശ്നമുണ്ട്.
എന്തുകൊണ്ട് അവർ കുടിക്കുന്നു
ആയിരത്തിത്തൊള്ളായിരത്തിമുപ്പതുകളിൽ ഐക്യനാടുകളിൽ ശരാശരി കൗമാരപ്രായക്കാരൻ 18 വയസ്സായപ്പോഴേക്കും ആദ്യമായി മദ്യം രുചിച്ചുനോക്കൽ നടത്തി. ഇന്ന്, അവൻ അങ്ങനെ ചെയ്യുന്നത് 13 വയസ്സിനു മുൻപാണ്. ചിലർ അതിലും ചെറുപ്പത്തിലേ തുടങ്ങുന്നു. “എനിക്ക് . . . ആറു വയസ്സുണ്ടായിരുന്നു . . . എന്റെ അപ്പൂപ്പന്റെ പക്കൽനിന്നു ഞാൻ അല്പം ബിയർ മോന്തി . . . എനിക്കു നന്നായി തല ചുററൽ അനുഭവപ്പെട്ടു!” എന്നു പൂർവ്വസ്ഥിതിപ്രാപിച്ചുവരുന്ന മദ്യാസക്തയായ കാർലോററ അനുസ്മരിക്കുന്നു. എത്ര ചെറുപ്പത്തിലേ നിങ്ങൾ തുടങ്ങുന്നുവോ, അത്രയ്ക്കു കൂടുതലാണു കുരുക്കിലാകാനുള്ള സാദ്ധ്യത.
തീർച്ചയായും സമപ്രായക്കാർ ആ വഴിക്കു പലപ്പോഴും ഗണ്യമായ സമ്മർദ്ദം ചെലുത്താറുണ്ട്. ചിലപ്പോൾ കുറെ കുററം മാതാപിതാക്കളുടെതായിരിക്കും. ചിലർ അമിതമായി കുടിക്കുകയും വൈകാരികമായ താങ്ങ് എന്നനിലയിൽ മദ്യം ഉപയോഗിക്കയും ചെയ്യുന്നു, അല്ലെങ്കിൽ തങ്ങൾക്കു താങ്ങാനാവുന്ന മദ്യത്തിന്റെ അളവിനെക്കുറിച്ചു വീമ്പിളക്കുക പോലും ചെയ്യുന്നു. മദ്യാസക്തിയെക്കുറിച്ചുള്ള ഒരു ചെറുപുസ്തകം പറയുന്നു: “ഉത്തരവാദിത്ത്വത്തോടെ കുടിക്കുന്ന മുതിർന്നവരായിത്തീരുന്ന കുട്ടികൾ പൊതുവെ മദ്യത്തെ സാരവത്തായും നിർവ്വികാരമായും കരുതുകയും കുടിക്ക് ഉചിതമായ സ്ഥാനം കല്പിക്കുകയും ചെയ്യുന്ന കുടുംബങ്ങളിൽനിന്നുള്ളവരായിരിക്കാനാണു പ്രവണത.”a
ടെലിവിഷൻ യുവാക്കളുടെമേലുള്ള മറെറാരു ശക്തിയേറിയ സ്വാധീനമാണ്. ഒരു ശരാശരി അമേരിക്കൻ യുവാവു 18 വയസ്സാകുമ്പോഴേയ്ക്കും ടെലിവിഷനിൽ 75,000 മദ്യപാനരംഗങ്ങൾ കണ്ടിരിക്കും—ഒരു ദിവസം 11 രംഗങ്ങൾ വീതം. നേരമ്പോക്കിലേക്കും പ്രേമത്തിലേക്കുമുള്ള വാതിലാണു മദ്യപാനമെന്നു തോന്നിപ്പിക്കാൻ ശ്രദ്ധാപൂർവ്വം രൂപകല്പന ചെയ്തിട്ടുള്ള വിദഗ്ദ്ധ പരസ്യങ്ങൾ, ചട്ടമ്പികളുടെ സാമൂഹികകൂട്ടങ്ങളിൽ മദ്യപിക്കുന്ന കാമോദ്ദീപകരായ മോഡൽയുവതികളെ ചിത്രീകരിക്കുന്നു. ലഹരിപാനീയങ്ങൾക്കു പഴവർഗ്ഗങ്ങളുടെ വാസനയും ആകർഷകമായ ഉൽപ്പന്നനാമങ്ങളും കൊടുക്കുന്നു. അത്തരം പരസ്യങ്ങൾ അതിന്റെ ലക്ഷ്യപ്രാപ്തി കൈവരിക്കുകയും ചെയ്യുന്നു. ഓരോ വാരാന്ത്യത്തിലും ഐക്യനാടുകളിൽ 4,54,000 യുവാക്കൾ നിയന്ത്രാണാതീതമായ കുടിയിലേർപ്പെടുന്നു. അവരിൽ പലരും “ഇപ്പോൾതന്നെ മദ്യാസക്തരാണ്, ശേഷിക്കുന്നവർ തീർച്ചയായും അതിലേക്കുള്ള വഴിയിലുമായിരിക്കാം” എന്നു പറയാൻതക്കവണ്ണം ഇത് ഐക്യനാടുകളിലെ ജനറൽ സർജ്ജനെ പ്രേരിപ്പിച്ചു.
എന്നാൽ ചില യുവാക്കൾ കുടിക്കാൻ നിർബന്ധിതരാകുന്നത് ആന്തരിക സംഘർഷം നിമിത്തമാണ്. കിം മൂക്കററം ബിയർ കുടിക്കുന്നത് എന്തുകൊണ്ടാണന്നു വെളിപ്പെടുത്തി: “ഞാൻ (മദ്യം) ഉപയോഗിച്ചത് എന്റെ മാനസികഭാവത്തിനു മാററം വരുത്താനും എന്നെക്കുറിച്ചുതന്നെ മെച്ചമായ തോന്നലുണ്ടക്കാനുമായിരുന്നു.” ഒരു യുവാവു ലജ്ജാലുവോ അല്ലെങ്കിൽ ആത്മാഭിമാനം കുറഞ്ഞവനോ ആണെങ്കിൽ, മദ്യപിക്കുന്നത് ഒരു ആകർഷകമായ പ്രതിവിധിയായി തോന്നാം. മററുചിലരാകട്ടെ കുടിക്കുന്നതു മാതാപിതാക്കളുടെ ദുഷ്പെരുമാററമോ അവഗണനയോ പോലുള്ള വേദനാജനകമായ ജീവിതയാഥാർത്ഥ്യങ്ങൾ ഓർമ്മയിലേക്കു വരുന്നതു തടയാൻവേണ്ടിയാണ്. അന എന്ന യുവതി മദ്യപാനം തുടങ്ങിയത് എന്തുകൊണ്ടായിരുന്നു? “എനിക്ക് ആവശ്യമായിരുന്ന സ്നേഹം എനിക്ക് ഒരിക്കലും ലഭിച്ചിരുന്നില്ല.”
തുടക്കമിടുന്നതിനുള്ള കാരണങ്ങൾ എന്തുതന്നെയായാലും, കാലക്രമത്തിൽ തന്റെ മദ്യപാനം നിയന്ത്രിക്കുന്നത് ഒരു യുവാവിനു പൂർവ്വാധികം ബുദ്ധിമുട്ടായി അനുഭവപ്പെടും. ആ സമയത്താണ് അയാൾ മദ്യാസക്തിയെ മുഖാമുഖം ദർശിക്കുന്നത്. നിങ്ങൾ മദ്യപാനം തുടങ്ങിയിട്ടുണ്ടോ? എങ്കിൽ “നിങ്ങൾ മദ്യപിക്കാൻ തുടങ്ങിയതുമുതൽ” എന്ന ശീർഷകത്തോടുകൂടിയ പ്രശ്നോത്തരി പരിശോധിക്കുക. ഫലങ്ങൾ തികച്ചും ഉൾക്കാഴ്ച്ചനല്കുന്നതാണെന്നു നിങ്ങൾ കണ്ടെത്തും.
മദ്യം—യുവജനങ്ങൾക്ക് അപകടകരം!
“വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവർക്കു” ബൈബിൾ മുന്നറിയിപ്പു കൊടുക്കുന്നു: “ഒടുക്കം അതു . . . അണലിപോലെ കൊത്തും.” (സദൃശവാക്യങ്ങൾ 23:29-32) വിഷപ്പാമ്പ് കുത്തിവെക്കുന്ന വിഷത്തിന് ഒരു മനുഷ്യനെ സാവധാനവും വേദനാപൂർവ്വവും പരുക്കേല്പിക്കാനോ കൊല്ലുവാനോ കഴിയും. (പ്രവൃത്തികൾ 28:3, 6 താരതമ്യപ്പെടുത്തുക.) അതുപോലെ മദ്യത്തിന്റെ ദീർഘിച്ചതും കടുത്തതുമായ ദുരുപയോഗത്തിനു നിങ്ങളെ സാവധാനം കൊല്ലുവാൻ സാധിക്കും. നിങ്ങളുടെ കരൾ, പാൻക്രിയാസ്, തലച്ചോറ്, ഹൃദയം എന്നിവ പോലുള്ള ജീവൽപ്രധാന അവയവങ്ങൾക്കു കേടുവരുത്താനോ നാശം വരുത്താനോ അതിനു കഴിയും. വിശേഷിച്ചും വളർന്നുവരുന്ന യുവശരീരവും മനസ്സും അത്തരം കേടുപാടുകൾ ഏല്ക്കാൻ പാകത്തിലാണ്, അതു ചിലപ്പോൾ അപരിഹാര്യവുമാണ്.
മദ്യത്തിന്റെ ദുരുപയോഗം നിങ്ങളുടെ ശരീരത്തേക്കാൾ നിങ്ങളുടെ വികാരങ്ങൾക്കു കൂടുതൽ ഹാനികരമായിരുന്നേക്കാം. ഒരു കുടി നിങ്ങളുടെ ആത്മവിശ്വാസത്തെ താല്ക്കാലികമായി ഉയർത്തിയേക്കാം. എന്നാൽ അതു നിങ്ങൾക്കു നല്കുന്ന ആത്മവിശ്വാസം പൊള്ളയാണ്—അതിന്റെ ഫലങ്ങൾ എപ്പോഴും ക്ഷയിച്ചുപോകുന്നു. അതിനിടെ നിങ്ങളുടെ വൈകാരികവും മാനസികവുമായ വളർച്ചയെ നിങ്ങൾ മുരടിപ്പിക്കുന്നു. പ്രശാന്തനായി യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിനുപകരം, നിങ്ങൾ മറെറാരു കുടിക്കായി കൈനീട്ടുന്നു. എന്നാൽ 11 മാസം നിയന്ത്രണം പാലിച്ചശേഷം 18 വയസ്സുകാരനായ പീററർ പറയുന്നു: “എന്റെ വികാരങ്ങളെ അഭിമുഖീകരിക്കാനും മുമ്പു മദ്യം കൈകാര്യം ചെയ്യാൻ സഹായിച്ചിരുന്ന സാഹചര്യങ്ങളെ നേരിടാനുള്ള പുതിയ മാർഗ്ഗങ്ങൾ അവലംബിക്കാനും എങ്ങനെ കഴിയുമെന്നു ഞാൻ പഠിക്കേണ്ടതായിട്ടാണിരിക്കുന്നത്. വൈകാരികമായും സാമൂഹികമായും എനിക്കിപ്പോൾ ഏകദേശം 13 വയസ്സു മാത്രമേയുള്ളു എന്നാണു ഞാൻ വിചാരിക്കുന്നത്.”
ഇനി കുടിച്ചശേഷം വണ്ടിയോടിക്കുന്നതിന്റെ അപകടങ്ങൾ ഉണ്ട്. ഐക്യനാടുകളിൽ മദ്യവുമായി ബന്ധപ്പെട്ട റോഡപകടങ്ങളിലെ മരണമാണു യുവജനങ്ങളുടെ ഒന്നാംകിട ഘാതകൻ. മദ്യപാനം യുവജനങ്ങളുടെ മരണത്തിനിടയാക്കുന്ന മററു പ്രധാനപ്പെട്ട കാരണങ്ങളായ നരഹത്യയോടും ആത്മഹത്യയോടും മുങ്ങിച്ചാകലിനോടും ബന്ധപ്പെട്ടിരിക്കുന്നു.
കൂടാതെ, മദ്യത്തിന്റെ ദുരുപയോഗത്തിനു നിങ്ങളുടെ കുടുബജീവിതത്തിന്റെമേലും സുഹൃത്ബന്ധങ്ങളുടെമേലും സ്കൂൾജോലിയുടെമേലും ആത്മീയതയുടെമേലും വിനാശകരമായ ഫലങ്ങൾ വരുത്താൻ കഴിയും. ബൈബിൾ അതിനെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്: “വളരെയധികം മദ്യപിക്കുന്നവനെ എനിക്കു കാണിച്ചുതരൂ, . . . ദുരിതപൂർണ്ണനും ആത്മദുഖം തോന്നുന്നവനും എല്ലായ്പ്പോഴും കുഴപ്പങ്ങൾ ഉണ്ടാക്കുന്നവനും എല്ലായ്പ്പോഴും പരാതിപ്പെടുന്നവനുമായ ഒരുവനെ ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. അവന്റെ കണ്ണുകൾ ചെമന്നിരിക്കുന്നു, ഒഴിവാക്കാമായിരുന്ന ചതവുകൾ അവനുണ്ട് . . . നിനക്കു നടുക്കടലിൽ കിടക്കുന്നവനെപ്പോലെ, കടൽച്ചൊരുക്കു ബാധിച്ചവനെപ്പോലെ, കപ്പൽ തെന്നി ഉഴലുമ്പോൾ പാമരത്തിന്റെ അഗ്രത്തിൽ കിടന്ന് ആടുന്നവനെപ്പോലെ തോന്നും.” (സദൃശവാക്യങ്ങൾ 23:29-34, ടുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) ടെലിവിഷനിലെ പകിട്ടേറിയ പരസ്യങ്ങളിൽ ഒരിക്കലും കാണിക്കാത്ത മദ്യപാനത്തിന്റെ ഒരു വശമാണിത്.
എന്തുകൊണ്ടു തുടങ്ങണം?
അതുകൊണ്ടു പല രാജ്യങ്ങളും യുവജനങ്ങളുടെമേൽ മദ്യം കഴിക്കുന്നതുസംബന്ധിച്ചു നിയന്ത്രണമേർപ്പെടുത്തുന്നു. നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെങ്കിൽ, ദൈവം നിങ്ങളോടു “ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങി”യിരിക്കാൻ ആജ്ഞാപിക്കുന്നതിനാൽ, ഈ നിയമങ്ങൾ അനുസരിക്കാൻ ഒരു നിർബന്ധകാരണം നിങ്ങൾക്കുണ്ട്. (റോമർ 13:1, 2) പ്രാദേശിക സംസ്ക്കാരം നിമിത്തം യുവജനങ്ങളുടെ ഇടയിലെ മദ്യത്തിന്റെ ഉപയോഗം നിയമാനുസൃതമാണെങ്കിൽപ്പോലും, നിങ്ങളുടെ ജീവിതത്തിൽ ഈ സമയത്തു കുടി തുടങ്ങുന്നതു വാസ്തവത്തിൽ നിങ്ങളുടെ ഏററവും നല്ല താത്പര്യങ്ങൾക്കു ചേർച്ചയിലാണോ? 1 കൊരിന്ത്യർ 6:12 പറയുന്നതുപോലെ “സകലത്തിന്നും എനിക്കു കർത്തവ്യമുണ്ട് (നിയമാനുസൃതമാണ്, NW) എങ്കിലും സകലവും പ്രയോജനമുള്ളതല്ല.” ലഹരിപാനീയങ്ങൾ കൈകാര്യംചെയ്യാൻ നിങ്ങൾ വാസ്തവത്തിൽ സജ്ജനാണോ?
സമപ്രായക്കാർ നിങ്ങളുടെ നേർക്കു തിളക്കമാർന്ന ഒരു വീഞ്ഞുകുപ്പി വച്ചുനീട്ടുമ്പോൾ, അതിന്റെ രുചി എങ്ങനെയിരിക്കും എന്നറിയാനുള്ള പ്രലോഭനമുണ്ടായേക്കാം എന്നതു ശരി തന്നെ. എന്നിരുന്നാലും ആസക്തി ഉണ്ടാകാൻ സാധ്യതയുള്ള ഒരു മയക്കുമരുന്നാണു നിങ്ങൾക്കു നല്കുന്നതെന്നു തിരിച്ചറിയുക. ബൈബിൾ കാലങ്ങളിൽ ദാനിയേൽ, ശദ്രക്, മേശക്, അബേദ്-നെഗോ എന്നിവരെപ്പോലെയുള്ള ദൈവഭക്തിയുണ്ടായിരുന്ന യുവാക്കൾക്കു ബാബിലോൺ അധികാരികളെ അഭിമുഖീകരിക്കാനും പുറജാതിക്കാരനായ ബാബിലോൺ രാജാവിനാൽ നല്കപ്പെട്ട ദുഷിപ്പിക്കുന്ന ഭക്ഷണസാധനങ്ങളും വീഞ്ഞും നിരാകരിക്കാനുമുള്ള ധൈര്യമുണ്ടായി. വേണ്ട എന്നു പറയാനുള്ള ധൈര്യം നിങ്ങൾക്കും പ്രകടിപ്പിക്കാൻ കഴിയും!—ദാനിയേൽ 1:3-17.
മദ്യം കഴിക്കാനാണു നിങ്ങളുടെ തീരുമാനമെങ്കിൽ, അതിനു നിയമപരമായും മാനസികമായും വൈകാരികമായും ശാരീരികമായും നിങ്ങൾക്കു വേണ്ടത്ര പ്രായമാകുന്ന ഒരു സമയം വരും. അപ്പോൾപ്പോലും മിതത്വം പാലിക്കാനും കുരുക്കിലാകുന്നത് ഒഴിവാക്കാനും നിങ്ങൾക്കു ബുദ്ധിപൂർവ്വം ശ്രമിക്കാവുന്നതാണ്. അനേകം യുവാക്കൾ ഇപ്പോൾതന്നെ കുരുക്കിലായിട്ടുണ്ട്, പൂർവ്വസ്ഥിതിപ്രാപിക്കാൻ അവർക്ക് എന്തു ചെയ്യാൻ കഴിയും എന്നത് ഒരു ഭാവി ലേഖനത്തിൽ ചർച്ചചെയ്യുന്നതായിരിക്കും. (g93 1/8)
[അടിക്കുറിപ്പുകൾ]
a ചിലരുടെ സംസ്ക്കാരം ഭക്ഷണത്തോടൊപ്പം ലഹരിപാനീയങ്ങൾ കഴിക്കാൻ സാധാരണമായി യുവാക്കളെ അനുവദിക്കുന്നു. അങ്ങനെയാണെങ്കിൽപ്പോലും, മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ഏററവും നല്ലത് എന്ത് എന്നതിനെക്കുറിച്ചു ഗൗരവമായ ശ്രദ്ധ നല്കുന്നതും ജനരഞ്ജുകമായ സമ്പ്രദായങ്ങൾ തങ്ങളുടെ എല്ലാ തീരുമാനങ്ങളെയും നയിക്കാൻ അനുവദിക്കാതിരിക്കുന്നതും ബുദ്ധിപൂർവ്വകമാണ്.
[24-ാം പേജിലെ ചതുരം]
നിങ്ങൾ മദ്യപിക്കാൻ തുടങ്ങിയതുമുതൽ:
□ നിങ്ങൾക്കു വ്യത്യസ്തരായ അല്ലെങ്കിൽ താരതമ്യേന കുറച്ചു സ്നേഹിതരാണോ ഉള്ളത്?
□ വീട്ടിലെ ജീവിതം പ്രയാസമേറിയതാണോ?
□ നിങ്ങൾക്ക് ഉറക്കത്തിനു ബുദ്ധിമുട്ടനുഭവപ്പെടാറുണ്ടോ, അല്ലെങ്കിൽ നിങ്ങൾക്കു മ്ലാനതയോ ഉൽക്കണ്ഠയോ അനുഭവപ്പെടാറുണ്ടോ?
□ മററുള്ളവരോടൊത്തായിരിക്കുന്നത് ആയാസരഹിതമായി തോന്നാൻ നിങ്ങൾക്കു കുടിക്കേണ്ടതിന്റെ ആവശ്യമുണ്ടോ?
□ കുടിക്കുശേഷം നിങ്ങൾ അസന്തുഷ്ടനോ നിങ്ങളിൽതന്നെ നിരാശനോ ആണോ?
□ നിങ്ങൾ മദ്യപിക്കാറുണ്ട് എന്ന വസ്തുതയെ സംബന്ധിച്ചു നിങ്ങൾ നുണ പറയാറുണ്ടോ അല്ലെങ്കിൽ അത് ഒളിക്കാറുണ്ടോ?
□ നിങ്ങളുടെ മദ്യപിക്കുന്ന സ്വഭാവത്തെക്കുറിച്ച് ആരെങ്കിലും സൂചിപ്പിക്കുമ്പോൾ പരിഭ്രമിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യാറുണ്ടോ?
□ നിങ്ങൾ മദ്യം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആരെങ്കിലും നിങ്ങളെ എപ്പോഴെങ്കിലും ബുദ്ധ്യുപദേശിക്കുകയോ തമാശപറയുകയോ ചെയ്തിട്ടുണ്ടോ?
□ വീര്യംകൂടിയ മദ്യമല്ലാത്തതിനാൽ, തണുപ്പിച്ച വീഞ്ഞും ബിയറും കുടിക്കുന്നതുകൊണ്ടു പ്രശ്നമൊന്നുമില്ല എന്നാണോ നിങ്ങൾ കരുതുന്നത്?
□ നിങ്ങൾ ഒരിക്കൽ ആസ്വദിച്ചിരുന്ന ഹോബികളിലും സ്പോട്സുകളിലും നിങ്ങൾക്കു താത്പര്യം നഷ്ടപ്പെട്ടിരിക്കുകയാണോ, അല്ലെങ്കിൽ അവ ഉപേക്ഷിച്ചിരിക്കുകയാണോ?
രണ്ടിലധികം ചോദ്യങ്ങൾക്ക് ഉവ്വ് എന്നു നിങ്ങൾ ഉത്തരം പറഞ്ഞിട്ടുണ്ടെങ്കിൽ, നിങ്ങൾക്കു ഗുരുതരമായ ഒരു മദ്യപാനപ്രശ്നമുണ്ടെന്ന് അതു സൂചിപ്പിച്ചേക്കാം. അങ്ങനെയെങ്കിൽ, ഉടനടി നിങ്ങൾ സഹായം തേടുന്നതു ബുദ്ധിപൂർവ്വകമായിരിക്കും.
അവലംബം: ദ റീജൻറ് ഹോസ്പിററൽ, ന്യൂയോർക്ക്, എൻ വൈ.
[23-ാം പേജിലെ ചിത്രം]
മദ്യാസക്തരായ പലരും വളരെ ചെറുപ്പത്തിലേതന്നെ കുടിയോടുബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവരാണ്