വീടുകളിൽ അക്രമത്തിന് ഇടയാക്കുന്നതെന്ത്?
“ഭവനത്തിനു വെളിയിലെ സമുദായത്തിന്റെ സമ്മർദ്ദങ്ങൾ, സംഘർഷങ്ങൾ, വിവേകശൂന്യത എന്നിവയിൽ നിന്നുള്ള ഒരു അഭയസ്ഥാനമായിരിക്കുന്നതിനു പകരം കുടുംബം മിക്കപ്പോഴും ഈ സംഘർഷങ്ങളെ വ്യാപകമാക്കുകയൊ വലുതാക്കുയൊ ചെയ്യുന്നതായി കാണപ്പെടുന്നു.”—സുപരിചിത ചുററുപാട്—വിവാഹത്തെയും കുടുംബത്തെയും അപഗ്രഥിക്കൽ (The Intimate Environment—Exploring Marriage and the Family).
കുടുംബത്തിലെ അക്രമം എന്ന വിഷയം സംബന്ധിച്ച ഗവേഷണം ആപേക്ഷികമായി ഒരു പുതിയ ഉദ്യമമാണ്. അടുത്ത ദശകങ്ങളിൽ മാത്രമാണു സമഗ്രമായ സർവ്വേകൾ നടത്തിയിട്ടുള്ളത്. ഇപ്രകാരമുള്ള പരിശോധനകളുടെ ഫലങ്ങൾ എല്ലായ്പോഴും പരസ്പരം ചേർച്ചയിലല്ലായിരിക്കാമെങ്കിലും വീടുകളിലെ അക്രമത്തിനു കാരണമായിരിക്കുന്ന ചില അടിസ്ഥാന ഘടകങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. ഇവയിൽ ചിലതു നമുക്കു പരിചിന്തിക്കാം.
കുടുംബപശ്ചാത്തലം എന്തു പങ്കുവഹിക്കുന്നു?
തങ്ങളുടെ കണ്ടുപിടിത്തങ്ങളെപ്പററി നിരവധി ഗവേഷകർ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ അഭിമുഖ സംഭാഷണം നടത്തിയ ഇണകൾ എത്രയധികം അക്രമാസക്തരായിരുന്നോ അത്രയധികമായി അവരുടെ മക്കൾ പരസ്പരവും മാതാപിതാക്കളോടും അക്രമം കാട്ടുന്നവർ ആണ്.”
കുടുംബത്തിലെ അക്രമത്തിനു വെറുതെ ദൃക്സാക്ഷിയായിരിക്കുന്നത് ഒരു ചെറുപ്പക്കാരന്റെമേൽ വലിയ ഫലം ഉളവാക്കുന്നു. “തന്റെ അമ്മയെ മർദ്ദിക്കുന്നതു വീക്ഷിക്കുന്ന ഒരു കുട്ടി, മർദ്ദിക്കപ്പെടുന്നതിനു സമാനമാണ്” എന്നു ചികിത്സകൻ ജോൺ ബ്രാഡ്ഷോ കുറിക്കൊള്ളുന്നു. എഡ് എന്നു പേരുള്ള ഒരു യുവാവ് തന്റെ പിതാവ് അമ്മയെ അടിക്കുന്നതു കാണുന്നതു വെറുത്തിരുന്നു. എന്നിരുന്നാലും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെങ്കിലും പുരുഷൻമാർ സ്ത്രീകളെ നിയന്ത്രിക്കണമെന്നും അതിനുവേണ്ടി അവർ സ്ത്രീകളെ ഭയപ്പെടുത്തണമെന്നും ക്ഷതപ്പെടുത്തണമെന്നും മാനക്കേടുവരുത്തണമെന്നും വിശ്വസിക്കാൻ അത് അവനെ പഠിപ്പിക്കുകയായിരുന്നു. പ്രായപൂർത്തിയായപ്പോൾ എഡ് തന്റെ ഭാര്യയുടെമേൽ ഈ നിന്ദകവും അക്രമാസക്തവുമായ തന്ത്രങ്ങൾ പ്രയോഗിച്ചു.
ചില മാതാപിതാക്കൾ കുട്ടികൾ ടെലിവിഷനിൽ അക്രമം വീക്ഷിക്കുന്നതു ജാഗ്രതയോടെ വിലക്കുന്നു, അതു ഒരു നല്ലകാര്യം തന്നെ. എങ്കിലും ധാരണകൾ മനസിൽ പതിയുന്ന കുട്ടികൾക്കു മാതൃകവെക്കുന്നവരെന്ന നിലയിൽ സ്വന്തം പെരുമാററത്തെ സൂക്ഷിക്കുന്നതിൽ മാതാപിതാക്കൾ അതിലും കൂടുതൽ ജാഗ്രതയുള്ളവരായിരിക്കണം.
സമ്മർദ്ദം എന്തു പങ്കുവഹിക്കുന്നു?
ഗർഭധാരണവും തൊഴിലില്ലായ്മയും മാതാവിന്റെയൊ പിതാവിന്റെയൊ മരണവും മാറിപ്പാർക്കലും രോഗവും സാമ്പത്തിക പ്രശ്നങ്ങളും മററുകാര്യങ്ങൾപ്പോലെ സമ്മർദ്ദത്തിനിടയാക്കുന്നു. മിക്ക ആളുകളും അക്രമത്തിനു തുനിയാതെതന്നെ സമ്മർദ്ദത്തെ കൈകാര്യം ചെയ്യുന്നു. എന്നിരുന്നാലും, ചിലർക്കു സമ്മർദ്ദം അക്രമത്തിനുള്ള മുന്നോടിയായിരിക്കാൻ കഴിയും, പ്രത്യേകിച്ചു മററു ഘടകങ്ങളുമായി ചേരുമ്പോൾ. ഉദാഹരണത്തിന് പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നത്—പ്രത്യേകിച്ചും മാതാവോ പിതാവോ രോഗിയായിരിക്കുമ്പോൾ—സംരക്ഷകൻ മററു കുടുംബ ഉത്തരവാദിത്വങ്ങളാൽ അമിതമായി ഭാരപ്പെട്ടിരിക്കുമ്പോൾ ദുഷ്പെരുമാററത്തിലേക്കു നയിച്ചിട്ടുണ്ട്.
മക്കളെ വളർത്തൽ സമ്മർദ്ദം ഉളവാക്കുന്നു. തത്ഫലമായി, കുട്ടികളോടുള്ള ദുഷ്പെരുമാററത്തിന്റെ സാധ്യത കുടുംബത്തിന്റെ വലിപ്പമനുസരിച്ചു വർദ്ധിച്ചേക്കാം. അതുപോലെ കുട്ടികൾ ഇണകളുടെ ദുഷ്പെരുമാററത്തിന്റെ വർദ്ധനക്കും ഇടവരുത്തിയേക്കാം, എന്തെന്നാൽ “കുട്ടികളെക്കുറിച്ചുള്ള ശണ്ഠയാണു മിക്കവാറും ദമ്പതികളെ വഴക്കിലേക്കു നയിക്കുന്നത്,” എന്നു കതകുകൾ അടച്ചിട്ടുകൊണ്ട് (Behind closed doors) എന്ന ഗ്രന്ഥം പ്രസ്താവിക്കുന്നു.
ലിംഗവർഗ്ഗങ്ങളെക്കുറിച്ചുള്ള അനുചിത വീക്ഷണം
കാനഡായിൽ ഒരു ഉപദേശസമൂഹത്തെ പ്രവർത്തിപ്പിക്കുന്ന ഡാൻബേജാരക്ക് ഉപദ്രവികളായ പുരുഷൻമാർക്കു സ്ത്രീകളെക്കുറിച്ച് ഒരു തെററായ വീക്ഷണമാണുള്ളതെന്നു പറയുന്നു: “പുരുഷൻമാർ എതു സംസ്ക്കാരത്തിൽപ്പെട്ടവരായിരുന്നാലും, അവർ മുൻപന്തിയിലാണെന്നു വിശ്വസിക്കത്തക്കവണ്ണം അവർ വളർത്തപ്പെട്ടിരിക്കുന്നു.” സ്ത്രീകളെക്കാൾ പുരുഷൻമാർ ഉത്കൃഷ്ടരാണന്നും അവരെ “ശിക്ഷിക്കുന്നതും ശാസിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും” തങ്ങളുടെ അവകാശമാണെന്നും വിശ്വസിക്കത്തക്കവണ്ണം പുരുഷൻമാർ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നതായി ഉപദ്രവകാരികളായ പുരുഷൻമാരെ ചികിത്സിക്കുന്ന ഒരു പരിപാടിയുടെ നേതൃത്വം വഹിക്കുന്ന ഹാമിഷ് സിൻക്ലെയർ പറയുന്നു.
അനേകം നാടുകളിൽ ഭാര്യയെ തന്റെ സ്വത്തിന്റെ മറെറാരംശമായി, കേവലം ഒരു വസ്തുവിനെപ്പോലെ, കരുതാൻ പുരുഷന് അവകാശമുള്ളതായി പരിഗണിക്കപ്പെടുന്നു. ഭാര്യയുടെമേലുള്ള അയാളുടെ നിയന്ത്രണവും ആധിപത്യവും, അയാളുടെ ആണത്തത്തിന്റെയും അഭിമാനത്തിന്റെയും അളവുകോലായി കണക്കാക്കുന്നു. മിക്കവാറും ഭാര്യമാർ ഭയങ്കരമായി പ്രഹരിക്കപ്പെടുകയൊ മററുപ്രകാരത്തിൽ ദ്രോഹിക്കപ്പെടുകയൊ ചെയ്യുന്നു, നിയമവ്യവസ്ഥ അതുസംബന്ധിച്ച് ഒന്നും ചെയ്യുന്നില്ല, കാരണം ആ നാട്ടിലെ നിയമസംഹിത അപ്രകാരമാണ്. പുരുഷൻ മേത്തരവും സ്ത്രീ കീഴ്ത്തരവും ആണ്; അയാൾ എത്രമാത്രം നികൃഷ്ടനോ അക്രമാസക്തനോ വികടനോ സ്വാർത്ഥനോ ആണെന്നുള്ളതു കൂട്ടാക്കാതെ അവൾ അയാളോടു പൂർണ്ണമായ അനുസരണം പ്രകടമാക്കണം.
സിബിഎസ് ടെലിവിഷൻ റിപ്പോർട്ടറായ മോർലി സേഫർ ഒരു തെക്കേ അമേരിക്കൻ രാജ്യത്തെ സംബന്ധിച്ച് ഇങ്ങനെ റിപ്പോർട്ടുചെയ്തു: “ലാററിൻ അമേരിക്കയിൽ മറെറാരിടത്തും പുരുഷത്വ പൂജ ഇത്രമാത്രം ദൃശ്യമല്ല . . . ഇതു വിശേഷാൽ ഇര തന്റെ ഭാര്യയോ കാമുകിയോ ആണെങ്കിൽ, ഒരു പുരുഷനു തന്റെ മാന്യതക്കുവേണ്ടി വാദിച്ചു കൊലക്കുററത്തിൽനിന്ന് ഒഴിഞ്ഞുപോകാൻ കഴിയുന്ന കോടതി മുറി ഉൾപ്പെടെ സമുദായത്തിൽ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു.” ആ രാജ്യം ചെയ്യുന്നതുപോലെ “സ്ത്രീകളെ തരം താഴ്ത്തുന്ന മറെറാരിടവും ഭൂമിയിലില്ല” എന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. എന്നാൽ പുരുഷ മേധാവിത്വവും സ്ത്രീകളെ തരംതാഴ്ത്തലും വിപുല വ്യാപകമായിരിക്കുന്നു. അത് ഒരു രാജ്യത്ത് എത്ര തീവ്രമായിരുന്നാലും അവിടെ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല.
സ്ത്രീയുടെ മേൽ നിയന്ത്രണം നിലനിർത്തുന്നതിനും, ശക്തിയും അധികാരവും പ്രകടിപ്പിക്കുന്നതിനും പുരുഷൻമാർ ഉപയോഗിക്കുന്ന ഉപകരണമാണ് അക്രമം എന്നു ന്യൂയോർക്കിലെ, ഗാർഹിക അക്രമത്തിന്റെയും നിയമപാലനത്തിന്റെയും ഒരു ഏജൻസിയുടെ ഡയറക്ടറായ മിനാ ഷുൾമാൻ പറഞ്ഞു. “ഞങ്ങൾ വീട്ടിലെ അക്രമത്തെ ശക്തിയുടെയും നിയന്ത്രണത്തിന്റെയും ഒരു ദുരുപയോഗമായിട്ടാണു കാണുന്നത്” എന്ന് അവർ കൂട്ടിച്ചേർത്തു.
ഭാര്യമാരെ പ്രഹരിക്കുന്ന ചിലർ ആത്മാഭിമാനം കുറവുള്ളവരാണ്, അതേ സ്വഭാവവിശേഷം അവർ തങ്ങളുടെ ഇരകളിൽ കടത്തിവിടുകയും ചെയ്യുന്നു. അവർക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ അവരുടെ അഹന്ത സംതൃപ്തിയടയും അവർക്കു മറെറാരു മമനുഷ്യന്റെ മേൽ ഒരളവുവരെ ശ്രേഷ്ഠതയും നിയന്ത്രണവും ഉള്ളതായി തോന്നുകയും ചെയ്യും. തങ്ങളുടെ പുരുഷത്വം ഇപ്രകാരം തെളിയിക്കുന്നുവെന്നാണ് അവർക്കു തോന്നുന്നത്. എന്നുവരികിലും അവർ അങ്ങനെ തെളിയിക്കുന്നുവോ? അവർ അക്രമം കാട്ടുന്നതു ശാരീരികമായി അബലകളായ സ്ത്രീകളോട് ആയിരിക്കുന്നതിനാൽ അവർ യഥാർത്ഥത്തിൽ ബലവാൻമാരെന്നു അതു തെളിയിക്കുന്നുണ്ടോ, അതോ അവർ യുക്തിഹീനരാണെന്നാണോ അതു തെളിയിക്കുന്നത്? ബലഹീനയും എതിർത്തുനില്ക്കാൻ കഴിയാത്തതുമായ ഒരു സ്ത്രീയെ അടിക്കുന്നതു വാസ്തവത്തിൽ ബലമേറിയ ഒരുവനെസംബന്ധിച്ചു പുരുഷത്വമാണോ? ശക്തമായ ധാർമ്മിക സ്വഭാവമുള്ള ഒരു പുരുഷൻ, ഏറെ ദുർബലരും തുണയററവരുമായവരോടു പരിഗണനയും സഹതാപവും പ്രകടമാക്കും, അവരിൽനിന്നു മുതലെടുക്കുകയില്ല.
ഉപദ്രവകാരിയുടെ യുക്തിരഹിതമായ ചിന്തയുടെ മറെറാരു തെളിവ് പ്രഹരിക്കാനുള്ള പ്രകോപനമുണ്ടാക്കിയതിന് അയാൾ തന്റെ ഭാര്യയെ മിക്കപ്പോഴും കുററപ്പെടുത്തുന്നുവെന്നുള്ള വസ്തുതയാണ്. ‘നീ ഇതു ശരിയായി ചെയ്തില്ല. അതുകൊണ്ടാണു ഞാൻ നിന്നെ തല്ലുന്നത്’ അല്ലെങ്കിൽ: ‘അത്താഴം വളരെ വൈകിപ്പോയി, അതുകൊണ്ടു നീ അർഹിക്കുന്നതാണു നിനക്കു കിട്ടുന്നത്’ എന്നിങ്ങനെ അയാൾ സൂചിപ്പിക്കുകയൊ അവളോടു പറയുകപോലുമൊ ചെയ്തേക്കാം. ദ്രോഹിയുടെ മനസ്സിൽ, അത് അവളുടെ തെററാണ്. ഏന്തുതന്നെയായാലും ഇണയുടെ ദൗർബ്ബല്യം മർദ്ദനത്തെ ന്യായീകരിക്കുന്നില്ല.
മദ്യം ഒരു മാററം വരുത്തുമോ?
മദ്യം നിയന്ത്രണത്തെ കുറയ്ക്കുകയും പെട്ടെന്നുള്ള പ്രചോദനത്താൽ പ്രവർത്തിക്കാനുള്ള സാദ്ധ്യതയെ വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ, അതിനു ദുഷ്പെരുമാററത്തിനു വെടിമരുന്നിടാൻ കഴിയും എന്നു ചിലർക്കു തോന്നുന്നത് അതിശയകരമല്ല. സുബോധമുള്ളപ്പോൾ ഒരു വ്യക്തിക്ക് അക്രമ വികാരത്തെ മിക്കപ്പോഴും നിയന്ത്രിക്കാൻ കഴിയും, എന്നാൽ ഏതാനും പ്രാവശ്യത്തെ മദ്യപാനത്തിനുശേഷം അയാൾ ഉപദ്രവകാരി ആയിത്തീരുന്നു. മദ്യം അയാളുടെ മാനസീകപ്രാപ്തികളെ മന്ദീഭവിപ്പിക്കുകയും കോപത്തെ നിയന്ത്രിക്കുന്നതിനുള്ള അയാളുടെ കഴിവിനെ ക്ഷയിപ്പിക്കുകയും ചെയ്യുന്നു.
എങ്ങനെയായാലും പ്രശ്നം വേരൂന്നിയിരിക്കുന്നതു മദ്യത്തെക്കാളധികം സമ്മർദ്ദത്തിലാണ് എന്നു ചിലർ അവകാശപ്പെടുന്നു. സമ്മർദ്ദത്തെ നേരിടുന്നതിനു മദ്യം ഉപയോഗിക്കുന്ന ആൾ അതേ ഉദ്ദേശ്യത്തിനുവേണ്ടി അക്രമത്തെ ഉപയോഗിക്കുന്നതരം ആൾതന്നെയാണ് എന്ന് അവർ പറയുന്നു. അതിന്റെ അർത്ഥം മദ്യപാനി, മത്തനായിരിക്കുമ്പോളെന്നപോലെ സുബോധമുള്ളപ്പോഴും ഉപദ്രവകാരിയായിരിക്കാമെന്നാണ്. എന്നിരുന്നാലും ഇക്കാര്യത്തിൽ എന്തു ന്യായവാദം ചെയ്താലും മദ്യം തീർച്ചയായും ഒരുവന്റെ വികാരങ്ങളെ നിയന്ത്രിക്കുന്നതിനു സഹായകമല്ല, മിക്കവാറും മറിച്ചായിരിക്കും ഫലം.
മാധ്യമങ്ങൾ പെരുമാററത്തെ സ്വാധീനിക്കുന്നവിധം
ടെലിവിഷനും ചലച്ചിത്രവും ആണുങ്ങൾക്കു പൗരുഷപ്രതിച്ഛായക്ക് പ്രോത്സാഹിപ്പിക്കുകയും ശണ്ഠയെയും കോപത്തെയും നേരിടുന്നതിന് അക്രമം ന്യായമായ ഒരു മാർഗ്ഗമാണെന്നു പഠിപ്പിക്കുകയും ചെയ്യുന്നതായി ചിലർ അവകാശപ്പെടുന്നു. “റാംബോ എന്ന ചലച്ചിത്രത്തോടുള്ള എന്റെ തീവ്രമായ സ്വന്തം പ്രതികരണത്താൽ ഞാൻ ആകർഷിക്കപ്പെട്ടു,” “എന്നിലെ നിയമമനുസരിക്കുന്ന പ്രായപൂർത്തിയായ [ആന്തരിക] വ്യക്തി റാംബോയുടെ കൂട്ടകൊലകളാൽ സംഭീതനായപ്പോൾ എന്നിലെ [ആന്തരിക] ബാലൻ അയാളെ പ്രോത്സാഹിപ്പിക്കുകയാണ്” എന്ന് ഒരു കുടുംബ ഉപദേഷ്ടാവു സമ്മതിച്ചു പറയുന്നു.
അനേകം കുട്ടികൾ ആയിരക്കണക്കിനു മണിക്കൂറുകൾ അക്രമം, ബലാൽസംഗം, മററു മനുഷ്യരുടെ, വിശേഷാൽ സ്ത്രീകളുടെ അവമാനം എന്നിങ്ങനെയുള്ള പ്രവൃത്തികളടങ്ങിയ പരിപാടികൾ വീക്ഷിക്കുന്നതിനാൽ, സമൂഹവിരുദ്ധമായ അതേ സ്വഭാവവിശേഷങ്ങൾ മററുള്ളവരുടെമേൽ പ്രാവർത്തികമാക്കത്തക്കവണ്ണം വളരുന്നത് അതിശയമല്ല. കുട്ടികൾ മാത്രമല്ല പ്രായപൂർത്തിയായവരും കൂടെ ബാധിക്കപ്പെടുന്നു.
മാത്രവുമല്ല, സമീപ വർഷങ്ങളിൽ, ടെലിവിഷനിലും ചലച്ചിത്രങ്ങളിലും ചിത്രീകരിക്കുന്ന സ്പഷ്ടമായ അക്രമത്തിന്റെയും അധർമ്മത്തിന്റെയും സ്ത്രീകളെ തരംതാഴ്ത്തുന്നതിന്റെയും അളവു ഗണ്യമായി വർദ്ധിച്ചിരിക്കുന്നു. ഇതിനു വീട്ടിലെ അക്രമരംഗത്തെ ഏറെവഷളാക്കാൻ മാത്രമേ കഴികയുള്ളു. ഒരു അന്വേഷണസംഘം കണ്ടെത്തിയപ്രകാരം, “ടെലിവിഷനിലെയും സിനിമയിലെയും അക്രമത്തിന്റെ കാഴ്ചയും അക്രമാസക്തപെരുമാററവും തമ്മിൽ ഒരു സ്പഷ്ടമായ . . . പരസ്പരബന്ധം” ഉണ്ട്.
ഒററപ്പെടുത്തുന്നതിന്റെ ഫലം
അനേകർക്കും ഇന്നു ജീവിതം വ്യക്തിബന്ധമില്ലാത്തതും ഏകാന്തവുമാണ്. സൂപ്പർമാർക്കററുകളും വിലകുറച്ചുവാങ്ങാവുന്ന കടകളും സൗഹൃദംകാട്ടുന്ന അയൽപക്കത്തെ കടകളുടെ സ്ഥാനം പിടിച്ചിരിക്കുന്നു. നഗര നവീകരണം, സാമ്പത്തിക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ എന്നിവ കുടുംബങ്ങളെ അസ്ഥിരതയിലേക്കു തള്ളിവിടുന്നു. ശക്തമായ സാമുദായിക സംസർഗം ഇല്ലാത്തവരുടെ ഇടയിൽ വീട്ടിലെ അക്രമത്തിന്റെ ഉയർന്ന നിരക്കു കണ്ടെത്തിയിരിക്കുന്നു.
ഉററ ബന്ധങ്ങളും വിവാഹവും കുടുംബവും (Intimate Relationship, marriage and the family) എന്ന ഗ്രന്ഥത്തിൽ ജെയിംസ് സി. കോൾമാൻ വാസ്തവം ഇതാണെന്നു താൻ ചിന്തിക്കുന്നതെന്തുകൊണ്ടാണെന്നു വിശദീകരിക്കുന്നു. ഏകാന്തനായിരിക്കുന്നത് അർത്ഥപൂർണ്ണമായ സംഭാഷണത്തെ വെട്ടിച്ചുരുക്കുകയും ഒരു ഉപദ്രവകാരിക്കു തന്റെ സാഹചര്യം വസ്തുനിഷ്ഠമായി കാണുന്നതും ഒരു വിശ്വസ്ത സുഹൃത്തിന്റെ സഹായം തേടുന്നതും പ്രയാസകരമാക്കിത്തീർക്കുകയും ചെയ്യുന്നു. സാഹചര്യത്തെ മയപ്പെടുത്തുന്ന സ്വാധീനശക്തിയായി വർത്തിക്കുവാൻ കഴിവുള്ള സുഹൃത്തുക്കളും ഉററ ബന്ധുക്കളും ഇല്ലാത്തത് ഒരു വ്യക്തി തന്റെ സ്വാർത്ഥത പ്രാവർത്തികമാക്കാൻ ഇടയാക്കുന്നു, കാരണം അയാളുടെ തെററായ ചിന്തയെ അയാളുടെ ഉററവർ ദിവസേന നിർവ്വീര്യമാക്കുന്നില്ല. ഇതു സദൃശവാക്യം 18:1 പറയുന്നതുപോലെയാണ്: “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകല ജ്ഞാനത്തോടും അവൻ കയർക്കുന്നു.”
അക്രമാസക്തമായ കുടുംബത്തിനു സഹായം
വീട്ടിലെ അക്രമത്തിനു ഇടയാക്കുന്ന കാര്യങ്ങളെപ്പററിയുള്ള വിശദീകരണങ്ങളുടെ ഒരു അംശം മാത്രമാണു നമ്മൾ ചർച്ചചെയ്തത്. വേറെയും വിശദീകരണങ്ങൾ ഉണ്ട്. കാരണങ്ങളിൽ ചിലതു തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇപ്പോൾ നാം പരിഹാരങ്ങൾ പരിശോധിക്കേണ്ടതാവശ്യമാണ്. ഒരുവൻ ഒരു അക്രമാസക്ത കുടുംബത്തിലെ അംഗമാണെങ്കിൽ, ദുഷ്പെരുമാററത്തെ എപ്രകാരം നിർത്തലാക്കാൻ കഴിയും? ബൈബിളിന്റെ വീക്ഷണമെന്താണ്? വീട്ടിലെ അക്രമം എന്നെങ്കിലും അവസാനിക്കുമൊ? പത്താം പേജിലുള്ള ലേഖനം ഈ ചോദ്യങ്ങൾ കൈകാര്യം ചെയ്യും.
[9-ാം പേജിലെ ചതുരം/ചിത്രം]
വൈകാരിക അക്രമം—വാക്കുകൾക്കൊണ്ടുള്ള ശക്തമായ പ്രഹരം
ശാരീരിക ഉപദ്രവത്തിൽ ആക്രമണം മുഷ്ടികൊണ്ടുള്ളതാണ്; വൈകാരിക ദ്രോഹത്തിൽ ആക്രമണം വാക്കുകൾക്കൊണ്ടാണ്. ഇതിൽ, ആയുധത്തിന്റെ തിരഞ്ഞെടുപ്പിൽ മാത്രമാണു വ്യത്യാസമുള്ളത്. ഇതു സദൃശവാക്യങ്ങൾ 12:18-ൽ പറയുന്നതുപോലെയാണ്: “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.”
ഇപ്രകാരം “വാളുകൊണ്ടു കുത്തുന്ന”തുൾപ്പെടെയുള്ള വൈകാരിക അക്രമം എത്ര അപകടകരമാണ്? വൈകാരികമായി പറഞ്ഞാൽ, “ഫലം [ശാരീരിക ദ്രോഹത്തിലെന്നപോലെ] അതുതന്നെയാണ്. നിങ്ങൾ തുല്യമായി സംഭീതരാണ്, നിങ്ങൾക്കു തുല്യമായി നിസ്സഹായത തോന്നുന്നു, നിങ്ങൾ തുല്യ വേദനയിലുമാണ്” എന്നു ഡോ. സൂസൻ ഫോർവാർഡ് എഴുതുന്നു.
വിവാഹ ഇണയുടെ നേർക്കുള്ള വൈകാരിക അക്രമം: “ദാമ്പത്യ അക്രമം ശാരീരികം മാത്രമല്ല. ഒരു വലിയ പങ്ക്, ഒരുപക്ഷേ ഏററവും വലിയതുപോലും, വാക്കുകളാലുള്ളതും വൈകാരികവുമാണ്” എന്ന് ഒരു ദീർഘകാല പീഡിത പറയുന്നു. ദ്രോഹത്തിൽ ചീത്തവിളിയും ഉത്ക്രോശവും നിരന്തര വിമർശനവും അവമാനകരമായ നിന്ദനങ്ങളും ശാരീരികാക്രമത്തിന്റെ ഭീഷണികളും ഉൾപ്പെട്ടേക്കാം.
കൊച്ചാക്കുന്നതോ അവമാനിക്കുന്നതോ വിരട്ടുന്നതോ ആയ ദ്രോഹകരമായ അഭിപ്രായങ്ങൾക്കു ഗുരുതരമായ തകരാറു വരുത്താൻ കഴിയും. കരിതേച്ചുകാട്ടുന്ന കുത്തുവാക്കു പാറപ്പുറത്തു തുള്ളിയായിവീഴുന്ന വെള്ളംപോലെ തുടക്കത്തിൽ നിരുപദ്രവകരം എന്നു തോന്നിയേക്കാം. എങ്കിലും ആത്മാഭിമാനം പെട്ടെന്നു ദ്രവിക്കുന്നു. “ശാരീരികദ്രോഹമോ വാക്കാലുള്ളതോ ഒന്നു തിരഞ്ഞെടുക്കേണ്ടി വന്നാൽ ഏതു സമയത്തും ഞാൻ ശാരീരിക പ്രഹരത്തെ തിരഞ്ഞെടുക്കും” എന്ന് ഒരു സ്ത്രീ പറഞ്ഞു. “നിങ്ങൾക്കു ശരീരത്തിൽ പാടുകൾ കാണാം, തന്നിമിത്തം ആളുകൾക്കു നിങ്ങളോടു സഹതാപമെങ്കിലും തോന്നും. എന്നാൽ വാക്കുകളാലുള്ള ആക്രമണം നിങ്ങൾക്കു ഭ്രാന്തുപിടിപ്പിക്കുന്നു. അതിനാലുണ്ടാകുന്ന മുറിവുകൾ അദൃശ്യമാണ്, നിങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല” എന്ന് അവർ വിശദീകരിച്ചു.
ഒരു കുട്ടിയുടെ നേർക്കുള്ള വൈകാരിക അക്രമം: ഇതിൽ കുട്ടിയുടെ ആകൃതിയെയോ ബുദ്ധിശക്തിയെയോ വ്യക്തിത്വമൂല്യത്തെയോ നിരന്തരം വിമർശിക്കുന്നതും നിസ്സാരീകരിക്കുന്നതും ഉൾപ്പെട്ടേക്കാം. കുത്തുവാക്കു പ്രത്യേകിച്ചും ഹാനികരമാണ്. കുട്ടികൾ മിക്കവാറും കുത്തുവാക്കുകളെ മുഖവിലക്കെടുക്കുന്നു, കാര്യമായി പറഞ്ഞതും “തമാശ”ക്കായി പറഞ്ഞതും തമ്മിൽ വിവേചിക്കാതെതന്നെ. “കുട്ടിക്കു വേദന അനുഭവപ്പെടുന്നു, എന്നാൽ എല്ലാവരും ചിരിക്കുകയാണ്, തന്നിമിത്തം അവൻ തന്റെ ചേതോവികാരങ്ങളിൽ ആശ്രയിക്കാതിരിക്കാൻ പഠിക്കുന്നു” എന്നു കുടുംബ ചികിൽസകൻ ഷോൻ ഹോഗൻ-ഡോവ്നി കുറിക്കൊള്ളുന്നു.
അതുകൊണ്ട്, മിക്ക സംഭവങ്ങളിലും, സ്കോട്ടിഷ് ചരിത്രകാരനും ഉപന്യാസകർത്താവുമായ തോമസ് കാർളൈൽ ഒരിക്കൽ പറഞ്ഞതിൽ സത്യമുണ്ട്. “കുത്തുവാക്കു പൊതുവെ ഉള്ളതാണെന്ന്, സാത്താന്റെ ഭാഷയാണെന്ന്, ഞാൻ പരിഗണിക്കുന്നു, അക്കാരണത്താൽ ഞാൻ അതു പണ്ടേതന്നെ വാസ്തവത്തിൽ തള്ളിക്കളഞ്ഞു.”
ബാലദ്രോഹവിഷയത്തിൽ വിദഗ്ദ്ധയായ ജോയ് ബയഴ്സ് പറയുന്നു: “ശാരീരിക ദ്രോഹം ഒരു കുട്ടിയെ കൊന്നേക്കാം, എന്നാൽ നിങ്ങൾക്കു പ്രകൃതിയെയും നശിപ്പിക്കാൻ കഴിയും, മാതാപിതാക്കളുടെ നിരന്തരമായ നിഷേധാത്മക വിമർശനത്തിനു ചെയ്യാൻ കഴിയുന്നത് അതാണ്.” കുടുംബ ജീവിത പ്രബോധകൻ (FLEducator) എന്ന മാസിക ഇങ്ങനെ അഭിപ്രായപ്പെട്ടു. “തിരിച്ചറിയാവുന്നതും മങ്ങിപ്പോകുന്നതുമായ ചതവിനു വിപരീതമായി വൈകാരിക ദ്രോഹം ഒരു കുട്ടിയുടെ മനസ്സിലും വ്യക്തിത്വത്തിലും ദൃശ്യമല്ലാത്ത മാററങ്ങൾ വരുത്തുന്നു, അവ അവന്റെ യഥാർത്ഥ അവസ്ഥക്കും മററുള്ളവരുമായുള്ള പരസ്പരപ്രവർത്തനത്തിനും സ്ഥിരമായി മാററം വരുത്തുകയും ചെയ്യുന്നു.”
[7-ാം പേജിലെ ചിത്രം]
അക്രമത്തിനു വിധേയമാക്കപ്പെടുന്നതു ഒരു കുട്ടിയുടെ പിൽക്കാല പെരുമാററത്തെ ശക്തമായി സ്വാധീനിക്കുന്നു