ജീവൻ വിലമതിക്കേണ്ട ഒരു ദാനം
യഹോവയാം ദൈവം സന്താനോത്പാദനത്തിനുള്ള പദവി മനുഷ്യകുടുംബത്തിനു നൽകിയപ്പോൾ അത് എന്തൊരു സമ്മാനമായിരുന്നു! അഴകുററ ഒരു പിഞ്ചോമന പരസ്പരം സ്നേഹിക്കുന്നവരും തങ്ങളുടെ ദാമ്പത്യബന്ധത്തിന്റെ ഈ ചെറിയ ഉത്പന്നത്തെ താലോലിക്കാനും സംരക്ഷിക്കാനും ഒരുങ്ങിയിരുന്നവരും ആയ സന്തുഷ്ട ദമ്പതികളുടെ കാത്തിരിക്കുന്ന കരങ്ങളാൽ ഏററുവാങ്ങപ്പെടാൻ ആഗതമാകുന്നു. കുഞ്ഞിന്റെ ജീവിതം ചുരുൾ നിവരുമ്പോൾ ആഹ്ലാദം മാത്രമേ കുടുംബത്തെ കാത്തിരിക്കുകയുള്ളു.
എന്നാൽ ആദാമിന്റെയും ഹവ്വായുടെയും പാപം മനുഷ്യവർഗത്തിലേക്കു പിറന്നു വീഴുന്ന കുഞ്ഞുങ്ങൾക്കു ശോചനീയമായ ഭവിഷ്യത്തുകൾ കൈവരുത്തി. പാപത്തിന്റെ ഫലമായി, അരിഷ്ടതയാലും ശാരീരിക വേദനയാലും ശാപഗ്രസ്തയായി നമ്മുടെ ആദ്യമാതാവു കുട്ടികൾക്കു ജൻമമേകി. അവരുടെ സന്താനം കടന്നുവന്ന പാപപൂർണമായ ചുററുപാടു സന്താനോൽപ്പാദനത്തെ ഒരു ഉഗ്രമായ വെല്ലുവിളിയാക്കിത്തീർത്തു. ആയതിനാൽ, ഇന്നത്തെ സങ്കീർണ ലോകത്തിൽ, ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നതു പലപ്പോഴും ആഹ്ലാദം കൈവരുത്തുന്നില്ല എന്നത് ആശ്ചര്യമല്ല. എങ്കിൽപ്പോലും, അജാതശിശുവിനെ സംബന്ധിച്ചുള്ള സ്രഷ്ടാവിന്റെ വീക്ഷണം എന്താണ്? ധാർമികതയുടെ വ്യതിയാനങ്ങൾക്കൊപ്പം അവിടുത്തെ വീക്ഷണത്തിനു മാററം വന്നിട്ടുണ്ടോ? തീർച്ചയായും ഇല്ല. ലോകത്തിലെ അജാതശിശുക്കളെ സംബന്ധിച്ചുള്ള അവിടുത്തെ വീക്ഷണവും കരുതലും മാററമില്ലാതെ തുടരുന്നു.
മാതാവിന്റെയുള്ളിൽ അനുപമനായ ഒരു മനുഷ്യവ്യക്തി വികാസം പ്രാപിച്ചുവരുന്നുവെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. ജീവൻ ഗർഭധാരണത്തിങ്കൽ തുടങ്ങുന്നു. ലോകത്തിലേക്കുള്ള ജനനം ദൈവം നേരത്തെതന്നെ കണ്ടുകഴിഞ്ഞ ശിശുവിനെ മനുഷ്യനു വെളിപ്പെടുത്തുക മാത്രമേ ചെയ്യുന്നുള്ളു. യെഹെസ്കേൽ “ഗർഭപാത്രം തുറക്കുന്ന ഓരോ കുട്ടിയെയും” കുറിച്ചു സംസാരിക്കുന്നു. (യെഹെസ്കേൽ 20:26, NW) ഇയ്യോബ് “ഗർഭദ്വാര”ത്തെ കുറിച്ചു വിവരിക്കുകയും, ചാപിള്ളകളെ “വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകൾ” എന്നു വിളിക്കുകയും ചെയ്യുന്നു.—ഇയ്യോബ് 3:10, 16.
ഗർഭാശയത്തിൽ വളർച്ചപ്രാപിക്കുമ്പോഴത്തെ ലോലമായ ജീവനോടുള്ള യഹോവയാം ദൈവത്തിന്റെ ആർദ്രമായ താത്പര്യം ഗൗനിക്കുക. അവിടുന്നു യിരമ്യാവിനോട് ഇങ്ങനെ പറഞ്ഞു: “നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തുവന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു.” (യിരെമ്യാവു 1:5) ദാവീദ് ഇപ്രകാരം പറഞ്ഞു: “ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു.” (സങ്കീർത്തനം 139:15, 16) “ഗർഭത്തിൽ എന്നെ ഉരുവാക്കിയവൻ” എന്നും “ഉദരത്തിൽ ഞങ്ങളെ നിർമ്മിക്കു”വാൻ തുടങ്ങിയവനെന്നും ഇയ്യോബ് ദൈവത്തെ വിളിക്കുന്നു.—ഇയ്യോബ് 31:15.
എന്നാൽ ശിശുവിനെ ആഗ്രഹിക്കാത്ത നൈരാശ്യംപൂണ്ട ഗർഭിണിയായ മാതാവിനെക്കുറിച്ചു ദൈവം എന്തു വിചാരിക്കുന്നു? സ്രഷ്ടാവ്, മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഭാരിച്ച ഉത്തരവാദിത്തങ്ങൾ എല്ലാ വ്യക്തികളെക്കാളും മെച്ചമായി അറിയുന്നു. ഗർഭിണിയായ ഒരു മാതാവ്, വിഷമകരമായ ചുററുപാടുകളിലാണെങ്കിലും, ദൈവിക വ്യവസ്ഥകളോടുള്ള ആദരവു നിമിത്തം കുട്ടിയെ വളർത്താൻ തീരുമാനിക്കുന്നെങ്കിൽ, അവിടുന്ന് അവളുടെ തീരുമാനത്തെ അനുഗ്രഹിക്കുകയില്ലേ? സന്തുഷ്ടിയുള്ള ഒരു കുട്ടിയെ വളർത്തുന്നതിൽ ഒരു മാതാവിനോ പിതാവിനോ അവിടുത്തെ സഹായത്തിനുവേണ്ടി ഉചിതമായി പ്രാർഥിക്കാൻ കഴിയും, പ്രാർഥിക്കണം. തന്റെ വചനത്തിന്റെ ഏടുകളിൽ, കുട്ടികളെ വളർത്തുന്നതു സംബന്ധിച്ചു ലഭ്യമായിട്ടുള്ളതിൽവച്ച് ഏററവും ഉത്തമമായ ബുദ്ധ്യുപദേശം ദൈവം ഇപ്പോൾത്തന്നെ നൽകിയിട്ടുണ്ട്. കുടുംബജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നത് അനുഗൃഹീത ഫലങ്ങൾ കൈവരുത്തും. അഭിമാനമുള്ള ഏതു മാതാവിനും പിതാവിനും സാക്ഷ്യപ്പെടുത്താൻ കഴിയുന്നതുപോലെ, ദൈവഭക്തരായ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിലെ ആനന്ദവും പ്രതിഫലങ്ങളും ഉടനീളം അനുഭവിക്കേണ്ടിവന്നിട്ടുള്ള ഏതു ത്യാഗങ്ങളെക്കാളും ഈടുററതാണ്.
കുഞ്ഞു ബലാൽസംഗത്തിന്റെയോ അഗമ്യഗമനങ്ങളുടെയോ ഫലമാണെങ്കിൽ യഹോവ കാര്യങ്ങളെ ഏതെങ്കിലും തരത്തിൽ വ്യത്യസ്തമായി വീക്ഷിക്കുമോ? മാതാവിനെതിരെയുള്ള പ്രവൃത്തി ശിക്ഷാർഹമായിരുന്നെങ്കിലും കുഞ്ഞിനെ പഴിക്കാൻ പാടില്ല. അതിന്റെ ജീവൻ അവസാനിപ്പിക്കുന്നത് ഒരു കുററകൃത്യത്തെ മറെറാന്നുകൊണ്ടു നേരിടുക മാത്രമാണ്. ഇത്തരത്തിലുള്ള ഇരകൾ അനുഭവിക്കുന്ന വൈകാരിക ക്ഷതം യഹോവ നിശ്ചയമായും തിരിച്ചറിയുന്നു. യഹോവയ്ക്കു പരിണിതഫലങ്ങളെ ഒരു സന്തുലിതമായ രീതിയിൽ അഭിമുഖീകരിക്കുന്നതിനു മാതാവിനെയും കുട്ടിയെയും സഹായിക്കാൻ കഴിയും.
ഗർഭകാലം മുഴുവൻ കുട്ടിയെ വഹിക്കുന്നതു ഗർഭിണിയുടെ ജീവനെ അപകടത്തിലാക്കിയേക്കാം എന്നു ഡോക്ടർ അവളെ അറിയിക്കുന്നെങ്കിലെന്ത്? ഡോ. അലൻ ഗുററ്മോക്കർ ഇപ്രകാരം പ്രസ്താവിച്ചു: “കാൻസറോ രക്താർബുദമോ പോലെയുള്ള ഒരു മാരകമായ രോഗത്താൽ ബാധിതയല്ലെങ്കിൽ ഇന്നു മിക്കവാറും ഏതൊരു രോഗിക്കും ഗർഭധാരണത്തെ അതിജീവിക്കുക സാധ്യമാണ്. ബാധിതയാണെങ്കിൽ, ഗർഭച്ഛിദ്രം ജീവനെ ദീർഘിപ്പിക്കുന്നതിനു സാധ്യതയില്ല. ജീവൻ രക്ഷിക്കുന്നതിന് അതിലും സാധ്യത കുറവാണ്.” ദി എൻസൈക്ലോപീഡിയ അമേരിക്കാന ഇപ്രകാരം പ്രസ്താവിക്കുന്നു: “ഗുരുതരമായ വൈദ്യപ്രശ്നങ്ങളോടുകൂടിയ സ്ത്രീകളിൽ ഏറിയപങ്കിനെയും ഗർഭകാലത്തു സുരക്ഷിതമായി കാക്കാൻ കഴിയുന്നതിനാൽ, മാതാവിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനു വളരെക്കുറച്ചു ഗർഭച്ഛിദ്രങ്ങളേ നടത്തേണ്ടി വരുന്നുള്ളു. ഗർഭച്ഛിദ്രങ്ങളിലേറിയപങ്കും ഒരു കുട്ടിയുണ്ടായിരിക്കുന്നത് ഒഴിവാക്കുന്നതിനുവേണ്ടിയാണ്.” അതുകൊണ്ട് അങ്ങനെയുള്ള സാഹചര്യങ്ങൾ തികച്ചും വിരളമാണ്. എന്നിരുന്നാലും, അതു പ്രസവസമയത്തു സംഭവിക്കുകതന്നെ ചെയ്യുന്നെങ്കിൽ, അപ്പോൾ മാതാപിതാക്കൾ മാതാവിന്റെ ജീവനോ കുട്ടിയുടെ ജീവനോ രക്ഷിക്കേണ്ടത് എന്ന് ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്. അത് അവരുടെ തീരുമാനമാണ്.
ജീവന്റെ സ്രഷ്ടാവു നമ്മുടെ പ്രജനനപ്രാപ്തികളുടെ ഉപയോഗം സംബന്ധിച്ചു വ്യക്തമായ മാർഗരേഖകൾ വച്ചിരിക്കുന്നതിൽ അതിശയിക്കാനുണ്ടോ? ജീവനെ നശിപ്പിക്കുന്നതു പാപമായിരിക്കുന്നതുപോലെതന്നെ സംരക്ഷിക്കാനുള്ള ഉദ്ദേശ്യമില്ലാതെ ജീവൻ ഉത്പാദിപ്പിക്കുന്നതും അവന്റെ ദൃഷ്ടിയിൽ പാപമാണ്.
തീർച്ചയായും, ഗർഭച്ഛിദ്രവിവാദം ഈ വ്യവസ്ഥിതിയുടെ സമാപനം വരെ തുടരും. എന്നാൽ ജീവന്റെ ഉത്പാദകനായ യഹോവയാം ദൈവത്തിനും അതുപോലെതന്നെ അവിടുത്തെ നിയമങ്ങളെ വിലമതിക്കുന്നവർക്കും ഒരു സംശയവും ഇല്ലതന്നെ. ജീവൻ ഉത്ക്കൃഷ്ടമാണ്—ആരംഭം മുതലേ പോററിവളർത്തേണ്ടതും വിലമതിക്കേണ്ടതുമായ ഒരു ദാനം. (g93 5/22)
[11-ാം പേജിലെ ചതുരം]
ദൈവത്തിന്റെ വിധത്തിൽ ഗർഭച്ഛിദ്രത്തെ വീക്ഷിക്കൽ
വിവാഹത്തിനു പുറത്ത് ഒരു കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്നവളും മാതൃത്വത്തിനു തീർത്തും സജ്ജയല്ലാത്തവളുമായ ഒരു ബാലികയെ സംബന്ധിച്ചെന്ത്? ഒരു കുഞ്ഞിനെ ലോകത്തിലേക്ക് ആനയിക്കാൻ അവളെ അനുവദിക്കണമോ? മാതാവു ബുദ്ധിശൂന്യവും അധാർമികവുമായ ഒരു വിധത്തിൽ പ്രവർത്തിച്ചതുകൊണ്ടുമാത്രം കുഞ്ഞിന്റെ നേർക്കുള്ള ദൈവത്തിന്റെ ചേതോവികാരങ്ങൾക്കു മാററം വന്നിട്ടില്ല. തീർച്ചയായും ഒരു കുഞ്ഞിന്റെ ജനനം തന്റെ അധാർമികതയുടെ സ്വഭാവിക ഫലങ്ങൾ ഗ്രഹിക്കുന്നതിനും അപ്രകാരം ദൈവിക നിയമങ്ങളുടെ ജ്ഞാനം ബോധ്യപ്പെടുന്നതിനും അതിന്റെ മാതാവിനെ സഹായിച്ചേക്കാം. അവളുടെ അവിഹിത ലൈംഗികനടപടിയുടെ പരിണിതഫലം നീക്കംചെയ്യുന്നത് അവളിൽ കുററം സംബന്ധിച്ച വേദന അവശേഷിപ്പിച്ചേക്കാം, അല്ലെങ്കിൽ അധാർമികതയുടെ കൂടുതലായ പ്രവർത്തനങ്ങൾക്ക് അവളെ പ്രോത്സാഹിപ്പിച്ചേക്കാം.
ഭാരം പങ്കിടാൻ പിതാവില്ലെങ്കിൽ, കുട്ടിയെ വളർത്തുന്നത് എളുപ്പമായിരിക്കുകയില്ല. എന്നാൽ നമ്മുടെ സ്വർഗ്ഗീയപിതാവിനോടുള്ള ഉററബന്ധത്തിന് അതു ചെയ്യുന്നതിനുള്ള ധാർമികവും വൈകാരികവുമായ ബലവും പിന്തുണയും മാർഗനിർദേശവും പ്രദാനം ചെയ്യാൻ കഴിയും. ഒററക്കായ മാതാവിന്റെയോ പിതാവിന്റെയോ ഭാരം ലഘൂകരിക്കാൻ അവിടുന്നു ക്രിസ്തീയ സഭയെയും പ്രദാനം ചെയ്തിട്ടുണ്ട്.