ഈ മതങ്ങൾക്ക് ഉത്തരമുണ്ടോ?
ഗർഭച്ഛിദ്രം എന്ന പ്രശ്നം സംബന്ധിച്ചു ധാർമികമായ ആശയക്കുഴപ്പം ഉള്ളതുകൊണ്ട് അനേകരും തങ്ങളുടെ ആത്മീയ ഗുരുക്കൻമാരുടെ മാർഗനിർദേശം തേടുന്നു. ഇവർ എങ്ങനെയാണു പ്രതികരിക്കുന്നത്?
ജീവൻ ഗർഭധാരണത്തിങ്കൽ തുടങ്ങുന്നു എന്നു പഠിപ്പിച്ചുകൊണ്ട്, ഗർഭച്ഛിദ്രത്തിനെതിരെ കത്തോലിക്കാസഭ ഒരു ഉറച്ച നിലപാടു സ്വീകരിക്കുന്നു. ചില പുരോഹിതൻമാർ രാഷ്ട്രീയത്തിൽ ഉൾപ്പെടുകയും ഗർഭച്ഛിദ്രത്തിന് അനുകൂലമായി വോട്ടു ചെയ്യുന്ന കത്തോലിക്കാ രാഷ്ട്രീയക്കാരെ സമുദായഭ്രഷ്ടരാക്കണം എന്നു പാപ്പായോട് അഭ്യർഥിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, കത്തോലിക്കരിൽ ധാരാളംപേർ ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നു, ഉദാരവത്ക്കരണത്തിനുവേണ്ടി വാദിക്കുകയും ചെയ്യുന്നു.
“ഗർഭച്ഛിദ്രം തെററാണെന്നു ബൈബിൾ പഠിപ്പിക്കുന്നതായി” 46 ശതമാനം പാസ്ററർമാരും “വിശ്വസിക്കുന്നി”ല്ലെന്നു പ്രസ്ബിറേററിയൻ സഭ (യു.എസ്.എ) റിപ്പോർട്ടു ചെയ്യുന്നു. സഭയുടെ ഔദ്യോഗിക നിലപാടു ഗർഭച്ഛിദ്രത്തിന് അനുകൂലമാണ്.
‘പുരുഷൻമാർക്കും സ്ത്രീകൾക്കും വേണ്ടത്ര കുടുംബാസൂത്രണ സേവനങ്ങൾ ഉണ്ടായിരിക്കുന്നതിനും സുരക്ഷിതമായ നിയമാനുസൃത ഗർഭച്ഛിദ്രത്തെ തിരഞ്ഞെടുക്കുന്നതിനും ഉള്ള അവകാശം തങ്ങൾ ഉയർത്തിപ്പിടിക്കുന്നു’വെന്നു യുണൈററഡ് ചർച്ച് ഓഫ് ക്രൈസ്ററിന്റെ 16-ാമത്തെ പൊതു സിനഡ് തീരുമാനിച്ചു.
ഗർഭച്ഛിദ്രം “അവസാനനടപടി മാത്രം ആയിരിക്കണം” എന്ന് ഇവാഞ്ചലിക്കൽ ലൂഥറൻ സഭാനയപ്രസ്താവന പറയുന്നു; പക്ഷേ, ഗർഭച്ഛിദ്രത്തെ ഒരു “പാപം” എന്നു വിളിക്കാനോ “ജീവൻ ഗർഭധാരണത്തിങ്കൽ തുടങ്ങുന്നു” എന്നു പറയാനോ അതു വിസമ്മതിച്ചു.
സതേൺ ബാപ്ററിസ്ററ് കൺവെൻഷൻ ഗർഭച്ഛിദ്രത്തെ ശക്തമായി എതിർക്കുന്നു. എന്നാൽ അമേരിക്കൻ ബാപ്ററിസ്ററ് സഭ ഇപ്രകാരം പ്രസ്താവിക്കുന്നു: “ഗർഭച്ഛിദ്രത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തോടുള്ള സഭയുടെ ശരിയായ നയപ്രഖ്യാപനം സംബന്ധിച്ചു നാം യോജിപ്പുള്ളവരല്ല. തത്ഫലമായി, ഗർഭച്ഛിദ്രം സംബന്ധിച്ച ഒരു പുരുഷന്റെയോ സ്ത്രീയുടെയോ വിശ്വാസങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു പൊതുനയത്തിനുവേണ്ടി വാദിക്കാൻ ഓരോ വ്യക്തിക്കുമുള്ള സ്വാതന്ത്ര്യത്തെ ഞങ്ങൾ അംഗീകരിക്കുന്നു.”
ഇക്കാര്യം സംബന്ധിച്ചു യഹൂദമതത്തിന് അഭിപ്രായ ഐക്യമില്ല, നവീകരണവാദികളും യാഥാസ്ഥിതികരുമായ യഹൂദൻമാർ അധികമായി ഗർഭച്ഛിദ്രത്തെ അനുകൂലിക്കുമ്പോൾ ഓർത്തഡോക്സ് വിഭാഗം ഏറെയും ഗർഭച്ഛിദ്രത്തിന് എതിരായ ഒരു നിലപാടു സ്വീകരിക്കുന്നു.
ഇസ്ലാംമതം ജീവന്റെ ആദ്യത്തെ നാല്പതു ദിവസം ഏതു കാരണത്തിനും ഗർഭച്ഛിദ്രം അനുവദിക്കുന്നു, എന്നാൽ മാതാവിന്റെ ജീവനു ഭീഷണിയായിത്തീരുന്നെങ്കിൽ മാത്രമേ അതിനുശേഷം അനുവദിക്കുന്നുള്ളു. ഭ്രൂണം “നാല്പതു ദിവസം ഒരു വിത്തിന്റെ രൂപത്തിലാണ്, അതിനുശേഷം അത്രയും കാലം അവൻ ഒരു രക്തക്കട്ടയാണ്, അതിനുശേഷം അത്രയും കാലം അതൊരു മാംസപിണ്ഡമാണ്, അതിനുശേഷം . . . അവനിലേക്കു ജീവശ്വാസം ഊതുന്ന ഒരു ദൂതൻ അവന്റെയടുത്തേക്ക് അയക്കപ്പെടുന്നു” എന്ന് ഹേഡിത്ത് പറയുന്നു.
ഷിന്റോമതം ഒരു ഔദ്യോഗിക നിലപാടും സ്വീകരിക്കാതെ, ഗർഭച്ഛിദ്രത്തെ വ്യക്തിപരമായ തീരുമാനത്തിനു വിടുന്നു.
ഹിന്ദുക്കളും ബുദ്ധമതക്കാരും സിക്കുകാരും ജീവനോടുള്ള പൊതുവായ ഒരു ആദരവു പഠിപ്പിക്കുന്നു. എന്നാൽ അവർ പുനർജൻമത്തിൽ വിശ്വസിക്കുന്നതുകൊണ്ടു ഗർഭച്ഛിദ്ര സംബന്ധമായ വിവാദത്തിൽ അവർ കുരുങ്ങുന്നില്ല; ഗർഭച്ഛിദ്രം ഒരു അജാതശിശുവിനെ മറെറാരു ജീവനിലേക്ക് അയക്കുക മാത്രമേ ചെയ്യുന്നുള്ളു. (g93 5/22)