ഭാഗം 6
ശാസ്ത്രം—സത്യത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ തുടരുന്ന അന്വേഷണം
ഇരുപത്തൊന്നാം നൂററാണ്ടിന്റെ വെല്ലുവിളികളെ നേരിടൽ
ഒമ്പത്, എട്ട്, ഏഴ്, കൗണ്ട്ഡൗൺ തുടരുന്നു! ഒരു റോക്കററ് വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണോ? അല്ല, മാനവരാശി 21-ാം നൂററാണ്ടിന്റെ അനിശ്ചിതാവസ്ഥകളെ അഭിമുഖീകരിക്കുന്നതിനുമുമ്പ് അവശേഷിക്കുന്ന വർഷങ്ങളുടെ കൗണ്ട്ഡൗൺ.a
കഴിഞ്ഞ നൂററാണ്ടിലെ ശാസ്ത്രീയ നേട്ടങ്ങളെ അടിസ്ഥാനമാക്കി 21-ാം നൂററാണ്ടു വരുത്തിവച്ചേക്കാവുന്ന ഏതു വെല്ലുവിളിയെയും ശാസ്ത്രത്തിനു തരണം ചെയ്യാൻ കഴിയുമെന്നു പലരും ആത്മാർഥപൂർവം വിശ്വസിച്ചേക്കാം.b ഇരുപതാം നൂററാണ്ടിന്റെ തുടക്കത്തിൽ ഒരു ഫ്രഞ്ച് ഗ്രന്ഥകാരൻ വിചാരിച്ചതുപോല അവർ വിചാരിച്ചേക്കാം. “ഇന്നു ശാസ്ത്രം ലോകത്തെ ഭരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു,” അദ്ദേഹം എഴുതി. “ഇപ്പോൾമുതൽ ലോകഭരണം ദൈവത്തിനല്ല, പിന്നെയോ ശാസ്ത്രത്തിനാണ്, ആളുകൾക്കു പ്രയോജനം ചെയ്യുന്നവനും മനുഷ്യവർഗത്തിന്റെ വിമോചകനും എന്നനിലയിൽ ശാസ്ത്രത്തിനുതന്നെ.”
ശാസ്ത്രം ഈ പ്രതീക്ഷകളെ നിവർത്തിക്കണമെങ്കിൽ ഉളവാക്കാൻ അതു സഹായിച്ചിട്ടുള്ള പ്രശ്നങ്ങളിൽ പലതും അതു നീക്കം ചെയ്യേണ്ടതായി വരും.
ശാസ്ത്രം ഉത്തരവാദിയായിരിക്കുന്ന പരിസ്ഥിതി നശീകരണം വമ്പിച്ചതാണ്. ഗ്രഹത്തെ രക്ഷിക്കാൻ 5000 ദിവസങ്ങൾ (5000 Days to Save the Planet) എന്ന പുസ്തകം ഇപ്രകാരം ഉറപ്പിച്ചു പറയുന്നു: “പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന ഇപ്പോഴത്തെ ഗതി നാം തുടരുകയാണെങ്കിൽ ചോദ്യം ആധുനിക സമൂഹം അടുത്ത നൂററാണ്ടിനെ അതിജീവിക്കുമോ എന്നതായിരിക്കില്ല, മറിച്ച് അത് അപ്രത്യക്ഷമാകുന്നത് സ്ഫോടനത്തോടെ ആയിരിക്കുമോ മൗനരോദനത്തോടെ ആയിരിക്കുമോ എന്നാണ്.”
ഇതു സ്വീകാര്യമായ ഒരു തിരഞ്ഞെടുപ്പാണെന്നു തോന്നുന്നില്ല.
ശാസ്ത്രത്തിന്റെ പരിമിതികൾ
“പത്തൊമ്പതാം നൂററാണ്ടിലെ പല ശാസ്ത്രജ്ഞരും . . . തങ്ങൾ ഒരുനാൾ കേവലസത്യവും പരമമായ ഗ്രാഹ്യവും നേടുമെന്നു മിക്കപ്പോഴും വിചാരിച്ചിരുന്നു,” ശാസ്ത്രജ്ഞൻ (The Scientist) എന്ന പുസ്തകം പറയുന്നു. പുസ്തകം ഇങ്ങനെ തുടരുന്നു: “അവരുടെ പിൻഗാമികൾ സത്യം കരഗതമാക്കിയെന്നല്ല, പിന്നെയോ അനവരതം സമീപിച്ചുകൊണ്ടിരിക്കുന്ന സത്യത്തിന്റെ ‘ഭാഗികമായ ഗ്രാഹ്യ’ത്തിൽ എത്തുന്നു എന്നു മാത്രമേ പറയുന്നുള്ളു.” സമ്പൂർണ ജ്ഞാനത്തിന്റെ ഈ അഭാവം ശാസ്ത്രത്തിനു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കു സാരമായ പരിമിതികൾ സൃഷ്ടിക്കുന്നു.
ശാസ്ത്ര വസ്തുതകൾക്കു വർഷങ്ങൾക്കൊണ്ടു മാററം സംഭവിച്ചിട്ടില്ല. എന്നാൽ ശാസ്ത്രസിദ്ധാന്തങ്ങൾക്കു മാററം സംഭവിച്ചിട്ടുണ്ട്—അതും കൂടെക്കൂടെ. ചിലപ്പോൾ ശാസ്ത്രസിദ്ധാന്തങ്ങൾ മലക്കം മറിഞ്ഞിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ഗുരുതരമായി രോഗം ബാധിച്ച ഒരു വ്യക്തിയുടെ ദേഹത്തുനിന്നു രക്തം നീക്കം ചെയ്യുന്നത് ഒരു ശാസ്ത്രീയ കാര്യമാണെന്ന് ഒരിക്കൽ വൈദ്യശാസ്ത്രജ്ഞർ കരുതിയിരുന്നു. പിന്നീടു രക്തം കുത്തിവയ്ക്കുന്നതാണു പ്രതിവിധി എന്ന് അവർ വിചാരിച്ചു. ഇപ്പോൾ ഈ രണ്ടു വിധവും ചെയ്യാതിരിക്കുന്നതിന്റെയും അപകടം കുറഞ്ഞ മററു ചികിത്സാരീതികൾ തേടുന്നതിന്റെയും ജ്ഞാനം ചിലർ തിരിച്ചറിയാൻ തുടങ്ങിയിരിക്കുകയാണ്.
സ്പഷ്ടമായും ശാസ്ത്രജ്ഞർക്ക് അറിയാവുന്നവയിലും വളരെയധികം കാര്യങ്ങൾ അവർക്കറിയില്ല. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇപ്രകാരം പറയുന്നു: “പ്രകാശസംശ്ലേഷണ പ്രക്രിയ എങ്ങനെ നടക്കുന്നുവെന്നു സസ്യശാസ്ത്രജ്ഞർക്ക് ഇപ്പോഴും കൃത്യമായി അറിയില്ല. ജീവശാസ്ത്രജ്ഞരും ജൈവരസതന്ത്രജ്ഞരും ജീവൻ എങ്ങനെ ആരംഭിച്ചു എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്തിയിട്ടില്ല. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ചു തൃപ്തികരമായ ഒരു വിശദീകരണം ജ്യോതിശാസ്ത്രജ്ഞർ ഇനിയും ആവിഷ്കരിച്ചിട്ടില്ല. വൈദ്യശാസ്ത്രജ്ഞർക്കും ശരീരശാസ്ത്രജ്ഞർക്കും ക്യാൻസറിന്റെ കാരണമോ നിവാരണമോ അറിയില്ല, വ്യത്യസ്ത വൈറസ്ജന്യ രോഗങ്ങൾ ഭേദമാക്കാൻ അവർക്കറിയില്ല. . . . മാനസികരോഗത്തിന്റെ എല്ലാ കാരണങ്ങളും മനശ്ശാസ്ത്രജ്ഞർക്ക് അറിയില്ല.”
ശാസ്ത്രത്തിന് അതിനെ കയ്യാളുന്ന ആളുകളെക്കാൾ ഒട്ടും മെച്ചമായിരിക്കാൻ കഴിയില്ല എന്ന അർഥത്തിലും അതു പരിമിതമാണ്. മററു വാക്കുകളിൽ പറഞ്ഞാൽ ഒരു ശാസ്ത്രകാരന്റെ അപൂർണത അയാളുടെ അറിവില്ലായ്മയെ പെരുപ്പിക്കുന്നു. ഗ്രഹത്തെ രക്ഷിക്കാൻ 5000 ദിവസങ്ങൾ എന്ന കൃതിയുടെ ഗ്രന്ഥകർത്താക്കൾ “കൂടെക്കൂടെ . . . പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങളുള്ള സ്ഥാപനങ്ങൾ ഹാനികരമായ ഉത്പന്നങ്ങൾ വിൽക്കുന്നതിനോ പരിസ്ഥിതിക്ക് അപകടകരമായ പ്രവർത്തനങ്ങൾ തുടരുന്നതിനോ വേണ്ടി ഗവേഷണത്തെ തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുകയും സാമ്പത്തിക വിശകലനത്തെ വളച്ചൊടിക്കുകയും വിവരങ്ങൾ മൂടിവയ്ക്കുകയും ചെയ്തിരിക്കുന്നു” എന്നു കണ്ടെത്തി.
ശാസ്ത്രജ്ഞർ ഭൂരിപക്ഷവും സത്യസന്ധരാണെങ്കിൽപ്പോലും അവരെയോ അവരുടെ പ്രവർത്തനത്തെയോ വാഴ്ത്തിപ്പാടുന്നതിന് അപ്പോഴും കാരണമില്ല. “അവർ മറേറതൊരാളെയും പോലെ തന്നെയാണ്,” ബ്രിട്ടനിൽ ജനിച്ച ഒരു ശാസ്ത്രജ്ഞൻ തന്നെയായ എഡ്വേർഡ് ബോവൻ വാദിക്കുന്നു. “അവർക്കെല്ലാം തങ്ങളുടെ കുറവുകളുണ്ട്. ചിലർ അർപ്പണബോധമുള്ളവരാണ്, മററു ചിലർ തത്ത്വദീക്ഷയില്ലാത്തവരും, ഇനിയും വേറെ ചിലർ കുശാഗ്രബുദ്ധിയുള്ളവരാണ്, മററു ചിലർ മനം മന്ദിച്ചവരും. ലോകത്തിനു വമ്പിച്ച നൻമ ചെയ്തിട്ടുള്ള ശാസ്ത്രത്തിലെ ചില മഹാരഥൻമാരെ എനിക്കറിയാം. തടവിലായിരുന്നിട്ടുള്ള ഒരു ശാസ്ത്രജ്ഞനെപ്പോലും എനിക്കറിയില്ലെന്നിരിക്കെ, അതു വളരെ അർഹിക്കുന്ന ചിലരെ എനിക്കറിയാം.”
വ്യക്തമായും പല പരിമിതികൾ നിമിത്തവും ആധുനികകാല ശാസ്ത്രം 21-ാം നൂററാണ്ടിന്റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തമല്ല. പ്രത്യേകിച്ചും പരിസ്ഥിതിയെ സംരക്ഷിക്കുന്ന കാര്യത്തിൽ അതു പരാജയമടഞ്ഞിരിക്കുന്നു. ഭൂമിയെ യുദ്ധവിമുക്തമാക്കുന്നതിനു പകരം കൂട്ടസംഹാരത്തിനുള്ള ആയുധങ്ങൾ നിർമിക്കാനാണ് അതു സഹായിച്ചിരിക്കുന്നത്.
അടിയന്തിര നടപടി ആവശ്യം
പെട്ടെന്നുതന്നെ എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്നതിനോട് എല്ലാവരും യോജിക്കുന്നു. കഴിഞ്ഞ നവംബറിൽ 99 നോബൽ സമ്മാന ജേതാക്കൾ ഉൾപ്പെടെ 1,575 ശാസ്ത്രജ്ഞരുടെ ഒരു സംഘം “മാനവരാശിക്കുള്ള ലോകശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്” എന്ന തലക്കെട്ടോടുകൂടിയ ഒരു പ്രസ്താവന പുറത്തിറക്കി. അതിൽ അവർ ഇപ്രകാരം എഴുതിയിരുന്നു: “നാം ഇപ്പോൾ നേരിടുന്ന ഭീഷണികളെ തടുക്കാനുള്ള അവസരം നഷ്ടമായിപ്പോകുന്നതിനും മാനവരാശിയുടെ പ്രതീക്ഷകൾ തീർത്തും മങ്ങുന്നതിനും ഒരു ദശകമോ ചുരുക്കം ചില ദശകങ്ങളോ മാത്രമേ അവശേഷിക്കുന്നുള്ളു.” അവർ ഇപ്രകാരം ഉറപ്പിച്ചുപറഞ്ഞു: “മനുഷ്യരും പ്രകൃതിയും തമ്മിലിടിച്ചു തകരാൻ പോകുന്ന ഒരു ഗതിയിലാണ്.”
ഇതിനു മുമ്പും ഇതുപോലുള്ള മുന്നറിയിപ്പുകൾ നടത്തിയിട്ടുണ്ട്. വാസ്തവത്തിൽ, 20-ാം നൂററാണ്ടിലെ ബ്രിട്ടീഷ് തത്ത്വചിന്തകനും ശാസ്ത്രത്തിന്റെ ഒരു വക്താവുമായ ബെർട്രണ്ട് റസ്സൽ 1952-ൽ ഇപ്രകാരം പറഞ്ഞു: “ശാസ്ത്രമുണ്ടെങ്കിലും മനുഷ്യജീവിതം തുടരണമെങ്കിൽ കഴിഞ്ഞ കാലത്ത് ആവശ്യമില്ലാതിരുന്ന വികാരങ്ങളുടെ ഒരു ശിക്ഷണം മനുഷ്യവർഗം പഠിക്കേണ്ടിവരും. നിയമം അന്യായവും അനുചിതവും ആണെന്നു തങ്ങൾ ചിന്തിക്കുമ്പോൾപ്പോലും മനുഷ്യർ ആ നിയമത്തിനു കീഴ്പ്പെടേണ്ടിവരും. . . . ഇതു സംഭവിക്കാത്തപക്ഷം മനുഷ്യവർഗം നശിക്കും, ശാസ്ത്രത്തിന്റെ ഫലമായിട്ടുതന്നെ നശിക്കും. അമ്പതു വർഷങ്ങൾക്കുള്ളിൽ സ്പഷ്ടമായ ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്, ന്യായബോധമോ മരണമോ, ഏതു വേണം എന്ന തിരഞ്ഞെടുപ്പ്. ‘ന്യായബോധം’ എന്നതിനാൽ ഞാൻ അർഥമാക്കുന്നത് ഒരു അന്തർദേശീയ അധികാരത്താൽ പ്രഖ്യാപിക്കപ്പെടുന്ന നിയമത്തിനു കീഴ്പ്പെടാനുള്ള മനസ്സൊരുക്കത്തെയാണ്. മനുഷ്യവർഗം മരണത്തെ തിരഞ്ഞെടുത്തേക്കുമോ എന്നു ഞാൻ ഭയപ്പെടുന്നു. എനിക്കു തെററുപററിയെങ്കിലെന്നു ഞാൻ ആശിക്കുന്നു.”
നീതിനിഷ്ഠമായ നിലവാരങ്ങളനുസരിച്ചു ജീവിക്കാൻ സന്നദ്ധരായ ആളുകൾ ഈ നാളുകളിൽ വിരളമാണ് എന്നതാണു സത്യം. പരേതനായ പൗരാവകാശനേതാവ് മാർട്ടിൻ ലൂഥർ കിംഗ് ശരിയായിത്തന്നെ ഇങ്ങനെ പറഞ്ഞു: “നമ്മുടെ ശാസ്ത്രീയ ശക്തി നമ്മുടെ ആത്മീയ ശക്തിയെ അതിലംഘിച്ചിരിക്കുന്നു. വഴിപിഴക്കാത്ത മിസൈലുകളും വഴിപിഴച്ച മനുഷ്യരും ആണു നമുക്കുള്ളത്.” മനുഷ്യവർഗം “ഒരു അന്തർദേശീയ അധികാരത്താൽ പ്രഖ്യാപിക്കപ്പെടുന്ന നിയമത്തിനു കീഴ്പ്പെടേണ്ടിവരും” എന്നു പറഞ്ഞപ്പോൾ റസ്സൽ, താനറിയാതെതന്നെ ലോകപ്രശ്നങ്ങളുടെ പരിഹാരത്തിൽ വന്നു മുട്ടുകയായിരുന്നു.
പ്രശ്നം ആർക്കു പരിഹരിക്കാനാകും?
ഒരു അന്തർദേശീയ അധികാരത്താൽ പ്രഖ്യാപിക്കപ്പെടുന്ന നിയമത്തെക്കുറിച്ചു സംസാരിച്ചപ്പോൾ ബെർട്രണ്ട് റസ്സൽ ഒരു ദിവ്യാധികാരത്തെ പരാമർശിക്കുകയായിരുന്നില്ല എന്നതു സത്യംതന്നെ. എന്നാൽ, കൃത്യമായും ആവശ്യമായിരിക്കുന്നത് അത്തരമൊരു അധികാരത്തിന്റെ നിയമങ്ങളോടുള്ള അനുസരണമാണ്. മാനുഷ നിയമങ്ങളും മാനുഷ അധികാരങ്ങളും തീർച്ചയായും ഉത്തരമല്ല. അവയ്ക്കൊരിക്കലും ലോകത്തിനു മാററം വരുത്തി വിപത്തിനെ തടയാൻ സാധ്യമല്ല. മനുഷ്യർക്കു ദിവ്യഭരണം ആവശ്യമാണെന്നു ചരിത്രത്തിന്റെ ദാരുണരേഖ തെളിയിക്കുന്നു.c
തീർച്ചയായും, 21-ാം നൂററാണ്ടിന്റെ വെല്ലുവിളികളെ നേരിടാനുള്ള ശക്തിയും പ്രാപ്തിയും ഉള്ള ഒരു അന്തർദേശീയ അധികാരത്തെ പ്രദാനം ചെയ്യാൻ യഹോവ എന്നു നാമമുള്ള സർവശക്തനായ ദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (സങ്കീർത്തനം 83:18) തങ്ങൾക്കു ജീവൻ ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ എല്ലാവരും കീഴ്പ്പെടേണ്ട ആ അധികാരം ദൈവരാജ്യമാണ്. സ്രഷ്ടാവായ യഹോവയാം ദൈവം സ്ഥാപിച്ചിരിക്കുന്ന സ്വർഗീയ ലോകഗവൺമെൻറാണ് അത്.
ഈ ഗവൺമെൻറിനെക്കുറിച്ചു ദീർഘകാലം മുമ്പേ ബൈബിൾ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “എന്തെന്നാൽ നമുക്ക് ഒരു കുട്ടി ജനിച്ചിരിക്കുന്നു, നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു: ഭരണം അവന്റെ തോളിലായിരിക്കും: അവന്റെ പേർ . . . സമാധാനപ്രഭു എന്നു വിളിക്കപ്പെടും. അവന്റെ ഭരണത്തിന്റെയും സമാധാനത്തിന്റെയും വർദ്ധനവിന് അവസാനം ഉണ്ടായിരിക്കയില്ല.” (യെശയ്യാവ് 9:6, 7, കിംഗ് ജയിംസ് വേർഷൻ) യേശുക്രിസ്തുവെന്ന മുൻകൂട്ടിപ്പറയപ്പെട്ട ഈ കുട്ടിയെ കന്യകാമറിയം അത്ഭുതകരമായി ഗർഭം ധരിച്ച് യഹൂദയിലെ ബേത്ലഹേമിൽ പ്രസവിച്ചു.—ലൂക്കൊസ് 1:30-33.
“നിങ്ങൾ ഈവണ്ണം പ്രാർഥിപ്പിൻ: . . . നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലും ആകേണമേ” എന്നു യേശു പറഞ്ഞപ്പോൾ ദൈവത്തിന്റെ ഗവൺമെൻറിനെക്കുറിച്ചു പ്രാർഥിക്കാൻ ഭൂമിയിലായിരിക്കെ അവിടുന്ന് തന്റെ അനുഗാമികളെ പഠിപ്പിച്ചു. (മത്തായി 6:9, 10) തന്റെ ഗവൺമെൻറിന്റെ നീതിയുള്ള നിയമങ്ങളോടു ചേർച്ചയിൽ തങ്ങളുടെ ജീവിതത്തിൽ അനിവാര്യ മാററങ്ങൾ വരുത്താൻ മനസ്സൊരുക്കമുള്ള ആളുകളെ സഹായിക്കുന്നതിനു യഹോവയാം ദൈവത്തിന്റെ ശക്തമായ പരിശുദ്ധാത്മാവിന് അഥവാ പ്രവർത്തനനിരതമായ ശക്തിക്കു മാത്രമേ കഴിയൂ. ശാസ്ത്രത്തിനു കഴിയില്ല. ആയിരക്കണക്കിനു വർഷങ്ങളിലെ അനൈക്യവും ആശയക്കുഴപ്പവും അതിനു കഴിയില്ല എന്നതിന്റെ തെളിവാണ്.
കൃത്യമായ ശാസ്ത്രീയ പരിജ്ഞാനത്തിൽ പരിമിതിയില്ലാത്ത യഹോവയാം ദൈവം, അവിടുന്ന് ആദ്യ മനുഷ്യജോടിയെ സൃഷ്ടിച്ചപ്പോൾ ഏദെൻ തോട്ടത്തിൽ ഉണ്ടായിരുന്നതുപോലുള്ള പറുദീസാവസ്ഥകൾ ഭൂമി ആസ്വദിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ആ സമയത്തു ദൈവം അവർക്ക് ഇങ്ങനെ നിർദേശം നൽകിയിരുന്നു: “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയെ നിറയ്ക്കുകയും അതിനെ കീഴടക്കുകയും ചെയ്യുക.” (ഉല്പത്തി 1:28, NW) അനുസരണമുള്ളവരായിരിക്കാൻ അവർ പരാജയപ്പെടുകയും ആ നിയോഗം നിർവഹിക്കാതിരിക്കുകയും ചെയ്തെങ്കിലും ഭൂമി ഒരു പറുദീസയായിരിക്കുകയെന്ന തന്റെ ആദിമോദ്ദേശ്യം നിവർത്തിക്കപ്പെടുന്നുവെന്നു യഹോവയാം ദൈവം ഉറപ്പുവരുത്തും. “ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും” എന്ന് അവിടുന്ന് പ്രസ്താവിക്കുന്നു. (യെശയ്യാവു 46:11) എന്നാൽ ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ആദിമോദ്ദേശ്യം എപ്പോഴായിരിക്കും നിവൃത്തിയേറുക?
“അന്ത്യകാലത്തു” അതായത് ദൈവരാജ്യം മാനുഷ ഗവൺമെൻറുകളെയെല്ലാം മാററി അവയ്ക്കു പകരം സ്ഥാപിതമാകുന്നതിനു തൊട്ടുമുമ്പു ഭൂമിയിൽ ഉണ്ടായിരിക്കുന്ന അവസ്ഥകളെ യേശുക്രിസ്തുവും അവിടുത്തെ അപ്പോസ്തലൻമാരും വർണിച്ചു. (2 തിമൊഥെയൊസ് 3:1-5; മത്തായി 24:3-14, 37-39; 2 പത്രൊസ് 3:3, 4) ഇവിടെ പരാമർശിച്ചിരിക്കുന്ന ബൈബിൾ പ്രവചനങ്ങൾ ഒരുവൻ വായിക്കുകയും ലോകസംഭവങ്ങളുമായി അവയെ താരതമ്യപ്പെടുത്തുകയും ചെയ്യുമ്പോൾ ബൈബിളിൽ ദാനീയേൽ 2:44-ൽ വർണിച്ചിരിക്കുന്ന നടപടി ദൈവരാജ്യം കൈക്കൊള്ളാൻ പോകുന്ന സമയത്താണു നാം ജീവിച്ചിരിക്കുന്നത് എന്നു വ്യക്തമായിത്തീരുന്നു: “ഈ രാജാക്കൻമാരുടെ [ഇപ്പോൾ ഭരണം നടത്തുന്ന മാനുഷ ഗവൺമെൻറുകളുടെ] കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”
സമീപ ഭാവിയിലെ ജീവിതം
സമീപ ഭാവി സംബന്ധിച്ച് അത് എന്തർഥമാക്കുന്നുവെന്നു ചിന്തിക്കുക! തൊട്ടടുത്ത നൂററാണ്ടിൽ, ഒരുപക്ഷേ അതിനു മുമ്പുപോലും, മനുഷ്യവർഗത്തിനുവേണ്ടി എന്തെല്ലാം അത്ഭുതകരമായ കാര്യങ്ങളാണു കരുതിവയ്ക്കപ്പെട്ടിട്ടുള്ളത്! ആയിരക്കണക്കിനു വർഷങ്ങളിലെ അപൂർണ മാനുഷ ഭരണത്തിന്റെയും കപടഭക്തി പൂണ്ട മതത്തിന്റെയും അത്യാർത്തി പൂണ്ട വ്യാപാരത്തിന്റെയും ഈ ലോകത്തിലെ ശാസ്ത്രത്തിന്റെയും ദോഷഫലങ്ങളെ ദിവ്യഭരണം ദൂരീകരിക്കും. അതു മനുഷ്യരെ അവരുടെ ഏററവും വലിയ പ്രതീക്ഷകൾക്കുമപ്പുറമായി അനുഗ്രഹിക്കും.
ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിൽ സംഭവിക്കുമെന്ന് ഉറപ്പുള്ള സംഭവങ്ങളെ ബൈബിൾ വർണിക്കുന്നത് ഈ വിധമാണ്: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:3-5.
അതുകൊണ്ട്, ശക്തനും അദൃശ്യ ലോകഭരണാധിപനും ആയ പിശാചായ സാത്താന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ഈ ലോകവ്യവസ്ഥിതിയുടെ നാശത്തിങ്കൽ ഉടൻതന്നെ അവസാനിക്കാൻ പോകുന്ന കൗണ്ട്ഡൗൺ സംബന്ധിച്ചു ജാഗ്രതയുള്ളവരായിരിക്കുക എന്നതാണു നിങ്ങളെ സംബന്ധിച്ചു പരമപ്രധാനമായ കാര്യം. (യോഹന്നാൻ 12:31; 2 കൊരിന്ത്യർ 4:3, 4) നിങ്ങൾ ദൈവേഷ്ടമെന്തെന്നു പഠിക്കുകയും അതു പ്രാവർത്തികമാക്കുകയും ചെയ്യുന്നതു ജീവത്പ്രധാനമാണ്, എന്തെന്നാൽ ബൈബിൾ ഇപ്രകാരം വാഗ്ദത്തം ചെയ്യുന്നു: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:17.
അതുകൊണ്ട്, സമയം അനുവദിക്കുന്നിടത്തോളം കാലം അതിജീവനത്തിനു വേണ്ടിയുള്ള യഹോവയുടെ കരുതലുകൾ നിങ്ങൾ ജ്ഞാനപൂർവം പ്രയോജനപ്പെടുത്താനിടയാകട്ടെ. അപ്പോൾ ഭാവിയിലെ, അതേ, തൊട്ടടുത്തുവരുന്ന 21-ാം നൂററാണ്ടിലെ ജീവിതം ആസ്വദിക്കാൻ നിങ്ങൾക്കു പദവിയുണ്ടായിരിക്കും—അതുപോലെതന്നെ 22-ഉം 23-ഉം നൂററാണ്ടുകളിലും അതിനുശേഷം എണ്ണമററ മററു നൂററാണ്ടുകളിലും തന്നെ. (g93 6/22)
[അടിക്കുറിപ്പുകൾ]
a സങ്കേതികമായി പറഞ്ഞാൽ, 21-ാം നൂററാണ്ട് 2001 ജനുവരി 1-ന് ആരംഭിക്കും. എന്നാൽ പരക്കെയുള്ള ഉപയോഗം ഒന്നാം നൂററാണ്ട് ഒന്ന് എന്ന വർഷംമുതൽ 99 വരെ എന്നതാണ് (0 എന്ന വർഷം ഇല്ലായിരുന്നു); രണ്ടാം നൂററാണ്ട് 100 എന്ന വർഷംമുതൽ 199 വരെ; അതനുസരിച്ച് 21-ാം നൂററാണ്ട് 2000 എന്ന വർഷംമുതൽ 2099 വരെ ആയിരിക്കും.
b ശാസ്ത്രത്തെക്കുറിച്ച് ഉണരുക!യിലെ ആറു ഭാഗങ്ങളുള്ള പരമ്പരയുടെ അവസാനത്തേതാണ് ഇത്.
c മാനുഷ ഗവൺമെൻറുകളുടെ കെടുകാര്യസ്ഥതയെ “മാനുഷ ഭരണം തുലാസ്സിൽ തൂക്കപ്പെട്ടിരിക്കുന്നു” എന്ന തലക്കെട്ടോടെ വന്ന ഉണരുക!യിലെ പത്തു ഭാഗങ്ങളുള്ള പരമ്പരയിൽ (1992 ഫെബ്രുവരി മുതൽ നവംബർ വരെയുള്ള ലക്കങ്ങൾ) വിശേഷവത്ക്കരിച്ചിരുന്നു.
[27-ാം പേജിലെ ചതുരം]
ദുർവാർത്തകൾക്കു മധ്യേ സുവാർത്ത
ശാസ്ത്രീയ പുരോഗതി ഉണ്ടായിരുന്നിട്ടും വിശന്നുവലയുന്ന അസംഖ്യം കുട്ടികളെയും എല്ലുംതോലുമായ മുതിർന്നവരെയും ഇപ്പോഴും കണ്ടെത്താൻ കഴിയുന്നു. എന്നാൽ പെട്ടെന്നുതന്നെ ദൈവത്തിന്റെ മിശിഹൈക രാജ്യത്തിൻ കീഴിൽ, “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും.”—സങ്കീർത്തനം 72:16.
ശാസ്ത്രീയ പുരോഗതി ഉണ്ടായിരുന്നിട്ടും ലക്ഷക്കണക്കിനാളുകൾ മർദനത്തിനും അക്രമത്തിനും അടിപ്പെട്ടു കഴിയുന്നു. എന്നാൽ പെട്ടെന്നുതന്നെ ദൈവത്തിന്റെ മിശിഹൈക രാജ്യത്തിന്റെ രാജാവ് “സഹായത്തിനായി നിലവിളിക്കുന്ന ദരിദ്രനെയും പീഡിതരെയും സഹായിയില്ലാത്ത ഏതൊരുവനെയും വിടുവിക്കും. . . . മർദനത്തിൽനിന്നും അക്രമത്തിൽനിന്നും അവിടുന്ന് അവരുടെ ദേഹിയെ വീണ്ടെടുക്കും.”—സങ്കീർത്തനം 72:12-14, NW.
ശാസ്ത്രീയ പുരോഗതി ഉണ്ടായിരുന്നിട്ടും പാർപ്പിടമോ വേണ്ടത്ര ഭക്ഷണമോ ഇല്ലാത്ത തെരുവു മനുഷ്യരുടെ എണ്ണം ലോകമെമ്പാടും വർധിച്ചുവരുന്നു. എന്നാൽ പെട്ടെന്നുതന്നെ ദൈവത്തിന്റെ മിശിഹൈക രാജ്യത്തിൻ കീഴിൽ ആളുകൾ “വീടുകളെ പണിതു പാർക്കും. . . . അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക മറെറാരുത്തൻ തിന്നുക എന്നും വരികയില്ല.”—യെശയ്യാവു 65:21, 22.
വൈദ്യശാസ്ത്ര പുരോഗതി ഉണ്ടായിരുന്നിട്ടും തടയാൻ കഴിയുന്ന രോഗങ്ങൾ ദശലക്ഷങ്ങളെ തുടർന്നും കൊല്ലുന്നു. എന്നാൽ പെട്ടെന്നുതന്നെ ദൈവത്തിന്റെ മിശിഹൈക രാജ്യത്തിൻ കീഴിൽ “യാതൊരു നിവാസിയും ‘എനിക്കു രോഗമാണ്’ എന്നു പറയുകയില്ല.”—യെശയ്യാവ് 33:24, NW.
[28-ാം പേജിലെ ചിത്രം]
ഭൂമിയിലെങ്ങും ജീവിതം ഒരാമോദമായിത്തീരും
[കടപ്പാട്]
Courtesy Hartebeespoortdam Snake and Animal Park