വ്യത്യസ്തമായ ഒരു നിധി വേട്ട
ദീർഘനാളുകൾക്കു മുമ്പു മുതൽ ആളുകൾ, ഒരു കാലത്തു ഭൂമിയിൽ ഒളിഞ്ഞു കിടന്നിരുന്ന, സൃഷ്ടിയുടെ പൂട്ടുതുറക്കപ്പെട്ട നിക്ഷേപങ്ങളുടെ മനോഹാരിതയെ വിലമതിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പുരാതന അറേബ്യയോടു ചേർന്നുകിടന്നിരുന്ന ഹവീലാ എന്ന പ്രദേശം വർണശബളങ്ങളായ ഗോമേദകക്കല്ലുകൾക്കു പേരെടുത്തതായിരുന്നു. (ഉല്പത്തി 2:11, 12) അല്ലെങ്കിൽ ഗോമേദകവും മാണിക്യവും മരതകവും പുഷ്യരാഗവും മററു രത്നക്കല്ലുകളും—ആകെ പന്ത്രണ്ടു രത്നക്കല്ലുകൾ—പൊന്നിൽ പതിച്ച പതക്കം വഹിച്ച പുരാതന ഇസ്രയേലിലെ ഒരു മഹാപുരോഹിതനെ കാണുന്നതു സങ്കല്പിക്കുക. അത് എന്തൊരു കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യമായിരുന്നിരിക്കണം! (പുറപ്പാടു 28:15-20) കൂടാതെ, യഹോവയുടെ ആരാധനക്ക് അർപ്പിതമായിരുന്ന യെരൂശലേമിലെ ദേവാലയത്തിന്റെ നിർമാണത്തിൽ വലിയ അളവിൽ വിലപിടിപ്പുള്ള കല്ലുകൾ ഉപയോഗിക്കപ്പെട്ടു. (1 ദിനവൃത്താന്തം 29:2) ആ രത്നങ്ങളിൽ പലതും വെട്ടിത്തിളങ്ങുവോളം ഉരച്ചു മിനുസപ്പെടുത്തിയിരിക്കണം. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ്, കല്ലുകൾ മിനുസപ്പെടുത്തുന്നതിന്, കാലുകൊണ്ടു ചലിപ്പിക്കുന്ന ലഘുവായ ഒരു യന്ത്രം ഉപയോഗിച്ച് ഒരു തിരികല്ലു പ്രവർത്തിപ്പിച്ചിരുന്നു എന്ന് അടുത്തകാലത്തെ പുരാവസ്തു കണ്ടുപിടിത്തങ്ങൾ പ്രകടമാക്കുന്നു. അതുകൊണ്ടു ശിലാശേഖരണം എന്ന നമ്മുടെ വർത്തമാനകാല വിനോദം ഒരു പുതിയസംഗതിയല്ല.
സാമഗ്രികളും സ്ഥാനവും
‘ശിലാശേഖരണത്തിന് എന്തുപകരണമാണ് എനിക്ക് ആവശ്യം വരുക?’ നിങ്ങൾ ചോദിച്ചേക്കാം. ഒരററം പരന്ന ചതുരാകൃതിയിലുള്ളതും മറേറ അററം കൂർത്തതുമായ ഒരു പാറ ചുററിക അത്യാവശ്യമാണ്. സാമ്പിളുകൾ പൊതിയാനുള്ള പേപ്പറും ഇവ കൊണ്ടുപോകാനുള്ള ഒരു സഞ്ചിയും മതിയാകും. കണ്ടോ? ഒട്ടും തന്നെ ചെലവില്ല.
‘കല്ലുകൾക്കുള്ള തിരച്ചിൽ ഞാൻ എവിടെ തുടങ്ങണം?’ അടുത്തതായി നിങ്ങൾ ശങ്കിച്ചേക്കാം. മലയോരങ്ങളും നദീതടങ്ങളും നിങ്ങളുടെ തിരച്ചിൽ ആരംഭിക്കുന്നതിനുള്ള നല്ല സ്ഥലങ്ങളാണ്. എന്തുകൊണ്ട് അവിടെ? കാരണം ഉയർന്ന നിരപ്പിലുള്ള വലിപ്പമേറിയ പാറകളിൽനിന്നു പൊട്ടിച്ചിതറിയ അപൂർവങ്ങളായ പാറക്കഷണങ്ങൾ വഴിനീളെ മിനുസപ്പെട്ടു തിളക്കം പ്രാപിച്ചു മലയുടെ അടിവാരത്തിലേക്കോ നീരൊഴുക്കിലേക്കോ ഉരുണ്ടുവന്നേക്കാം. നദികൾ കടലുമായി ചേരുന്നിടത്ത്, നദീമുഖത്തേക്ക് ഒഴുകിയെത്തുന്ന പാറക്കല്ലുകളും കടൽത്തട്ടിലെ പാറക്കെട്ടുകളിൽനിന്നു കടൽത്തീരത്തു തിരകളിൽ വന്നടിയുന്ന ഉരുളൻകല്ലുകളും നിങ്ങൾക്കു കാണാൻ കഴിയും. ശിലകൾ ശേഖരിക്കുന്നവർക്ക് ആവേശകരമായ സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന സമാനമായ മററു സ്ഥലങ്ങൾ നിരത്തുകൾക്കുവേണ്ടി വെട്ടിയ സ്ഥലങ്ങളും ഉപേക്ഷിക്കപ്പെട്ട ഖനികളുടെ സമീപ പ്രദേശങ്ങളുമാണ്. എന്നാൽ ആ സ്ഥലങ്ങളിൽ ശ്രദ്ധയുള്ളവരായിരിക്കുക. ഇളകിയിരിക്കുന്ന പാറകൾ നിലംപതിച്ചേക്കാനുള്ള അപകടം അവിടങ്ങളിൽ എപ്പോഴുമുണ്ട്. ചില സ്ഥലങ്ങളിൽ നിങ്ങളുടെ തിരച്ചിലാരംഭിക്കുന്നതിനു മുമ്പ് അനുവാദം വാങ്ങേണ്ട ആവശ്യം ഉണ്ടായിരിക്കാം.
ദക്ഷിണാഫ്രിക്കയിലോ ബ്രസീലിലോ ആണു നിങ്ങൾ താമസിക്കുന്നതെങ്കിൽ വജ്രപരലുകൾ കണ്ടെത്താനുള്ള ഭാഗ്യം നിങ്ങൾക്കുണ്ടായേക്കാം. മാണിക്യവും നീലക്കല്ലും ഭാരതത്തിന്റെയും മ്യാൻമാറിന്റെയും തായ്ലൻഡിന്റെയും നദീതടങ്ങളിലും, മരതകം, കൊളംബിയ, ഇൻഡ്യ, ദക്ഷിണാഫ്രിക്ക, സിംബാബ്വേ എന്നിവിടങ്ങളിലും കണ്ടെത്താൻ കഴിയും. ചൈനയിലും ജപ്പാനിലും, ജേഡും ജേഡിത്തും ആഭരണവ്യാപാരത്തിനും അലങ്കാരങ്ങൾക്കും ധൂപക്കുററികളുടെ നിർമാണത്തിനും ഏററവും പ്രിയങ്കരമാണ്. ജേഡ് ജപ്പാനിലെന്നപോലെതന്നെ മ്യാൻമാറിലും ന്യൂസിലൻഡിലും അലാസ്കയിലും കണ്ടുവരുന്നു.
അതിമനോജ്ഞങ്ങളായ രത്നക്കല്ലുകളിലൊന്നു പരൽരൂപമില്ലാത്ത വെങ്കല്ലിന്റെ ഒരു രൂപമായ ശിവധാതുക്കല്ലാണ്. ആസ്ട്രേലിയയിലും മെക്സിക്കോയിലും കണ്ടുവരുന്ന ശിവധാതുക്കല്ലുകൾക്കു വർണങ്ങളുടെ ഒരു ചേതോഹരമായ വൈവിധ്യം ഉണ്ട്—ചെമപ്പിന്റെയും മഞ്ഞയുടെയും പച്ചയുടെയും നീലയുടെയും ഉജ്ജ്വലങ്ങളായ നിറച്ചാർത്തുകൾ. ശിവധാതുക്കല്ലുകൾ താരതമ്യേന മാർദവമുള്ളവയാണ്. മിനുസപ്പെടുത്തുമ്പോൾ പോറൽ ഏൽക്കുന്നതു തടയുന്നതിനു മിക്കപ്പോഴും ഒരു നേർത്ത സ്ഫടികപാളികൊണ്ട് അതിനെ ആവരണം ചെയ്യാറുണ്ട്.
കലാകുതുകികൾക്കുള്ള വസ്തു
മേൽപ്പറഞ്ഞതരത്തിലുള്ള കല്ലുകൾ വിദഗ്ധർക്കു വേണ്ടിയുള്ളതാണ്. കലാകുതുകികൾ കണ്ടുപിടിക്കാൻ സാധ്യതയില്ല. എങ്കിലും, ക്വാർട്ട്സ് സമൃദ്ധമാണ്. കണ്ടെത്താൻ എളുപ്പവുമാണ്. അത് എല്ലാ ശിലാധാതുക്കളിലും വച്ച് ഏററവും സാധാരണമായവയിൽ ഒന്നാണ്. മൂന്നു മുഖ്യശിലാരൂപങ്ങളിൽ ഇതു കണ്ടുവരുന്നതുമാണ്. ഒരു ക്വാർട്ട്സ് സാമ്പിൾ സുതാര്യമായി കണ്ടേക്കാം. അതേസമയം മററുള്ളവ അർധതാര്യമോ അതാര്യമോ പോലും ആയിരുന്നേക്കാം. ചിലവ ചെമപ്പിന്റെയും മഞ്ഞയുടെയും മാന്തളിർവർണത്തിന്റെയും തവിട്ടുനിറത്തിന്റെയും പുള്ളികൾ കലർന്നതാണ്. തീർച്ചയായും, ക്വാർട്ട്സ് തേടിനടക്കുന്നതോടൊപ്പം കൗതുകകരമായ വർണമോ അടയാളങ്ങളോ ഉള്ള ഏതു കൽക്കഷണവും നിങ്ങൾക്കു ശേഖരിക്കാവുന്നതാണ്. ആ കല്ല് മിനുസപ്പെടുത്തിക്കഴിയുമ്പോൾ, അതിന്റെ മനോഹാരിത നിങ്ങളെ അതിശയിപ്പിച്ചേക്കാം. അതിനെ വിചിത്രാലങ്കാരമായി, ചുവരലമാരയിൽ ഒരു കാഴ്ചവസ്തുവായി, അല്ലെങ്കിൽ നിങ്ങളുടെ ഉദ്യാനത്തിലെ ഒരു ചെറിയ കൽക്കുന്നിന്റെ ഭാഗമായി വയ്ക്കുന്നതിനു നിങ്ങൾ ആഗ്രഹിച്ചേക്കാം.
മതിയാവോളം കൽക്കഷണങ്ങൾ ശേഖരിച്ചു കഴിയുമ്പോൾ, നിങ്ങൾ മിനുക്കൽ വിദ്യകളെക്കുറിച്ചു ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. കല്ലുകൾ ശേഖരിക്കുന്നവരുടെ ചില ക്ലബ്ബുകൾ ഒരു ചെറിയ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചു ഭ്രമണം ചെയ്യുന്ന പൊള്ളയായ ഒരു വീപ്പയിൽ മണലിനോടും വെള്ളത്തോടും കൂടെ ഇട്ടു ചുററിച്ചു കല്ലുകൾ ഉരച്ചു മിനുസപ്പെടുത്തുന്ന രീതി നിർദേശിക്കുന്നു. ഇതിനു ക്ഷമ ആവശ്യമാണ്. സമയവും എടുക്കും, സാധ്യതയനുസരിച്ച് ആഴ്ചകൾ, ആദ്യം പരുക്കൻ മണലുപയോഗിച്ച്, പിന്നെ കുറച്ചുകൂടി പൊടിഞ്ഞ മണലുപയോഗിച്ച്, അവസാനമായി കാരീയപ്പൊടി ഉപയോഗിച്ച്. എന്നാൽ ഫലങ്ങൾ പ്രയത്നത്തിനു തക്ക മൂല്യമുള്ളതാണ്.
കല്ലിന്റെ മററിനങ്ങൾ
ശിലാശേഖരണം ചെറിയ കഷണങ്ങളിൽ പരിമിതപ്പെടുന്നില്ല. ജപ്പാനിൽ വലിപ്പമേറിയ പാറകൾ പ്രകൃതിദൃശ്യ ഉദ്യാനനിർമിതിയിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഇവ അതിശയകരമാംവിധം ചെലവേറിയവയായിരിക്കും. ഉദാഹരണത്തിന്, എഴുനൂറു കിലോഗ്രാം ഭാരം വരുന്ന ചെമപ്പു നിറം കലർന്ന ഒരു കൽക്കഷണത്തിന് 2,300-ൽ അധികം ഡോളർ വിലപറയപ്പെട്ടു. ഇത്ര വിലക്കൂടുതലെന്തുകൊണ്ട്? അതിന്റെ ആകാരഭംഗിക്കാണു വിലയത്രയും. ഒരു കോപ്പപോലുള്ള എന്തിലെങ്കിലുംനിന്ന്, ഈ കല്ലിന്റെ മുകൾഭാഗത്തെ, ഒരു കൊച്ചരുവിയായി വെള്ളം ഒഴുകിവന്നു കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങളായി താഴേക്കു വീഴാൻ നിങ്ങൾക്കു ക്രമീകരിക്കാനാവും.
ശിലാവേട്ടക്കു പോകാൻ നിങ്ങൾക്ക് ഇപ്പോൾ ആവേശം തോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ, ഒരു വ്യത്യസ്തമായ നിധി കണ്ടെത്തും എന്നു നിങ്ങൾക്ക് ആശിക്കാൻ കഴിയും.—സംഭാവനചെയ്തത്. (g93 7/8)