ദ്രോഹികളായ മാതാപിതാക്കൾ—ആത്യന്തിക സമ്മർദകർ
“കുടുംബത്തിനു വെളിയിൽ കുട്ടികൾക്കു സാർഥകമായ മൂല്യ സംഹിതയില്ലാത്തതുകൊണ്ടു തങ്ങളെക്കുറിച്ചും മററുള്ളവരെക്കുറിച്ചും അവർ ഭവനത്തിൽവച്ചു പഠിക്കുന്ന കാര്യങ്ങൾ അവരുടെ മനസ്സുകളിൽ ആഴത്തിൽ കൊത്തപ്പെട്ട സാർവത്രിക സത്യങ്ങളായിത്തീരുന്നു.”—ഡോ. സൂസൻ ഫോർവേർഡ്.
ഒരു കുശവന് ആകൃതിയില്ലാത്ത ഒരു കളിമൺകട്ടയിൽ ശരിയായ അളവിൽ വെള്ളം ചേർത്തുകുഴച്ച് അതിനെ ഒരു മനോഹരമായ പാത്രമായി രൂപപ്പെടുത്താൻ കഴിയും. സമാനമായി, മാതാപിതാക്കൾ തന്നെക്കുറിച്ചും ലോകത്തെക്കുറിച്ചും ഉള്ള ഒരു കുട്ടിയുടെ വീക്ഷണഗതിയെ കരുപ്പിടിപ്പിക്കുന്നു. സ്നേഹവും മാർഗനിർദേശവും ശിക്ഷണവും കൊണ്ട് കുട്ടി സ്ഥിരസ്വഭാവമുള്ള ഒരു മുതിർന്നയാളായി വളർച്ചപ്രാപിക്കുന്നു.
എന്നിരുന്നാലും, മിക്കവാറും എല്ലായ്പോഴുംതന്നെ, കുട്ടിയുടെ മനസ്സിലെയും ഹൃദയത്തിലെയും ധാരണകൾ ദ്രോഹികളായ മാതാപിതാക്കളാൽ കരുപ്പിടിപ്പിക്കപ്പെടുന്നു. വൈകാരികവും ശാരീരികവും ലൈംഗികവുമായ ദ്രോഹം മാറാതെ നിൽക്കുന്നതും പുനർരൂപപ്പെടുത്തുന്നതിനു ദുഷ്കരവും ആയിത്തീരുന്ന വികൃതമായ ചിന്താരൂപങ്ങൾ സൃഷ്ടിക്കുന്നു.
വൈകാരിക ദ്രോഹം
വാക്കുകൾക്ക് മുഷ്ടികളെക്കാൾ ശക്തമായി പ്രഹരമേല്പിക്കാൻ കഴിയും. “ഞാൻ ഒരിക്കലും ജനിക്കാതിരുന്നെങ്കിൽ എന്ന് അവർ ആഗ്രഹിച്ചിരുന്നതായി [എന്റെ അമ്മ] എന്നോടു പറയാത്ത ഒരു ദിവസം ഞാൻ ഓർക്കുന്നില്ല” എന്ന് ജെയ്സൺ പറയുന്നു. കാരെൻ ഇപ്രകാരം പരാവർത്തിക്കുന്നു: “ഞാൻ കൊള്ളരുതാത്തവളായിരുന്നു അല്ലെങ്കിൽ നല്ലവളല്ലായിരുന്നു എന്ന് എന്നെ എപ്പോഴും അറിയിച്ചിരുന്നു.”
കുട്ടികളുടെ നേരെ എന്തു പറഞ്ഞാലും സാധാരണമായി അവർ അതു വിശ്വസിക്കും. ഒരു ആൺകുട്ടിയെ വിഡ്ഢി എന്ന് എപ്പോഴും വിളിച്ചാൽ താൻ വിഡ്ഢിയാണെന്ന് അവസാനം അവന് തോന്നാനിടയുണ്ട്. അവൾ ഗുണമില്ലാത്തവളാണെന്ന് ഒരു പെൺകുട്ടിയോടു പറയുക, അവൾ അതു തന്നെ വിശ്വസിക്കാനിടയുണ്ട്. കുട്ടികൾക്ക് ഒരു പരിമിതമായ ഗ്രഹണശക്തിയെ ഉള്ളു, പലപ്പോഴും അവർക്ക് ശരിയായത്, ദ്രോഹകരമാംവിധം അതിശയോക്തിപരമായതിൽനിന്നോ തെററായതിൽനിന്നോ വിവേചിച്ചറിയാൻ കഴിയുന്നില്ല.
ശാരീരിക ദ്രോഹം
ജോ തന്റെ ശാരീരിക ദ്രോഹിയായ പിതാവിനെ ഇപ്രകാരം സ്മരിക്കുന്നു: “എന്നെ ഭിത്തിയോടു ചേർക്കുന്നതുവരെ അദ്ദേഹം എന്നെ പ്രഹരിക്കുമായിരുന്നു. ഞാൻ പരിഭ്രാന്തനായിത്തീരത്തക്കവിധം അത്ര ശക്തമായി അദ്ദേഹം എന്നെ ഇടിച്ചുകൊണ്ടേയിരിക്കുമായിരുന്നു. . . . അദ്ദേഹത്തിന്റെ പൊട്ടിത്തെറികളെ പ്രകോപിപ്പിച്ചത് എന്തായിരിക്കും എന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല എന്നതാണ് അതിന്റെ ഏററവും പേടിപ്പെടുത്തുന്ന ഭാഗം!”
ജേക്കിന്റെ പിതാവ് അവനെ പതിവായി അടിച്ചിരുന്നു. ജേക്കിന് വെറും ആറു വയസ്സു പ്രായമുണ്ടായിരുന്നപ്പോൾ അങ്ങനെ ഒരു പ്രഹരസമയത്ത് അവന്റെ കയ്യൊടിഞ്ഞു. “അദ്ദേഹമോ എന്റെ സഹോദരിമാരോ അമ്മയോ ഞാൻ കരയുന്നതു കാണാൻ ഞാൻ ഇടയാക്കിയില്ല,” ജേക്ക് സ്മരിക്കുന്നു. “അതു മാത്രമായിരുന്നു എനിക്കു ബാക്കിയുണ്ടായിരുന്ന അഭിമാനം.”
ബാല്യകാല ശാരീരിക ദ്രോഹത്തെ “ഓരോ ദിവസവും ഓരോ ആഴ്ചയും ഓരോ മാസവും ഒരു കാർ അപകടത്തിൽ അകപ്പെടുന്നതി”നോട് ഉപമിക്കാവുന്നതാണ് എന്ന് സ്ട്രോങ് അററ് ദ ബ്രോക്കൻ പ്ലേസസ് എന്ന പുസ്തകം സൂചിപ്പിക്കുന്നു. ലോകം സുരക്ഷിതമല്ലെന്നും ആരെയും വിശ്വസിക്കാൻ കഴികയില്ലെന്നും അത്തരത്തിലുള്ള ദ്രോഹം ഒരു കുട്ടിയെ പഠിപ്പിക്കുന്നു. അതിനുപുറമെ പലപ്പോഴും അക്രമം അക്രമത്തെ ജനിപ്പിക്കുന്നു. “കുട്ടികൾ അവരുടെ ദ്രോഹികളിൽനിന്നു സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ, ഒരുനാൾ പൊതുജനം കുട്ടികളിൽനിന്നു സംരക്ഷിക്കപ്പെടേണ്ടി വരും” എന്ന് ടൈം മാസിക മുന്നറിയിപ്പു നൽകുന്നു.
ലൈംഗിക ദ്രോഹം
ഒരു കണക്കനുസരിച്ച്, പെൺകുട്ടികളിൽ 3-ൽ 1-ഉം ആൺകുട്ടികളിൽ 7-ൽ 1-ഉം അവർക്ക് 18 വയസ്സാകുന്നതോടെ ഒരു ലൈംഗിക അനുഭവത്തിനു നിർബന്ധിതരായിരുന്നിട്ടുണ്ട്. ഈ കുട്ടികളിൽ അധികപങ്കും മിണ്ടാതെ സഹിക്കുന്നു. “ദൗത്യത്തിനിടയിൽ കാണാതാകുന്ന പട്ടാളക്കാരെപ്പോലെ അവർ ഭയത്തിന്റെയും കുററബോധത്തിന്റെയും ഒരു സ്വകാര്യ വനത്തിൽ വർഷങ്ങളോളം ചുററിക്കറങ്ങുന്നു” എന്ന് പ്രതിസന്ധിയിലകപ്പെട്ട കുട്ടി എന്ന പുസ്തകം സൂചിപ്പിക്കുന്നു.
“എന്നെ ദ്രോഹിച്ചതുകൊണ്ട് ഞാൻ എന്റെ പിതാവിനെ എത്രമാത്രം വെറുക്കുകയും അദ്ദേഹത്തെ വെറുത്തതുകൊണ്ട് എനിക്ക് എത്രമാത്രം കുററബോധം അനുഭവപ്പെടുകയും ചെയ്തു” എന്ന് ലൊവീസ് പറയുന്നു. “ഒരു കുട്ടി തന്റെ മാതാപിതാക്കളെ സ്നേഹിക്കേണ്ടിയിരിക്കുന്നതുകൊണ്ടും ഞാൻ എല്ലായ്പോഴും അതു ചെയ്യാഞ്ഞതുകൊണ്ടും അത്തരത്തിലുള്ള ലജ്ജ എനിക്ക് അനുഭവപ്പെട്ടു.” ഒരു കുട്ടിയുടെ പ്രാഥമിക സംരക്ഷകൻ ഒരു അതിക്രമി ആയി മാറുമ്പോഴത്തെ അത്തരം വ്യാമിശ്ര വികാരങ്ങൾ മനസ്സിലാക്കാവുന്നതാണ്. ബെവെർലീ എങ്കെൽ നിഷ്കളങ്കതക്കുള്ള അവകാശം (The Right to Innocence) എന്ന പുസ്തകത്തിൽ ഇപ്രകാരം ചോദിക്കുന്നു: “നമ്മെ സ്നേഹിക്കാനും കരുതാനും ബാധ്യസ്ഥനായ നമ്മുടെ സ്വന്തം പിതാവിനു നമ്മെക്കുറിച്ച് ഇത്ര കുറച്ചേ കരുതാൻ കഴിഞ്ഞുള്ളു എന്നത് നമുക്ക് എങ്ങനെ സമ്മതിക്കാൻ കഴിയും?”
ലൈംഗിക ദ്രോഹത്തിനു ജീവിതത്തെ സംബന്ധിച്ചുള്ള കുട്ടിയുടെ മുഴുവീക്ഷണത്തെയും കോട്ടിക്കളയാൻ കഴിയും. “ഒരു കുട്ടിയായിരുന്നപ്പോൾ ഉപദ്രവിക്കപ്പെട്ട ഓരോ മുതിർന്ന വ്യക്തിയും അവന്റെ അല്ലെങ്കിൽ അവളുടെ ബാല്യകാലത്തിൽനിന്ന്, ആശക്കു വകയില്ലാത്തവിധം അസമർഥരും, നിർഗുണരും ഒട്ടും കൊള്ളാത്തവരും ആയിരിക്കുന്നതിന്റെ വ്യാപകമായ വികാരങ്ങൾ കൊണ്ടുവരുന്നു” എന്ന് ഡോ. സൂസൻ ഫോർവേർഡ് എഴുതുന്നു.
അതു വിട്ടുമാറുന്നില്ല
“ദ്രോഹിക്കപ്പെടുന്നത് അല്ലെങ്കിൽ അവഗണിക്കപ്പെടുന്നത് കുട്ടിയുടെ ശരീരം മാത്രമല്ല” എന്ന് ഗവേഷകയായ ലിൻഡ ററി. സാൻഫൊർഡ് എഴുതുന്നു. “പ്രക്ഷുബ്ധ കുടുംബങ്ങൾ ഒരു കുട്ടിയുടെ മനസ്സിനെ താറുമാറാക്കുന്നു.” വൈകാരികമായോ ശാരീരികമായോ ലൈംഗികമായോ ഒരു കുട്ടി ദ്രോഹിക്കപ്പെടുമ്പോൾ താൻ സ്നേഹിക്കപ്പെടാവുന്നവനല്ലെന്നും വിലയില്ലാത്തവനാണെന്നും ഉള്ള ധാരണയോടെ അവനോ അവളോ വളർന്നു വന്നേക്കാം.
നേരത്തെ പരാമർശിച്ച ജെയ്സണ് ഒരു മുതിർന്ന വ്യക്തിയെന്നനിലയിൽ അത്തരത്തിലുള്ള ഒരു ആത്മാഭിമാനക്കുറവ് ഉണ്ടായിരുന്നു. തന്നിമിത്തം അദ്ദേഹം ഒരു ആത്മഹത്യ നടത്താൻ സാധ്യതയുള്ളതായി പറയപ്പെട്ടു. ജീവനു ഭീഷണി വരുത്തുന്ന സാഹചര്യങ്ങളിൽ ആവശ്യമില്ലാതെ തന്നെത്തന്നെ ആക്കിവച്ചുകൊണ്ട് ‘നീ ഒരിക്കലും ജനിക്കരുതായിരുന്നു’ എന്ന് അദ്ദേഹത്തിന്റെ അമ്മ ബോധിപ്പിച്ചതനുസരിച്ച് അദ്ദേഹം തന്റെ ജീവിതത്തെ വിലയിരുത്തി.
ഒരു കുട്ടിയായിരുന്നപ്പോൾ ശാരീരികമായി ദ്രോഹിക്കപ്പെട്ടതിന്റെ ഫലങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട് ജോ ഇപ്രകാരം പറയുന്നു: “നിങ്ങൾ വീടു വിട്ടുപോയതുകൊണ്ടോ വിവാഹം കഴിച്ചതുകൊണ്ടോ മാത്രം അത് വിട്ടുമാറുന്നില്ല. ഞാൻ എപ്പോഴും എന്തിനെക്കുറിച്ചോ ഭയമുള്ളവനാണ്, അങ്ങനെയായിരിക്കുന്നതുകൊണ്ട് ഞാൻ എന്നെത്തന്നെ വെറുക്കുന്നു.” ശാരീരിക ദ്രോഹം ചെയ്യുന്ന കുടുംബാംഗങ്ങളെ സംബന്ധിച്ചുള്ള പിരിമുറുക്കം അനേകം കുട്ടികൾ അശുഭ പ്രതീക്ഷകളോടും സംരക്ഷിക്കുന്നതിനു പകരം ബന്ധനത്തിലാക്കുന്ന കഠിനമായ പ്രതിരോധങ്ങളോടും കൂടി വളർന്നു വരുന്നതിന് ഇടയാക്കുന്നു.
കോണിയെ സംബന്ധിച്ചടത്തോളം, അഗമ്യഗമനം തന്റെ യൗവന കാലത്തു ദൃഢമായിത്തീർന്ന വികൃതമായ ഒരു സ്വപ്രതിച്ഛായ സൃഷ്ടിച്ചു: “ആളുകൾക്ക് എന്റെ ഉള്ളം കണ്ടു ഞാനെത്ര നിന്ദിതയാണെന്നു കാണാൻ കഴിയുന്ന സമയത്തെക്കുറിച്ചു ഞാൻ ഇപ്പോഴും വളരെയധികം ചിന്തിക്കുന്നു.”
എല്ലാ ദ്രോഹരൂപങ്ങളും യൗവനകാലം ആകുമ്പോഴേക്കും ആഴത്തിൽ പതിഞ്ഞേക്കാവുന്ന വിഷലിപ്തമായ പാഠങ്ങൾ പഠിപ്പിക്കുന്നു. പഠിച്ചതു മറക്കാൻ കഴിയും എന്നതു സത്യംതന്നെ. ബാല്യകാല ദ്രോഹത്തിൽനിന്ന് സുഖം പ്രാപിച്ചു വന്നിട്ടുള്ള അസംഖ്യം അതിജീവകർ ആ പരമാർഥത്തെ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ തങ്ങളുടെ കുട്ടിയുടെ ജനനംമുതൽ തന്നെക്കുറിച്ചു തന്നെയും ലോകത്തെക്കുറിച്ചും ഉള്ള അവന്റെ ധാരണയിലധികവും അവർ കരുപ്പിടിപ്പിക്കയാണെന്നു മാതാപിതാക്കൾ തിരിച്ചറിഞ്ഞെങ്കിൽ എത്രയോ നന്നായിരുന്നു. ഒരു കുട്ടിയുടെ ശാരീരികവും വൈകാരികവുമായ ക്ഷേമം മുഖ്യമായും തന്റെ മാതാപിതാക്കളുടെ കൈകളിലാണ്.
[7-ാം പേജിലെ ചിത്രം]
വാക്കുകൾക്കു മുഷ്ടികളെക്കാൾ ശക്തമായി പ്രഹരമേല്പിക്കാൻ കഴിയും