സമ്മർദത്തെ തരണം ചെയ്യാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക
“സംസാരിക്കേണ്ടപ്പോൾ മിക്ക കുട്ടികളും ശാരീരികമായും മാനസികമായും ആരെയും വീട്ടിൽ കാണുന്നില്ല.”—വിഷാദം—കുടുംബങ്ങൾ അറിഞ്ഞിരിക്കേണ്ടത്.
കുടുംബം ഒരു വൈകാരിക പരീക്ഷണശാല എന്ന് ഉചിതമായി വിളിക്കപ്പെട്ടിരിക്കുന്നു. ഒരു കുട്ടി തന്റെ വിശ്വാസങ്ങളെ പരീക്ഷണവിധേയമാക്കി ഫലങ്ങളെ നിരീക്ഷിച്ചു ജീവിതത്തെ കുറിച്ചുള്ള ചില നിഗമനങ്ങളിൽ എത്തിച്ചേരാൻ തുടങ്ങുന്ന ഒരു ഗവേഷണ കേന്ദ്രമാണത്. അത്തരം ജീവൽപ്രധാനമായ പരീക്ഷണം, തങ്ങളുടെ കുട്ടികൾ സമ്മർദപൂരിതമായ ചുററുപാടിലല്ല, പിന്നെയോ ആരോഗ്യകരമായ ചുററുപാടിലാണു നടത്തുന്നതെന്നു മാതാപിതാക്കൾക്ക് എങ്ങനെ ഉറപ്പുവരുത്താൻ കഴിയും?
ശ്രദ്ധിക്കുക
പ്രതിസന്ധിയിലകപ്പെട്ട കുട്ടി എന്ന പുസ്തകം മാതാപിതാക്കളെ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: “സംഭാഷണം തുടർന്നു കൊണ്ടേയിരിക്കുക.” ഏതെങ്കിലും തരത്തിൽ വ്രണപ്പെടുത്തുന്ന സംഭവം കുടുംബത്തിൽ ഉണ്ടായിട്ടുള്ളപ്പോൾ മാതാപിതാക്കളുടെയും കുട്ടിയുടെയും ഇടയിലുള്ള ഒരു ജീവരേഖ എന്നനിലയിൽ സംഭാഷണം വിശേഷാൽ ജീവൽ പ്രധാനമാണ്. കുട്ടി നിശബ്ദനായിരിക്കുന്നതുകൊണ്ട് ആ സംഭവം അവനു കുഴപ്പമൊന്നും ചെയ്യുന്നില്ല അല്ലെങ്കിൽ അവൻ അതിനോടു പൊരുത്തപ്പെട്ടുപോകുന്നു എന്ന് ഒരിക്കലും അനുമാനിക്കരുത്. തന്റെ മാതാപിതാക്കളുടെ വേർപെടലിനുശേഷമുള്ള ആറു മാസക്കാലത്ത് 15 കിലോഗ്രാം കൂടിയ ഒരു ഏഴു വയസ്സുകാരി ചെയ്തതുപോലെ അവൻ കേവലം നിശബ്ദനായി ആകുലതയും ദുഃഖവും അടക്കുകയായിരിക്കാം.
“സംഭാഷണം” എന്ന വാക്ക് സംസാരം നടത്തുന്ന രണ്ടോ അതിലധികമോ ആളുകൾ ഉൾപ്പെട്ടിരിക്കുന്നു എന്നു സൂചിപ്പിക്കുന്നു. അങ്ങനെ മാതാവോ പിതാവോ മുഴു സംസാരവും നടത്തരുത്. തങ്ങളുടെ ആറു വയസ്സുകാരനായ പുത്രൻ ഭവനത്തിൽ അനിയന്ത്രിത രീതിയിലുള്ള പരുക്കൻ സ്വഭാവം വളർത്തിയെടുത്തപ്പോൾ റിക്കും സൂവും വിദഗ്ധോപദേശം തേടി. മുഴു കുടുംബവുമൊത്തുള്ള കൂടിക്കാഴ്ചക്കുശേഷം ഉപദേഷ്ടാവ് ചിലതു നിരീക്ഷിക്കുകയുണ്ടായി. “ദീർഘവും പലപ്പോഴും അതിരുകടന്നതുമായ വിശദീകരണങ്ങളോടു കൂടി മാതാപിതാക്കൾ ബുദ്ധിപരമായി വളരെയധികം വിശകലനം നടത്തിയിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു. “കൂടാതെ, മാതാപിതാക്കൾ സംഭാഷണത്തിൽ കുത്തക ഏറെറടുക്കാൻ പ്രവണത കാണിച്ചു, കുട്ടികൾ അക്ഷമരായിത്തീരുന്നത് എനിക്കു കാണാൻ കഴിഞ്ഞു.” സ്വയം ആശയപ്രകടനം നടത്താൻ ഒരു കുട്ടിയെ അനുവദിക്കുന്നതു ഗുണകരമാണ്. (ഇയ്യോബ് 32:20 താരതമ്യം ചെയ്യുക.) പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തുറന്നു പറയാൻ അവന് കഴിയുന്നില്ലെങ്കിൽ പിന്നീട് അവൻ അവ പ്രവർത്തിച്ചു കാണിക്കും.—സദൃശവാക്യങ്ങൾ 18:1 താരതമ്യം ചെയ്യുക.
ശിക്ഷണം ആവശ്യമായി വരുമ്പോൾ സംഭാഷണം സുപ്രധാനമാണ്. തിരുത്തൽ സംബന്ധിച്ചു കുട്ടിക്ക് എന്തു തോന്നുന്നു? എന്തിനാണ് അതു നൽകുന്നതെന്ന് അവനു മനസ്സിലാകുന്നുണ്ടോ? അവന് എങ്ങനെ തോന്നണം എന്നു കുട്ടിയോട് കേവലം പറയുന്നതിനു പകരം അവന്റെ ഹൃദയത്തിലുള്ളത് എന്താണെന്നു കണ്ടുപിടിക്കുക. ശരിയായ നിഗമനത്തിലേക്ക് അവനെ നയിക്കുന്നതിന് അവനുമായി ന്യായവാദം ചെയ്യുക. “ചിന്തിക്കാൻ അർഹമായത് ഇട്ടുകൊടുക്കുക, എന്നാൽ ചവച്ചരയ്ക്കാൻ നിങ്ങളുടെ കുട്ടിയെ അനുവദിക്കുക” എന്ന് ഇലെയ്ൻ ഫാൻറ്ൽ ഷിംബെർഗ് എഴുതുന്നു.
വികാരങ്ങളെ അംഗീകരിക്കുക
“നിന്റെ കരച്ചിൽ ഒന്നു നിർത്തൂ.” “നീ അങ്ങനെ വിചാരിക്കേണ്ടതില്ല.” “നീ വിചാരിച്ചതുപോലെ യഥാർഥത്തിൽ അത് അത്ര മോശമല്ല.” അത്തരം പ്രസ്താവനകളോടെ ചില മാതാപിതാക്കൾ സംഭാഷണം മുടക്കിക്കളയുന്നു. കുട്ടിയുടെ വികാരങ്ങളെ അംഗീകരിക്കുന്നത് ഇതിനെക്കാൾ വളരെ മെച്ചമാണ്. “എന്തോ നിന്നെ ദുഃഖിപ്പിച്ചിരിക്കുന്നു എന്ന് എനിക്കറിയാം.” “നീ യഥാർഥത്തിൽ അസ്വസ്ഥനായി കാണപ്പെടുന്നു.” “നീ നിരാശിതനായിരിക്കും എന്നു ഞാൻ മനസ്സിലാക്കുന്നു.” ഇതു സംഭാഷണം തുടർന്നുകൊണ്ടുപോകുവാൻ സഹായിക്കും.
കുട്ടികൾ ശ്രദ്ധിക്കുംവിധം സംസാരിക്കുകയും അവർ സംസാരിക്കുംവിധം ശ്രദ്ധിക്കുകയും ചെയ്യുന്ന വിധം (How to Talk so Kids Will Listen & Listen so Kids Will Talk) എന്ന പുസ്തകം ഇതു സംബന്ധിച്ച് ഇപ്രകാരമുള്ള ഒരു ഈടുററ പ്രസ്താവന നടത്തുന്നു: “ഒരു കുട്ടിയുടെ അസന്തുഷ്ട വികാരങ്ങൾ അകററാൻ നിങ്ങൾ എത്രമാത്രം ശ്രമിക്കുന്നുവോ അത്രമാത്രം അവൻ അവയിൽ കുരുങ്ങിക്കിടക്കുന്നു. നിങ്ങൾക്ക് എത്രമാത്രം സാന്ത്വനത്തോടെ നിഷേധാത്മക വികാരങ്ങളെ അംഗീകരിക്കാൻ കഴിയുന്നുവോ അവ ഉപേക്ഷിക്കാൻ കുട്ടികൾക്ക് അത്രമാത്രം എളുപ്പമായിത്തീരുന്നു. ഒരു സന്തുഷ്ട കുടുംബം ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ വളരെയധികം അസന്തുഷ്ടിയുടെ പ്രകടനം അനുവദിക്കാൻ കൂടുതൽ ഒരുക്കമുള്ളവരായിരിക്കുമെന്നു നിങ്ങൾക്കു പറയാൻ കഴിയണമെന്നു ഞാൻ ഊഹിക്കുന്നു.”—സഭാപ്രസംഗി 7:3 താരതമ്യം ചെയ്യുക.
സമാനുഭാവം കാട്ടുക
“മിക്ക മുതിർന്നവരും ഒരു കുട്ടിയുടെ ലോകത്തെ തങ്ങളുടെ സ്വന്തം അനുഭവ ചട്ടക്കൂടിനുള്ളിൽനിന്നു വീക്ഷിക്കുന്നതിനാൽ മറേറതൊരു ജീവിതവും തങ്ങളുടെ അത്രയും സമ്മർദപൂർണമാണെന്നു സങ്കല്പിക്കുക അവരെ സംബന്ധിച്ചടത്തോളം ദുഷ്കരമാണ്” എന്നു മേരി സൂസൻ മില്ലർ എഴുതുന്നു.
അതേ, വളർന്നുവരവേ തങ്ങൾതന്നെ അനുഭവിച്ച വേദനകളും ആകുലതകളും മാതാപിതാക്കൾ അനായാസം മറക്കുന്നു. അതുകൊണ്ട്, തങ്ങളുടെ കുട്ടികൾ അനുഭവിക്കുന്ന സമ്മർദങ്ങളെ അവർ പലപ്പോഴും നിസ്സാരീകരിക്കുന്നു. ഒരു ഓമനമൃഗത്തിന്റെ നഷ്ടത്തെയും ഒരു സുഹൃത്തിന്റെ മരണത്തെയും ഒരു പുതിയ അയൽപക്കത്തേക്കുള്ള മാററത്തെയും അഭിമുഖീകരിച്ചപ്പോൾ അത് എങ്ങനെയായിരുന്നു എന്ന് മാതാപിതാക്കൾ ഓർക്കണം. അവർ തങ്ങളുടെ തന്നെ ബാല്യകാല ഭയങ്ങൾ, അകാരണമായവപോലും അനുസ്മരിക്കണം. ഓർമിക്കൽ സമാനുഭാവത്തിന്റെ താക്കോലാണ്.
ശരിയായ മാതൃക വയ്ക്കുക
നിങ്ങളുടെ കുട്ടി സമ്മർദത്തെ കൈകാര്യം ചെയ്യുന്നതെങ്ങനെ എന്നത് മാതാപിതാക്കൾ എന്നനിലയിൽ നിങ്ങൾ അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ഒരു വലിയ അളവിൽ ആശ്രയിച്ചിരിക്കുന്നു. അക്രമത്തിനു തുനിഞ്ഞുകൊണ്ടു നിങ്ങൾ സമ്മർദം കുറക്കാൻ ശ്രമിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ സമാനമായ രീതിയിൽ നിങ്ങളുടെ കുട്ടി ആകുലത പ്രകടിപ്പിക്കുമ്പോൾ അമ്പരന്നുപോകരുത്. വല്ലാതെ അസ്വസ്ഥമായിരിക്കുമ്പോൾ നിങ്ങൾ മിണ്ടാതെ സഹിക്കാറുണ്ടോ? അപ്പോൾ നിങ്ങളുടെ കുട്ടി തുറന്നു പറയുന്ന രീതിയുള്ളവനും വിശ്വസിച്ച് ആശ്രയിക്കുന്നവനും ആയിരിക്കണമെന്നു നിങ്ങൾക്ക് എങ്ങനെ ആവശ്യപ്പെടാൻ കഴിയും? സമ്മർദവികാരങ്ങളെ അംഗീകരിച്ചു പരിഹരിക്കുന്നതിനു പകരം അവ നിഷേധിക്കപ്പെടുമാറ് നിങ്ങളുടെ കുടുംബാംഗങ്ങളിൽ അത്രമാത്രം ഒളിഞ്ഞിരിക്കുകയാണോ? എങ്കിൽ അത് നിങ്ങളുടെ കുട്ടിയുടെമേൽ ഏൽപ്പിക്കുന്ന ശാരീരികവും വൈകാരികവുമായ ദുർഫലങ്ങളാൽ നിങ്ങൾ അമ്പരന്നു പോകരുത്. എന്തുകൊണ്ടെന്നാൽ ആകുലത അടക്കം ചെയ്യാനുള്ള ഏതു ശ്രമവും സാധാരണമായി അതിന്റെ പ്രകടനത്തിന്റെ കാഠിന്യം വർധിപ്പിക്കുകയേ ഉള്ളു.
സമ്മർദപൂരിതമായ ഒരു ലോകത്തിൽ കുട്ടികളെ വളർത്തിക്കൊണ്ടു വരുന്നത് മാതാപിതാക്കൾക്കു പ്രത്യേക വെല്ലുവിളികൾ കൈവരുത്തുന്നു. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ബൈബിളിന്റെ പഠനം അനേകരെ സഹായിച്ചിട്ടുണ്ട്. ബൈബിളിന്റെ ഗ്രന്ഥകാരൻ കുടുംബ ജീവിതത്തിന്റെ കാരണഭൂതൻ കൂടിയാകയാൽ നാം പ്രതീക്ഷിക്കേണ്ടത് അതാണ്. “ദൈവത്തിന്റെ ജ്ഞാനം അതിന്റെ ഫലങ്ങളാൽ ശരിയെന്നു തെളിയുന്നു” എന്ന് യേശുക്രിസ്തു പറഞ്ഞു. (മത്തായി 11:19, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) ബൈബിൾ തത്ത്വങ്ങൾ പ്രാവർത്തികമാക്കുന്നതിലൂടെ തിരുവെഴുത്തുകൾ “ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു” എന്നു മാതാപിതാക്കൾ കണ്ടെത്തും.—2 തിമൊഥെയൊസ് 3:17. (g93 7/22)
[10-ാം പേജിലെ ചിത്രം]
ആരോഗ്യകരമായ ആശയവിനിയമം സമ്മർദത്തെ ലഘൂകരിക്കുന്നു
[11-ാം പേജിലെ ചിത്രം]
കുട്ടി പാൽ തട്ടിമറിക്കുന്നു, ജ്യേഷ്ഠൻ അവനെ ആക്ഷേപിക്കുന്നു, എന്നാൽ പിതാവു ഗ്രാഹ്യത്തോടെ അവനെ സാന്ത്വനപ്പെടുത്തുന്നു