പൂമ്പാററയുടെ ജീവിതത്തിലെ ഒരു നാൾ
നിങ്ങളുടെ ദിനചര്യ സമ്മർദപൂർണവും പ്രയാസമേറിയതുമായി തോന്നുന്നെങ്കിൽ കഠിനാധ്വാനിയായ പൂമ്പാററയെക്കുറിച്ച് ഒന്നു ചിന്തിക്കുക. ഒരു പൂമ്പാററയുടെ പ്രവർത്തനക്രമം കണ്ടാൽ അത് ഏതോ സ്വപ്നലോകത്ത് ഒഴിവുകാലം ആസ്വദിക്കുകയാണെന്നു നിങ്ങൾ ആദ്യം ധരിച്ചുവശായേക്കാം. ഒരു പുഷ്പത്തിൽനിന്നു മറെറാന്നിലേക്കു ചാഞ്ചാടിയും അവിടുന്നും ഇവിടുന്നും അല്പം തേൻ നുകർന്നും തോന്നുമ്പോഴൊക്കെ വെയിലു കാഞ്ഞും നടക്കുന്ന പൂമ്പാററ അല്ലലില്ലാത്ത ജീവിത ശൈലിയുടെ മകുടോദാഹരണമാണെന്നു തോന്നിപ്പോകുന്നു.
എന്നാൽ പ്രാണി ലോകത്തിൽ കാര്യങ്ങൾ എല്ലായ്പോഴും കാണുന്നതുപോലെയല്ല. സമയം ഓടിപ്പോകുന്നു എന്ന മട്ടിൽ തിരക്കിട്ടു ജോലിചെയ്യുന്ന പൂമ്പാററകൾ ജീവത്പ്രധാനമായ ഒരു സേവനം അനുഷ്ഠിക്കുന്നു. ഒരു സാധാരണ പ്രവൃത്തിദിനത്തിൽ നമുക്കാരു പൂമ്പാററയോടു കൂട്ടുചേരാം.
പ്രാതലായി സൂര്യപ്രകാശം
ഉണർന്നെഴുന്നേൽക്കുമ്പോൾ നിങ്ങൾക്കു കാലിടറുന്നതായി അനുഭവപ്പെടാറുണ്ടോ? പുലർകാലെയുള്ള മാന്ദ്യം പൂമ്പാററകൾക്കു സഹജമാണ്. അക്ഷരീയമായി പറഞ്ഞാൽ ചില പ്രഭാതങ്ങളിൽ അവയ്ക്ക് എണീററു പോകാനേ കഴിയില്ല. ചുററുപാടുകൾക്കനുസരിച്ചു വ്യത്യാസപ്പെടുന്ന ശരീരോഷ്മാവാണ് അവയുടെ പ്രശ്നം. കുളിരണിഞ്ഞ ഒരു രാത്രി മുഴുവൻ ഇലയിൽ കുത്തിയിരുന്നു ചെലവഴിച്ചശേഷം അനങ്ങാൻ കഴിയാത്തവിധം—പറക്കാനാണെങ്കിൽ ഒട്ടും പററാത്തവിധം—അവയുടെ രക്തം അത്രമാത്രം തണുത്തുപോയിരിക്കും. അതുകൊണ്ട് അവ സൂര്യനുവേണ്ടി കാത്തിരുന്നേ പററൂ.
സൂര്യൻ ഉദിക്കുമ്പോൾ പൂമ്പാററ ചിറകുകൾ വിടർത്തി ചൂടേകുന്ന സൂര്യകിരണങ്ങൾക്കു നേരെ പിടിക്കുന്നു. ചെറിയ സോളാർ പാനലുകൾപോലെ പ്രവർത്തിക്കുന്ന വിടർന്ന ചിറകുകൾ ആവശ്യമായ താപം വേഗം സ്വീകരിച്ചുകഴിയുമ്പോൾ പൂമ്പാററ പറന്നുപോകുന്നു. എന്നാൽ ആകാശം മേഘാവൃതമാണെങ്കിലെന്ത്? ശൈത്യമേഖലകളിൽ പൂമ്പാററകൾക്കു സൂര്യൻ പ്രകാശിക്കുന്നതുവരെ സൗകര്യപ്രദമായ ഒരു ചില്ലയിലോ പുഷ്പത്തിലോ അനങ്ങാതിരുന്നേ പററൂ. ഇത് ഉദാസീനതയല്ല. യഥാർഥത്തിൽ ഒരു ആവശ്യമാണ്.
പകൽ അത്ര ചൂടുള്ളതല്ലെങ്കിൽ കൂടുതലായി വെയിൽ കായുന്നതിനായി പൂമ്പാററ ഇടയ്ക്കിടയ്ക്കു നില്ക്കുന്നു. ഒരു കാർ പെട്രോൾ പമ്പിൽ നിർത്തി ഇന്ധനം നിറയ്ക്കുന്നതുപോലെ അവനു സൗരോർജം നിറയ്ക്കേണ്ടതുണ്ട്. ഉഷ്ണമേഖലകളിൽ പ്രഭാതത്തിൽ വളരെ നേരത്തെയോ ഒരു മഴയ്ക്കു ശേഷമോ മാത്രമേ പൂമ്പാററക്കു വെയിൽ കായേണ്ടതുള്ളു. പൊതുവേ പറഞ്ഞാൽ, കാലാവസ്ഥ എത്രയധികം ശീതളമാണോ അത്രയധികം സമയം അവൻ വെയിൽ കായുന്നു. ഒരിക്കൽ ഊർജം വീണ്ടെടുത്തുകഴിഞ്ഞാൽ അവൻ തന്റെ ജോലി തുടരുകയായി.
‘ആദ്യത്തെ നറുമണത്തിൽ അനുരാഗം’
ഏററവും അടിയന്തിരമായ കൃത്യം ഒരു ഇണയെ കണ്ടുപിടിക്കുക എന്നതാണ്. ഏതാനും ആഴ്ചകൾ വിരളമായി മാത്രം പിന്നിടുന്ന ആയുർദൈർഘ്യത്തിൽ നഷ്ടപ്പെടുത്താൻ സമയമില്ല. ചിത്രശലഭ ലോകത്തിൽ ഒരു ഇണയെ കണ്ടുപിടിക്കുന്നത് എളുപ്പമുള്ള ജോലിയല്ല—അതിനു സാഹസികമായ ക്ഷമാശീലവും സ്ഥിരോത്സാഹവും ആവശ്യമാണ്.
“ആദ്യ നോട്ടത്തിലെ അനുരാഗം” ചിത്രശലഭങ്ങൾക്ക് അറിഞ്ഞുകൂടാ. അവയ്ക്കു തീർത്തും ഹ്രസ്വദൃഷ്ടിയാണുള്ളത്. മിക്കപ്പോഴും അവയ്ക്കു സ്വന്ത വർഗം ഇതര വർഗവുമായി തെററിപ്പോകുന്നു. ഇതു പലപ്പോഴും തന്റെ കണ്ണുകൾ തന്നെ വഞ്ചിച്ചിരിക്കുന്നു എന്നു ശലഭ പ്രേമാർഥി ഒടുവിൽ തിരിച്ചറിയാനിടയാക്കുന്നു. ഫലമോ? അവസാനിക്കുന്ന വൃഥാവിലായ പിന്തുടരൽ മാത്രം.
സാധാരണമായി സമ്മതം മൂളാത്ത പെൺകൊടി ജീവിതത്തെ പിന്നെയും ക്ലേശകരമാക്കിത്തീർക്കുന്നു. ഒടുവിൽ അവളുടെ മനസ്സ് അലിയുമായിരിക്കും എന്ന ആശയുമായി വായുവിൽ അതിവേഗത്തിലുള്ള ഒരുതരം നർത്തനം ചെയ്തുകൊണ്ട് ആസക്തിപൂണ്ട അവൻ അവളെ വിടാതെ വട്ടമിട്ടു പറക്കുന്നു. എന്നാൽ ഭാഗ്യഹീനനായ അവനെ തിരച്ചിൽ തുടരാനായി വിട്ടേച്ച് പെൺകൊടി പറന്നകലുമ്പോൾ കൗതുകാത്മകമായ ഈ മൂകനർത്തനങ്ങൾ സാധാരണമായി ഒരു ആകസ്മിക സമാപ്തിയിലെത്തിച്ചേരുന്നു.
അതിശയകരമെന്നു പറയട്ടെ, പെൺകൊടികൾ ആൺവൃന്ദത്തിന്റെ മോഹനവർണങ്ങളെ ചൊല്ലി അത്രമാത്രം ആവേശഭരിതരാകാറില്ല. പൂമ്പാററകളുടെ നിറപ്പകിട്ടുകൾ ‘പരിണാമവാദത്തിനു ചില നേട്ട’ങ്ങൾ പ്രദാനം ചെയ്യുന്നെന്ന് ഡാർവിൻ സഹർഷം അവകാശപ്പെട്ടെങ്കിലും അതിനു തെളിവൊന്നുമില്ല. ഒരു പരീക്ഷണത്തിൽ വടക്കേ അമേരിക്കയിലെ അനേർഷ്യ അമേത്യ എന്ന വർഗത്തിലെ പെൺപൂമ്പാററകൾ സുന്ദരമായ കടുംചുവപ്പും കറുപ്പും കലർന്ന ചിറകുകളുള്ള ആണുങ്ങളെ ആകമാനം കറുത്ത ചായം പൂശിയിട്ടും അവയുമായി തികച്ചും സന്തോഷമായി ഇണചേർന്നു. ഇവ പ്രധാനമായി നോക്കുന്നത് ആണിന്റെ പറക്കൽ രീതിയും വിടാതെ പുറകേയുള്ള നടപ്പും എല്ലാററിനുമുപരി അതിവിശിഷ്ടമായ “പ്രേമധൂളി”യും ആണെന്നു തോന്നുന്നു.
പ്രേമധൂളിയിൽ ഫെറോമോൺ എന്ന ഒരു രാസവസ്തു അടങ്ങിയിരിക്കുന്നു. അതാണ് അവന്റെ തുറുപ്പുചീട്ട്. അത് തന്റെ വർഗത്തിലെ പെൺകൊടിമാരിൽ പ്രയോഗിക്കുന്നതിനായി പരുവപ്പെടുത്തിയെടുത്ത ലഹരിപിടിപ്പിക്കുന്ന ഒരു പരിമളമാണ്. കോർട്ട്ഷിപ്പിന്റെ സമയത്ത് ഈ “വിശിഷ്ടപരിമളം” അവളിൽ തൂവാൻ അവൻ ശ്രമം നടത്തുന്നു. പ്രേമധൂളി വിജയത്തിനുള്ള ഉറപ്പല്ലെങ്കിലും അവസാനം സൗമനസ്യം കാട്ടുന്ന ഒരു പെൺകൊടിയെ കണ്ടുകിട്ടിക്കഴിഞ്ഞാൽ അത് അത്ഭുതം പ്രവർത്തിക്കുന്നു.
പൂന്തേന്റെ ഒരു നുകരൽ
ഒരു ഇണയെ തേടിയുള്ള ഈ പോക്കിൽ ചെലവായ ഊർജം മുഴുവനും വീണ്ടും സംഭരിക്കണം. അതുകൊണ്ടു പൂമ്പാററകൾ പൂന്തേൻ നുകരാൻ കൊതിക്കുന്നു. ആകർഷണീയമായ ആകൃതികളാലും വർണങ്ങളാലും പുഷ്പങ്ങൾ ഉയർന്ന തോതിൽ ഊർജദായകമായ ഈ ആഹാരത്തെ പരസ്യപ്പെടുത്തുന്നു. പൂമ്പാററ പറന്നുചെന്നു പുഷ്പത്തിൽ ഇരുന്നാൽപ്പിന്നെ നീണ്ട ഒരു കുഴൽ പോലെയുള്ള തുമ്പിക്കൈ പുഷ്പത്തിന്റെ ചുവട്ടിലേക്കു കുത്തിയിറക്കി തേൻ ഭേഷായി നുകരുകയായി.
തേൻ നുകർന്നുകൊണ്ടിരിക്കുമ്പോൾ ശലഭത്തിന്റെ രോമാവൃതമായ ശരീരത്തിൽ പൂമ്പൊടി പററിപ്പിടിക്കുന്നു. അങ്ങനെ അടുത്തതായി സന്ദർശിക്കുന്ന പുഷ്പത്തിലേക്ക് അവൻ തന്നോടൊപ്പം പൂമ്പൊടിയും കൊണ്ടുപോകുന്നു. ഒരു സാധാരണ പ്രവൃത്തിദിനത്തിൽ നൂറുകണക്കിനു പുഷ്പങ്ങളിൽ പരാഗണം നടക്കുന്നു. എന്നിരുന്നാലും ഉഷ്ണമേഖലാ വനങ്ങളിൽ പുഷ്പങ്ങൾ പെരുകുന്നില്ല. അപ്പോൾപ്പിന്നെ ഉഷ്ണമേഖലാ ചിത്രശലഭങ്ങൾ സാധാരണമായി എന്താണു കുടിക്കുന്നത്?
ഉഷ്ണമേഖലാ ചിത്രശലഭങ്ങൾക്കു ചീഞ്ഞ പഴത്തിന്റെ ചാറ് ആർത്തിയോടെ അകത്താക്കുന്നതിനോളം ഇഷ്ടമുള്ള മറെറാന്നുമില്ല. വല്ലാതെ പഴുത്തു നിലത്തുവീഴുന്ന പഴങ്ങൾ അവയ്ക്കു പഞ്ചസാരയിൽ നിന്നുള്ള ഊർജത്തിന്റെ ഒരു വൻ ഉറവിടമാണ്.
പൂമ്പാററകൾക്ക് ഉപ്പും ഇഷ്ടമാണ്. ഈർപ്പമുള്ള നിലത്തുനിന്ന് ഉപ്പിന്റെ അംശമുള്ള ഈർപ്പമോ ചിലപ്പോൾ ആരാധകരുടെ കയ്യിലെ വിയർപ്പോ അവ നുകരുന്നതു നിങ്ങൾ പലപ്പോഴും കണ്ടിരിക്കാം. ധൈര്യശാലിയായ ഫ്ളാംബോ ചിത്രശലഭം (Dryas iulia) മുതലയുടെ കണ്ണീർ നുകരുന്നതും കണ്ടിട്ടുണ്ട്.
ഒരു ഇണയ്ക്കുവേണ്ടി തിരക്കിട്ടു തെരച്ചിൽ നടത്തിയും പൂക്കളിൽ പരാഗണം നടത്തിയും നന്നായി ഭക്ഷണം കഴിച്ചും നടക്കുന്ന നമ്മുടെ ചങ്ങാതിക്ക് ഇതിനിടെ ശത്രുക്കളെ കാണാനായി പുറത്തേക്കൊരു കണ്ണുംകൂടി വേണം. അവൻ നിസ്സഹായനാണെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ പിടികൊടുക്കാതിരിക്കാനുള്ള അനേകം തന്ത്രങ്ങൾ അവന്റെ പക്കലുണ്ട്.
ആപത്തിൽനിന്ന് ഒഴിഞ്ഞുമാറൽ
പുൽപ്പരപ്പിൽ തത്തിപ്പറക്കുന്ന വർണപ്പൊലിമയാർന്ന പൂമ്പാററ നമുക്കു സങ്കല്പിക്കാവുന്നതുപോലെ ഏതൊരു ശലഭതീനിയായ പക്ഷിയെയും മോഹിപ്പിക്കുന്ന ഒരു ഇരയാണ്. എന്നാൽ ശലഭത്തിന്റെ അവിചാരിതമായ കുതറിപ്പറക്കൽ അവനെ പിടിക്കുന്നതു വളരെ തന്ത്രപരമായ ഒരു പണിയാക്കിത്തീർക്കുന്നു. കുറെ ശ്രമങ്ങൾ നടത്തിയതിനുശേഷം മിക്ക കിളികളും ഇട്ടേച്ചു പോകുന്നു. ഇനി ഒരു കിളി ശലഭത്തെ പിടിക്കുകയാണെങ്കിൽത്തന്നെ കിളിയുടെ കൊക്കിൽ ചിറകിന്റെ ഒരു ശകലം വിട്ടുകൊടുത്തിട്ട് അവൻ രക്ഷപെടാനും മതി.
കാഴ്ചശക്തിയാണ് മറെറാരു സംരക്ഷണം. പൂമ്പാററകൾക്കു ഹ്രസ്വദൃഷ്ടിയാണ് ഉള്ളതെങ്കിലും അവയുടെ സംയുക്ത നേത്രങ്ങൾ ചലനങ്ങൾ കണ്ടുപിടിക്കുന്നതിനു വളരെ കാര്യക്ഷമമാണ്. ഏതെങ്കിലും ആപത്സൂചന കണ്ടാൽ മതി അവ ശരവേഗത്തിൽ പാഞ്ഞുകൊള്ളും. ഒരു ചിത്രശലഭത്തിന്റെ ഫോട്ടോ എടുക്കാൻ തുനിഞ്ഞിട്ടുള്ള ഏതൊരുവനും ഇതൊക്കെ നന്നായി അറിയാം.
മന്ദഗമനം ചെയ്യുന്ന ചില പൂമ്പാററകൾക്ക് മറെറാരു സുരക്ഷാമാർഗം ഉണ്ട്—അത് അവയുടെ കെട്ട രുചിയാണ്. ഇത് അവ ശലഭപ്പുഴുക്കൾ ആയിരുന്നപ്പോൾ വിഷലിപ്തമായ ചെടികൾ ഭക്ഷിച്ചതുകൊണ്ടാണ്. ഒരു കിളി അത്തരം ഒരു പൂമ്പാററയെ ഒരുതവണ കടിച്ചിട്ടുണ്ടെങ്കിൽ സാധാരണമായി അതു പിന്നീടൊരു ഏററുമുട്ടലിനു മുതിരുകയില്ല. മൊണാർക്കിനെപ്പോലെയുള്ള ഈ അരുചിയാർന്ന ചിത്രശലഭങ്ങൾ മിക്കവയും തന്നെ വർണമനോഹരങ്ങളാണ്, അടങ്ങിയിരുന്നുകൊള്ളാൻ കിളിയെ പ്രത്യക്ഷത്തിൽ ഓർമിപ്പിക്കുന്ന ഒരു ദൃശ്യമായ മുന്നറിയിപ്പുതന്നെ.
യാത്രക്ക് ഒരു വിരാമം
മിക്ക പൂമ്പാററകളും ഏതാനും ആഴ്ചകളിൽ കൂടുതൽ ജീവിക്കാത്തപ്പോൾ ചില വർഗങ്ങൾ 18 മാസം വരെ ജീവിച്ചിരുന്നേക്കാം എന്നു ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ കുറിക്കൊള്ളുന്നു. മിതോഷ്ണമേഖലയിലെ ശൈത്യമാസങ്ങളിലോ ഉഷ്ണമേഖലകളിലെ നീണ്ട വരണ്ട കാലാവസ്ഥയിലോ ചിലതിന് അനക്കമില്ല.
ചുരുങ്ങിയ ജീവിതമേ ഉള്ളൂവെങ്കിലും ചിത്രശലഭങ്ങൾക്ക് അത്ഭുത കൃത്യങ്ങൾ നിർവഹിക്കാൻ കഴിയും. കഴിഞ്ഞ നൂററാണ്ടിൽ വളരെയധികം മൊണാർക്ക് ചിത്രശലഭങ്ങൾ ആഫ്രിക്കൻ തീരത്തിന് അടുത്തുകിടക്കുന്ന കാനറി ദ്വീപുകളിൽ സ്ഥാനമുറപ്പിക്കുന്നതിനായി അററ്ലാൻറിക്ക് സമുദ്രം കടക്കുകയുണ്ടായി. മറെറാരു വലിയ സഞ്ചാരിയായ പെയിൻറഡ് ലേഡി ഉത്തര ആഫ്രിക്കയിൽനിന്നു യൂറോപ്പിന്റെ വടക്കുഭാഗത്തേക്കു വേനൽക്കാലത്തു സ്ഥിരം യാത്ര ചെയ്യുന്നു.
കുററിച്ചെടികളിലും ഫലവൃക്ഷങ്ങളിലും പുഷ്പ പരാഗണം നടത്തിക്കൊണ്ട് അക്ഷീണരായ പൂമ്പാററകൾ തങ്ങളുടെ ചുരുങ്ങിയ ജീവനചക്രത്തിൽ ജീവത്പ്രധാനമായ ഒരു വേല ചെയ്യുന്നു. അതിലും പ്രധാനമായി, അവയുടെ സാന്നിധ്യം നാട്ടിൻപുറത്തിന് അഴകിന്റെയും ആനന്ദത്തിന്റെയും ഒരു സ്പർശം കൂട്ടുന്നു. അവയെക്കൂടാതെ വസന്തകാലം ഒരു വസന്തകാലം ആകുകയില്ല. (g93 10/8)
[20-ാം പേജിലെ ചിത്രം]
പ്രഭാതത്തിൽ വെയിൽ കായുന്നു
[21-ാം പേജിലെ ചിത്രം]
പുഷ്പത്തിൽനിന്നു തേൻ നുകരുന്നു
[22-ാം പേജിലെ ചിത്രം]
നിലത്തുനിന്നും ഈർപ്പം വലിച്ചെടുക്കുന്നു
[കടപ്പാട്]
Courtesy of Buckfast Butterfly Farm