പുതിയ ലോകം വരുമ്പോൾ
ഇപ്പോഴത്തെ ഈ ലോകം നീങ്ങിപ്പോകുമ്പോൾ ദൈവത്തിന്റെ പുതിയ ലോകം വരും. എന്നാൽ നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം, ‘ഈ ലോകം അവസാനിക്കുമെന്നു നമുക്കു വാസ്തവത്തിൽ വിശ്വസിക്കാൻ കഴിയുമോ?’ ആകട്ടെ, ഇതു ചിന്തിക്കുക, എന്നെങ്കിലും ഒരു ലോകം അവസാനിച്ചിട്ടുണ്ടോ?
ഉവ്വ്, അവിതർക്കിതമായ തെളിവനുസരിച്ച് ഒരിക്കൽ ഒരു ലോകം അവസാനിച്ചു. “അന്നുള്ള [നോഹയുടെ നാളിലെ] ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു” എന്നു ബൈബിൾ പറയുന്നു. ദൈവം ‘പുരാതനലോകത്തെ ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിച്ചു.’—2 പത്രൊസ് 2:5; 3:6.
നശിച്ചത് “ഭക്തികെട്ടവരുടെ ലോകം” അഥവാ ഒരു ദുഷ്ട വ്യവസ്ഥിതി ആയിരുന്നുവെന്നു ശ്രദ്ധിക്കുക. ഭൂഗ്രഹമോ നക്ഷത്രനിബിഡമായ ആകാശങ്ങളോ മാനുഷകുടുംബമോ ആയിരുന്നില്ല. ജലപ്രളയത്തെ അതിജീവിച്ചവരുടെ എണ്ണം വർധിച്ചപ്പോൾ, മറെറാരു ലോകം (ഇന്നത്തെ നമ്മുടെ ലോകം) അസ്തിത്വത്തിലേക്കു വന്നു. അതിന് എന്തു സംഭവിക്കും?
നോഹയുടെ നാളിലെ ലോകം നാശമനുഭവിച്ചു എന്നു പറഞ്ഞശേഷം ബൈബിൾ ഇങ്ങനെ തുടരുന്നു: “ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷി”ച്ചിരിക്കുന്നു. (2 പത്രൊസ് 3:7) തീ ലോകത്തിനു നാശത്തെ അർഥമാക്കുന്നു. തീർച്ചയായും “[ഇന്നു സ്ഥിതി ചെയ്യുന്ന] ലോകവും . . . ഒഴിഞ്ഞുപോകുന്നു.” (1 യോഹന്നാൻ 2:17) എന്നാൽ എപ്പോൾ?
അതറിയാൻ യേശുവിന്റെ അപ്പോസ്തലൻമാർ ആഗ്രഹിച്ചു, അതുകൊണ്ട് അവർ ഇങ്ങനെ ചോദിച്ചു: “ഇവ എപ്പോഴായിരിക്കും, അങ്ങയുടെ വരവിന്റെയും ലോകാവസാനത്തിന്റെയും അടയാളമെന്തായിരിക്കും എന്നു ഞങ്ങളോടു പറയുക.” (മത്തായി 24:3, ജയിംസ് രാജാവിന്റെ ഭാഷാന്തരം) ഉത്തരമായി യേശു ഒരു അടയാളം നൽകി. പെട്ടെന്നുതന്നെ ഒരു ലോകം അവസാനിക്കുകയും പുതിയ ഒന്ന് അതിന്റെ സ്ഥാനം ഏറെറടുക്കുകയും ചെയ്യാൻ പോകുകയാണെന്നു മനസ്സിലാക്കാൻ ആ അടയാളനിവൃത്തിയുടെ കാലത്തു ജീവിക്കുന്ന ആളുകളെ അതു പ്രാപ്തമാക്കുമായിരുന്നു. ആ അടയാളം എന്തായിരുന്നു?
അടയാളം
ആ അടയാളത്തിന് അനവധി ഭാഗങ്ങളുണ്ടായിരുന്നു, അതേ, അനേകം സംഭവങ്ങൾ മുൻകൂട്ടിപ്പറയപ്പെട്ടു. ആ അടയാളം നിവൃത്തിക്കുന്നതിന്, അവയെല്ലാം അവശ്യം ഒരേകാലത്ത്, ഒരു തലമുറയിൽ, ശ്രദ്ധേയമായ ഒരു വിധത്തിൽ സംഭവിക്കേണ്ടിയിരുന്നു. (മത്തായി 24:34) ഈ സംഭവങ്ങൾ എന്തെല്ലാമാണ്?
യേശു പറഞ്ഞ ചില കാര്യങ്ങൾ ഇവയായിരുന്നു: “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും.” “അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും. . . . അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.”—ലൂക്കൊസ് 21:10, 11; മത്തായി 24:7-9, 12.
ഈ ലോകത്തിന്റെ “അന്ത്യകാല”ത്തെ അടയാളപ്പെടുത്തുന്ന മററു ചില അവസ്ഥകൾ അപ്പോസ്തലനായ പൗലോസ് നൽകി. അദ്ദേഹം ഇപ്രകാരം എഴുതി: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും . . . അമ്മയപ്പൻമാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും . . . ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.”—2 തിമൊഥെയൊസ് 3:1-5.
തീർച്ചയായും, ഈ കാര്യങ്ങളെല്ലാം നിങ്ങൾ കാണുകയോ അവയെക്കുറിച്ചു കേൾക്കുകയോ ചെയ്തിട്ടുണ്ട്—മുൻ യുദ്ധങ്ങളെ ഒന്നുമല്ലാതാക്കുന്ന അന്തർദേശീയ പോരാട്ടങ്ങൾ, വലിയ ഭൂകമ്പങ്ങൾ, വ്യാപകമായ പകർച്ചവ്യാധികളും ഭക്ഷ്യക്ഷാമവും, ക്രിസ്തുവിന്റെ അനുഗാമികളോടുള്ള വിദ്വേഷവും പീഡനവും, നിയമരാഹിത്യത്തിന്റെ വർധനവ്, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അളവിലുള്ള നിർണായക കാലങ്ങൾ. ഇവ കൂടാതെ, ദൈവം “ഭൂമിയെ നശിപ്പിക്കുന്നവരെ നശി”പ്പിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറയുന്നു. (വെളിപ്പാടു 11:18) മനുഷ്യർ ഇപ്പോൾത്തന്നെ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്!
1992 നവംബറിലെ പത്രങ്ങളിൽ ഇതുപോലുള്ള തലക്കെട്ടുകൾ പ്രത്യക്ഷപ്പെട്ടു: “പ്രമുഖ ശാസ്ത്രജ്ഞർ ഭൂമിയുടെ നാശത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നു.” നോബൽ സമ്മാനജേതാവും ബന്ധപ്പെട്ട ശാസ്ത്രജ്ഞരുടെ സംഘത്തിന്റെ അധ്യക്ഷനുമായ ഡോ. ഹെൻട്രി കെൻഡൽ ഇങ്ങനെ പറഞ്ഞു: “ഈ മുന്നറിയിപ്പ് അതിശയോക്തിയല്ല, അതു ഭീതിപ്പെടുത്തുന്നതുമല്ല.” ഒരു പത്രലേഖനം ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഈ മുന്നറിയിപ്പിന്റെ രൂപരേഖ തയ്യാറാക്കിയ 1,575 ശാസ്ത്രജ്ഞർ അന്തർദേശീയ ശാസ്ത്രസമൂഹത്തിൽ വളരെ നന്നായി അറിയപ്പെടുന്നവരാണ്.” ഭൂമിയുടെ സമ്പൂർണ നാശത്തെ സംബന്ധിച്ച അവരുടെ മുന്നറിയിപ്പ് അവഗണിക്കാവുന്നതല്ല!
അതു സംബന്ധിച്ചു യാതൊരു സംശയവും ഉണ്ടായിരിക്കാവുന്നതല്ല. യേശുവിന്റെ പിൻവരുന്ന മുഖ്യ പ്രവചനം ഉൾപ്പെടെ അടയാളത്തിന്റെ എല്ലാ ഭാഗങ്ങളും നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്: “രാജ്യത്തിന്റെ ഈ സുവാർത്ത സകല രാഷ്ട്രങ്ങൾക്കും ഒരു സാക്ഷ്യത്തിനായി നിവസിത ഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും,” അതേ, ഈ ലോകത്തിന്റെ അന്ത്യം തന്നെ. (മത്തായി 24:14, NW) ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത ലോകവ്യാപകമായി പ്രസംഗിക്കപ്പെട്ടുകഴിയുമ്പോൾ അതു വരുമെന്നു യേശു പറഞ്ഞു. മുൻകൂട്ടിപ്പറഞ്ഞ അളവിൽ യഹോവയുടെ സാക്ഷികൾ ആ പ്രസംഗവേല ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുകയാണ്!
നിങ്ങൾ ചെയ്യേണ്ടത്
അതുകൊണ്ട്, ദൈവത്തിന്റെ പുതിയ ലോകം വളരെ സമീപമാണെന്നു സകല തെളിവുകളും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഈ ലോകത്തിന്റെ അന്ത്യത്തെ അതിജീവിച്ച് പുതിയ ലോകത്തിലെ ജീവിതം ആസ്വദിക്കണമെന്നുണ്ടെങ്കിൽ നിങ്ങൾ ചിലതു ചെയ്യേണ്ടതുണ്ട്. “ലോകം ഒഴിഞ്ഞുപോകുന്നു” എന്നു പറഞ്ഞശേഷം നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നതെന്തെന്നു ബൈബിൾ പ്രകടമാക്കുന്നു. അതിങ്ങനെ വിശദീകരിക്കുന്നു: “ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:17.
അതുകൊണ്ട് നിങ്ങൾ ദൈവേഷ്ടം പഠിക്കുകയും അതു പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതു ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിനു യഹോവയുടെ സാക്ഷികൾ വളരെ സന്തോഷമുള്ളവരായിരിക്കും. അപ്പോൾ നിങ്ങൾക്ക് ഈ ലോകത്തിന്റെ അന്ത്യത്തെ അതിജീവിച്ചു ദൈവത്തിന്റെ പുതിയ ലോകത്തിലെ അനുഗ്രഹങ്ങൾ നിത്യമായി ആസ്വദിക്കാൻ കഴിയും. (g93 10/22)
[10-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
NASA photo
[10-ാം പേജിലെ ചിത്രം]
പുതിയ ലോകത്തിനു തൊട്ടുമുമ്പു വൻകുഴപ്പത്തിന്റെ ഒരു സമയമുണ്ടായിരിക്കും