വ്യായാമം വയോജനങ്ങൾക്കു പ്രയോജനം ചെയ്യുന്നുവോ?
“വാർധക്യം പ്രാപിക്കൽ പ്രക്രിയയ്ക്കു മാററം വരുത്താൻ വ്യായാമത്തിനു കഴിയുമോ?” ഏതാണ്ട് അഞ്ചു വർഷം മുമ്പ് ദ ന്യൂയോർക്ക് ടൈംസിൽ വന്ന ഒരു തലക്കെട്ടായിരുന്നു അത്. ആ ലേഖനം ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “ഭാരമുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള കഠിന പരിശീലന പരിപാടി നൽകുകയാണെങ്കിൽ 90-കളിലെത്തിയ ആളുകൾക്കുപോലും കൂടുതൽ ബലിഷ്ഠരായിത്തീരാൻ കഴിയുമെന്നും തങ്ങളുടെ പേശികളുടെ വലിപ്പം വർധിപ്പിക്കാൻ പോലും കഴിയുമെന്നും [ബോസ്ററണിലെ] ടഫ്സ് യൂണിവേഴ്സിററിയിൽനിന്നുള്ള വൈദ്യശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു.”
വ്യായാമത്തിൽനിന്നു വയോജനങ്ങൾക്കു തീർച്ചയായും പ്രയോജനം നേടാൻ കഴിയുമെന്നുള്ളതിന്റെ തെളിവു വർധിച്ചിരിക്കുന്നു. ഹാർവാർഡ് ഹെൽത്ത് ലെറററിന്റെ 1991 ഫെബ്രുവരി ലക്കം 1990-ലെ ഒരു പഠനത്തെക്കുറിച്ചു റിപ്പോർട്ടു ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ശുശ്രൂഷാകേന്ദ്രത്തിലെ 87-നും 96-നും ഇടയിൽ പ്രായമുള്ള ഒൻപത് അന്തേവാസികൾ ഭാരമുള്ള വസ്തുക്കൾ ഉപയോഗിച്ചു പേശികൾക്കു ബലം വർധിപ്പിക്കാനുള്ള രണ്ടു മാസത്തെ ഒരു തീവ്ര പരിശീലനം പൂർത്തിയാക്കി.” ഈ പഠനത്തെക്കുറിച്ച് മായോ ക്ലിനിക് ന്യുട്രീഷൻ ലെററർ ഇങ്ങനെ വിശദീകരിച്ചു: “പങ്കെടുത്തവർ കാലിലെ പേശിയുടെ ബലം ഇരട്ടിയായി വർധിപ്പിക്കുകയും തുടയിലെ പേശിയുടെ വണ്ണം 9 ശതമാനംകണ്ടു കൂട്ടുകയും ചലനക്ഷമതാ ടെസ്ററുകളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.”
ഗവേഷകർ ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “അവരുടെ പ്രായാധിക്യവും വളരെനേരം ഇരുന്നുള്ള ശീലങ്ങളും ഒന്നിലധികം പഴകിയ രോഗങ്ങളും സാധാരണ പ്രവർത്തനങ്ങൾക്കുള്ള ശേഷിക്കുറവും പോഷകങ്ങളുടെ അപര്യാപ്തതയും പരിഗണിക്കുമ്പോൾ ഞങ്ങളുടെ ടെസ്ററിനു വിധേയരായവർക്കു നൽകിയ ബലം വർധിപ്പിക്കൽ പരിശീലനത്തിനു ലഭിച്ച നല്ല പ്രതികരണം ശ്രദ്ധേയമാണ്.” വ്യായാമത്തിന്റെ മൂല്യം പലവട്ടം തെളിഞ്ഞിട്ടുണ്ട്.
ഉദാഹരണത്തിന്, 1979-ൽ പക്ഷാഘാതം ബാധിച്ച് വലതുവശം തളർന്നുപോയ 90 വയസ്സുള്ള ജാക്ക് സീബെർട്ടിന്റെ കാര്യംതന്നെ എടുക്കുക. നടക്കാൻ സഹായിക്കുന്ന ഉപകരണമില്ലാതെ [walker] അദ്ദേഹത്തിനു നടക്കാൻ പററാതായി. തളർന്നുപോകാത്ത ഇടതുകാൽ ഉയർത്തിപ്പിടിച്ചു ദിവസവും 20 മിനിററുനേരത്തേക്കു സൈക്കിൾ ചവിട്ടുമ്പോലെ ചലിപ്പിച്ചുകൊണ്ട് അദ്ദേഹം 10 വർഷത്തിലധികം തന്റെ കിടക്കയിൽ ചെലവഴിച്ചു. ചിലപ്പോൾ അദ്ദേഹത്തിന്റെ തളർന്നുപോയ വലതുകാൽ (ചിത്രത്തിൽ കാണുന്നതുപോലെ) ഇടതുകാലിൻമേൽ വച്ച് രണ്ടും കൂടി ചലിപ്പിക്കുമായിരുന്നു. ക്രമമായ ഈ വ്യായാമം വാക്കറുടെ സഹായത്തോടെ നടക്കാൻ അദ്ദേഹത്തിനു കഴിയത്തക്കവണ്ണം അദ്ദേഹത്തിന്റെ കാലിന്റെ പേശികളെ ശക്തീകരിക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവർത്തനക്ഷമത നിലനിർത്താൻ സഹായിക്കുകയും മാനസ്സികമായി അദ്ദേഹത്തെ ജാഗരൂകനായി നിർത്തുകയും ചെയ്തിരിക്കുന്നു.
അതുകൊണ്ട്, ഓർമിക്കുക, വ്യായാമം തുടങ്ങാൻ ഒരിക്കലും വൈകിപ്പോയിട്ടില്ല. 82 വയസ്സുള്ള ജോൺ കെലി 1990-ൽ അഞ്ചു മണിക്കൂറും അഞ്ചു മിനിററും കൊണ്ട് ബോസ്ററൺ മാരത്തോൺ—42 കിലോമീററർ ഓട്ടം—ഓടിത്തീർത്തതുപോലെ നിങ്ങൾ ഒരിക്കലും ഓടുകയില്ലായിരിക്കാം എന്നതു സത്യംതന്നെ. 1991-ൽ 84 വയസ്സുള്ള മാവിസ് ലിൻഡ്ഗ്രെൻ മുതുമുത്തശ്ശി ഓടിത്തീർത്തതുപോലെ ഏഴു മണിക്കൂറും ഒൻപതു മിനിററും കൊണ്ട് ആ ദൂരം ഓടിത്തീർക്കാൻ നിങ്ങൾക്കു കഴിഞ്ഞെന്നും വരില്ല. എന്നിരുന്നാലും, കഴിഞ്ഞ വർഷം അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സർക്കുലേഷൻ എന്ന പത്രിക ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “ഊർജസ്വലനായിരിക്കാനുള്ള വഴികൾ അന്വേഷിക്കുന്ന സ്വഭാവം ഉണ്ടായിരിക്കുന്നതു പ്രധാനമാണ്.”
ആ പത്രിക ഇപ്രകാരം വിശദീകരിച്ചു: “ദൈനംദിനം ചെയ്യുന്ന അനായാസ പ്രവർത്തനങ്ങൾക്കുപോലും ആരോഗ്യപരമായ ദീർഘകാല പ്രയോജനങ്ങൾ ഉണ്ടായിരിക്കാൻ കഴിയും. അവയ്ക്കു ഹൃദ്രോഗത്തിന്റെ അപായസാധ്യത കുറയ്ക്കാനും കഴിയും. ഉല്ലാസത്തിനുവേണ്ടിയുള്ള നടത്തം, പൂന്തോപ്പു വച്ചുപിടിപ്പിക്കൽ, പറമ്പിൽപ്പണി, വീട്ടുജോലി, നൃത്തം ചെയ്യൽ, വീട്ടിൽ വച്ചു ചെയ്യാമെന്നു ശുപാർശ ചെയ്യപ്പെടുന്ന വ്യായാമമുറ തുടങ്ങിയവ അത്തരം പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.” (g93 10/22)
[31-ാം പേജിലെ ചിത്രം]
പക്ഷാഘാതം ബാധിച്ച 90 വയസ്സുള്ള ഈ വ്യക്തിയെപ്പോലെ വൈകല്യം ബാധിച്ച പ്രായമേറിയ ഒരു വ്യക്തിക്കു വ്യായാമത്തിൽനിന്നു പ്രയോജനം നേടാനാവും