കൂട്ടക്കൊലയുടെ ദൃശ്യതെളിവ്
മനുഷ്യത്വത്തെ അതിന്റെ ഏററവും നികൃഷ്ടമായ അവസ്ഥയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു സ്ഥലത്തേക്കു നിങ്ങൾ കടന്നുചെല്ലുമ്പോൾ വിശുദ്ധ ബൈബിളിൽ നിന്നുള്ള “നിങ്ങൾ എന്റെ സാക്ഷികൾ” എന്ന വാക്കുകൾ കല്ലിൽ കൊത്തിയിരിക്കുന്നതു കാണുന്നതു വിചിത്രമായി തോന്നുന്നു. എങ്കിലും ബൈബിൾ ഉദ്ധരിക്കാനുള്ള സ്ഥലം ഒരുപക്ഷേ ഇതു തന്നെയാണ്, കുറഞ്ഞപക്ഷം ഈ പ്രത്യേക വാക്യം.—യെശയ്യാവു 43:10.
1993 ഏപ്രിൽ 22-ന് ഉദ്ഘാടനം ചെയ്ത വാഷിങ്ടൺ ഡി.സി.യിലുള്ള ദി യുണൈററഡ് സ്റേറററ്സ് ഹോളോകോസ്ററ് മെമ്മോറിയൽ മ്യൂസിയം, അസാൻമാർഗികളായ ജനപ്രക്ഷോഭകർ സാങ്കേതികവിദ്യയെ അവർണനീയമായ കൊലയന്ത്രത്തിലേക്കു തിരിച്ചുവിട്ടതിന്റെ ദൃഢ-ഗംഭീര സ്മാരകമായി നിലകൊള്ളുന്നു. നാസി ദുർഭരണം കൊലപ്പെടുത്തിയ അശരണരായ ഇരകളുടെ—ഏതാണ്ട് 60 ലക്ഷം യഹൂദൻമാരെക്കൂടാതെ പോളണ്ടുകാരും സ്ലോവാക്യരും യഹോവയുടെ സാക്ഷികളും ജിപ്സികളും സ്വവർഗസംഭോഗികളും വികലാംഗരും ഉൾപ്പെട്ട ലക്ഷക്കണക്കിന് മററാളുകളുടെയും—പട്ടിക മനസ്സിനെ മരവിപ്പിക്കുന്നു.
ഓർമിക്കാൻ ഒരു വിനോദയാത്ര
സാക്ഷ്യങ്ങളിരിക്കുന്ന രണ്ടാംനിലയിലെ ഹാളിൽനിന്ന് അഞ്ചാം നിലയിലേക്കു നിങ്ങളെ എത്തിക്കുന്ന തണുപ്പുള്ള, ചാരവർണ സ്ററീൽ ലിഫ്ററിലാണു പര്യടനം ആരംഭിക്കുന്നത്. അവിടെനിന്നു സന്ദർശകർ താഴേക്കു തിരിക്കുമ്പോൾ ഇരകളെ വളഞ്ഞുപിടിക്കാൻ ഉതകിയ അധികാരം ലഭിക്കാൻ ഹിററ്ലറെ സഹായിച്ച നാസിപ്രചരണംമുതൽ മരണ പാളയങ്ങളുടെ വിടുതൽവരെയുള്ള കൂട്ടക്കൊലയുടെ എല്ലാ വശങ്ങളുടെയും പ്രദർശനങ്ങൾ കണ്ടു പോകുന്നു. പര്യടനം ഹോൾ ഓഫ് റിമംബ്റൻസിൽ ചെന്ന് അവസാനിക്കുന്നു. അവിടെ ഒരു നിത്യദീപം പ്രകാശിക്കുന്നുണ്ട്. ദൃക്സാക്ഷികളുടെ സാക്ഷ്യങ്ങൾ, നിശ്ചലവും ചലിക്കുന്നതുമായ ചിത്രങ്ങൾ, സംഗീതം, കലാവേല—ഇവയെല്ലാം ഈ ദാരുണകഥ പറയാൻ സഹായിക്കുന്നു.
രൂക്ഷമായി ഓർമയിൽ കൊണ്ടുവരുന്നതും മനസ്സിനെ പിടിച്ചുകുലുക്കുന്നതുമായ ഒരു ശാശ്വത പ്രദർശനത്തിന്റെ മൂന്നു പടികൾ സന്ദർശകർ വീക്ഷിക്കുന്നു. കൂടുതൽ ഭയാനകമായ ചില പ്രദർശനങ്ങൾ കുട്ടികൾ കാണരുതാത്തവിധം 1.2 മീററർ ഉയരമുള്ള ഭിത്തികൾക്കു പിന്നിൽ മറഞ്ഞിരിക്കുന്നു.
വിദ്യാഭ്യാസത്തിനുള്ള ഒരു മ്യൂസിയം
മ്യൂസിയത്തിന്റെ ഹോളോകോസ്ററ് റിസേർച്ച് ഇൻസ്ററിററ്യൂട്ടിൽ വിശാലമായ ഒരു ലൈബ്രറിയും പുരാതനസാധന സൂക്ഷിപ്പുപുരയും ഉണ്ട്. ഹോളോകോസ്ററ് സ്കോളർഷിപ്പിനുള്ള ഒരു അന്തർദേശീയ കേന്ദ്രമായും അതു പ്രവർത്തിക്കുന്നു. പൊതുജനത്തിന്റെ പ്രബോധനത്തിനും വിദ്യാഭ്യാസത്തിനും ഞങ്ങൾ അർപ്പിതരാണ് എന്ന് മ്യൂസിയം ലൈബ്രറിയുടെ ഡയറക്ടറായ ഡോ. എലിസബത്ത് കോനിഗ് പ്രസ്താവിക്കുന്നു. തടങ്കൽപ്പാളയങ്ങളിലുണ്ടായിരുന്ന ചില ന്യൂനപക്ഷ വിഭാഗങ്ങളെപ്പററി ലൈബ്രറി വിവരങ്ങൾ ശേഖരിക്കുന്നതാണ്. “ഞങ്ങൾക്ക് യഹോവയുടെ സാക്ഷികളെപ്പററി ഇപ്പോൾത്തന്നെ വളരെയധികം വിവരം ലഭിച്ചിട്ടുണ്ട്” എന്ന് അവർ പ്രസ്താവിക്കുന്നു.
യഹോവയുടെ സാക്ഷികളെ നിർമൂലമാക്കാനായി ഹിററ്ലർ 1933-ൽ ഒരു പ്രസ്ഥാനം സമാരംഭിച്ചു. ജർമനി, ഓസ്ട്രിയ, പോളണ്ട്, മുൻ ചെക്കോസ്ലോവാക്ക്യ, നെതർലൻഡ്സ്, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നും മററുരാജ്യങ്ങളിൽ നിന്നും ഉള്ള ആയിരക്കണക്കിനു സാക്ഷികളെ തടങ്കൽപ്പാളയങ്ങളിലേക്ക് എത്തിച്ചു. മതപരമായ കാരണങ്ങൾ കൊണ്ടുമാത്രം അവർ പീഡിപ്പിക്കപ്പെട്ടു. ഈ തടങ്കൽപ്പാളയ അതിജീവകരിൽ രണ്ടുപേരെ മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിനു ക്ഷണിക്കുകയുണ്ടായി.
കൂട്ടക്കൊലയെ അതിജീവിച്ചവർ
ഒരു അതിജീവകനായ 73 വയസ്സുകാരൻ ഫ്രാൻസ് വോൾഫാർട്ടിന്റെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായ 15 പേർ അറസ്ററു ചെയ്യപ്പെട്ടു. അവർ സാക്ഷികളായിരുന്നു എന്നതായിരുന്നു കാരണം. “അവരിൽ ഏഴുപേർ വധിക്കപ്പെട്ടു, മിക്കവരും ശിരച്ഛേദനയന്ത്രത്താൽ. ഒരാളെ ഗ്യാസ് ചേമ്പറിലിട്ടു കൊന്നു. മററുചിലർ തടങ്കൽപ്പാളയങ്ങളിലും ഗസ്ററപ്പോ ജയിലുകളിലും വച്ച് അന്ത്യശ്വാസം വലിച്ചു” അദ്ദേഹം ഓർമിക്കുന്നു.
ക്യാമ്പുകളിൽനിന്ന് എന്നെങ്കിലും അതിജീവിക്കുമെന്ന് അദ്ദേഹം വിചാരിച്ചോ? “എനിക്ക് യഥാർഥത്തിൽ സംശയം ഉണ്ടായിരുന്നു,” ഫ്രാൻസ് പറയുന്നു. “ജർമനി യുദ്ധത്തിൽ തോററാലും എന്നെ വധിക്കാനാവശ്യമായ വെടിക്കോപ്പുകൾ ഉണ്ടായിരിക്കും എന്ന് കാവൽക്കാർ മിക്കദിവസവും എന്നെ ഓർമിപ്പിച്ചിരുന്നു.”
തന്റെ മതവിശ്വാസങ്ങൾ നിമിത്തം ഒരു തടവുപുള്ളിയാകേണ്ടിവന്നതിൽ അദ്ദേഹം പരിതപിക്കുന്നുണ്ടോ? അങ്ങനെ ഒരു തോന്നൽ പോലും തന്റെ ഉറച്ച തീരുമാനത്തിന് ഒരു ആക്ഷേപമാണെന്ന മട്ടിൽ അദ്ദേഹം പറയുന്നു: “ഒരിക്കലും ഇല്ല! ഒരിക്കലും ഇല്ല!” “ഞങ്ങൾ എപ്പോഴും ഒരു സന്തോഷത്തിന്റെ അവസ്ഥയിലായിരുന്നു. പല പ്രാവശ്യം കാവൽക്കാർ എന്നെ തടഞ്ഞുനിർത്തി ചോദിച്ചിട്ടുണ്ട്: ‘ഈ കഷ്ടപ്പാടെല്ലാം ഉണ്ടായിട്ടും നിങ്ങളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി ഉണ്ടല്ലോ? നിങ്ങൾക്ക് എന്തിന്റെ കുഴപ്പമാണ്?’ അപ്പോൾ ഞാൻ പറയുമായിരുന്നു: ‘കഷ്ടതനിറഞ്ഞ ഈ സമയത്തിനപ്പുറം ഞങ്ങൾക്കൊരു പ്രത്യാശയുണ്ട്—എല്ലാം യഥാസ്ഥാനപ്പെടുകയും ഞങ്ങൾക്ക് ഇന്നു കടന്നുപോകേണ്ടിയിരിക്കുന്ന സംഗതികളെല്ലാം ശോഭനമാകുകയും ചെയ്യുന്ന ദൈവരാജ്യത്തിൽ പ്രത്യാശയുള്ളതുകൊണ്ടു ഞങ്ങൾക്കു പുഞ്ചിരി തൂകാൻ കാരണമുണ്ട്.’”
1910-ൽ ജനിച്ച യോസേഫ് ഷോൻ ഓസ്ട്രിയയിൽ ബൈബിൾ സാഹിത്യങ്ങൾ ഒളിവിൽ അച്ചടിച്ചു വിതരണം ചെയ്യുന്ന പ്രവർത്തനത്തിൽ തിരക്കുള്ളവനായിരുന്നു. 1940-ൽ ഗസ്ററപ്പോ അദ്ദേഹത്തെ അറസ്ററു ചെയ്യുന്നതുവരെ അദ്ദേഹം അവരുടെ കണ്ണിൽപ്പെടാതെ നടന്നു. 1943 മുതൽ 1945 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹത്തിനു സ്ഥിരം മരണഭീഷണി ലഭിച്ചിരുന്നു. 1943-ൽ തടങ്കൽപ്പാളയ നേതാവ് അവിടെ കൂടിവന്ന മുഴു ഉദ്യോഗസ്ഥ ഗണത്തിന്റെയും മുമ്പിൽവച്ച് യോസേഫിന്റെ നേരെ നോക്കി അലറി, “നീ ഇപ്പോഴും യഹോവയാം ദൈവത്തോടു പററിനിൽക്കുകയാണല്ലേ?”
“അതെ, ഞാൻ അങ്ങനെയാണ്,” യോസേഫ് ഉത്തരം പറഞ്ഞു.
“എന്നാൽ നിന്റെ തലവെട്ടാൻ പോകുകയാണ്!”
1945-ൽ ഡക്കൗവിലേക്കുള്ള മരണ യാത്രയിൽ യോസേഫ് ഉണ്ടായിരുന്നു. “ശാരീരികമായി നോക്കിയാൽ ഞാൻ തകർന്നിരുന്നു,” അദ്ദേഹം അനുസ്മരിക്കുന്നു. “എന്നിരുന്നാലും ആ യാത്രാവേളയിൽ ഞാൻ എന്റെ വിശ്വാസത്തിൽ ശക്തനായിരുന്നതുപോലെ ഒരിക്കലും ആയിരുന്നിട്ടില്ല.”
ഇപ്പോൾ മ്യൂസിയം ചുററിനടന്നു കാണുന്നതിനിടയിൽ താൻ തടവിൽ ചെലവഴിച്ച ദിവസങ്ങൾ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: “അന്ന് എനിക്കു ഭയമെന്നു പറയുന്നത് ഇല്ലായിരുന്നു. നിങ്ങൾക്കു വേണ്ടതു യഹോവ വേണ്ടപ്പോൾ തരുന്നു. സാഹചര്യം അങ്ങേയററം പ്രതികൂലമായിരിക്കുമ്പോൾ യഹോവയിൽ എങ്ങനെ ആശ്രയിക്കണമെന്നും അവിടുന്ന് എത്ര യഥാർഥമാണെന്നും നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. എല്ലാ ബഹുമതിയും അവിടുത്തേക്ക് പോകുന്നു. ഞങ്ങളാരും വീരൻമാരായിത്തീരുന്നില്ല. ഞങ്ങൾ യഹോവയിൽ ആശ്രയിക്കുക ഒന്നു മാത്രം ചെയ്തു.”
മ്യൂസിയത്തിന്റെ മൂല്യം
“ഈ മ്യൂസിയത്തിനു വളരെയധികം പ്രാധാന്യമുണ്ടെന്നു ഞാൻ വിചാരിക്കുന്നു” എന്ന് ചരിത്രകാരിയും ഇംഗ്ലണ്ടിലെ സ്ററാഫോർഡ്ഷൈർ സർവകലാശാലയിലെ പകരം വൈസ് ചാൻസലറുമായ ഡോ. ക്രിസ്ററീൻ എലിസബത്ത് കിങ് പ്രസ്താവിക്കുന്നു. “പരമപ്രധാനമായി, മ്യൂസിയം സംഭവിച്ച കാര്യങ്ങളുടെ രേഖയാണ്. അത് ‘ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല’ എന്നു പറയുന്നവരെ ആക്ഷേപിക്കാനുള്ളതാണ്. വളരെയധികം തെളിവുകളും അതുപോലെതന്നെ സമൂലനാശത്തെ അതിജീവിച്ച ജീവിക്കുന്ന സാക്ഷികളും അവിടെ ഉണ്ട്. രണ്ടാമതായി, മ്യൂസിയം വിശിഷ്ടമായ ഒരു വിദ്യാഭ്യാസ ഉപകരണമാണ്.”
“യഹോവയുടെ സാക്ഷികൾക്കാണെങ്കിൽ ദുരിതം അനുഭവിച്ചവരും മരണമടഞ്ഞവരും ജീവൻ വെടിഞ്ഞവരുമായ തങ്ങളുടെ സഹോദരീസഹോദരൻമാരെ കാണാൻ പററുകയെന്നതു വളരെ പ്രധാനമാണ്” എന്നു പറഞ്ഞുകൊണ്ട് അവർ തുടരുന്നു. (g93 11/8)
[26-ാം പേജിലെ ചതുരം]
പംക്തിയിലെ ഭാഗം ഇപ്രകാരം വായിക്കുന്നു:
“യഹോവയുടെ സാക്ഷികൾ”
“നാസി ഭരണകൂടത്താലുള്ള യഹോവയുടെ സാക്ഷികളുടെ പീഡനം 1933-ൽ ആരംഭിച്ചു. അവർ സൈനിക സേവനം നിഷേധിക്കുകയും ഭരണക്രമത്തോടു കൂറു പ്രഖ്യാപിക്കാതിരിക്കയും ചെയ്തതുകൊണ്ട് പലപ്പോഴും അവരുടെമേൽ രാജ്യത്തിനെതിരായ ചാരവൃത്തിയുടെയും ഗൂഢാലോചനയുടെയും കുററം ആരോപിച്ചിരുന്നു. ഭാവി അരാജകത്വത്തെക്കുറിച്ചുള്ള സാക്ഷികളുടെ മുന്നറിയിപ്പുകൾ വിപ്ലവഭീഷണികളായും പാലസ്തീനിലേക്കുള്ള യഹൂദൻമാരുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള അവരുടെ പ്രവചനങ്ങൾ സിയോണിസ്ററു പ്രസ്ഥാനത്തിന്റെ പ്രസ്താവനകളായും നാസികൾ വ്യാഖ്യാനിച്ചു.
“എന്നിരുന്നാലും, കൂടിവരുന്നതിലും പ്രസംഗിക്കുന്നതിലും സാഹിത്യങ്ങൾ വിതരണം ചെയ്യുന്നതിലും സാക്ഷികൾ അനുസ്യൂതം തുടർന്നു. അവർക്കു തങ്ങളുടെ ജോലിയും പെൻഷനും പൗരാവകാശങ്ങളും നഷ്ടമായി. 1937-ന്റെ പ്രാരംഭത്തിൽ അവരെ തടങ്കൽപ്പാളയങ്ങളിലേക്ക് അയയ്ക്കുകയുണ്ടായി. അവിടെവച്ച് നാസികൾ അവർക്ക് ‘സ്വമേധയാ തടവുപുള്ളികൾ’ എന്ന പേരിട്ടു: തങ്ങളുടെ വിശ്വാസങ്ങൾ തള്ളിപ്പറഞ്ഞ യഹോവയുടെ സാക്ഷികൾക്കു രക്ഷപെടാമായിരുന്നു. പക്ഷേ അവരിലൊരാൾ പോലും പിൻമാറിയില്ല.”
[27-ാം പേജിലെ ചതുരം]
“പറയേണ്ട ഒരു സുപ്രധാന കഥയാണ് അത്”
“ഏററവും പ്രസിദ്ധമായ കഥകളിലൊന്നാണ് യഹോവയുടെ സാക്ഷികൾ. തങ്ങളുടെ മതവിശ്വാസങ്ങൾ നിമിത്തം 1933-ൽ നാസി ജർമൻ ഗവൺമെൻറ് . . . നിരോധിച്ച മുഖ്യ മതങ്ങളിൽ ഒന്നായിരുന്നു അവർ. അത് അവർ തങ്ങളുടെ ആദരവും ബാധ്യതയും ഒരു ഉയർന്ന നിയമമായ ദൈവനിയമത്തിനു കൊടുക്കണമെന്നു തീരുമാനിച്ചതുകൊണ്ടുമാത്രമായിരുന്നു. അതിന്റെ ഫലമായി അവർ യഹൂദൻമാരെയും ജിപ്സികളെയും പോലെ നിഷ്കരുണമായി പീഡിപ്പിക്കപ്പെടുകയും തടങ്കൽപ്പാളയങ്ങളിൽ ആക്കപ്പെടുകയും ചെയ്തു. അവിടെവച്ച് അവരിൽ പലരും ലോകത്തോടു വിടപറഞ്ഞു.
“പറയേണ്ട ഒരു സുപ്രധാന കഥയാണ് അത്. ഒരുപക്ഷേ ഏററവും പരിതാപകരമായ കാര്യം യഹോവയുടെ സാക്ഷികളുടെ കുട്ടികളുടേതാണ്. അവരുടെ അച്ഛനെ പാളയത്തിലേക്കു കൊണ്ടുപോകയും അമ്മയെ അറസ്ററു ചെയ്യുകയും ചെയ്തിരിക്കുമ്പോൾ അവർ സ്കൂളിൽ യഹൂദക്കുട്ടികളുടെയും ജിപ്സിക്കുട്ടികളുടെയും കൂടെ പിറകിലത്തെ ബഞ്ചിൽ ഇരിക്കേണ്ടിവരുമായിരുന്നു. ‘ഹയിൽ ഹിററ്ലർ!’ എന്ന അഭിവാദനമോ നാസിരാഷ്ട്രത്തോടുള്ള മറേറതെങ്കിലും അഭിവാദനമോ നടത്താത്തപക്ഷം കുട്ടികൾ തങ്ങളുടെ വിശ്വാസം ഒന്നുകൊണ്ടുമാത്രം ബാല കുററവാളികളായി തരംതിരിക്കപ്പെടുമായിരുന്നു. തങ്ങളുടെ മാതാപിതാക്കളുടെ മനസ്സാക്ഷിയെ സംബന്ധിച്ചിടത്തോളം കുററകൃത്യങ്ങളായ, പ്രത്യക്ഷത്തിലുള്ളതും ആരോപിക്കപ്പെട്ടതുമായ കുററകൃത്യങ്ങൾ നിമിത്തം മാത്രമല്ല, അവരുടെ കുട്ടികളാണെന്ന വസ്തുത ഒന്നുകൊണ്ടും കൂടെ ഈ കുട്ടികൾ വിലയൊടുക്കി.”—മ്യൂസിയത്തിന്റെ മുഖ്യ ചരിത്രകാരനായ ഡോ. സിബൽ മിൽററൺ.
[24-ാം പേജിലെ ചിത്രം]
പർപ്പിൾ ട്രയാങ്കിൾ ബാഡ്ജോടുകൂടിയ തടങ്കൽപ്പാളയ കോട്ടുകൾ യഹോവയുടെ സാക്ഷികളെ തിരിച്ചറിയിച്ചു
[25-ാം പേജിലെ ചിത്രം]
“ഇരകൾ” എന്ന പ്രദർശനസ്ഥലത്ത് കൂട്ടക്കൊലയെ അതിജീവിച്ച ഫ്രാൻസ് വോൾഫാർട്ടും (ഇടത്ത്) യോസേഫ് ഷോനും ചരിത്രകാരി ഡോ. ക്രിസ്ററീൻ കിങിനോടൊപ്പം
[25-ാം പേജിലെ ചിത്രം]
ഇതുപോലെയുള്ള പെട്ടിവണ്ടികളിലിട്ടാണു വോൾഫാർട്ടിനെയും ഷോനെയും (ഇടത്ത്) തടങ്കൽപ്പാളയത്തിലേക്കു കൊണ്ടുപോയത്
[26-ാം പേജിലെ ചിത്രം]
മുകളിൽ: യഹോവയുടെ സാക്ഷികളും ഉൾപ്പെട്ട “രാഷ്ട്രത്തിന്റെ ശത്രുക്കൾ” എന്ന വീഡിയോ ചരിത്ര പ്രദർശനസ്ഥലത്ത് അതിജീവകരായ വോൾഫാർട്ടും ഷോനും
[26-ാം പേജിലെ ചിത്രം]
താഴെ: മാരീയായും ഫ്രാൻസ് വോൾഫാർട്ടും, മാരീയായുടെ മൂത്തസഹോദരനായ യോഹാൻ ഷ്റെറാസീറിന്റെ ബൈബിൾ വച്ചിരിക്കുന്ന പ്രദർശനശാലയിൽ. “അതു കണ്ടുപിടിക്കപ്പെടുന്നതിനുമുമ്പ് കുറെ നാളത്തേക്ക് യോഹാൻ അത് എങ്ങനെയോ ഒളിച്ചുവച്ചിരുന്നു” എന്ന് ഫ്രാൻസ് പറയുന്നു. “ഈ ബൈബിളായിരുന്നു അദ്ദേഹത്തിന്റെ വധശിക്ഷക്കുശേഷം അമ്മയ്ക്കു തിരിച്ചുകിട്ടിയ ഏക സ്വത്ത്.”
[26-ാം പേജിലെ ചിത്രം]
പ്രദർശിപ്പിച്ചിരിക്കുന്ന ബൈബിളിനോടു ചേർന്നുള്ള എഴുത്ത് ഇപ്രകാരം വായിക്കുന്നു: “ഈ ബൈബിൾ, സാക്സൻഹൗസൻ തടങ്കൽപ്പാളയത്തിൽ ആക്കപ്പെട്ട യോഹാൻ ഷ്റെറാസീർ എന്ന യഹോവയുടെ സാക്ഷിയുടേതാണ്. സോവിയററ് സേനകൾ ക്യാമ്പിനെ സ്വതന്ത്രമാക്കുന്നതിനു കുറച്ചുമുമ്പ് ഷ്റെറാസീർ മരണമടഞ്ഞു”
[27-ാം പേജിലെ ചിത്രം]
“നാഗരികതയുടെ സംരക്ഷണോപാധികൾ എത്ര ദുർബലമാണ്” എന്ന് മ്യൂസിയത്തിന്റെ സമർപ്പണത്തിനു വന്നപ്പോൾ ഐക്യനാടുകളുടെ പ്രസിഡൻറ് ക്ലിൻറൺ പ്രസ്താവിച്ചു. “മൂല്യങ്ങൾ വിട്ടകന്നുള്ള പരിജ്ഞാനം മനുഷ്യ പേടിസ്വപ്നത്തെ വർധിപ്പിക്കുകയേ ഉള്ളൂ, അഥവാ, ഹൃദയമില്ലാത്ത ശിരസ്സ് മനുഷ്യത്വമല്ല” എന്ന് ഈ കൂട്ടക്കൊല എന്നേക്കും നമ്മെ അനുസ്മരിപ്പിക്കുന്നു