ബൈബിളിന്റെ വീക്ഷണം
യഹോവ ഒരു യുദ്ധദൈവമോ?
ദീർഘനാളായി ചില ബൈബിൾ വായനക്കാർ യഹോവയെ യുദ്ധദൈവമെന്നും രക്തദാഹിയെന്നും ആരോപിച്ചിരിക്കുന്നു. ഉദാഹരണം പറഞ്ഞാൽ, ബൈബിളിലെ ദൈവമായ യഹോവ “കൊള്ളക്കാരുടെയും പീഡകരുടെയും പോരാളികളുടെയും കീഴടക്കലിന്റെയും കിരാതമായ എല്ലാ വികാരത്തിന്റെയും ദൈവമാണെന്ന്” ജോർജ് എ. ഡോർസീ നാഗരികതയുടെ കഥ—മമനുഷ്യന്റെ സ്വന്തം നേട്ടം [ഇംഗ്ലീഷ്] എന്ന തന്റെ പുസ്തകത്തിൽ അവകാശപ്പെടുന്നു. ബൈബിൾ വിമർശകനായ റോളണ്ട് എച്ച്. ബേൻറൻ അതിലേക്കു വിരൽചൂണ്ടിക്കൊണ്ട് ഇപ്രകാരം പറയുന്നു: “ദൈവം യുദ്ധത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണെങ്കിൽ അതു കൂടുതൽ മനുഷ്യത്വമുള്ളതാണ്.”
യഹോവ യഥാർഥത്തിൽ ഒരു യുദ്ധദൈവമാണോ? ചിലർ അഭിപ്രായപ്പെടുന്നതുപോലെ അവിടുന്ന് നിഷ്കളങ്കരായ ആളുകളെ കൊന്നൊടുക്കുന്നത് യഥാർഥത്തിൽ ആസ്വദിക്കുന്നുവോ?
കഴിഞ്ഞകാല ശിക്ഷാവിധികൾ
ശരിതന്നെ, യഹോവയാം ദൈവത്തിന്റെ കഴിഞ്ഞകാല പ്രതികൂല ശിക്ഷാവിധികൾ ബൈബിൾ കലർപ്പില്ലാതെ വിവരിക്കുന്നു. എന്നിരുന്നാലും, എല്ലായ്പോഴും അവ ദൈവഭയമില്ലാത്തവർക്ക് എതിരെയായിരുന്നു. ഉദാഹരണത്തിന്, “ഭൂതലത്തിലെല്ലാം ഞാനൊരു ജലപ്രളയം വരുത്താൻ പോകുന്നു. ആകാശത്തിനു കീഴേ ജീവശ്വാസമുള്ള എല്ലാ ജഡവും ഞാൻ നശിപ്പിക്കും” എന്ന് നോഹയുടെ നാളിലെ “ഭൂമിയാകെ ദുഷിച്ചതായിത്തീർന്ന”തുവരെ യഹോവയാം ദൈവം പറഞ്ഞില്ല. (ഉൽപത്തി 6:11, 17, പി.ഒ.സി ബൈബിൾ) മറെറാരു ശിക്ഷാവിധിയെ സംബന്ധിച്ചാണെങ്കിൽ, അത് സോദോം, ഗൊമോറ പട്ടണങ്ങൾ “തങ്ങളെത്തന്നെ ലൈംഗിക അധാർമികതയ്ക്കു വിട്ടുകൊടുത്ത് വഷളായ ഇന്ദ്രിയബോധത്തിനു വഴങ്ങിക്കൊടുത്ത”തുകൊണ്ടുമാത്രമാണു ദൈവം അതിന്റെ മേൽ “ഗന്ധകവും തീയും വർഷിപ്പിച്ച”ത്.—യൂദാ 7, ദി ന്യൂ ബെർക്ക്ലെ വേർഷൻ; ഉല്പത്തി 19:24.
നോഹയുടെ നാളിലെ എല്ലാ ജഡത്തെയും നശിപ്പിച്ചുകൊണ്ട് ദൈവം രസം കണ്ടെത്തിയോ? സോദോമിലെയും ഗൊമോറയിലെയും നിവാസികളെ നശിപ്പിച്ചതിൽ നിന്ന് ദൈവത്തിന് എന്തെങ്കിലും പൈശാചികമായ ആനന്ദം ലഭിച്ചോ? ഉത്തരത്തിനായി, നോഹയുടെ നാളിലെ ജലപ്രളയത്തെ ചുററിപ്പററിയുള്ള സംഭവങ്ങളിലേക്കു നമുക്കൊന്നു കണ്ണോടിക്കാം. ഭൂമിയെ അക്രമത്തിൽ നിന്നു ശുദ്ധീകരിക്കുന്നതിനു ദൈവം ഭൂമുഖത്തുനിന്നു ദുഷ്ട മനുഷ്യരാശിയെ തുടച്ചുനീക്കും എന്നു പ്രസ്താവിച്ചശേഷം ബൈബിൾ ഇപ്രകാരം പറയുന്നു: “ . . . യഹോവ അനുതപിച്ചു.” അതെ, “[മനുഷ്യന്റെ] ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ള”തായിരുന്നത് ദൈവത്തെ ദുഃഖിപ്പിച്ചു. ആയതിനാൽ, അത്യാസന്ന പ്രളയത്തിൽ നിന്ന് സാധ്യമാകുന്നിടത്തോളം ആളുകളെ രക്ഷിക്കുന്നതിനായി ദൈവം “നീതിപ്രസംഗിയായ നോഹയെ” ഒരു മുന്നറിയിപ്പിൻ സന്ദേശം മുഴക്കുന്നതിനും രക്ഷക്കായി ഒരു പെട്ടകം പണിയുന്നതിനും പറഞ്ഞയച്ചു.—ഉല്പത്തി 6:3-18; 2 പത്രൊസ് 2:5.
അതുപോലെതന്നെ, സോദോമിനെയും ഗൊമോറയെയും നശിപ്പിക്കാൻ ദൂതൻമാരെ അയയ്ക്കുന്നതിനു മുമ്പ് ദൈവം ഇങ്ങനെ പറഞ്ഞു: “അവർക്കെതിരെയുള്ള നിലവിളിയിൽ ആരോപിച്ചിട്ടുള്ളതുപോലെയെല്ലാം അവർ പ്രവർത്തിച്ചിട്ടുണ്ടോ എന്നറിയാൻ താഴേയ്ക്കിറങ്ങിച്ചെല്ലാൻ ഞാൻ ആഗ്രഹിക്കുന്നു . . . നിശ്ചയമായും എനിക്ക് അത് അറിയണം.” (ഉല്പത്തി 18:20-32, ദ ജെറുസലേം ബൈബിൾ) തന്റെ അന്വേഷണം വെറും പത്തു നീതിമാൻമാരെ വെളിപ്പെടുത്തുകയാണെങ്കിൽ ആ പട്ടണങ്ങൾ നശിപ്പിക്കപ്പെടുകയില്ല എന്ന് യഹോവ അബ്രഹാമിന് (അദ്ദേഹത്തിന്റെ മരുമകനായ ലോത്ത് സോദോമിൽ പാർത്തിരുന്നു) ഉറപ്പു നൽകി. രക്തം ചിന്തുന്നതിൽ ആനന്ദം കൊള്ളുന്ന ഒരു ദൈവത്തിന് അത്തരത്തിൽ കരുണാർദ്രമായ കരുതൽ ഉണ്ടായിരിക്കുമോ? പ്രത്യുത, യഹോവയുടെ പ്രമുഖ വ്യക്തിത്വസവിശേഷതകളിൽ ഒന്ന് കരുണയാണെന്നു നമുക്കു പറയാൻ കഴിയില്ലേ? (പുറപ്പാടു 34:6) അവിടുന്നു തന്നെ ഇങ്ങനെ പറയുന്നു: “ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളത്.”—യെഹെസ്കേൽ 33:11.
ദൈവത്തിൽ നിന്നുള്ള പ്രതികൂല ന്യായവിധികൾ ഉണ്ടായത് എല്ലായ്പോഴും ദുഷ്ടജനങ്ങൾ തെററായ ഒരു ഗതി ഉപേക്ഷിക്കാൻ ശാഠ്യപൂർവം വിസമ്മതിച്ചതുകൊണ്ടാണ്. ആളുകളെ കൊലചെയ്യുന്നത് യഹോവ ആസ്വദിച്ചതുകൊണ്ടല്ല. എന്നാൽ ‘കനാന്യരോടു യുദ്ധം ചെയ്യാനും അവരെ നിർമൂലമാക്കിക്കളയാനും യഹോവ ഇസ്രായേല്യർക്കു പ്രോത്സാഹനം നൽകിയില്ലേ’ എന്നു നിങ്ങൾ അതിശയിക്കുകയായിരിക്കാം.
ദൈവത്തിന്റെ യുദ്ധങ്ങൾ സമാധാനത്തിന് ആവശ്യമായിരുന്നു
ചരിത്രം കനാന്യ ജീവിതത്തിന്റെ ഒരു കെട്ട ചിത്രം വരച്ചു കാട്ടുന്നു—അവർ അങ്ങേയററം ദുഷ്ടൻമാരായിരുന്നു. ആത്മവിദ്യയും ശിശുബലിയും ക്രൂരതയിൽ നിർവൃതികൊള്ളുന്ന അക്രമവും വഷളായ ലിംഗാരാധനയുടെ വിവിധ രൂപങ്ങളും സാധാരണമായിരുന്നു. അനന്യഭക്തി നിഷ്കർഷിക്കുന്ന നീതിയുടെ ദൈവമെന്ന നിലയിൽ യഹോവക്ക് നിഷ്കളങ്ക ജനങ്ങളുടെ സമാധാനവും സുരക്ഷിതത്വവും കെടുത്താൻ ഈ വെറുക്കത്തക്ക നടപടികളെ അനുവദിക്കുക സാധ്യമായിരുന്നില്ല. അതും ഇസ്രായേല്യരുടെ. (ആവർത്തനപുസ്തകം 5:9) ഉദാഹരണമായി, നിങ്ങൾ ജീവിക്കുന്ന സമൂഹത്തെ ദേശത്തിലെ നിയമങ്ങൾ നടപ്പാക്കുന്നതിന് സൽപ്പേരുള്ള ഒരു പൊലീസ് സേനയോ അർധസൈനിക വിഭാഗമോ ഇല്ലാത്ത ഒന്നായി ഒന്നു സങ്കൽപ്പിച്ചു നോക്കൂ—അത് അങ്ങേയററം വഷളായ അരാജകത്വത്തിലേക്കും അക്രമത്തിലേക്കും നയിക്കുമായിരുന്നില്ലേ? സമാനമായി, കനാന്യരുടെ താന്തോന്നിത്തവും ശുദ്ധാരാധനക്കെതിരെ അവർ ഉയർത്തിയ യഥാർഥ അപകടവും നിമിത്തം യഹോവ അവർക്കെതിരെ പ്രവർത്തിക്കാൻ നിർബന്ധിതനായിത്തീർന്നു. അതുകൊണ്ട് അവിടുന്ന് ഇപ്രകാരം ആജ്ഞാപിച്ചു: “ആ ദേശവും അശുദ്ധമായിരിക്കുന്നു. അതിന്റെ അകൃത്യത്തിന് ഞാൻ അതിനെ ശിക്ഷിക്കും.”—ലേവ്യർ 18:25, പി.ഒ.സി ബൈ.
ദൈവത്തിന്റെ വധാധികൃത ശക്തികൾ—ഇസ്രായേല്യ സൈന്യങ്ങൾ—കനാന്യരെ നശിപ്പിച്ചപ്പോൾ ദിവ്യനീതി നടപ്പിലാക്കപ്പെട്ടു. ഈ ന്യായവിധി നടപ്പിലാക്കാൻ ദൈവം തീയോ വെള്ളപ്പൊക്കമോ ഉപയോഗിക്കുന്നതിനു പകരം മനുഷ്യരെ ഉപയോഗിച്ചു എന്ന സത്യം ന്യായവിധിയുടെ പ്രാധാന്യത്തെ കുറയ്ക്കുന്നില്ല. അങ്ങനെ കനാനിലെ ഏഴു ജനതകളോടു യുദ്ധം ചെയ്യവേ ഇസ്രായേല്യ സൈന്യത്തോട് യഹോവ ഇങ്ങനെ നിർദേശിച്ചു: “ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്ക”രുത്.—ആവർത്തനപുസ്തകം 20:16.
എന്നിരുന്നാലും, ജീവനെ ആദരിക്കുന്നവനെന്നനിലയിൽ ദൈവം വിവേചനാരഹിതമായ കൊലക്ക് അനുമതി നൽകിയില്ല. ഉദാഹരണത്തിന്, ഗിബയോൻ എന്ന ഒരു കനാന്യ പട്ടണത്തിലെ നിവാസികൾ കരുണക്കായി യാചിച്ചപ്പോൾ യഹോവ അത് അനുവദിച്ചു കൊടുത്തു. (യോശുവ 9:3-27) കൊടുംക്രൂരനായ ഒരു യുദ്ധദൈവം ഇതു ചെയ്യുമായിരുന്നോ? ഇല്ല, എന്നാൽ സമാധാനത്തെയും നീതിയെയും സ്നേഹിക്കുന്ന ഒരു ദൈവം ചെയ്യുമായിരുന്നു.—സങ്കീർത്തനം 33:5; 37:28.
യഹോവയുടെ നിലവാരങ്ങൾ സമാധാനം വർധിപ്പിക്കുന്നു
ദൈവാനുഗ്രഹത്തെ ബൈബിൾ സമാധാനവുമായി വീണ്ടും വീണ്ടും കോർത്തിണക്കുന്നു. അത് യഹോവ ഒരു സമാധാനപ്രേമിയായതുകൊണ്ടാണ്, യുദ്ധപ്രേമിയായതുകൊണ്ടല്ല. (സംഖ്യാപുസ്തകം 6:24-26; സങ്കീർത്തനം 29:11; 147:12-14) അതിന്റെ ഫലമായി, രാജാവായ ദാവീദ് യഹോവക്ക് ഒരു ആരാധനാലയം പണികഴിപ്പിക്കാൻ ആഗ്രഹിച്ചപ്പോൾ ദൈവം അദ്ദേഹത്തോടു കൽപ്പിച്ചു: “നീ എന്റെ മുമ്പിൽ ഇത്രയേറെ രക്തം ഒഴുക്കിയതിനാൽ, നീ എനിക്ക് ആലയം പണിയുകയില്ല.”—1 ദിനവൃത്താന്തം 22:8; പ്രവൃത്തികൾ 13:22.
ഭൂമിയിലായിരുന്നപ്പോൾ, വലിയ ദാവീദായ യേശുക്രിസ്തു, ദൈവത്തിന്റെ നീതിസ്നേഹം നാം കാണുന്ന വർത്തമാനകാല ദുഷ്ടതയെ സഹിക്കാൻ അവിടുത്തെ മേലാൽ അനുവദിക്കുകയില്ലാത്ത ഒരു കാലത്തെക്കുറിച്ചു സംസാരിച്ചു. (മത്തായി 24:3, 36-39) നോഹയുടെ നാളിലെ ജലപ്രളയത്തിലും സോദോമിന്റെയും ഗൊമോറയുടെയും നാശത്തിലും ചെയ്തതുപോലെ, സ്വാർഥരായ ദുഷ്ട മനുഷ്യരെ ഭൂമിയിൽ നിന്നു തുരത്താൻ ദൈവം പെട്ടെന്നു തന്നെ നീതിപൂർവകമായ നടപടി എടുക്കുന്നതാണ്. അങ്ങനെ തന്റെ സ്വർഗീയരാജ്യ ഭരണത്തിൻ കീഴിൽ നിലനിൽക്കുന്നതിനായി സമാധാനപൂർണമായ അവസ്ഥകൾക്കു ദൈവം വഴിതെളിക്കും.—സങ്കീർത്തനം 37:10, 11, 29; ദാനീയേൽ 2:44.
യഹോവ രക്തത്തിനുവേണ്ടി കൊതിക്കുന്ന ഒരു യുദ്ധദൈവമല്ല എന്നുള്ളതു വ്യക്തമാണ്. മറുവശത്ത്, ആവശ്യമായിരിക്കുമ്പോൾ നീതിപൂർവകമായ ശിക്ഷ നൽകുന്നതിൽ നിന്ന് അവിടുന്ന് മാറി നിൽക്കുകയുമില്ല. യഹോവ നൻമയെ സ്നേഹിക്കുന്നു. ഇത് അവിടുന്ന് തന്നെ സ്നേഹിക്കുന്നവർക്കു വേണ്ടി പ്രവർത്തിക്കാൻ ഇടയാക്കുന്നു. അവരെ പീഡിപ്പിക്കുന്ന ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിച്ചുകൊണ്ടാണ് അവിടുന്ന് ഇതു ചെയ്യുന്നത്. അവിടുന്ന് അങ്ങനെ ചെയ്യുകയും യഥാർഥത്തിൽ സൗമ്യരായവർ “സമാധാനത്തിന്റെ ദൈവ”മായ യഹോവയെ ഐക്യത്തിൽ ആരാധിക്കുകയും ചെയ്യുമ്പോൾ ഭൂമിയിലെമ്പാടും യഥാർഥ സമാധാനം പൂത്തുലയും.—ഫിലിപ്പിയർ 4:9. (g93 11/8)
[18-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
David and Goliath/The Doré Bible Illustrations/Dover Publications, Inc.