സ്നേഹിച്ചിരുന്നതിനെ വെറുക്കാൻ ഞാൻ പഠിച്ചു
മുഷ്ടിയുദ്ധമായിരുന്നു എന്റെ ജീവിതം. എന്റെ എതിരാളിയെ സർവശക്തിയുമുപയോഗിച്ച് ഇടിച്ച്, അവൻ എന്റെ കാൽക്കൽ വീഴുന്നതു കാണുമ്പോൾ ഞാൻ അത് ആസ്വദിച്ചിരുന്നു. അനൗൺസർ പോരാട്ടത്തിലെ വിജയിയായി എന്റെ പേര് ഉച്ചത്തിൽ വിളിച്ചുപറയുന്നത് ബോക്സിങ് റിങ്ങിന്റെ മധ്യേ നിവർന്നുനിന്ന് കേൾക്കുന്നത് എനിക്കൊരു ആവേശമായിരുന്നു. ഞാൻ ബോക്സിങ് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു! എന്നാൽ, അക്രമത്തെക്കുറിച്ചുള്ള ചിന്തപോലും ഇപ്പോൾ എന്നിൽ ഞെട്ടലുളവാക്കുന്നു. ബോക്സിങ്ങിനെ ഞാനിപ്പോൾ വിളിക്കുന്നത് ഘോരമായ വിനോദമെന്നാണ്, അതിനെ വെറുക്കാൻ ഞാൻ പഠിച്ചിരിക്കുന്നു.
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിനാലിൽ എനിക്ക് ഏഴു വയസ്സുള്ളപ്പോൾ ഞാൻ താമസിച്ചിരുന്നത് പോർട്ടറിക്കോയിലാണ്. അവിടെയാണു ഞാൻ ജനിച്ചത്. അവിടെവെച്ച് അമ്മയുടെ മരണം എന്നിൽ ഭയങ്കരമായൊരു ആഘാതം സൃഷ്ടിച്ചു. 32-ാമത്തെ വയസ്സിൽ ക്യാൻസർ നിമിത്തമാണ് അമ്മ മരിച്ചത്. കുറെ നാളുകൾക്കുശേഷം ഒരു ദിവസം സ്കൂളിൽനിന്നു വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഞാൻ കണ്ടത് എന്റെ രണ്ടാനമ്മയായിത്തീർന്ന ഒരു സ്ത്രീ എന്റെ പിതാവിന്റെ മടിയിലിരിക്കുന്നതായാണ്. അപ്പോൾ എന്റെ വേദന അസഹനീയമായിത്തീർന്നു.
എന്റെ ഇഷ്ടക്കേട് മനസ്സിലാക്കിയ രണ്ടാനമ്മ എന്നോടു വളരെ പരുഷമായിട്ടാണു പെരുമാറിയത്. അതുകൊണ്ട് ഞാൻ വീട്ടിൽനിന്ന് ഒളിച്ചോടി. കൽക്കരിയും ഓറഞ്ചും നിറച്ചിരുന്ന ഒരു ലോറിയിൽ രഹസ്യമായി കയറിപ്പററിയ ഞാൻ അവിടെക്കിടന്ന് ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ എന്തൊരത്ഭുതം! ദ്വീപിന്റെ മറുതലക്കലെ സാൻഹ്വാൻ എന്ന നഗരത്തിലായിരുന്നു ഞാൻ.
തെരുവു ചട്ടമ്പി
എട്ടു മാസത്തോളം സാൻഹ്വാൻ തെരുവീഥികളിൽ ഞാൻ ജീവിച്ചു. മററു കുട്ടികൾ എന്നെ നിരന്തരം ശല്യം ചെയ്യുമായിരുന്നു. അതുകൊണ്ട് അതിജീവിക്കുന്നതിന് പോരടിക്കേണ്ടിവരുമെന്നു ഞാൻ തീരുമാനിച്ചു. എട്ടു മാസത്തിനുശേഷം പൊലീസ് എന്നെ കണ്ടുപിടിച്ച് വീട്ടിലേക്കയച്ചു. ഒരു രണ്ടാനമ്മ ഉണ്ടായിരിക്കുക എന്ന ആശയത്തോട് എനിക്കൊരിക്കലും പൊരുത്തപ്പെടാനായില്ല. എന്റെ സമയമധികവും ഞാൻ തെരുവീഥികളിൽ ചെലവഴിച്ചു. മിക്കവാറും എല്ലാ ദിവസവും ഞാൻ തല്ലുകൂടുമായിരുന്നു. പത്തു വയസ്സായപ്പോൾ ഞാൻ വീണ്ടും ഒളിച്ചോടി.
ഏതാനും ആഴ്ചകൾക്കുശേഷം പൊലീസ് എന്നെ വീണ്ടും കസ്ററഡിയിലെടുത്തു. ഇത്തവണ എന്റെ പേരും വിലാസവും അവരോടു പറയാൻ ഞാൻ കൂട്ടാക്കിയില്ല. എന്റെ കുടുംബത്തെ കണ്ടുപിടിക്കാൻ അവർക്കു കഴിയാതെവന്നപ്പോൾ ഗ്വൈയ്നാബോ നഗരത്തിൽ ഒരു ഗവൺമെൻറുവക അനാഥാലയത്തിൽ അവർ എന്നെ കൊണ്ടാക്കി. അവിടെവെച്ച് ഞാൻ ആദ്യമായി ബോക്സിങ് ഗ്ലൗസുകൾ അണിഞ്ഞു. അവിടെവെച്ചുതന്നെയാണ് ഒരു ബോർഡിൽ യഹോവ എന്ന പേര് ഞാൻ ആദ്യമായി കണ്ടതും. ഞാൻ അതിനെക്കുറിച്ചു ചോദിച്ചു, യഹോവ യഹൂദൻമാരുടെ ദൈവമാണെന്ന് എന്നോടു പറഞ്ഞു. ആ പേര് ഞാൻ ഒരിക്കലും മറന്നില്ല.
എനിക്കു 15 വയസ്സായപ്പോൾ ഞാൻ അനാഥാലയം വിട്ടുപോന്നു. പിന്നീടൊരിക്കലും അവിടേക്കു മടങ്ങിപ്പോയിട്ടില്ല. എന്റെ ചെലവുകൾ നടത്തുന്നതിനു ഞാൻ പത്രവിൽപ്പന തുടങ്ങി. എന്നാൽ ഓരോ തെരുവും മററാരുടെയെങ്കിലും റൂട്ടായിരുന്നു. എന്റെ സ്വന്തം റൂട്ട് സ്ഥാപിച്ചെടുക്കാൻ ഒരു മാർഗമേ ഉണ്ടായിരുന്നുള്ളൂ: തല്ലുകൂടുക! ഞാൻ തല്ലുകൂടുകതന്നെ ചെയ്തു.
രണ്ടു വർഷം കഴിഞ്ഞ് ഞാൻ യു.എസ്. സൈന്യത്തിൽ ചേർന്നു. യു.എസ്.എ.യിലെ ആർക്കൻസോയിൽവെച്ച് എനിക്കു പ്രാഥമിക പരിശീലനം ലഭിച്ചു. താമസിയാതെ ഞാൻ ബോക്സിങ് ടീമിലെ ഒരംഗമായിത്തീർന്നു. പിന്നീട് പ്രത്യേക സേവന വിഭാഗത്തിലേക്ക് എന്നെ മാററി. കായികാഭ്യാസക്കളരിയിലെ ചുമതലകളായിരുന്നു എനിക്കുണ്ടായിരുന്നത്. ബോക്സിങ്ങിൽ പരിശീലനം നൽകുന്ന ഒരാളായിരുന്നു എന്റെ സാർജൻറ്.
ക്രൂരമായ ഒരു കായികവിനോദം
എന്റെ എതിരാളികളെ ഉപദ്രവിക്കാൻ മുഷ്ടികൾ എങ്ങനെ ഉപയോഗിക്കണമെന്ന് എനിക്കു പരിശീലനം ലഭിച്ചു. ബോക്സിങ് റിങ്ങിൽ സ്നേഹബന്ധങ്ങൾ മറക്കാൻ ഞാൻ പരിശീലിപ്പിക്കപ്പെട്ടു. ഒരു മണിനാദം കേൾക്കുമ്പോൾ ഇടിച്ചു നിലംപരിചാക്കി പററുമെങ്കിൽ പരാജയപ്പെടുത്തേണ്ട ശത്രുവായിത്തീർന്നു സ്നേഹിതൻ.
സൈന്യത്തിൽ തുടരാൻ ഞാനാഗ്രഹിച്ചു. എന്നാൽ എന്റെ സാർജൻറ് ഇപ്രകാരമാണു പറഞ്ഞത്: “എത്രയും പെട്ടെന്ന് സൈന്യത്തിൽനിന്നു പിരിയണം. എന്നിട്ട് ഒരു പ്രൊഫഷണൽ ബോക്സറായിത്തീരുക. ഏതാനും വർഷങ്ങൾക്കുള്ളിൽ ന്യൂയോർക്ക് നഗരത്തിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ നീ ബോക്സിങ് നടത്തുന്നതു ഞാൻ ടെലിവിഷനിൽ കാണും.” അതു വിശ്വസിക്കുക പ്രയാസമായിരുന്നു! ഞാൻ—ദരിദ്രനും വീടില്ലാത്തവനുമായ ഒരു പയ്യൻ—പേരുകേട്ട ഒരു ബോക്സറായിത്തീരുകയോ?
രണ്ടു വർഷത്തിനുശേഷം ഞാൻ സൈന്യം വിട്ട് പോർട്ടറിക്കോയിലേക്കു മടങ്ങിപ്പോയി. 1956-ലെ ഒരു ദിവസം ഗോൾഡൻ ഗ്ലൗവ്സ് നടത്തുന്ന ഒരു അമച്വർ ബോക്സിങ് ടൂർണമെൻറിന്റെ പരസ്യം ഞാൻ കാണാനിടയായി. ടൂർണമെൻറിൽ ചേർന്ന ഞാൻ പോർട്ടറിക്കോയിലെ ഗോൾഡൻ ഗ്ലൗവ്സ് വെൽട്ടർവെയ്ററ് ചാമ്പ്യൻ പട്ടം നേടി. പിന്നീട് ഗോൾഡൻ ഗ്ലൗവ്സ് ദേശീയ ടൂർണമെൻറിൽ മത്സരിക്കാൻ ഞാൻ ന്യൂയോർക്ക് നഗരത്തിലേക്കു വിമാനം കയറി. സെമിഫൈനലുകൾവരെ എത്താൻ കഴിഞ്ഞ എനിക്കു ചാമ്പ്യൻപട്ടം നേടാനായില്ല. എന്നാൽ, ഭാവി മാനേജർമാരിൽനിന്നും പരിശീലകരിൽനിന്നുമുള്ള ഓഫറുകൾ എനിക്കു കിട്ടിത്തുടങ്ങി. അതുകൊണ്ട് ന്യൂയോർക്ക് നഗരത്തിൽ താമസിച്ച് പരിശീലനം നേടി ഒരു പ്രൊഫഷണൽ ബോക്സറായിത്തീരാനുള്ള ഓഫർ ഞാൻ സ്വീകരിച്ചു.
1958-ൽ ഞാൻ ഒരു പ്രൊഫഷണൽ ബോക്സറായിത്തീർന്നു. എന്റെ സാർജൻറ് പറഞ്ഞതു ശരിയായിരുന്നു. സൈന്യത്തിൽനിന്നു തിരികെപ്പോന്ന് അഞ്ചു വർഷം കഴിഞ്ഞ് 1961-ൽ മാഡിസൺ സ്ക്വയർ ഗാർഡനിൽ ബോക്സിങ് നടത്തിയ ഞാൻ ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. എന്റെ ബോക്സിങ് മത്സരങ്ങളിലനേകവും നടന്നത് പ്രസിദ്ധമായ ആ കായികവിനോദക്കളത്തിലാണ്.
എന്റെ ഇടികൾ അനേകം ബോക്സർമാരുടെയും ജീവിതവൃത്തിക്ക് അന്ത്യം കുറിച്ചു. എന്റെ മാരകമായ ഇടികളുടെ ഫലമായി മെക്സിക്കോയിൽനിന്നു വന്ന ഒരു ബോക്സർക്കു കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടു. എന്റെ മനസ്സാക്ഷിയിൽ കനത്ത ഒരു ഭാരമായിത്തീർന്ന മറെറാരു പോരാട്ടം ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ മിഡിൽവെയ്ററ് ചാമ്പ്യനുമായിട്ടുള്ളതായിരുന്നു. എനിക്ക് അയാളെക്കാൾ അര കിലോഗ്രാം ഭാരം കൂടുതലുണ്ടായിരുന്നു. മത്സരത്തിനു മുമ്പ് അയാൾ ഇത് ഒരു വലിയ വിവാദവിഷയമാക്കി. അയാളുടെ മനോഭാവം എന്നെ കോപാകുലനാക്കി. എന്റെ എതിരാളിക്ക് അത്തരം നിസ്സാരമായ ഭാരവ്യത്യാസം ഉണ്ടായിരുന്നപ്പോൾ ഞാൻ ഒരിക്കലും പ്രതിഷേധിച്ചിരുന്നില്ല. ഞാൻ അയാളോട് ഇങ്ങനെ പറഞ്ഞു: “ഹാ, ഒരുങ്ങിക്കോളൂ. ഇന്നു രാത്രി ഞാൻ നിന്നെ വകവരുത്താൻ പോകുകയാണ്!” ബോക്സിങ് റിങ്ങിലേക്കു പോയപ്പോൾ “ഒരു പൈശാചികഭാവ”മാണ് എനിക്ക് ഉണ്ടായിരുന്നതെന്ന് ഒരു പത്രം എഴുതി. രണ്ടുമിനിററിനുള്ളിൽ അയാൾ കളത്തിലെ തറയിൽ ബോധമററു കിടന്നു. അയാളുടെ ആന്തരകർണത്തിനു ഗുരുതരമായ പരിക്കേററിരുന്നു. പിന്നീടൊരിക്കലും അയാൾ മുഷ്ടിയുദ്ധം നടത്തിയിട്ടില്ല.
ബോക്സിങ് ഞാൻ വെറുക്കാൻ പഠിച്ച വിധം
എന്റെ പ്രസിദ്ധി നടൻമാരുടെയും സംഗീതജ്ഞരുടെയും ശ്രദ്ധയും സൗഹൃദവും നേടിയെടുത്തു. ഒരിക്കൽ ലോക ഹെവിവെയ്ററ് ചാമ്പ്യനായ ജോ ലൂയിസ് എന്റെ ഒരു ബോക്സിങ് മത്സരത്തിന്റെ ഭാരവാഹിത്വം വഹിക്കുക പോലും ചെയ്തു. ഞാൻ ധാരാളം യാത്രകൾ നടത്തി. എനിക്കു വിലകൂടിയ കാറുകൾ ഉണ്ടായിരുന്നു. മറെറല്ലാ ഭൗതിക വസ്തുക്കളും ഞാൻ ആസ്വദിച്ചു. എന്നാൽ, മിക്ക ബോക്സർമാരുടെയും സംഗതിയിലെന്നതുപോലെ എന്റെയും വിജയം അൽപ്പകാലത്തേക്കു മാത്രമുള്ളതായിരുന്നു. 1963-ൽ അനേകം ബോക്സിങ്ങുകളിൽ എനിക്കു ഗുരുതരമായ പരിക്കുപററി. പിന്നീടൊരിക്കലും എനിക്കു ബോക്സിങ് നടത്താൻ കഴിഞ്ഞില്ല.
പേരുകേട്ട ഒരു ബോക്സർ യഹോവയുടെ സാക്ഷികളിൽ ഒരുവനായിത്തീർന്ന വിവരം ഈ സമയത്താണു ഞാൻ പത്രത്തിൽ വായിച്ചത്. ആ ലേഖനം വായിച്ചശേഷം യഹോവയുടെ സാക്ഷികൾ ധനികരായ ആളുകൾക്കു വേണ്ടി മാത്രമുള്ള ഒരു മതമാണെന്ന ഒരു ധാരണ എന്തുകൊണ്ടോ എന്നിൽ അവശേഷിച്ചു.
തുടർന്നുവന്ന ഏതാനും വർഷങ്ങളിൽ എനിക്കു ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. ഗുരുതരമായ വിഷാദത്തിന്റെ പല ഘട്ടങ്ങൾ ഞാൻ സഹിച്ചു. അത്തരമൊരു സന്ദർഭത്തിൽ ഞാൻ ചങ്കിനുനേരെ തോക്കു ചേർത്തുവെച്ച് വെടിവെച്ചു. എന്നാൽ വെടിയുണ്ട ഒരു വാരിയെല്ലിൽ തട്ടിയതുകൊണ്ടു ഞാൻ മരിച്ചില്ല. മരിക്കാതിരുന്ന ഞാൻ വളരെ അസന്തുഷ്ടനും രോഗഗ്രസ്തനുമായിരുന്നു. മേലാൽ പണമില്ല, പ്രശസ്തിയില്ല, ബോക്സിങ്ങില്ല!
താൻ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു ദിവസം ഭാര്യ ഡോറിസ് എന്നോടു പറഞ്ഞു. രാജ്യഹാളിൽ യോഗങ്ങൾക്കു പോകാൻ ആഗ്രഹിക്കുന്നുവെന്നും അവൾ പറഞ്ഞു. “എനിക്കറിയില്ല, ഡോറിസ്. നമ്മൾ പാവപ്പെട്ടവരാണ്, യഹോവയുടെ സാക്ഷികളോ—ധനികരും പ്രമുഖരും.” അതു സത്യമല്ലെന്നും അവളോടുകൂടെ പഠിച്ചുകൊണ്ടിരുന്ന സാക്ഷി ഞങ്ങളുടെ സ്വന്തം അയൽപക്കത്താണു താമസിക്കുന്നതെന്നും സഹധർമിണി എന്നോടു പറഞ്ഞു. അതുകൊണ്ടു യോഗങ്ങൾക്കു പോകാനുള്ള അവളുടെ തീരുമാനത്തോടു ഞാൻ യോജിച്ചു. ഒരവസരത്തിൽ ഞാൻ അവളെ കാത്ത് രാജ്യഹാളിനു വെളിയിൽ നിൽക്കവേ ഒരു സാക്ഷി എന്നെ അകത്തേക്കു ക്ഷണിച്ചു. ജോലിക്കുപയോഗിച്ചിരുന്ന വൃത്തിഹീനമായ വസ്ത്രങ്ങളാണു ഞാൻ ധരിച്ചിരുന്നത്. എന്നാൽ അദ്ദേഹം എന്നെ നിർബന്ധിച്ചു. എന്റെ വേഷം ഗണ്യമാക്കാതെ എന്നെ സ്വാഗതം ചെയ്തു. സൗഹാർദമായ അന്തരീക്ഷം എന്നിൽ ആഴമായ മതിപ്പുളവാക്കി.
പെട്ടെന്നുതന്നെ ഞാൻ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചുതുടങ്ങി. നേരത്തെ കേട്ടിരുന്നതുപോലെ യഹോവ യഹൂദൻമാരുടെ മാത്രം ദൈവമല്ലെന്നും അവൻ സകലത്തിന്റെയും സ്രഷ്ടാവായ സർവശക്തനായ ദൈവമാണെന്നും ഞാൻ മനസ്സിലാക്കി. യഹോവ അക്രമത്തെ വെറുക്കുന്നതായും ഞാൻ മനസ്സിലാക്കി. സങ്കീർത്തനം 11:5-ൽ [NW] ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവ തന്നെ നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു, അക്രമത്തെ പ്രിയപ്പെടുന്ന ഏതൊരുവനെയും അവന്റെ ദേഹി തീർച്ചയായും വെറുക്കുന്നു.” അതുകൊണ്ട് ബോക്സിങ്ങിനോടു ബന്ധപ്പെട്ട സകലതും ഞാൻ വിട്ടെറിഞ്ഞുപോന്നു. അത് എത്രമാത്രം അക്രമസ്വഭാവമുള്ള കായികവിനോദമാണെന്ന് ഞാൻ ആദ്യമായി മനസ്സിലാക്കി. ദൈവം അതിനെ വീക്ഷിക്കുന്ന വിധത്തെക്കുറിച്ചു പഠിച്ചശേഷം ബോക്സിങ് ദുഷ്ടവും ഘോരവുമായ ഒരു കായികവിനോദമാണെന്നുള്ളതിൽ എനിക്കു യാതൊരു സംശയവുമുണ്ടായിരുന്നില്ല. അതേ, സ്നേഹിച്ചിരുന്ന കായികവിനോദത്തെ വെറുക്കാൻ ഞാൻ പഠിച്ചു.
ഏററവും വലിയ പദവി
1970-ൽ, എന്റെ ജീവിതത്തെ യഹോവക്കു സമർപ്പിക്കാൻ ഞാൻ തീരുമാനമെടുത്തു. ആ വർഷം ഒക്ടോബറിൽ ഞാനും ഡോറിസും സ്നാപനമേററു. അപ്പോൾമുതൽ മററുള്ളവരോടു പ്രസംഗിക്കുകയെന്ന പദവി ഞാൻ ആസ്വദിച്ചിരിക്കുന്നു. ഒരു മുഴുസമയ സുവിശേഷകനെന്ന നിലയിൽ, യഹോവയുടെ ആരാധകരായിത്തീരുന്നതിൽ ഏതാണ്ട് 40 പേരെ സഹായിക്കുന്നതിലുള്ള പങ്ക് എനിക്കുണ്ടായിരുന്നു.
ദുഃഖകരമെന്നു പറയട്ടെ, അക്രമാസക്തമായ ആ വർഷങ്ങളിലെല്ലാം എനിക്കു ലഭിച്ച പരിക്കുകൾ നിമിത്തം ഞാൻ ഇപ്പോൾ കഷ്ടപ്പാട് അനുഭവിക്കുകയാണ്. എന്റെ തലയ്ക്കു നൂറുകണക്കിന് ഇടികൾ കിട്ടിയിട്ടുണ്ട്. അവ എന്റെ തലച്ചോറിന് സ്ഥായിയായ കേട് വരുത്തിവെച്ചിരിക്കുന്നു. എനിക്കു വളരെ കുറച്ചു സമയത്തേക്കുള്ള ഓർമയേ ഉള്ളൂ. ആന്തരകർണത്തിന് കേടു സംഭവിച്ചിട്ടുള്ളതുകൊണ്ട് ശരീരത്തിന്റെ സമനിലയെ അതു ബാധിക്കുന്നുണ്ട്. എന്റെ തല വളരെ വേഗം ചലിപ്പിച്ചാൽ എനിക്ക് തലകറക്കമുണ്ടാകും. കൂടാതെ, എന്റെ വിഷാദത്തോടു ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു ഞാൻ ക്രമമായി മരുന്നു കഴിക്കേണ്ടതുണ്ട്. എന്നിരുന്നാലും, എന്റെ സഹക്രിസ്ത്യാനികൾ ഇതു മനസ്സിലാക്കി പ്രശ്നത്തെ തരണം ചെയ്യാൻ എന്നെ സഹായിക്കാറുണ്ട്. യഹോവയുടെ നാമത്തെയും ഉദ്ദേശ്യങ്ങളെയും മററുള്ളവരോടു ക്രമമായി പ്രസംഗിക്കുന്നതിൽ പങ്കുണ്ടായിരിക്കാൻ ശക്തി തരുന്നതിന് ഞാൻ അവനോടു വളരെ നന്ദിയുള്ളവനാണ്.
ഞാൻ സകലത്തിലുംവെച്ച് ഏററവും വലിയ പദവി ആസ്വദിക്കുന്നു—അതായത് സർവശക്തിയുള്ള ദൈവമായ യഹോവയുമായുള്ള വ്യക്തിപരമായ ബന്ധം. ഞാൻ ഒരു ബോക്സർ ആയിരുന്നപ്പോൾ, ഓരോ ഇടി കൊടുത്ത സമയത്തും ഞാൻ യഹോവയുടെ ഹൃദയത്തെ ദുഃഖിപ്പിച്ചു. ഇപ്പോൾ എനിക്ക് അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ കഴിയുന്നു. “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക” എന്നു പറയുമ്പോൾ അവൻ എന്നോടു വ്യക്തിപരമായി സംസാരിക്കുന്നതുപോലെ എനിക്ക് അനുഭവപ്പെടുന്നു.—സദൃശവാക്യങ്ങൾ 27:11.
അക്രമത്തെയും അതിനെ പ്രോത്സാഹിപ്പിക്കുന്നവരെയും ഉൾപ്പെടെ യഹോവ സാത്താന്റെ പ്രവർത്തനങ്ങൾക്ക് പെട്ടെന്നുതന്നെ അവസാനം വരുത്തും. നൻമയെ സ്നേഹിക്കാൻ മാത്രമല്ല തിൻമയെ വെറുക്കാനും യഹോവ എന്നെ പഠിപ്പിച്ചതിൽ ഞാൻ അവനോട് എത്ര നന്ദിയുള്ളവനാണ്! ഘോര കായികവിനോദമായ മുഷ്ടിയുദ്ധത്തെ വെറുക്കുന്നതും അതിൽ ഉൾപ്പെടുന്നു. (സങ്കീർത്തനം 97:10)—ഓബ്ദൂള്യോ നൂന്യെസ് പറഞ്ഞപ്രകാരം.
[13-ാം പേജിലെ ചിത്രം]
ഓബ്ദൂള്യോ നൂന്യെസ്