സമ്പത്തിനു സന്തുഷ്ടിയെ വിലയ്ക്കു വാങ്ങാനാകുമോ?
കൂടുതൽ പണം ഉണ്ടായിരിക്കുന്നത് ആളുകളെ കൂടുതൽ സന്തുഷ്ടരാക്കുന്നില്ല എന്നു തെളിവു പ്രകടമാക്കുന്നു. സൈക്കോളജി ററുഡേ എന്ന മാഗസിൻ ഇപ്രകാരം പറയുന്നു: “ദാരിദ്ര്യ രേഖയ്ക്കു മുകളിലെ വരുമാന വർധനവിന്, അതിശയകരമെന്നു പറയട്ടെ, വ്യക്തിപരമായ സന്തുഷ്ടിയുമായി ബന്ധമില്ല.”
1993, ഒക്ടോബർ 29-ലെ ന്യൂയോർക്ക് ടൈംസിന്റെ ചരമ അറിയിപ്പിൽ ഈ വസ്തുത സ്ഥിരീകരിക്കപ്പെട്ടു. അതിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു: “തന്റെ വൻ സമ്പത്തുകൊണ്ട് സന്തുഷ്ടി വാങ്ങാൻ കഴിയാതെപോയ 80 വയസ്സുകാരി ഡോറിസ് ഡ്യൂക്ക് പ്രഭ്വി കാലം ചെയ്തിരിക്കുന്നു.” ലേഖനം ഇപ്രകാരം പറഞ്ഞു: “തന്റെ വൻ ധനം സന്തുഷ്ടിക്ക് പല വിധങ്ങളിലും ഒരു തടസ്സമായിരുന്നു എന്ന് 1945-ൽ റോമിൽ വെച്ച് അന്ന് 33 വയസ്സുണ്ടായിരുന്ന കുമാരി ഡ്യൂക്ക് ഒരു ദിവസം വൈകിട്ട് ഒരു സുഹൃത്തിനോടു പറഞ്ഞു.”
“ചിലപ്പോൾ ഈ പണമെല്ലാം ഒരു പ്രശ്നം തന്നെയാണ്,” ഡ്യൂക്ക് രഹസ്യമായി സുഹൃത്തിനോടു പറഞ്ഞു. “ഏതാനും തവണ ഞാൻ ഒരാളുമായി ഡെയിററിംഗിലേർപ്പെട്ടു കഴിഞ്ഞപ്പോൾ അയാൾ എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു പറഞ്ഞു തുടങ്ങി. എന്നാൽ അയാൾ അത് യഥാർഥത്തിൽ അർഥമാക്കുന്നുണ്ടോ എന്ന് എനിക്ക് എങ്ങനെ അറിയാൻ കഴിയും? എനിക്ക് എങ്ങനെ തീർച്ചയുണ്ടായിരിക്കാൻ കഴിയും?” ടൈംസ് ഇപ്രകാരം സൂചിപ്പിച്ചു: “സമ്പത്ത് അവരുടെ ജീവിതത്തെ ആഴമായി ബാധിച്ചിരിക്കുന്നുവെന്ന്, മുറിപ്പെടുത്തിയിരിക്കുക പോലും ചെയ്തിരിക്കുന്നു എന്ന് രാത്രിയിലെ അവരുടെ വാക്കുകൾ പ്രകടമാക്കുന്നു.”
സമാനമായി, ലോകത്തിലെ ഏററവും ധനികനായ വ്യക്തി എന്ന് ഒരിക്കൽ സൽപ്പേരുണ്ടായിരുന്ന ഷാൻ പോൾ ജെററി ഇപ്രകാരം പറഞ്ഞു: “പണത്തിന് സന്തുഷ്ടിയുമായി അവശ്യം ബന്ധം ഉണ്ടായിരിക്കണമെന്നില്ല. എന്നാൽ അസന്തുഷ്ടിയുമായി ഉണ്ട്.” 1970-കളിൽ ഓരോ ചലച്ചിത്രത്തിനും അഞ്ചു ലക്ഷം ഡോളർ വീതം സമ്പാദിച്ചിരുന്ന ഒരു പ്രസിദ്ധ ഹോളിവുഡ് നടി ജെയിൻ ഫോണ്ട പറഞ്ഞതിങ്ങനെയാണ്: “ഞാൻ സമ്പത്തും മറെറല്ലാ ഭൗതിക വസ്തുക്കളും രുചിച്ചു നോക്കി. അവ ഒന്നും അർഥമാക്കുന്നില്ല. ധനികരായ ആളുകൾക്ക് മനോരോഗ ചികിത്സകനെ കാണേണ്ടിവരുന്നു. അവർക്കിടയിൽ നടക്കുന്ന വിവാഹമോചനങ്ങളുടെയും കുട്ടികൾ മാതാപിതാക്കളോടു കാണിക്കുന്ന വിദ്വേഷത്തിന്റെയും കാര്യം പറയാനുമില്ല.”
സമ്പത്തുള്ളതുകൊണ്ടു മാത്രം ഒരിക്കലും സന്തുഷ്ടി കൈവരാത്തതുപോലെ തന്നെ ഹീനമായ ദാരിദ്ര്യവും സന്തുഷ്ടി കൈവരുത്തുകയില്ല. അങ്ങനെ ദീർഘനാളുകൾക്കു മുമ്പ് ജ്ഞാനിയായ ഒരു മനുഷ്യൻ ഇപ്രകാരം പറഞ്ഞു: “ദാരിദ്ര്യവും സമ്പത്തും എനിക്കു തര”രുതേ. (സദൃശവാക്യങ്ങൾ 30:8, 9) സന്തുഷ്ടനായിരിക്കാൻ ഒരു വ്യക്തിക്ക് ആവശ്യമായിരിക്കുന്നത് “സംതൃപ്തിയോടുകൂടിയ ദൈവഭക്തി” ആണെന്ന് മറെറാരു ബൈബിൾ എഴുത്തുകാരൻ സൂചിപ്പിച്ചു. “നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നിട്ടില്ല. നമുക്കു ലോകത്തിൽനിന്ന് ഒന്നും കൊണ്ടുപോകാനും സാധ്യമല്ല, ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കിൽ ഇവകൊണ്ടു നമുക്കു സംതൃപ്തരാകാം.”—1 തിമൊത്തെയോസ് 6:6-10, ഓശാന ബൈബിൾ.