മെക്സിക്കോ മതത്തെ സംബന്ധിച്ച നിയമങ്ങൾ തിരുത്തിയെഴുതുന്നു
മതപരമായി കൂടിവരുന്നതിനും പരസ്യമായ ആരാധനയ്ക്കുമുള്ള പുതിയ നിയമം മെക്സിക്കോയിൽ 1992 ജൂലൈ 16-നു പ്രാബല്യത്തിൽ വന്നു. എന്തുകൊണ്ടാണ് ഇത് ആവശ്യമായിരുന്നത്, ഈ പുതിയ നിയമം എന്താണു പ്രതിപാദിക്കുന്നത്? വളരെയേറെ പ്രതീക്ഷയുണർത്തിയ ഈ കാര്യം നമുക്കൊന്നു പരിശോധിച്ചുനോക്കാം.
ഇന്നു മെക്സിക്കോ എന്നറിയപ്പെടുന്ന പ്രദേശത്തെ സ്പെയിൻ കീഴടക്കിയപ്പോൾ കത്തോലിക്കാമതം ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ടു. മതപരമായ സംഗതികളെ നിയമസാധുതയുള്ളതാക്കേണ്ട സമയം വന്നപ്പോൾ സ്പെയിനിലെ ഒരു നിയമമായ കോൺസ്ററിററ്യൂഷൻ ഡി കേഡീസ് (1812) ഭാഗികമായി ബാധകമാക്കി; 12-ാം വകുപ്പ് ഇപ്രകാരം പ്രസ്താവിച്ചു: “സ്പാനീഷ് ജനതയുടെ മതം, ഒരേ ഒരു സത്യമതമായ അപ്പോസ്തലിക റോമൻ കത്തോലിക്കാമതമാണ്, അത് എന്നുമെന്നേക്കും അങ്ങനെതന്നെയായിരിക്കും.” കുറെക്കാലം കഴിഞ്ഞ് 1824-ൽ മെക്സിക്കോയ്ക്കു വേണ്ടി ഒരു ഭരണഘടന സ്ഥാപിതമായി. അത് ഇപ്രകാരം പ്രസ്താവിച്ചു: “മെക്സിക്കൻ രാഷ്ട്രത്തിന്റെ മതം അപ്പോസ്തലിക റോമൻ കത്തോലിക്കാമതമാണ്, എന്നുമെന്നേക്കും അങ്ങനെതന്നെയായിരിക്കുകയും ചെയ്യും. രാഷ്ട്രം അതിനെ ജ്ഞാനമുള്ള, ന്യായമായ നിയമങ്ങളാൽ കാത്തുരക്ഷിക്കുകയും മറേറതെങ്കിലും മതാനുഷ്ഠാനത്തെ വിലക്കുകയും ചെയ്യുന്നു.” രാജ്യത്തെ ഈ നിയമത്തിനു ധാരാളം ഭേദഗതികൾ വരുത്തിയെങ്കിലും 1843 വരെ അതേ ആശയം തന്നെയാണ് പ്രകടമായത്. അതു വാസ്തവത്തിൽ മറേറതൊരു മതത്തെയും അവഗണിച്ചുകൊണ്ട് കത്തോലിക്കാമതത്തിനു പ്രാമുഖ്യത നൽകുകയും ചെയ്തു.
1857-ൽ ഒരു മെക്സിക്കൻ രാജ്യതന്ത്രജ്ഞനായ ബെനീറേറാ ഹ്വാറസ് രാജ്യത്തെ നിയമങ്ങൾക്കു ഭേദഗതി വരുത്താൻ തുടങ്ങി. ഭേദഗതി നിയമങ്ങൾ എന്നു വിളിക്കപ്പെട്ടത് അദ്ദേഹം ആവിഷ്കരിക്കുകയുമുണ്ടായി. ഇതു “സഭയുടെ സ്ഥാവരവസ്തുക്കൾ ദേശീയവത്കരി”ക്കാനും “രാഷ്ട്രത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ശക്തി വർധിപ്പിക്കാനും എന്നാൽ [കത്തോലിക്കാ] സഭയുടേത് കുറയ്ക്കാനും” വേണ്ടിയായിരുന്നു. (ഇസ്റേറാറിയാ ഡി മെഹീക്കോ, വാല്യം 10, പേജ് 2182). 1859-ലെ ഈ നിയമങ്ങളിൽ, സഭാസ്വത്തുക്കളുടെ ദേശീയവത്കരണനിയമവും വിവാഹങ്ങൾ സാധുതയുള്ളതായിരിക്കുന്നതിന് അവ ഗവൺമെൻറിനാൽ നിർവഹിക്കപ്പെടണമെന്നുള്ള ഒരു നിയമവും വിളംബരം ചെയ്യപ്പെട്ടു. 1860-ൽ മതസ്വാതന്ത്ര്യനിയമം വിളംബരം ചെയ്യപ്പെട്ടു.
ഭേദഗതി വരുത്തിയ നിയമങ്ങൾ ജനങ്ങൾക്ക് ഒരു പരിധിവരെ മതസ്വാതന്ത്ര്യം അനുവദിച്ചു. രാജ്യത്ത് ഉണ്ടായിരിക്കാൻ കഴിയുന്ന ഒരേ ഒരു മതം മേലാൽ കത്തോലിക്കാ സഭ മാത്രമായിരിക്കുകയില്ല എന്നും അതു വ്യവസ്ഥ ചെയ്തു. എന്നിരുന്നാലും, ഈ പുത്തൻ സ്വാതന്ത്ര്യം പരിമിതവും സോപാധികവുമായിരുന്നു. മെക്സിക്കോയിൽ നിലവിലിരുന്ന മതങ്ങളെ നിയമം അംഗീകരിച്ചെങ്കിലും അവയ്ക്ക് ഏതെങ്കിലും പ്രത്യേക നിയമാംഗീകാരമോ അവകാശങ്ങളോ നൽകിയില്ല. ഭേദഗതി വരുത്തിയ നിയമങ്ങൾ പ്രത്യേകിച്ചും കത്തോലിക്കാമതത്തെ പരിമിതപ്പെടുത്താൻ നിർമിക്കപ്പെട്ടതായിരുന്നെങ്കിലും ഫലത്തിൽ രാജ്യത്തെ എല്ലാ മതങ്ങളെയും അതു പരിമിതപ്പെടുത്തി. എന്നാൽ, കത്തോലിക്കാമതത്തിൽനിന്നു വ്യത്യസ്തമായി മററു മതങ്ങൾക്കു കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിഞ്ഞു. ഐക്യനാടുകളിൽനിന്നുള്ള പ്രൊട്ടസ്ററൻറ് മതവിഭാഗങ്ങൾ ആ രാജ്യത്തു സുവിശേഷപ്രവർത്തന യജ്ഞം പോലും തുടങ്ങി.
ഭേദഗതി നിയമങ്ങൾ 1917-ൽ കർശനമാക്കി. അപ്പോഴും അതിന് ഒരു പുരോഹിതവിരുദ്ധ ചുവയുണ്ടായിരുന്നു. അതു പുരോഹിതൻമാരെയും കത്തോലിക്കരെയും പീഡിപ്പിക്കുന്നതിനു കാരണമായി. ഇത് 1926-ലെ ക്രിസ്റെററോസ് യുദ്ധത്തിനു വഴിയൊരുക്കി. മതത്തെ പരിമിതപ്പെടുത്തുന്ന നിയമങ്ങൾ എടുത്തുമാററാനുള്ള ഒരു ശ്രമമെന്ന നിലയിൽ ഗവൺമെൻറിനെതിരെ നടന്ന കത്തോലിക്കാ യുദ്ധമായിരുന്നു ഇത്. ഗവൺമെൻറ് കുറെയെല്ലാം വിട്ടുവീഴ്ചകൾ ചെയ്യാമെന്നു സമ്മതിച്ചപ്പോൾ ഈ യുദ്ധം 1929-ൽ അവസാനിച്ചു. എന്നാൽ നിയമങ്ങൾ യാതൊരു മാററവും കൂടാതെ തുടർന്നു.
ഈ നിയമങ്ങളെക്കുറിച്ചുള്ള ഒരു കമൻററിയിൽ യൂണാ ലേ പാറാ ലാ ലിബർററാഡ് റെലിക്യോസാ (മതസ്വാതന്ത്ര്യത്തിനായുള്ള ഒരു നിയമം) ഇങ്ങനെ പരാമർശിക്കുന്നു: “നമ്മുടെ ആദ്യത്തെ ഭരണഘടനയിലെ 24-ാം വകുപ്പിന്റെ രണ്ടാം ഖണ്ഡികയും ഭേദഗതി വരുത്തിയ മററു ഭരണഘടനാവകുപ്പുകളും മതസ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ഒരു ലംഘനമായിരുന്നുവെന്നു നാം തിരിച്ചറിയുന്നു. കാരണം ഓരോ വ്യക്തിയുടെയും മതത്തിന്റെ ബാഹ്യാചരണത്തെ അതു പരിമിതപ്പെടുത്തുകയും അങ്ങനെ ഗവൺമെൻറ് നിയന്ത്രണത്തിന് വിധേയമാക്കുകയും ചെയ്തു.
“ഇനിയും കൂടുതലായി, ഭരണപരമായ ഈ അധികാരങ്ങൾ ഐക്യരാഷ്ട്രങ്ങളുടെ മനുഷ്യാവകാശ സാർവത്രിക പ്രഖ്യാപനത്തിലൂടെ സ്ഥാപിക്കപ്പെട്ടവയ്ക്കും (19-ാം വകുപ്പ്) മനുഷ്യാവകാശങ്ങൾ സംബന്ധിച്ച അമേരിക്കൻ ഉടമ്പടിക്കും (12-ാം വകുപ്പ്) കടകവിരുദ്ധമായിരുന്നു. ഇവയായിരുന്നു മെക്സിക്കൻ രാഷ്ട്രം ശരിവെച്ച അന്തർദേശീയ മാനദണ്ഡങ്ങൾ.”
1988-ൽ മെക്സിക്കോയുടെ പുതിയ പ്രസിഡൻറ് ആറു വർഷത്തേക്കുള്ള തന്റെ കാലാവധി തുടങ്ങിയപ്പോൾ, പ്രസിഡൻറ് സ്ഥാനമേൽക്കുന്ന ചടങ്ങിൽ കത്തോലിക്കാ പുരോഹിതൻമാർ ക്ഷണിക്കപ്പെട്ടിരുന്നു. താൻ നൽകിയ സന്ദേശത്തിൽ പ്രസിഡൻറ് കാർലോസ് സാലീനാസ് ഡി ഗൊർട്ടാരി സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധങ്ങളെ ആധുനികവത്കരിക്കേണ്ടതിന്റെ ആവശ്യം പ്രഖ്യാപിച്ചു. ഈ പുതിയ സമീപനം മതത്തെ സംബന്ധിച്ച നിയമങ്ങളുടെ ഭേദഗതി നിർബന്ധമാക്കണമെന്നുള്ള നിഗമനത്തിലേക്കു നയിച്ചു. അതു കൂടാതെ, രാജ്യം ജനാധിപത്യ സമൂഹമായി വളരുകയായിരുന്നു. ഐക്യനാടുകളും കാനഡയുമായി തുറന്ന വാണിജ്യ ഉടമ്പടിക്കുള്ള കൂടിയാലോചനകൾ ആരംഭിച്ചു. അതുകൊണ്ട് മതസ്വാതന്ത്ര്യത്തോടു പൊരുത്തപ്പെടുത്തുന്നതിന് നിയമഭേദഗതി വരുത്തേണ്ടത് അനിവാര്യമായിത്തീർന്നു.
പുതിയ നിയമം
ഈ പുതിയ നിയമം, അതിന്റെ ആദ്യത്തെ വകുപ്പിൽ പ്രസ്താവിച്ചിരിക്കുന്നതുപോലെ, “സഭയും രാഷ്ട്രവും വേർപെട്ടുനിൽക്കണമെന്ന ചരിത്രപ്രധാനമായ തത്ത്വത്തിലും അതുപോലെതന്നെ മതപരമായ വിശ്വാസങ്ങൾ സംബന്ധിച്ച സ്വാതന്ത്ര്യത്തിലും . . . അടിസ്ഥാനപ്പെട്ടതാണ്.” രണ്ടാം വകുപ്പ് “താൻ ഇഷ്ടപ്പെടുന്ന മതപരമായ വിശ്വാസങ്ങൾ വച്ചുപുലർത്താൻ അല്ലെങ്കിൽ സ്വീകരിക്കാനും തനിക്ക് അഭികാമ്യമുള്ള ആരാധനാരീതികളോ ചടങ്ങുകളോ വ്യക്തിപരമായോ സമൂഹപരമായോ ആചരിക്കാനും . . . , മതപരമായ യാതൊരു വിശ്വാസങ്ങളും പുലർത്താതിരിക്കാനും . . . , ഒരുവന്റെ മതപരമായ വിശ്വാസങ്ങൾ നിമിത്തം വിവേചനത്തിനോ അടിച്ചേൽപ്പിക്കലിനോ വിദ്വേഷത്തിനോ വിധേയമാകാതിരിക്കാനും . . . മതപരമായ ഉദ്ദേശ്യങ്ങൾക്കായി സമാധാനപൂർവം സമ്മേളിക്കാനും കൂടിവരാനും” വ്യക്തിക്കു സ്വാതന്ത്ര്യം ഉറപ്പു നൽകുന്നു. ഈ നിയമത്തിലൂടെ “സഭകൾക്കും മതപരമായ ഗ്രൂപ്പുകൾക്കും മതസ്ഥാപനങ്ങൾ എന്ന നിലയിൽ നിയമപരമായ പദവി ഉണ്ടായിരിക്കും, ഗവൺമെൻറ് മന്ത്രാലയത്തിനു മുമ്പാകെ അവയ്ക്ക് ആവശ്യമായ രജിസ്ട്രേഷൻ ലഭിച്ചാലുടൻ.” കൂടാതെ “ഇപ്പോഴത്തെ നിയമമനുസരിച്ചു രൂപംകൊണ്ട മതസ്ഥാപനങ്ങൾക്ക് അവയുടെ ലക്ഷ്യം നിവർത്തിക്കാനാവശ്യമായ പാരമ്പര്യസ്വത്ത് ഉണ്ടായിരിക്കാനും കഴിയും.”
യഹോവയുടെ സാക്ഷികൾ നിയമപരമായി രജിസ്ററർ ചെയ്യപ്പെട്ടിരിക്കുന്നു
ഈ പുതിയ നിയമത്തിനു ചേർച്ചയിൽ, 1993 ഏപ്രിൽ 13-ന് മെക്സിക്കോയിലെ യഹോവയുടെ സാക്ഷികൾ തങ്ങളെ ഒരു മതമായി രജിസ്ററർ ചെയ്തു കിട്ടുന്നതിനു മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫീസിൽ അപേക്ഷ സമർപ്പിച്ചു. അതിനു മുമ്പ് യഹോവയുടെ സാക്ഷികൾ രാജ്യത്തെ മറേറതൊരു മതത്തെയും പോലെതന്നെ യഥാർഥത്തിൽ നിലകൊണ്ടിരുന്നു. എന്നാൽ നിയമപരമായ അസ്ഥിത്വം ലഭിച്ചിരുന്നില്ല. 20-ാം നൂററാണ്ടിന്റെ ആരംഭം മുതൽത്തന്നെ യഹോവയുടെ സാക്ഷികൾ ഈ രാജ്യത്തുണ്ടായിരുന്നു. നിയമാംഗീകാരം ഇല്ലായിരുന്നെങ്കിൽപ്പോലും 1930 ജൂൺ 2-ന് മെക്സിക്കൻ ഗവൺമെൻറ് അന്തർദേശീയ ബൈബിൾ വിദ്യാർഥി സംഘടനയ്ക്ക് അനുമതി നൽകി. 1932 ഡിസംബർ 20-ന് ഈ പേര് ലാ റേറാറെ ഡെൽ വികിയ (ദ വാച്ച്ടവർ) എന്നാക്കി മാററി. എന്നാൽ 1943-ൽ, മതപരമായ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്തിയ രാജ്യത്തെ നിയമങ്ങൾ മൂലം ഒരു സാമൂഹിക സംഘടനയായി പുതിയ രജിസ്ട്രേഷൻ നടത്തേണ്ടതായി വന്നു. വർഷങ്ങളിലുടനീളം യഹോവയുടെ സാക്ഷികൾ ചെയ്തുകൊണ്ടിരുന്ന പ്രവർത്തനത്തെ ഈ വിധത്തിൽ യഹോവ അനുഗ്രഹിച്ചു. 1993 മേയ് 7-ന് ഒപ്പു വയ്ക്കപ്പെട്ട ഒരു പ്രമാണം 1993 മേയ് 31-ാം തീയതി അവർക്ക് ലഭിച്ചു. അതിനു ചേർച്ചയിൽ ഇപ്പോൾ യഹോവയുടെ സാക്ഷികൾ ലാ റേറാറെ ഡെൽ വികിയ, എ. ആർ. എന്നും ലോസ് ടെസ്ററിഗോസ് ഡെ ഹേയോവാ എൻ മെഹിക്കോ, എ.ആർ. എന്നുമായി രജിസ്ററർ ചെയ്യപ്പെട്ടിരിക്കുന്നു. ഇവ രണ്ടും മതസംഘടനകളാണ്.
ഈ പുതിയ വ്യവസ്ഥകൾക്കു കീഴിൽ മെക്സിക്കോയിലെ യഹോവയുടെ സാക്ഷികൾ, ലോകത്തിലെ 230 ദേശങ്ങളിലേതു പോലെതന്നെ, ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കുന്നതിൽ കഠിനയത്നം ചെയ്യുന്നു. മെക്സിക്കോയിൽ വലിയൊരു വികസന പരിപാടി നടക്കുന്നുണ്ട്, അതിൽ പുതിയ രാജ്യഹാളുകളുടെയും സമ്മേളനഹാളുകളുടെയും നിർമാണം ഉൾപ്പെടുന്നു. 3,80,000-ത്തിലധികം പ്രസാധകരുള്ള അവിടെ ഓരോ വർഷവും 30,000-ത്തിലധികം പേർ സ്നാപനമേൽക്കുന്നുണ്ട്. ഇപ്പോൾ നിർവഹിക്കപ്പെടുന്ന 5,30,000 ബൈബിളധ്യയനങ്ങളുടെ കാര്യത്തിൽ കാണാൻ കഴിയുന്നതു പോലെ ഇനിയും ധാരാളം ജോലികൾ ചെയ്തുതീർക്കാനുണ്ട്.
മെക്സിക്കോയിലുള്ള യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു എന്നല്ല ഇതിന്റെ അർഥം. നിഷ്പക്ഷതാപ്രശ്നം നിമിത്തം അവരുടെ കുട്ടികൾക്കു സ്കൂളിൽ സമ്മർദം അഭിമുഖീകരിക്കേണ്ടതായുണ്ട്. എന്നിരുന്നാലും, രാജ്യത്തെ വ്യത്യസ്ത മതവിഭാഗങ്ങളെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഈ പുതിയ നിയമം സൗമ്യമായ ഒരു വിധത്തിൽ ബാധകമാക്കാൻ അധികാരികൾ ശ്രമിക്കുകയാണ്. മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ വലിയ ഒരു നടപടിതന്നെയാണ് മതസംബന്ധമായ ഈ പുതിയ നിയമത്തിലൂടെ മെക്സിക്കോ കൈക്കൊണ്ടിരിക്കുന്നത്.
[13-ാം പേജിലെ ചിത്രങ്ങൾ]
മെക്സിക്കോയിൽ യഹോവയുടെ സാക്ഷികൾക്കു രജിസ്ട്രേഷൻ അനുവദിക്കുന്ന സാക്ഷ്യപത്രങ്ങൾ
[14-ാം പേജിലെ ചിത്രം]
ബൈബിൾ വിദ്യാഭ്യാസത്തിനായി യഹോവയുടെ സാക്ഷികൾ മെക്സിക്കോയിൽ പടുത്തുയർത്തുന്ന പുതിയ കേന്ദ്രം