ബൈബിളിന്റെവീക്ഷണം
ചൂതാട്ടം ക്രിസ്ത്യാനികൾക്കുള്ളതോ?
ചൂതാട്ടം ചെലവേറിയ ഒരു ശീലമാണ്. അത് പലപ്പോഴും ഒരാളുടെ വരുമാനത്തിന്റെ പകുതി പാഴാക്കുന്നു, വൻ കടങ്ങൾക്ക് വഴിയൊരുക്കുന്നു, വിവാഹങ്ങളുടെയും തൊഴിലുകളുടെയും തകർച്ചയ്ക്ക് ഇടയാക്കുന്നു. എന്തിന്, കുററകൃത്യങ്ങളിലേർപ്പെടുന്നതിനു പോലും ഇതു ചിലർക്ക് പ്രചോദനമേകിയേക്കാം. അതിന്റെ ഇരകൾ ആസക്തരാകുന്നു. അവർ അതിൽനിന്ന് തലയൂരാൻ ശ്രമിക്കുമ്പോൾ ശരീരം അസുഖകരമായി പ്രതിപ്രവർത്തിച്ചേക്കാം, മററ് ആസക്തരുടെ കാര്യത്തിലെന്നപോലെ തന്നെ.
ചില രാജ്യങ്ങൾ അതിനെ ഒരു “ദേശീയ നേരമ്പോക്ക്” ആയി കണക്കാക്കത്തക്കവണ്ണം ചൂതാട്ടം അത്രമേൽ സാർവത്രികമാണ്. എന്നിരുന്നാലും, കൃത്യമായി പറഞ്ഞാൽ ചൂതാട്ടം എന്നു പറയുന്നത് എന്താണ്? ചൂതാട്ടം “ഒരു ഭാവി സംഭവത്തിന്റെ അനന്തരഫലം സംബന്ധിച്ച പന്തയംവയ്ക്കലാ”ണെന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു. “ചൂതാട്ടം നടത്തുന്നവർ സാധാരണമായി അവർ പ്രവചിക്കുന്ന കാര്യത്തിന്റെ അനന്തരഫലം സംബന്ധിച്ച് ഒരു പന്തയം എന്ന നിലയിൽ പണമോ മൂല്യമുള്ള മറെറന്തെങ്കിലുമോ വയ്ക്കുന്നു. ഫലം തീരുമാനിച്ചു കഴിയുമ്പോൾ ജേതാവ് തോൽക്കുന്നയാളിൽനിന്നു പന്തയത്തുക ശേഖരിക്കുന്നു.”
ചൂതാട്ടം അത്ര പുതുമയൊന്നുമല്ല. ഒരുകാലത്ത് മധ്യ അമേരിക്കയിലെ പുരാതന മായയിൽ പോക്ററാറേറാക്ക് എന്നറിയപ്പെടുന്ന പേരുകേട്ട ഒരു പന്തുകളി നടന്നിരുന്നു. അസ്റെറക്കുകാരുടെയിടയിൽ ഇത് ററ്ലാഷ്ററ്ലി എന്നാണ് അറിയപ്പെട്ടിരുന്നത്. “ചിലരാണെങ്കിൽ ഈ കളിയിൽ കളിച്ചു കളിച്ചു സ്വത്തു നഷ്ടമായപ്പോൾ ജീവനും കൂടെ പന്തയംവച്ചത്രേ,” ആമെരീകാസ് മാഗസിൻ പറയുന്നു. ഈ പുരാതനർക്ക് പന്തയപ്പനി പിടിച്ചിരുന്നു. അതുമൂലം അവർ “ഫലം ജയമോ തോൽവിയോ എന്ന് അറിയാൻ പാടില്ലാത്ത പന്തുകളിക്കുവേണ്ടി പലപ്പോഴും ജീവിതംപോലും അടിയറവെച്ചിട്ടുണ്ട്.”
പലർക്കും ചൂതാട്ടപ്പനി പിടിപെട്ടിരിക്കുന്നതെന്തുകൊണ്ടാണ്? ഐക്യനാടുകളിലെ പബ്ലിക്ക് ഗേമിങ് റിസർച്ച് ഇൻസ്ററിററ്യൂട്ടിന്റെ പ്രസിഡൻറായ ഡ്വാൻ ബർക്കെ പറയുന്നതനുസരിച്ച് “ചൂതാട്ടത്തെ സ്വീകാര്യമായ ഒരു ഒഴിവുസമയ വിനോദമായി കണക്കാക്കിവരുന്ന ആളുകളുടെ എണ്ണം ഏറിവരുകയാണ്.” ചില മതസ്ഥാപനങ്ങൾ ചൂതാട്ടത്തെ ഫണ്ടുകൾ രൂപീകരിക്കാനുള്ള മാർഗമായി പോലും അംഗീകരിക്കുന്നു.
ഇങ്ങനെ ചൂതാട്ടം പ്രസിദ്ധവും ഒരു നീണ്ട ചരിത്രമുള്ളതും ആണെങ്കിലും ക്രിസ്ത്യാനികൾക്ക് അത് വെറും നിരുപദ്രവകരമായ ഒരു നേരമ്പോക്കാണോ? അതോ അതിലധികം അതിലുൾപ്പെട്ടിട്ടുണ്ടോ?
എന്തിനാണ് ആളുകൾ ചൂതാട്ടം നടത്തുന്നത്?
ഒററവാക്കിൽ പറഞ്ഞാൽ, ജയിക്കാൻ. ചൂതാട്ടക്കാരെ സംബന്ധിച്ചിടത്തോളം ഇത്, ഒരു ലൗകിക തൊഴിലിൽ ഉൾപ്പെട്ടിരിക്കുന്ന പ്രയത്നവും ശിക്ഷണവും ഒന്നുംകൂടാതെ പെട്ടെന്നു പണമുണ്ടാക്കാനുള്ള ആവേശകരമായ ഒരു മാർഗമാണെന്നു തോന്നുന്നു. “വൻ വിജയ”വും പണക്കിഴിയും തരാൻ പോകുന്ന പേരിനെക്കുറിച്ചും പെരുമയെക്കുറിച്ചും മനോരഥസൃഷ്ടി നടത്തിക്കൊണ്ടാണ് അവർ സമയത്തിന്റെ അധികഭാഗവും ചെലവഴിക്കുന്നത്.
ഒരു ചൂതാട്ടക്കാരന്റെ വിജയസാധ്യതകളെക്കുറിച്ചു കേട്ടാൽ നാം അമ്പരന്നുപോകും. ഉദാഹരണത്തിന്, ജർമനിയിൽ “ഒരു വർഷക്കാലയളവുകൊണ്ട് [ജർമൻ ഭാഗ്യക്കുറി] മത്സരങ്ങളിൽ [വിജയിക്കുന്നതിനെക്കാൾ] നാലുമടങ്ങു സാധ്യതയുണ്ട് നിങ്ങൾക്ക് ഇടിവെട്ടേക്കാൻ” എന്ന് സ്ഥിതിവിവരക്കണക്കു ശാസ്ത്രജ്ഞനായ റാൾഫ് ലിഷ് പറയുന്നു. ഇത് അത്ര വിശ്വാസം വരുന്നില്ലെങ്കിൽ അദ്ദേഹം ഈ താരതമ്യം കൂടി നൽകുന്നു: “നിങ്ങളൊരു പുരുഷനാണെങ്കിൽ 100 [വയസ്സു] വരെ ജീവിച്ചിരിക്കാനുള്ള നിങ്ങളുടെ സാധ്യത [ചൂതാട്ടത്തിൽ വിജയിക്കുന്നതിനെക്കാൾ] 7,000 ഇരട്ടി കൂടുതലാണ്.” വിരോധാഭാസം എന്നു പറയട്ടെ, ചൂതാട്ടക്കാരന് മിക്കവാറും ഇതൊക്കെ അറിയാം. എന്നാൽ ചൂതാട്ടം തുടരാൻ അവനെ പ്രേരിപ്പിക്കുന്നതെന്താണ്?
ഭാഗ്യഹീനനാകുമ്പോൾ [ഇംഗ്ലീഷ്] എന്ന തന്റെ പുസ്തകത്തിൽ ഡോ. റോബർട്ട് കസ്ററർ പറയുന്നതനുസരിച്ച് ചില ചൂതാട്ടക്കാർക്ക് “സാമ്പത്തികനേട്ടം ജയത്തിന്റെ ഒരു വശം മാത്രമാണ്. . . . ജയിച്ചുനേടുന്ന പണത്തിനു വാഗ്ദാനം ചെയ്യാൻ കഴിയുന്ന അസൂയയും ആദരവും ആരാധനയും പുകഴ്ചയും ഒക്കെയാണ് അവർക്കു പ്രധാനം.” അവരെ സംബന്ധിച്ചിടത്തോളം “പണക്കെട്ട് ഉയർത്തിക്കാട്ടുന്നതും ‘എനിക്കു വലിയ അഞ്ചെണ്ണം അടിച്ചു’ എന്നു പറയാൻ പററുന്നതും ആഡംബരത്തിൽ ആറാടുന്നതും ഒക്കെയാണു ഹരം,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇനി മറെറാരു വശം. പല ചൂതാട്ടക്കാർക്കും വിജയവും അതു പകരുന്ന ഹരവും എത്ര കിട്ടിയിട്ടും മതിയാകുന്നില്ല. തൻമൂലം ചൂതു കളിക്കാനുള്ള ആഗ്രഹം ശക്തമായിത്തീർന്നിട്ട് അവർക്ക് ഒടുവിൽ കളിക്കാതിരിക്കാൻ വയ്യാത്ത നില വരുന്നു. ഗാംബ്ളേഴ്സ് അനോനിമസ് എന്നു പറയുന്ന ഒരു സംഘടനയിലെ അംഗങ്ങളുമായി ഡോ. കസ്ററർ നടത്തിയ ഒരു പഠനത്തിൽ തങ്ങൾ തോററുകൊണ്ടിരുന്നപ്പോൾ പോലും വിജയത്തെക്കുറിച്ച് വീമ്പിളക്കുന്നത് തങ്ങൾക്ക് ഒരു പതിവായിരുന്നെന്ന് സർവേ ചെയ്യപ്പെട്ടവരിൽ 75 ശതമാനം പറഞ്ഞു! അതെ, ചൂതാട്ടം ഒരു ആസക്തിയായിത്തീർന്നേക്കാം. മദ്യത്തോടോ മയക്കുമരുന്നിനോടോ ഉള്ള ആസക്തിപോലെ തീവ്രവും നാശകരവുമായ ഒന്നുതന്നെ. ആദ്യം വെറുമൊരു നേരമ്പോക്കു മാത്രമായിരുന്ന ചൂതാട്ടം അറിയാതെ ഒരു ഒഴിയാബാധയായിത്തീർന്നിട്ടുള്ള എത്രയോ പേരുണ്ട്? അതെ, തങ്ങൾ പോലുമറിയാതെ എത്രയോ പേർ?
ദൈവത്തിന്റെ വീക്ഷണഗതി
ചൂതാട്ടത്തെക്കുറിച്ച് ബൈബിൾ വിശദമായി ഒന്നും പറയുന്നില്ല. എന്നിരുന്നാലും, ദൈവം ചൂതാട്ടത്തെ വീക്ഷിക്കുന്ന വിധം മനസ്സിലാക്കുന്നതിന് നമ്മെ സഹായിക്കുന്ന തത്ത്വങ്ങൾ അത് തീർച്ചയായും പ്രദാനം ചെയ്യുന്നുണ്ട്.
ചൂതാട്ടം അത്യാഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അനുഭവം പഠിപ്പിച്ചിരിക്കുന്നു. ‘അത്യാഗ്രഹി ദൈവരാജ്യം അവകാശമാക്കുകയില്ല’ എന്ന് മുന്നറിയിപ്പു നൽകിക്കൊണ്ട് ബൈബിൾ അത്യാഗ്രഹത്തെ വലിയ കുററമായി കണക്കാക്കിയിരിക്കുന്നു. (എഫേസ്യർ 5:5, NW) തോൽവി സംഭവിക്കുമ്പോൾ പോലും ചൂതാട്ടക്കാർക്ക് അത്യാഗ്രഹമാണ്. ഒരു പ്രാമാണികൻ പറയുന്നതനുസരിച്ച് ചൂതാട്ടക്കാരൻ “പോയത് തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നു. ‘വലിയ നേട്ട’ത്തിനുള്ള ശ്രമത്തിലാണ് പിന്നെ അയാൾ. ഇനി വലിയതൊന്ന് അടിച്ചാലോ, അതിലും വലിയ ഒന്നിനുവേണ്ടി അയാൾ പന്തയംവെയ്ക്കുന്നു. അടിച്ച ‘വലിയ നേട്ട’വും അവസാനം അയാൾക്ക് നഷ്ടമാകുന്നു.” അതെ, തീർച്ചയായും അത്യാഗ്രഹം ചൂതാട്ടത്തിന്റെ ഒരു ഭാഗമാണ്.
അഹന്ത വളർത്താനുള്ള ഒരു മാർഗമായിട്ടാണ് ചിലർ ചൂതാട്ടത്തെ ഉപയോഗിക്കുന്നത്. 94 ശതമാനം പേർ ചൂതാട്ടത്തെ “ആത്മാഭിമാനം വളർത്തുന്നതിനുള്ള പ്രവർത്തന”മായി കണക്കാക്കിയതായി ചൂതാട്ട ഭ്രമക്കാരുമായി നടത്തിയ ഒരു സർവേ പ്രകടമാക്കി. ചൂതാട്ടത്തിലേർപ്പെട്ടപ്പോൾ “വലിയ ആളുകളാ”ണെന്ന ഭാവം തങ്ങൾക്കുണ്ടായെന്ന് 92 ശതമാനം പേർ പറഞ്ഞു. എന്നാൽ ദൈവം പറയുന്നു: “ഡംഭം, അഹങ്കാരം . . . എന്നിവയെ ഞാൻ പകെക്കുന്നു.” ഇപ്രകാരം ക്രിസ്ത്യാനികൾ വിനയവും താഴ്മയും നട്ടുവളർത്താൻ ഉദ്ബോധിപ്പിക്കപ്പെട്ടിരിക്കുന്നു.—സദൃശവാക്യങ്ങൾ 8:13; 22:4; മീഖാ 6:8.
ചൂതാട്ടം മടി പിടിപ്പിക്കുകയും ചെയ്യുന്നു. കാരണം പ്രയത്നിച്ചു ജോലി ചെയ്യാതെ പണമുണ്ടാക്കാനുള്ള ഒരു എളുപ്പമാർഗമാണല്ലോ അത്. എന്നാൽ ശുഷ്കാന്തിയോടെ കഠിന യത്നം ചെയ്യാൻ ദൈവവചനം ക്രിസ്ത്യാനികളെ തീർച്ചയായും പ്രചോദിപ്പിക്കുന്നു.—എഫെസ്യർ 4:28.
മാത്രമല്ല, ചിലർ ചൂതാട്ടത്തെ തങ്ങളുടെ ദൈവമാക്കിവെച്ചുകൊണ്ട് അതിൽ നിരന്തരം വ്യാപൃതരാകുന്നു. ഭാഗ്യമെന്നു പറയുന്നത് അവർക്ക് അത്രമാത്രം പ്രധാനമാണ്. “ഭാഗ്യദേവനു പീഠമൊരുക്കു”ന്നവരെക്കുറിച്ചുള്ള ബൈബിൾ വിവരണത്തോട് ഇത് ഒക്കുന്നു. അവരുടെ വിഗ്രഹാരാധനാ നടപടി നിമിത്തം അവർ “വാളിനേ”ല്പിക്കപ്പെട്ടു.—ഏശയ്യാ 65:11, 12, പി.ഒ.സി. ബൈബിൾ.
ഇനി, ആരെങ്കിലും ഒരു സൗജന്യ ലോട്ടറി ടിക്കറേറാ ചൂതാട്ടം നടത്തുന്നതിന് സൗജന്യമായി പണമോ നൽകുന്നെങ്കിലെന്ത്? ഈ രണ്ടു സംഗതിയിലും അത്തരം വാഗ്ദാനം കൈപ്പററുന്നത് ഒരു ചൂതാട്ട നടപടിയെ പിന്തുണയ്ക്കലായിരിക്കും, ദൈവികതത്ത്വങ്ങളോടു ചേർച്ചയിലല്ലാത്ത ഒരു നടപടിയെത്തന്നെ.
അല്ല, ചൂതാട്ടം ക്രിസ്ത്യാനികൾക്കുള്ളതല്ല. ഒരു മാസികയുടെ പ്രസാധകൻ പറയുന്നതുപോലെ ‘ചൂതാട്ടം തെററാണെന്നു മാത്രമല്ല, അത് ഒരു മോശമായ പന്തയം കൂടിയാണ്.’
[14-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Valentin/The Cheaters, Giraudon/Art Resource