ലോകത്തെ വീക്ഷിക്കൽ
ശരിയാംവിധം ഫോക്കസ് ചെയ്യൽ
ലജ്ജാകരമായ അനേകം പരാജയങ്ങൾക്കുശേഷം യു.എസ്. ബഹിരാകാശ ഏജൻസിയായ നാസ [NASA] ഒരു വൻ പരാജയത്തെ വിജയമാക്കിത്തീർത്തതായി തോന്നുന്നു. ഈ ഏജൻസി 1990-ൽ ഭ്രമണപഥത്തിൽ എത്തിച്ച ഹബിൾ സ്പേസ് ടെലസ്കോപ്പിന് ന്യൂനതകളുള്ള ഒരു കണ്ണാടിയുണ്ട്. ഇതുനിമിത്തം ടെലസ്കോപ്പിനു ശരിയായി ഫോക്കസ് ചെയ്യാൻ കഴിയാതായി. 1993 ഡിസംബറിൽ, ബഹിരാകാശത്തു നടക്കുന്ന ബഹിരാകാശയാത്രികർ 30 മണിക്കൂറുകൾ ചെലവഴിച്ച് കേടുവന്ന ടെലസ്കോപ്പ് നന്നാക്കുകയും പഴയ ഉപകരണങ്ങൾ മാററിവെക്കുകയും ചെയ്തു. ഫലമോ? ന്യൂ സയൻറിസ്ററ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു: “ചില കാര്യങ്ങളിൽ ഹബിൾ ആദ്യം പ്രതീക്ഷിച്ചതിനെക്കാൾ നന്നായി പ്രവർത്തിക്കുന്നുണ്ട്.” ന്യൂസ്വീക്ക് മാഗസിൻ പറയുന്നതനുസരിച്ച്, “ഹബിൾ എടുക്കുന്ന ചിത്രങ്ങളുടെ സൂക്ഷ്മത ഇപ്പോൾ വളരെ നല്ലതാണ്, 8,500 മൈൽ [14,400 കിലോമീററർ] അകലെനിന്ന് അതിന് ഒരു മിന്നാമിനുങ്ങിനെപ്പോലും കാണാൻ കഴിയും.” പരിഷ്കരിച്ച ടെലസ്കോപ്പ് എടുത്ത ചിത്രങ്ങൾ കണ്ടശേഷം യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ഡൂച്ചോ മാച്ചെറേറാ ഇപ്രകാരം ഉദ്ഘോഷിച്ചതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു: “അത്ഭുതം എന്നേ എനിക്കു പറയാൻ കഴിയൂ.”
ഓസ്ട്രേലിയയിലെ സ്കൂൾ വില്ലൻമാർ
ഓസ്ട്രേലിയയിലുള്ള സ്കൂൾ കുട്ടികൾ താരതമ്യേന ചെറുപ്രായത്തിൽത്തന്നെ അക്രമാസക്തമായി പെരുമാറുകയാണെന്ന് ദി ഓസ്ട്രേലിയൻ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. തങ്ങൾക്കു സ്കൂളിൽ സുരക്ഷിതത്വം തോന്നാറില്ലെന്ന് ആ രാജ്യത്തെ 20 ശതമാനം കുട്ടികൾ പറയുന്നു; 7 കുട്ടികളിൽ ഒരാൾക്ക് നിരന്തരം ഉപദ്രവം സഹിക്കേണ്ടിവരുന്നുണ്ട്. അക്രമാസക്തസ്വഭാവമുള്ള കുട്ടികൾ നല്ല കലാലയ നേട്ടങ്ങൾ കൈവരിക്കാത്തവരും ആത്മാഭിമാനം കുറഞ്ഞവരുമാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. അക്രമത്തെ അവതരിപ്പിക്കുന്ന സിനിമ, വീഡിയോ, പ്രസിദ്ധീകരണ മാധ്യമങ്ങൾ തുടങ്ങിയവയ്ക്ക് ചെറുപ്രായക്കാരുടെമേൽ സുനിശ്ചിതമായും ഒരു സ്വാധീനമുണ്ടെന്ന് കണ്ടുപിടിത്തങ്ങൾ സൂചിപ്പിക്കുന്നു. ഏററവും കൂടുതൽ ഉപദ്രവം ഏൽപ്പിക്കുന്നത് ആൺകുട്ടികളും അധികവും ആക്രമണത്തിന് ഇരകളാകുന്നവർ പെൺകുട്ടികളും സ്കൂൾ സ്ററാഫംഗങ്ങളുമാണ്. സ്കൂൾ വില്ലൻമാരിൽനിന്ന് അധ്യാപകർക്കും ഉപദ്രവം ഏൽക്കേണ്ടിവരുന്നുണ്ട്. തങ്ങളോടു പ്രതികാരം ചെയ്യുമെന്ന ഭയംനിമിത്തം കുഴപ്പക്കാരായ വിദ്യാർഥികളുടെ കാര്യത്തിൽ ഇടപെടാൻ പല അധ്യാപകരും വിമുഖരാണ്. ഉച്ചയൂണിന്റെ സമയത്ത് സ്കൂൾ ഗ്രൗണ്ടിൽ റോന്തുചുററുന്ന അധ്യാപകർക്ക് അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാവുന്ന റേഡിയോകൾ ലഭ്യമാക്കണമെന്ന് ഒരു അധ്യാപക സംഘടന അഭ്യർഥിച്ചു.
കഫീനും ഗർഭധാരണവും
കാപ്പി, ചായ, കോക്കോ, കോളാപാനീയങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ഒരു രാസപദാർഥമായ കഫീൻ കഴിക്കുന്നതിന്റെ അളവ് ഗർഭിണികളായ സ്ത്രീകൾ പരിമിതപ്പെടുത്തണമെന്ന് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷൻ 1980-ൽ ശുപാർശ ചെയ്തു. മുഖ്യമായും മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ ശുപാർശ. എന്നിരുന്നാലും, അന്നുമുതൽ ഗർഭിണികളായ സ്ത്രീകളെക്കുറിച്ചു നടത്തിയ പഠനങ്ങൾ കഫീന്റെ ഉപയോഗത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യം വളരെ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഗർഭിണികളായ സ്ത്രീകളിൽ 75 ശതമാനവും കഫീൻ കഴിക്കുന്നതായി അടുത്തകാലത്ത് ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ റിപ്പോർട്ടു ചെയ്തു. എന്നാൽ ദിവസം 300 മില്ലിഗ്രാം കഫീനിലധികം (ദിവസം മൂന്നു കപ്പിലധികം കാപ്പി) അകത്താക്കിയാൽ അതിനു ഭ്രൂണത്തെ നശിപ്പിക്കാൻ കഴിയുമെന്ന് മിക്ക പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കഫീന്റെ അളവ് കുറവാണെങ്കിൽപ്പോലും—ദിവസം 163 ഗ്രാം—അതു ചില സ്ത്രീകളിൽ ഗർഭമലസലിനു കാരണമായേക്കാമെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. ഈ പഠനം നടത്തിയവർ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ന്യായമായ ഒരു ശുപാർശ, ഗർഭകാലത്ത് കഫീനടങ്ങിയ പാനീയങ്ങളുടെ കുടി കുറയ്ക്കണമെന്നാണ്.”
മലിനമായ ശരീരങ്ങൾ, മലിനമായ ആവാസവ്യവസ്ഥകൾ
കൊക്കെയ്ൻ ഉപയോഗിച്ച് ഓരോ വർഷവും ഐക്യനാടുകളിൽ ഏതാണ്ട് 3,020 ആളുകൾ മരിക്കുന്നു എന്നത് ആശ്ചര്യജനകമല്ലാതിരുന്നേക്കാം; ഈ മയക്കുമരുന്നിന് മനുഷ്യശരീരത്തിൽ ഉളവാക്കാൻ കഴിയുന്ന വിഷലിപ്ത ഫലങ്ങൾ സുവിദിതമാണ്. എന്നാൽ ഈ മയക്കുമരുന്ന് ഉണ്ടാക്കുന്നതിന്റെ ഫലമായി ബൊളീവിയയിലെയും പെറുവിലെയും കൊളംബിയയിലെയും മഴവനങ്ങളിലുള്ള നദികളിലും അരുവികളിലും ഭയങ്കരമായ മലിനീകരണം ഉണ്ടാകുന്നതായി അടുത്ത കാലത്തു നാഷണൽ ജിയോഗ്രഫിക് റിപ്പോർട്ടു ചെയ്തു. ആ മാഗസിൻ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “യു. എസ്. ഡ്രഗ്ഗ് എൻഫോഴ്സ്മെൻറ് അഡ്മിനിസ്ട്രേഷൻ പറയുന്നതനുസരിച്ച്, 1992-ൽ ലോകവ്യാപകമായി ഉദ്യോഗസ്ഥൻമാർ 308 ടൺ കൊക്കെയ്ൻ പിടിച്ചെടുത്തു. അത്രയും—മൊത്തം ഉണ്ടാക്കുന്നതിന്റെ കേവലം ഒരംശം—ഉണ്ടാക്കുന്നതിന് 10 കോടി 60 ലക്ഷം ലിററർ മണ്ണെണ്ണയും 42 ലക്ഷം ലിററർ ലായകങ്ങളും 11 ലക്ഷം ലിററർ സൾഫ്യൂരിക് ആസിഡും 70,000 ലിററർ ഹൈഡ്രോക്ലോറിക് ആസിഡും 14,000 ലിററർ അമോണിയയും ആവശ്യമാണ്. ഇതിൽ അധികപങ്കും നദികളിലും മററും കൊണ്ടെത്തള്ളുന്നു. അതു ജലജീവികളെ നശിപ്പിക്കുകയും ജലസേചനം നടത്താനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളത്തെ മലിനമാക്കുകയും ചെയ്യുന്നു.”
മാനസിക ക്രമക്കേടുകളുടെ വർധനവ്
1994-ന്റെ ആരംഭത്തിൽ ദ ന്യൂയോർക്ക് ടൈംസ് ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “അമേരിക്കക്കാരിൽ ഏതാണ്ട് പകുതി പേർ—48 ശതമാനം—തങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലുമൊരു ഘട്ടത്തിൽ മാനസിക ക്രമക്കേട് അനുഭവിച്ചിട്ടുണ്ട്.” ഒരു സാമൂഹികശാസ്ത്രജ്ഞൻ നേതൃത്വം നൽകിയ പഠനം രോഗനിർണയത്തിനായി 8,000-ത്തിലധികം സ്ത്രീപുരുഷൻമാരെ മുഖാമുഖം ഇൻറർവ്യൂ ചെയ്തു. ഏററവും സാധാരണമായ ക്രമക്കേട് ഗുരുതരമായ വിഷാദരോഗമാണെന്ന് ആ പഠനം കണ്ടെത്തി; 17 ശതമാനം പേർ തങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ അത് അനുഭവിച്ചിട്ടുണ്ടായിരുന്നു. ഏതോ ഒരു ഘട്ടത്തിൽ 14 ശതമാനം പേർ മയക്കുമരുന്നിനെ ആശ്രയിച്ചു. 12 ശതമാനം സ്ത്രീകൾ മാനസിക സമ്മർദത്തിനു ശേഷമുള്ള ക്രമക്കേടുകൾ അനുഭവിച്ചിരുന്നതായും ഇത്തരം കേസുകളിൽ പകുതിയും “ബലാൽസംഗം ചെയ്യപ്പെടുകയോ ലൈംഗികമായി ആക്രമിക്കപ്പെടുകയോ ചെയ്തതിന്റെ ഫലമായിരുന്നു” എന്നും ടൈംസ് പറഞ്ഞു. മാനസിക ക്രമക്കേടുകൾ അനുഭവിച്ചവരിൽ നാലിലൊന്നു പേർ മാത്രമേ വിദഗ്ധസഹായം തേടിയുള്ളൂ. പഠനത്തിനു നേതൃത്വം നൽകിയ സാമൂഹികശാസ്ത്രജ്ഞനായ ഡോ. റോണൾഡ് സി. കെസ്ലർ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു: “നാം വിചാരിച്ചിരുന്നതിനെക്കാൾ കൂടുതൽ പേർക്കു മാനസിക ക്രമക്കേടുകൾ ഉണ്ടെന്നുള്ളതാണ് ദുർവാർത്ത. കൂടുതൽപ്പേരും—മിക്കവരും വിദഗ്ധസഹായം കൂടാതെ—നല്ല മാനസികാവസ്ഥയിലേക്കു തിരിച്ചുവരുന്നുണ്ടെന്നുള്ളതാണ് സദ്വാർത്ത.”
ലഹരിപാനീയത്തോടു ബന്ധപ്പെട്ട ശസ്ത്രക്രിയാപ്രതിസന്ധി
ഡാനീഷ് ചീഫ് സർജനായ ഫിൻ ഹാർട്ട് പറയുന്നതനുസരിച്ച് ദിവസം അഞ്ചു പ്രാവശ്യം ലഹരിപാനീയം കുടിക്കുന്ന രോഗികൾ അതിലും കുറച്ചു കുടിക്കുന്ന രോഗികളെക്കാൾ ശസ്ത്രക്രിയാനന്തരമുള്ള പ്രശ്നങ്ങൾ നേരിടാൻ കൂടുതൽ സാധ്യതയുള്ളവരാണ്. ഡാനീഷ് മെഡിക്കൽ അസോസിയേഷന്റെ പത്രിക ഈ അടുത്തകാലത്ത് റിപ്പോർട്ടു ചെയ്തതുപോലെ, ലഹരിപാനീയത്തിന്റെ ദുരുപയോഗത്തിന് ഫലത്തിൽ എല്ലാ അവയവവ്യവസ്ഥകളിലും വിഷലിപ്തമായ ഒരു ഫലമുണ്ട്; രക്തം വാർന്നുപോകാനുള്ള വർധിച്ച പ്രവണതയും അതുപോലെതന്നെ ഹൃദയസംബന്ധവും ശ്വാസകോശസംബന്ധവുമായ പ്രശ്നങ്ങളും ഇത് ഉളവാക്കുന്നു. സാധാരണമായി അത്തരം അവസ്ഥകളുടെ ഫലമായി കൂടുതൽ കാലം ആശുപത്രിയിൽ കഴിയാൻ ഡോക്ടർമാർ ആവശ്യപ്പെട്ടേക്കാം, കൂടുതൽ രക്തപ്പകർച്ചകൾ നടത്താനും അതു കാരണമാകുന്നു. ദിവസവും കൂടുതൽ അളവിൽ ലഹരിപാനീയം കുടിക്കുന്നവർക്ക് രോഗപ്രതിരോധവ്യവസ്ഥ ക്ഷയിക്കുന്നതിനുള്ള അപകടസാധ്യതയുണ്ട്. അതുവഴി രോഗബാധയുടെ അപകടസാധ്യതയും വർധിക്കുന്നു. എന്നിരുന്നാലും, അനേകം ആഴ്ചകളോളം കുടിക്കാതിരുന്നപ്പോൾ രോഗപ്രതിരോധവ്യവസ്ഥ വളരെ മെച്ചപ്പെട്ടതായി പരിശോധനകൾ തെളിയിച്ചിട്ടുണ്ട്. ശസ്ത്രക്രിയക്കു മുമ്പ് അത്തരമൊരു കാലഘട്ടത്തേക്ക് ലഹരിപാനീയം വർജിക്കാൻ ഡോ. ഹാർട്ട് ശുപാർശ ചെയ്യുന്നു.
കുട്ടികൾ യുദ്ധത്തിൽ
ഐക്യരാഷ്ട്ര ശിശുക്ഷേമനിധിയുടെ ഒരു റിപ്പോർട്ടായ ലോകത്തിലെ കുട്ടികളുടെ സ്ഥിതിവിശേഷം 1994 [ഇംഗ്ലീഷ്] പറയുന്നതനുസരിച്ച് കഴിഞ്ഞ ഒരു പതിററാണ്ടു കാലത്ത് ഏതാണ്ട് 15 ലക്ഷം കുട്ടികൾ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മറെറാരു 40 ലക്ഷം കുട്ടികൾ അംഗഭംഗം സംഭവിച്ചവരോ മുറിവേററവരോ അന്ധരോ മസ്തിഷ്കത്തിനു കേടു സംഭവിച്ചവരോ ആയിത്തീർന്നിട്ടുണ്ട്. അഭയാർഥികളായിത്തീർന്ന കുട്ടികളുടെ സംഖ്യ ചുരുങ്ങിയത് 50 ലക്ഷമാണെന്നു കണക്കാക്കപ്പെടുന്നു. കുട്ടികളെ സൈന്യത്തിലേക്കു തിരഞ്ഞെടുത്തിട്ടുപോലുമുണ്ട്. അനേകം രാജ്യങ്ങളിൽ കുട്ടികൾ പീഡിപ്പിക്കപ്പെടുകയും അക്രമപ്രവർത്തനങ്ങൾ കാണാനോ അവയിൽ പങ്കെടുക്കാനോ സമ്മർദം ചെലുത്തപ്പെടുകയും ചെയ്തിട്ടുമുണ്ട്. ഒരു പ്രദേശത്ത് പെൺകുട്ടികളെ ബലാൽക്കാരം ചെയ്യുന്നത് ഒരു “വ്യവസ്ഥാപിത യുദ്ധായുധ”മായിത്തീർന്നിരിക്കുന്നു. ആ റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “സംസ്കാരത്തിന്റെ മുഖംമൂടിക്ക് മുമ്പൊരിക്കലും ഇത്ര കട്ടി കുറഞ്ഞുപോയിട്ടില്ലെന്നു നിഗമനം ചെയ്യുന്നത് ശരിയാണെന്നു തോന്നുന്നു.”
വെട്ടുക്കിളികൾക്കെതിരെയുള്ള പോരാട്ടം പരാജയമടയുന്നു
“വെട്ടുക്കിളികൾക്കെതിരെയുള്ള പോരാട്ടത്തിൽ യുഎൻ പരാജയമടയുന്നു” എന്ന് 1994-ന്റെ ആരംഭത്തിൽ ന്യൂ സയൻറിസ്ററ് മാഗസിൻ റിപ്പോർട്ടു ചെയ്തു. നെതർലൻഡ്സിൽ നടന്ന കാർഷിക ശാസ്ത്രജ്ഞരുടെ അടുത്തകാലത്തെ ഒരു യോഗത്തിൽ വെളിപ്പെട്ടതനുസരിച്ച്, 1980-കളിൽ 400 ദശലക്ഷം ഡോളർ മുടക്കി ഐക്യരാഷ്ട്രങ്ങൾ വെട്ടുക്കിളികൾക്കെതിരെ നടത്തിയ പോരാട്ടം യാതൊരു നേട്ടവും കൈവരിച്ചില്ല. വാസ്തവത്തിൽ ആ വെട്ടുക്കിളിബാധയെ അവസാനിപ്പിച്ചത് അപ്രതീക്ഷിതമായി അടിച്ച ഒരു കാററായിരുന്നു. അത് അവയെ സമുദ്രത്തിൽ കൊണ്ടെമുക്കി. മരുഭൂമിയിൽ വല്ലപ്പോഴും മഴ പെയ്ത് ഹരിതസസ്യങ്ങൾ പൊട്ടിമുളയ്ക്കുമ്പോൾ വെട്ടുക്കിളികൾ മുട്ടയിട്ടു കൂട്ടങ്ങളായി പെരുകുന്നു. മരുഭൂമിയിലെ ഹരിതസസ്യങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളെ ആശ്രയിച്ചുകൊണ്ട്, വെട്ടുക്കിളികൾ കൂട്ടമായി പെരുകുന്നതിനു മുമ്പ് അവയെ കൊന്നൊടുക്കാൻ യുഎൻ ഭക്ഷ്യ-കാർഷിക സംഘടന ശ്രമിക്കുന്നു. എന്നാൽ, പ്രശ്നം ഉപഗ്രഹങ്ങൾ അനേകം ചെറിയ പുൽപ്പരപ്പുകളുടെ ചിത്രങ്ങൾ എടുക്കാറില്ല എന്നതാണ്. പ്രാദേശിക യുദ്ധങ്ങളും വിഭവങ്ങളുടെ കുറവും നിമിത്തം വെട്ടുക്കിളികൾ മുട്ടയിട്ടു പെരുകുന്നതായി അറിയപ്പെടുന്ന സ്ഥലങ്ങളിൽപ്പോലും എത്തിച്ചേരാൻ കീടനാശിനികൾ തളിക്കുന്ന സംഘങ്ങൾക്കു കഴിഞ്ഞിട്ടില്ല.
ദീർഘകാലം ജീവിച്ച ജ്യോതിശാസ്ത്രജ്ഞർ
ജ്യോതിശാസ്ത്രജ്ഞർ മററാളുകളെക്കാൾ ദീർഘകാലം ജീവിക്കാറുണ്ടോ? ജർമൻ പ്രകൃതിശാസ്ത്ര മാസികയായ നാച്ചർവിഷൻഷാഫ്ററ്ലിക്ക റുൻഷൗ 1715-നും 1825-നും ഇടയിൽ ജനിച്ച ആളുകളുടെ ആയുർദൈർഘ്യത്തെക്കുറിച്ചു നടത്തിയ ഒരു ഗവേഷണത്തെക്കുറിച്ചു റിപ്പോർട്ടു ചെയ്യുന്നു. ഈ വർഷങ്ങളിൽ, 25 വയസ്സോടെ ജ്യോതിശാസ്ത്രജ്ഞരായിത്തീർന്ന 67 പേർ ശരാശരി 71.6 വർഷം ജീവിച്ചു. ഈ പുരുഷൻമാരിൽ പകുതിയും ജർമൻകാരായിരുന്നു. എന്നാൽ ഈ കാലയളവിൽ ജർമനിയിൽ ജീവിച്ചിരുന്ന 25 വയസ്സുള്ള പുരുഷൻമാർക്ക് ശരാശരി 60.7 വർഷം എന്ന ആയുഷ്പ്രതീക്ഷയേ ഉണ്ടായിരുന്നുള്ളൂ. എന്തുകൊണ്ടാണ് ജ്യോതിശാസ്ത്രജ്ഞർ കൂടുതൽ കാലം ജീവിച്ചിരിക്കുന്നത്? “ജ്യോതിശാസ്ത്രജ്ഞരുടെ ഉയർന്ന ആയുഷ്പ്രതീക്ഷ അവരുടെ ജോലിയിലെ ശാന്തതയോടും സ്വസ്ഥതയോടും ബന്ധമുള്ളതായിരിക്കാൻ സാധ്യതയുണ്ട്” എന്ന് ആ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. അല്ലെങ്കിൽ “പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളുമായി സമ്പർക്കത്തിൽ കഴിയുന്നതിനാലും അവയിൽ ആമഗ്നമായിരിക്കുന്നതിനാലും ഒരു വ്യക്തിയുടെ ആരോഗ്യത്തിൽ ക്രിയാത്മകമായ ഒരു ഫലമുണ്ടായിരിക്കാം.”
അധികാരികളുടെ ഭാഷ
ഇററലിയിൽ അനേകം ഔദ്യോഗിക പ്രമാണങ്ങളുടെ സാങ്കേതികഭാഷയും ഭരണഭാഷയും മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് അതു ലളിതമാക്കണമെന്ന് ഇററാലിയൻ പൊതു ഭരണസമിതി വിചാരിക്കുന്നു. പൊതുകാര്യമന്ത്രിയായ സാബീനോ കാസാസേ പറയുന്നതനുസരിച്ച്, “പൗരൻമാരുമായി മേലാൽ സമ്പർക്കം പുലർത്താത്ത ഒരു ഭരണവ്യവസ്ഥയാണ് ഇത്. അത് ഒരേ ഭാഷ സംസാരിക്കുന്നില്ല.” അതുകൊണ്ട് പൊതു ഉപയോഗത്തിലില്ലാത്ത പദപ്രയോഗങ്ങൾ നിറഞ്ഞ ഒരു ഭാഷയായ “ഭരണഭാഷ”യ്ക്കു പകരം പൊതുകാര്യസമിതി ഇനി സാധാരണ ഇററാലിയൻ ഭാഷ സംസാരിക്കേണ്ടതായി വരും. ഈ പുതിയ ആശയം “പൊതുഭരണവ്യവസ്ഥയിലെ ലിഖിത ആശയവിനിമയങ്ങൾക്കുള്ള സ്റൈറൽ കോഡ്” അവതരിപ്പിച്ചപ്പോൾ പ്രഖ്യാപിച്ചതാണ്. എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന 7,050 അടിസ്ഥാന പദങ്ങൾ അടങ്ങുന്ന ഒരു പദസഞ്ചയം പ്രദാനം ചെയ്യുന്ന ഈ നിഘണ്ടു, നിയമങ്ങൾ, ഫാറങ്ങൾ, അറിയിപ്പുകൾ, പൊതുവിജ്ഞാപനങ്ങൾ തുടങ്ങിയവയിൽ ഒരു സാധാരണ പൗരന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള അനേകം പഴയ പദങ്ങളെ നീക്കം ചെയ്യും.