തിരികെ സ്കൂളിലേക്ക്—എന്തുകൊണ്ട്?
ജോലിക്കുവേണ്ടി മൂന്നു വർഷം നീണ്ടുനിന്ന റോബർട്ടിന്റെ അന്വേഷണം നിരാശപൂണ്ട ഒരു അനുഭവമായി മാറി. ഒടുവിൽ 21-ാമത്തെ വയസ്സിൽ യുവാക്കളുടെ ഒരു വേനലവധിക്കാല ക്യാമ്പിലെ ഉപദേഷ്ടാവായി അദ്ദേഹത്തെ ശമ്പളത്തിനെടുത്തു. ഇപ്പോൾ തെല്ലൊരാശ്വാസം തോന്നുന്നുണ്ടെങ്കിലും, മുഷിപ്പൻ തൊഴിൽവേട്ട റോബർട്ടിനെ അവശനാക്കിയിരുന്നു. “ഞങ്ങളുടെ മാതാപിതാക്കൾ ഇതൊന്നും മനസ്സിലാക്കുന്നില്ല. ഒരു ജോലി കണ്ടെത്തുക എന്നത് ഇക്കാലത്ത് വളരെ ദുഷ്കരമാണ്,” അദ്ദേഹം പറയുന്നു.
റോബർട്ടിനെപ്പോലെ ധാരാളം യുവാക്കൾ ഓരോ വർഷവും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഉദ്യോഗാർഥികളായി പുറത്തുവരുന്നു. അവർക്കു പ്രതീക്ഷകളുണ്ട്. ലക്ഷ്യങ്ങളുണ്ട്. എന്നാൽ കൂടുതൽക്കൂടുതൽ പേർ തങ്ങൾ പ്രതീക്ഷിച്ചിരുന്നതരം ജോലി തങ്ങൾക്കു കണ്ടെത്താനാവില്ലെന്നു മനസ്സിലാക്കിവരികയാണ്.
അതുകൊണ്ട് പലരും കൂടുതൽ വിദ്യാഭ്യാസം നേടുകയാണ്.a “എഴുപതുകളിലെ അനുഭവങ്ങൾ വിദ്യാഭ്യാസത്തെ സംബന്ധിച്ചു നിഷേധാത്മകമായ മനോഭാവമാണ് പുറത്തുവിട്ടതെങ്കിൽ എൺപതുകൾ വ്യത്യസ്തമായ ഒരാശയത്തെയാണ് പ്രോത്സാഹിപ്പിച്ചത്: ഒരു ബിരുദം നേടുക, അല്ലെങ്കിൽ ദുരിതമനുഭവിക്കുക” എന്ന് ഫോർച്ച്യൂൺ പറയുന്നു.
പ്രശ്നം എന്തുകൊണ്ട്?
മിക്കപ്പോഴും അനുബന്ധ വിദ്യാഭ്യാസം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഒന്നാമതായി, ഇന്ന് അനേകം ജോലികൾക്കും ഉയർന്ന തരത്തിലുള്ള വൈദഗ്ധ്യം ആവശ്യമാണ്. “കേവലം നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്ന ബാങ്ക് കാഷ്യറുടെ സ്ഥാനം ഇപ്പോൾ കമ്പ്യൂട്ടർ കയ്യടക്കിയിരിക്കുന്നു. ഇപ്പോൾ [കാഷ്യർ] പണവ്യാപാരകേന്ദ്രത്തിലെ മൂന്നുതരം നിക്ഷേപങ്ങളെക്കുറിച്ച് ഉപഭോക്താവിനെ അറിയിക്കുകയും ഒന്നു മറെറാന്നിനെക്കാൾ മേൻമയുള്ളതായിരിക്കുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കുകയും വേണം” എന്ന് യു.എസ്. തൊഴിൽ വകുപ്പിലെ ഒരു പ്രതിനിധി പറയുന്നു. ഹൗസ് എജ്യൂക്കേഷൻ ആൻഡ് ലേബർ കമ്മിററിയുടെ ചെയർമാനായ വില്യം ഡി. ഫോർഡ് ഇപ്രകാരം പറയുന്നു: “ലളിതമായ ജോലികളുടെ കാലം പൊയ്പോയിരിക്കുന്നു.”
രണ്ടാമതായി, വിദ്യാലയങ്ങൾ കുട്ടികൾക്കു മതിയായ വിദ്യാഭ്യാസം നൽകുന്നില്ലെന്നു ചിലർ വിചാരിക്കുന്നു. മയക്കുമരുന്നു ദുരുപയോഗം, എയ്ഡ്സ്, ജനനനിയന്ത്രണം തുടങ്ങിയവയ്ക്ക് ഊന്നൽ നൽകുന്നതിനാൽ വായന, എഴുത്ത്, ഗണിതം തുടങ്ങിയവ പഠിപ്പിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ കഴിയാതെ വരുന്നു എന്ന് അവർ പറയുന്നു. “മുമ്പ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി കരുതപ്പെടാതിരുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുകയെന്ന” ഭാരിച്ച ഉത്തരവാദിത്വമുള്ള ഒരു “സാമൂഹിക സേവന സ്ഥാപന”മായിത്തീർന്നിരിക്കുന്നു വിദ്യാലയവ്യവസ്ഥിതി എന്ന് 27 വർഷമായി അധ്യാപകവൃത്തി ചെയ്യുന്ന ഡോ. റോബർട്ട് അപ്പൽടൺ വിലപിക്കുന്നു.
ആവശ്യമായ വൈദഗ്ധ്യങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കാൻ ചില വിദ്യാലയങ്ങൾ പരാജയപ്പെടുന്നതിന്റെ ഫലമായി ഹൈസ്കൂളിൽനിന്നു പാസ്സാകുന്ന അനേകരും സ്വന്തം ആവശ്യങ്ങൾ നിറവേററാൻ കഴിയാത്തവരാണ്. ഫ്ളോറിഡയിലെ തൊഴിൽ ഏജൻസിയുടെ ഒരു ഓഫീസിലെ മാനേജരായ ജോസഫ് ഡബ്ലിയു. ഷ്റോഡർ ഇപ്രകാരം പറയുന്നു: “ജോലി ചെയ്യാൻ അവരെ പഠിപ്പിച്ചിട്ടില്ല. തൊഴിലുടമകൾ യുവജനങ്ങളുമായി ഇടപെടുമ്പോൾ അവർ നിരന്തരം എന്നോടു പറയുന്ന ഒരു കാര്യമാണ് അവർക്കു നന്നായി വായിക്കാനോ എഴുതാനോ അറിയില്ല എന്നത്. ജോലിക്കുള്ള ഒരു അപേക്ഷപോലും പൂരിപ്പിക്കാൻ അവർക്കു കഴിയില്ല.”
അനുബന്ധ വിദ്യാഭ്യാസം ആവശ്യമായി വന്നേക്കാവുന്നതിന്റെ മൂന്നാമത്തെ കാരണം, അനേകം നാടുകളിലെയും തൊഴിൽക്കമ്പോളത്തിൽ കോളെജ് ബിരുദധാരികളുടെ എണ്ണം കൂടുതലാണ് എന്നതാണ്. “കോളെജ് ബിരുദധാരികളുടെ എണ്ണം തൊഴിലവസരങ്ങളെക്കാൾ വളരെ കൂടുതലാണ്” എന്ന് ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. “ബിരുദധാരികൾ ഇത്രയധികമുള്ളതുകൊണ്ട് ഹൈസ്കൂൾവരെ പഠിച്ചിട്ടുള്ളവരെ ഒന്നു പരീക്ഷിച്ചുനോക്കാൻ വിമുഖതയുള്ളവരാണ് തൊഴിലുടമകൾ,” ആ റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
തങ്ങളുടെ സാമ്പത്തിക ചെലവുകൾ തൃപ്തികരമായ രീതിയിൽ നടത്താൻ പര്യാപ്തമായ ഒരു ജോലിക്കുവേണ്ടി യോഗ്യത നേടാൻ പലരും സ്കൂളിലേക്കു തിരികെ പോകുകയാണ്. ഐക്യനാടുകളിൽ 59 ശതമാനം കുട്ടികൾ ഹൈസ്കൂൾ പഠനത്തിനുശേഷവും തങ്ങളുടെ വിദ്യാഭ്യാസം തുടരുന്നു. പതിററാണ്ടുകളായി ഉണ്ടായിരുന്ന 50 ശതമാനത്തെക്കാൾ ഇതു വളരെ കൂടുതലാണ്.
അതുപോലെതന്നെ മററു രാജ്യങ്ങളിലും സമാനമായ പ്രവണത കാണാവുന്നതാണ്. ഉദാഹരണത്തിന്, ബ്രിട്ടനിൽ 1960-കൾ മുതൽ നിർബന്ധിത വിദ്യാഭ്യാസം കഴിഞ്ഞ് വീണ്ടും പഠിക്കുന്ന വിദ്യാർഥികളുടെ അനുപാതത്തിൽ ശ്രദ്ധേയമായ ഒരു വർധനവ് ഉണ്ടായിരുന്നു. ഓസ്ട്രേലിയയിൽ ഒരു സമീപ വർഷം ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്ന 85 ശതമാനം വിദ്യാർഥികൾ പല യൂണിവേഴ്സിററികളിലും കോളെജുകളിലും അപേക്ഷ നൽകുന്നതായി കാണുകയുണ്ടായി. മൂന്നു വർഷത്തെ കൂടുതൽ വിദ്യാഭ്യാസം നേടാൻവേണ്ടി ജപ്പാനിൽ 95 ശതമാനത്തോളം വിദ്യാർഥികൾ പരീക്ഷകൾ എഴുതുന്നു, അവിടെ അവർ ഒരു തൊഴിലിനോ കോളെജ് പഠനത്തിനോ വേണ്ടി സജ്ജരാകുന്നു.
എന്നിരുന്നാലും, ആഗ്രഹിക്കുന്നതരം പ്രയോജനങ്ങൾ അനുബന്ധ വിദ്യാഭ്യാസം എല്ലായ്പോഴും പ്രദാനം ചെയ്യുന്നില്ല. അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും എന്തെല്ലാമാണ്?
[അടിക്കുറിപ്പുകൾ]
a പാഠ്യതലങ്ങളുടെ പേരുകൾ രാജ്യങ്ങൾ തോറും വ്യത്യസ്തമാണ്. ഈ ലേഖനങ്ങളിൽ “ഹൈസ്കൂൾ” നിർബന്ധിത വിദ്യാഭ്യാസത്തിന്റെ മുഴു കാലയളവിനെ പരാമർശിക്കുന്നു. “കോളെജ്,” “യൂണിവേഴ്സിററി,” “സാങ്കേതിക സ്കൂൾ,” “തൊഴിൽപരിശീലന സ്കൂൾ” തുടങ്ങിയവ നിയമം ആവശ്യപ്പെടാത്തതും വ്യക്തികൾ സ്വമേധയാ ചേരുന്നതുമായ പലതരത്തിലുള്ള അനുബന്ധ വിദ്യാഭ്യാസത്തെ അർഥമാക്കുന്നു.