മെക്സിക്കോയിലെ മതവിചാരണ—അത് അരങ്ങേറിയത് എങ്ങനെ?
നിങ്ങൾ ഇപ്പോൾ ഒരു മതകോടതിയുടെ മുമ്പാകെ നിൽക്കുകയാണെന്നു സങ്കൽപ്പിക്കുക, ആ മതം പഠിപ്പിക്കുന്നതു വിശ്വസിക്കാൻ നിങ്ങളുടെമേൽ സമ്മർദം ചെലുത്താൻ അതാഗ്രഹിക്കുന്നു. നിങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ആരെന്നോ ആ ആരോപണം എന്തെന്നോ നിങ്ങൾക്കറിയില്ല. നിങ്ങളെ അറസ്ററു ചെയ്തിരിക്കുന്നതിന്റെ കാരണവും നിങ്ങൾക്കെതിരെയുള്ള ആരോപണവും അത് ഉന്നയിച്ച ആൾ ആരെന്നും നിങ്ങളോടു പറയുന്നില്ല, മറിച്ച് അവ വിശദീകരിക്കാൻ നിങ്ങളുടെമേൽ സമ്മർദം ചെലുത്തുകയാണ്.
നിങ്ങൾ ഉത്തരം പറയുന്ന വിധം സംബന്ധിച്ചു ജാഗ്രത പുലർത്തുക—നിങ്ങൾക്കെതിരെ ആരോപണമുന്നയിച്ചിട്ടില്ലാത്ത എന്തെങ്കിലും നിങ്ങൾ പറഞ്ഞുപോകാനിടയായേക്കാം, അതു സാഹചര്യത്തെ വഷളാക്കുകയേ ഉള്ളൂ! നിങ്ങൾക്കെതിരെ കൊണ്ടുവന്നിരിക്കുന്ന ആരോപണവുമായി മനസ്സാ-വാചാ ബന്ധമില്ലാത്ത ആളുകളെ ഈ പ്രശ്നത്തിൽ നിങ്ങൾ ഉൾപ്പെടുത്തുക പോലും ചെയ്തേക്കാം.
തുറന്നുപറയുന്നില്ലെങ്കിൽ, വളരെയധികം വെള്ളം കുടിക്കാൻ നിർബന്ധിച്ചുകൊണ്ട് നിങ്ങളെ പീഡിപ്പിച്ചേക്കാം. അല്ലെങ്കിൽ, പീഡിപ്പിക്കാനുപയോഗിക്കുന്ന ഒരു മേശമേൽ കിടത്തി വേദന അസഹനീയമായിത്തീരുന്നതുവരെ കൈകാലുകൾ കെട്ടി വരിഞ്ഞുമുറുക്കിയേക്കാം. കോടതി ഇതിനോടകംതന്നെ നിങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടിക്കഴിഞ്ഞു. അതു മിക്കവാറും നിങ്ങൾക്കൊരിക്കലും തിരിച്ചുകിട്ടാൻ പോകുന്നില്ല. എല്ലാം രഹസ്യമായാണു ചെയ്യുന്നത്. കുററക്കാരനെന്നു കണ്ടാൽ, നിങ്ങളെ സ്വന്തരാജ്യത്തുനിന്ന് നാടുകടത്തുകയോ ജീവനോടെ ചുട്ടെരിക്കുക പോലുമോ ചെയ്തേക്കാം.
ഈ 20-ാം നൂററാണ്ടിൽ ഇതുപോലെ മതപരമായി ക്രൂരമായ ഒരു നടപടിയെ മനസ്സിലാക്കുക പ്രയാസമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. എന്നാൽ അനേകം നൂററാണ്ടുകൾക്കു മുമ്പ് മെക്സിക്കോയിൽ അത്തരം കൊടുംക്രൂരതകൾ അരങ്ങേറി.
തദ്ദേശ ജനങ്ങളെ “മതപരിവർത്തനം ചെയ്യിക്കൽ”
ഇപ്പോൾ മെക്സിക്കോ എന്നറിയപ്പെടുന്ന പ്രദേശം സ്പാനീഷുകാർ 16-ാം നൂററാണ്ടിൽ ജയിച്ചടക്കിയപ്പോൾ, മതപരമായ ഒരു കീഴടക്കൽക്കൂടി നടന്നു. തദ്ദേശ ജനങ്ങളുടെ മതപരിവർത്തനം പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും മാററി സ്ഥാപിക്കുന്നതിനെക്കാൾ അധികമൊന്നുമായിരുന്നില്ല, കാരണം ബൈബിൾ പഠിപ്പിക്കാൻ താത്പര്യമുണ്ടായിരുന്ന കത്തോലിക്കാ പുരോഹിതൻമാർ ആരുംതന്നെ ഉണ്ടായിരുന്നില്ല. തദ്ദേശീയരുടെ ഭാഷ പഠിക്കാനോ മതോപദേശങ്ങൾ ലഭ്യമായിരുന്ന ലാററിൻ അവരെ പഠിപ്പിക്കാനോ ഈ പുരോഹിതൻമാർ മിനക്കെട്ടില്ല.
സമ്പൂർണ മതബോധനം ഇന്ത്യാക്കാർക്കു ലഭിക്കേണ്ടതാണെന്നു ചിലർ വിചാരിച്ചു. എന്നാൽ മററു ചിലർ ഫ്രയർ ഡോമിംഗോ ഡേ ബെററാൻസോസിന്റെ അഭിപ്രായക്കാരായിരുന്നു. സൂമാറാംഗായും മെക്സിക്കോയിലെ മതവിചാരണയും എന്ന തന്റെ ഗ്രന്ഥത്തിൽ റിച്ചാർഡ് ഈ. ഗ്രീൻലീഫ് പറയുന്നതനുസരിച്ച് “ഇന്ത്യാക്കാരെ ലാററിൻ പഠിപ്പിക്കരുത്, കാരണം പുരോഹിതൻമാർ എത്ര അറിവില്ലാത്തവരാണെന്നു മനസ്സിലാക്കാൻ അത് അവരെ സഹായിക്കും” എന്ന് ബെററാൻസോസ് വിശ്വസിച്ചിരുന്നു.
തദ്ദേശീയർക്കെതിരെയുള്ള മതവിചാരണ
മെക്സിക്കോയിൽ ജനിച്ചുവളർന്നവർ ഈ പുതിയ മതത്തെ സ്വീകരിക്കാത്തപക്ഷം അവരെ വിഗ്രഹാരാധികളായി കണക്കാക്കി കഠിനമായി പീഡിപ്പിച്ചിരുന്നു. ഉദാഹരണത്തിന്, തന്റെ വ്യാജ വിഗ്രഹങ്ങളെ ആരാധിച്ചതിന് അവരിലൊരുവനു ചാട്ടവാറുകൊണ്ട് നൂറടി പരസ്യമായി കിട്ടി. തന്റെ വിഗ്രഹത്തെ ക്രൈസ്തവലോകത്തിന്റെ ഒരു വിഗ്രഹത്തിന്റെ അടിയിൽ കുഴിച്ചിട്ടിരുന്ന അയാൾ “ക്രിസ്തീയ” ആരാധന നടത്തുന്നുവെന്നു നടിക്കുകയാണു ചെയ്തത്.
എന്നാൽ നേരേമറിച്ച്, ടെസ്ക്കോക്കോയിലെ ഗോത്രത്തലവനായ ഡോൺ കാർലോസ് ഓമെറേറാക്സീനും ആസ്റെറക്കുകാരുടെ രാജാവിന്റെ പൗത്രനായ നെററ്സാവാൽക്കോയോട്ടിലും സഭയെ ഉഗ്രമായി വിമർശിച്ചു. “കത്തോലിക്കാ സന്ന്യാസിമാരുടെ സുഖലോലുപതയെക്കുറിച്ചു തദ്ദേശീയരോടു പ്രസംഗിച്ചതു നിമിത്തം ഡോൺ കാർലോസ് പ്രത്യേകിച്ചു സഭയ്ക്കെതിരെ തെററു ചെയ്തിരുന്നു” എന്നു ഗ്രീൻലീഫ് പ്രസ്താവിക്കുന്നു.
അക്കാലത്തു മതവിചാരണ നടത്തിയിരുന്ന ക്വാൻ സൂമാറാംഗ എന്ന കത്തോലിക്കാ സന്ന്യാസി ഇതു സംബന്ധിച്ചു മനസ്സിലാക്കിയപ്പോൾ ഡോൺ കാർലോസിനെ അറസ്ററു ചെയ്യാൻ കൽപ്പന പുറപ്പെടുവിച്ചു. “ധാർഷ്ട്യപൂർവം സ്വമതസ്ഥാപനത്തിനു വേണ്ടി വാദിക്കുന്ന പാഷണ്ഡി” എന്നാരോപിച്ച് ഡോൺ കാർലോസിനെ 1539 നവംബർ 30-ന് സ്തംഭത്തിൽ തൂക്കി ചുട്ടുകൊന്നു. മന്ത്രവാദം നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ മററു പല തദ്ദേശീയരും ശിക്ഷയ്ക്കു വിധേയരായി.
വിദേശിയർക്കെതിരെയുള്ള മതവിചാരണ
കത്തോലിക്കാമതം സ്വീകരിക്കാൻ കൂട്ടാക്കാഞ്ഞ, മെക്സിക്കോയിൽ താമസമാക്കിയ, വിദേശിയർ പാഷണ്ഡികളോ ലൂഥറൻകാരോ മതപരിവർത്തനംവഴി യഹൂദരായിത്തീർന്നവരോ ആണെന്ന് ആരോപിക്കപ്പെട്ടു. ഇതിനൊരു ഉദാഹരണമായിരുന്നു കാർവാജാൽ എന്ന പോർച്ചുഗീസ് കുടുംബം. യഹൂദമതം ആചരിച്ചുവെന്ന് ആരോപിച്ച് മിക്കവാറും അവരെല്ലാവരെയും മതവിചാരണ നടത്തി പീഡിപ്പിച്ചു. ആ കുടുംബത്തിലെ ഒരംഗത്തിനെതിരെ പ്രഖ്യാപിക്കപ്പെട്ട ഈ വിധി അതിന്റെ ഭയാനകത വെളിപ്പെടുത്തുന്നു: “സ്വാഭാവികമായി മരിക്കുന്നതുവരെ ഡോണ മരിയാന ഡി കർവാജാൽ എന്നു വിളിക്കപ്പെടുന്നവളെ . . . ഗാരട്ടിൽ [കഴുത്തു ഞെരിച്ചു കൊല്ലാനുള്ള ഒരു ഉപകരണത്തിൽ] ഇടാൻ [ഞാൻ] കുററംവിധിക്കുന്നു, എന്നിട്ട് അവൾ ചാരമായിമാറുന്നതുവരെ കൊടുംതീയിലിട്ട് കത്തിക്കണം; അവളെക്കുറിച്ചുള്ള ഒരോർമപോലും അവശേഷിക്കാൻ പാടില്ല.” സംഭവിച്ചതും അതുതന്നെയാണ്.
ഏതെങ്കിലും വിദേശി പുരോഹിതൻമാരുടെ അധികാരത്തെ ഭീഷണിപ്പെടുത്തിയപ്പോഴെല്ലാം അയാളെ വിസ്തരിക്കാൻ കൊണ്ടുവരുമായിരുന്നു. മെക്സിക്കോയെ വിമോചിപ്പിക്കാൻ ആഗ്രഹിക്കുന്നതായി ഡോൺ ജീയൻ ലോമ്പാർഡോ ഡി ഗൂസ്മാൻ എന്ന ആളെ കുററപ്പെടുത്തി. എന്നാൽ വിശുദ്ധ സിംഹാസനം അയാളെ അറസ്ററു ചെയ്യാൻ കൊണ്ടുവന്ന ആരോപണം അയാൾ ഒരു ജ്യോതിഷക്കാരനും കാൽവിന്റെ ഒരു വിഭാഗീയ പാഷണ്ഡിയുമാണ് എന്നതായിരുന്നു. തടവിൽ കിടക്കുന്ന സമയത്ത് അയാൾക്കു സുബോധം നഷ്ടപ്പെട്ടു. ഒടുവിൽ 1659 നവംബർ 6-ന് സ്തംഭത്തിൽവെച്ച് അയാളെ ജീവനോടെ ചുട്ടെരിച്ചു.
ഡോൺ ആർത്തേമിയോ ഡേ വായേ-ആരിസ്പെ എഴുതിയ മതവിചാരണയും കുററകൃത്യങ്ങളും (ഇംഗ്ലീഷ്) എന്ന പുസ്തകം ആ സന്ദർഭത്തെ ഇപ്രകാരം വർണിക്കുന്നു: “അവർ കുററക്കാരെ പിടിച്ചുകെട്ടി, സ്തംഭത്തിൽ ബന്ധിച്ചു. അവരുടെ കഴുത്തിനു ചുററും ഇരുമ്പുകൊണ്ടുള്ള ഒരു വളയം ഉണ്ടായിരുന്നു. . . . വിശ്വാസത്തിന്റെ വിശുദ്ധ അഗ്നികുണ്ഡം ആളിക്കത്താൻ തുടങ്ങി. ഡോൺ ഗില്ലൻ . . . സ്വയം താഴേക്കു വീണു. കഴുത്തിൽവെച്ച് അദ്ദേഹത്തെ പിടിച്ചുനിർത്തിയിരുന്ന വളയം അദ്ദേഹത്തെ ഞെരിച്ചുകൊന്നു. കത്തിയമരുന്ന അഗ്നികുണ്ഡത്തിൽ അദ്ദേഹത്തിന്റെ ശരീരം അപ്രത്യക്ഷമായി. വിശുദ്ധ സിംഹാസനത്തിന്റെ ഇരുണ്ട തടവറകൾക്കുള്ളിൽ നീണ്ട പതിനേഴു വർഷങ്ങൾ ഇടതടവില്ലാതെ മന്ദഗതിയിൽ ദുരിതമനുഭവിച്ചശേഷം അദ്ദേഹം ഈ ജീവിതത്തോടു വിടപറഞ്ഞു. തീക്കുണ്ഡം സാവധാനം കെട്ടടങ്ങി, നീലിമ കലർന്ന ചുവപ്പു തീനാളങ്ങൾ നിലച്ചു. അവ കെട്ടടങ്ങിയപ്പോൾ ജ്വലിക്കുന്ന തീക്കനലുകളുടെ ഒരു കൂമ്പാരം മാത്രം രാത്രിയിൽ അവശേഷിച്ചു.”
“വിശുദ്ധ ഓഫീസ്” സ്ഥാപിക്കപ്പെടുന്നു
ഇതിനോടകം കണ്ടുകഴിഞ്ഞതുപോലെ പുതിയ മതത്തെ വിമർശിച്ചതുകൊണ്ട് അല്ലെങ്കിൽ അതു സ്വീകരിക്കാഞ്ഞതുകൊണ്ട് വിദേശവംശജരായ മെക്സിക്കോക്കാർ ശിക്ഷിക്കപ്പെടുകയും ചിലർ വധിക്കപ്പെടുകയും ചെയ്തു. ഇത് കത്തോലിക്കാ സന്ന്യാസിമാരും പിന്നീട് ബിഷപ്പുമാരും സൃഷ്ടിച്ച മതവിചാരണയ്ക്കു രൂപം കൊടുത്തു. എന്നിരുന്നാലും, മെക്സിക്കോയിലെ ആദ്യത്തെ പൊതു മതവിചാരകനായ ഡോൺ പേഡ്രോ മോയാ ഡെ കോൺസ്ട്രേറാസ് വിശുദ്ധ സിംഹാസനത്തിന്റെ മതവിചാരണാ ന്യായാധിപസഭ ഔദ്യോഗികമായി രൂപവത്കരിക്കാൻ 1571-ൽ സ്പെയിനിൽനിന്നും അവിടെയെത്തി. 1820-ൽ ഈ കോടതിയുടെ പ്രവർത്തനം നിലച്ചു. അങ്ങനെ, 1539 മുതലുള്ള മുന്നൂറ് വർഷക്കാലം കത്തോലിക്കാ വിശ്വാസം സ്വീകരിക്കാഞ്ഞവർ ഉപദ്രവിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തുപോന്നു.
ആരെങ്കിലും കുററമാരോപിക്കപ്പെടുമ്പോൾ കുററമേററു പറയുന്നതുവരെ അയാളെ പീഡിപ്പിച്ചിരുന്നു. അയാൾ കത്തോലിക്കാ വിശ്വാസത്തിന് എതിരായ ആചാരങ്ങളെ തിരസ്കരിക്കാനും സഭയുടെ വിശ്വാസങ്ങളെ സ്വീകരിക്കാനും കോടതി പ്രതീക്ഷിച്ചിരുന്നു. കുററം ആരോപിക്കപ്പെട്ടയാൾ സ്വതന്ത്രനാക്കപ്പെടണമെങ്കിൽ തന്റെ നിഷ്കളങ്കത്വം തെളിയിക്കണമായിരുന്നു, അല്ലെങ്കിൽ അയാളുടെ പേരിലുള്ള കുററം തെളിയിക്കപ്പെടാതെ പോകണമായിരുന്നു. അതുമല്ലെങ്കിൽ അവസാനമായി അയാൾ കുററമേററു പറയുകയും പശ്ചാത്തപിക്കുകയും ചെയ്യണമായിരുന്നു. ഒടുവിൽ പറഞ്ഞ കാര്യത്തിലാണെങ്കിൽ, തന്റെ തെററിനോടുള്ള വെറുപ്പും താൻ ചെയ്തതിനു പരിഹാരം ചെയ്യാമെന്നുള്ള അയാളുടെ വാഗ്ദാനവും അടങ്ങുന്ന പ്രസ്താവന പരസ്യമായി വായിക്കുമായിരുന്നു. എന്തായാലും ശരി അയാൾക്കു സ്വന്തം വസ്തുവകകൾ നഷ്ടപ്പെട്ടതുതന്നെ, കനത്ത പിഴയും അടയ്ക്കണമായിരുന്നു. കുററക്കാരനെന്നു കണ്ടെത്തിയാൽ ശിക്ഷിക്കുന്നതിനു ലൗകിക അധികാരികൾക്ക് അയാളെ ഏൽപ്പിച്ചുകൊടുത്തിരുന്നു. സാധാരണമായി ഇതിന്റെ അവസാനം സ്തംഭത്തിലെ അയാളുടെ ചുട്ടെരിക്കലായിരുന്നു, ജീവനോടെയോ കൊന്നിട്ട് നിമിഷങ്ങൾക്കു ശേഷമോ.
വിധി പരസ്യമായി നടപ്പാക്കുന്നതിനു വേണ്ടി ഒരു മഹാ പാഷണ്ഡദണ്ഡന പരിപാടി നടത്തിയിരുന്നു. സമ്മേളിക്കേണ്ട ദിവസവും സ്ഥലവും എല്ലാവരെയും അറിയിക്കാൻ നഗരത്തിലെല്ലായിടവും ഒരു പൊതു വിളംബരം നടത്തിയിരുന്നു. ആ ദിവസം കുററംവിധിക്കപ്പെട്ടവർ സാമ്പനീറേറാ (കൈകളില്ലാത്ത ഒരുതരം വസ്ത്രം) ധരിച്ച്, രണ്ടു കൈകൊണ്ടും ഒരു മെഴുകുതിരി പിടിച്ച് വിശുദ്ധ സിംഹാസനത്തിന്റെ ജയിലറയ്ക്കുള്ളിൽനിന്ന് പുറത്തു വരും. അവരുടെ കഴുത്തിൽ കയറുണ്ടായിരിക്കും, തലയിൽ ഒരു കോറോസായും (കോണാകൃതിയിലുള്ള ഒരു തൊപ്പി). കത്തോലിക്കാ വിശ്വാസത്തിനെതിരെയുള്ള കുററങ്ങളെല്ലാം വായിച്ചശേഷം, ഓരോ കുററവാളിക്കും ശിക്ഷ കൊടുക്കുമായിരുന്നു.
ഈ വിധത്തിൽ പലരും മതത്തിന്റെ പേരിൽ കുററംവിധിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇതിന്റെ ഇരകൾ സ്തംഭത്തിൽ കിടന്നു മരിക്കുന്നതു കാണുന്ന ജനക്കൂട്ടത്തിനു പുരോഹിതവർഗത്തിന്റെ ക്രൂരതയും അസഹിഷ്ണുതയും ശരിക്കും വ്യക്തമായിരുന്നു.
ക്രിസ്ത്യാനിത്വത്തോടുള്ള തുറന്ന എതിർപ്പ്
ആളുകളെ സത്യക്രിസ്ത്യാനിത്വത്തിലേക്കു മതപരിവർത്തനം ചെയ്യാൻ യേശു തന്റെ ശിഷ്യൻമാരെ നിയോഗിച്ചു. അവൻ ഇങ്ങനെ കൽപ്പിച്ചു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.”—മത്തായി 28:19, 20.
എന്നാൽ, ആളുകളെ ബലപ്രയോഗം നടത്തി മതപരിവർത്തനം ചെയ്യിക്കണമെന്ന് യേശു ഒരിക്കലും സൂചിപ്പിച്ചില്ല. മറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ.” (മത്തായി 10:14) ഈ ആളുകളുടെ അവസാന ന്യായവിധിയിൽ ക്രിസ്ത്യാനികൾ ശാരീരികമായി ഇടപെടാതെ അതു സർവശക്തനാം ദൈവമായ യഹോവക്കു വിടുന്നു.
അതുകൊണ്ട്, വ്യക്തമായും ലോകത്തിൽ മതവിചാരണ അരങ്ങേറിയിടത്തെല്ലാം അതു നടന്നത് ക്രിസ്തീയ തത്ത്വങ്ങൾക്കു കടകവിരുദ്ധമായിട്ടായിരുന്നു.
ഇപ്പോൾ മെക്സിക്കോയിൽ നിലനിൽക്കുന്ന മതസഹിഷ്ണുതയുടെ അന്തരീക്ഷം ദൈവത്തെ ആരാധിക്കുന്ന രീതി സംബന്ധിച്ച് ആളുകൾക്കു സ്വാതന്ത്ര്യം നൽകുന്നു. നൂററാണ്ടുകൾ നീണ്ടുനിന്ന വിശുദ്ധ മതവിചാരണ മെക്സിക്കോയിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ പാപക്കറ പുരണ്ട ഒരു താളായിത്തന്നെ നിലകൊള്ളും.