ബൈബിളിന്റെ വീക്ഷണം
“ബലഹീനപാത്രം”—അത് സ്ത്രീകൾക്ക് ഒരു അപമാനമോ?
“അനുഭവപരിചയം, കഴിവ്, ബുദ്ധി എന്നിവയുടെ അടിസ്ഥാനത്തിൽ വിധിക്കുന്നതിനു പകരം സ്ത്രീകളെ ലൈംഗികാടിസ്ഥാനത്തിൽ വിധിക്കുന്നതെന്തിനാണ്?”—ബെററി എ.
“തങ്ങൾ താണ സൃഷ്ടികളാണെന്നു വിചാരിക്കാൻ സ്ത്രീകൾ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു.”—ലിൻ എച്ച്.
“ബലഹീനപാത്രം” എന്ന ബൈബിൾ പദപ്രയോഗം സ്ത്രീകളെ തരംതാഴ്ത്തികാണിക്കുന്നുവോ? ചോദ്യം ചെയ്യപ്പെടുന്ന ഈ ബൈബിൾ വാക്യം 1 പത്രൊസ് 3:7 ആണ്. അത് ഇപ്രകാരം പറയുന്നു: “അങ്ങനെ തന്നേ ഭർത്താക്കൻമാരേ, നിങ്ങളുടെ പ്രാർഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.”
പത്രോസ് സഹക്രിസ്ത്യാനികൾക്ക് ഈ വാക്കുകൾ എഴുതിയപ്പോൾ സ്ത്രീകൾക്ക് പുരാതന പുറജാതി ലോകത്തിൽ മാത്രമല്ല, വിശ്വാസത്യാഗം ഭവിച്ച യഹൂദ സമുദായത്തിലും വളരെ കുറച്ച് അവകാശങ്ങളേ ഉണ്ടായിരുന്നുള്ളൂ. പത്രോസും ആദിമക്രിസ്ത്യാനികളും അന്നു സ്ത്രീകളെക്കുറിച്ചുണ്ടായിരുന്ന ഈ പ്രബലമായ വീക്ഷണഗതിക്കു വേണ്ടി വാദിക്കുകയായിരുന്നോ?
താണതരം പാത്രങ്ങളോ?
പത്രോസിന്റെ വാക്കുകളുടെ ഒന്നാം നൂററാണ്ടിലെ വായനക്കാർ “ബലഹീനപാത്രം” എന്ന പദപ്രയോഗത്തിന്റെ അർഥം എങ്ങനെ വ്യാഖ്യാനിച്ചിരിക്കണം? പാത്രം എന്നതിന്റെ ഗ്രീക്കുപദം (സ്ക്യൂവൊസ്) അനേകം പ്രാവശ്യം ഗ്രീക്കു തിരുവെഴുത്തുകളിൽ ഉപയോഗിച്ചിട്ടുണ്ട്. അത് വിവിധതരം പാത്രങ്ങൾ, പണിയായുധങ്ങൾ, വീട്ടുപാത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയെ പരാമർശിക്കുന്നു. സ്ത്രീകളെ “ബലഹീനപാത്രം” എന്നു വിളിച്ചപ്പോൾ പത്രോസ് സ്ത്രീകളെ തരംതാഴ്ത്തികാണിക്കുകയല്ലായിരുന്നു. എന്തുകൊണ്ടെന്നാൽ ആ വാക്കിന്റെ [ഇംഗ്ലീഷ്] പദം ഭർത്താവും ദുർബലൻ അഥവാ ബലഹീനൻ ആണെന്നു ധ്വനിപ്പിക്കുന്നു. സ്ത്രീപുരുഷൻമാരെ പരാമർശിക്കുമ്പോൾ മററു ബൈബിൾ പാഠങ്ങളും “മൺപാത്രങ്ങ”ൾ (2 കൊരിന്ത്യർ 4:7) “കരുണാപാത്രങ്ങ”ൾ (റോമർ 9:23) എന്നിങ്ങനെ സമാനമായ ആലങ്കാരിക പദങ്ങൾ ഉപയോഗിക്കുന്നു. സ്ത്രീപുരുഷൻമാരിൽ “ബലഹീന”തയേറിയവരായി പത്രോസ് സ്ത്രീകളെ ചിത്രീകരിക്കുന്നുവെന്നതു സത്യം തന്നെ. എന്നാൽ റോമർ 5:6-ലെ “ബലഹീനർ” എന്ന പദം എല്ലാ മനുഷ്യർക്കും—സ്ത്രീക്കും പുരുഷനും ബാധകമാകുന്നു. അതുകൊണ്ട് “ബലഹീനപാത്രം” എന്ന പദം ആദിമക്രിസ്ത്യാനികൾ സ്ത്രീകൾക്ക് അനാദരസൂചകമായി കണക്കാക്കിയിരിക്കാനിടയില്ല.
പകരം, പത്രോസിന്റെ വാക്കുകൾ സ്ത്രീകളുടെ സ്ഥാനം ഉയർത്തുന്നവയായി വീക്ഷിക്കപ്പെടുമായിരുന്നു. പത്രോസിന്റെ നാളിൽ സ്ത്രീകളെ ആദരിക്കുന്ന ഒരു രീതിയേ ഇല്ലായിരുന്നു. ദൈവം ദീർഘനാൾ മുമ്പു മുൻകൂട്ടിക്കണ്ടതുപോലെ ഭർത്താക്കൻമാർ പലപ്പോഴും തങ്ങളുടെ ഭാര്യമാരുടെമേൽ ഭരണംനടത്തുകയും ശാരീരികമായും ലൈംഗികമായും വൈകാരികമായും അവരെ ദുരുപയോഗം ചെയ്യുകയും ചെയ്തു. (ഉല്പത്തി 3:16) അങ്ങനെ ക്രിസ്തീയ ഭർത്താക്കൻമാർക്കുള്ള പത്രോസിന്റെ ബുദ്ധ്യുപദേശത്തിന്റെ യഥാർഥ പൊരുൾ ഇതായിരുന്നു: ലോക സമൂഹം പുരുഷൻമാർക്കു കൊടുത്തിരിക്കുന്ന അധികാരത്തെ ചൂഷണം ചെയ്യരുത്.
നമുക്ക് “ബലഹീന” എന്ന പദം കുറെക്കൂടെ അടുത്തൊന്നു പരിശോധിക്കാം. പത്രോസ് ഈ വാക്യത്തിൽ വൈകാരിക ഗുണങ്ങളെയല്ല, ശാരീരിക ഗുണങ്ങളെയായിരുന്നു പരാമർശിച്ചത്. പുരുഷൻമാർ ബലഹീന പാത്രങ്ങളാണ്; ഒരു താരതമ്യ അർഥത്തിൽ, അപ്പോൾ സ്ത്രീകൾ ബലഹീനമേറിയ പാത്രങ്ങളാണ്. അതെങ്ങനെ? സാധാരണമായി കൂടുതൽ ശാരീരിക ബലം ഉണ്ടായിരിക്കത്തക്കവണ്ണമുള്ള അസ്ഥികളും പേശീ ഘടനയുമാണ് പുരുഷൻമാർക്കുള്ളത്. എന്നിരുന്നാലും, പത്രോസ് ധാർമികവും ആത്മീയവും മാനസികവുമായ ബലത്തെപ്പററി ഒരു താരതമ്യം നടത്തുകയായിരുന്നു എന്നുള്ളതിന്റെ ഒരു സൂചനയുമില്ല. എന്നാൽ സംഭവങ്ങളോടുള്ള വൈകാരിക പ്രതികരണങ്ങൾ പരിഗണിക്കുമ്പോൾ സ്ത്രീകൾ പുരുഷൻമാരിൽനിന്നു വ്യത്യസ്തരായിരിക്കുന്നതായി നന്നായി വർണിക്കപ്പെട്ടിരിക്കുന്നു, അവശ്യം ബലം കുറഞ്ഞവരോ ഏറിയവരോ ആയിരിക്കണമെന്നില്ല. ദൈവവഴി പിന്തുടർന്നിട്ടുള്ള സ്ത്രീകളുടെ ശക്തമായ ധാർമികഗുണത്തെയും സഹനശക്തിയെയും വകതിരിവിനെയും പററി ബൈബിൾ വർണിക്കുന്നു. സാറാ, ദെബോരാ, രൂത്ത്, എസ്ഥേർ എന്നിവർ അവരിൽ ചിലർ മാത്രമാണ്. തങ്ങളെക്കാൾ സ്ത്രീകൾക്കു ബുദ്ധിശക്തിയുണ്ടായിരിക്കാമെന്നു സമ്മതിക്കാൻ താഴ്മയുള്ള പുരുഷൻമാർക്ക് ഒരു പ്രയാസവുമില്ല.
എന്നിരുന്നാലും, “ബലഹീന”ർ എന്നു സ്ത്രീകളെ പരാമർശിക്കുന്നത് അവർ താണ വ്യക്തികളാണെന്നുള്ള സൂചന നൽകുന്നുവെന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ ഈ ദൃഷ്ടാന്തം പരിചിന്തിക്കുക. ഒരു വ്യക്തിക്ക് ഉപയോഗയോഗ്യമായ രണ്ടു പാത്രങ്ങളുണ്ട്. ഒന്ന് നല്ല ബലമുള്ളതാണ്, മറേറതിന് അത്രയും ബലമില്ല. രണ്ടാമത്തെ പാത്രത്തിന് ബലം കുറവായതുകൊണ്ട് അതിനെ താണതായി കണക്കാക്കുമോ? വാസ്തവത്തിൽ, ബലമുള്ള പാത്രം കൈകാര്യം ചെയ്യുന്നതിലധികം ശ്രദ്ധയോടെ നാം ബലംകുറഞ്ഞ പാത്രം കൈകാര്യം ചെയ്യും. അതുകൊണ്ട് സ്ത്രീക്ക് പുരുഷനെക്കാൾ ശാരീരികബലം കുറവായതുകൊണ്ട് അവൾ താണതാണോ? തീർച്ചയായും അല്ല! “ബലഹീനപാത്രം” എന്ന പദം പത്രോസ് ഉപയോഗിക്കുന്നത് സ്ത്രീകളെ കരിതേച്ചുകാണിക്കാനല്ല, പിന്നെയോ അവരോടുള്ള ബഹുമാനം പരിപുഷ്ടിപ്പെടുത്താനാണ്.
“അങ്ങനെ തന്നേ . . . വിവേകത്തോടെ”
“അങ്ങനെ തന്നേ . . . വിവേകത്തോടെ ഭാര്യമാരോടുകൂടെ വസി”ക്കാൻ പത്രോസ് ഭർത്താക്കൻമാരെ ഉദ്ബോധിപ്പിച്ചു. “അങ്ങനെ തന്നേ,” ആരേപ്പോലെ? മുമ്പിലത്തെ വാക്യങ്ങളിൽ പത്രോസ് തന്റെ അനുഗാമികൾക്കുവേണ്ടിയുള്ള ക്രിസ്തുവിന്റെ സ്നേഹപൂർവകമായ കരുതലിനെക്കുറിച്ചു ചർച്ചചെയ്യുകയായിരുന്നു. ഭർത്താക്കൻമാർ തങ്ങളുടെ ഭാര്യമാർക്കുവേണ്ടി “അങ്ങനെ തന്നേ” കരുതണമെന്നാണ് അദ്ദേഹം പ്രബോധിപ്പിച്ചത്. (1 പത്രൊസ് 2:21-25; 3:7) ക്രിസ്തു എല്ലായ്പോഴും തന്റെ ശിഷ്യൻമാരുടെ ക്ഷേമത്തെയും താത്പര്യങ്ങളെയും തന്റെ വ്യക്തിപരമായ ആഗ്രഹങ്ങൾക്കും അഭീഷ്ടങ്ങൾക്കും അതീതമായി വെച്ചു. അവൻ അവരുടെ ആത്മീയവും ശാരീരികവുമായ ക്ഷേമത്തിൽ തത്പരനായിരുന്നു. അവൻ അവരുടെ പരിമിതികളെ കണക്കിലെടുത്തു. “അങ്ങനെ തന്നേ” തങ്ങളുടെ ഭാര്യമാരോടു പെരുമാറിക്കൊണ്ട് ഭർത്താക്കൻമാർ ക്രിസ്തുവിന്റെ സ്നേഹപൂർവകമായ മാതൃക അനുകരിക്കേണ്ടിയിരിക്കുന്നു.
സുഗമമായ വിവാഹജീവിതം യാദൃച്ഛികമായി സംഭവിക്കുന്നില്ല. വിവാഹത്തിന്റെ വിജയത്തിന് സംഭാവന ചെയ്യേണ്ടതെങ്ങനെയെന്ന് ഭർത്താവും ഭാര്യയും അറിഞ്ഞിരിക്കണം. ഇക്കാരണത്താൽ “വിവേകത്തോടെ” തങ്ങളുടെ ഭാര്യമാരോടുകൂടെ വസിക്കാനാണ് പത്രോസ് ഭർത്താക്കൻമാരേ ഉപദേശിക്കുന്നത്. യഹോവയും അവന്റെ പുത്രനായ യേശുക്രിസ്തുവും സ്ത്രീകളോട് ഇടപെട്ടതെങ്ങനെയെന്ന് ഭർത്താക്കൻമാർ പഠിക്കണം. തങ്ങൾ ഭാര്യമാരോട് എങ്ങനെ പെരുമാറാനാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് അവർ മനസ്സിലാക്കണം.
കൂടാതെ, ഭർത്താക്കൻമാർ തങ്ങളുടെ ഭാര്യമാരെ നന്നായി മനസ്സിലാക്കേണ്ടതുണ്ട്—അവരുടെ വികാരങ്ങളും ശക്തികളും പരിമിതികളും ഇഷ്ടാനിഷ്ടങ്ങളുമെല്ലാം. തങ്ങളുടെ ഭാര്യമാരുടെ ബുദ്ധിശക്തിയെയും അനുഭവപരിചയത്തെയും മാന്യ പ്രകൃതിയെയും ആദരിക്കേണ്ടതെങ്ങനെയെന്ന് അവർ അറിയണം. ബൈബിൾ ഇപ്രകാരം പറയുന്നു: “ഭർത്താക്കൻമാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. അവ്വണ്ണം ഭർത്താക്കൻമാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോററി പുലർത്തുകയത്രേ ചെയ്യുന്നതു.”—എഫെസ്യർ 5:25, 28, 29.
അവർക്കു ബഹുമാനം കൊടുക്കുക
“ബലഹീനപാത്രം” എന്ന് പത്രോസ് സ്ത്രീകളെക്കുറിച്ചു പറഞ്ഞപ്പോൾ ഭർത്താക്കൻമാർ “അവർക്കു ബഹുമാനം കൊടു”ക്കണമെന്നു കൂടെ അദ്ദേഹം പ്രസ്താവിച്ചു. ഗ്രീക്കിൽ റൈറം എന്ന നാമരൂപം ബഹുമാനം, വിലമതിപ്പ്, വില, മൂല്യം എന്നീ അർഥങ്ങൾ വഹിക്കുന്നു. മററു വാക്കുകളിൽ പറഞ്ഞാൽ ബഹുമാനം കൊടുക്കൽ പ്രീതിയുടെ ഒരു പ്രകടനം മാത്രമല്ല, പിന്നെയോ അവർക്ക് അർഹമായ കാര്യങ്ങളെ അംഗീകരിക്കലാണ്. പൗലോസ് എല്ലാ ക്രിസ്ത്യാനികളെയും, സ്ത്രീയെയും പുരുഷനെയും ഒരുപോലെ ഇപ്രകാരം പ്രബോധിപ്പിച്ചു: “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ.”—റോമർ 12:10.
യഹോവയാം ദൈവം തീർച്ചയായും സ്ത്രീകളെ വെറും കാഴ്ചവസ്തുക്കളായി കണക്കാക്കുന്നില്ല. ഇസ്രായേലിൽ, വ്യഭിചാരം, അഗമ്യഗമനം, മൃഗീയത, മററു കുററകൃത്യങ്ങൾ എന്നിവയ്ക്ക് കുററക്കാരായിരുന്ന പുരുഷനും സ്ത്രീക്കും ദൈവനിയമങ്ങൾ ഒരുപോലെ ബാധകമായിരുന്നു. (ലേവ്യപുസ്തകം 18:6-17, 23, 29; 20:10-12) ശബത്ത്, നാസീർവ്രതക്കാരെ ഭരിക്കുന്ന നിയമങ്ങൾ, ഉത്സവങ്ങൾ എന്നിവയുടെ പ്രയോജനങ്ങളും നിയമപരമായ മററു പല ഏർപ്പാടുകളും സ്ത്രീകൾക്ക് അനുഭവിക്കാൻ കഴിഞ്ഞു. (പുറപ്പാടു 20:10; സംഖ്യാപുസ്തകം 6:2; ആവർത്തനപുസ്തകം 12:18; 16:11, 14) പിതാവിനെയെന്നപോലെ മാതാവിനെയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യണമായിരുന്നു.—ലേവ്യപുസ്തകം 19:3; 20:9; ആവർത്തനപുസ്തകം 5:16; 27:16; സദൃശവാക്യങ്ങൾ 1:8.
അനവധി വരുന്ന തന്റെ ഉത്തരവാദിത്വങ്ങൾക്കു വേണ്ടി കരുതുന്നതിലെ അവളുടെ വിശ്വസ്തതയും പ്രയത്നശീലവും ജ്ഞാനവും നിമിത്തം സദൃശവാക്യങ്ങൾ 31-ാം അധ്യായം 10 മുതൽ 31 വരെയുള്ള വാക്യങ്ങൾ “സാമർത്ഥ്യമുള്ള” ഒരു “ഭാര്യയെ”ക്കുറിച്ച് ആദരവോടെ സംസാരിക്കുന്നു. കുടുംബത്തിലെ വ്യാപാര ഇടപാടുകളും മററു സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിലെ അവളുടെ പങ്കുനിമിത്തം അവൾ ഉചിതമാം വിധം അംഗീകാരം നേടിയിരിക്കുന്നു. സ്ത്രീകൾ വെറും അലങ്കാരവസ്തുക്കളാണെന്നു വിചാരിക്കുന്ന ചില പുരുഷൻമാരുടെ മനോഭാവത്തിൽനിന്ന് എത്രയോ വ്യത്യസ്തം! പിൽക്കാലത്ത്, ആദിമ ക്രിസ്തീയ സഭയിൽ ക്രിസ്തുവിന്റെ സാക്ഷികളെന്ന നിലയിൽ സ്ത്രീകൾ പരിശുദ്ധാത്മാവിനാൽ ബലിഷ്ഠരാക്കപ്പെട്ടു. (പ്രവൃത്തികൾ 1:14, 15; 2:3, 4; താരതമ്യം ചെയ്യുക: യോവേൽ 2:28, 29.) അങ്ങനെ ചില സ്ത്രീകൾ പുരുഷൻമാരുടെയും സ്ത്രീകളുടെയും ദൂതൻമാരുടെപോലും സ്വർഗീയ വിധികർത്താക്കളായിത്തീരാൻ നിയമിതരായി. (1 കൊരിന്ത്യർ 6:2, 3) സ്ത്രീകൾ സഭായോഗത്തിൽ പഠിപ്പിക്കാൻ പാടില്ലായിരുന്നു എന്നുള്ളതു സത്യംതന്നെ; എന്നാൽ ക്രിസ്തീയ സ്ത്രീകൾക്ക് പ്രാർഥിക്കാനും പ്രവചിക്കാനും കഴിയുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. ചെറുപ്പക്കാരായ സ്ത്രീകളെയും കുട്ടികളെയും സഭയ്ക്കു പുറത്തുള്ളവരെയും പഠിപ്പിക്കാൻ അവർ നിയമിക്കപ്പെട്ടിരുന്നു.—മത്തായി 24:14; 1 കൊരിന്ത്യർ 11:3-6; തീത്തൊസ് 2:3-5; താരതമ്യം ചെയ്യുക: സങ്കീർത്തനം 68:11.
അവർക്കു ബഹുമാനം കൊടുക്കുക എന്നു പറഞ്ഞപ്പോൾ പത്രോസിന്റെ മനസ്സിൽ ഉണ്ടായിരുന്നത് എന്താണെന്നുള്ളതിന്റെ സൂചന നൽകുന്ന മറെറാരു നല്ല വാക്യമാണ് 2 പത്രൊസ് 1:17. അവിടെ യഹോവ മററുള്ളവരുടെ മുമ്പാകെ യേശുവിനെക്കുറിച്ചുള്ള തന്റെ അംഗീകാരം ഇപ്രകാരം വിശദമാക്കിക്കൊണ്ട് അവനോടുള്ള ബഹുമാനം പ്രകടമാക്കുന്നതായി നാം വായിക്കുന്നു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” സമാനമായി തന്റെ ഭാര്യക്കു ബഹുമാനം കൊടുക്കുന്നുവെന്ന് പരസ്യജീവിതത്തിലും രഹസ്യജീവിതത്തിലും ഒരു ഭർത്താവ് പ്രവൃത്തികളാൽ കാണിക്കേണ്ടതുണ്ട്.
ജീവന്റെ അവകാശികൾ
ചരിത്രത്തിലുടനീളം പുരുഷൻമാർ സ്ത്രീകളെ ആദരവിനും ബഹുമാനത്തിനും യോഗ്യരല്ലാത്തവരായി—അടിമകളായി അഥവാ പുരുഷൻമാരെ രസിപ്പിക്കാനുള്ള വെറും ഉപകരണങ്ങളായി പലപ്പോഴും വീക്ഷിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ബഹുമാനം കൊടുക്കുക എന്ന ക്രിസ്തീയ ആശയം അവരെ ആദരവിന്റെ ഒരു ഉയർന്ന പടിയിലേക്ക് ഉയർത്തുക തന്നെ ചെയ്യുന്നു. പത്രോസിന്റെ ഉദ്ബോധനം “സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു സത്യം ഉൾക്കൊള്ളുന്നു. ക്രിസ്തീയ മതവ്യവസ്ഥയൊഴിച്ച് മറെറല്ലാ മതവ്യവസ്ഥകളിലും സ്ത്രീകൾ പുരുഷൻമാരെക്കാൾ എല്ലാ തരത്തിലും തരംതാഴ്ന്നവരായി കണക്കാക്കപ്പെടുന്നു. മതം പഠിപ്പിക്കുന്ന എല്ലാ പ്രത്യാശകൾക്കും വാഗ്ദാനങ്ങൾക്കും അവൾ അവകാശിയാണെന്ന് . . . ക്രിസ്ത്യാനിത്വം പഠിപ്പിക്കുന്നു. . . . എല്ലായിടത്തുമുള്ള സ്ത്രീകളെ അഭിമാനക്ഷയത്തിൽനിന്നു കരകയററാൻ, മനുഷ്യവർഗത്തിനിടയിലെ സാമൂഹിക തിൻമകളിൽ പകുതിക്കും ആസന്നമായ അറുതി വരുത്താൻ ഈ ഒരൊററ സത്യം മതി,” പുതിയ നിയമത്തെക്കുറിച്ചുള്ള ബാൺസിന്റെ കുറിപ്പുകൾ (ഇംഗ്ലീഷ്) നിരീക്ഷിക്കുന്നു.
ക്രിസ്തുവിന് പുരുഷൻമാരുടെയും സ്ത്രീകളുടെയും ഉടമസ്ഥാവകാശം ഉള്ളതുകൊണ്ട് തങ്ങളുടെ ഭാര്യമാരെ ക്രിസ്തുവിന്റെ സ്വത്ത് എന്നപോലെ പരിപോഷിപ്പിക്കുന്നതിന് ഭർത്താക്കൻമാർക്ക് ഗൗരവമേറിയ കാരണമുണ്ട്. “ബലഹീനപാത്ര”മെന്ന് സ്ത്രീകളെ പരാമർശിച്ചശേഷം ഉടൻതന്നെ പത്രോസിന്റെ വാക്കുകൾ തുടരുന്നു: “നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു . . . അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ” ആകുന്നു. (1 പത്രൊസ് 3:7) ഒരു ഭർത്താവു തന്റെ ഭാര്യയോടു മോശമായ രീതിയിൽ ഇടപെടുമ്പോൾ അതു പ്രാർഥനകൾക്കു മുടക്കംവരുത്തിക്കൊണ്ട് ദൈവവുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ ഹനിക്കുമെന്ന് പത്രോസ് സൂചിപ്പിച്ചു.
“ബലഹീനപാത്രം” എന്ന പദപ്രയോഗം ഒരുതരത്തിലും സ്ത്രീകളോടുള്ള അവജ്ഞയെ അർഥമാക്കുന്നില്ല. യഹോവ ഭർത്താവിനെ കുടുംബത്തിന്റെ ശിരഃസ്ഥാനമാക്കിവെച്ചെങ്കിലും സ്ത്രീകളോട് ദുഷിച്ച രീതിയിൽ ഇടപെട്ടുകൊള്ളാൻ അവൻ അവരോടു പറഞ്ഞില്ല. പകരം, സ്ത്രീയെ മനസ്സിലാക്കി അവൾക്ക് ശ്രദ്ധയും ബഹുമാനവും കൊടുക്കാനാണ് അവൻ അവരോടു നിർദേശിക്കുന്നത്.
താണ വ്യക്തികളായി കണക്കാക്കി ഇടപെടാതെ സ്ത്രീകൾക്ക് ബഹുമാനം കൊടുക്കാൻ ബൈബിൾ വിവാഹിതരും അവിവാഹിതരുമായ പുരുഷൻമാരോടു നിർദേശിക്കുന്നു. ദൈവത്തെ ആത്മാർഥമായി ആരാധിക്കുകയും പരസ്പരം മാന്യത പ്രകടമാക്കുകയും ചെയ്യുന്ന സ്ത്രീ പുരുഷൻമാർ ദൈവത്തിന്റെ കരങ്ങളിൽനിന്ന് സമ്പന്നമായ അനുഗ്രഹങ്ങൾ സ്വന്തമാക്കും.—താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 7:16.
[19-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Miss G. E. K. / Artist: Alice D. Kellogg 1862-1900
Courtesy of Joanne W. Bowie