സത്യക്രിസ്ത്യാനികളും യുദ്ധവും
“നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം” എന്നു യേശു തന്റെ ശിഷ്യൻമാരോടു പറഞ്ഞു. (യോഹന്നാൻ 13:34) സത്യക്രിസ്ത്യാനികൾക്ക് അത്തരം പരസ്പര സ്നേഹം പ്രകടമാക്കാനും അതേസമയം യുദ്ധത്തിലേർപ്പെട്ട് അന്യോന്യം കൊല്ലാനും കഴിയുമോ?
“ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ?” എന്ന് അപ്പോസ്തലനായ പൗലോസ് ചോദിച്ച ചോദ്യവും പരിചിന്തിക്കുക. (1 കൊരിന്ത്യർ 1:13, റിവൈസ്ഡ് സ്ററാൻഡേർഡ് വേർഷൻ, കത്തോലിക്കാ പതിപ്പ്) നിങ്ങളോടുതന്നെ ചോദിക്കുക: ‘ഒരേ മതത്തിലെ അംഗങ്ങൾ അന്യോന്യം കൊല്ലുന്നതിൽ കലാശിക്കുന്നതിനെക്കാൾ വലിയ വിഭജനം ഉണ്ടായിരിക്കാൻ കഴിയുമോ?’
യഥാർഥത്തിൽ, ആദിമ ക്രിസ്ത്യാനികൾ യുദ്ധത്തിലേർപ്പെട്ടിരുന്നില്ലെന്നു മനസ്സിലാക്കുമ്പോൾ നാം അതിശയിച്ചുപോകരുത്. ഹേസ്ററിംഗ്സിന്റെ കീർത്തിപ്പെട്ട മതത്തിന്റെയും നീതിശാസ്ത്രത്തിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിച്ചു: “സഭയും ക്രിസ്തുവിന്റെ അനുഗാമികളും പൂർണമായി ഒഴിവാക്കേണ്ട സംഘടിതമായ ഒരു അതിക്രമമാണു യുദ്ധം എന്ന വീക്ഷണം ആദിമ സഭയിൽ പരക്കെ പ്രബലപ്പെട്ടിരുന്നു.”
ആദിമ ക്രിസ്ത്യാനികൾ അന്യോന്യം സ്നേഹിക്കണമെന്നുള്ള കല്പന അനുസരിച്ചുജീവിച്ചു. ജർമൻ ദൈവശാസ്ത്രജ്ഞനായ പീററർ മീൻഹോൾട്ട് ഇങ്ങനെ വിശദീകരിച്ചു: “ക്രിസ്ത്യാനികൾക്കു പടയാളികളായിരിക്കാൻ കഴിയുമോ അതോ ഇല്ലയോ, ക്രിസ്ത്യാനികളായിത്തീരുമ്പോൾ സൈന്യത്തിൽനിന്നു രാജിവെക്കണമോ, എന്ന പ്രശ്നത്തിൽ പുതിയ നിയമം മൗനം അവലംബിക്കുകയാണെന്നിരിക്കെ, പുരാതന സഭ ഈ വിവാദത്തിൽ ഒരു നിലപാടു സ്വീകരിച്ചു. ഒരു ക്രിസ്ത്യാനിയായിരിക്കുന്നതും ഒരു പടയാളിയായിരിക്കുന്നതും തമ്മിൽ പൊരുത്തപ്പെടുകയില്ലെന്നു കരുതപ്പെട്ടിരുന്നു.” ഇന്ന് ആരെങ്കിലും “പുരാതന സഭ”യുടേതുപോലെയുള്ള ഒരു നിലപാടു സ്വീകരിക്കുന്നുണ്ടോ?
ഇന്ന് സത്യക്രിസ്ത്യാനികൾ ആരെങ്കിലുമുണ്ടോ?
എൻസൈക്ലോപ്പീഡിയാ കനേഡിയാനാ ഇങ്ങനെ പറയുന്നു: “യഹോവയുടെ സാക്ഷികളുടെ വേല യേശുവും അവിടുത്തെ ശിഷ്യൻമാരും നമ്മുടെ യുഗത്തിന്റെ ഒന്നും രണ്ടും നൂററാണ്ടുകളിൽ ആചരിച്ചിരുന്ന ആദിമ ക്രിസ്ത്യാനിത്വത്തിന്റെ പുനരുജ്ജീവനവും പുനഃസ്ഥാപനവുമാണ്. . . . എല്ലാവരും സഹോദരൻമാരാണ്.”
അതു യഥാർഥത്തിൽ എങ്ങനെ ബാധകമാകുന്നു? “യഹോവയുടെ സാക്ഷികൾ യുദ്ധകാലത്തു കർശനമായ നിഷ്പക്ഷത പാലിക്കുന്നു” എന്ന് ആസ്ട്രേലിയൻ എൻസൈക്ലോപ്പീഡിയാ രേഖപ്പെടുത്തുന്നു. വ്യക്തികളെന്ന നിലയിൽ അവർ ഈ നിലപാടു സ്വീകരിക്കാൻ തീരുമാനിച്ചേക്കാമെങ്കിലും അവർ ഏതിൻകീഴിൽ ജീവിക്കുന്നുവോ ആ ഗവൺമെൻറിന്റെ കാര്യാദികളിൽ ഇടപെടുന്നില്ല. അങ്ങനെ അവർ ഹിററ്ലറുടെ യുദ്ധങ്ങളെ പിന്താങ്ങിയില്ല, അവരിലാരും ന്യൂറംബർഗ് വിചാരണാവേളയിൽ യുദ്ധക്കുററവാളികളെന്ന നിലയിൽ ശിക്ഷിക്കപ്പെട്ടില്ല.
കുററക്കാരനെന്നു കണ്ടു വധിക്കപ്പെട്ട ഒരു ജർമൻകാരൻ നാസി പാർട്ടിയുടെ വിദേശകാര്യവകുപ്പുമേധാവിയായ ആൽഫ്രെഡ് റോസൻബർഗ് ആയിരുന്നു. യഹോവയുടെ സാക്ഷികളെ തടങ്കൽപാളയങ്ങളിൽ ഇടുന്ന നാസി നയത്തെ അനുകൂലിച്ചുകൊണ്ടു റോസൻബർഗ് തന്റെ വിചാരണാസമയത്ത് ഇങ്ങനെ സാക്ഷ്യപ്പെടുത്തി: “ഒരു അമേരിക്കൻ സൈനികപുരോഹിതൻ എന്റെ അറയിൽവെച്ചു കൊളംബസിൽ [ഒഹായോ] നിന്നുള്ള ഒരു സഭാ വർത്തമാനപത്രം സദയം തന്നു. ഐക്യനാടുകളും യുദ്ധകാലത്തു യഹോവയുടെ സാക്ഷികളെ അറസ്ററുചെയ്തുവെന്നും 1945 ഡിസംബർവരെ അവരിൽ 11,000 പേരെ അപ്പോഴും പാളയങ്ങളിൽ അടച്ചിരിക്കുകയായിരുന്നുവെന്നും ഞാൻ അതിൽനിന്നു നിഗമനംചെയ്യുന്നു.” രാഷ്ട്രീയ തർക്കങ്ങളിൽ യഹോവയുടെ സാക്ഷികൾ പക്ഷം പിടിക്കാതെ കർശനമായ നിഷ്പക്ഷത പാലിച്ചിട്ടുണ്ടെന്നുള്ളതു സത്യമാണ്. അവർ രണ്ടാം ലോകമഹായുദ്ധത്തിലോ മറേറതെങ്കിലും യുദ്ധത്തിലോ രക്തം ചിന്തിയിട്ടില്ല.
ഹംഗറിയിൽ, 1992 നവംബർ 4-ലെ റിംങ് മാസികയിൽ എഴുതിയ ഒരാൾ യഹോവയുടെ സാക്ഷികളെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി: “ആരെയെങ്കിലും കൊല്ലുന്നതിനെക്കാൾ മരിക്കാനാണ് അവർ ഇഷ്ടപ്പെടുന്നത്. തത്ഫലമായി യഹോവയുടെ സാക്ഷികൾ മാത്രമാണു ഭൂമിയിൽ വസിക്കുന്നതെങ്കിൽ ഒരിടത്തും യുദ്ധം പൊട്ടിപ്പുറപ്പെടുമായിരുന്നില്ല എന്ന് എനിക്കുറപ്പുണ്ട്.” ഒരു രാഷ്ട്രമീമാംസാ പ്രൊഫസ്സറായ റിയോ എം. ക്രിസൻസൺ ഒരു യഥാർഥ ക്രിസ്ത്യാനിക്കു യുദ്ധത്തിൽ പങ്കെടുക്കാൻ കഴിയുമോയെന്നു ദി ക്രിസ്ത്യൻ സെഞ്ചുറിയിൽ ചർച്ചചെയ്തു, അദ്ദേഹം ഈ നിഗമനത്തിലെത്തി:
“യേശു തന്റെ ശത്രുക്കളുടെമേൽ ഹാൻഡ് ഗ്രനേഡ് എറിയുന്നതിനെക്കുറിച്ചോ ഒരു യന്ത്രത്തോക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ചോ ഒരു അഗ്നിക്ഷേപിണി പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ചോ ന്യൂക്ലിയർ ബോംബുകൾ ഇടുന്നതിനെക്കുറിച്ചോ ആയിരക്കണക്കിന് അമ്മമാരെയും കുഞ്ഞുങ്ങളെയും കൊല്ലുന്ന അല്ലെങ്കിൽ അംഗഭംഗപ്പെടുത്തുന്ന ഭൂഖണ്ഡാന്തര ബാലിസ്ററിക് മിസൈൽ അയക്കുന്നതിനെക്കുറിച്ചോ ആർക്കെങ്കിലും സഗൗരവം വിഭാവനചെയ്യാൻ കഴിയുമോ? ഒരു ഉത്തരം അർഹിക്കാത്തവണ്ണം ചോദ്യം അത്ര വിമൂഢമാണ്. യേശുവിന് ഇതു ചെയ്യാനും അതേസമയം തന്റെ സ്വഭാവത്തോടു വിശ്വസ്തത പുലർത്താനും കഴിയില്ലെങ്കിൽ നമുക്കതു ചെയ്യാനും അവിടുത്തോടു വിശ്വസ്തത പുലർത്താനും എങ്ങനെ കഴിയും?” ചിന്തോദ്ദീപകമായ ഒരു ചോദ്യംതന്നെ.
എന്നിട്ടും, ലോക മതങ്ങൾ യുദ്ധത്തിൽ പക്ഷം പിടിക്കുന്നതിൽ തുടരുകയാണ്. കത്തോലിക്കർ കത്തോലിക്കരെ കൊന്നുകൊണ്ടേയിരിക്കുന്നു, മററു മതങ്ങളിൽപെട്ടവർ ഒന്നുകിൽ സ്വന്ത മതക്കാരെയോ അല്ലെങ്കിൽ മററു മതാംഗങ്ങളെയോ കൊല്ലുന്നു. യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ പിൻപററുന്നതിന് ഉറച്ച ബോധ്യവും ധൈര്യവും ആവശ്യമാണ്, അതാണ് അടുത്തതായി കൊടുത്തിരിക്കുന്ന യഥാർഥ കഥ വെളിപ്പെടുത്തുന്നത്.
[7-ാം പേജിലെ ചിത്രം]
യേശു യുദ്ധത്തിൽ ഒരു യന്ത്രത്തോക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് ആർക്കെങ്കിലും സഗൗരവം വിഭാവനചെയ്യാൻ കഴിയുമോ?
[കടപ്പാട്]
U.S. National Archives photo