മുളകൊണ്ടുള്ള ഓർഗൻ—ഫിലിപ്പീൻ സംഗീത പുതുമ
ഫിലിപ്പീൻസിലെ ഉണരുക! ലേഖകൻ
ഓർഗനുകൾ 2,000-ത്തിൽ പരം വർഷമായി ഒന്നല്ലെങ്കിൽ മറെറാരു രൂപത്തിൽ സ്ഥിതിചെയ്തിട്ടുണ്ട്. അവ നിർമിക്കുന്നതിനുള്ള വിദ്യകൾ വിവിധങ്ങളാണ്, എന്നാൽ എല്ലാററിനും പൊതുവിലുള്ളതാണു ശബ്ദം ഉത്പാദിപ്പിക്കുന്ന സംവിധാനത്തിന്റെ ഭാഗമായ കുഴലുകളുടെ നിരകൾ. ഇവ സാധാരണയായി മരംകൊണ്ടോ ലോഹംകൊണ്ടോ നിർമിക്കുന്നു. എന്നിരുന്നാലും, ഞങ്ങൾ നിങ്ങളോടു പറയാനാഗ്രഹിക്കുന്നതു മുഖ്യമായി മുളകൊണ്ടുള്ള കുഴലുകളോടുകൂടിയ ഓർഗനെക്കുറിച്ചാണ്. ശബ്ദം ഉളവാക്കുന്ന 953 കുഴലുകളിൽ മൊത്തം 832 എണ്ണം മുളകൊണ്ടുള്ളതാണ്. മററുള്ളവ ലോഹമാണ്. ഇതിനുപുറമേ അലങ്കാരത്തിനുവേണ്ടിമാത്രമുള്ള ചില കുഴലുകളുമുണ്ട്.
മുള ഓർഗൻ പ്രവർത്തിക്കുന്നത് എങ്ങനെയാണ്? തത്ത്വം മററു കുഴൽ ഓർഗനുകളുടേതുതന്നെയാണ്. രണ്ടുതരം കുഴലുകൾ ഉപയോഗിക്കുന്നു. സംഗീതശബ്ദങ്ങൾ ഉളവാക്കുന്നതിന് അവയിലേക്കു കാററ് അടിച്ചുകയററുന്നു. തട്ടുമായി ബന്ധിക്കുന്ന സ്ഥാനങ്ങളോടടുത്ത് അർദ്ധവൃത്താകാര സുഷിരങ്ങളോടുകൂടിയ ഫ്ളൂപൈപ്പുകൾ ഏറെയും ഒരു ഫ്ളൂട്ടിന്റെ അതേ രീതിയിൽ ശബ്ദം ഉത്പാദിപ്പിക്കുന്നു. അകമേ കമ്പനംചെയ്യുന്ന ഒരു ഘടകത്തോടുകൂടിയ റീഡ് പൈപ്പുകൾ ഒരു ക്ലാരനററിനോ സാക്സോഫോണിനോ സമാനമായ രീതിയിൽ ശബ്ദം ഉത്പാദിപ്പിക്കുന്നു. മിക്ക കുഴലുകളും മുളകൊണ്ട് ഉണ്ടാക്കിയതാണെന്നുള്ള വസ്തുത ഈ ഓർഗനു പ്രത്യേക ധ്വനിക സ്വഭാവങ്ങൾ കൊടുക്കുന്നു.
ഓർഗൻ നിർമിക്കൽ
ഒരു സ്പാനീഷ് മിഷനറിയായ ഡിയാഗോ സേരായാണ് 1816-ൽ മുളകൊണ്ടുള്ള ഈ ഓർഗന്റെ നിർമാണം തുടങ്ങിയത്. മുള ഉപയോഗിച്ചത് എന്തുകൊണ്ടായിരുന്നു? ആ പ്രദേശത്തെ ആപേക്ഷികമായ ദാരിദ്ര്യം പരിഗണിച്ച് ഒരുപക്ഷേ ചെലവുകുറഞ്ഞ വസ്തുക്കൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയായിരിക്കാം ഒരു ഘടകം. മാത്രവുമല്ല, ഓർഗൻനിർമാതാവ് ഉചിതമായ പ്രാദേശിക വസ്തുക്കൾ ഉപയോഗിക്കാൻ ആഗ്രഹിച്ചുവെന്നതിനു സംശയമില്ല.
1816-ൽ, മുളകൾ വെട്ടി ഒരു വർഷത്തോളം കടൽത്തീരത്തെ മണലിനടിയിൽ കുഴിച്ചിട്ടു. കീടങ്ങളോടും കാലാവസ്ഥയോടുമുള്ള ഈ സമ്പർക്കത്തെ അതിജീവിച്ചവ ഈടുനിൽക്കുന്നവയാണെന്നു പരിഗണിക്കുകയും ഓർഗൻനിർമാണത്തിന് ഉപയോഗിക്കുകയും ചെയ്തു. അടുത്ത പല വർഷങ്ങളിൽ ഓർഗന്റെ പല ഭാഗങ്ങൾ കൂട്ടിയിണക്കി. 1821-ൽ അതിന്റെ അധികഭാഗവും പൂർത്തിയായപ്പോൾ അത്, “ദേശത്തെ ഏററവും നല്ലതും ഇത്തരത്തിൽ ആദ്യത്തേതും” എന്നു പ്രഖ്യാപിക്കപ്പെട്ടു.
വിപത്തിനെ അതിജീവിക്കൽ
മുള ഓർഗനു നിലനില്പ് അനായാസമായിരുന്നില്ല. ഓർഗൻ വെച്ചിരുന്ന ലാസ് പീനിയാസ് പട്ടണത്തിൽ 1829-ൽ ഭൂകമ്പങ്ങളുണ്ടായി. അതിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര നശിച്ചു. കുറേക്കാലത്തേക്കു ഓർഗൻ ചൂടും തണുപ്പുമൊക്കെ ഏററുകിടന്നിരിക്കാനിടയുണ്ട്. 1863-ൽ അസാധാരണ ശക്തിയുള്ള ഒരു ഭൂകമ്പം ഓർഗന് ഏറെ കേടുവരുത്തി. കുറേ കുഴലുകൾ മാറിവെച്ചു. എന്നാൽ കുറെ കാലംകൊണ്ടു കീടങ്ങൾ ഇവക്കു കേടു വരുത്തി. 1880-ൽ വിപത്ക്കരമായ മറെറാരു ഭൂകമ്പം ഓർഗനിരുന്ന കെട്ടിടത്തിനു വലിയ കേടുവരുത്തി. കെട്ടിടം പൂർണമായി കേടുപോക്കുന്നതിനുമുമ്പ് ഒരു ചുഴലിക്കൊടുങ്കാററ് അടിച്ചു. അതോടെ ഓർഗന്റെ വിവിധ ഭാഗങ്ങൾ ചിതറിപ്പോയി.
പല വർഷങ്ങളിൽ കേടുപോക്കലിനു കുറെ ശ്രമം നടത്തി. എന്നാൽ അങ്ങനെയുള്ള ഒരു ശ്രമം സ്ഥിരമായ കേടിൽ കലാശിച്ചു. കുറേ ട്യൂണിംഗ് വാൽവുകൾ വെക്കുന്നതിന് കേടുപോക്കുന്ന ഒരാൾ മുളങ്കുഴലുകളുടെ ഭാഗങ്ങൾ അറുത്തുകളഞ്ഞു. ഇത് ഉപകരണത്തിന്റെ സ്ഥായിക്കു മാററം വരുത്തി. കേടുപോക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടും ഓർഗൻ തുടർന്നു മോശമായിക്കൊണ്ടിരുന്നു.
ഓർഗൻ യുദ്ധവും സഹിച്ചു. 1890-കളുടെ ഒടുവിൽ ഫിലിപ്പീനോകളും സ്പെയിൻകാരും തമ്മിലും ഫിലിപ്പീൻ-അമേരിക്കൻ യുദ്ധത്തിൽ ഫിലിപ്പീനോകളും അമേരിക്കക്കാരും തമ്മിലും നടന്ന പോരാട്ടങ്ങളുടെ രംഗമായിരുന്നു ലാസ് പീനിയാസ്. എന്നിരുന്നാലും, ജീർണിച്ചിട്ടും ഓർഗൻ കാണാൻ സന്ദർശകർ വന്നതായി 1911 മുതൽ 1913 വരെയുള്ള രേഖകൾ സൂചിപ്പിക്കുന്നു.
1941 മുതൽ 1945 വരെയുള്ള വർഷങ്ങളിൽ രണ്ടാം ലോകമഹായുദ്ധം ഫിലിപ്പീൻസിൽ എത്തി. ജാപ്പനീസ് അധിനിവേശകാലത്തു ഹിരോഹിതോ ചക്രവർത്തിയുടെ ഒരു ബന്ധുവായ വൈ. റേറാക്കുഗാവാ മാർക്വസിന്റെ ശ്രദ്ധ ഓർഗനിൽ പതിഞ്ഞു. അദ്ദേഹം ഭാഗികമായ കേടുപോക്കലിനു ക്രമീകരണം ചെയ്തു. എന്നാൽ അതിനുശേഷം അനേകം വർഷക്കാലം ഉപകരണത്തിനുവേണ്ടി അധികമൊന്നും ചെയ്തില്ല.
പിന്നീട് 1970-കളിൽ, അതിന്റെ ഉദ്ധാരണത്തിന് ഒരു മുറവിളി ഉയർന്നുവന്നു. നൂറുകണക്കിനുള്ള മുളങ്കുഴലുകളിൽ 45 എണ്ണം നഷ്ടപ്പെട്ടിരുന്നു. 304 എണ്ണം പ്രവർത്തിക്കുന്നില്ലായിരുന്നു. ഒന്നിനകത്ത് ഒരു പക്ഷിക്കൂടു കണ്ടു. ഓർഗനെ ഉപയോഗിക്കാവുന്ന നിലവാരത്തിലേക്കു തിരികെ കൊണ്ടുവരാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നോ?
ഉദ്ധാരണം
1973 മാർച്ചിൽ ഉദ്ധാരണപദ്ധതിക്കു തുടക്കമിട്ടു. ഒരു പ്രശസ്ത വിദേശ സ്ഥാപനത്തെ വേല ഭരമേല്പിച്ചു. കുഴലുകൾ ജപ്പാനിലേക്കു കയററിയയച്ചു. ഓർഗന്റെ ബാക്കിഭാഗം ജർമനിയിലേക്കു കയററിയയച്ചു. അവിടെ ഫിലിപ്പീൻസിലെ കാലാവസ്ഥയെ അനുകരിക്കുന്നതിന് ഒരു പ്രത്യേക മുറി പണിയപ്പെട്ടു. ഈ മുറിയിൽ ഉദ്ധാരണവേല തുടങ്ങി.
സാധ്യമാകുന്നടത്തോളം ആദ്യ രൂപകല്പനയോട് അടുത്തെത്താനാണു ലക്ഷ്യമിട്ടത്. ഒടുവിൽ കേടുപോക്കൽ പൂർത്തിയായി. ജപ്പാനിൽ കേടുപോക്കിയ കുഴലുകൾ ജർമനിയിലേക്കു വിമാനത്തിൽ എത്തിച്ചു. മുഴു ഓർഗനും വീണ്ടും സംയോജിപ്പിച്ചു പരിശോധന നടത്തി. പിന്നീട് 1975 ഫെബ്രുവരി 18-ന് ഒരു മണിക്കൂർ നേരത്തെ സംഗീതക്കച്ചേരി ഒരു ജർമൻസദസ്സിന്റെ കാതുകൾക്ക് ഉല്ലാസം പകർന്നു.
പിന്നീടു താമസിയാതെ ഒരു ഡസൻ വള്ളിക്കൂടുകളിൽ പായ്ക്കുചെയ്ത്, ഒരു ബെൽജിയൻ വിമാനത്തിന്റെ ഔദാര്യത്താൽ 5626 കിലോഗ്രാം വരുന്ന ഓർഗൻ ഫിലിപ്പീൻസിലേക്കു തിരിച്ചയച്ചു. അതു സൂക്ഷിച്ചുവെക്കുന്ന പട്ടണമായ ലാസ് പീനിയാസിൽ അതിനു കെങ്കേമമായ ഒരു സ്വാഗതമാണു ലഭിച്ചത്. ഈ ഉപകരണത്തിന്റെ ചരിത്രകഥകൾ ചിത്രീകരിക്കുന്ന ഫ്ളോട്ടുകൾ സഹിതമുള്ള ഒരു പരേഡ് മുപ്പതിനായിരം പേരാണു വീക്ഷിച്ചത്.
1975 മെയ് 9-ന് മുള ഓർഗൻ അതിന്റെ ഉദ്ഘാടന സംഗീതക്കച്ചേരിക്കു തയ്യാറായിരുന്നു. മുള ഓർഗൻ ഫിലിപ്പീൻകാർക്കായി വീണ്ടും അവതരിപ്പിച്ചപ്പോൾ ഒരു ജർമൻ ഓർഗൻവിദഗ്ധനും ഒപ്പം ഫിലിപ്പീനോ സംഗീതജ്ഞരും സവിശേഷപരിപാടി അവതരിപ്പിച്ചു.
നമ്മുടെ സ്രഷ്ടാവു നമുക്കു നൽകിയ സംഗീതവരം നിങ്ങൾ വിലമതിക്കുന്നുവോ? അല്പം വ്യത്യസ്തമായ ഒന്നു കേൾക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ? ലാസ് പീനിയാസിലെ മുള ഓർഗൻ കേൾക്കാൻ നിങ്ങൾക്ക് എന്നെങ്കിലും അവസരം ലഭിക്കുന്നുവെങ്കിൽ നിങ്ങൾ ഈ പ്രത്യേക ഫിലിപ്പീൻ സംഗീത പുതുമ ആസ്വദിക്കുമെന്നുള്ളതിനു സംശയമില്ല.