സാവധാനം ശ്വാസംമുട്ടുന്ന മഹാനഗരങ്ങൾ
ലോകത്തിനു ചുററും മഹാനഗരങ്ങൾ, നഗരഭീമൻമാർ, വളരുകയാണ്, തൊഴിലും പാർപ്പിടവും നഗരജീവിതത്തിന്റെ സൗകര്യങ്ങളും തേടുന്ന ലക്ഷോപലക്ഷം പേരെ ഇവ ആകർഷിക്കുന്നു. എന്നാൽ ഒടുക്കേണ്ടിവരുന്ന വില കനത്തതാണ്. പടർന്നു വ്യാപിക്കുന്ന ഈ നഗരങ്ങളിൽവെച്ച് ഒന്നു ശ്വസിക്കുന്നതുപോലും മനുഷ്യാരോഗ്യത്തിനു കൂടുതൽ ആപത്കരമായിത്തീർന്നുകൊണ്ടിരിക്കുകയാണ്.
യുഎൻഇപിയുടെയും (ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി) ലോകാരോഗ്യസംഘടനയുടെയും അടുത്ത കാലത്തെ ഒരു റിപ്പോർട്ട് ലോകത്തിലെ ഏററവും വലിയ 20 നഗരങ്ങളിലെ വായുമലിനീകരണം രൂക്ഷമാംവിധം മോശമായിക്കൊണ്ടിരിക്കുകയാണെന്നു പ്രകടമാക്കുന്നു. “ചില കേസുകളിൽ 40 വർഷം മുമ്പത്തെ ലണ്ടനിലെ കുപ്രസിദ്ധമായ പുകമഞ്ഞുപോലെ അത്രയ്ക്കും മോശമാണ് വായുമലിനീകരണം” എന്ന് യുഎൻഇപി കെനിയയിൽ പ്രസിദ്ധീകരിച്ച ഒരു മാസികയായ നമ്മുടെ ഗ്രഹം (ഇംഗ്ലീഷ്) പറയുന്നു. ഇക്കാര്യത്തിൽ ഏററവുമധികം ദോഷമനുഭവിക്കുന്നതു മെക്സിക്കോ നഗരനിവാസികളാണ്. എന്നാൽ ബാങ്കോക്ക്, ബെയ്ജിങ്, കെയ്റോ, സാവൊ പൗലോ തുടങ്ങിയ നഗരങ്ങളിൽ ജീവിക്കുന്ന കോടാനുകോടി ആളുകളെ മലിനീകരണം ബാധിക്കുന്നതു കുറച്ചൊന്നുമല്ല.
അത്തരം നഗരങ്ങളിലെ വായു എത്ര അപകടകരമാണ്? കൊള്ളാം, സൾഫർഡൈയോക്സൈഡ്, കാർബൺ മോണോക്സൈഡ്, കാരീയം തുടങ്ങിയ മലിനീകരണവസ്തുക്കൾ കൂടുതൽ അളവിലുള്ളത് അനേകം വിധങ്ങളിൽ അപകടം ചെയ്യുന്നവയാണ്. അവ ശരീരത്തിലുളവാക്കുന്ന ഫലങ്ങൾ വ്യാപകമാണ്: ശ്വാസകോശ-ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, മസ്തിഷ്കകോശങ്ങൾക്കുണ്ടാകുന്ന കേടുപാട്, അസ്ഥിമജ്ജയ്ക്കും കരളിനും വൃക്കയ്ക്കും ഉണ്ടാകുന്ന കുഴപ്പങ്ങൾ തുടങ്ങിയവയാണിവ.
ഈ മലിനീകരണത്തിന്റെ കാരണം എന്താണ്? ഈ നഗരങ്ങളിലെ ഏററവും വലിയ ഏകകാരണം മോട്ടോർ വാഹനങ്ങളാണ് എന്ന് നമ്മുടെ ഗ്രഹം പറയുന്നു. അടുത്ത 20-30 വർഷങ്ങൾക്കുള്ളിൽ ലോകത്തിൽ ഇപ്പോഴുള്ള വാഹനങ്ങളുടെ എണ്ണം,—63 കോടി—“അധികവും നഗരപ്രദേശങ്ങളിൽ, ഇരട്ടിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന”തുകൊണ്ട് നഗരവായുവിന്റെ ഭാവി തീർച്ചയായും ഇരുളടഞ്ഞതായി തോന്നുന്നു. പ്രതിരോധ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്നത് കാര്യങ്ങളെ ഏറെ വഷളാക്കുന്നതേയുള്ളൂ. കാരണം ആ റിപ്പോർട്ടു പറയുന്നതുപോലെ മിക്ക മഹാനഗരങ്ങളിലും “ഈ പ്രശ്നത്തിന്റെ രൂക്ഷത സംബന്ധിച്ചു കാര്യമായ ബോധ്യമില്ല.” വായു ശുദ്ധീകരിക്കാൻ ലാക്കാക്കിയുള്ള നടപടികൾക്ക് അത്തരം നഗരങ്ങൾ ഉയർന്ന മുൻഗണന കൊടുക്കണമെന്ന് നമ്മുടെ ഗ്രഹം ഉദ്ബോധിപ്പിക്കുന്നത് ആശ്ചര്യമല്ല. അതു ചെയ്തില്ലെങ്കിൽ ഭാവി അശുഭലക്ഷണമുള്ളതായിത്തീർന്നേക്കാം. ആ പത്രികയുടെ വിലയിരുത്തലനുസരിച്ച്, “ഈ നഗരങ്ങളിലെ അവസ്ഥ തുടർന്നും വഷളായിക്കൊണ്ടിരിക്കെ അവ സാവധാനം ശ്വാസംമുട്ടൽ നേരിടുകയാണ്.”