ബൈബിളിന്റെ വീക്ഷണം
ദൈവം പ്രതിഫലങ്ങൾ നൽകുന്നുവോ?
ഉവ്വ്, അവൻ നൽകുന്നു. അതുകൊണ്ട് ഒരു പ്രതിഫലം മനസ്സിൽ കണ്ടുകൊണ്ട് ദൈവത്തെ സേവിക്കുന്നതു സ്വാർഥതയാണോ? അല്ല, എന്തുകൊണ്ടെന്നാൽ തന്റെ വിശ്വസ്ത ദാസൻമാരുടെ മുമ്പാകെ അവൻ തന്നെ പ്രതിഫലങ്ങൾ വെക്കുന്നു. യഥാർഥത്തിൽ, നീതിയുടെയും സ്നേഹത്തിന്റെയും ഒരു ദൈവമെന്ന നിലയിൽ തന്നെ സേവിക്കുന്നവർക്കു പ്രതിഫലം നൽകാൻ അവൻതന്നെ കടപ്പെട്ടിരിക്കുന്നു. അവന്റെ വചനം, എബ്രായർ 11:6-ൽ ഭാഗികമായി ഇങ്ങനെ പറയുന്നു: “ദൈവത്തെ സമീപിക്കുന്ന മനുഷ്യന് രണ്ടു കാര്യങ്ങളിൽ വിശ്വാസമുണ്ടായിരിക്കണം. ഒന്നാമതായി ദൈവമുണ്ടെന്നും രണ്ടാമതായി തന്നെ അന്വേഷിക്കുന്നവർക്ക് ദൈവം പ്രതിഫലം നൽകുന്നുവെന്നും.”—ഫിലിപ്സ്.
ദൈവത്തിൽ യഥാർഥ വിശ്വാസം പ്രകടമാക്കുന്നതുവഴി അവനുമായി സുഹൃദ്ബന്ധമുണ്ടാകുന്നു. ഈ സുഹൃദ്ബന്ധം ഒരു പ്രതിഫലത്തിലേക്കു നയിക്കുന്നു. തന്റെ പ്രീതി ആത്മാർഥമായി അന്വേഷിക്കുന്നവരെ ദൈവം അനുഗ്രഹിക്കുന്നു.
പ്രതിഫലങ്ങൾ സ്നേഹപ്രവൃത്തികൾ ആണ്
തന്നെ സ്നേഹിക്കുന്നവർക്കു പ്രതിഫലം നൽകുന്ന ദൈവമാണു താനെന്ന് നാമറിയാൻ യഹോവ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന്, മാതാപിതാക്കളോടുള്ള സ്നേഹം നിമിത്തം വീട്ടുജോലികൾ മനസ്സോടെ ചെയ്യുന്ന കുട്ടിക്കു പ്രതിഫലം നൽകാൻ കരുതലുള്ള മാതാപിതാക്കൾ വഴികൾ ആരായും. ഒരു പ്രത്യേക സമ്മാനം പ്രതിഫലമായി നൽകിക്കൊണ്ട് മാതാപിതാക്കൾ ആ കുട്ടിക്കു കേവലം ജീവിതാവശ്യങ്ങളിലധികം പ്രദാനം ചെയ്തേക്കാം. കുട്ടിയുടെ ഭാവി ഭദ്രതയ്ക്കുവേണ്ടി ബാങ്കിലിടാനായി പണമായിരിക്കാം ചിലപ്പോൾ കൊടുക്കുന്ന സമ്മാനം. അങ്ങനെ, സ്നേഹത്തോടെയും വിശ്വസ്തതയോടെയും കാര്യങ്ങൾ ചെയ്യുന്നവരോടു വിലമതിപ്പോ പരിഗണനയോ ഇല്ലാത്ത ആളുകളെപ്പോലെയല്ല ദൈവം. യഹോവ ഊഷ്മളഹൃദയനാണ്. അവൻ തന്റെ സുഹൃത്തുക്കളോട് അടുത്തുചെല്ലുന്നു. നിങ്ങൾ അവനിലുള്ള വിശ്വാസത്തെ മുറുകെപ്പിടിക്കുമളവിൽ അവൻ “നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല.”—എബ്രായർ 13:5.
തന്നെ അറിയാനായി കൂടുതലായ അവസരങ്ങൾ നൽകിക്കൊണ്ടു ദൈവം തനിക്കുവേണ്ടി ഏററവും നിസ്സാരമായ സേവനം ചെയ്യുന്നവരോടുപോലും വിലമതിപ്പു പ്രകടമാക്കുകയും പ്രീതികാട്ടുകയും ചെയ്യുന്നു. മത്തായി 10:40-42-ലെ യേശുവിന്റെ വാക്കുകൾ ഈ ആശയം വ്യക്തമാക്കുന്നു: “നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. പ്രവാചകൻ എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും. ശിഷ്യൻ എന്നുവെച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
യേശു തന്റെ പിതാവായ യഹോവയാൽ അയയ്ക്കപ്പെട്ടവനായിരുന്നു. അതുകൊണ്ട്, ക്രിസ്തുവിന്റെ ശിഷ്യൻമാരെ സ്വീകരിക്കുന്നവർ—അവർ പ്രവാചകൻമാരായാലും നീതിമാൻമാരായാലും ചെറിയവരായാലും—ക്രിസ്തുവിനെയും അതുപോലെതന്നെ ക്രിസ്തുവിനെ അയച്ച ദൈവത്തെയും ആണ് സ്വീകരിക്കുന്നത്. ആ വ്യക്തി തീർച്ചയായും അനുഗ്രഹിക്കപ്പെടും; അവന് പ്രതിഫലം ലഭിക്കാതെ പോകില്ല. അവന്റെ ആത്മീയ സ്വത്തുക്കളുടെ നിക്ഷേപപ്പെട്ടി കൂടുതലായി നിറയും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, തന്റെ രാജ്യത്തെ പിന്തുണച്ചുകൊണ്ടുള്ള ഏററവും ചെറിയ സേവനം പോലും യഹോവ ഓർക്കുന്നു, അതിന് പ്രതിഫലം ലഭിക്കാതെ പോകില്ല.—എബ്രായർ 6:10.
രസാവഹമായി, യേശുവിന്റെ ഒരു ശിഷ്യനായ പത്രോസ് തനിക്കും തന്റെ സഹ അപ്പോസ്തലൻമാർക്കും എന്തെങ്കിലും പ്രതിഫലമുണ്ടോയെന്നു യേശുവിനോടു തുറന്നു ചോദിച്ചു. അവൻ ചോദിച്ചതിങ്ങനെയാണ്: “ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും?” (മത്തായി 19:27) യേശു ആ ചോദ്യത്തെ അനുചിതമായി കണക്കാക്കിയില്ല. എന്നാൽ ഇങ്ങനെ പറഞ്ഞുകൊണ്ട് അവൻ അവർക്ക് വ്യക്തമായ ഉത്തരം കൊടുത്തു: “എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരൻമാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടുകളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും.”—മത്തായി 19:29.
ഇപ്പോഴത്തെയും ഭാവിയിലെയും പ്രതിഫലങ്ങൾ
തന്റെ അനുഗാമികൾക്ക് ഇപ്പോഴും ഭാവിയിലും പ്രതിഫലം ലഭിക്കുമെന്നു യേശുവിന്റെ മറുപടി പ്രകടമാക്കുന്നു. ആത്മീയ സഹോദരീസഹോദരൻമാരുടെ വികസിച്ചുകൊണ്ടിരിക്കുന്ന അന്തർദേശീയ കുടുംബത്തിന്റെ ഭാഗമായിത്തീരുകയെന്നതാണ് ഇപ്പോഴത്തെ ഒരു പ്രതിഫലം. ചുരുങ്ങിവരുന്ന അംഗസംഖ്യയെക്കുറിച്ചും പിന്തുണയുടെ അഭാവത്തെക്കുറിച്ചും ക്രൈസ്തവലോകത്തിലെ സഭകൾ നെടുവീർപ്പിടുമ്പോൾ യഹോവയുടെ സാക്ഷികളുടെ യോഗ ഹാളുകൾ ആലങ്കാരികമായി ചീർത്തുവരികയാണ്. ഓരോ വർഷവും ലക്ഷക്കണക്കിനു പുതിയ സാക്ഷികൾ സ്നാപനമേൽക്കുന്നു.
ഇനിയും മറെറാരു പ്രതിഫലം ദൈവത്തോടുള്ള സൗഹൃദവും അവനെക്കുറിച്ചുള്ള പരിജ്ഞാനവും പ്രദാനം ചെയ്യുന്ന സംതൃപ്തിയും സന്തുഷ്ടിയും മനസ്സമാധാനവുമാണ്. അതേ, “അലംഭാവത്തോടുകൂടിയ ദൈവഭക്തി” വലിയ ആദായമാണ്. (1 തിമൊഥെയൊസ് 6:6) അപ്പോസ്തലനായ പൗലോസ് പറഞ്ഞതുപോലെ പറയാൻ ഒരുവൻ പ്രാപ്തനാകുമ്പോൾ അത് മനസ്സിന്റെ സന്തുഷ്ടാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു: “ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു,” അതായത് തൃപ്തിപ്പെട്ടിരിക്കാൻ.—ഫിലിപ്പിയർ 4:11.
തന്റെ മരണത്തിന് അൽപ്പം മുമ്പ് പൗലോസ് യേശുവിന്റെ അഭിഷിക്താനുഗാമികളുടെ “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ ഭാവി പ്രതിഫലത്തെ—സ്വർഗീയ ജീവനിലേക്കുള്ള പുനരുത്ഥാനം എന്ന പ്രതിഫലത്തെ—കുറിച്ച് ഇപ്രകാരം എഴുതി: “ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.”—ലൂക്കൊസ് 12:32; 2 തിമൊഥെയൊസ് 4:7, 8.
തന്റെ “വേറെ ആടുക”ളായ ലക്ഷങ്ങൾ വരുന്ന യേശുവിന്റെ അനുഗാമികൾ ഒരു പറുദീസയായി രൂപാന്തരംപ്രാപിച്ച ഭൂമിയിലെ നിത്യജീവന്റെ ഭാവി പ്രതിഫലത്തിനായി നോക്കിയിരിക്കുന്നു. (യോഹന്നാൻ 10:16) മരിച്ചുപോകുന്ന തന്റെ അനുഗാമികൾക്ക് “നീതിമാൻമാരുടെ പുനരുത്ഥാനത്തിൽ . . . പ്രത്യുപകാരം ഉണ്ടാകും” എന്ന് യേശു ഉറപ്പുനൽകി.—ലൂക്കൊസ് 14:14.
പ്രതിഫലം ഭാവനയിൽ കാണുക
ഈ അനുഗ്രഹങ്ങൾ എങ്ങനെയുള്ളവയാണെന്ന് ആർക്കും കൃത്യമായി അറിയാൻ പാടില്ലെങ്കിലും അവ ഭാവനയിൽ കാണാൻ ശ്രമിക്കുന്നത് ഉചിതമാണ്. “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെ”ക്കും എന്നു പറഞ്ഞുകൊണ്ട് യെശയ്യാവു 25:8 വർണിക്കുന്ന സന്തോഷം നിങ്ങൾക്ക് അനുഭവേദ്യമാകുന്നില്ലേ? യെശയ്യാവു 32:17-ലെ ഈ വാക്കുകൾ ഭാവനയിൽ കാണാൻ ശ്രമിക്കുക: “നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും.” അതേ, എല്ലാ മനുഷ്യരും യഥാർഥ സൗഹൃദത്തിൽ ഒന്നിച്ചു പ്രവർത്തിക്കുന്നതായിരിക്കും. (യെശയ്യാവു 65:21-25) ഇന്നുപോലും, ശുഷ്കാന്തിയോടെയുള്ള പ്രവർത്തനം നല്ല ഭവനങ്ങളിലും മേൽത്തരം ഉൽപ്പന്നങ്ങളിലും പരിണമിക്കുന്നു. അപ്പോൾപ്പിന്നെ, ദൈവത്തിന്റെ പുതിയ ലോകത്തിൽ, പൂർണതയുള്ള അവസ്ഥകളിൽ പാർക്കുന്ന ആരോഗ്യമുള്ള ജനത്തിന് ജീവിതത്തെ ആസ്വാദ്യമാക്കിത്തീർക്കാൻ ആവശ്യമായതെല്ലാം ഉൽപ്പാദിപ്പിക്കാൻ കഴിയും.—സങ്കീർത്തനം 37:4.
ദൈവം നൽകുന്ന പ്രതിഫലങ്ങൾ നമ്മുടെ ഭാഗത്തെ ഏതെങ്കിലും പ്രശംസാർഹമായ സേവനംകൊണ്ടു ലഭിക്കുന്നതല്ല. പിന്നെയോ നമ്മുടെ അവകാശപ്പെടുത്തിയ പാപാവസ്ഥ ഉണ്ടായിരുന്നിട്ടും അവന്റെ സ്നേഹത്തിൽനിന്ന് ഉത്ഭൂതമാകുന്ന ഒരു സമ്മാനമാണ്. (റോമർ 5:8-10) എന്നിരുന്നാലും, പ്രതീക്ഷ വെച്ചിരിക്കുന്ന പ്രതിഫലവും നമ്മുടെ നടത്തയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ധീരമായ വിശ്വാസത്തോടും സഹിഷ്ണുതയോടും കൂടെ നാം യഹോവയെ ആത്മാർഥമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. (എബ്രായർ 10:35-39) മററുവാക്കുകളിൽ പറഞ്ഞാൽ, “നിങ്ങൾ എന്തുതന്നെ ചെയ്താലും മനുഷ്യർക്കെന്നല്ല, മുഴുദേഹിയോടെ യഹോവയ്ക്കെന്നപോലെ അതിൽ ഏർപ്പെടുക. എന്തുകൊണ്ടെന്നാൽ അവകാശമെന്ന തക്കപ്രതിഫലം നിങ്ങൾക്ക് കിട്ടുന്നത് യഹോവയിൽനിന്നാണെന്ന് നിങ്ങൾ അറിയുന്നു.” ഉവ്വ്, അവൻ പ്രതിഫലം നൽകുക തന്നെ ചെയ്യുന്നു.—കൊലൊസ്സ്യർ 3:23, 24.