യുവജനങ്ങൾ ചോദിക്കുന്നു. . .
ഞാൻ എന്റെ മാതാപിതാക്കളെ അനുസരിക്കേണ്ടത് എന്തുകൊണ്ട്?
ദൈവഭയമുള്ള മാതാപിതാക്കളാണു സ്ററാനിനെ വളർത്തിക്കൊണ്ടുവന്നത്. എന്നാൽ 16-ാമത്തെ വയസ്സിൽ അവൻ മത്സരസ്വഭാവം കാട്ടി. സ്ററാൻ വിശദീകരിക്കുന്നു: “ആളുകളെ കണ്ടുമുട്ടാനും അവരുടെ അംഗീകാരം നേടാനും ഞാനാഗ്രഹിച്ചു. മററുള്ളവർക്കുള്ള സർവസംഗതികളും എനിക്കും ഉണ്ടായിരിക്കാൻ ഞാനാഗ്രഹിച്ചു.” ഈ ലക്ഷ്യങ്ങൾ നേടുന്നതിനു സ്ററാൻ സ്വീകരിച്ച മാർഗം ഒരു മയക്കുമരുന്ന് ഇടപാടുകാരൻ ആയിത്തീരുക എന്നതായിരുന്നു. സ്വാഭാവികമായി, തന്റെ പോക്കുവരവുകളെക്കുറിച്ചും വീട്ടിൽ കൊണ്ടുവന്നിരുന്ന പണത്തെക്കുറിച്ചും അവനു ഭോഷ്കു പറയേണ്ടിവന്നു. “എന്റെ മനസ്സാക്ഷി മരവിച്ചുപോയിരുന്നു,” സ്ററാൻ ഓർമിക്കുന്നു.
ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ ജോൺ സ്നാപനമേൽക്കുമ്പോൾ അവന് 11 വയസ്സുണ്ടായിരുന്നു. അവൻ ഇങ്ങനെ സമ്മതിച്ചുപറയുന്നു: “വാസ്തവത്തിൽ സത്യം എന്റെ ഹൃദയത്തിൽ ഇല്ലായിരുന്നു. സ്നാപനമേൽക്കാൻ എന്റെ കുടുംബം പ്രതീക്ഷിച്ചതുകൊണ്ടാണു ഞാനതു ചെയ്തത്. ഹൈസ്കൂളിൽ പ്രവേശിച്ചതോടെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലെത്തി ഞാൻ. റോക്ക് സംഗീതവും എന്നിൽ മോശമായ സ്വാധീനം ചെലുത്തി. കടലലകളിലൂടെ തെന്നിനീങ്ങുന്ന വിനോദത്തിൽ (surfing) ഞാൻ ഏർപ്പെട്ടു, ബൈബിൾ തത്ത്വങ്ങളാൽ നയിക്കപ്പെടാത്ത യുവാക്കളോടൊത്തു ഞാൻ വളരെയധികം സമയം കടലോരത്തു ചെലവഴിച്ചു. അവിടെ ധാരാളം മയക്കുമരുന്നുകൾ ലഭ്യമായിരുന്നു.” ഏറെത്താമസിയാതെ അവൻ തന്റെ മാതാപിതാക്കളുടെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി, അവനെ പഠിപ്പിച്ച സകല കാര്യത്തിനും എതിരായ ഒരു ജീവിതരീതിയാണ് അവൻ തിരഞ്ഞെടുത്തത്.
അവർ മത്സരിക്കുന്നതിന്റെ കാരണം
യുവാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ പരിമിതികൾ പരിശോധിച്ചുനോക്കുന്നതും ഒരു പരിധിവരെ സ്വാതന്ത്ര്യം വളർത്തിയെടുക്കുന്നതും സ്വാഭാവികമാണ്. എന്നാൽ മത്സരാത്മകവും അക്രമാസക്തവും സ്വവിനാശകവുമായ നടത്ത തികച്ചും മറെറാരു സംഗതിയാണ്. അത്തരം നടത്തയ്ക്ക് എന്താണു കാരണം? കാരണങ്ങൾ അനേകവും നാനാതരത്തിലുള്ളവയുമാണ്. “ചെറുപ്പമായിരിക്കുമ്പോൾ രസത്തിനു വേണ്ടി പരതുന്നു. സമയം ശരിക്കും ആസ്വദിക്കാൻ ആഗ്രഹിക്കുന്നു” എന്നു ജോൺ വിശദീകരിക്കുന്നു. എന്നിരുന്നാലും, യുവജനങ്ങൾക്കു ജീവിതത്തിൽ അനുഭവപരിചയം കുറവായതുകൊണ്ട് അവർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ എല്ലായ്പോഴും ജ്ഞാനപൂർവകമല്ല. (എബ്രായർ 5:14) അതുകൊണ്ട് പരിഗണനയുള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെമേൽ ന്യായമായ നിയന്ത്രണങ്ങൾ വയ്ക്കുന്നു—ചില യുവാക്കൾ ഈ നിയന്ത്രണങ്ങളെ ശക്തമായി എതിർക്കുന്നു.
ദുഃഖകരമെന്നേ പറയേണ്ടൂ, ചില യുവജനങ്ങൾ ദൈവഭയമുള്ള മാതാപിതാക്കളിൽനിന്നു ലഭിച്ച പരിശീലനത്തെ തള്ളിക്കളയുക പോലും ചെയ്തിട്ടുണ്ട്. (എഫെസ്യർ 6:1-4) ക്രിസ്ത്യാനിത്വം “ഇടുക്ക”വും “ഞെരുക്ക”വുമുള്ള ഒരു ജീവിതപാത ആയിരിക്കുമെന്ന് യേശു പറഞ്ഞു. (മത്തായി 7:13, 14) അതുകൊണ്ട് പലപ്പോഴും തങ്ങളുടെ സഹപാഠികൾ ചെയ്യുന്ന അതേ കാര്യങ്ങൾ ക്രിസ്തീയ യുവാക്കൾക്കു ചെയ്യാൻ സാധ്യമല്ല. ദൈവനിയമങ്ങൾ വാസ്തവത്തിൽ ഭാരമുള്ളവയല്ല എന്നു വിലമതിച്ചുകൊണ്ടു മിക്കവരും ശിക്ഷണത്തെ സ്വീകരിക്കുകയാണു ചെയ്യുന്നത്. (1 യോഹന്നാൻ 5:3) തീർച്ചയായും, ഇത്തരം നിയമങ്ങൾ വിവാഹബന്ധം കൂടാതെയുള്ള ഗർഭധാരണങ്ങൾ, മയക്കുമരുന്നു ദുരുപയോഗം, ലൈംഗികമായി പകരുന്ന രോഗങ്ങൾ എന്നിവ പോലുള്ള പ്രശ്നങ്ങളിൽനിന്നു യുവജനങ്ങളെ സംരക്ഷിക്കുന്നു. (1 കൊരിന്ത്യർ 6:9, 10) എന്നാൽ കാര്യങ്ങളെ ആ വിധത്തിൽ കാണാൻ ചില യുവജനങ്ങൾ വിസമ്മതിക്കുന്നു; ബൈബിൾ നിയമങ്ങൾ തങ്ങളുടെ ജീവിതരീതിയെ വളരെയധികം പരിമിതപ്പെടുത്തുന്നുവെന്നാണ് അവരുടെ വിചാരം.
ശിക്ഷണം, കളികൾ, വിനോദം എന്നിവ പോലുള്ള കാര്യങ്ങൾ വരുമ്പോൾ മാതാപിതാക്കൾ അമിതമായി കർക്കശസ്വഭാവം കാണിക്കുന്നതായി ഒരു യുവാവിനു തോന്നുന്നെങ്കിൽ അവന് ഉണ്ടാകുന്ന നീരസം വളരെ തീവ്രമായിരുന്നേക്കാം. “മാതാപിതാക്കൾ എന്നോടു വളരെ കർക്കശസ്വഭാവം കാട്ടുന്നുവെന്ന് എനിക്കു തോന്നുന്നു,” ഒരു യുവതി വിലപിച്ചു. മററു ക്രിസ്തീയ മാതാപിതാക്കൾ അനുവദിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ അനുവദിക്കപ്പെടാത്തപ്പോൾ നിരാശ തോന്നിയേക്കാം എന്നതു സത്യംതന്നെ. (കൊലൊസ്സ്യർ 3:21) ചില യുവജനങ്ങളാകട്ടെ അനുസരണക്കേടു കാട്ടിക്കൊണ്ടു തങ്ങളുടെ നിരാശ പുറത്തുകാട്ടുന്നു.
നേരേമറിച്ച്, ചില യുവജനങ്ങൾ നേർവഴി വിട്ടുപോകുന്നത് അവരുടെ മാതാപിതാക്കൾ ദൈവിക തത്ത്വങ്ങളോടു യാതൊരു വിധത്തിലുള്ള ആദരവും പ്രകടമാക്കാത്തതുകൊണ്ടാണ്. ജോൺ ഓർമിക്കുന്നതു നോക്കൂ: “ഡാഡി ഒരു മദ്യപാനിയായിരുന്നു. വളരെയധികം കുടിക്കുന്നതിന്റെ പേരിൽ ഡാഡിയും മമ്മിയും തമ്മിൽ വാക്കേററം ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിൽനിന്നു രക്ഷപെടാൻ ഞങ്ങൾ പലതവണ മാറിത്താമസിച്ചു.” മദ്യവും മററു വസ്തുക്കളും ദുരുപയോഗം ചെയ്യുന്നവർക്കു തങ്ങളുടെ കുട്ടികളുടെ ആവശ്യങ്ങൾക്കു വേണ്ടി വേണ്ടത്ര കരുതാൻ സാധ്യമല്ല. അത്തരം ഭവനങ്ങളിൽ ചീത്തപറച്ചിലും തരംതാഴ്ത്തലും ഒരു യുവാവിനു നിത്യസംഭവമായിരിക്കും.
മററു യുവജനങ്ങൾ മാതാപിതാക്കളോടു മത്സരിക്കുന്നതിന്റെ കാരണം മാതാപിതാക്കൾ ഫലത്തിൽ അവരെ ഉപേക്ഷിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതാണ്. മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചുപററാനുള്ള—അല്ലെങ്കിൽ അവരെ വേദനിപ്പിക്കാനുള്ള—ഒരു മാർഗമായി മത്സരമനോഭാവത്തെ അവർ കണ്ടേക്കാം. “മാതാപിതാക്കൾ എന്നെങ്കിലും എന്റെ അടുത്തുണ്ടായിരുന്നതായി എനിക്ക് ഓർക്കാൻ കഴിയുന്നില്ല,” ഒരു സമ്പന്ന കുടുംബത്തിലെ ടെയ്ലർ എന്ന പെൺകുട്ടി പറയുന്നു. “നിങ്ങൾക്കറിയാമോ, ഞാൻ അരുമസന്തതിയായിരുന്നു, മാതാപിതാക്കൾ ഒരിക്കലും എൻറടുത്തില്ലാതിരുന്നതിനാൽ അവർ എനിക്കു ധാരാളം പണം തരുമായിരുന്നു.” മേൽനോട്ടം ലഭിക്കാതിരുന്ന ടെയ്ലർ നിശാക്ലബുകളിൽ പോകാനും മദ്യപിക്കാനും തുടങ്ങി. മദ്യപിച്ചു വാഹനമോടിച്ചതിനു പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് അവൾക്ക് അത്തരമൊരു പ്രശ്നം ഉണ്ടായിരുന്നതായി മാതാപിതാക്കൾ മനസ്സിലാക്കിയത്.
മാത്രമല്ല, “നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ ആർ തടുത്തുകളഞ്ഞു?” എന്ന് ഒരു കൂട്ടം ക്രിസ്ത്യാനികളോട് അപ്പോസ്തലനായ പൗലോസ് ചോദിച്ചപ്പോൾ അദ്ദേഹം ചൂണ്ടിക്കാട്ടിയ സ്ഥിതിവിശേഷവും ഇതിനു കാരണമാണ്. (ഗലാത്യർ 5:7) പലപ്പോഴും മോശമായ സഹവാസമാണു പ്രശ്നം. (1 കൊരിന്ത്യർ 15:33) “മോശക്കാരായ ആളുകളുമായി ഞാൻ കൂട്ടുകൂടി,” എലിസബത്ത് എന്നു പേരുള്ള ഒരു കൗമാരപ്രായക്കാരി പറയുന്നു. കൂട്ടുകാരുടെ സമ്മർദത്തിന്റെ ഫലമായി “പുകവലിക്കാനും മയക്കുമരുന്നുകൾ ദുരുപയോഗം ചെയ്യാനും തുടങ്ങി” എന്നവൾ സമ്മതിച്ചുപറയുന്നു. അവൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പരസംഗം ഒരു അനുദിന സംഗതിയായിരുന്നു.”
മത്സരമനോഭാവം ഭോഷത്വമായിരിക്കുന്നതിന്റെ കാരണം
നിരാശാജനകമെന്ന്—അല്ലെങ്കിൽ ക്രൂരമെന്നു പോലും—തോന്നുന്ന ഒരു സാഹചര്യത്തിലായിരിക്കാം ഒരുപക്ഷേ നിങ്ങളും. മാതാപിതാക്കളോടു ധിക്കാരം കാട്ടാനും നിങ്ങളാഗ്രഹിക്കുന്നതു ചെയ്യാനും പ്രലോഭനം തോന്നിയേക്കാം. നീതിമാനായ ഇയ്യോബിനു മുന്നറിയിപ്പു ലഭിച്ചതുപോലെ, “കോപം നിന്നെ [ദ്രോഹകരമായ പ്രവർത്തികളിലേക്കു] വശീകരിക്കരുതു; . . . സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു.”—ഇയ്യോബ് 36:18-21.
ദ്രോഹകരമായ, അക്രമാസക്തമായ പെരുമാററത്തിനു നിങ്ങളുടെ മാതാപിതാക്കളിൽനിന്നു പ്രതികരണം ലഭിച്ചേക്കാം, എന്നാൽ അത് അത്ര സുഖമുള്ളതായിരിക്കാൻ ഇടയില്ല. അത് എന്തുതന്നെ ആയിരുന്നാലും, അവർ നിങ്ങളുടെമേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാം. മാത്രമല്ല, ദ്രോഹകരമായ പെരുമാററം നിങ്ങളുടെ മാതാപിതാക്കളെ വളരെയധികം വേദനിപ്പിക്കുകയും ചെയ്യും. (സദൃശവാക്യങ്ങൾ 10:1) അങ്ങനെ ചെയ്യുന്നതു സ്നേഹപൂർവകമാണോ? അതു നിങ്ങളുടെ സാഹചര്യത്തെ യഥാർഥത്തിൽ മെച്ചപ്പെടുത്തുമോ? നിങ്ങൾക്കു ന്യായമായ പരാതികളുണ്ടെന്നു തോന്നുന്നെങ്കിൽ കാര്യങ്ങൾ അവരോടു തുറന്നു സംസാരിക്കുന്നതാണ് ഏറെ യുക്തമായ സമീപനം.a നിങ്ങളോടു പെരുമാറുന്ന വിധത്തിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്താൻ അവർ സത്വരം മനസ്സൊരുക്കം കാട്ടിയേക്കാം.
പരിചിന്തിക്കേണ്ട മറെറാരു സംഗതി നിങ്ങളുടെ പ്രവർത്തനങ്ങൾ ദൈവത്തിൻമേൽ ഉളവാക്കുന്ന ഫലമാണ്. ‘ദൈവത്തിൻമേലോ?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. അതേ, ദൈവത്തിൻമേൽ. കാരണം നിങ്ങളുടെ മാതാപിതാക്കൾക്കെതിരെ മത്സരിക്കുന്നതു ഫലത്തിൽ ദൈവത്തിനെതിരെ മത്സരിക്കുന്നതിനു തുല്യമാണ്, കാരണം മാതാപിതാക്കളെ ബഹുമാനിക്കാൻ കൽപ്പിക്കുന്നതു ദൈവമാണ്. (എഫെസ്യർ 6:2) അത്തരം അനുസരണക്കേടു സംബന്ധിച്ചു ദൈവം എങ്ങനെയാണു വിചാരിക്കുന്നത്? ഇസ്രായേൽ ജനതയെ സംബന്ധിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു!” ഫലമോ? “[അവർ] എത്രപ്രാവശ്യം [ദൈവത്തെ] ദുഃഖിപ്പിച്ചു!” (സങ്കീർത്തനം 78:40) നിങ്ങളുടെ മാതാപിതാക്കൾ വളരെയധികം നിയന്ത്രണങ്ങൾ വയ്ക്കുന്നുവെന്നു വിചാരിച്ചുകൊണ്ടു നിങ്ങൾക്ക് അവരോടു ക്ഷോഭം തോന്നിയേക്കാമെന്നതു സത്യം തന്നെ. എന്നാൽ, നിങ്ങളെ സ്നേഹിക്കുകയും നിങ്ങൾ എന്നേക്കും ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന യഹോവയാം ദൈവത്തിന്റെ ഹൃദയത്തിനു വേദന കൈവരുത്താൻ വാസ്തവത്തിൽ നിങ്ങൾ ആഗ്രഹിക്കുമോ?—യോഹന്നാൻ 17:3; 1 തിമൊഥെയൊസ് 2:4.
“സ്വാതന്ത്ര്യ”ത്തിന് ഒടുക്കേണ്ടിവരുന്ന കനത്ത വില
അങ്ങനെയെങ്കിൽ, നമ്മുടെ സ്നേഹവാനായ സ്വർഗീയ പിതാവിനെ ശ്രദ്ധിക്കുന്നതിനു നല്ല കാരണമുണ്ട്. “സ്വാതന്ത്ര്യ”ത്തിന്റെ വ്യാജമായ വാഗ്ദാനങ്ങളാൽ കബളിപ്പിക്കപ്പെടരുത്. (താരതമ്യം ചെയ്യുക: 2 പത്രൊസ് 2:19.) ദുർന്നടത്തയിൽ ഏർപ്പെട്ടിട്ട് ചില യുവജനങ്ങൾ ശിക്ഷിക്കപ്പെടാതെ രക്ഷപെടുന്നതായി തോന്നിയേക്കാം. എന്നാൽ സങ്കീർത്തനക്കാരൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: “ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു. അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.” (സങ്കീർത്തനം 37:1, 2) മത്സരിക്കുന്ന യുവജനങ്ങൾക്ക് അവർ പറയുന്ന സ്വാതന്ത്ര്യത്തിനു വേണ്ടി മിക്കപ്പോഴും കനത്ത വില ഒടുക്കേണ്ടിവരുന്നു. ഗലാത്യർ 6:7-ൽ ബൈബിൾ ഇങ്ങനെ പറയുന്നു: “വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.”
തുടക്കത്തിൽ പരാമർശിച്ച സ്ററാനിന്റെ കാര്യമെടുക്കുക. അവൻ പ്രതീക്ഷിച്ചതുപോലെതന്നെ മോശമായ സ്നേഹിതരുടെ ഇടയിൽ അവൻ പ്രസിദ്ധനായിത്തീർന്നു. “എനിക്ക് അംഗീകാരം കിട്ടിയതുപോലെ തോന്നി,” അവൻ ഓർമിക്കുന്നു. എന്നാൽ, സ്ഥിതിഗതികൾ വഷളാകാൻ തുടങ്ങി. അവൻ പറയുന്നു: “എനിക്കു വെടിയേററു, ജയിലിൽ കിടക്കേണ്ടിവന്നു, ഇപ്പോഴും ഞാൻ ജയിലിലേക്കു പോകുകയാണ്. എനിക്ക് എന്നോടുതന്നെ ചോദിക്കാൻ കഴിയുന്നത് ഇതു മാത്രമാണ്, ‘അത് തക്ക മൂല്യമുള്ളതായിരുന്നോ?’”
“സ്വാതന്ത്ര്യ”ത്തിനു വേണ്ടിയുള്ള ജോണിന്റെ അന്വേഷണം സംബന്ധിച്ചോ? മയക്കുമരുന്നുകൾ കൈവശം വെച്ചതിന്റെ പേരിൽ അറസ്ററു ചെയ്യപ്പെട്ടശേഷം അവൻ ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കപ്പെട്ടു. അവിടം മുതലങ്ങോട്ട് അവൻ വഴിപിഴച്ച പ്രവൃത്തികളിൽ അധികമധികം ഏർപ്പെടാൻ തുടങ്ങി. ജോൺ ഇങ്ങനെ തുറന്നു പറയുന്നു: “പണത്തിനു വേണ്ടി ഞാൻ കാറുകൾ മോഷ്ടിച്ചു, ഞാൻ വളരെ അക്രമസ്വഭാവമുള്ളവനായിരുന്നു.” കുററകൃത്യങ്ങളിൽ ഏർപ്പെട്ടു ജോൺ ധാരാളം പണമുണ്ടാക്കി. എന്നാൽ അവൻ ഇങ്ങനെ ഓർമിക്കുന്നു: “ഞാനതെല്ലാം ധൂർത്തടിച്ചു. ഞങ്ങൾ ഉപയോഗിച്ച മയക്കുമരുന്നിന്റെ അളവ് അവിശ്വസനീയമായിരുന്നു.” വഴക്കടിക്കുകയോ മോഷ്ടിക്കുകയോ മദ്യപിക്കുകയോ ചെയ്യാതിരുന്നപ്പോൾ ജോൺ പൊലീസിൽനിന്ന് ഒളിച്ചോടുകയായിരുന്നു. “ഏതാണ്ട് 50 തവണ ഞാൻ അറസ്ററു ചെയ്യപ്പെട്ടു. സാധാരണമായി അവർക്ക് എന്റെമേലുള്ള ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ല, എന്നാൽ ഒരിക്കൽ ഒരു വർഷം മുഴുവനും ഞാൻ ജയിലിൽ കിടക്കേണ്ടിവന്നു.” അതേ, അവന് അൽപ്പം പോലും സ്വാതന്ത്ര്യം കിട്ടിയില്ല, പിന്നെയോ അവൻ “സാത്താന്റെ ആഴമായ കാര്യങ്ങ”ളുടെ ചെളിക്കുണ്ടിലാണെന്നു തിരിച്ചറിയുകയാണു ചെയ്തത്.—വെളിപാട് 2:24, NW.
എലിസബത്തിനെ സംബന്ധിച്ചും അതുതന്നെ പറയാൻ കഴിയും. അനിയന്ത്രിതമായി ലൗകിക സ്നേഹിതരുമായി കൂടിക്കുഴഞ്ഞത് ഒടുവിൽ അവളെ കൊണ്ടെത്തിച്ചതു ജയിലിലാണ്. അവൾ ഇങ്ങനെ തുറന്നു പറയുന്നു: “ഞാൻ ഗർഭിണിയാകുക പോലും ചെയ്തു—മയക്കുമരുന്നുകൾ ഉപയോഗിച്ചതു നിമിത്തം എനിക്കെന്റെ കുട്ടിയെ നഷ്ടമായി. മയക്കുമരുന്നുകൾ എന്റെ ജീവനായിരുന്നു—വീണ്ടും വീണ്ടും മയക്കുമരുന്നിന്റെ മോഹനവലയത്തിൽ അകപ്പെടാൻ വേണ്ടി ഞാൻ ജീവിക്കുന്നതുപോലെ തോന്നി. ഒടുവിൽ എനിക്കെന്റെ പാർപ്പിടം നഷ്ടമായി. എനിക്കു വീട്ടിലേക്കു തിരികെ പോകാൻ കഴിഞ്ഞില്ല. സഹായത്തിനായി യഹോവയോട് അപേക്ഷിക്കാൻ പോലും എനിക്കു ലജ്ജ തോന്നി.”
ദൈവിക തത്ത്വങ്ങളെ തള്ളിക്കളഞ്ഞതു നിമിത്തം ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടി വന്ന യുവജനങ്ങളെക്കുറിച്ചുള്ള സമാനമായ ദൃഷ്ടാന്തങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. ബൈബിൾ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “നിങ്ങൾ ശരിയെന്നു വിചാരിക്കുന്ന വഴി മരണത്തിലേക്കു നയിച്ചേക്കാം.” (സദൃശവാക്യങ്ങൾ 14:12, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) അതുകൊണ്ട് ജ്ഞാനപൂർവകമായ സംഗതി, അനുചിതമെന്നു നിങ്ങൾ വിചാരിക്കുന്ന ഏതെങ്കിലും നിയന്ത്രണങ്ങൾക്കെതിരെ മത്സരിക്കുന്നതിനു പകരം അവയെക്കുറിച്ചു ചർച്ചചെയ്തുകൊണ്ട് നിങ്ങളുടെ മാതാപിതാക്കളുമായി ഒത്തിണങ്ങിപ്പോകുന്നതാണ്.
എന്നാൽ, ഈ ലേഖനം കിട്ടുമ്പോഴേക്കും ഇപ്പോൾത്തന്നെ വൈകിപ്പോയിരിക്കുന്ന, ദുർന്നടത്തിയിൽ ആഴത്തിൽ ഉൾപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നു മനസ്സിലാക്കുന്ന, യുവജനങ്ങളെ സംബന്ധിച്ചെന്ത്? അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ മാതാപിതാക്കളുമായി—കൂടാതെ ദൈവവുമായും—കാര്യങ്ങൾ നേരെയാക്കുന്നതിനുള്ള എന്തെങ്കിലും വഴിയുണ്ടോ? അടുത്ത ലക്കത്തിലെ ഞങ്ങളുടെ ലേഖനം ഈ ചോദ്യങ്ങളെക്കുറിച്ചു വിശകലനം ചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a ഈ കാര്യങ്ങൾ സംബന്ധിച്ചു ധാരാളം ലേഖനങ്ങൾ സഹായകമായ വിവരങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, 1985 ജനുവരി 8, 1992 ആഗസ്ററ് 8, 1992 നവംബർ 8 എന്നീ ഉണരുക! (ഇംഗ്ലീഷ്) ലക്കങ്ങളിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ” ലേഖനങ്ങൾ കാണുക.
[26-ാം പേജിലെ ചിത്രം]
മാതാപിതാക്കൾക്കെതിരെ മത്സരിക്കുന്നതു നിങ്ങൾക്കു കൂടുതൽ “സ്വാതന്ത്ര്യം” നൽകിയേക്കാം, എന്നാൽ അനന്തരഫലങ്ങളെക്കുറിച്ചു നിങ്ങൾ പരിചിന്തിച്ചിട്ടുണ്ടോ?