യുവജനങ്ങൾ ചോദിക്കുന്നു. . .
എനിക്ക് എന്റെ ജീവിതം എങ്ങനെ നേരെയാക്കാൻ കഴിയും?
“എനിക്ക് അകത്തു കയറാൻ കഴിഞ്ഞില്ലത്രേ,” ജോൺ പറഞ്ഞു. അവൻ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിനു വെളിയിൽ നിൽക്കുകയായിരുന്നു. കൗമാരപ്രായക്കാരനായിരിക്കെ അവൻ ക്രിസ്ത്യാനിത്വം ഉപേക്ഷിച്ച് കുററകൃത്യത്തിന്റെയും മയക്കുമരുന്നുകളുടെയും ലൈംഗിക അധാർമികതയുടേതുമായ ഒരു ജീവിതം നയിച്ചു. വർഷങ്ങളോളം അങ്ങനെ ജീവിച്ചെങ്കിലും അവന് ബൈബിൾ മറക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവൻ ഒരു രാജ്യഹാളിലേക്കു പോയി—എന്നാൽ അകത്തുകയറാൻ വല്ലാത്ത ഭയം തോന്നി. അകത്തേക്കു ചെല്ലാൻ പ്രോത്സാഹിപ്പിച്ച ഒരാളോട് അവൻ പറഞ്ഞു: “നിങ്ങൾക്കു മനസ്സിലാവില്ല. ഞാൻ വളരെയധികം ചെയ്തുപോയി. ഞാൻ ചെയ്തതെല്ലാം യഹോവ എന്നെങ്കിലും ക്ഷമിക്കുമെന്ന് എനിക്കു തോന്നുന്നില്ല.”
മാതാപിതാക്കളുടെ നിയമങ്ങൾക്കും മതത്തിനും ധാർമിക മൂല്യങ്ങൾക്കുമെതിരെ മത്സരിക്കുന്ന യുവാക്കൾ അസംഖ്യമാണ്. ദൈവഭയമുള്ള മാതാപിതാക്കളാൽ വളർത്തപ്പെട്ട യുവാക്കൾ ഇതു ചെയ്യുമ്പോൾ അത് വിശേഷാൽ ഞെട്ടലുളവാക്കുന്നതും ഭയങ്കരവുമാണ്. ആ വഴിക്കു പോയിരിക്കുന്നവർ കുറച്ചൊന്നുമല്ലെങ്കിലും തോന്നിയവാസമുള്ള ജീവിതരീതിക്കുപോലും മറയ്ക്കാൻ കഴിയാത്ത ഒരു നഷ്ടബോധം ക്രമേണ ചിലരെ അലട്ടി തുടങ്ങുന്നു. (സദൃശവാക്യങ്ങൾ 14:13) ഈ ദുഷ്ടലോകത്തിന്റെ തിക്തഫലങ്ങളനുഭവിച്ച ചില യുവാക്കൾ തങ്ങളുടെ ജീവിതം നേരെയാക്കാനും കുട്ടികളായിരിക്കെ തങ്ങൾ പഠിച്ച ബൈബിൾ സത്യങ്ങളിലേക്കു തിരിച്ചുവരാനും ആഗ്രഹിക്കുന്നു. എന്നാൽ യഥാർഥത്തിൽ അവർക്കതു ചെയ്യാൻ കഴിയുമോ?
ഒരു മത്സരിയായ മകൻ വീടുവിട്ടിറങ്ങിപ്പോകുന്നു
ലൂക്കൊസ് 15:11-32-ൽ കാണുന്ന മുടിയനായ അഥവാ ധൂർത്തനായ പുത്രനെ സംബന്ധിച്ചുള്ള യേശുവിന്റെ ഉപമ ഈ സംഗതിയിൽ വളരെയധികം ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നു. വിവരണം വായിക്കുന്നതിങ്ങനെയാണ്: “ഒരു മനുഷ്യന്നു രണ്ടു പുത്രൻമാർ ഉണ്ടായിരുന്നു. അവരിൽ ഇളയവൻ അപ്പനോടു: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവർക്കു മുതൽ പകത്തുകൊടുത്തു. ഏറെനാൾ കഴിയുംമുമ്പെ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി.”
തീർച്ചയായും തന്റെ പിതാവ് പരുഷനോ ദ്രോഹിയോ അമിത കർക്കശക്കാരനോ ആയിരുന്നതുകൊണ്ടല്ല ഈ യുവാവ് മത്സരിച്ചത്! മോശൈക ന്യായപ്രമാണമനുസരിച്ച് പുത്രന് പിതാവിന്റെ സ്വത്തിന്റെ നല്ലൊരു ഭാഗം അവകാശപ്പെട്ടിരുന്നു, എന്നിരുന്നാലും സാധാരണമായി പിതാവിന്റെ മരണംവരെ ഇല്ലായിരുന്നു. (ആവർത്തനപുസ്തകം 21:15-17) എന്നാൽ തന്റെ പങ്ക് മുൻകൂറായി ചോദിച്ചത് അവന്റെ ഹൃദയം എത്ര കഠിനമായിട്ടായിരിക്കണം! എന്നിട്ടും, പിതാവ് സ്നേഹപൂർവം അതിനു സമ്മതിച്ചു. (താരതമ്യം ചെയ്യുക: ഉല്പത്തി 25:5, 6.) അപ്പോൾ വ്യക്തമായും, പിതാവിന്റെയല്ല, യുവാവിന്റെ മനോഭാവമായിരുന്നു തെററ്. പണ്ഡിതനായ ആൽഫ്രെഡ് എഡെർഷൈം പറയുന്നതുപോലെ സാധ്യതയനുസരിച്ച് അവന് “ഭവനത്തിലെ ക്രമവും ശിക്ഷണവും ഇഷ്ടമില്ലായിരുന്നു.” “സ്വാതന്ത്ര്യത്തിനും ആസ്വാദനത്തിനുമായുള്ള” ഒരു സ്വാർഥ “ആഗ്രഹ”മുണ്ടായിരുന്നുതാനും.
ഈ പരമ്പരയിൽ മുമ്പൊരു ലേഖനം സമ്മതിച്ചുപറഞ്ഞതുപോലെ, എല്ലാ മാതാപിതാക്കളും ദയയും ചിന്തയും ഉള്ളവരല്ല.a എന്നിരുന്നാലും, മാതാപിതാക്കളിൽ ആരെങ്കിലും പരുഷനോ ന്യായബോധമില്ലാത്തവനോ ആയിരിക്കുമ്പോൾ മത്സരമല്ല പരിഹാരം. ആത്യന്തികമായി അതു സ്വവിനാശകമാണ്. വീണ്ടും യേശുവിന്റെ ഉപമ പരിചിന്തിക്കുക. ഭവനത്തിൽനിന്നു ദൂരദേശത്തേക്കു യാത്രചെയ്ത യുവാവ് “ദുർന്നടപ്പുകാരനായി ജീവിച്ച് വസ്തു നാനാവിധമാക്കിക്കളഞ്ഞു. എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ടു അവന്നു മുട്ടു വന്നുതുടങ്ങി.” എന്നിട്ടും അവനു സുബോധം വന്നില്ല. ആത്മവിശ്വാസത്തോടുകൂടി പിന്നെയും “അവൻ ആ ദേശത്തിലെ പൌരൻമാരിൽ ഒരുത്തനെ ചെന്നു ആശ്രയിച്ചു; അവൻ അവനെ തന്റെ വയലിൽ പന്നികളെ മേയ്പാൻ അയച്ചു. പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല.”
ബൈബിൾ പണ്ഡിതനായ ഹെർബെർട്ട് ലോക്ക്യർ പറയുന്നു: “‘പന്നികളെ മേയ്ക്കാൻ’ എന്നു കേട്ടപ്പോൾ യേശുവിനെ കേട്ടുകൊണ്ടിരുന്ന യഹൂദൻമാർ ഒന്നു ഞെട്ടിക്കാണും. എന്തുകൊണ്ടെന്നാൽ ഒരു യഹൂദന് ഇതിലപ്പുറം അവമാനം വേറൊന്നില്ല.” ഇതുപോലെതന്നെ ഇന്ന് ബൈബിൾ സത്യങ്ങൾ ഉപേക്ഷിച്ചുപോകുന്നവർ വിഷമകരമോ ലജ്ജാകരം പോലുമോ ആയ സാഹചര്യങ്ങളിൽ എത്തിച്ചേരുന്നു. വീടുവിട്ടുപോയ ഒരു ക്രിസ്തീയ പെൺകുട്ടി ഇപ്രകാരം സമ്മതിച്ചുപറയുന്നു: “എന്റെ പണം മുഴുവനും മയക്കുമരുന്നിനുവേണ്ടി കളഞ്ഞു. മറെറാന്നിനും എനിക്കു പണമില്ലായിരുന്നു. അതുകൊണ്ട് ശീലങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി ഞാൻ കടകളിൽനിന്നു കണ്ണിൽക്കണ്ടതെല്ലാം മോഷ്ടിച്ചു.”
‘അവന് സുബോധം വന്നു’
എന്നിരുന്നാലും, തന്റെ ദാരുണമായ സാഹചര്യങ്ങളോട് മുടിയനായ പുത്രൻ എങ്ങനെ പ്രതികരിച്ചു? അവന് ഒടുവിൽ “സുബോധം വ”ന്നെന്ന് യേശു പറഞ്ഞു. മൂല ഗ്രീക്കു പദങ്ങളുടെ അർഥം “അവനിലേക്കുതന്നെ വന്നു” എന്നാണ്. മററു വാക്കുകളിൽ പറഞ്ഞാൽ, തന്റെ അവസ്ഥ യഥാർഥത്തിൽ എത്ര നിരാശാപൂർണമാണെന്നു കാണാതെ അവൻ ഭ്രാന്തമായ ഒരു ഭാവനാ ലോകത്തു “മതിമറന്നു” ജീവിക്കുകയായിരുന്നു.—താരതമ്യം ചെയ്യുക: 2 തിമൊഥെയൊസ് 2:24-26.
ഇന്നത്തെ മത്സരികളായ ചില യുവാക്കളും ഇതുപോലെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ജയിൽ, ഗുരുതരമായ പരിക്ക്, ലൈംഗികമായി പകരുന്ന രോഗങ്ങൾ എന്നുവേണ്ട, കാടുകയറിയുള്ള ജീവിതത്തിന്റെ ദാരുണമായ ഭവിഷ്യത്തുകൾ കൊയ്യുന്നത് വാസ്തവത്തിൽ സുബോധം വരുത്തുന്ന അനുഭവമായിരിക്കാം. സദൃശവാക്യങ്ങൾ 1:32-ലെ ഈ വാക്കുകൾ സത്യമാണെന്ന് ഒടുവിൽ വേദനാകരമായ അനുഭവം പഠിപ്പിക്കുന്നു: “ബുദ്ധിഹീനരുടെ പിൻമാററം അവരെ കൊല്ലും.”
മാതാപിതാക്കളെ വിട്ടുപോയി മയക്കുമരുന്നിൽ അകപ്പെട്ട യുവ എലിസബത്തിന്റെ കാര്യം പരിചിന്തിക്കുക. “ഞാൻ യഹോവയെക്കുറിച്ചു മറന്നുപോയി,” അവൾ പറയുന്നു. എന്നാൽ ന്യൂയോർക്ക് സന്ദർശിക്കവേ അവൾ യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനംവഴി കടന്നുപോയി. ഫലമോ? “എന്റെ മനസ്സിലൂടെയും ഹൃദയത്തിലൂടെയും വേദന ആളിക്കടന്നുപോയി,” അവൾ അനുസ്മരിക്കുന്നു. “ഞാൻ എന്താണീ ചെയ്തത്? ഇത്തരം ഒരു ദുരന്തത്തിലേക്കു വഴുതിവീഴാൻ ഞാൻ എന്റെ ജീവിതത്തെ എങ്ങനെ അനുവദിച്ചു?”
മുടിയനായ പുത്രൻ ഒടുവിൽ യാഥാർഥ്യത്തെ അഭിമുഖീകരിച്ചപ്പോൾ ഒരു ധീരമായ തീരുമാനം എടുത്തു—വീട്ടിൽ പോകുക, ജീവിതം നേരെയാക്കുക! എന്നാൽ പുത്രനാൽ വ്രണപ്പെടുത്തപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്ത അപ്പൻ എങ്ങനെ പ്രതികരിക്കും? വിവരണം മറുപടി നൽകുന്നു: “ദൂരത്തുനിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.” അതേ, ശ്രദ്ധാപൂർവം പരിശീലിച്ച തന്റെ കുററസമ്മതം മൊഴിയാൻ യുവാവിന് കഴിയുംമുമ്പേ സ്നേഹവും ക്ഷമയും പ്രകടിപ്പിക്കാൻ പിതാവ് മുൻകൈ എടുത്തുകഴിഞ്ഞു!
ദൈവവുമായി കാര്യങ്ങൾ നേരെയാക്കൽ
എങ്കിലും മുടിയനായ പുത്രൻ അപ്പനോട് ഇങ്ങനെ പറഞ്ഞു: “ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.” ഇതിലെ പാഠം? ദൈവത്തിന്റെ വഴികളിൽനിന്ന് അകന്നുപോയിരിക്കുന്ന യുവാക്കൾക്ക് ദൈവവുമായിത്തന്നെ “കാര്യങ്ങൾ നേരെയാ”ക്കാതെ തങ്ങളുടെ ജീവിതം നേരെയാക്കാനാവില്ല! (യെശയ്യാവ് 1:18 NW) യഹോവ അത്തരം അനുരഞ്ജനം സാധ്യമാക്കിത്തീർക്കുന്നതിന് നമുക്കു നന്ദിയുള്ളവരായിരിക്കാൻ കഴിയും. വാസ്തവത്തിൽ, യേശുവിന്റെ ഉപമയിലെ പിതാവ് യഹോവയാം ദൈവത്തിന്റെ ഒരു പ്രതീകമാണ്. അനുതാപമുള്ള പാപികളോട് ഇപ്രകാരം പറഞ്ഞുകൊണ്ട് ദൈവം അതേ ക്ഷമാ മനോഭാവം പ്രകടമാക്കുന്നു: “എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും.” (മലാഖി 3:7; താരതമ്യം ചെയ്യുക: സങ്കീർത്തനം 103:13, 14.) എന്നാൽ ബൈബിൾ കാലങ്ങളിലെ തെററുപററിയ യഹൂദൻമാരെപ്പോലെ അത്തരക്കാർ ഇപ്രകാരം തീരുമാനമെടുക്കണം: നമുക്ക് “നമ്മുടെ നടപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരി”യാം.—വിലാപങ്ങൾ 3:40.
ഇത് ഒരുവന്റെ പാപഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനെ അർഥമാക്കുന്നു. തെററുകാരനായ ഒരു യുവാവ് ഇതു ചെയ്യുമ്പോൾ യഹോവയാം ദൈവത്തിനു മുമ്പാകെ തന്റെ പാപങ്ങൾ ഏററുപറയാൻ അവൻ പ്രേരിതനാകണം. സങ്കീർത്തനക്കാരൻ ഇപ്രകാരം പറഞ്ഞു: “ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി; . . . ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. . . . അപ്പോൾ നീ എന്റെ പാപത്തിന്റെ കുററം ക്ഷമിച്ചുതന്നു.”—സങ്കീർത്തനം 32:3-5.
ഒരുപക്ഷേ ഗർഭച്ഛിദ്രം, വിവേചനാരഹിതമായ ലൈംഗികബന്ധം, മയക്കുമരുന്നു ദുരുപയോഗം, കുററകൃത്യം എന്നിങ്ങനെ വളരെ ഗുരുതരമായ തെററുകളിൽ ഒരു യുവാവ് ഉൾപ്പെട്ടുപോയിരിക്കുന്നെങ്കിൽ എന്ത്? താൻ ക്ഷമയ്ക്കു യോഗ്യനല്ലെന്ന് അത്തരക്കാരനു തോന്നിയേക്കാം. തുടക്കത്തിൽ പരാമർശിച്ച ജോണിന് അങ്ങനെ തോന്നി. അതുകൊണ്ടാണ് അവൻ അകത്തേക്കു കയറാതെ രാജ്യഹാളിനു പുറത്ത് അറെച്ചു നിന്നത്. ഒടുവിൽ, പുരാതന ഇസ്രായേലിലെ മനശ്ശെ രാജാവും കൊലപാതകമുൾപ്പെടെ ഗുരുതരമായ പാപങ്ങൾക്കു കുററക്കാരനായിരുന്നു എന്നും എന്നിട്ടും യഹോവ അവനോടു ക്ഷമിച്ചെന്നും ദയാലുവായ ഒരു സഭാ മൂപ്പൻ അവനെ ഓർപ്പിച്ചപ്പോഴാണ് അവൻ അകത്തു കയറിയത്! (2 ദിനവൃത്താന്തം 33:1-13) “ആ മൂപ്പൻ എന്റെ ജീവൻ രക്ഷിച്ചു,” ജോൺ പറയുന്നു. ക്ഷമ സാധ്യമാണെന്ന് അറിഞ്ഞ ജോണിന് രാജ്യഹാളിൽ കയറി സഹായം ചോദിക്കാനുള്ള ധൈര്യം ലഭിച്ചു.b
ഈ അവസ്ഥയിലായിരിക്കുന്ന മിക്ക യുവാക്കൾക്കും ദൈവവുമായി കാര്യങ്ങൾ നേരെയാക്കാൻ ഇതുപോലെ സഹായം ആവശ്യമാണ്. ഇത്തരുണത്തിൽ പ്രാദേശിക സഭാമൂപ്പൻമാർക്കു വളരെയധികം നൻമ ചെയ്യാൻ കഴിയും. ഒരു യുവാവ് ‘തന്റെ പാപങ്ങൾ തുറന്നു സമ്മതിക്കു’മ്പോൾ അവർക്കു സമാനുഭാവത്തോടും ഗ്രാഹ്യത്തോടും കൂടെ ശ്രദ്ധിക്കാൻ കഴിയും. കൂടാതെ ശിക്ഷണവും പ്രായോഗിക സഹായവും അവർക്കു കൊടുക്കാൻ കഴിയും. ഉദാഹരണത്തിന്, ഒരു കുടുംബ ബൈബിളധ്യയനം മുഖേന ദൈവവചനത്തിന്റെ ‘ആദ്യപാഠങ്ങൾ ഉപദേശിച്ചുകൊടുക്കാൻ’ അവർ യുവാവിനുവേണ്ടി ആരെയെങ്കിലും ഏർപ്പെടുത്തിയേക്കാം. തെററുകാരന് പ്രാർഥിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നെങ്കിൽ അവനുവേണ്ടിയോ അവൾക്കുവേണ്ടിയോ മൂപ്പന് പ്രാർഥിക്കാവുന്നതാണ്. “വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും,” എന്ന് ബൈബിൾ നമുക്ക് ഉറപ്പു നൽകുന്നു.—യാക്കോബ് 5:14-16; എബ്രായർ 5:12.
നിങ്ങളുടെ കാലിനു പാത നിരത്തുവിൻ
ദൈവവുമായി കാര്യങ്ങൾ നേരെയാക്കുന്നത് തീർച്ചയായും ഒരു തുടക്കം മാത്രമാണ്. മുടിയനായ പുത്രൻ തന്റെ പിതാവിനോടു ക്ഷമാപണം നടത്തിയതുപോലെ തെററുകാരായ യുവാക്കളും തങ്ങളുടെ മാതാപിതാക്കളോടു ക്ഷമാപണം നടത്തേണ്ടതുണ്ട്. അവർ അനുഭവിച്ചിരിക്കുന്ന വേദന കുറെ ലഘൂകരിക്കാനും അവരുടെ പിന്തുണ ഉറപ്പാക്കാനും ആത്മാർഥമായ ഒരു ക്ഷമാപണം വളരെയധികം സഹായിക്കുന്നു. വീടുവിട്ടിറങ്ങിപ്പോയിട്ട് ഒരു ജാര സന്തതിയുമായി വീട്ടിൽ തിരിച്ചെത്തിയ ഒരു യുവതി ഇപ്രകാരം അനുസ്മരിക്കുന്നു: “ഡാഡിയും മമ്മിയും എന്നോടു വളരെയധികം സ്നേഹം കാണിച്ചു.”
ദൈവത്തെ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്ന ഒരു യുവാവ് ‘തന്റെ കാലിന്നു പാത നിരത്തിക്കൊണ്ടേയിരിക്കണം.’ (എബ്രായർ 12:13) അവന്റെ ജീവിതശൈലി, ശീലങ്ങൾ, സഹകാരികൾ എന്നിവയ്ക്കു മാററം വരുത്തുന്നതിനെ ഇത് അർഥമാക്കിയേക്കാം. (സങ്കീർത്തനം 25:9; സദൃശവാക്യങ്ങൾ 9:6) വ്യക്തിപരമായ പഠനത്തിന്റെ ഒരു പതിവുണ്ടാക്കുന്നതും പ്രധാനമാണ്. മുമ്പു മത്സരിയായിരുന്ന ഒരു പെൺകുട്ടി ഇപ്രകാരം പറയുന്നു: “ഞാൻ എന്നും ബൈബിൾ വായിക്കുന്നു, കൂടാതെ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച എല്ലാ ബൈബിളധിഷ്ഠിത വിവരങ്ങളും. എനിക്ക് വീണ്ടുമൊരവസരം നൽകിയതിനു ഞാൻ ദൈവത്തിനു നന്ദി പറയുന്നു.”
ജോൺ ഇപ്രകാരം പറഞ്ഞുകൊണ്ടു കാര്യങ്ങളെ സംക്ഷേപിക്കുന്നു: “നഷ്ടപ്പെടുത്തിക്കളഞ്ഞ സമയത്തെക്കുറിച്ച് ഞാൻ തിരിഞ്ഞുചിന്തിക്കുകയാണ്. കാര്യങ്ങൾ മെച്ചമായി ചെയ്യാൻ കഴിയുമായിരുന്ന വഴികളെക്കുറിച്ചു ഞാൻ ചിന്തിച്ചുപോകുന്നു. എന്നാൽ സംഭവിച്ചത് ഇല്ലാതാക്കാൻ പററില്ലല്ലോ.” സന്തോഷകരമെന്നു പറയട്ടെ, തന്നെ ഉപേക്ഷിച്ചു പോയവരെ മടങ്ങിവരാൻ ഊഷ്മളമായി ക്ഷണിക്കുന്ന കരുണയുള്ള ഒരു ദൈവത്തെയാണ് നാം ആരാധിക്കുന്നത്. എന്തുകൊണ്ട് അവന്റെ ക്ഷണം സ്വീകരിച്ചുകൂടാ?
[അടിക്കുറിപ്പുകൾ]
a ഞങ്ങളുടെ 1994, ഡിസംബർ 22 ലക്കത്തിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ എന്റെ മാതാപിതാക്കളെ അനുസരിക്കേണ്ടത് എന്തുകൊണ്ട്?” എന്ന ലേഖനം കാണുക.
b നിങ്ങൾ ഒരു ക്രിസ്ത്യാനിയായിട്ടല്ല വളർത്തപ്പെട്ടതെങ്കിലും ജീവിതരീതിക്കു മാററംവരുത്തേണ്ടതിന്റെ ആവശ്യം കാണുന്നെങ്കിൽ യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ സന്ദർശിക്കുന്നത് ഒരു നല്ല തുടക്കമാണ്. ഒരു സൗജന്യ ഭവന ബൈബിളധ്യയനം ആവശ്യപ്പെടുക. ഈ വിധത്തിൽ നിങ്ങൾക്കു ജീവിതം നേരെയാക്കാനുള്ള വ്യക്തിപരമായ സഹായം നേടാൻ കഴിയും.
[20-ാം പേജിലെ ചിത്രം]
ജീവിതം നേരെയാക്കാൻ പക്വതയുള്ള ക്രിസ്ത്യാനികൾക്കു നിങ്ങളെ സഹായിക്കാൻ കഴിയും