മെഗാപോഡും അതിന്റെ മുട്ടകൾ തുവരൻവെച്ചതും
സോളമൻ ദ്വീപുകളിലെ ഉണരുക! ലേഖകൻ
ഗ്വാഡൽക്കനാലിലുള്ള സോളമൻ ദ്വീപുകളുടെ തലസ്ഥാനമായ ഹോനീയാരയിൽനിന്ന് ഏതാണ്ട് രണ്ടു മണിക്കൂർ ചെറുവഞ്ചിയിൽ സഞ്ചരിക്കുമ്പോഴാണ് സാവോ ദ്വീപ്. ക്രിയാത്മകമായ അഗ്നിപർവതത്തിനും മെഗാപോഡ് പക്ഷിക്കും പേരുകേട്ട ദ്വീപ്. ഈ പക്ഷി ഓസ്ട്രേലിയൻ കാട്ടുകോഴി എന്നും അറിയപ്പെടുന്നു. ആഹാരം തയ്യാറാക്കാനും വെള്ളം ചൂടാക്കാനും സ്ഥലവാസികൾ ചുട്ടുപഴുത്ത പാറക്കഷണങ്ങളും നിലത്തെ വിള്ളലുകളിൽനിന്നു ചീററുന്ന നീരാവി പ്രവാഹങ്ങളും ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കാറുണ്ട്. മെഗാപോഡ് പക്ഷിയും ഈ പ്രകൃതി വിഭവം സമർഥമായി ഉപയോഗിക്കുന്നു.
സാധാരണ കോഴിയെക്കാളും വളരെ ചെറുതാണെങ്കിലും ഭാരിച്ച ശരീരവും ഉരുണ്ട കൊച്ചു ചിറകുകളും ബലിഷ്ഠമായ, വലിയ ചതുർ വിരൽ പാദങ്ങളുമുള്ള മെഗാപോഡ് പക്ഷി കാഴ്ചയിൽ കോഴിയെപ്പോലെതന്നെയാണ് ഇരിക്കുന്നത്. കൊക്ക് കുറിയതും താഴേക്ക് അൽപ്പം വളഞ്ഞതുമാണ്. മെഗാപോഡിന്റെ പറക്കൽ ശീഘ്രഗതിയിലാണ്, എന്നാൽ അൽപ്പനേരത്തേക്കേയുള്ളൂ.
(“വലിയ പാദം” എന്നർഥമുള്ള) മെഗാപോഡ് എന്ന പക്ഷി സാധാരണ കോഴി ഉൾപ്പെടുന്ന ഗാലിഫോംസ് വർഗത്തിൽത്തന്നെ പെടുന്നതാണ്. സ്ഥിരമായ 32-ഡിഗ്രി-സെൽഷ്യസ് ചൂടിൽ മുട്ടകൾ വിരിയിക്കുന്നതിനുവേണ്ടി അഴുകുന്ന പച്ചിലക്കൂനകളിൽ മുട്ടകൾ കുഴിച്ചിടുന്ന അടയിരിക്കൽ പക്ഷിയാണ് അത്. ഈ ദ്വീപിൽ മെഗാപോഡുകൾക്ക് മുട്ടവിരിക്കുന്നതിനു വ്യത്യസ്തമായ ഒരു ഉപകരണമാണുള്ളത്. സാവോയിലെ കടൽത്തീരങ്ങളിൽ അഗ്നിപർവതത്തിന്റെ ചൂടേററു കിടക്കുന്ന മണലിനോളം മെച്ചം വേറെന്തുണ്ട്?
പരന്നു നിരപ്പായി കിടക്കുന്ന ഏക്കറുകളോളം കടൽത്തീരം നാട്ടുകാർ ബലിഷ്ഠമായ പനയോലകൊണ്ടു സശ്രദ്ധം വേലികെട്ടി മറച്ചിരിക്കുന്നു. ഇവയാണ് മെഗാപോഡ് “വയലുകൾ.” വേലിക്കുള്ളിലേക്കു നോക്കിയാൽ സശ്രദ്ധം പിടിപ്പിച്ചെടുത്ത ഫലവൃക്ഷത്തോട്ടമാണെന്നേ തോന്നൂ. സന്ദർശകരായ ഈ പക്ഷികൾക്ക് ഏറെ സുരക്ഷിതമായ ചുററുപാടു പ്രദാനം ചെയ്യാനെന്നോണം ചെറുമരങ്ങൾ ക്രമമായ നിരകളിൽ വെച്ചുപിടിപ്പിച്ചിരിക്കുന്നു. ഈ പ്രദേശത്തുടനീളം മണലിൽ ഏതാണ്ട് 60 സെൻറിമീററർ വ്യാസം വരുന്ന ചെറുകുഴികളുണ്ട്. 90 സെൻറിമീററർ ആഴത്തിൽ ഇടുങ്ങിയ കുഴികൾ കുഴിച്ച് മുട്ടയിട്ടു മൂടാനായി വിചിത്രമായ ഈ കാട്ടുപക്ഷികൾ പ്രഭാതപ്രദോഷങ്ങളിൽ ഇവിടെയെത്തുന്നുണ്ടെന്നതിനുള്ള തെളിവാണിത്.
എന്തൊരു മുട്ടകൾ! അവയുടെ നീളം ശരാശരി എട്ടൊൻപതു സെൻറിമീറററും വ്യാസം ഏതാണ്ട് ആറു സെൻറിമീറററും വരും. അത്തരമൊരു ചെറിയ പക്ഷിയെ സംബന്ധിച്ചിടത്തോളം അത് ഭയങ്കര വലിപ്പം തന്നെ. മുട്ടവിരിഞ്ഞാലുടൻ, പൂടയിൽ പൊതിഞ്ഞിരിക്കുന്ന കുഞ്ഞ് മണ്ണുനീക്കി ഉപരിതലത്തിലേക്കു വരുന്നു. അവിടെനിന്നും തനിയെ ഓടിപ്പോകുന്നു. 24 മണിക്കൂറിനുള്ളിൽ അതു പറക്കപററും.
മുട്ടകൾ കുഴിച്ചെടുക്കാനായി ഗ്രാമവാസികൾ ദിവസവും “വയലുകളി”ലേക്കു വരുന്നു. അത് ദ്വീപുവാസികളുടെ സാധാരണ ഭക്ഷണത്തിന്റെ ഒരു മുഖ്യഭാഗമായി കാണപ്പെടുന്നു. അവർ മുട്ടകൾ തുവരൻവെക്കുന്ന വിധം വിസ്മയകരമാണ്. അത് എളുപ്പം ദഹിക്കുന്നതും മാർദവമേറിയതുമായിരിക്കും. പച്ച മുളങ്കൊമ്പിന്റെ കൂർത്ത അഗ്രം ഉപയോഗിച്ച് മെഗാപോഡ് മുട്ടകൾ വിദഗ്ധമായി പൊട്ടിച്ചശേഷം കൊമ്പിന്റെ പൊള്ളയായ ഉൾവശത്തേക്ക് ഒഴിക്കുന്നു. പിന്നെ മുട്ടകൾനിറഞ്ഞ മുളങ്കൊമ്പ് ചുട്ടുപഴുത്ത വിറകുകനലിൽ 45 ഡിഗ്രി കോണിൽ ശ്രദ്ധാപൂർവം വയ്ക്കുന്നു. ഉടൻതന്നെ മുട്ട തിളയ്ക്കുകയും ചൂടുപിടിച്ച പച്ച മുളങ്കൊമ്പിൻ നീരുമായി ചേരുകയും ചെയ്യുന്നു. വെന്തു കഴിയുമ്പോൾ മുളങ്കൊമ്പ് പൊട്ടിച്ച് മുട്ട പുറത്തെടുക്കുന്നു. സോസിജിന്റെ ആകൃതിയിൽ അതുല്യമായ സ്വാദോടുകൂടിയ മുട്ടത്തുവരൻ. സോളമൻ ദ്വീപുകളിലേക്കു വന്ന് ഒരിക്കൽ അതൊന്നു പരീക്ഷിച്ചു നോക്കിയാലും!