മാതാപിതാക്കൾ തട്ടിക്കൊണ്ടുപോകുമ്പോൾ
ഭർത്താവിൽനിന്നു വർഷങ്ങളോളം ക്രൂരമർദനവും ഗുരുതരമായ വൈകാരിക ദ്രോഹവും അനുഭവിക്കുകയും ഒടുവിൽ ഭർത്താവ് അവളെ വിട്ട് മറെറാരു സ്ത്രീയുടെ പുറകെ പോകുകയും ചെയ്തപ്പോൾ ഷെറിൽ വിവാഹമോചനത്തിനുവേണ്ടി അപേക്ഷിച്ചു.a കുട്ടികളെ തന്റെ കസ്ററഡിയിൽ വെക്കാൻ കോടതി അനുവദിച്ചപ്പോൾ അവൾ ജീവിതശകലങ്ങൾ വീണ്ടും തുന്നിച്ചേർത്തു തുടങ്ങി, ശാന്തത സാവധാനം മടങ്ങിയെത്തി—ഒരുദിവസം ഫോൺബെൽ മുഴങ്ങുന്നതുവരെ. അത് അവളുടെ മുൻ ഭർത്താവായിരുന്നു. അദ്ദേഹം പറഞ്ഞു: “നീ നിന്റെ കുട്ടികളെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നെങ്കിൽ എന്നെ വീണ്ടും വിവാഹം കഴിക്കാൻ തയ്യാറാകണം”! പിതാവിനോടൊപ്പം അദ്ദേഹത്തിന്റെ സ്വദേശത്തേക്ക് ഒരു മാസത്തെ സന്ദർശനത്തിനു പോയശേഷം അവരെ അമ്മയുടെ അടുത്തേക്കു തിരികെവിടാതിരുന്നപ്പോൾ ഷെറിലിന്റെ കുട്ടികൾ അപഹരിക്കപ്പെട്ടു.
ആകെ തകർന്നുപോയ ഷെറിൽ യു.എസ്. സംസ്ഥാന ഡിപ്പാർട്ടുമെൻറിനു ഹർജി സമർപ്പിച്ചു. എന്നാൽ മറെറാരു രാജ്യത്തുള്ള അവളുടെ കുട്ടികളെ വീണ്ടെടുക്കാൻ നിയമപരമായ ഒരു മാർഗവും കണ്ടില്ല. മർദനത്തിന്റെ വർഷങ്ങളിലുടനീളം അവൾ അനുഭവിച്ചിരുന്ന തികഞ്ഞ നിസ്സഹായതയുടെ വികാരങ്ങൾ മടങ്ങിയെത്തി. “അത് ഏതാണ്ട് പഴയതുപോലെതന്നെയായിരുന്നു. അതെങ്ങനെ നിർത്തണമെന്ന് അറിയില്ല,” അവൾ വിശദമാക്കുന്നു.
“മാനസിക അക്രമം”
മാതാപിതാക്കളിലൊരാൾക്കും കുട്ടിക്കുമെതിരെ ചെയ്യുന്ന “ഏററവും വലിയ മാനസിക അക്രമണ നടപടി”യെന്നു മാതാപിതാക്കൾ നടത്തുന്ന തട്ടിയെടുക്കലിനെ വിളിച്ചിരിക്കുന്നു. ചൈൽഡ് ഫൈൻഡ് ഓഫ് അമേരിക്ക, ഇങ്ക്-ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ കാരളിൻ സൊഗ് അത്തരം തട്ടിയെടുക്കലുകാരെപ്പററി ഇപ്രകാരം പറഞ്ഞു: “ഇതു ചെയ്യുന്ന മിക്ക മാതാപിതാക്കളും പ്രതികാരം ചെയ്യുകയാണ്. ഏററവും മോശമായ വിധത്തിലും ഏററവും വ്രണപ്പെടുന്ന മേഖലയിലുമാണ് അവർ പ്രതികാരം ചെയ്യുന്നത്. അത് [നിയമപരമായ കസ്ററഡിയുള്ള മാതാക്കൾക്കോ പിതാക്കൾക്കോ] ഏററവും പ്രിയപ്പെട്ട മേഖലയാണ്—അവരുടെ മണിമുത്തുകളായ കുട്ടികൾ. . . . അവർ കുട്ടിയെക്കുറിച്ചു ചിന്തിക്കുന്നില്ല, തങ്ങളെക്കുറിച്ചും പ്രതികാരത്തെക്കുറിച്ചും—തിരിച്ചടിയെക്കുറിച്ച്—മാത്രം.”
ഒരു കുട്ടി അപഹരിക്കപ്പെടുമ്പോൾ മാതാപിതാക്കളിൽ ഒരാൾ കോപത്തിന്റെയും നഷ്ടബോധത്തിന്റെയും നിസ്സഹായതയുടെയും ഉത്കണ്ഠയുടെയും വികാരങ്ങൾക്കു വഴിപ്പെടുന്നതോടൊപ്പം ഒട്ടുമിക്കപ്പോഴും കുട്ടിയുടെ വൈകാരിക ക്ഷേമത്തിനും ഒരു പരിധിയോളം ക്ഷതമേൽക്കുന്നു. ചില കേസുകളിൽ, മാതാപിതാക്കളിൽ മറേറയാളുമായുള്ള അടുത്ത ബന്ധങ്ങളും ആ ആളിനെക്കുറിച്ചുള്ള വളച്ചൊടിച്ച വിവരങ്ങളും നുണകളും കേൾക്കുന്നതും ഒഴിവാക്കാൻ വേണ്ടി കുട്ടിക്ക് ഒളിച്ചും പാത്തും നടക്കേണ്ടിവന്നേക്കാം. ഈ അനുഭവം കിടക്ക നനയ്ക്കൽ, ഉറക്കമില്ലായ്മ, പററിക്കൂടുന്ന സ്വഭാവം, ജനലുകൾ കതകുകൾ എന്നിവയെ പേടി, അങ്ങേയററത്തെ ഭയം എന്നിങ്ങനെ ക്രമക്കേടുകളുടെ ഒരു പരമ്പരതന്നെ ഉണ്ടാക്കിയേക്കാം. മുതിർന്ന കുട്ടികളിൽപ്പോലും അതിന് സങ്കടവും ക്രോധാവേശവും ഉണ്ടാക്കാൻ കഴിയും.
മാതാപിതാക്കളിലൊരാൾ കസ്ററഡി ഉത്തരവ് അതിലംഘിച്ചുകൊണ്ട് കുട്ടിയെ കൈവശപ്പെടുത്തുകയോ അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ കുട്ടിയെ മടക്കിക്കൊടുക്കാൻ പരാജയപ്പെടുകയോ ചെയ്യുന്ന 3,50,000-ത്തിലധികം കേസുകൾ ഐക്യനാടുകളിൽ ഓരോ വർഷവും ഉണ്ട്. ഇവയിൽ 1,00,000-ത്തിലധികം കേസുകളിൽ ഒരു കുടുംബാംഗം മാതാപിതാക്കളിൽ മറേറയാളിൽനിന്ന് അവനെയോ അവളെയോ എന്നെന്നേക്കുമായി അകററിനിർത്താനുള്ള ഉദ്ദേശ്യത്തിൽ ഒളിപ്പിച്ചുവെക്കുകയാണു ചെയ്യുന്നത്. ചിലരെ സംസ്ഥാനത്തിന്, രാജ്യത്തിനു വെളിയിലേക്കുപോലും കൊണ്ടുപോകുന്നു.
മററു കാരണങ്ങൾ
അനുരഞ്ജനത്തിനുള്ള ആഗ്രഹമോ പ്രതികാരബുദ്ധിയോ ആണോ എല്ലായ്പോഴും തങ്ങളുടെ കുട്ടികളെ തട്ടിയെടുക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത്? തങ്ങളുടെ മുൻ ഇണയുമായുള്ള കസ്ററഡി പോരാട്ടത്തിൽ തോൽക്കുന്നതിനെക്കുറിച്ച് ചിലർ ഭയപ്പെടുകയും “ഭയം മൂലം അവർ ബലാൽക്കാരമായി പ്രവർത്തിക്കുകയും ചെയ്യുന്നു”വെന്ന് ചൈൽഡ് ഫൈൻഡിലെ മൈക്കിൾ നിപ്ഫിങ് വിശദീകരിക്കുന്നു. അല്ലെങ്കിൽ കസ്ററഡി തീരുമാനിക്കപ്പെടുകയും മാതാപിതാക്കളിൽ ഒരാൾ മറേറയാളുടെ സന്ദർശിക്കാനുള്ള അവകാശങ്ങളെ നിഷേധിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ നിരാശ സ്ഥാനംപിടിക്കുന്നു. നിപ്ഫിങ് ഇപ്രകാരം വിശദീകരിക്കുന്നു: “കുട്ടിയെ സ്നേഹിക്കുകയും കുട്ടിയെ കാണുന്നതു നിഷേധിക്കുകയും ചെയ്യുന്നെങ്കിൽ കുട്ടിയെ തട്ടിപ്പറിച്ച് ഓടുകയല്ലാതെ ഗത്യന്തരമില്ലെന്നു വിചാരിക്കാൻ പ്രവണതയുണ്ടാകും.”
അദ്ദേഹം ഇങ്ങനെയും പ്രസ്താവിക്കുന്നു: ‘ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയാലുള്ള ഭവിഷ്യത്തുകൾ മിക്കയാളുകളും തിരിച്ചറിയുന്നില്ല. ജോലികിട്ടാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും അറസ്ററിനുള്ള വാറണ്ടുകൾ പുറപ്പെടുവിച്ചിരിക്കുന്നുവെന്നുമൊന്നും അവർ മനസ്സിലാക്കുന്നില്ല. പ്രശ്നം അവർക്കും മാതാപിതാക്കളിൽ മറേറയാൾക്കുമിടയിൽ മാത്രമാണെന്ന് അവർ വിചാരിക്കുന്നു. പൊലീസ് ഈ കാര്യത്തിൽ ഉൾപ്പെടുമെന്ന് അവർ മനസ്സിലാക്കുന്നില്ല. ഒരു വക്കീലിനു പകരം അവർക്കു രണ്ടു വക്കീലൻമാരുടെ ആവശ്യമുണ്ട്. എന്തുകൊണ്ടെന്നാൽ അവരുടെ കാര്യത്തിൽ ഇപ്പോൾ കൈകാര്യം ചെയ്യാൻ ഒരു ക്രിമിനൽ കുററവുമുണ്ട്, അതുപോലെതന്നെ കുട്ടിയുടെ കസ്ററഡി ആർക്കു ലഭിക്കുമെന്നതിനെപ്പററിയുള്ള പൗരസംബന്ധമായ പ്രശ്നവുമുണ്ട്.’
തങ്ങളുടെ കുട്ടി മാതാപിതാക്കളിൽ മറേറയാളാൽ ദ്രോഹിക്കപ്പെടുന്നുണ്ടെന്നു ചില മാതാപിതാക്കൾ സംശയിച്ചേക്കാം. നിയമവ്യവസ്ഥ നടപടിയെടുക്കാൻ താമസിക്കുന്നപക്ഷം ഭഗ്നാശനായ ഒരു മാതാവോ പിതാവോ ഭവിഷ്യത്തുകൾ ഗണ്യമാക്കാതെ പ്രവർത്തിച്ചേക്കാം. അഞ്ചു വയസ്സുകാരി ഹിലാരി മോർഗന്റെ സംഗതിയിൽ ഇതാണു സംഭവിച്ചത്. ദ്രോഹത്തിന്റെ “വ്യക്തവും ബോധ്യം വരുത്തുന്നതുമായ” തെളിവിന്റെ അടിസ്ഥാനത്തിൽ ഹിലാരിയും അവളുടെ പിതാവും തമ്മിലുള്ള സന്ദർശനങ്ങൾ നിർത്തണമെന്നു കുട്ടികളുടെ ഒരു മനഃശാസ്ത്രജ്ഞൻ ഉപദേശിച്ചു. എന്നാൽ ദ്രോഹത്തിന്റെ സംഗതി സംശയാസ്പദമാണെന്നു കോടതികൾ പ്രഖ്യാപിക്കുകയും മേൽനോട്ടം കൂടാതെയുള്ള സന്ദർശനങ്ങൾ നിർദേശിക്കുകയും ചെയ്തു. ഹിലാരിയുടെ മാതാവായ ഡോ. എലിസബത്ത് മോർഗൻ കോടതിയെ അതിലംഘിച്ചുകൊണ്ട് മകളെ ഒളിപ്പിച്ചുവെച്ചു. സംരക്ഷണത്തിനുവേണ്ടി തട്ടിക്കൊണ്ട് ഓടുന്ന അത്തരം ഒരു മാതാവിനോട് പൊതുജനത്തിനു വളരെയധികം മനസ്സലിവു തോന്നും.
എലിസബത്ത് മോർഗന്റെ സംഗതിയിൽ, അവൾക്കു ശസ്ത്രക്രിയാ ജോലി നഷ്ടമാകുകയും രണ്ടു വർഷത്തിലധികം തടവിൽ ചെലവഴിക്കുകയും 15 ലക്ഷത്തിലധികം ഡോളറിന്റെ വൈദ്യസംബന്ധവും നിയമസംബന്ധവുമായ കടങ്ങൾ കുന്നുകൂടുകയും ചെയ്തു. യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ടിനോട് അവൾ ഇപ്രകാരം വിശദീകരിച്ചു: “ദ്രോഹം നിർത്തിയില്ലായിരുന്നെങ്കിൽ എന്റെ കുട്ടി ഇപ്പോൾ ഒരു സ്ഥിര ഭ്രാന്തിയായിത്തീരുമായിരുന്നെന്ന് വിദഗ്ധർ എന്നോടു പറയുന്നു. . . . കോടതി ചെയ്യാൻ വിസമ്മതിച്ച ജോലി എനിക്കു ചെയ്യേണ്ടിവന്നു: എന്റെ കുട്ടിയെ രക്ഷിക്കുക എന്ന ജോലി.”
മാതാപിതാക്കളാലുള്ള അപഹരണങ്ങളെപ്പററി ഗവേഷകരായ ഗ്രീഫും ഹിഗാറും നടത്തിയ നിരീക്ഷണം തീർച്ചയായും സത്യമാണ്: “ആഴമുള്ള കുളത്തിലെ വെള്ളം ഏതു കോണിൽ നോക്കുന്നു എന്നതനുസരിച്ച് അല്പാല്പം വ്യത്യാസത്തിൽ കാണപ്പെടുന്നു; വെള്ളത്തിലേക്ക് ഓരോ പ്രാവശ്യം സൂക്ഷിച്ചുനോക്കുമ്പോഴും എന്തെങ്കിലും പുതിയതു കാണാൻ കഴിയും. അതുപോലെ ഇവയെല്ലാം അങ്ങേയററം സങ്കീർണങ്ങളായ സംഭവങ്ങളാണ്.”—മാതാപിതാക്കൾ തട്ടിയെടുക്കുമ്പോൾ—തലക്കെട്ടുകൾക്കു പിന്നിലുള്ള കുടുംബങ്ങൾ (ഇംഗ്ലീഷ്).
മാതാപിതാക്കളിലൊരാളാലോ അപരിചിതരാലോ തട്ടിയെടുക്കപ്പെടുന്ന കുട്ടികളെ കൂടാതെ ലോകമെമ്പാടും മററു രീതിയിൽ കാണാതാകുന്ന ലക്ഷക്കണക്കിനു കുട്ടികളുണ്ട്—ഉപേക്ഷിക്കപ്പെടുന്നവരും ഒളിച്ചോടിപ്പോകുന്നവരും. അവർ ആരാണ്, അവർക്കെന്താണു സംഭവിക്കുന്നത്?
[അടിക്കുറിപ്പുകൾ]
a പേര് മാററിയിരിക്കുന്നു.