ഒരു സൂര്യഗ്രഹണവും ജ്യോതിശ്ശാസ്ത്രത്തിന്റെ വശ്യതയും
മെയ് 10, 1994 വടക്കേ അമേരിക്കയിലെ ചിലർക്ക് ഒരു അസാധാരണ ദിവസമായിരുന്നു. അതു ചന്ദ്രനാലുള്ള വലയാകാര സൂര്യഗ്രഹണത്തിന്റെ അവസരമായിരുന്നു. ഏതാനുംചില മണിക്കൂറുകളിൽ വശ്യതയാർന്ന ജ്യോതിശ്ശാസ്ത്രത്തെക്കുറിച്ചു ദശലക്ഷങ്ങൾ ബോധവാൻമാരാക്കപ്പെട്ടു. എന്നാൽ കൃത്യമായി എന്താണ് ഒരു ഗ്രഹണം?
ഗ്രഹണം ഉണ്ടാകുന്നത് “ഒരു നിശ്ചിത നിരീക്ഷകനോടുള്ള ബന്ധത്തിൽ ഒരു നഭോഗോളം മറെറാന്നിനെ ഭാഗികമോ പൂർണമോ ആയി മറയ്ക്കുമ്പോൾ” ആണ്. (ദി അമേരിക്കൻ ഹെറിറേറജ് ഡിക്ഷ്ണറി ഓഫ് ദി ഇംഗ്ലീഷ് ലാംഗ്വേജ്) ഭൂമി, സൂര്യൻ, ചന്ദ്രൻ എന്നിവ മിക്കവാറും ഒരു ഋജുരേഖയിൽ ആയിരിക്കുമ്പോൾ മാത്രമേ ഒരു സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ നടക്കുകയുള്ളു. സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ ഏതു നടക്കുന്നു എന്നത് ഏതു നഭോഗോളം മറയ്ക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ചില സമയങ്ങളിൽ ഭൂമി ചന്ദ്രനിൽ അതിന്റെ നിഴൽ വീഴിച്ചു ചന്ദ്രഗ്രഹണം വരുത്തുന്നു. മറിച്ച്, കഴിഞ്ഞ മെയ്മാസത്തിൽ ചന്ദ്രൻ 230 മുതൽ 310 വരെ കിലോമീററർ വീതിയുള്ള ഇടുങ്ങിയ ഒരു നാടയിൽ ഭൂമിമേൽ അതിന്റെ നിഴൽ വീഴിച്ചു. ഭൂമിക്കും സൂര്യനുമിടയിലൂടെ ചന്ദ്രൻ ക്രമേണ കടന്നുപോയപ്പോൾ അതു സൂര്യനെ മിക്കവാറും പൂർണമായി മറച്ചു. നിഴലിന്റെ പഥം തെക്കുപടിഞ്ഞാറുമുതൽ വടക്കുകിഴക്കോട്ടു പസഫിക് സമുദ്രത്തിനും അനന്തരം വടക്കേ അമേരിക്കക്കും കുറുകെയായിരുന്നു. ചന്ദ്രൻ സൂര്യനു മുമ്പിലൂടെ സാവധാനത്തിൽ നീങ്ങുന്നതായി തോന്നി. യഥാർഥത്തിൽ, മണിക്കൂറിൽ ഏതാണ്ട് 3,200 കിലോമീററർ വേഗത്തിൽ നിഴൽ ഭൂമിക്കു കുറുകെ സഞ്ചരിച്ചു.
കണ്ണുകൾക്കു തകരാറു വരുത്താതെ ഗ്രഹണം കാണാൻ എല്ലാ രീതികളും ഉപയോഗിക്കപ്പെട്ടു. ചിലർ വെൽഡർമാർ ഉപയോഗിക്കുന്ന ചില്ലിലൂടെ നോക്കി. മററു ചിലർ ശക്തമായ ഒരു അരിപ്പ ഉപയോഗിച്ചു. ഇനി മററു ചിലർ ഒരു സൂചിദ്വാരത്തിലൂടെ പ്രതിബിംബത്തെ കടലാസിൽ വീഴിച്ചു. ഒരു ഫോട്ടോഗ്രാഫർ ഒരാളെക്കൊണ്ട് ഒരു അരിപ്പ പൊക്കിപ്പിടിപ്പിച്ചു. പ്രകാശം ദ്വാരങ്ങളിലൂടെ കടന്നുപോയപ്പോൾ അതു നിലത്തു ഗ്രഹണത്തിന്റെ വിവിധ പ്രതിബിംബങ്ങൾ സൃഷ്ടിച്ചു. വൃക്ഷങ്ങളുടെ ഇലകൾക്കിടയിലൂടെ പ്രകാശം കടന്നുപോയപ്പോഴും സമാനമായ ഫലങ്ങൾ ഗൗനിക്കപ്പെട്ടു. മറെറാരു രീതി ഇരുണ്ട പ്രതലത്തിൽ ഇരട്ട പ്രതിബിംബം വീഴിക്കുന്നതിനു ദൂരദർശിനിയിലൂടെ പ്രകാശം കടത്തിവിടുന്നതായിരുന്നു.
ഒരു വർഷത്തിൽ അഞ്ചോളം സൂര്യഗ്രഹണങ്ങളും മൂന്നുവരെ ചന്ദ്രഗ്രഹണവും നടന്നേക്കാം. “ഏതെങ്കിലും തരത്തിലുള്ള രണ്ടു സൂര്യഗ്രഹണങ്ങൾ ഓരോ വർഷവും നടക്കേണ്ടതാണ്,” ദി ഇൻറർനാഷനൽ എൻസൈക്ലോപ്പീഡിയാ ഓഫ് അസ്ട്രോണമി പറയുന്നു. എന്നിരുന്നാലും ഓരോന്നും വ്യത്യസ്ത സ്ഥാനങ്ങളിൽ ദൃശ്യമാണ്. അതുകൊണ്ടു തൊട്ടുകിടക്കുന്ന ഐക്യനാടുകളിൽ 1994-ൽ ഗ്രഹണം കാണാഞ്ഞവർ മറെറാരവസരത്തിനുവേണ്ടി 2012-ാം ആണ്ടുവരെ കാത്തിരിക്കണം, അല്ലെങ്കിൽ നേരത്തെയുള്ള ഒരു ഗ്രഹണം കാണാൻ പെറുവിലേക്കോ ബ്രസീലിലേക്കോ സൈബീരിയയിലേക്കോ സഞ്ചരിക്കണം.a
പൂർണഗ്രഹണത്തിന്റെ നിഗൂഢത
ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുന്ന പൂർണസൂര്യഗ്രഹണം കഴിഞ്ഞ നൂററാണ്ടുകളിൽ ഭയവും വെപ്രാളവും ഉളവാക്കിയിരുന്നു. എന്തുകൊണ്ട്? ദി ഇൻറർനാഷനൽ എൻസൈക്ലോപ്പീഡിയാ ഓഫ് അസ്ട്രോണമി ഇങ്ങനെ സൂചിപ്പിക്കുന്നു: “ചന്ദ്രൻ സൂര്യനെ സമീപിക്കുന്നതു കാണാൻ കഴിയാത്തതിനാൽ അതുസംബന്ധിച്ചു ഗ്രാഹ്യമില്ലാത്തവർക്ക് ഈ ആസന്നമായ കാഴ്ചയെക്കുറിച്ചു മുന്നറിവില്ലാത്തതുകൊണ്ട് ഒരു പൂർണഗ്രഹണത്തിന്റെ നിഗൂഢത വർദ്ധിക്കുന്നു.” ആ ദൃശ്യത്തിൽ ഈ സവിശേഷതകൾ അടങ്ങിയിരിക്കുന്നു: “മിക്കപ്പോഴും മേഘങ്ങൾ വരുത്തിക്കൂട്ടുന്ന ഇരുട്ടിൽനിന്നു തികച്ചും വ്യത്യസ്തവും അവർണനീയവുമായി ഭയാനകമായ ഒരു പച്ചനിറത്തോടെ ആകാശം ഇരുണ്ടുപോകുന്നു. . . . ഭാഗികാവസ്ഥയുടെ അവസാനത്തെ ഏതാനും സെക്കണ്ടുകളിൽ പ്രകാശം സത്വരം നിലച്ചുപോകുന്നു, ഗണ്യമായി ശീതളമായിത്തീരുന്നു, പക്ഷികൾ ചേക്കേറുന്നു, ചില പുഷ്പദളങ്ങൾ കൂമ്പുന്നു, കാററു കുറഞ്ഞുവരുന്നു. . . . ദേശത്ത് ഇരുട്ടു വ്യാപിക്കുന്നു.”
ഗ്രഹണങ്ങളുടെ കഥ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ജോർജ് ചേംബേഴ്സ്, “മദ്ധ്യകാലങ്ങളിൽ ഒരു പൂർണഗ്രഹണമായി സ്കോട്ട്ലണ്ടിൽ ദൃശ്യമായ . . . സുപ്രസിദ്ധ ഗ്രഹണങ്ങളിലൊന്നിനെ”ക്കുറിച്ചു റിപ്പോർട്ടു ചെയ്യുന്നു. അത് 1113 ആഗസ്ററ് 2-ൽ നടന്നു. മാൽബസ്ബറിയിലെ വില്യം ഇങ്ങനെ എഴുതി: “അന്നേ ദിവസം സൂര്യൻ 6-ാം മണിക്കൂറിൽ ഒരു ഗ്രഹണത്താൽ മനുഷ്യഹൃദയങ്ങളെ ഇളക്കിമറിച്ചുകൊണ്ട് അതിന്റെ തേജസ്സാർന്ന മുഖം മറച്ചു . . . ഞെട്ടിക്കുന്ന ഇരുട്ടു വരുത്തി.” “മനുഷ്യർ അതിയായി അത്ഭുതസ്തബ്ധരാകുകയും ഭയന്നുപോകുകയും ചെയ്തു” എന്ന് പുരാതന ആംഗ്ലോ സാക്സൻ ക്രോണിക്കിൾ പറയുകയുണ്ടായി.
ആഫ്രിക്കയിലെ രണ്ടു യാത്രികർ റിപ്പോർട്ടുചെയ്ത, 1830 സെപ്ററംബർ 2-ൽ നടന്ന ഒരു ചന്ദ്രഗ്രഹണത്തെക്കുറിച്ചുള്ള വ്യക്തമായ വർണനയും ചേംബേഴ്സ് രേഖപ്പെടുത്തി: “ചന്ദ്രൻ ക്രമേണ മറഞ്ഞപ്പോൾ എല്ലാവരെയും ഭയം ബാധിച്ചു. ഗ്രഹണം കൂടിവന്നപ്പോൾ അവർ കൂടുതൽ ഭയാകുലരായി. എല്ലാവരും സാഹചര്യത്തെക്കുറിച്ചു തങ്ങളുടെ പരമാധികാരിയെ അറിയിക്കാൻ അതീവക്ലേശം സഹിച്ച് ഓടി, എന്തുകൊണ്ടെന്നാൽ ഇത്ര കനത്ത ഇരുട്ടു വരുത്താൻ ഒററ മേഘം പോലും ഇല്ലായിരുന്നു. അവർക്ക് ഒരു ഗ്രഹണത്തിന്റെ സ്വഭാവമോ അർഥമോ മനസ്സിലാക്കാൻ കഴിഞ്ഞില്ല.”
കുറേക്കൂടെ അടുത്ത കാലങ്ങളിൽ, ജ്യോതിശ്ശാസ്ത്രത്തിന്റെ പഠനം സൂര്യഗ്രഹണത്തെക്കുറിച്ചുള്ള മനുഷ്യവർഗത്തിന്റെ ഭയം അകററിയിട്ടുണ്ട്—സൂര്യൻ വീണ്ടും പ്രത്യക്ഷപ്പെടുമെന്നു നമുക്കറിയാം.
ജസ്യൂട്ടുകൾ ഒരു സൂര്യഗ്രഹണത്തെ ഉപയോഗിച്ച വിധം
പണ്ട് 1629-ൽ, ചൈനയിലെ ജസ്യൂട്ട് മിഷനറിമാർക്ക് ഒരു സൂര്യഗ്രഹണം മുഖാന്തരം ചക്രവർത്തിയുടെ പ്രീതിനേടാൻ കഴിഞ്ഞു. അവർക്ക് അത് എങ്ങനെ സാധിച്ചു?
“ചൈനാക്കാരുടെ ചാന്ദ്രപഞ്ചാംഗം പിശകാണെന്നു” ജസ്യൂട്ടുകൾ മനസ്സിലാക്കിയിരുന്നു, “നൂററാണ്ടുകളായി അത് അങ്ങനെയായിരുന്നു. ചക്രവർത്തിയുടെ കീഴിലെ ജ്യോതിശ്ശാസ്ത്രജ്ഞൻമാർ സൂര്യഗ്രഹണം മുൻകൂട്ടിപ്പറയുന്നതിൽ ആവർത്തിച്ചു പിശകു വരുത്തിയിരുന്നു . . . 1629 ജൂൺ 21-നു രാവിലെ ഒരു ഗ്രഹണം പ്രതീക്ഷിച്ചപ്പോൾ ജസ്യൂട്ടുകളുടെ വലിയ അവസരം കൈവന്നു. ചക്രവർത്തിയുടെ കീഴിലെ ജ്യോതിശ്ശാസ്ത്രജ്ഞൻമാർ 10:30-നു ഗ്രഹണം നടക്കുമെന്നും രണ്ടു മണിക്കൂർ നീണ്ടുനിൽക്കുമെന്നും മുൻകൂട്ടിപ്പറഞ്ഞു. ഗ്രഹണം 11:30 വരെ നടക്കുകയില്ലെന്നും രണ്ടു മിനിററുമാത്രമേ നീണ്ടുനിൽക്കുകയുള്ളുവെന്നും ജസ്യൂട്ടുകൾ മുൻകൂട്ടിപ്പറഞ്ഞു.” എന്തു സംഭവിച്ചു?
“നിർണായക ദിവസത്തിൽ 10:30 വരുകയും പോകുകയും ചെയ്തപ്പോൾ സൂര്യൻ പൂർണശോഭയോടെ പ്രകാശിച്ചു. ചക്രവർത്തിയുടെ ജ്യോതിശ്ശാസ്ത്രജ്ഞൻമാർക്കു പിശകു പററിയിരുന്നു, എന്നാൽ ജസ്യൂട്ടുകൾ പറഞ്ഞതു ശരിയായിരുന്നോ? പിന്നീട്, ജസ്യൂട്ടുകൾ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ, കൃത്യം 11:30-നു ഗ്രഹണം തുടങ്ങി ചുരുങ്ങിയ രണ്ടു മിനിററുനേരം നീണ്ടുനിന്നു. ഇപ്പോൾ ചക്രവർത്തിക്ക് അവരിൽ അചഞ്ചലമായ വിശ്വാസമുണ്ടായി.”—ദാനിയേൽ ജെ. ബൂർസ്ററിന്റെ കണ്ടുപിടുത്തങ്ങൾ (ഇംഗ്ലീഷ്).
ജ്യോതിശ്ശാസ്ത്രം ബൈബിളിൽ
ബൈബിളിൽ ജ്യോതിശ്ശാസ്ത്രപരമായ വിവരങ്ങൾ നൽകുകപോലും ചെയ്തിട്ടുണ്ട്. ഇയ്യോബിന്റെ പുസ്തകത്തിൽ പല നക്ഷത്രസമൂഹങ്ങളെക്കുറിച്ചു പറയുന്നുണ്ട്. കൂടാതെ, ആകാശങ്ങളെ നിരീക്ഷിക്കാൻ യഹോവ തന്റെ ദാസൻമാരെ ക്ഷണിച്ചു, ജ്യോതിഷപഠനത്തിനോ മററു വ്യാജാരാധനക്കോ അല്ല, പിന്നെയോ അവന്റെ സൃഷ്ടികളുടെ മഹത്ത്വം വിലമതിക്കാൻ. യെശയ്യാവ് ഇങ്ങനെ എഴുതാൻ നിശ്വസ്തനായി: “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർചൊല്ലി വിളിക്കയും ചെയ്യുന്നു. അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞുകാണുകയില്ല.”—യെശയ്യാവു 40:26.
ഇയ്യോബ് സ്രഷ്ടാവിനെക്കുറിച്ചു പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ അവന്റെ പരമോന്നതത്വത്തെ അംഗീകരിച്ചു: “അവൻ സപ്തർഷി, [സാധ്യതയനുസരിച്ച് അർസാ മേജർ അല്ലെങ്കിൽ വൻ കരടി] മകയിരം, [സാധ്യതയനുസരിച്ച് മൃഗശീർഷ നക്ഷത്രസമൂഹം അല്ലെങ്കിൽ ഖഗോളീയ വേടൻ] കാർത്തിക [സാധ്യതയനുസരിച്ച് ററാറസ് അല്ലെങ്കിൽ കാളയെന്ന നക്ഷത്രസമൂഹത്തിലെ പ്ലിയേഡിസ് കുല] ഇവയെയും തെക്കേ നക്ഷത്രമണ്ഡലത്തെയും [ദക്ഷിണാർദ്ധ ഗോളത്തിലെ നക്ഷത്രമണ്ഡലങ്ങളെ അർഥമാക്കുന്നതായി മനസ്സിലാക്കപ്പെടുന്നു] ഉണ്ടാക്കുന്നു.”—ഇയ്യോബ് 9:7-9.
അനുസരണമുള്ള മനുഷ്യവർഗത്തിനു യഹോവ നിത്യജീവൻ കൊടുക്കുമ്പോൾ ജ്യോതിശ്ശാസ്ത്രപഠനം എത്ര വശ്യമായിരിക്കും! അന്നു നാം വിസ്തൃതമായ അഖിലാണ്ഡത്തെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കാൻ ഇടയാകുമ്പോൾ അഖിലാണ്ഡത്തിലെ രഹസ്യങ്ങൾ പടിപടിയായി വെളിപ്പെടുത്തപ്പെടും. അങ്ങനെ “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?” എന്ന ദാവീദിന്റെ വാക്കുകൾ ഏറെ വികാരവായ്പോടെ പ്രതിദ്ധ്വനിപ്പിക്കാൻ നാം പ്രാപ്തരായിരിക്കും.—സങ്കീർത്തനം 8:3, 4.
[അടിക്കുറിപ്പുകൾ]
a 1994 നവംബർ 3-ന് ഒരു പൂർണഗ്രഹണം ഉണ്ടായി, അതു തെക്കേ അമേരിക്കയുടെ ഭാഗങ്ങളിൽ ദൃശ്യമായിരുന്നു.