ഓസ്ട്രേലിയയിലെ ശല്യംചെയ്യുന്ന പ്രഗത്ഭ തത്തകൾ
ഓസ്ട്രേലിയയിൽ ആകസ്മികമായി സന്ദർശനം നടത്തുന്ന ഒരാൾ സ്ഥലത്തെ മൃഗശാലയിൽനിന്ന് അല്ലെങ്കിൽ പക്ഷിശാലയിൽനിന്നു വിദേശീയ ഉഷ്ണമേഖലാ പക്ഷികളുടെ ഒരു കൂട്ടം രക്ഷപ്പെട്ടുപോന്നതായി വിചാരിക്കുന്നുവെങ്കിൽ ക്ഷമിക്കാം. മററു രാജ്യങ്ങളിൽ കൂടുകളിൽ മാത്രം കാണുന്ന ജീവികൾ തോട്ടത്തിനുചുററും പറന്നുനടക്കുന്നു. വിശേഷാൽ ഓസ്ട്രേലിയൻ തത്തയെസംബന്ധിച്ച് ഇതു സത്യമാണ്—ശബ്ദമുണ്ടാക്കുന്ന, പല നിറങ്ങളിലുള്ള തത്തകളുടെ ഒരു വൈവിധ്യമാർന്ന കുടുംബത്തെ അതർഥമാക്കുന്നു.
ഏതാണ്ട് 330 ജാതി തത്തകളുണ്ട്, അവയെ ഉത്തര അക്ഷാംശം 20 ഡിഗ്രിക്കു തെക്ക് അൻറാർട്ടിക്കാ ഒഴിച്ചുള്ള എല്ലാ മുഖ്യ ഭൂഖണ്ഡങ്ങളിലും കാണാം. ഓസ്ടേലിയയിൽ എല്ലാ ജാതിയും കാണുന്നില്ലെങ്കിലും അവയുടെ സാന്നിധ്യത്തെ വിളിച്ചറിയിക്കാൻ വേണ്ടത്ര ജാതികളുണ്ട്! തത്തക്കുടുംബത്തിൽ (ചിലർ പാരക്കീററ്സ് എന്നു വിളിക്കുന്ന) ബജറിഗാർസ്, കോകട്ടൂസ്, പൂന്തേൻ വിദഗ്ധരായ ലോറീസ് എന്നിവ ഉൾപ്പെടുന്നു. ഓസ്ട്രേലിയയിൽ ഈ നിറപ്പകിട്ടാർന്ന പക്ഷികൾ എല്ലായിടത്തുമുണ്ടെന്നു ചിലപ്പോൾ തോന്നും.
ന്യൂ സൗത്ത് വെയ്ൽസിലെ ഒരു സന്ദർശനവേളയിൽ തീർച്ചയായും ഞങ്ങളുടെ ധാരണ അതായിരുന്നു. ചില സമയങ്ങളിൽ പുൽത്തകിടികളിൽ വിശേഷാൽ അതിരാവിലെയും സായാഹ്നത്തിലും തീററി തിന്നുന്ന ഡസൻകണക്കിനു ബജറിഗാറുകൾ ഉണ്ടായിരുന്നു. തിരക്കുള്ള തെരുവുകളിൽ ഞങ്ങൾ ഇളം ചുവപ്പും പച്ചയുമായ ഗാലാകളെ കണ്ടു, അവ റോസീററ് കോകട്ടൂ എന്നും അറിയപ്പെടുന്നു. അവയുടെ ശബ്ദായമാനമായ ചിലപ്പ് ഒരു പ്രകാരത്തിലും സംഗീതാത്മകമല്ല. അവ ഓസ്ട്രേലിയയിൽ മിക്കപ്പോഴും കാണപ്പെടുന്ന തത്തകളിൽ ഒന്നാണ്. വലിയ കൂട്ടങ്ങൾ പട്ടണങ്ങളിലും നഗരങ്ങളിലും ആവസിക്കുന്നു. അവ ടെലിഫോൺകമ്പികളിലും വൈദ്യുതകമ്പികളിലും ചേക്കിരിക്കുന്നു. അവ ഗ്രാമപ്രദേശങ്ങളിൽ വാർത്താവിനിമയത്തകർച്ചക്ക് ഇടയാക്കുന്നതായി അറിയപ്പെടുന്നു. ആൺപക്ഷികളും പെൺപക്ഷികളും ആജീവനാന്ത ഇണകളായി പാർക്കുകയും മരപ്പൊത്തുകളിലുള്ള അവയുടെ കൂടുകളെ നുഴഞ്ഞുകയററക്കാരിൽനിന്നു സധൈര്യം സംരക്ഷിക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ “അവയെ കൃഷിക്കുപദ്രവം ചെയ്യുന്ന കീടങ്ങളായി പരിഗണിക്കത്തക്കവണ്ണം അത്ര അനവധിയായിത്തീർന്നിരിക്കുന്നു.”—കേംബ്രിഡ്ജ് പക്ഷിശാസ്ത്ര വിജ്ഞാനകോശം.
ഒരു പൊതു ഉദ്യാനത്തിൽ, കടുംചുവപ്പുള്ള റോസലാസ് ഉണ്ടായിരുന്നു, ഞങ്ങളുടെ കൈകളിൽനിന്ന് അവ കൊത്തിത്തിന്നു. വിനോദസഞ്ചാരികളുടെ കൂട്ടങ്ങളെ ഒട്ടും പേടിക്കാതെ അവയ്ക്ക് ഒരു കൈനീട്ടം കിട്ടുന്നത് എവിടെനിന്നാണെന്ന് അവ മനസ്സിലാക്കിയെന്നു സ്പഷ്ടം. അത്തരം ഇണക്കമുള്ള പക്ഷികൾ ചുററും ഉണ്ടായിരിക്കുന്നത് ഒരു പറുദീസാപശ്ചാത്തലം പോലെയായിരുന്നു.
ഒരുപക്ഷേ ഞങ്ങളുടെ ഏററവും വലിയ അതിശയം ഗന്ധക തലപ്പൂവുള്ള വലിയ കോകട്ടൂകൾ ഞങ്ങളുടെ തലക്കു മുകളിലൂടെ റാഞ്ചുന്നതു കാണുന്നതായിരുന്നു. അവയുടെ വ്യതിരിക്തമായ മഞ്ഞ തലപ്പൂവ് അവയുടെ പേരിനെ നീതീകരിക്കുന്നു. പക്ഷികളെക്കുറിച്ചുള്ള സചിത്ര വിജ്ഞാനകോശം (ഇംഗ്ലീഷ്) ഇങ്ങനെ വിശദീകരിക്കുന്നു: “പക്ഷിക്കൂട്ടം നിലത്തു തീററിതിന്നുകൊണ്ടിരിക്കുമ്പോൾ ചുരുക്കം ചില പക്ഷികൾ അടുത്തുള്ള മരങ്ങളിൽ കാവൽനിന്നുകൊണ്ട് ഉച്ചത്തിലുള്ള ചിലപ്പിനാൽ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു കൊടുക്കുന്നു.” പരിസരത്ത് ഒരു കോകട്ടൂ ഉള്ളപ്പോൾ നിങ്ങൾ പെട്ടെന്ന് അറിയുന്നു!
തത്തകളെ ഇത്ര പ്രത്യേകതയുള്ളവയാക്കുന്നത് എന്താണ്? മനുഷ്യശബ്ദത്തെ അനുകരിക്കാനുള്ള അവയുടെ പ്രാപ്തി നിമിത്തം നൂററാണ്ടുകളോളം മനുഷ്യൻ അവയെ വിലമതിച്ചിട്ടുണ്ട്. എന്നാൽ അവ മററു പക്ഷികളെയും അനുകരിക്കുന്നുണ്ടോ? മേലുദ്ധരിച്ച കേംബ്രിഡ്ജ് വിജ്ഞാനകോശം ഇങ്ങനെ പ്രസ്താവിക്കുന്നു: “കാട്ടുതത്തക്കൂട്ടങ്ങൾ ശബ്ദമുണ്ടാക്കുന്നവയാണെങ്കിലും മററു പക്ഷിജാതികളെ അവ അനുകരിക്കുന്നതായി അറിയപ്പെടുന്നില്ല, തന്നിമിത്തം തത്തകൾക്കു ‘സംസാരിക്കാനുള്ള’ പ്രാപ്തി ഉള്ളത് എന്തുകൊണ്ടാണെന്നു വ്യക്തമല്ല.” പക്ഷികളുടെ അനുകരണത്തിന്റെ കാര്യം പരിഗണിക്കുമ്പോൾ വടക്കേ അമേരിക്കയിലെ മോക്കിംഗ്ബേർഡാണ് ഇപ്പോഴും ചാമ്പ്യൻ.
ലോകത്തിലെങ്ങും പക്ഷികൾ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്നു—എന്നാൽ നിങ്ങൾ അവയെ ശ്രദ്ധിക്കുന്നുണ്ടോ? നിങ്ങൾ അവയെ നിരീക്ഷിക്കുന്നുവോ? നിങ്ങളുടെ പരിസരത്തു കൂടെക്കൂടെ വരുന്ന പക്ഷികളെ നിങ്ങൾക്കറിയാമോ? അവയുടെ വ്യത്യസ്ത വർണരൂപങ്ങളെയും കൂജനങ്ങളെയും പാട്ടുകളെയും നിങ്ങൾക്കു തിരിച്ചറിയാമോ? അവയുടെ വ്യത്യസ്ത പറക്കൽ രീതികൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അതെല്ലാം തീർച്ചയായും മനംകവരുന്ന പഠനത്തിനുള്ള വിഷയമാണ്.
9,300-ൽപ്പരം പക്ഷിജാതികളെക്കുറിച്ചും നമുക്കു ചുററുമെല്ലാമുള്ള മററ് അത്ഭുതങ്ങളെക്കുറിച്ചും പഠിക്കാനുള്ളപ്പോൾ നിത്യജീവൻ വിരസമായിരിക്കുമെന്ന് ആർക്ക് ഉചിതമായി അവകാശപ്പെടാൻ കഴിയും? വളരെയധികം പഠിക്കാനുണ്ട്. സ്രഷ്ടാവിനെ സ്തുതിക്കാൻ വളരെയധികം കാരണങ്ങൾ ഉണ്ട്! തന്റെ സൃഷ്ടിക്രിയകളിൽ “പറവജാതി”യെ ഉൾപ്പെടുത്തുന്നതു നല്ലതാണെന്നു കണ്ടതിൽ ദൈവത്തോടു നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും.—ഉൽപ്പത്തി 1:20-23; ഇയ്യോബ് 39:26, 27; വെളിപ്പാടു 4:11.
[15-ാം പേജിലെ ചിത്രങ്ങൾ]
ഗാലായും (മുകളിൽ) റോസലായും
[കടപ്പാട്]
By courtesy of Australian International Public Affairs
[16-ാം പേജിലെ ചിത്രം]
ഗന്ധക തലപ്പൂവുള്ള കോകട്ടൂ
[കടപ്പാട്]
By courtesy of Australian International Public Affairs