ടാൻസാനിയായിലെ ഒരു നിശാസംഗമം
കെനിയയിൽ നടന്ന യഹോവയുടെ സാക്ഷികളുടെ അന്തർദേശീയ കൺവെൻഷനുശേഷം ഞങ്ങൾ ടാൻസാനിയായിലേക്കുള്ള വ്യക്തിപരമായ ഫോട്ടോയെടുക്കൽ വനയാത്ര ആവേശത്തോടെ ആരംഭിച്ചു.
ഞങ്ങൾ ആദ്യം ഇറങ്ങിയത് ലേക്ക് മാന്യാര ദേശീയ പാർക്കിലായിരുന്നു. നീലക്കുരങ്ങുകൾ, ഇംപാലകൾ, കേപ്പ് പോത്തുകൾ, വരയൻകുതിരകൾ എന്നിങ്ങനെ വൈവിധ്യമാർന്ന വന്യജീവികളെ കണ്ട് ഞങ്ങൾ വിസ്മയം പൂണ്ടു. അവിടവിടെയായി ഹിപ്പൊപ്പൊട്ടാമസ് നിൽക്കുന്ന ഒരു കുളം നിരീക്ഷിക്കുന്നത് സങ്കൽപ്പിക്കുക. അക്കരെ തീററ തിന്നുകൊണ്ടിരിക്കുന്ന ജിറാഫിനെയും അകലെ പുല്ലിൽ ഒരു സിംഹത്തെയും അതിനപ്പുറെ വന്യമൃഗങ്ങളുടെ ഒരു പററത്തെയും നിങ്ങൾ വീക്ഷിക്കുന്നു.
എൻഗൊരൊൻഗൊരൊ അഗ്നിപർവത മുഖത്ത് എത്തിയപ്പോൾ വിസ്തൃതമായ അഗ്നിപർവതമുഖത്തേക്കുള്ള (അഗ്നിപർവതത്തിന്റെ വീണടിഞ്ഞ മുഖം) ഒരു ദിവസത്തെ യാത്രയ്ക്കുവേണ്ടി ഞങ്ങൾ ഒരു ഗൈഡിനെ വാടകയ്ക്കെടുത്തു, ഒരു നാലു ചക്ര വാഹനവും. വക്കിൽനിന്ന് അഗ്നിപർവതമുഖത്തിന്റെ തറ വരെ നിരപ്പല്ലാത്ത വഴിയിലൂടെ 600 മീററർ ഞങ്ങൾ സവാരി ചെയ്തു. എന്തോരു ദൃശ്യം! വിശാലമായ സമതലത്തിലാകെ വന്യജീവികൾ വ്യാപിച്ചുകിടന്നിരുന്നു. ദേശാടനത്തിലെന്നപോലെ വന്യജീവി പററങ്ങൾ നീങ്ങി. വരയൻകുതിരകളും കലമാനുകളും തോംസൺസ് ചെറുമാനുകളും ഗ്രാൻറ്സ് ചെറുമാനുകളും അവിടെ നിറയെ ഉണ്ടായിരുന്നു. ഞങ്ങൾ ഒരിടത്ത് വണ്ടി നിർത്തിയപ്പോൾ ഒരു ആൺ സിംഹം ഞങ്ങളുടെ വാഹനത്തിന്റെ തണലിൽ വിശ്രമിച്ചു, ഞങ്ങൾ അവന്റെ നേരെ മുകളിലുണ്ടെന്ന കാര്യം ഗണ്യമാക്കാതെതന്നെ. പിന്നീട് ഞങ്ങൾ വണ്ടി നിർത്തിയപ്പോൾ അകലെനിൽക്കുന്ന കാണ്ടാമൃഗത്തെയും ഞങ്ങളോട് അടുത്തായി വൃക്ഷത്തിന്റെ ഇലകൾ തിന്നുന്ന കാട്ടാനകളെയും നിരീക്ഷിച്ചു. വക്കിലേക്ക് വണ്ടിയിൽ മടങ്ങിപ്പോയപ്പോൾ ഞങ്ങൾ ഹൃദയഹാരികളായ പല മൃഗങ്ങളെക്കുറിച്ചും വീണ്ടുമോർത്തു. എന്തിനെയെങ്കിലും ഞങ്ങൾക്കു കാണാൻ പററാതെ വന്നോ?
ഉവ്വ്, ആഫ്രിക്കൻ പുള്ളിപ്പുലിയെ. എന്നാൽ വനത്തിൽവെച്ച് അതൊന്നിനെ കാണാമെന്നു പ്രതീക്ഷിക്കുന്നത് ഏറെക്കുറെ ഒരു സങ്കൽപ്പമാണ്. ഫോട്ടോഗ്രാഫറായ എർവിൻ ബൗവർ ഇപ്രകാരം അഭിപ്രായപ്പെട്ടു: “അങ്ങേയററത്തെ ഉത്സാഹത്തോടെയും ശുഷ്കാന്തിയോടെയുമാണു വിനോദയാത്രികർ പുള്ളിപ്പുലികളെ പിന്തുടരുന്നത്. എന്തുകൊണ്ടെന്നാൽ ഈ മൃഗങ്ങളെ കണ്ടുപിടിക്കാൻ തികച്ചും ബുദ്ധിമുട്ടാണ്, ഫോട്ടോ എടുക്കുന്ന കാര്യം പറയുകയും വേണ്ട. സാധാരണ മിക്ക വനയാത്രികർക്കും ഇവയിലൊരെണ്ണത്തെപോലും ഒരു നോക്കു കാണാൻ കിട്ടാറില്ല. ഞാൻ 15 വനയാത്രകൾ നടത്തിയിട്ട് ആകെ എട്ട് പുള്ളിപ്പുലികളെയാണു കണ്ടത്. ഫോട്ടോയെടുക്കാൻ പററിയ അകലത്തിൽ ആയിരുന്നത് അവയിലൊന്നു മാത്രവും.”—അന്തർദേശീയ വന്യജീവിതം (ഇംഗ്ലീഷ്).
രാത്രിയായതോടെ ഞങ്ങൾക്ക് മറെറാരു പ്രശ്നമുണ്ടായി. ഒരു ലോഡ്ജിലെ റിസർവേഷൻ കാൻസലായതിനാൽ ഞങ്ങൾക്കു താമസസൗകര്യം വേറെ അന്വേഷിക്കേണ്ടിയിരുന്നു. അങ്ങനെ കൂരിരുട്ടിൽ ഞങ്ങൾക്ക് ഒരു മൺപാതയിലൂടെ പോകേണ്ടിവന്നു. പെട്ടെന്ന് മുൻ സീററിലിരുന്ന ഞങ്ങൾ രണ്ടുപേർ ഞെട്ടിപ്പോയി. മങ്ങിയ നിറത്തിൽ എന്തോ ഒന്ന് ഞങ്ങളുടെ ഹെഡ്ലൈററിന്റെ കിരണങ്ങൾക്കു നേരെ ഒററ ചാട്ടം. പെട്ടെന്നു വണ്ടി നിർത്തിയ ഞങ്ങൾ അതിശയംകൊണ്ടു വീർപ്പുമുട്ടിപ്പോയി!
അതാ ഞങ്ങളുടെ നേരെ മുമ്പിൽ പൂർണവളർച്ചയെത്തിയ ഒരു പുള്ളിപ്പുലി! പുറകിലത്തെ സീററിൽ ഇരുന്നവർക്കു കാണാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിൽ അത് ഒരു നിമിഷംകൊണ്ടു തീർന്നു. അത് വലത്തെ പാതവക്കിലേക്കു പാഞ്ഞുചെന്ന് അവിടെ അനങ്ങാതെ നിന്നു. ‘എന്തു ചെയ്യണം?’ എന്ന് അത് ആ വെട്ടത്തുനിന്നു ഞങ്ങളെയുംനോക്കി ചിന്തിക്കുന്നതുപോലെ തോന്നി. ‘ആക്രമിക്കണോ അതോ ഈ അജ്ഞാത “ശത്രു”വിനെ പുറംതിരിഞ്ഞ് കുററിക്കാട്ടിലേക്കു പായാൻ നോക്കണോ?’
ഞങ്ങളുടെ കൂട്ടുകാരിൽ ഒരാളായ ആഡ്രിയൻ ആയിരുന്നു ഏററവും അടുത്തു നിന്നത്, ഊർജം തിങ്ങിനിറഞ്ഞ ഈ മനോഹര സൃഷ്ടിയിൽനിന്ന് വെറും ഒരു മീററർ അകലെ. “വേഗം ആ ഫ്ളാഷിങ്ങു താ,” പൂർണമായും ഓട്ടോമാററിക്ക് ആയ തന്റെ ക്യാമറ കൈക്കലാക്കവേ അദ്ദേഹം മന്ത്രിച്ചു. പുറകിൽനിന്ന് ആരോ ഇങ്ങനെ മുന്നറിയിപ്പുകൾ മന്ത്രിച്ചു: “ശബ്ദമുണ്ടാക്കരുത്.” പെട്ടെന്നുതന്നെ ക്യാമറാ റെഡിയാക്കി പടമെടുത്തു. എന്നാൽ ഫ്ളാഷ് [ഗ്ലാസ്സിൽ തട്ടി] വാനിന്റെ അകത്തേക്കുതന്നെ തിരിച്ചടിച്ചതുകൊണ്ട് അത് കിട്ടിയില്ലെന്നാണു തോന്നുന്നത്. എന്നാൽ ക്യാമറ അടുത്ത പടത്തിനുവേണ്ടി തയ്യാറാകവേ ആഡ്രിയൻ ഗ്ലാസ്സ് ശ്രദ്ധാപൂർവം താഴ്ത്തിവെച്ചു. പുള്ളിപ്പുലി ഒരു കൈയുടെ അകലത്തിൽ നിൽപ്പുണ്ടായിരുന്നു. അതിന്റെ വാലററം വിറയ്ക്കുകയും കണ്ണുകൾ തിളങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു.
ഞങ്ങൾ രണ്ടാമത്തെ പടം എടുത്തു കഴിഞ്ഞയുടനെ അവൻ തീരുമാനമെടുത്തു. ഗംഭീരനായ ആ പുള്ളിപ്പുലി കുററിക്കാടിനുള്ളിലേക്കു കുതിച്ചു, അപ്രത്യക്ഷനായി. ഞങ്ങളുടെ വാനിനുള്ളിൽ എന്തോരാവേശം! ഒരിക്കലും മറക്കില്ലാത്ത ഒരു അനുഭവം. അങ്ങനെയൊരു സംഭവം തികച്ചും വിരളമാണെന്ന് ഗൈഡ് പിന്നീടു ഞങ്ങളോടു പറഞ്ഞു. രണ്ടാമത്തെ ആ ഫോട്ടോ വളരെ നന്നായി വന്നതോടെ ടാൻസാനിയായിലെ രോമാഞ്ചം കൊള്ളിക്കുന്ന ആ നിശാസംഗമത്തെ അനുസ്മരിക്കാൻ അത് സഹായമായി.